Pages

പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..

September 19, 2011

കാക്ക ഇനിയും വരും



ഇത് അവസാനത്തെ മടക്കമാണെന്ന് മല്‍ബു ആണയിടുന്നു.
ലാസ്റ്റ് ഫൈനല്‍. പക്ഷേ ഈ ആണയിടല്‍ എത്ര കണ്ടതാണെന്ന് മുറിയിലുള്ളവര്‍.
ങ്ങള് സിഗരറ്റ് വലി നിര്‍ത്തുന്നതു പോലെ തന്നാ ഇതും. 

നിര്‍ത്താന്‍ എന്തെളുപ്പം.
ങ്ങള് തന്നെ എത്ര തവണ നിര്‍ത്തീതാ. മഅസ്സാലമ പറഞ്ഞ് എത്ര തവണ പോയി. ഓരോ തവണയും പോക്ക് റീ എന്‍ട്രിക്കായതു ങ്ങടെ ഭാഗ്യം. എക്‌സിറ്റിലായിരുന്നെങ്കില്‍ കാണായിരുന്നു. ഒരു കണക്കെടുത്തു നോക്കിയേ, സിഗരറ്റ് വലി നിര്‍ത്തിയതാണോ, നാട്ടിലേക്ക് മടങ്ങിയതാണോ കൂടുതല്‍?

എ.സി ഓണ്‍ ചെയ്തിട്ടുണ്ടെങ്കിലും തലയില്‍ കെട്ടിയിരുന്ന തോര്‍ത്തഴിച്ച് മല്‍ബു വീശിക്കൊണ്ടിരുന്നു.
തോര്‍ത്ത് വീശിയതുകൊണ്ട് തണുക്കുമോ മനസ്സിലെ ചൂട്.


ശരിയാണ്, ഇനിയിങ്ങോട്ടില്ലെന്ന് പറഞ്ഞ് പല തവണ മടങ്ങിയിട്ടുണ്ട്. 

എല്ലാം പൊരുത്തപ്പെടണമെന്ന് പറഞ്ഞ് ഓരോരുത്തരോടും യാത്ര പറയുമ്പോഴും തങ്ങളുടെ പ്രിയപ്പെട്ട കുക്ക് തിരിച്ചുവരുമെന്ന കാര്യത്തില്‍ ഫഌറ്റിലെ താമസക്കാരില്‍ ആര്‍ക്കും സംശയം ഉണ്ടായിരുന്നില്ല.

ങ്ങള് ധൈര്യായിട്ട് പോയി വാ കാക്കാ എന്നേ അവര്‍ പറയുകയുളളൂ.
അടുപ്പിലെ ചൂടറിയാതെ, മനസ്സിനു കുളര്‍മ നല്‍കിയത് ഇവരുടെയൊക്കെ സ്‌നേഹമായിരുന്നു.


