Pages

പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..

March 31, 2013

നോര്‍ക്ക സൂപ്പര്‍മാര്‍ക്കറ്റ്



ഹൈദ്രോസിന്റെ കട തുറക്കുമോ എന്നറിയില്ല, എന്നാലും പച്ചക്കറി വാങ്ങാനിറങ്ങുന്നു എന്ന് ഫേസ്ബുക്കില്‍ മെസേജ് അപ്‌ഡേറ്റ് ചെയ്തശേഷം ആരെങ്കിലും ലൈക്ക് ചെയ്‌തോ എന്നു നോക്കാന്‍ നില്‍ക്കാതെ മല്‍ബു പുറത്തിറങ്ങി.

പടച്ചോനേ നല്ലോണം ലൈക്കും ഷെയറും കിട്ടണേ എന്നായിരുന്നു പ്രാര്‍ഥന. സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായുള്ള മലയാളികളുടെ നാട്ടിലേക്കുള്ള മടക്കം റേറ്റിംഗിനുള്ള മത്സരമാക്കി ടി.വികള്‍ക്ക് മാറ്റാമെങ്കില്‍ എന്തുകൊണ്ട്  മല്‍ബുവിനു ആയിക്കൂടാ? വഴിയില്‍വെച്ചു ഫേസ്ബുക്ക് തുറന്നു നോക്കുമ്പോള്‍ ലൈക്കുകള്‍ വന്നു തുടങ്ങിയിട്ടുണ്ട്. മൂന്ന് മിനിറ്റിനകം 10 ഷെയറുകള്‍. കൊതിച്ചതു പോലെ തന്നെ സംഗതി. പ്രാര്‍ഥനകളാണ് കൂടുതലും. തമ്പുരാനേ നിതാഖാത്ത്-റെയ്ഡില്‍നിന്ന് കാക്കണേ.

അതിനിടയില്‍, നിതാഖാത്തില്‍ കുടുങ്ങി ഇക്കാ ഇങ്ങളും പോരേണ്ടി വരുമോ എന്ന് നാട്ടില്‍നിന്ന്  ഒരു ക്ലാസ്‌മേറ്റ് ചോദിച്ചിരിക്കുന്നു. ഫോട്ടോക്കും മെസേജുകള്‍ക്കും എപ്പോഴും ലൈക്കും കമന്റും നല്‍കുന്ന പ്രിയ കൂട്ടുകാരി ആയതിനാല്‍ അപ്പോള്‍ തന്നെ മറുപടി ഇട്ടു.
ഒന്നും പറയാറായിട്ടില്ല ചങ്ങാതീ.

ഫേസ്ബുക്കിലെ കമന്റുകള്‍ എങ്ങനെ ആകര്‍ഷകമാക്കാമെന്നു കൂടി ചിന്തിച്ച് കടയിലെത്തിയപ്പോള്‍ അടുത്തൊന്നും ആരുമില്ല. പച്ചക്കറിയും ഫ്രൂട്ടുമൊക്കെ നിരത്തിവെച്ചിട്ടുണ്ട്. കടക്കാരനില്ല. കസ്റ്റമേഴ്‌സുമില്ല.

അല്‍പം മടി ഉണ്ടായിരുന്നു. കാരണം കഴിഞ്ഞ ദിവസം കടയുടെ അകത്തു കയറി നല്ല പച്ചക്കറികള്‍ തെരഞ്ഞെടുക്കുമ്പോള്‍ രണ്ട് സ്റ്റാന്റുകള്‍ താഴേക്ക് മറിഞ്ഞുവീണ് കടക്കാരന്‍ ഹൈദ്രോസിനു പിടിപ്പതു പണിയുണ്ടാക്കിയിരുന്നു. കസ്റ്റമേഴ്‌സിനെ പിണക്കരുതല്ലോ എന്നു നന്നായി അറിയുന്ന ഹൈദ്രോസ് സങ്കടത്തോടെ ഒന്നു നോക്കുക മാത്രമേ ചെയ്തുള്ളൂ.

