Pages

പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..

June 26, 2011

ഇരുനൂറ് മല്‍ബു, ഒരു കഫീല്‍


നിറഭേദങ്ങളും അതിനെ ചുറ്റിപ്പറ്റിയുള്ള അഭ്യൂഹങ്ങളും പ്രവാസികളുടെ പരക്കംപാച്ചിലും കാണുമ്പോള്‍ പഴമക്കാരനായ ഒരു മല്‍ബുവിനു ചിരി. ഇതൊക്കെ എത്ര കണ്ടതാ എന്ന ഭാവം.
പഴമക്കാരന്‍ എന്നു പറയുമ്പോള്‍ പത്തെഴുപതു വയസ്സുള്ള ഒരു സാദാ മല്‍ബു എന്നു മനസ്സിലാക്കിയാല്‍ മതി.  ജീവിതം പ്രവാസത്തീയില്‍ ഹോമിച്ച ഒരു സാധാരണക്കാരന്‍.
തൊഴില്‍ മേഖലയിലെ ദേശീയവല്‍ക്കരണത്തിന്റെ ചിഹ്്‌നമായി മാറിയിരിക്കുന്ന ചുകപ്പും പച്ചയും നിറഭേദങ്ങളെ മല്‍ബു അതിജീവിക്കുമെന്ന കാര്യത്തില്‍ ഒട്ടും സംശയമില്ലാത്തയാള്‍. ചുകപ്പണിയേണ്ടി വരുന്നവര്‍ നാടു പിടിക്കേണ്ടിവരുമെന്ന പുകിലുകളൊക്കെ താനേ കെട്ടടങ്ങും. മല്‍ബു ജൈത്രയാത്ര തുടരും. കോണ്‍ഫിഡന്‍സിന്റെ ഉപ്പാപ്പ.
തേരാപാരാ നടന്നിരുന്ന എത്രയോ പേര്‍ക്ക് മാസാന്ത വരുമാനം ഉറപ്പുവരുത്തിയവന്‍ മല്‍ബു. അവര്‍ ഒരിക്കലും തൊഴിലുടമയോ കഫീലോ ആയിരുന്നില്ല. മല്‍ബുവിന്റെ സാമര്‍ഥ്യത്തില്‍ അങ്ങനെ ആയിത്തീര്‍ന്നവര്‍.
രണ്ടു പേരുടെ സ്‌പോണ്‍സറായിരുന്നയാളെ 200 പേരുടെ കഫീലാക്കിയവനാണ് മല്‍ബു.
എന്തിനധികം  ഇംഗ്ലീഷുകാരന്റെ വിലമതിക്കാനാവാത്ത ഡോഗിനു പകരം ഒരു നാടന്‍ പട്ടിയെ നല്‍കി തടി രക്ഷിക്കുക പോലും ചെയ്തു മല്‍ബു.
അതൊരു കഥയാണ്. പ്രവാസചരിത്രത്തില്‍ അതിജീവന കഥയായി പഴമക്കാരന്‍ മല്‍ബുവിന്റെ മനസ്സില്‍ തങ്ങിനില്‍ക്കുന്നത്.

