Pages

പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..

November 22, 2013

അടവുജീവിതം
നയാ പൈസ ഇല്ലാ, കയ്യില്‍ നയാ പൈസയില്ലാ..
ബാത്ത്‌റൂമില്‍നിന്ന് പതിവില്‍ കവിഞ്ഞ ശബ്ദത്തിലാണ് മല്‍ബുവിന്റെ പാട്ട്. ഈയടുത്ത ദിവസങ്ങളില്‍ നാവിന്‍ തുമ്പത്തുനിന്ന് ഈ പാട്ട് മാറിയിട്ടേയില്ല. ബാച്ചിലര്‍ ഫ്‌ളാറ്റില്‍
കൂട്ടംകൂടിയിരുന്ന് ടി.വി കാണുമ്പോഴും കാരംസ് കളിക്കുമ്പോഴും മല്‍ബു അറിയാതെ പാടും.
പാടുപെട്ടുള്ള പാട്ടിന് മധുരമില്ലെങ്കിലും അടുത്തിരിക്കുന്ന മൊയ്തു താളമിടും. പക്ഷേ പാട്ടിലെ അടുത്ത വരികളിലേക്ക് മല്‍ബു പോകില്ല. അതേ വരി ആവര്‍ത്തിക്കും. നയാപൈസ ഇല്ലാ...

കേള്‍ക്കാനോ താളം പിടിക്കാനോ ആരുമില്ലെങ്കിലും കിച്ചണില്‍ കയറിയാലും ബാത്ത് റൂമില്‍ കയറിയാലും മല്‍ബുവിന് മാത്രമല്ല, റൂമിലെ മറ്റുള്ളവര്‍ക്കും പാട്ടു വരും. നാടുവിട്ടവരുടെ ബാച്ചിലര്‍ ലൈഫില്‍ മൂളിപ്പാട്ടും പാടുപെട്ടുള്ള പാട്ടുമൊക്കെ ഒരു അടയാളമാണ്. സന്തോഷം വന്നാലും ദുഃഖം വന്നാലും പാട്ടു വരാതെ നിര്‍വാഹമില്ല.

നയാപൈസ ഇല്ലാന്നുള്ള പാട്ട് ഇനി പാടരുതെന്ന് ഉമ്പായി താക്കീത് ചെയ്തിട്ടും രക്ഷയില്ല. അറിയാതെ സംഭവിച്ചു പോകുന്നതാണ് മല്‍ബുവിന്റെ പാട്ട്.

നീയൊരു ആഗോളീകരണ, ഉദാരീകരണത്തിന്റെ ഇരയാണെന്ന് ഉമ്പായി പറഞ്ഞപ്പോള്‍ മല്‍ബു തുറിച്ചു നോക്കി.
നിനക്കൊന്നും വിചാരിച്ചാലും നാട്ടില്‍ പോകാന്‍ കഴിയില്ല. നിന്റെയൊക്കെ ജീവിതം ക്രെഡിറ്റ് കാര്‍ഡിലും ലോണിലും ബന്ധിതമാണ്.

നോക്കൂ എന്നെ നോക്കൂ. ഐയാം ഫ്രീ. എപ്പോള്‍ വേണമെങ്കിലും പോകാം. ഇതാ ഈ പെട്ടിയെടുത്താല്‍ മതി. നീയൊക്കെ വാങ്ങിക്കൂട്ടിയ സാധനങ്ങള്‍ നിനക്കൊക്കെ ഒരു ഭാരമാണ്.
ഉമ്പായി പ്രസംഗം തുടര്‍ന്നപ്പോള്‍ ഹ്യൂഗോ ഷാവേസിനെയാണ് മല്‍ബുവിന് ഓര്‍മ വന്നത്. സൈഡിലൂടെ നോക്കിയാല്‍ ഉമ്പായിക്ക് ഷാവേസിന്റെ ഒരു ലുക്കുണ്ട്.

പണ്ട് ഞാനൊരു കമ്യൂണിസ്റ്റായിരുന്നുവെന്ന് പറയുമെങ്കിലും ഇപ്പോള്‍ ആരാണെന്ന് ഉമ്പായി പറയില്ല.
ഉമ്പായിയുടെ നീണ്ട പ്രസംഗം അവസാനിച്ചപ്പോള്‍ മല്‍ബുവിന് തോന്നി.

