Pages

പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..

January 8, 2012

ബാക്കിയാവുന്ന ചോദ്യങ്ങള്‍


പ്രവാസി, പ്രവാസിയെന്നു മന്ത്രിമാരും നേതാക്കളും ഉരുവിടുന്നതു പോലെ കുട്ടി പറഞ്ഞു. 
റിയാല്‍, റിയാല്‍, റിയാല്‍, റിയാല്‍...
ചുണ്ട് ചലിപ്പിച്ചതോടൊപ്പം അവള്‍ കൈവിരലുകളില്‍ എണ്ണുന്നുമുണ്ടായിരുന്നു.
ആമരം ഈമരം വാക്കുകളുടെ ആവര്‍ത്തനം രാമരാമ എന്നാകുന്നതു പോലെ വല്ലതും ആകുമായിരിക്കും.
മല്‍ബു ആലോചിച്ചു. പക്ഷേ, റിയാലിനു മാറ്റമൊന്നുമില്ല, ആവര്‍ത്തിച്ചപ്പോഴും റിയാല്‍ തന്നെ. അല്ലെങ്കിലും റിയാലിന്റെ കരുത്ത് ആര്‍ക്കും തകര്‍ക്കാനാവില്ല. ഡോളറും യൂറോയും രൂപയും തകര്‍ന്നാലും റിയാലിന്റെ കരുത്ത് നിലനില്‍ക്കും.
പക്ഷേ, കുട്ടിയുടെ ചോദ്യം വന്നു.
എത്ര റിയാലായി?
നേരത്തെ അവളുടെ കൈവിരലുകള്‍ ശ്രദ്ധിച്ചതു കൊണ്ട് ഒട്ടും ആലോചിക്കാതെ മറുപടി നല്‍കി. ഇരുപത്.
ഉത്തരം ശരിയല്ല. ചോയിസ് തരാം.
സീറോ, പത്ത്, ഇരുപത്.-ഒന്നൂടി ആലോചിച്ച് പറഞ്ഞാല്‍ മതി.
ഇരുപതല്ലെങ്കില്‍ പത്ത്-അയാളുടെ മറുപടി പെട്ടെന്നായിരുന്നു.
രണ്ട് ഉത്തരം ഒരുമിച്ച് പറയാനുള്ള കഴിവില്‍ അഹങ്കരിച്ചിരിക്കെ, കൂട്ടി ആര്‍ത്തുവിളിച്ചു, കൈമലര്‍ത്തി.
ഉത്തരം ശരിയല്ല, എവിടെ എന്റെ കൈയില്‍ റിയാല്‍?
റിയാല്‍, റിയാല്‍ എന്നു പറഞ്ഞാല്‍ വായില്‍നിന്ന് റിയാല്‍ പുറത്തുവരുമോ?
തോറ്റുപോയ മല്‍ബുവിനോട്് കുട്ടി പറഞ്ഞു.
ബ്ലേഡും ഇതുപോലെ പറയാം.
ഒന്നു പറഞ്ഞു നോക്കിക്കേ..ബ്ലേഡ്, ബ്ലേഡ്, ബ്ലേഡ്…
എന്നിട്ട് എത്ര ബ്ലേഡായി എന്നു ചോദിക്കാം.
ഉത്തരം പറയുന്നവരെ ഒറ്റ ബ്ലേഡു പോലുമില്ലെന്നു പറഞ്ഞ് സൂപ്പറായി തോല്‍പിക്കാം. ഒരിക്കലും വായില്‍നിന്ന് ബ്ലേഡ് പുറത്തുവരില്ല.
മല്‍ബു ശരിക്കും തോറ്റിരിക്കയായിരുന്നു. അതിനിടയിലാണ് കൊച്ചു മല്‍ബിയുടെ ചോദ്യവും തോല്‍വിയും.
പക്ഷേ, ആദ്യത്തെ തോല്‍വിയുടെ രഹസ്യം കുട്ടി എങ്ങനെ അറിഞ്ഞുവെന്ന് നിശ്ചയമില്ല. മല്‍ബിയോട് പ്രത്യേകം പറഞ്ഞതായിരുന്നു. ആരും അറിയാന്‍ പാടില്ല, മക്കള്‍ പോലും. അപ്പോള്‍ മല്‍ബിക്ക് തിരിച്ചൊരു മറുപടി ഉണ്ടായിരുന്നു.
നിങ്ങളുടെ ഈ മുഖവാട്ടത്തില്‍നിന്നു തന്നെ സംഗതി ആര്‍ക്കും പിടികിട്ടും.