രണ്ടോ മൂന്നോ മാസം കഴിഞ്ഞ്, കൂടിയാല്‍ ആറു മാസം കഴിഞ്ഞ് തിരികെ ചെന്നാലും ജോലി ഉണ്ടെങ്കിലും ഇല്ലെങ്കിലും കിടക്കാനൊരിടം അവര്‍ നല്‍കും.
പുകവലി മാത്രമാണ് കാക്കയില്‍ അവര്‍ കണ്ട ദോഷം.
അതുകൊണ്ടു തന്നെ ചോറിന് അരിയിട്ട ശേഷം ഡോര്‍ തുറന്ന് പുറത്തിറങ്ങി വലിച്ചു തീര്‍ക്കുകയെന്ന നിയോഗം കാക്ക വേഗം പൂര്‍ത്തിയാക്കും. സിഗരറ്റിന്റെ മണമില്ലെന്ന ആത്മവിശ്വാസത്തോടെ വീണ്ടും അടുക്കളയില്‍.
ദേ വയസ്സ് കൂടി വരികാട്ടോ. ഇപ്പോള്‍ തന്നെ എല്ലാ അസുഖങ്ങളുമുണ്ട്. ഇനിയെങ്കിലും അങ്ങട്ട് നിര്‍ത്താന്‍ നോക്ക്.
സ്‌നേഹത്തോടെ അവര്‍ ഉപദേശിക്കും.
ആണ്‍മക്കളില്ലാത്ത മല്‍ബൂന് ഇവരൊക്കെയും മക്കളാണ്. ചിലപ്പോള്‍ മക്കളേക്കാളും കുടുംബക്കാരേക്കാളും ഇവരുടേതാണ് സ്‌നേഹം. പ്രായമേറിയെങ്കിലും അതിന്റെ അവശതകളൊക്കെ ഉണ്ടെങ്കിലും ഇവരൊടൊപ്പം കഴിയുമ്പോള്‍ അവരിലൊരാളെ പോലെ ചെറുപ്പക്കാരനാകും.
ഇനിയില്ലാട്ടോ, ഇതു ശരിക്കുമുള്ള പോക്കാണ്. പടച്ചോനാണെ സത്യം.
അതെന്താ. പെന്‍ഷന്‍ കിട്ടൂന്ന് ഉറപ്പായതുകൊണ്ടാണോ പറച്ചിലിനു ഇത്ര കടുപ്പം. പെന്‍ഷന്‍ പാവങ്ങള്‍ക്ക് മാത്രമേ കിട്ടൂ എന്ന കാര്യം മറക്കണ്ട. എന്‍ജിനീയറിംഗിനു പഠിക്കുന്ന മക്കളുള്ള ങ്ങളൊന്നും പാവാകൂല്ല. പ്രവാസികളെ വേര്‍തിരിക്കുന്ന പുതിയ ദാരിദ്ര്യ രേഖ ഇനിയും കണ്ടെത്തിയിട്ടുവേണം.
പ്രായം 65 കഴിഞ്ഞതിനാല്‍ മല്‍ബൂന് പെന്‍ഷനുളള ഒരു ഉപാധി കഴിഞ്ഞുകിട്ടി. 60 കഴിഞ്ഞ പാവം പ്രവാസികള്‍ക്ക് പെന്‍ഷന്‍ എന്നാണല്ലോ വെപ്പ്. എന്നാലും ക്ഷേമ ബോര്‍ഡില്‍ ഇത്തിരിയെങ്കിലും അടപ്പിക്കാതെ നോര്‍ക്ക നല്‍കുമോ പെന്‍ഷന്‍.
അറിയാന്‍ പാടില്ല. പ്രഖ്യാപനങ്ങള്‍ ആഘോഷമാക്കാം. യാഥാര്‍ഥ്യം തിരിഞ്ഞുകുത്തുമ്പോള്‍ സങ്കടപ്പെടുകയും ആകാമല്ലോ. പ്രഖ്യാപനാഘോഷം കൂടുതല്‍ കൂടുതല്‍ കേമമാക്കാന്‍ സ്വാഗതം ചെയ്യാം, കൂടുതല്‍ കൂടുതല്‍ നേതാക്കളെ ഇങ്ങോട്ട്.
എന്തു പെന്‍ഷന്‍ മക്കളേ. ആയിരം ഉലുവാ കിട്ടുമായിരിക്കും. അതു വാങ്ങാന്‍ രണ്ടു തവണ പോകേണ്ടി വന്നാല്‍ വണ്ടിക്കൂലിക്ക് തികയില്ല.
നാലു പെണ്‍മക്കളില്‍ ഒരാളുടെയെങ്കിലും കൈ പിടിച്ചയച്ച ശേഷമാകാം എക്‌സിറ്റെന്ന തോന്നലാണ് രോഗങ്ങള്‍ക്കും അവശതക്കുമിടയിലും അടുപ്പിന്റെ ചൂടിലേക്ക് മല്‍ബൂനെ ആനയിച്ചുകൊണ്ടുവന്നിരുന്നത്. 