പട്ടികള്‍ക്ക് പാസ്‌പോര്‍ട്ട് സാര്‍വത്രികമാകുന്നതിനു മുമ്പു നടന്ന സംഭവം. സംശയിക്കേണ്ട അതിനും എത്രയോ എത്രയോ മുമ്പ് മല്‍ബു ഇവിടെ ഹാജരുണ്ട്. 
ഇംഗ്ലീഷുകാരന്‍ സ്വന്തം കുഞ്ഞിനെ പോലെ നോക്കുന്ന ഡോഗിനെ സ്വദേശത്തേക്ക് അയക്കാന്‍ ഒരു ഏജന്‍സിയെ ഏല്‍പിച്ചു. ഏജന്‍സിയില്‍നിന്ന് ആ ദൗത്യം കിട്ടിയത് വമ്പു കാട്ടി നടന്നിരുന്ന ഒരു മല്‍ബുവിന്.
കൂട്ടിലടച്ച ഡോഗുമായി എയര്‍പോര്‍ട്ടിലെത്തിയ മല്‍ബു അതുമായി സല്ലപിക്കുന്നതിനിടെ അബദ്ധത്തില്‍ കൂടിന്റെ വാതില്‍ തുറന്നുപോയി. പുറത്തിറങ്ങിയ ഡോഗ് യജമാനനെ കണ്ടില്ല.  നാലുപാടും നോക്കിയശേഷം അത് യജമാനനേയും തേടി പോയി. കുറച്ചുനേരം തെരഞ്ഞെങ്കിലും ഇനി കണ്ടുകിട്ടിയാല്‍ തന്നെ ആ കേമനെ കൂട്ടിലടക്കാനാകുമെന്ന കാര്യത്തില്‍ ഒട്ടും വിശ്വാസമില്ല. ഡോഗിനു പകരം ഡോഗില്ലാതെ രക്ഷയില്ല. കേട്ടറിവിന്റെ അടിസ്ഥാനത്തില്‍ കുറച്ചകലെ പോയി മല്‍ബു ഒരു ചാവാലിപ്പട്ടിയെ സംഘടിപ്പിച്ചു. കൂട്ടിനകത്തായപ്പോള്‍ ഇത്തിരി ഗമയൊക്കെയുണ്ട്. അങ്ങനെ അവന്‍ കടലു കടന്നു. ഓമനയെ കാണാന്‍ അക്ഷമയോടെ കാത്തിരുന്ന ഉടമ ഞെട്ടാതിരിക്കുമോ? അയാള്‍ അടുത്ത വിമാനത്തിലിങ്ങെത്തി. അയക്കാനേല്‍പിച്ച ഡോഗ് ഇതുതന്നെയാണെന്ന് മല്‍ബുവും ഏജന്‍സിയും തറപ്പിച്ചു പറഞ്ഞു. ഒരു ഫോട്ടോ പോലും തെളിവായി ഹാജരാക്കാനില്ലാതിരുന്ന ഇംഗ്ലീഷുകാരന്‍ തോറ്റു. ജയിക്കാനായി ജനിച്ചവന്‍ മല്‍ബു. തോറ്റ ചരിത്രം കേട്ടിട്ടില്ല.
ഇതുപോലെ പച്ചയായ അനുഭവങ്ങളുടെ തങ്കലിപികളിലെഴുതപ്പെട്ട മല്‍ബൂചരിത്രത്തിനു ദശാബ്ദങ്ങളുടെ പഴക്കമുണ്ട്.
കഫീലുമാരുടെ വീടുകളിലേക്ക് ഓരോ മാസവും ഒഴുകുന്ന ആയിരങ്ങള്‍ക്ക് പിന്നില്‍ മല്‍ബുവിന്റെ വിയര്‍പ്പ് മാത്രമല്ല, ബുദ്ധിയുമുണ്ട്. വിയര്‍പ്പു മാത്രം കൈമുതലായുള്ളവന്‍ 200 റിയാല്‍ നല്‍കുമ്പോള്‍ അതു കൂലിക്കഫീലിനു നല്‍കുന്ന മാസപ്പണം. സാമര്‍ഥ്യവും കരുതലുമുള്ള മല്‍ബു കൊയ്‌തെടുത്ത ലാഭത്തില്‍നിന്നു നല്‍കുമ്പോള്‍ അതിനു വിയര്‍പ്പിന്റെ ഗന്ധം മാത്രമല്ല, സ്വര്‍ണത്തിന്റെ നിറവുമുണ്ട്. തൊട്ടതെല്ലാം പൊന്നാക്കിയതില്‍നിന്നുള്ള വീതംവെപ്പ്.
തൊഴില്‍ നഷ്ടത്തിന്റെ ഭീതിയില്‍ മല്‍ബു ഇത്രമാത്രം ആധി കൊള്ളേണ്ടതില്ലെന്ന് പറയുന്ന പഴമക്കാരനായ നമ്മുടെ മല്‍ബുവിന്റെ ആത്മവിശ്വാസത്തിനു പക്ഷേ ഒരു ദിവസത്തെ ആയുസ്സ് മാത്രമേ ഉണ്ടായുള്ളൂ.
നാട്ടില്‍ അവധിക്കു പോകാനൊരുങ്ങിയവരെ അടക്കം നിരവധി പേരെ അങ്കലാപ്പിലാക്കിയ ലുങ്കി ന്യൂസുകളിലൊന്ന് അദ്ദേഹത്തെയും തേടിയെത്തി. ഇരുന്ന ഇരിപ്പില്‍ തളര്‍ത്തിക്കളഞ്ഞ ആ വാര്‍ത്തയുടെ പിന്നാമ്പുറത്ത് പക്ഷേ നിറഭേദമായിരുന്നില്ല.
എഴുപത് കഴിഞ്ഞവരെ നിറമൊന്നും നോക്കാതെ എയര്‍പോര്‍ട്ടില്‍നിന്ന് കയറ്റിവിടുന്നുവെന്ന ലുങ്കി ന്യൂസാണ് ടെലിഫോണിലൂടെ ടിയാന്റെ കാതിലെത്തിയത്.
ലുങ്കി ന്യൂസാണെന്ന് അറിയാമായിരുന്നിട്ടും അയാള്‍ക്കതു വിശ്വസിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. 
June 19, 2011

ചുകപ്പാണെടീ...

