Pages

പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..

June 26, 2011

ഇരുനൂറ് മല്‍ബു, ഒരു കഫീല്‍


നിറഭേദങ്ങളും അതിനെ ചുറ്റിപ്പറ്റിയുള്ള അഭ്യൂഹങ്ങളും പ്രവാസികളുടെ പരക്കംപാച്ചിലും കാണുമ്പോള്‍ പഴമക്കാരനായ ഒരു മല്‍ബുവിനു ചിരി. ഇതൊക്കെ എത്ര കണ്ടതാ എന്ന ഭാവം.
പഴമക്കാരന്‍ എന്നു പറയുമ്പോള്‍ പത്തെഴുപതു വയസ്സുള്ള ഒരു സാദാ മല്‍ബു എന്നു മനസ്സിലാക്കിയാല്‍ മതി.  ജീവിതം പ്രവാസത്തീയില്‍ ഹോമിച്ച ഒരു സാധാരണക്കാരന്‍.
തൊഴില്‍ മേഖലയിലെ ദേശീയവല്‍ക്കരണത്തിന്റെ ചിഹ്്‌നമായി മാറിയിരിക്കുന്ന ചുകപ്പും പച്ചയും നിറഭേദങ്ങളെ മല്‍ബു അതിജീവിക്കുമെന്ന കാര്യത്തില്‍ ഒട്ടും സംശയമില്ലാത്തയാള്‍. ചുകപ്പണിയേണ്ടി വരുന്നവര്‍ നാടു പിടിക്കേണ്ടിവരുമെന്ന പുകിലുകളൊക്കെ താനേ കെട്ടടങ്ങും. മല്‍ബു ജൈത്രയാത്ര തുടരും. കോണ്‍ഫിഡന്‍സിന്റെ ഉപ്പാപ്പ.
തേരാപാരാ നടന്നിരുന്ന എത്രയോ പേര്‍ക്ക് മാസാന്ത വരുമാനം ഉറപ്പുവരുത്തിയവന്‍ മല്‍ബു. അവര്‍ ഒരിക്കലും തൊഴിലുടമയോ കഫീലോ ആയിരുന്നില്ല. മല്‍ബുവിന്റെ സാമര്‍ഥ്യത്തില്‍ അങ്ങനെ ആയിത്തീര്‍ന്നവര്‍.
രണ്ടു പേരുടെ സ്‌പോണ്‍സറായിരുന്നയാളെ 200 പേരുടെ കഫീലാക്കിയവനാണ് മല്‍ബു.
എന്തിനധികം  ഇംഗ്ലീഷുകാരന്റെ വിലമതിക്കാനാവാത്ത ഡോഗിനു പകരം ഒരു നാടന്‍ പട്ടിയെ നല്‍കി തടി രക്ഷിക്കുക പോലും ചെയ്തു മല്‍ബു.
അതൊരു കഥയാണ്. പ്രവാസചരിത്രത്തില്‍ അതിജീവന കഥയായി പഴമക്കാരന്‍ മല്‍ബുവിന്റെ മനസ്സില്‍ തങ്ങിനില്‍ക്കുന്നത്.