പക്ഷേ, മല്‍ബു അതില്‍ കുലുങ്ങിയിട്ടൊന്നുമില്ല. നല്ല സാധനം നോക്കിയെടുക്കുക എന്നത് കസ്റ്റമറുടെ അവകാശമാണ്. കസ്റ്റമര്‍ ഈസ് ദ കിംഗ് എന്നാണല്ലോ. മാത്രമല്ല, എന്താ പച്ചക്കറിക്ക് ഇപ്പോഴത്തെ വില. അഞ്ചാറു മാസം മുമ്പ് വരെ പത്ത് റിയാലിനു കിട്ടിയിരുന്നു പച്ചക്കറി കിട്ടാന്‍ ഇപ്പോള്‍ നൂറു റിയാലെങ്കിലും കൊടുക്കണം. സൂപ്പര്‍മാര്‍ക്കറ്റുകളിലും പച്ചക്കറി സ്റ്റാളുകളിലുമാണ് തീവിലയെന്നു കരുതി റോഡരികിലെ വണ്ടിക്കാരുടെ അടുത്തു ചെന്നാലോ അവിടേം രക്ഷയില്ല. വിലപേശലോന്നും പണ്ടേപ്പോലെ ഫലിക്കുന്നില്ല.

കടയും തുറന്നുവെച്ച് ഹൈദ്രോസ് ഇതെങ്ങോട്ടു പോയി?
രണ്ടു മൂന്ന് പേര്‍ വേറെയും വന്ന് ഹൈദ്രോസിനെ തിരക്കുന്നു.
മല്‍ബുവിന്റെ മനസ്സില്‍ തീയാളി. ഇനി രാവിലെ തന്നെ നിതാഖാത്തുകാര്‍ റെയ്ഡ് നടത്തി ഹൈദ്രോസിനെ കൊണ്ടു പോയോ? മല്‍ബു വേഗം ഫേസ് ബുക്ക് ഓപ്പണ്‍ ചെയ്തു. വീണ്ടുമൊരു സ്റ്റാറ്റസ് അടിച്ചിട്ടു.
കടയുണ്ട്. കടക്കാരനില്ല.
വന്നു ലൈക്കുകള്‍ തുടരെത്തുടരെ. അന്വേഷണങ്ങളും കുറവല്ല.
അയാളെ പിടിച്ചുകൊണ്ടുപോയതായിരിക്കുമോ?
കട തുറന്ന് അയാള്‍ പൊറാട്ടയും ബീഫും അടിക്കാന്‍ പോയതായിരിക്കുമെന്ന് ഒരു ഫ്രന്റിന്റെ മറുപടി.
കൂട്ടത്തില്‍ മല്‍ബുവിന് ഒരു ആശ്വാസ സന്ദേശം.
ഇങ്ങള് പേടിക്കേണ്ട. ഇങ്ങളെ അവിടെ തന്നെ പുനരധിവസിപ്പിക്കുമെന്ന് മന്ത്രി വയലാര്‍ രവി പറഞ്ഞിട്ടുണ്ട്.
കമന്റുകള്‍ വായിച്ചുകൊണ്ടിരിക്കെ, രണ്ടുമൂന്ന് കടകള്‍ക്കപ്പുറത്തുള്ള താമസസ്ഥലത്തുനിന്ന് ഹൈദ്രോസ് ഇറങ്ങി വരുന്നു.
കട തുറന്നുവെച്ച് ഇതെവിടെ പോയതാ?
വാര്‍ത്ത കേള്‍ക്കാന്‍ പോയതായിരുന്നു. കേട്ടില്ലേ മന്ത്രി രവി പറഞ്ഞത്. പണി പോകുന്നവരെ ഇവിടെ തന്നെ പണിക്കു നിര്‍ത്തുമെന്ന്.
ഓ അതു ഞാനറിഞ്ഞു.
എങ്ങനായിരിക്കും അത്. വല്ല ഐഡിയയും ഉണ്ടോ?
ങാ. അതു മന്ത്രിയോടു തന്നെ ചോദിക്കേണ്ടി വരും.
എംബസിക്കും നോര്‍ക്കക്കും കീഴില്‍ ആയിരം സൂപ്പര്‍ മാര്‍ക്കറ്റുകള്‍ തുടങ്ങിയാല്‍ മതിയല്ലോ. കണ്‍സള്‍ട്ടന്റായി പത്മശ്രീ യൂസുഫലി സര്‍ക്കാരിന്റെ കൈയില്‍ തന്നെയുണ്ട്.
കേട്ടപാടെ, മല്‍ബു ഫേസ്ബുക്കില്‍ ഹൈദ്രോസിന്റെ അഭിപ്രായം കാച്ചി.
എംബസി പതിനായിരം സൂപ്പര്‍മാര്‍ക്കറ്റുകള്‍ തുടങ്ങേണ്ടി വരും.
കമന്റ് ഇടേണ്ട താമസം അതിനും കിട്ടിത്തുടങ്ങി ലൈക്കുകള്‍. ഒരു കമന്റ് ഇങ്ങനെ:
എംബസിയുടെ കീഴിലായാല്‍ എന്തും വില്‍ക്കാന്‍ പറ്റും. ഗ്രേറ്റ് ഐഡിയ.