വിദ്യാഭ്യാസവും പ്രായവും കൂടിയതിനാല്‍ പുരനിറഞ്ഞു നില്‍ക്കുകയാണ് മക്കള്‍. എല്ലാവര്‍ക്കും വേണ്ടത് പതിനെട്ടും ഇരുപതും വയസ്സും സ്വര്‍ണവുമാണ്. വിദ്യാഭ്യാസവും പക്വതയുമൊക്കെ ആര്‍ക്കു വേണം.
ഓരോ തവണ ചെന്നാലും മല്‍ബി സ്‌നേഹത്തോടെ നിര്‍ബന്ധിക്കും.


ഒരു തവണ കൂടി പോണം. ഗള്‍ഫുകാരന്റെ മക്കളാന്ന് പറഞ്ഞാലേ ആരെങ്കിലും ഈ വഴി തിരിഞ്ഞുനോക്കുകയെങ്കിലും ചെയ്യൂ. മൂത്തോളെയെങ്കിലും കഴിഞ്ഞു കിട്ടിയാല്‍ ഭാഗ്യായല്ലോ. അങ്ങനെയാണ് മനസ്സിലെ എക്‌സിറ്റ് വീണ്ടും റീ എന്‍ട്രിയാകുന്നത്. ഇതു മല്‍ബുവിന് മാത്രം അറിയാവുന്ന രഹസ്യം.

ശ്രമിക്കാഞ്ഞിട്ടല്ല, എന്‍ജിനീയറിംഗ് കഴിഞ്ഞ മൂത്ത മോള്‍ക്ക് പത്രാസുള്ള ഒരു ഗള്‍ഫുകാരനെ കണ്ടെത്തിയതുമാണ്. വില കൂടിയ കാറും കോട്ടും ടൈയുമൊക്കെയുള്ള ഒത്ത ഒരു ചെറുപ്പക്കാരന്‍.


പഠനം കഴിയട്ടെ എന്നു പറഞ്ഞുകൊണ്ട് നിക്കാഹ് നീട്ടിക്കൊണ്ടു പോയ മകള്‍, ഒരു ദിവസം അതങ്ങു തുറന്നു പറഞ്ഞു.


എനിക്ക് ഗള്‍ഫുകാരനെ വേണ്ട, നാട്ടുകാരനെ മതി.


എന്താടി ഗള്‍ഫുകാരന് ഒരു കുഴപ്പം. 

ഇത്രേം കാലം ഒരു ഗള്‍ഫുകാരനായതുകൊണ്ടാ നിനക്കൊക്കെ ഇത്രയും പഠിക്കാനായത്. അവിടെ അടുപ്പ് കത്തിച്ചതിന്റെ ഫലമാ നിന്റെ എന്‍ജിനീയറിംഗ്.
ഉം, അതൊക്കെ ടി.വിയില്‍ കാണുന്നുണ്ട്.
അതെന്താ, നീ അയാളെ ടി.വിയില്‍ കണ്ടോ. എന്താ അയാള്‍ക്കൊരു കുഴപ്പം.
അയാളെ കണ്ടൂന്നല്ല.


ഇത്രമാത്രം ദുരിതങ്ങളുള്ള ഒരു വിഭാഗം ലോകത്ത് വേറെ എവിടെയുമില്ല. ടി.വി തുറക്കാനും വയ്യ, പത്രം വായിക്കാനും വയ്യ. പ്രവാസിയുടെ പ്രയാസങ്ങള്‍.


അങ്ങനെ കാക്ക രഹസ്യങ്ങളുടെ കനലുകള്‍ തോര്‍ത്ത് കൊണ്ട് വീശിത്തണുപ്പിക്കുമ്പോഴും അവര്‍ പറയും.


ലാസ്റ്റ് ഫൈനല്‍ എന്നൊക്കെ പറഞ്ഞോട്ടെ, കാക്ക ഇനിയും വരും.


Related Posts Plugin for WordPress, Blogger...