സൂപ്പര്‍ മാര്‍ക്കറ്റില്‍വെച്ചു കണ്ടുമുട്ടിയ ഒരു മല്‍ബി മറ്റൊരു മല്‍ബിയെ ആശ്ലേഷിച്ചുകൊണ്ട് പറഞ്ഞു: ചുകപ്പാണെടീ...
ഇഖാമ തീരാന്‍ ഇനി മൂന്നു മാസം കഷ്ടിച്ചേയുള്ളൂ. ഓരോന്നു കേള്‍ക്കുമ്പോള്‍ നെഞ്ചില്‍ തീയാളുന്നു.
രണ്ടു ചുകപ്പുകാരെ എയര്‍പോര്‍ട്ടില്‍വെച്ച് എക്‌സിറ്റ് അടിച്ചൂന്ന് കേട്ടതില്‍ പിന്നെ അങ്ങേര്‍ക്ക് ജലപാനം നേരെയില്ല. ഇന്നലെ ഒരു പോള കണ്ണടിച്ചില്ല.
നെടുവീര്‍പ്പിടുന്ന മല്‍ബിയോട് അത് ഏറ്റുവാങ്ങാന്‍ ഇരയാക്കപ്പെട്ട മല്‍ബി അങ്ങോട്ട് ചോദിച്ചു:
ആരാ നിന്നോട് എക്‌സിറ്റ് അടിച്ചൂന്നൊക്കെ പറഞ്ഞത്? ഇതൊക്കെ ഓരോരുത്തര് ഉണ്ടാക്കി പറയുന്നതല്ലേ? അങ്ങനെയൊരു സംഭവമേ ഉണ്ടായിട്ടില്ല. കഫീലൊന്നുമില്ലാതെ എയര്‍പോര്‍ട്ടില്‍നിന്ന് അങ്ങനെ എക്‌സിറ്റ് അടിച്ചൊന്നും വിടുകയില്ല.
പറഞ്ഞത് മറ്റാരുമല്ല. നമ്മുടെ വടക്കേതിലെ മല്‍ബി തന്നെയാ. അവള്‍ വിവരം നല്‍കിയതുകൊണ്ട് ഞങ്ങള്‍ വെക്കേഷന്‍ പോകുന്നതുതന്നെ മാറ്റിവെച്ചു. റീ എന്‍ട്രി അടിക്കാന്‍ പോകണ്ടാന്നും ചുകപ്പായതോണ്ട് പോയാലുടന്‍ എക്‌സിറ്റ് അടിക്കുമെന്നുമാണ് അവള്‍ പറഞ്ഞത്.
എന്നാലും മണ്ടീ, നീ വലിയ ടീച്ചര്‍ ഒക്കെയാണല്ലോ. നിനക്കൊന്നാലോചിച്ചൂടേ. കഫീലുമായും കമ്പനിയുമായും ഇടപാടുകളൊക്കെ അവസാനിപ്പിക്കാതെ, പാസ്‌പോര്‍ട്ടുമായി റീ എന്‍ട്രിക്ക് പോകുന്നവരെയൊക്കെ പിടിച്ചങ്ങ് എക്‌സിറ്റ്  അടിക്കുമോ? വെറും ലുങ്കി ന്യൂസാണിത്. ഒരു യുക്തിയുമില്ലാതെ ഇതൊക്കെ വിശ്വസിക്കാനും പരത്താനും കുറെയാളുകളും.
യുക്തിയുടെ കാര്യമൊക്കെ അവിടെ കിടക്കട്ടെ. ഇവിടെ യുക്തിയൊക്കെ തോന്നുന്നതു പോലെയാണ്. നിനക്കറിയാലോ നാണീനെ എക്‌സിറ്റ് അടിച്ചിട്ട് എത്രമാത്രം കഷ്ടപ്പെട്ടിട്ടാ അവന്റെ മല്‍ബി ഇവിടെനിന്നു പോയത്? ഏതോ കാരണത്തില്‍ പിടിയിലായ നാണിയുടെ ഇഖാമയിലായിരുന്നല്ലോ അയാളുടെ ഭാര്യയും മക്കളും. അവരുടെ കാര്യം ഒന്നും ആലോചിക്കാതെ നാണിയെ എക്‌സിറ്റ് അടിച്ചങ്ങ് കയറ്റി വിടുകയായിരുന്നു. അപ്പോള്‍ യുക്തീനെ കുറിച്ചൊന്നും ചിന്തിക്കാന്‍ പറ്റില്ല.
അപ്പോള്‍ ഞാനല്ല, നീയാണ് മണ്ടി. കാര്യങ്ങള്‍ അന്വേഷിക്കാതെ വെറുതെ മണ്ടീന്നൊക്കെ പറയാനെളുപ്പമാണ്. അനുഭവിക്കുന്നവരുടെ കൂടെ ആരും കാണില്ല.
നെടുവീര്‍പ്പ് ഗൗരവത്തിനു വഴിമാറിയപ്പോള്‍ രണ്ടാമത്തെ മല്‍ബിയുടെ യുക്തികളും അസ്്തമിച്ചു. കാല്‍ നൂറ്റാണ്ടായില്ലേ പ്രവാസം തുടങ്ങിയിട്ട്. ഇനിയെങ്കിലും മടങ്ങിക്കൂടേ എന്നു ചോദിച്ചിരുന്നെങ്കില്‍ നെടുവീര്‍പ്പ് ചിലപ്പോള്‍ കയ്യാങ്കളിയിലേക്ക് നീങ്ങിയേനെ.
പരസ്പരം മിണ്ടാതെ നടന്നിരുന്നവര്‍ പോലും ഇപ്പോള്‍ കുശലാന്വേഷണത്തിനും തുടര്‍ന്ന് നിറങ്ങളെ കുറിച്ചുള്ള അന്വേഷണത്തിനും സമയം കണ്ടെത്തുന്നു. ചിലര്‍ കണ്ടുമുട്ടി ഹസ്തദാനം ചെയ്യുന്നതു തന്നെ ചുകപ്പാണോ എന്നു ചോദിച്ചുകൊണ്ടാണ്.
സൗദി തൊഴില്‍ മേഖലയില്‍ പരിഷ്കരണത്തിന്റെ ഭാഗമായി ചുകപ്പ് കാറ്റഗറിയിലാകുന്ന കമ്പനികളിലെ വിദേശി തൊഴിലാളികളുടെ കഥ കട്ടപ്പൊകയാകുമെന്നാണ് വെപ്പ്. അവരുടെ ലേബര്‍ കാര്‍ഡും ഇഖാമയും പുതുക്കാതാകുന്നതോടെ നാട്ടിലേക്ക് മടങ്ങേണ്ടിവരും.
സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്‍കാനുള്ള സൗദിവല്‍ക്കരണത്തിന്റെ ഭാഗമായി കമ്പനികള്‍ക്ക് നല്‍കിയ നിറങ്ങള്‍ തല്‍ക്കാലം തൊഴില്‍ മന്ത്രാലയത്തിന്റെ വെബ്് സൈറ്റില്‍നിന്ന് മാഞ്ഞുപോയിട്ടുണ്ടെങ്കിലും അതു കൂടുതല്‍ തെളിഞ്ഞുവരുമെന്ന് എല്ലാവരും വിശ്വസിക്കുന്നു.
ആശ്വസിക്കുന്ന ഒരേയൊരു കൂട്ടര്‍, അഞ്ച് വര്‍ഷത്തേക്കെന്നും പറഞ്ഞ് നാടുവിട്ട് പത്തും ഇരുപതും വര്‍ഷമായിട്ടും നാടണയാത്ത മല്‍ബുകള്‍ക്കുവേണ്ടി ഋതുഭേദങ്ങള്‍ക്കിടയില്‍ കാത്തിരിപ്പ് തുടരുന്ന മല്‍ബികള്‍ മാത്രം.
ഇനിയെങ്കിലും ഇക്കാ ഇങ്ങോട്ടു മടങ്ങുമല്ലോ എന്നും ഇനിയെങ്കിലും അതിയാനെ ഇങ്ങോട്ട്  കെട്ടിയെടുക്കുമല്ലോ എന്നും കാത്തിരിപ്പിന്റെ തോതും കാഠിന്യവുമനുസരിച്ചും സ്‌നേഹത്തിന്റെ നിറഭേദങ്ങളനുസരിച്ചും മാറിമറിയാം.