പട്ടികള്‍ക്ക് പാസ്‌പോര്‍ട്ട് സാര്‍വത്രികമാകുന്നതിനു മുമ്പു നടന്ന സംഭവം. സംശയിക്കേണ്ട അതിനും എത്രയോ എത്രയോ മുമ്പ് മല്‍ബു ഇവിടെ ഹാജരുണ്ട്. 
ഇംഗ്ലീഷുകാരന്‍ സ്വന്തം കുഞ്ഞിനെ പോലെ നോക്കുന്ന ഡോഗിനെ സ്വദേശത്തേക്ക് അയക്കാന്‍ ഒരു ഏജന്‍സിയെ ഏല്‍പിച്ചു. ഏജന്‍സിയില്‍നിന്ന് ആ ദൗത്യം കിട്ടിയത് വമ്പു കാട്ടി നടന്നിരുന്ന ഒരു മല്‍ബുവിന്.
കൂട്ടിലടച്ച ഡോഗുമായി എയര്‍പോര്‍ട്ടിലെത്തിയ മല്‍ബു അതുമായി സല്ലപിക്കുന്നതിനിടെ അബദ്ധത്തില്‍ കൂടിന്റെ വാതില്‍ തുറന്നുപോയി. പുറത്തിറങ്ങിയ ഡോഗ് യജമാനനെ കണ്ടില്ല.  നാലുപാടും നോക്കിയശേഷം അത് യജമാനനേയും തേടി പോയി. കുറച്ചുനേരം തെരഞ്ഞെങ്കിലും ഇനി കണ്ടുകിട്ടിയാല്‍ തന്നെ ആ കേമനെ കൂട്ടിലടക്കാനാകുമെന്ന കാര്യത്തില്‍ ഒട്ടും വിശ്വാസമില്ല. ഡോഗിനു പകരം ഡോഗില്ലാതെ രക്ഷയില്ല. കേട്ടറിവിന്റെ അടിസ്ഥാനത്തില്‍ കുറച്ചകലെ പോയി മല്‍ബു ഒരു ചാവാലിപ്പട്ടിയെ സംഘടിപ്പിച്ചു. കൂട്ടിനകത്തായപ്പോള്‍ ഇത്തിരി ഗമയൊക്കെയുണ്ട്. അങ്ങനെ അവന്‍ കടലു കടന്നു. ഓമനയെ കാണാന്‍ അക്ഷമയോടെ കാത്തിരുന്ന ഉടമ ഞെട്ടാതിരിക്കുമോ? അയാള്‍ അടുത്ത വിമാനത്തിലിങ്ങെത്തി. അയക്കാനേല്‍പിച്ച ഡോഗ് ഇതുതന്നെയാണെന്ന് മല്‍ബുവും ഏജന്‍സിയും തറപ്പിച്ചു പറഞ്ഞു. ഒരു ഫോട്ടോ പോലും തെളിവായി ഹാജരാക്കാനില്ലാതിരുന്ന ഇംഗ്ലീഷുകാരന്‍ തോറ്റു. ജയിക്കാനായി ജനിച്ചവന്‍ മല്‍ബു. തോറ്റ ചരിത്രം കേട്ടിട്ടില്ല.
ഇതുപോലെ പച്ചയായ അനുഭവങ്ങളുടെ തങ്കലിപികളിലെഴുതപ്പെട്ട മല്‍ബൂചരിത്രത്തിനു ദശാബ്ദങ്ങളുടെ പഴക്കമുണ്ട്.
കഫീലുമാരുടെ വീടുകളിലേക്ക് ഓരോ മാസവും ഒഴുകുന്ന ആയിരങ്ങള്‍ക്ക് പിന്നില്‍ മല്‍ബുവിന്റെ വിയര്‍പ്പ് മാത്രമല്ല, ബുദ്ധിയുമുണ്ട്. വിയര്‍പ്പു മാത്രം കൈമുതലായുള്ളവന്‍ 200 റിയാല്‍ നല്‍കുമ്പോള്‍ അതു കൂലിക്കഫീലിനു നല്‍കുന്ന മാസപ്പണം. സാമര്‍ഥ്യവും കരുതലുമുള്ള മല്‍ബു കൊയ്‌തെടുത്ത ലാഭത്തില്‍നിന്നു നല്‍കുമ്പോള്‍ അതിനു വിയര്‍പ്പിന്റെ ഗന്ധം മാത്രമല്ല, സ്വര്‍ണത്തിന്റെ നിറവുമുണ്ട്. തൊട്ടതെല്ലാം പൊന്നാക്കിയതില്‍നിന്നുള്ള വീതംവെപ്പ്.
തൊഴില്‍ നഷ്ടത്തിന്റെ ഭീതിയില്‍ മല്‍ബു ഇത്രമാത്രം ആധി കൊള്ളേണ്ടതില്ലെന്ന് പറയുന്ന പഴമക്കാരനായ നമ്മുടെ മല്‍ബുവിന്റെ ആത്മവിശ്വാസത്തിനു പക്ഷേ ഒരു ദിവസത്തെ ആയുസ്സ് മാത്രമേ ഉണ്ടായുള്ളൂ.
നാട്ടില്‍ അവധിക്കു പോകാനൊരുങ്ങിയവരെ അടക്കം നിരവധി പേരെ അങ്കലാപ്പിലാക്കിയ ലുങ്കി ന്യൂസുകളിലൊന്ന് അദ്ദേഹത്തെയും തേടിയെത്തി. ഇരുന്ന ഇരിപ്പില്‍ തളര്‍ത്തിക്കളഞ്ഞ ആ വാര്‍ത്തയുടെ പിന്നാമ്പുറത്ത് പക്ഷേ നിറഭേദമായിരുന്നില്ല.
എഴുപത് കഴിഞ്ഞവരെ നിറമൊന്നും നോക്കാതെ എയര്‍പോര്‍ട്ടില്‍നിന്ന് കയറ്റിവിടുന്നുവെന്ന ലുങ്കി ന്യൂസാണ് ടെലിഫോണിലൂടെ ടിയാന്റെ കാതിലെത്തിയത്.
ലുങ്കി ന്യൂസാണെന്ന് അറിയാമായിരുന്നിട്ടും അയാള്‍ക്കതു വിശ്വസിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. 
4 comments:

ഷാജു അത്താണിക്കല്‍ said...

ഇത്തരം മല്‍ബുമാര്‍ ഞാന്‍ താമസിക്കുന്ന് ഇ ജിദ്ദയിലെ റുവൈസ് എന്ന ഇവിടേം ഉണ്ട്
ഇവിടെ ഒരു ബീരാക്കയുണ്ട് മൂപ്പര് താങ്കള്‍ പറഞ്ഞ് അതേ കഥപാത്രമാണ്
ഞാന്‍ ഒരുവേള എന്നും വൈകുന്നേരും കാണുന്ന ആ ആളെ ഓര്‍ത്തൂ പോയി
എഴുത് രസകരം
ആശംസകള്‍

Shanavas said...

ജയിക്കാനായി ജനിച്ചവന്‍ മല്‍ബു. തോറ്റ ചരിത്രം കേട്ടിട്ടില്ല.ഇതിലും വല്യ പച്ച ഞമ്മളെ മലപ്പുറത്ത്‌ ഉണ്ട് .......ഇതൊക്കെ ചെറുത്‌.....
മല്‍ബുവിനു ആശംസകള്‍ അശ്രഫിക്ക....

Areekkodan | അരീക്കോടന്‍ said...

മല്‍ബുവിനു ആശംസകള്‍

Naushu said...

മല്ബുവിലെ തോല്‍പ്പിക്കാന്‍ ആവില്ലാ കഫീലെ....

Related Posts Plugin for WordPress, Blogger...