Pages

പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..

December 25, 2011

ലസ് ലഗേജ് മോര്‍ ഫൈന്‍


അതിരിട്ട കമ്പിയില്‍ പിടിച്ച് കണ്ണുംനട്ട് നില്‍ക്കുന്ന മല്‍ബിയും കുഞ്ഞുങ്ങളുമാണ് മനസ്സില്‍. മല്‍ബുവിന് ധിറുതിയായി.
 

ഒരാള്‍ മാത്രമല്ല, എല്ലാവരും പാച്ചിലില്‍തന്നെ. ലഗേജിനായി കണ്‍വെയര്‍ ബെല്‍റ്റിനു ചുറ്റുമുള്ള കാത്തിരിപ്പ് ക്ഷമയോടെയാണെന്ന് പറയാനേ പറ്റില്ല. ഒഴുകി വരുന്ന പെട്ടി പിടിക്കണം, ട്രോളിയില്‍ വെക്കണം, ഉരുട്ടി പുറത്തിറങ്ങി കുഞ്ഞുങ്ങളെ കാണണം. വിമാനത്തില്‍നിന്നു തന്നെ തുടങ്ങിയതാണ് ഈയൊരു വെപ്രാളം. ഉരുണ്ടുരുണ്ട് വിമാനം നില്‍ക്കുന്നതിനുമുമ്പ് തന്നെ തല ഉയര്‍ത്തി, എയര്‍ ഹോസ്റ്റസിന്റെ ആക്രോശം ഏറ്റുവാങ്ങി, ഭാരം തൂക്കിപ്പിടിച്ച് അങ്ങനെ പ്രിയപ്പെട്ടവരെ തേടിയുള്ള വരവ്. ഒരു സംഭവം തന്നെ.

ലഗേജ് കൂടുതലാണല്ലോ മാഷേ, പിഴ ഒടുക്കേണ്ടി വരും.
പായാനൊരുങ്ങിയ മല്‍ബുവിനെ തടഞ്ഞുനിറുത്തി. പെട്ടികളില്‍ നോട്ടമിട്ട് മുന്നില്‍ ഒന്നില്‍ കൂടുതല്‍ ഓഫീസര്‍മാര്‍.
 

മല്‍ബു തിരിച്ചു ചോദിച്ചു. എന്തു പിഴ, ഏതു പിഴ?
അപ്പോള്‍ പത്രം വായിക്കാറില്ല അല്ലേ? ദേ നോക്കിയേ, നിങ്ങളെ പോലുള്ളവരാ അധിക ലഗേജിന് കിലോക്ക് 500 രൂപ വീതം പിഴയടച്ച് പോകുന്നത്. വേഗം അടച്ചാ വേഗം പോകാം. പുറത്ത് കുടുംബക്കാര് കാത്തിരുന്ന് മുഷിയുന്നുണ്ടാകും.
 

ഓഫീസര്‍ പറഞ്ഞുനിര്‍ത്തിയപ്പോള്‍, അടുത്തുണ്ടായിരുന്ന മറ്റൊരു മല്‍ബു സഹായത്തിനെത്തി.
അതേയ്, നമ്മള്‍ കൊണ്ടുവന്ന ലഗേജ് 40 കിലോയില്‍ കൂടുതലുണ്ടെങ്കില്‍ ഫൈന്‍ ഈടാക്കി തുടങ്ങീട്ടുണ്ട്.
 

മല്‍ബു ചോദിച്ചു: നിങ്ങള്‍ കൊടുക്കുന്നുണ്ടോ?
ഏതായാലും കൊണ്ടുവന്നു പോയില്ലേ. ഇനിയിപ്പോ അടച്ച് വേഗം പുറത്തിറങ്ങണം. കെട്ട്യോളും പിള്ളാരും കാത്തിരിപ്പുണ്ട്.
 

മല്‍ബു എന്തു തീരുമാനിച്ചു? വീണ്ടും ഓഫീസറുടെ ചോദ്യം.
 

അതൊന്നും പറ്റില്ലാട്ടോ. ഇത് അവിടെവെച്ച് തൂക്കിനോക്കി നിങ്ങളുടെ ആളുകള്‍ തന്നെയാണ് വിമാനത്തില്‍ കയറ്റിയത്. പിഴ വേണേല്‍ അവരോട് വാങ്ങണം.
 