ശരിയാണല്ലോ. താന്‍ ഈ പറഞ്ഞതിന്റെയൊക്കെ ഒരു ഇര തന്നെയല്ലേ?
നാട്ടില്‍ പോയാലോ എന്ന് ഓരോ മാസവും കൊതിക്കും. പക്ഷേ, ശമ്പളം വരുമ്പോഴേക്കും ബാങ്കില്‍നിന്ന് ക്രെഡിറ്റ് കാര്‍ഡ് സ്‌റ്റേറ്റ്‌മെന്റ് ഇഷ്യൂ ചെയ്തിരിക്കും. 28 ന് ശമ്പളമെത്തും, 29 ന് ബാങ്ക് അതു പിടിച്ചിരിക്കും.

പിന്നെ ഒരു റിയാലിന്റെ ഖുബ്‌സ് വാങ്ങിയാലും സൂപ്പര്‍ മാര്‍ക്കറ്റില്‍ ക്രെഡിറ്റ് കാര്‍ഡ് കൊടുക്കണം. ഒരു റിയാലിനു മാത്രം എങ്ങനെ കൊടുക്കുമെന്ന് നാണിച്ച് അതിന്റെ കൂടെ ജ്യൂസും പാലുമൊക്കെ വാങ്ങി പത്ത് റിയാല്‍ തികക്കും.
അതു കാണുമ്പോഴും ഉമ്പായി പറയാറുണ്ട്.

എടോ മല്‍ബൂ, ഇങ്ങനെ ജംഗ്ഫുഡ്‌സ് വാങ്ങി കാശും ആരോഗ്യവും കളയണോ. മധുരമുള്ള ഈ കളര്‍ പാനീയങ്ങള്‍ നിന്നെ കൊണ്ടെത്തിക്കുക ഷുഗര്‍ ഗുളികയിലായിരിക്കും. പിന്നെ നിനക്ക് ജീവിതം മുഴുവന്‍ അതു വിഴുങ്ങേണ്ടിവരും.
ഷെയിം വിചാരിച്ചതോണ്ട് വാങ്ങിയതാണെന്ന കാര്യം മല്‍ബു മറച്ചുവെക്കും. എന്തിനാ ഇങ്ങനെ പിശുക്കിയിട്ട്. ജീവിക്കുമ്പോള്‍ സുഖലോലുപന്‍ തന്നെയായി ജീവിക്കണം എന്ന തത്വമിറക്കും.

കൊണ്ടറിഞ്ഞോളുമെന്ന് പറഞ്ഞ് ചുമലിലുള്ള തോര്‍ത്തെടുത്ത് കുടഞ്ഞ് ഉമ്പായി ഉമ്പായിയുടെ പാട്ടിനു പോകും.

രണ്ട് മാസം മുമ്പ് വരെ സൂപ്പര്‍ മാര്‍ക്കറ്റില്‍നിന്ന് സാധാനങ്ങള്‍ വാങ്ങുമ്പോള്‍ മാത്രമായിരുന്നു മല്‍ബു ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ മുന്‍കൂര്‍ കാഷ് എടുക്കാനും നിര്‍ബന്ധിതനാണ്. ചിട്ടിവരിക്കു പുറമെ ഓരോ മാസവും ബാങ്കിലെ ലോണ്‍ തിരിച്ചടവിലേക്ക് അക്കൗണ്ടില്‍നിന്ന് ആയിരം റിയാല്‍ പിടിക്കും.
നാട്ടില്‍ ബാങ്കില്‍ വല്ലതും മിച്ചം കിടന്നോട്ടെ എന്നു കരുതിയാണ് രൂപയുടെ മൂല്യം കുറഞ്ഞത് മുതലാക്കാന്‍ ചിട്ടി തുടങ്ങിയും ലോണ്‍ എടുത്തും പണമയച്ചത്. പക്ഷേ, അത് ബാങ്കില്‍ കിടന്നിരുന്നെങ്കില്‍ സമാധാനിക്കാമായിരുന്നു. അതീവ രഹസ്യമായാണ്  പണം അയച്ചതെങ്കിലും അതു അവിടെ എത്തുമ്പോഴേക്കും പരസ്യമായിരുന്നു. പിന്നീട് ആവശ്യക്കാരും ആവശ്യങ്ങളും പല വിധമായിരുന്നു.