ശരിയാണ്. മനസ്സിലെ നൊമ്പരവും രോഷവും എത്രമേല്‍ അടക്കിയാലും അതു പുറത്തുവരും, സ്വഭാവത്തെ മാറ്റും. മല്‍ബിയോടും മക്കളോടും ദേഷ്യം പിടിക്കുന്ന പതിവുണ്ടായിരുന്നില്ല. പക്ഷെ, ഈ സംഭവത്തിനുശേഷം, പഴയ മല്‍ബു എങ്ങോ പോയ് മറഞ്ഞു. അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്ന നിലയിലായിരിക്കുന്നു കാര്യങ്ങള്‍.
രാവിലെ തമാശയുമായി വന്ന കൊച്ചുമല്‍ബി പിണങ്ങി പോയതായിരുന്നു. വൈകിട്ടായപ്പോഴേക്കും അവള്‍ അതൊക്കെ മറന്ന് പുതിയ തമാശയുമായി വന്നു. കളങ്കമില്ല.
പക്ഷേ, തമാശ മല്‍ബു മറക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്ന ദുരന്ത കഥയുടെ വാതില്‍ തുറക്കുന്നതായിപ്പോയി. കുട്ടികള്‍ ചിലപ്പോള്‍ അങ്ങനെയാണ്. അതീവ രഹസ്യങ്ങള്‍ അവര്‍ വിളിച്ചു പറയും. അവര്‍ക്ക് എവിടെ നിന്നാണ് ഈ വിവരങ്ങള്‍ കിട്ടുന്നത്?
മല്‍ബുവിന്റെ പ്രവാസ ജീവിതത്തെ തന്നെ സീറോ ആക്കി മാറ്റിയിരിക്കയാണ് റിയാലിനും ബ്ലേഡിനും ബന്ധമുള്ള സംഭവം.
അതൊരു ചതിയുടെ കഥയാണ്.
രൂപയുടെ മൂല്യം കുറഞ്ഞപ്പോള്‍ മറ്റൊന്നും ആലോചിച്ചിരുന്നില്ല.
ഉള്ളതു മുഴുവന്‍ എല്ലാവരും നാട്ടിലേക്ക് ചവിട്ടുമ്പോള്‍ മല്‍ബുവിനും ആശ മൂത്തു. അങ്ങനെയാണ് നാട്ടിലൊരു സ്ഥലം വാങ്ങിയിട്ടാല്‍ കൊല്ലം രണ്ട് കഴിയുമ്പോള്‍ വില ഇരട്ടിയാകുമെന്ന ചിന്ത ഉദിച്ചത്. എത്രയെത്ര പ്രവാസികള്‍ അങ്ങനെ രക്ഷപ്പെട്ടിരിക്കുന്നു.
അതുവരെ സ്വരൂപിച്ച തുക ഒക്കാതെ വന്നപ്പോള്‍ ഇത്തിരി ബ്ലേഡുകാരനില്‍നിന്നും വാങ്ങി.
സ്ഥലമൊക്കെ വാങ്ങുമ്പോഴേ വാങ്ങാന്‍ പറ്റൂ. കടം പിന്നെയും തീര്‍ക്കാമെന്ന ബുദ്ധി ഉപദേശിച്ചത്  ആരാണെന്ന് ഓര്‍മയില്ല.
ബാങ്ക് വഴി കൂടുതല്‍ തുക അയക്കാന്‍ കഴിയാത്തതിനാലും നാട്ടില്‍ ഉടനെ  കിട്ടേണ്ടതിനാലും മല്‍ബു ആദ്യമായി കുഴലുകാരനെ ആശ്രയിച്ചു.
പക്ഷേ, പറഞ്ഞാല്‍ വിശ്വസിക്കാത്ത തരത്തില്‍ അത്രയും വലിയ തുകയുമായി കുഴലുകാരന്‍ മുങ്ങി.
ഇത്രയധികം പണം നാട്ടില്‍ എത്തിക്കുന്നതിനു മുമ്പേ ആരെങ്കിലും കുഴലുകാരനു റിയാല്‍ കൈമാറുമോ?
മല്‍ബുവിനെ പൊട്ടനെന്നു വിളിച്ചു ആളുകള്‍.
ചതിയുടെ കഥ പിന്നെ ആരോടും പറയാതായി.
റിയാലിലും ബ്ലേഡിലും കുരുങ്ങിയ തന്റെ അതിമോഹത്തെ പഴിച്ചു കഴിയുമ്പോഴാണ്  റിയാലും ബ്ലേഡും ചേര്‍ത്തുള്ള ചോദ്യങ്ങളുമായി മകളുടെ വരവ്.
ഇനിയൊരിക്കലും പണമയക്കാന്‍ വളഞ്ഞ വഴി ആശ്രയിക്കില്ലെന്ന് നവവത്സര പ്രതിജ്ഞയെടുക്കാന്‍ പോലും മല്‍ബുവിന് കെല്‍പില്ല. 
കാരണം മറ്റൊന്നുമല്ല. നാട്ടിലേക്ക് പണമയക്കുന്ന കാര്യം ഇനി അടുത്ത കാലത്തൊന്നും മല്‍ബുവിനു ചിന്തിക്കാന്‍ കഴിയില്ല.