June 12, 2011

വിചാരണ

ഈ ഞാന്‍ നിന്റെ കൂട്ടുകാരന്റെ ആരാ?
അമ്മ.
അവള്‍ അവന്റെ ആരാ?
ഭാര്യ.
നേരം പുലരുന്നേയുള്ളൂ. ഇവരിത് എങ്ങനെ വീടു കണ്ടു പിടിച്ചു എന്നാലോചിച്ചു കൊണ്ടാണ് മല്‍ബു ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയത്. മല്‍ബിയും കുട്ടികളുമൊക്കെ ചുറ്റും കൂടി നില്‍ക്കുകയാണ്.
ഗള്‍ഫില്‍നിന്ന് നാട്ടിലെത്തിയ മല്‍ബുവിനെ കാണാന്‍ എല്‍.ഐ.സി ഏജന്റുമാരും ഷെയര്‍ ബ്രോക്കര്‍മാരും മുതല്‍ സാദാ സ്വത്തു ബ്രോക്കര്‍മാര്‍ വരെ വരാറുണ്ട്. ഇതു പക്ഷേ പുതുമയുള്ള കാഴ്ചയാണ്.
നേരം പരപരാ വെളുക്കുമ്പോള്‍ ഒരു സ്ത്രീ  തേടിയെത്തുക. ചോദ്യശരങ്ങള്‍ തൊടുക്കുക.
നാട്ടിലെത്തിയിട്ട് രണ്ടു ദിവസമേ ആയിട്ടുള്ളൂ. ദിവസങ്ങള്‍ മാത്രമള്ള അവധിയായതിനാല്‍  ആരോരും അറിയാതിരിക്കാന്‍ പരമാവധി സൂക്ഷ്മത പുലര്‍ത്തിയിരുന്നു. എത്രയൊക്കെ രഹസ്യമാക്കിയാലും അറിയേണ്ടവര്‍ അറിയും.
തികച്ചും അത്ഭുതപ്പെടുത്തിയ ഒരു യാത്രയുണ്ട്. ഇന്നും മനസ്സില്‍ മായാതെ നില്‍ക്കുന്ന ഒരു യാത്ര.
വിമാനം ഇറങ്ങി ലഗേജുമെടുത്തു പുറത്തിറങ്ങി വണ്ടിയുടെ അടുത്തേക്ക് നീങ്ങുകയായിരുന്നു. ഒരാള്‍ അടുത്തു വന്നു കാതില്‍ പരഞ്ഞു. റിയാല്‍ ഇങ്ങു തന്നേക്കൂ നല്ല റേറ്റ് തരാം.
റിയാല്‍ ഇല്ലല്ലോ എന്നു പറഞ്ഞപ്പോള്‍ എം.കെയല്ലേ, നിങ്ങളുടെ കയ്യില്‍ 5000 റിയാല്‍ ഉണ്ടല്ലോ എന്ന് അയാള്‍.
അപരിചിതനായ ഇയാള്‍ക്ക് എങ്ങനെ എന്റെ പേരു മനസ്സിലായി എന്നതില്‍ മാത്രമല്ല, കയ്യിലുള്ള റിയാലിന്റെ കണക്ക് എങ്ങനെ കൃത്യമായി കിട്ടി എന്നതും അത്ഭുതപ്പെടുത്തി.
ലഗേജില്‍ വലിയ അക്ഷരത്തില്‍ പേരെഴുതി വെച്ചാല്‍ ആര്‍ക്കും പേരു എളുപ്പം കാണാമല്ലോ എന്നു ചിന്തിക്കാന്‍ വരട്ടെ, എം.കെ.  എന്നതു വിളിപ്പേരു മാത്രമാണ്. പെട്ടിയില്‍ എഴുതിയിരിക്കുന്നത് പാസ്‌പോര്‍ട്ടിലെ പേരും.
ആരോ ഒറ്റുകൊടുത്തുവെന്ന സംശയത്തോടെ അവിടെനിന്നു ഒരു വിധം രക്ഷപ്പെടുകയായിരുന്നു. ഇപ്പോഴും ആ ചോദ്യത്തിനു ഉത്തരം ലഭിച്ചിട്ടില്ല.  ആരുമറിയാതെ ഒളിപ്പിച്ചുവെച്ച റിയാലിന്റെ കണക്ക് എങ്ങനെ എയര്‍പോര്‍ട്ടിനു പുറത്ത് റിയാലിനു കാത്തുനില്‍ക്കുന്നയാള്‍ക്ക് കിട്ടി?
ഇതും ഇപ്പോള്‍ അതുപോലെ തന്നെയാ.
രഹസ്യമായി നാടണഞ്ഞ വിവരം രഹസ്യമല്ലാതായിരിക്കുന്നു. കിലോമീറ്ററുകള്‍ അകലെനിന്ന് ഈ സ്ത്രീ തേടിയെത്തി എന്നതു തന്നെയാണ് അതിനു തെളിവ്.
ഇങ്ങനെ ചില ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കേണ്ടി വരുമെന്ന് പത്തു ദിവസത്തെ അവധിക്കു പുറപ്പെടുന്നതിനു മുമ്പേ ചില സുഹൃത്തുക്കള്‍ സൂചന നല്‍കിയിരുന്നു. ഏതോ ഫോട്ടോയില്‍ കണ്ട് ഇവരുടെ മുഖവും ഓര്‍മയുണ്ട്. അതുകൊണ്ടു തന്നെ അധികം തലപുകക്കേണ്ടി വന്നില്ല. ആളെ പിടികിട്ടി. ചോദ്യങ്ങള്‍ക്കൊക്കെയും സംയമനം കൈവിടാതെ ഉത്തരം നല്‍കാനും സാധിച്ചു.