ടാക്‌സല്ലേ, എല്‍.ഇ.ഡി ടി.വി ഇനിയിപ്പോ അവിടെനിന്ന്  കൊണ്ടുവരേണ്ട. നാട്ടില്‍നിന്ന് ഓഫറില്‍ വാങ്ങാമെന്ന നിര്‍ദേശം മുന്നോട്ടു വെച്ചത് മല്‍ബിയായിരുന്നു. അത് അംഗീകരിക്കപ്പെട്ടു.
മല്‍ബി എല്‍.ഇ.ഡി വാങ്ങിയത് പാട്ടായപ്പോള്‍ തറവാട്ടിലേക്കും പെങ്ങന്മാരുടെ വീട്ടിലേക്കും എല്‍.ഇ.ഡി കൂടിയേ തീരൂ എന്ന് ഉമ്മയുടെ ഓര്‍ഡര്‍. അതു സാധിച്ചുകൊടുത്തപ്പോള്‍ കുടുംബക്കാര്‍ക്കിടയില്‍ മല്‍ബുവിന്റെ പ്രശസ്തി ഇരട്ടിയായി.
കുടുംബത്തെ നോക്കുന്ന ദാനശീലന്‍.

പണം വെറുതെ ബാങ്കില്‍ കിടക്കുകയല്ലേ, തല്‍ക്കാലം വീടു പണി നടക്കുന്ന പെങ്ങളെ സഹായിക്കാനായിരുന്നു അടുത്ത വിളി. അതും സാധിച്ചുകൊടുത്തു.
ബാങ്കിലൊരു പത്ത് ലക്ഷമായല്ലോ എന്ന മല്‍ബുവിന്റെ സന്തോഷം നീര്‍ക്കുമിള പോലെയായിരുന്നു. ഇപ്പോള്‍ ലക്ഷത്തില്‍ താഴെ മാത്രം.
എങ്ങനെ പിശുക്കിയിട്ടും ചിട്ടിയും ലോണടവും ഇപ്പോള്‍ ഒത്തുപോകുന്നില്ല. ഈ മാസവും ആയിരം റിയാല്‍ ക്രെഡിറ്റ് കാര്‍ഡില്‍നിന്ന് അഡ്വാന്‍സ് എടുക്കേണ്ടി വന്നു. അതിന് ഒരു മാസത്തേക്ക് അധികം നല്‍കേണ്ടത് മൂന്ന് ശതമാനം.
ഉമ്പായി പറയുന്നത് തന്നെയാണ് കാര്യം.

ചിട്ടിയും ക്രെഡിറ്റ് കാര്‍ഡും ലോണുമില്ലെങ്കില്‍ പിന്നെ മല്‍ബുവിനെന്തു ജീവീതം.
അടവുകളില്‍നിന്ന് അടവുകളിലേക്കുള്ള യാത്ര.

November 5, 2013

എമര്‍ജന്‍സിപല ദേശ ഭാഷക്കാരാല്‍ തിങ്ങി നിറഞ്ഞിരിക്കയാണ് ഹാള്‍. അതിനിടയില്‍ സീറ്റ് തരാക്കിക്കൊടുത്ത മല്‍ബുവിനോട് വന്നിരുന്ന മല്‍ബു ചോദിച്ചു:
ഈ കാണുന്നവരെല്ലാം നക്കലിനു വന്നവര്‍ തന്നെയാണോ?

നക്കല്‍ അല്ല, നഖ്ല്‍ മഅ‌ലൂമാത്ത്.
ആഗതന്‍ വിട്ടുകൊടുത്തില്ല. നക്കല്‍ എന്നും പറയാം. പഴയ പാസ്‌പോര്‍ട്ടിലെ വിവരങ്ങള്‍ പുതിയ പാസ്‌പോര്‍ട്ട് നക്കിയെടുക്കുകയാണല്ലോ?
സമ്മതിച്ചിരിക്കുന്നു. അപാര ബുദ്ധി തന്നെ. വ്യാഖ്യാന പാടവം.