മിനിഞ്ഞാന്ന് എന്നെക്കൊണ്ട് വല്ലാതെ ബുദ്ധിമുട്ടി അല്ലേ. ഞാന്‍ തക്കാളിയും ഉരുളക്കിഴങ്ങും എടുക്കുമ്പോള്‍ സ്റ്റാന്റ് രണ്ടും താഴേക്ക് വീണതായിരുന്നു.
അതൊന്നും സാരമില്ലെന്നേ. തട്ടൊക്കെ ചിലപ്പോ വീണൂന്ന് വരും. അതെടുത്ത് നേരെ വെക്കാനാണല്ലോ നമ്മള്‍ ഇവിടെ. ഇനീപ്പോ ഏതായാലും നിങ്ങള്‍ തന്നെ കയറി എടുക്കേണ്ടി വരും. പുറത്തുനിന്നുകൊണ്ടാ ഇനി കച്ചോടം. ചെക്കിംഗ് ഏതു നിമിഷവും ഉണ്ടാകും. ഇത്തിരി സൂക്ഷ്മത നല്ലതല്ലേ. വിസ ഹൗസ് ഡ്രൈവറുടേതാണ്. മാറാനൊന്നും ഒക്കില്ല.
അപ്പോഴാണ് കടയുടെ പുറത്തുനിന്നു കൊണ്ടുള്ള ഹൈദ്രോസിന്റെ ചുറ്റിക്കളി മല്‍ബുവിന് ബോധ്യപ്പെട്ടത്. സ്വദേശിവല്‍കരണത്തിന്റെ ഭാഗമായുള്ള റെയ്ഡില്‍നിന്ന് രക്ഷപ്പെടാനുള്ള ഹൈദ്രോസിന്റെ മുന്‍കരുതല്‍.
കടയില്‍ കയറാതെ കച്ചവടം.
സാധനങ്ങള്‍ സ്വന്തമായി തെരഞ്ഞ് എടുക്കുന്ന കസ്റ്റമറാണെങ്കില്‍ കാശ് വാങ്ങാനായി ഹൈദ്രോസ് അവിടെ നില്‍ക്കും. എല്ലാം എടുത്തുകൊടുക്കേണ്ട കസ്റ്റമറാണെങ്കില്‍ ഹൈദ്രോസ് മുങ്ങും.
വെറുതെയല്ല, രവി പറഞ്ഞത്, സാമര്‍ഥ്യമുള്ളോരാണ് മല്‍ബുകള്‍. അവരെ അങ്ങനെയൊന്നും പുറത്താക്കാന്‍ പറ്റൂല.
രണ്ട് കിലോ നേന്ത്രപ്പഴവും ഒരു കിലോ ആപ്പിളും മതി. ഹെദ്രോസ് തന്നെ ഇങ്ങെടുത്തോ?
ഹൈദ്രോസിനെ പിടിക്കുമെങ്കില്‍ തന്നെയും പിടിക്കാമെന്ന് മല്‍ബുവിന് വേഗം ബുദ്ധി ഉദിച്ചു. മല്‍ബുവും ഡ്രൈവിംഗ് ലൈസന്‍സില്ലാത്ത വീട്ടു ഡ്രൈവറാണ്.
അയ്യോ നിങ്ങളുതന്നെ കയറി എടുത്തോ എന്നു പറഞ്ഞ്  തിരിഞ്ഞുനിന്നേപ്പാള്‍ ഹൈദ്രോസിനൊരു മിസ്ഡ് കാള്‍. അയാള്‍ വേഗം തിരിച്ചുവിളിച്ചു.
എന്താ എവിടേലും റെയ്ഡ് തുടങ്ങിയോ?
ഇല്ല. വിളിച്ചത് നാട്ടീന്നായിരുന്നു. പാര്‍ട്ടി നേതാവാണ്. എന്തായി അവസ്ഥ എന്നു ചോദിക്കാനല്ല. പാര്‍ട്ടിക്ക് ഓഫര്‍ ചെയ്തത് ഉടന്‍ പിരിച്ചയക്കാന്‍. അടുത്ത വര്‍ഷം നമ്മളോട് ചോദിക്കാന്‍ പറ്റൂല്ല പോലും. ഹൈദ്രോസ് ദേഷ്യം കൊണ്ടു പിറുപിറുക്കുമ്പോള്‍ മല്‍ബുവിന്റെ ഗാലക്‌സി നോട്ട് വിസില്‍ മുഴക്കി.
ഫേസ് ബുക്കില്‍ പുതിയ മെസേജായിരുന്നു.
പച്ചക്കറി വാങ്ങാന്‍ പോയ ആള്‍ റെയ്ഡില്‍ പിടിയിലായി. കടയില്‍ കയറി തക്കാളി നോക്കി എടുക്കുമ്പോഴാണത്രെ ജോലിക്കാരനാണെന്ന് കരുതി പിടികൂടിയത്.
ദേ കണ്ടോ, സാധനം വാങ്ങാന്‍ വന്നയാളേം പിടിച്ചു. ഞാന്‍ കടയില്‍ കയറൂല്ല. നിങ്ങള്‍ എടുത്തുതന്നാ മതി.
അതൊക്കെ വിശ്വസിക്കാന്‍ കൊള്ളാത്ത ലുങ്കി ന്യൂസാണെന്ന് വിശ്വസിപ്പിക്കാന്‍ ഹൈദ്രോസ് ശ്രമിച്ചെങ്കിലും റിസ്‌കിനു നില്‍ക്കാതെ മല്‍ബു അവിടെനിന്ന് തടി സലാമത്താക്കി. എസ്‌കേപ്പ്.