അവരുടെ ചോദ്യത്തിന് കൂട്ടുകാരന്റെ അമ്മ എന്നു ഉത്തരം നല്‍കിയെങ്കിലും യഥാര്‍ഥത്തില്‍ അയാള്‍ കൂട്ടുകാരനൊന്നുമായിരുന്നില്ല. ഒന്നോ രണ്ടോ പ്രാവശ്യം കണ്ട പരിചയം. പിന്നെ സുഹൃത്തുക്കളില്‍നിന്നുള്ള കേട്ടറിവ്.
ടിയാന്‍ ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. അഞ്ചാറു മാസം മുമ്പ് മരിച്ചു പോയി. ഒരു ദിവസം രാവിലെ ജോലിക്കു പോകാറായപ്പോള്‍ ഉണര്‍ന്നു കണ്ടില്ല. സഹമുറിയന്മാര്‍ കുലുക്കി വിളിച്ചിട്ടും ഉണര്‍ന്നില്ല. ആശുപത്രിയിലെത്തിച്ച് നോക്കിയപ്പോള്‍ മൂന്ന് മണിക്കൂര്‍ മുമ്പേ മരിച്ചു കഴിഞ്ഞിരിക്കുന്നു.
ഉറക്കത്തിലെ മരണം പ്രവാസികള്‍ക്കിടയില്‍ ഒരു സാധാരണ സംഭവമായി മാറിക്കൊണ്ടിരിക്കയാണെങ്കിലും ഈ മരണം പലരെയും നൊമ്പരപ്പെടുത്തി.
പ്രാരാബ്ധങ്ങള്‍ കാരണം വര്‍ഷങ്ങളായി നാട്ടില്‍ പോകാത്തയാള്‍, പൂര്‍ത്തിയാകാത്ത വീട്, കുട്ടികളില്‍ ഒരാള്‍ക്ക് വിട്ടു മാറാത്ത അസുഖവും.
ജോലി ചെയ്ത സ്ഥാപനത്തില്‍നിന്ന് ഒന്നും കിട്ടാനില്ല. വീട് പണിക്കും കുട്ടിയുടെ ചികിത്സക്കുമായി എല്ലാം വാങ്ങിക്കഴിഞ്ഞിരിക്കുന്നു.
അപ്രതീക്ഷിത മരണം ദുരിതത്തിലാക്കിയ കുടുംബത്തെ സഹായിക്കാന്‍ എന്തെങ്കിലും ചെയ്യണമെന്ന ചിന്ത കൂട്ടുകാരിലുണര്‍ന്നു. അതൊരു ഫണ്ട് ശേഖരണമായി. അറിയുന്നവരും അല്ലാത്തവരുമൊക്കെ സഹായിച്ചു. അങ്ങനെ സാമാന്യം മോശമല്ലാത്ത ഒരു തുക സമാഹരിച്ചപ്പോള്‍ പുതിയ ഒരു ചോദ്യം ഉയര്‍ന്നുവന്നു. നാട്ടിലെ പേരുകേട്ട കുടുംബത്തെ നാട്ടുകാര്‍ പിരിവെടുത്ത് സഹായിച്ചുവെന്നത് എങ്ങനെ സ്വീകരിക്കപ്പെടും?
ഒടുവില്‍, പിരിവെടുത്ത കാര്യം മറച്ചുവെച്ചുകൊണ്ട് ജോലി ചെയ്ത സ്ഥാപനത്തില്‍നിന്നു ലഭിച്ച ആനുകൂല്യമെന്ന പേരില്‍ തുക ടിയാന്റെ കുടുംബിനിയെ ഏല്‍പിക്കാന്‍ തീരുമാനിച്ചു. അങ്ങനെയാണ് നാട്ടിലെത്തിയ രണ്ട് മല്‍ബുകള്‍ തുക എത്തിച്ചുകൊടുത്തത്.
പക്ഷേ, അതൊരു പുലിവാലായി മാറുമെന്ന്  ആരും കരുതിയില്ല.
ന്നാലും ഞാനല്ലേ അവനെ നൊന്തു പ്രസവിച്ചത്? കമ്പനിയില്‍നിന്ന് കിട്ടിയ പണത്തില്‍നിന്ന് ഒരു പതിനായിരം ഉറുപ്പികയെങ്കിലും എനിക്കുകൂടി അവകാശപ്പെട്ടതല്ലേ?
അമ്മയുടെ അടുത്ത ചോദ്യമാണ് മല്‍ബുവിനെ ചിന്തയില്‍നിന്നുണര്‍ത്തിയത്.
പിരിവുകാര്യം പറയാതെ  വീണ്ടും അനുനയത്തിനു ശ്രമിച്ചുവെങ്കിലും അവരുടെ നോവ് ശുണ്ഠിയിലേക്കും അസഭ്യം പറച്ചിലിലേക്കും നീങ്ങിയപ്പോള്‍ മല്‍ബുവിന് ആ സത്യം തുറന്നു പറയേണ്ടിവന്നു. പിന്നീട് വിചാരണക്കു കാത്തുനില്‍ക്കാതെ നനവു പടര്‍ന്ന കണ്ണുകളുമായി അവര്‍ ശാന്തയായി മടങ്ങി.
 