കുടുംബാംഗങ്ങളുടെ പാസ്‌പോര്‍ട്ട് പുതുക്കിയാല്‍ പ്രവാസികള്‍ നിര്‍ബന്ധമായും പൂര്‍ത്തീകരിക്കേണ്ട കര്‍മമാണ് നഖ്‌ലെന്ന ഈ എന്‍ഡോഴ്‌സ്‌മെന്റ്. വിവരങ്ങള്‍ പുതിയതിലേക്ക് മാറ്റുക.

ഇവിടെ എമര്‍ജന്‍സി എവിടെയാ കിട്ടാ. വല്ല വഴീം ഉണ്ടോ?
വന്നയാളുടെ അടുത്ത ചോദ്യം.
ഇഷ്ടം പോലെയുണ്ടല്ലോ? ഇപ്പം ഒരുപാട് കമ്പനികളുണ്ട്. പക്ഷേ ഞാന്‍ കൊണ്ടുപോകാറില്ല. പുതിയ വീടുവെച്ചപ്പോള്‍ ഒരു ഇന്‍വെര്‍ട്ടര്‍ കൂടിവെച്ചു. ഇപ്പോഴും വീട്ടുകാരി വിളിച്ചാല്‍ പറയും. നിങ്ങള്‍ക്ക് അന്നങ്ങനെ തോന്നിയതുകൊണ്ട് ഇപ്പോള്‍  ഒരു എടങ്ങേറുമില്ല. ഓരോ പോക്കിലും എമര്‍ജന്‍സി കൊണ്ടുപോകേണ്ട. ഒക്കെ ചൈനയാണ്. ചിലതിന് ഒരു മാസത്തെ ആയുസ്സ് പോലുമുണ്ടാകില്ല. ഇന്‍വെര്‍ട്ടര്‍ വെച്ചോ, അതാ നല്ലത്.

നാട്ടില്‍ കൊണ്ടുപോകാന്‍ എമര്‍ജന്‍സി ലൈറ്റ് വാങ്ങുന്ന കാര്യമല്ലാട്ടോ ഞാന്‍ ചോദിച്ചത്. ഇവിടെ എമര്‍ജന്‍സിയായി, പെട്ടെന്ന് കാര്യം നടന്നുകിട്ടാന്‍ വല്ല വഴീംണ്ടോ എന്നാണ്.

എത്രയാ ടോക്കണ്‍?
82
75 ആയല്ലോ. ഇനിയിപ്പോള്‍ ഏഴാമത്തെയാള്‍ നിങ്ങളാ.
അല്ല, എന്റേത് ജി 82 ആണ്. ഇപ്പോള്‍ നടക്കുന്നത് എഫാണ്. അതു നൂറായി പിന്നെ ആദ്യേ തുടങ്ങണം. വല്യ എടങ്ങേറായിപ്പോയി. നാളേക്ക് സൗദിയക്ക് ടിക്കറ്റ് ബുക്ക് ചെയ്തിരിക്കാ. അതാകട്ടെ ഒന്നും ചെയ്യാന്‍ പറ്റാത്ത ടിക്കറ്റ്. പോയില്ലെങ്കില്‍ പണം പോയതുതന്നെ. നെറ്റ് വഴി വാങ്ങിയാലും എടങ്ങേറ് തന്നെ.
റീ എന്‍ട്രി അടിക്കാന്‍ നോക്കിയപ്പോഴാണ് ഇളയ മോളുടെ പാസ്‌പോര്‍ട്ട് എക്‌സ്പയറായത് കണ്ടത്. ഇന്നിപ്പോള്‍ മുഴുവന്‍ ഇവിടെ കാത്തിരിക്കേണ്ടി വരും. ഒരു സമാധാനമുണ്ട്. ടോക്കണ്‍ കിട്ടിയതുകൊണ്ട് സംഗതി നടന്നുകിട്ടൂന്ന് വിചാരിക്കാ.
പാസ്‌പോര്‍ട്ട് വേഗം കിട്ടി അല്ലേ?