രണ്ട് പെട്ടിയുണ്ട് അല്ലേ. ഇതെന്താ ഒന്നില്‍ മല്‍ബു, മറ്റൊന്നില്‍ മല്‍ബി. കുടുംബം കൂടെയുണ്ടോ? പെട്ടികളില്‍ വെവ്വേറെ മൊബൈല്‍ നമ്പരാണല്ലോ? ഓഫീസര്‍ക്ക് സംശയം.
സാറേ, അത് ഒരു പെട്ടി പുരക്കേക്കും ഒരു പെട്ടി വീട്ടിലേക്കുമാണ്.
 

ആഹാ, കണ്ണൂരാണല്ലേ. ഒരു പെട്ടി സ്വന്തം വീട്ടിലേക്കും മറ്റേത് വൈഫ് ഹൗസിലേക്കും. എവിടേക്കായാലും രണ്ട് പെട്ടിയും കൂടി 60 കിലോയുണ്ട്. 20 കിലോക്ക് ഫൈന്‍ ഒടുക്കിയില്‍ കൊണ്ടുപോകാം. വേഗം തീരുമാനമെടുത്തോളൂ.
 

പറ്റില്ല സാറേ. എന്റെ രണ്ടു പെട്ടികളും അവിടെവെച്ച് തൂക്കി സ്റ്റിക്കറും ഒട്ടിച്ചാ വിട്ടത്. മല്‍ബു ലോജിക്ക് പുറത്തെടുത്തു.
 

നിങ്ങള്‍ അവിടെ അധിക ബാഗേജിന് ചാര്‍ജ് കൊടുത്തിട്ടുണ്ടോ? റസീറ്റുണ്ടോ?
അതൊന്നും ഓര്‍മയില്ല സാറേ. എമ്മാതിരി തിരിക്കായിരുന്നു. അതൊക്കെ അവര് നോക്കിക്കാണും. എന്റെ രണ്ട് ബാഗേജും കറക്ട് ആയിരുന്നു.
 

എന്നുവെച്ചാല്‍ ഓരോന്നും 20 കിലോ വീതം, മൊത്തം 40 കിലോ. പിന്നെ ഇതെങ്ങനെ 60 കിലോ ആയി. പറയണം മിസ്റ്റര്‍- ഓഫീസറുടെ ക്ഷമ നശിച്ചു തുടങ്ങി.
 

അതിപ്പോ എങ്ങനാ പറയാ സാറേ. വീര്‍ത്തതായിക്കാരം.
എന്തു വീര്‍ത്തതായിക്കാരം?
അതേയ് പെട്ടി രണ്ടും വീര്‍ത്തതായിരിക്കും എന്നാ പറഞ്ഞത്.
 

കണ്ണൂരാന്നു പറഞ്ഞിട്ട് മലപ്പുറം ഭാഷയാണല്ലോ?
പത്ത് പതിനഞ്ച് വര്‍ഷായിട്ട് അവരുടെ കൂടെയല്ലേ സാറേ?
 

താനെന്താ കളിയാക്കാണോ. പെട്ടി എങ്ങനാടാ വീര്‍ക്കുന്നത്?
അത് അവിടെ ഇരിക്കുന്നവരോട് ചോദിക്കണം സാര്‍.
മല്‍ബു ബാഗ് തുറന്ന് ഒരു പത്രം പുറത്തെടുത്ത് വലിയ തലക്കെട്ട് കാണിച്ചു. ഇതാണ് സാറേ വീര്‍ക്കാനുള്ള കാരണം.
എയര്‍ ഇന്ത്യയുടെ പീഡനം. 

-----------------------------------------------------------------------------------


റാംജി, അനുരാഗ്, ഒരുവന്‍, എച്മുക്കുട്ടി, ഓമനക്കുട്ടന്‍, മുഹമ്മദ്കുട്ടി,റഷീദ്, മിനി, പ്രഭന്‍ കൃഷ്ണന്‍, ഷാജു, റഹീം, നവീന്‍, അക്ബര്‍ വന്നതിനും കമന്റ് എഴുതിയതിനും എല്ലാവര്‍ക്കും ഒരായിരം നന്ദി.