June 5, 2011

ആറുവര്‍ഷം കത്തുന്ന മെഴുകുതിരി


സ്വയം കെട്ടുപോകണമെന്ന് മെഴുകുതിരിയോട് ആര്‍ക്കും കല്‍പിക്കാനാവില്ല. ഊതിക്കെടുത്താനൊരു ബാഹ്യ ഇടപെടല്‍ അനിവാര്യമാണ്. അല്ലെങ്കില്‍ ഉരുകിത്തീരാനുള്ള സാവകാശം.
ഓരോ പ്രവാസിയും മെഴുകുതിരിയാണ്. ആര്‍ക്കൊക്കെയോ വേണ്ടി ഉരുകിത്തീരുന്ന മെഴുകുതിരി. ഈ മെഴുകുതിരികള്‍ക്ക് കാലം നിര്‍ണയിക്കാനുള്ള ഗള്‍ഫിലെ ചില രാജ്യങ്ങളുടെ ആലോചന ഇപ്പോള്‍ ശക്തമാണ്. ബഹ്‌റൈനു പിന്നാലെ സൗദി അറേബ്യയിലെ തൊഴില്‍ മന്ത്രിയാണ് പ്രവാസി തൊഴിലാളികള്‍ക്ക് ആറുവര്‍ഷത്തെ പരിധി നിശ്ചിയിക്കണമെന്ന നിര്‍ദേശവുമായി രംഗത്തുവന്നിരിക്കുന്നത്.
പരമാവധി പിടിച്ചുനില്‍ക്കണമെന്നാണ് ഓരോ പ്രവാസിയുടേയും ആഗ്രഹം. അടിച്ചേല്‍പിക്കപ്പെടുന്ന ഈ ആഗ്രഹത്തിനപ്പുറത്ത് അവനെ വിസ്മരിക്കാനായിരിക്കും എല്ലാവര്‍ക്കും താല്‍പര്യം.
ആറുവര്‍ഷ പരിധി ഭീകരരൂപം പൂണ്ട് ഇങ്ങത്തെരുതേ എന്ന ആശയോടൊപ്പം പ്രവാസികള്‍ ഇരയാക്കപ്പെടുന്ന മറ്റൊരു ചൂഷണത്തിലേക്ക്.