അതുപിന്നെ എമര്‍ജന്‍സി എടുത്തതാണ്.
700 റിയാല്‍ അധികം കൊടുത്ത് എടുത്തോ?
അല്ല, ആ എമര്‍ജന്‍സി അല്ല. ഇത് ഡിങ്കോള്‍ഫി എമര്‍ജന്‍സിയാണ്. 200 റിയാലാണ് അധികം കൊടുത്തത്. ഇരുന്നൂറ്ച്ചാ ഇരുന്നൂറ്. കാര്യം നടന്നല്ലോ. ഒറ്റ ദിവസേ എടുത്തുള്ളൂ. പക്ഷേ, ജീവിതത്തില്‍ ആദ്യായിട്ടാണ് പാസ്‌പോര്‍ട്ട് കിട്ടാന്‍ കൈക്കൂലി കൊടുത്തത്.

ആഹാ, ഒരു ദിവസം കൊണ്ട് ഒപ്പിച്ചുതന്നു അല്ലേ?
അതെ, ഞാന്‍ അപേക്ഷയുമായി കൗണ്ടറില്‍ ചെന്ന് കാര്യം പറഞ്ഞു. വേഗം കിട്ടണം. അല്ലെങ്കില്‍ ടിക്കറ്റ് മുഴുവന്‍ ക്യാന്‍സലാകും.

എമര്‍ജന്‍സി എടുക്കല്‍ മാത്രേ നിര്‍വാഹമുള്ളൂ എന്ന് കൗണ്ടറുകാരന്റെ മറുപടി.
വേറെ ഒരു വഴിയും ഇല്ലേ? എന്റെ ചോദ്യം.
അതുപിന്നെ അകത്തെ മുറിയില്‍ ഒരു മല്‍ബു ഇരിപ്പുണ്ട്. അങ്ങേരെ പോയി കണ്ടാല്‍ മതി.

അവിടേം തിരക്കായിരുന്നുവെങ്കിലും ആളുകളെ വകഞ്ഞുമാറ്റി മുറിക്കകത്ത് പ്രവേശിച്ചു. രണ്ട് ചെയറുണ്ട്. ഒന്നിലേ ആളുള്ളൂ. അതാകട്ടെ, കണ്ടാല്‍ മല്‍ബുവിന്റെ ലുക്കില്ല. നീളന്‍ കുപ്പായമിട്ട് ഒരു അറബിയെപ്പോലെ. മറ്റേ ചെയറിലായിരിക്കും കക്ഷി വരികയെന്ന് കരുതി കുറച്ചുനേരം കാത്തുനിന്നു.
കാണാതായപ്പോള്‍ ആ ചെയറിലേക്ക് വിരല്‍ ചൂണ്ടി എപ്പോള്‍ വരുമെന്ന് ആംഗ്യ അറബിയില്‍ ആ അറബിയോട് ചോദിച്ചു.
എന്താ കാര്യംന്ന് അയാള്‍ തിരിച്ചു ചോദിച്ചപ്പോഴാണ്, വേഷം മാത്രേയുള്ളൂ ഭാഷ മാറീട്ടില്ലാന്നു മനസ്സിലായത്.
കാര്യം വിശദീകരിച്ചപ്പോള്‍ വേഗം കിട്ടണമെങ്കില്‍ കൂടുതല്‍ കാശ് വെക്കേണ്ടി വരുമെന്നായി അയാള്‍.
കൂടുതല്‍ എന്നു പറഞ്ഞാല്‍ എത്ര വെക്കേണ്ടി വരും?
അധികമൊന്നുമില്ല. ഒരു ഇരുന്നൂറ് റിയാല്‍.

സമ്മതിച്ചു. സാധാരണ തുകയായ 229 ന്റെ കൂടെ 200 കൂടി കൊടുത്തു.
ഉഷാര്‍ സര്‍വീസ് തന്നെ. പിറ്റേ ദിവസം രാവിലെ മെസേജ് വന്നു. പാസ്‌പോര്‍ട്ട് റെഡി ടു ഡെലിവറി.

കുടുങ്ങിയവന്‍ എവിടേയും പിഴിയപ്പെടും. ഇക്കാലത്ത് വെറുതെ കിട്ടുന്ന ഒരു സര്‍വീസുമില്ലല്ലോ? ഇവിടേം കാണുമായിരിക്കും ടോക്കണ്‍ വില്‍ക്കുന്ന ആളുകള്‍.