20 comments:

faisalbabu said...

കുഴലുകാര്‍ കാണേണ്ട ഈ "മല്‍ബുവിനെ" ,,കൊട്ടെഷന്‍ കൊടുക്കും ട്ടോ ....

Echmukutty said...

അയ്യോ! മൽബു. സങ്കടം വരുന്നു. കാശില്ലാത്ത ഗതികേട് ഭയങ്കരാണ്. എന്നാലും കുഴലുകാർ മൽബൂനെ ഇങ്ങനെ വേല വെച്ചല്ലോ....

പ്രഭന്‍ ക്യഷ്ണന്‍ said...

എത്രകാലം “കുഴലില്‍” ഇട്ടാലും..മല്‍ബുമാര്‍ നേരെയാകുന്നില്ലല്ലോ..!!
പാവം മല്‍ബു..!

ആശംസകളോടെ....

khaadu.. said...

ചില മല്‍ബുമാരെ കൊണ്ട് കുഴലു(കാര്‍ )നേരെയാകും.... എന്നാലും മല്ബുകള്‍ നന്നാവില്ല...

സ്നേഹാശംസകള്‍...

Vp Ahmed said...

അത്യാഗ്രഹം അല്ലാതെന്ത് .............?

സേതുലക്ഷ്മി said...

ശരിക്ക് സംഭവിച്ചതാണോ..?
കഷ്ടം,കുറച്ചു കൂടി ശ്രദ്ധിക്കേണ്ടതായിരുന്നു...

പട്ടേപ്പാടം റാംജി said...

സ്വന്തം അനുഭവം അല്ലല്ലോ അല്ലെ? പറഞ്ഞ് കേട്ടതാവും എന്ന് തോന്നുന്നു. എന്തായാലും നമ്മുടെ ഒക്കെ ഒരു യോഗം...

എം.അഷ്റഫ്. said...