 
ആറുവര്‍ഷം കത്തുന്ന മെഴുകുതിരിഅങ്ങേയറ്റം പ്രയാസത്തിലാണ് കാര്യങ്ങള്‍. കാര്യസ്ഥന്മാരുടെ എണ്ണം വര്‍ധിപ്പിച്ചും പബ്ലിസിറ്റി കൂട്ടിയും നവീകരണത്തിനു ശ്രമിക്കാഞ്ഞിട്ടല്ല. വിവരങ്ങളുടെ ശേഖരണത്തിനും വിദൂരങ്ങളിലുള്ളവര്‍ക്ക് ഇ-മെയില്‍ വഴി മറുപടി നല്‍കുന്നതിനും കംപ്യൂട്ടറുകള്‍ പോലും സജ്ജീകരിച്ചിട്ടുണ്ട്.
കംപ്യൂട്ടറുകളുടെ വരവൊന്നും വലിയ മൂപ്പര്‍ക്ക് അത്ര രസിച്ചിട്ടില്ല. അതൊക്കെ കുടുംബത്തിലെ പുതിയ തലമുറക്കാരുടെ ആലോചനകളില്‍നിന്ന് ഉരുത്തിരിഞ്ഞതാണ്.
ഇപ്പോഴെന്തായി? പത്ത് പേരു കൂടിയോ എന്നു നീട്ടിത്തുപ്പിക്കൊണ്ട് വലിയ മൂപ്പര്‍ ചോദിക്കുമ്പോള്‍ അതു തലമുറകളുടെ സംഘട്ടനമായി പരിണമിക്കുന്നു.
അവര്‍ക്ക് മറുപടിയുണ്ട്.
ദീര്‍ഘവീക്ഷണം വേണം. ഒന്നോ രണ്ടോ മാസങ്ങളോ വര്‍ഷങ്ങളോ അല്ല നമ്മുടെ മുന്നിലുള്ളത്. പതിറ്റാണ്ടുകളുടെ വിശ്വാസ്യതക്കൊന്നും ഇപ്പോള്‍ വലിയ കാര്യമില്ല. മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാതെ പിടിവാശി തുടര്‍ന്നാല്‍ ഉള്ള ക്ലയന്റുകളും ക്രമേണ നഷ്ടപ്പെടും.
ടെലിവിഷന്‍ ചാനലിലേക്ക് ചോദ്യം എഴുതിവിട്ട് വീട്ടില്‍ കുത്തിയിരുന്നാല്‍ മതിയെന്നായിട്ടുണ്ട് കാര്യങ്ങള്‍. ഇ-മെയിലായും ചോദ്യങ്ങള്‍ അയക്കാം. ഫോണ്‍ ഇന്‍ പരിപാടിയിലൂടെ നേരിട്ടു സംവദിക്കുകയുമാവാം. മറുപടികള്‍ തിരുമുഖത്തുനിന്ന് ലഭിക്കുന്നതുപോലെ തന്നെ. ധനലാഭം, സമയലാഭം.
മാത്രമല്ല, ചെറുകിട കച്ചവടക്കാരെ കുത്തുപാളയെടുപ്പിക്കാന്‍ വലിയ വലിയ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ വന്നതുപോലെ കൊച്ചുകൊച്ചു തങ്ങന്മാരുടെ ആപ്പീസുകള്‍ പൂട്ടിക്കാന്‍ കോടികള്‍ മുടക്കിയുള്ള സമുച്ചയം വരുന്നു.
ഇളംമുറക്കാരന്റെ പരിഷ്കരണങ്ങള്‍ക്ക് ഈയൊരു പശ്ചാത്തലമുണ്ട്.
കൊച്ചു മൂപ്പരുടെ ഐഡിയ ആയിരുന്നു അത്. ഏതൊരു ബിസിനസിനും പബ്ലിസിറ്റി അനിവാര്യമാണെന്ന തിരിച്ചറിവില്‍നിന്നാണ് ചെറിയ തുക ചെലവഴിച്ചിട്ടാണെങ്കിലും ചാനലില്‍ വലിയ കവറേജ് ലഭിച്ചത്. അതങ്ങ് ക്ലിക്കായീന്നു പറഞ്ഞാല്‍ മതി.
വിശ്വസിച്ചാലും ഇല്ലെങ്കിലും സേവന മാഹാത്മ്യം ചാനലില്‍ വന്നതില്‍ പിന്നെ വരവില്‍ നേരിയ വര്‍ധനവുണ്ട്. ദൂര ദിക്കുകളില്‍നിന്നു പോലും അന്വേഷണങ്ങളുണ്ടായി.