സാധ്യതയില്ല. ഇവിടെ കൗണ്ടറില്‍നിന്നുതന്നെയാണ് ടോക്കണ്‍ കൊടുക്കുന്നത്.
തറയിലൊക്കെ ഒന്നു നോക്കിക്കോ. ആരേലും കളഞ്ഞ ടോക്കണ്‍ കിട്ടും.
മല്‍ബുവിന്റെ ഉപദേശം കേട്ട് ആഗതന്‍ ഹാള്‍ മുഴുവന്‍ പരതിയെങ്കിലും തടഞ്ഞില്ല.

ഇതിപ്പോള്‍ ഇന്നു നടന്നുകിട്ടിയില്ലെങ്കില്‍ ആകെ കുളമാകുമെന്ന് അയാള്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു. എത്ര കാശ് കുറഞ്ഞാലും വേണ്ടില്ല, ഇനിയൊരിക്കലും മാറ്റാന്‍ കഴിയാത്ത വിമാന ടിക്കറ്റെടുക്കില്ലെന്ന പ്രഖ്യാപനവും.

ആകെ അസ്വസ്ഥനായിരുന്ന മല്‍ബുവിന് അടുത്തിരുന്ന ഒരു 'പച്ച' പച്ചവെള്ളം നല്‍കി. പച്ചാന്ന് പറഞ്ഞാല്‍ മല്‍ബുവിന് പാക്കിസ്ഥാനി.
അറബി അറിയില്ലെങ്കിലും ഉര്‍ദു അറിയാവുന്ന മല്‍ബു പച്ചയോടു തിരക്കി.
കുട്ടികളുടെ പാസ്‌പോര്‍ട്ട് പുതുക്കാന്‍ നിങ്ങള്‍ക്ക് എത്രയാ ചാര്‍ജ്?
80 റിയാല്‍.
ഞങ്ങളെപ്പോലെ പുറം ഏജന്‍സിയാണോ അതോ കോണ്‍സുലേറ്റ് തന്നെയാണോ പാസ്‌പോര്‍ട്ട് പുതുക്കുന്നത്?
കോണ്‍സുലേറ്റ്.
എമര്‍ജന്‍സിയായി കിട്ടാന്‍ എത്ര കൊടുക്കണം.
ഡബ്ള്‍ കൊടുത്താല്‍ മതി. അതായത് 160.

സംസാരം നീണ്ടുപോകുന്നതിനിടയില്‍ മല്‍ബുവിന്റെ കണ്‍മുന്നില്‍ ആ പച്ചയുടെ കൈയില്‍ ഭാഗ്യമുദിച്ചു. അയാളുടെ അടുത്തുവന്ന ഒരു അറബി വലംകൈയിലേക്ക് ഒരു ടോക്കണ്‍ സമ്മാനിച്ചു.
കാത്തിരുന്ന് മുഷിഞ്ഞ് മടങ്ങുകയായിരുന്ന അയാള്‍ നല്‍കിയ ടോക്കണില്‍ നമ്പര്‍ ജി 14.
പച്ചയുടെ കൈയില്‍ ഉണ്ടായിരുന്നത് ഇരുപതാം നമ്പര്‍ ടോക്കണ്‍.
മല്‍ബു പച്ചയുടെ കൈയില്‍നിന്ന് വേഗം ആ ടോക്കണ്‍ കൈക്കലാക്കി പകരം ഒരു ശുക്‌രിയാ നല്‍കി.
എന്നിട്ട് ഇടത്തോട്ടു തിരിഞ്ഞ് മറ്റേ മല്‍ബുവിനോട്:
നിങ്ങള്‍ക്കു മുമ്പ് ഞാന്‍ പോകൂട്ടാ.
നിങ്ങടത് 24 അല്ലേ, എനിക്ക് 20 കിട്ടി.

പച്ചയുമായുള്ള ഇടപാട് കണ്ടിരുന്ന മല്‍ബു പറഞ്ഞു:
200 കൊടുത്തതല്ലേ. അതിന്റെ പുണ്യായിക്കാരം.
ടെന്‍ഷന്‍ മാറട്ടെ.


Related Posts Plugin for WordPress, Blogger...