പ്രവാസി യാത്രക്കാരില്‍നിന്ന് അധിക ലഗേജിന് പിഴ ഈടാക്കിയ വാര്‍ത്ത ഡിസംബര്‍ 18-ന് മലയാളം ന്യൂസ് ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
താഴെ ലിങ്കില്‍ വായിക്കാം.





December 18, 2011

മല്‍ബിയുടെ ക്രൂരകൃത്യം

വീട്ടില്‍ അറിയിച്ചില്ലേ?
അനുശോചനം ഫോണില്‍ അറിയിക്കാന്‍ വിളിച്ചവരില്‍ ഒരാള്‍ അന്വേഷിച്ചു.
ഒരു മാസം സമയമുണ്ടല്ലോ? സാവകാശം പറയാം -മല്‍ബു മറുപടി നല്‍കി.

ഇവിടെ ആരും മരിച്ചിട്ടില്ല. വിടപറയുന്നത് ഒരാളുടെ പ്രവാസ ജീവിതമാണ്. അതും ഒരു കണക്കിനു മരണം തന്നെ. സ്വയം തെരഞ്ഞെടുത്തതോ അടിച്ചേല്‍പിച്ചതോ ആയ പ്രവാസ ജീവിതത്തില്‍നിന്ന് നാടന്‍ ജീവിതത്തിലേക്കുള്ള മടക്കം.

ഒരു മാസത്തിനകം തൊഴില്‍ നഷ്ടപ്പെടുമെന്നും മല്‍ബു നാട്ടില്‍ പോകേണ്ടിവരുമെന്നുമുള്ള വിവരം ലീക്കായതിനെ തുടര്‍ന്ന് നാട്ടുകാരും സുഹൃത്തുക്കളും ആശ്വസിപ്പിക്കാന്‍ വിളിക്കുന്നതാണ് അനുശോചനമായി ഫീല്‍ ചെയ്യുന്നത്. റീത്ത് കൊണ്ടുവരുന്നില്ലെന്നേയുള്ളൂ. സംഘടനകള്‍ അറിഞ്ഞാല്‍ യാത്രയയപ്പെന്ന പേരില്‍ അനുശോചന യോഗവും ചേരും.

എന്തു ചെയ്യാം. എല്ലാ പ്രവാസികളുടേയും അവസ്ഥ ഇതാണ്. ഏതു നിമിഷവും മടങ്ങേണ്ടിവരുമെന്ന ചിന്തയില്ലാതെ ജീവിക്കുന്നുവെന്നുമാത്രം.

രൂപയുടെ മൂല്യം കുറയുമ്പോള്‍ അയക്കുന്ന തുകയില്‍ അധികം കിട്ടുന്ന സംഖ്യയെ കുറിച്ച് എടുത്തു പറയാനാളുകളുണ്ട്. ഒരു വര്‍ഷം മുമ്പ് ആയിരം റിയാലിന് 11,000 രൂപ ലഭിച്ച സ്ഥാനത്ത് ഇപ്പോള്‍ ലഭിക്കുന്നതെത്രയാ... 14,000 രൂപ.

ഒരു വര്‍ഷം മുമ്പത്തെ തുക കൊണ്ട് ലഭിച്ചിരുന്ന വീട്ടുസാധനങ്ങള്‍ ആ തുകക്ക് ഇപ്പോള്‍ ലഭിക്കില്ലെന്ന കാര്യം എല്ലാവരും വിസ്മരിക്കുന്നു. എണ്ണയുടെയും പാചക വാതകത്തിന്റെയും വില മാത്രം നോക്കിയാല്‍ മതി ഈ മൂല്യവര്‍ധനയുടെ അര്‍ഥമില്ലായ്മ അറിയാന്‍.