 

20 comments:

ajith said...

മല്‍ബൂന്റെ മനസ്സിലെ പ്രാണവേദന ആരറിയാന്‍!!!

കൊമ്പന്‍ said...

ഇപ്പൊ ഇവിടുത്തെ കാര്യങ്ങള്‍ ഇങ്ങനെ ഒക്കെ ആണ് ഇതിലെ കാര്യം പ്പോലെ ഒന്നും അല്ല കാര്യങ്ങള്‍ എങ്കിലും വായനക്ക് നല്ല രസമുണ്ട് വയലാര്‍ രവി ഇപ്പോള്‍ പണ്ടിറ്റി നെ തോല്‍പ്പിക്കാന്‍ നടക്കുകയാ

രമേശ്‌ അരൂര്‍ said...

നമ്മളും തടി സലാമത്താക്കി ..:)

രമേശ്‌ അരൂര്‍ said...
This comment has been removed by the author.
Echmukutty said...

മല്‍ബൂന് എപ്പോഴും കഷ്ടകാലം...

വീകെ said...

ഈ പേടി സൌദിയിലുള്ളവർക്ക് ഇതാദ്യമാണോ..? ഇതിനു മുൻപും ഇതിങ്ങനൊക്കെത്തന്നെ ആയിരുന്നു. മുൻപും ഇത്തരം പരിശോധനകൾ ഉണ്ടായിരുന്നു. പിടി കിട്ടിയവരെയൊക്കെ കേറ്റിയും വിട്ടിട്ടുണ്ട്. ഇതെല്ലാം അറിയാവുന്നവർ തന്നെയല്ലെ ഫ്രീ വിസക്കാർ... ഇത്തവണ പരിശോധന കുറച്ചു വ്യാപകമാണെന്നു മാത്രം.
കഥ നന്നായിരിക്കുന്നു. ഫ്രീ വിസക്കാരുടെ ചങ്കിടിപ്പ് നന്നായി വരച്ചു കാട്ടിയിട്ടുണ്ട്.
ആശംസകൾ...

Muralee Mukundan , ബിലാത്തിപട്ടണം said...

മൽബുവിലൂടെ ചാടിനിന്ന് പ്രവാസം തീർക്കുന്നവരുടെ ഉള്ളിടികൾ ശരീക്കും കേൾപ്പിച്ചിരിക്കുന്നൂ...!

ഐക്കരപ്പടിയന്‍ said...