വീക്കിലി മീറ്റിംഗുകളാണ് ചെറിയ മൂപ്പരുടെ മറ്റൊരു സംഭാവന. വരവു ചെലവ് കണക്കുകള്‍, പ്രതിനിധികളില്ലാത്ത സ്ഥലങ്ങളില്‍ നിയമനം, വിവിധ പ്രദേശങ്ങളിലെ ഏജന്റുമാരുടെ പ്രവര്‍ത്തന പുരോഗതി എന്നിവ വിലയിരുത്തുന്നതിനു പുറമേ പുതിയ വെല്ലുവിളികള്‍ നേരിടുന്നതിനുള്ള തന്ത്രങ്ങള്‍ ആവിഷ്കരിക്കുക. ഇതൊക്കെയാണ് വീക്ക്‌ലി മീറ്റിംഗിലെ പരിപാടി.
ഇതിപ്പോള്‍ കൊച്ചുമൂപ്പര്‍  അടിയന്തര മീറ്റിംഗ് വിളിച്ചിരിക്കയാണ്. വീക്കിലി മീറ്റിംഗ് ഇന്നലെ കഴിഞ്ഞതേയുള്ളൂ. ഇന്റര്‍നെറ്റില്‍നിന്ന് ലഭിച്ച ഏതോ വിവരം ഷെയര്‍ ചെയ്യുകയാണ് ഉദ്ദേശ്യം. കംപ്യൂട്ടറില്‍നിന്ന് വിശദമായ ഡാറ്റയും കൊണ്ടുവന്നിട്ടുണ്ട്. മാത്രമല്ല, ടെലിവിഷന്‍ ചാനലുകളിലേക്ക് ലഭിച്ച അന്വേഷണങ്ങളുടെ കണക്കുകളും റെഡി.
അമ്പരപ്പിക്കുന്നതായിരുന്നു കൊച്ചുമൂപ്പരുടെ പ്രസന്റേഷന്‍.
കഴിഞ്ഞ ഒരു മാസം കേന്ദ്രത്തിലെത്തിയ ക്ലയന്റുകളുടെ കണക്ക് ശതമാനക്കണക്കില്‍ വേര്‍തിരിച്ചിരിക്കുന്നു.
മറാരോഗങ്ങള്‍-10 ശതമാനം, കടബാധ്യതകൊണ്ട് പ്രയാസപ്പെടുന്നവര്‍-10 ശതമാനം, വിവാഹം നീണ്ടുപോകുന്ന യുവതികള്‍- അഞ്ച് ശതമാനം, ഗള്‍ഫില്‍ പോയി വീടുമറന്ന ഭര്‍ത്താക്കന്മാര്‍- 75 ശതമാനം.
ഇതേ കാലയളവില്‍ പരിഹാരം തേടി ചാനലുകളിലെ ആത്മീയ പരിപാടികളിലേക്കും പ്രവാസ ലോകം പരിപാടിയിലേക്കും വിളിച്ചവരും പറഞ്ഞത് നാടും വീടും മറന്ന പ്രവാസികളെ കുറിച്ചാണ്.
ഇനി കേട്ടോളൂ ഞെട്ടിക്കുന്ന മറ്റൊരു വാര്‍ത്ത.
പ്രവാസികളെ ആറു വര്‍ഷത്തില്‍ കൂടുതല്‍ ഇനി സൗദിയില്‍ നില്‍ക്കാന്‍ അനുവദിക്കില്ല.
ഇന്റര്‍നെറ്റില്‍നിന്ന് ഈ വാര്‍ത്ത ലഭിച്ചയുടന്‍ ഞാന്‍  ഒരു മല്‍ബുവിനെ ബന്ധപ്പെട്ട് നിജസ്ഥിതി ആരാഞ്ഞു.
കിട്ടിയ വിവരം നമ്മുടെ പള്ളക്കടിക്കുന്നതാണ്. അയാള്‍ പറഞ്ഞത്  വാസ്തവമാകരുതെന്ന് കരുതി ജപിച്ചൂതുകയേ നിര്‍വാഹമുള്ളൂ.
ആറുവര്‍ഷം കൊണ്ട് എല്ലാ മെഴുകുതിരിയും കത്തിത്തീരില്ല എന്നാണ് ടിയാന്‍ പറഞ്ഞത്. അന്യര്‍ക്കു വേണ്ടി ഉരുകിത്തീരുന്നതാണല്ലോ ഓരോ പ്രവാസ ജീവിതവും.
ഈ പരിധിവെച്ച് എല്ലാ പ്രവാസികളേയും കെട്ടുകെട്ടിക്കുകയല്ല, മറിച്ച്  വീടും നാടും മറന്ന് ആറു വര്‍ഷം തുടര്‍ച്ചയായി അവിടെ താമസിച്ച് ധാംധൂമാക്കുന്നവരെ കണ്ടെത്തി തിരിച്ചയക്കുകയാണത്രെ പുതിയ പദ്ധതിയുടെ ഉദ്ദേശ്യം. ഇങ്ങനെയാണെങ്കില്‍ നഷ്ടപ്പെട്ട ഭര്‍ത്താക്കന്മാരെ തിരിച്ചുകിട്ടുന്നതോടെ നമ്മുടെ ക്ലയന്റുകളില്‍ എഴുപത്തഞ്ച് ശതമാനവും ഔട്ട്.

Related Posts Plugin for WordPress, Blogger...