@ഫൈസല്‍
അപ്പോള്‍ നിങ്ങളുടെ അടുത്ത് ചില കത്തിവിദ്യകളൊക്കെ ഉണ്ടല്ലോ. രക്ഷിച്ചാ മതി. അതാ ഒരു സമാധാനം . വിശ്വാസം. വിശ്വാസമല്ലേ എല്ലാം.
@എച്മുക്കുട്ടി
പണം കായ്ക്കുന്ന മരം എന്നാണല്ലോ ഗള്‍ഫകാരെ കുറിച്ചുളള നാട്ടുവിചാരം. എത്രയെത്ര കടമ്പകളാണ് ഓരോ മല്‍ബുവും കടക്കുന്നതെന്ന് ഇവിടെ വന്നതു കൊണ്ട് അറിയാന്‍ പറ്റി.
@പ്രഭന്‍ കൃഷ്ണന്‍.
പ്രതീക്ഷകളാണ് ഓരോ മല്‍ബുവിനേയും ജീവിപ്പിക്കുന്നത് അല്ലേ. എത്ര സൂക്ഷിച്ചാലും പിന്നെയും പിന്നെയും പാമ്പ് കടിക്കുന്നു.
@ഖാദു,
മല്‍ബുകളെ നന്നാവാന്‍ വിടില്ല. ചിലരെ അത്യാര്‍ത്തി.ചിലരെ നിവര്‍ത്തികേട്. രണ്ടായാലും ചൂഷണം ചെയ്യാന്‍ പലരും റെഡി.
@വി.പി.അഹ്്മദ്
അത്യാഗ്രഹം എന്നു പറയാന്‍ പറ്റില്ല. ഒരു ചെറിയ പ്രതീക്ഷ, ആശ.
@സേതുലക്ഷ്മി
ശരിക്കും സംഭവിച്ചതു തന്നെ. ഒരു കുഴലുകാരന്‍ മുങ്ങിയാല്‍ അല്ലെങ്കില്‍ പിടിക്കപ്പെട്ടാല്‍ കണ്ണീരിലാകുന്നത് ഒട്ടേറെ മല്‍ബുകളാണ്. അവരുടെ പ്രതീക്ഷകളാണ്.
@റാംജി
നമ്മുടെ ഒക്കെ ഒരു യോഗം തന്നാ ഇത്. കൂട്ടത്തിലൊരാള്‍ക്കു പറ്റിയാലും അതിന്റെ നൊമ്പരം തീരാന്‍ നാളേറെയെടുക്കും.

ente lokam said...

കഷ്ടം തന്നെ ...മല്ബുവിന്റെ കാര്യം...
പ്രഭന്‍ പറഞ്ഞതില്‍ രണ് ഉണ്ട്
കാര്യം..ഹ..ഹ...

ചെറിയ കുറിപ്പുകളിലൂടെ ഇത്ര മനോഹരം
ആയി ഒരു പ്രവാസിയുടെ ജീവിതം നര്‍മവും
ഗൌരവും ചേര്‍ത്തു അവതിരിപ്പിക്കുന്ന അഷ്‌റഫ്‌നു
അഭിനന്ദനങ്ങള്‍...

Pradeep paima said...

കൊള്ളാം നന്നായി എഴുതി .വായിച്ചു കഴിഞ്ഞപ്പോള്‍ സങ്ങടം തോന്നി

Mohamedkutty മുഹമ്മദുകുട്ടി said...

കുഴലൂത്തു നന്നായി!. മല്‍ബൂസ് ഇനിയെങ്കിലും ശ്രദ്ധിക്കുമെന്നു പ്രതീക്ഷിക്കാം.

എം.അഷ്റഫ്. said...