പടച്ചോനേ, മല്ബുവിന്റെ നിതാഖാത് വായിച്ചു നമ്മൾ നിതഖാതിൽ അകപ്പെടുമോ...
ഒരു സ്റ്റാറ്റസ് ഇപ്പം ഇടണം "എന്തും സംഭവിക്കാം....പടച്ചോൻ കാക്കട്ടെ...."

ഷാജു അത്താണിക്കല്‍ said...

മൽബൂൂൂൂൂൂൂൂൂൂൂൂൂൂ
കലക്കി ഭായി വായിക്കാൻ നല്ല രസമുണ്ട്

ente lokam said...

അവസരോചിതമായ പോസ്റ്റ്‌..
അഭിനന്ദനങ്ങൾ....

ഒരു രാജ്യത്തിൻറെ നിയമ സംവിധനങ്ങളെ
വെല്ലു വിളിക്കുന്ന തെറ്റായ വിവര്നഗൽ
ആണ് പക്ഷെ ഇന്ത്യൻ മാധ്യമങ്ങള പുറത്തു
വിടുന്നത് എന്നാണ് എനിക്ക് തോന്നുന്നത്

Unknown said...

കുല്ലു ന്ഫ്സിൻ ദാഇകത്തുൽ മൗത്ത്...

Nasar Mahin said...

നന്നായിട്ടുണ്ട്! കഥയറിയാതെ ആട്ടം കാണുന്ന നമ്മുടെ മന്ത്രിമാർ/ ഭരണാധികാരികൾ, കാര്യങ്ങളെ കുറിച്ച് വ്യക്തമായ അവബോധമോ ധാരണയോ ഇല്ലാതെ അഭിപ്രായ പ്രകടനങ്ങൾ നടത്തുമ്പോൾ അത് വിചിത്രവും വിരോധാഭാസം നിരഞ്ഞതുമാകുന്നു.

ilyasthoombil said...

അടിപൊളി .. നന്നായി അസ്വദിചു.. മലയാളി ഏപ്പോഴും അങ്ങനെയ ഒരു മുഴം മുൻപേ ഏറിയും . safe zone ലെ കളിക്കു .. അതുകൊണ്ട് മലയാളിക്ക് നഷ്ടവും ലാഭവും ഉണ്ടായിടുണ്ട് .
--

Unknown said...

നമ്മള്‍ പ്രവാസികള്‍ ആദ്യം തന്നെ തീരുമാനമെടുക്കണം ...ആര്‍ത്തിയില്ലാത്ത നമ്മുടെ ആവിശ്വങ്ങള്‍ നേടിയാലുടന്‍ നാടുപിടിക്കണം എന്ന് ....ആര്‍ത്തിയില്ലാത്തവന്‍ എന്നും പ്രസന്നവദനായി കാണപ്പെടുന്നു ഒരു ടെന്‍ഷനും അവനെ കീഴ്പ്പെടുത്തുന്നില്ല .....തിരയുടെ ആശംസകള്‍

Unknown said...

റെയ്ഡ് നിർത്താൻ കാത്തിരിക്കുക്കായിരുന്നു അല്ലെ പോസ്റ്റ്‌ ഇടാൻ കൊള്ളാം

വേണുഗോപാല്‍ said...

നിതാഖത്തിന്റെ പിന്‍വശവും മുന്‍വശവും അറിയില്ല. പക്ഷെ അഷറഫിന്റെ എഴുത്ത് ഇഷ്ടായി.

Pradeep Kumar said...

എഴുത്ത് ഇഷ്ടമായി

Cv Thankappan said...

ചൂടും,വേവും ഉള്ളിലും......
ആശംസകള്‍

viddiman said...

മൽബുവിന് എന്തിലും ഒരു തമാശയുണ്ട്..

Akbar said...

സാധനങ്ങള്‍ സ്വന്തമായി തെരഞ്ഞ് എടുക്കുന്ന കസ്റ്റമറാണെങ്കില്‍ കാശ് വാങ്ങാനായി ഹൈദ്രോസ് അവിടെ നില്‍ക്കും. എല്ലാം എടുത്തുകൊടുക്കേണ്ട കസ്റ്റമറാണെങ്കില്‍ ഹൈദ്രോസ് മുങ്ങും

ഹ ഹ ഹ മൽബുവിനോടാണോ കളി. ആക്ഷേപ ഹാസ്യം ക്ഷ പിടിച്ചു അഷ്‌റഫ്‌ ജി.

Related Posts Plugin for WordPress, Blogger...