@എന്റെ ലോകം
ശരിയാണ്, ഞങ്ങളുടെ ലോകം ഇങ്ങനെ തന്നെയാണ്. ഏതു നിമിഷവും മടങ്ങേണ്ടി വരുമെന്ന ആശങ്കയില്‍ എവിടെയങ്കിലും ഇത്തിരി വരുമാനം കിട്ടുമെന്ന് കാണുമ്പോള്‍ ജീവിതത്തിലെ സമ്പാദ്യം മുഴുവന്‍ അവിടെ കൊണ്ടു പോയി നിക്ഷേപിക്കുന്നു. വല വിരിച്ചതായിരുന്നുവെന്ന് അറിയുമ്പോഴേക്കും എല്ലാം കഴിഞ്ഞിരിക്കും. നന്ദി
@പ്രദീപ്
സങ്കടം തന്നെയാണ് കാര്യം. സ്വരൂപിച്ചതു മുഴുവന്‍ നഷ്ടപ്പെട്ടതിനോടൊപ്പം കടക്കാരനായും മാറുക.
@മുഹമ്മദ് കുട്ടി
എത്ര കൊണ്ടാലും ഞങ്ങള്‍ പഠിക്കില്ല. കാരണം ധാര്‍ഷ്ട്യമല്ല. വേറെ വഴിയില്ല.

അനുരാഗ് said...

കൊള്ളാം നന്നായി എഴുത

Mohiyudheen MP said...

വ്യക്തമായ സന്ദേശം നല്‍കുന്ന കഥ

സ്വലാഹ് said...

റിയാല്‍, റിയാല്‍ എന്നു പറഞ്ഞാല്‍ വായില്‍നിന്ന് റിയാല്‍ പുറത്തുവരുമോ? :)

അഭിഷേക് said...

kuzhalukal oothippovathe nokkiyille
aasamsakal

ഒരു കുഞ്ഞുമയില്‍പീലി said...

ഇത് ശെരിക്കും അനുഭവ കഥയാണോ സങ്കടകരം തന്നെ ..ആശംസകള്‍ നേരുന്നു ഈ കുഞ്ഞുമയില്‍പീലി

എം.അഷ്റഫ്. said...

@കുഞ്ഞുമയില്‍പീലി...
പലരുടേയും അനുഭവം. കുഴലുകള്‍ കബളിപ്പിച്ച ജീവിതങ്ങളെമ്പാടുമുണ്ട് ചുറ്റും.
@അഭിഷേക്,
മോഹമോ അതിമോഹമോ ജാഗ്രത നഷ്ടപ്പെടുത്തി
@സ്വലാഹ്
അതെ, റിയാല്‍ വരില്ല. നാടും വീടും വിട്ട് കഷ്ടപ്പെട്ട് നേടിയത് കുഴലില്‍ കളഞ്ഞു.
@മുഹ്‌യുദ്ദീന്‍
കണ്ടാലും കൊണ്ടാലും പഠിക്കുന്നില്ല, നമ്മള്‍
@ അനുരാഗ്
എല്ലാവര്‍ക്കും നന്ദി. വരവിനും എഴുത്തിനും.
സര്‍വേശ്വരന്റെ കരുണാകടാക്ഷങ്ങള്‍ക്കായി പ്രാര്‍ഥിക്കുന്നു.

വേണുഗോപാല്‍ said...

ഈയിടെ എവിടെയോ വായിച്ചു ...
പട്ടിയുടെ വാല് നൂറു കൊല്ലം കുഴലില്‍ ഇട്ടാല്‍ /??
പട്ടി ചാവും അത്ര തന്നെ . കാരണം പട്ടി പത്തോ പന്ത്രണ്ടോ കൊല്ലമേ ജീവിക്കുള്ളൂ എന്നാത്രെ കണ്ടു പിടുത്തം ..

പക്ഷെ മല്ബുമാരെ കുഴലിലിട്ടാലും അവര്‍ പിന്നെയും വളഞ്ഞു കൊണ്ട് തന്നെ ... പാവം ഇനിയെങ്കിലും ശ്രദ്ധിക്കുക

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

മൽബുവും,നായയുടെ വാലും ഒരുപോലെയാണ് കേട്ടൊ ഭായ്
പന്തീരാണ്ട് കാലം കുഴലിലിട്ടാലും നേരാവില്ലെങ്കിലും പിന്നേയും കുഴലിലിടും

Related Posts Plugin for WordPress, Blogger...