പുതിയ സ്വദേശി പ്രസ്ഥാനത്തിന്റെ ഫലമായാണ് മല്‍ബുവിനു ദുര്‍വിധി. കമ്പനിയുടെ സ്ഥാനം പച്ച നിറത്തില്‍ നിലനിര്‍ത്താന്‍ സ്വദേശിയെ നിയമിക്കുന്നതിന് ഒഴിവു കണ്ടെത്താന്‍ രക്തസാക്ഷിയായി മല്‍ബു. പച്ചയില്‍ നിലനിര്‍ത്തിയാല്‍ മാത്രമേ കമ്പനിയുടെ കാര്യങ്ങള്‍ സുഗമമാകൂ. ചുകപ്പിലാണെങ്കില്‍ കട്ടപ്പൊക. നിറം തേടിയുള്ള പരക്കംപാച്ചിലില്‍ തലയുരുളുമെന്ന ആധിയില്‍ കഴിയുന്നവരാണ് ധാരാളം മല്‍ബുകള്‍.

ജോലി നഷ്ടപ്പെട്ട മല്‍ബു നാട്ടിലേക്ക് മടങ്ങാനുള്ള നാളുകളെണ്ണുകയാണ്. സ്ഥാനമേറ്റെടുക്കാനെത്തിയ പുതിയ ആള്‍ക്ക് കഴിയുംവേഗം പണി പഠിപ്പിക്കണം. പക്ഷേ, അതിപ്പോള്‍ ഇരട്ടിപ്പണിയായിരിക്കുന്നു. ജോലി സമയം തീരുന്നതിനിടയില്‍ ഒരിക്കല്‍പോലും ഇരിക്കാനാവാത്തതാണ് മല്‍ബുവിന്റെ പണി. കാഷ്യര്‍പ്പണി. ഒട്ടും നിന്നു ശീലമുള്ളയാളല്ല പണി പഠിക്കാനെത്തിയ ആള്‍. ഇരിക്കാന്‍ തോന്നുമ്പോള്‍ അയാള്‍ ഇറങ്ങും. തടയാന്‍ പറ്റാത്ത സ്ഥലത്തേക്കാണ് ഇരിപ്പിനായുള്ള ആ യാത്ര. ഇങ്ങനെ പോയാല്‍ ഇയാള്‍ പണി പഠിച്ചതു തന്നെയെന്ന് പലരും പറഞ്ഞു തുടങ്ങി.
എല്ലാം ഉറപ്പായ ശേഷം മല്‍ബിയേയും മക്കളേയും അറിയിച്ചാല്‍ മതിയെന്ന തീരുമാനത്തിലെത്താന്‍ മല്‍ബുവിനെ പ്രേരിപ്പിച്ച കാരണങ്ങള്‍ പലതാണ്.

ഗള്‍ഫില്‍ പരമാവധി പിടിച്ചുനില്‍ക്കണമെന്ന പക്ഷക്കാരിയാണ് മല്‍ബി. നാട്ടില്‍ വന്നാല്‍ മക്കളുടെ പഠനം പോലും വഴിമുട്ടുമെന്നും സാധനങ്ങളുടെ തീവിലയില്‍ കരിഞ്ഞുപോകുമെന്നുമാണ് അവരുടെ അഭിപ്രായം.
ഇരിക്കാന്‍ സ്വാതന്ത്ര്യമില്ലാത്ത ജോലിക്കിടെ ഒരു ദിവസം കാലുവേദന കൊണ്ട് പുളഞ്ഞപ്പോള്‍ മല്‍ബിയോട് വിളിച്ചു പറഞ്ഞു.

വയ്യ, ഇനി വയ്യ, ഞാന്‍ അങ്ങോട്ടു വരികയാണ്. അവിടെ എന്തേലും ചെയ്തു ജീവിക്കാം.
നിങ്ങള്‍ ഇങ്ങോട്ടുവന്നാല്‍ എല്ലാവരും കൂടി ഒരുമിച്ചു മരിക്കേണ്ടിവരും. ഇവിടെ  സമ്പാദിച്ചുവെച്ചിട്ടൊന്നുമില്ലല്ലോ. പരമാവധി അവിടെ തന്നെ പിടിച്ചുനില്‍ക്കണം- അതായിരുന്നു മല്‍ബിയുടെ മറുപടി.

അതിനുശേഷം മല്‍ബു അക്കാര്യം ചിന്തിച്ചിട്ടേയില്ല. താനായിട്ട് ജോലി രാജിവെച്ചു പോകില്ല. പറഞ്ഞുവിട്ടാല്‍ പോകാം. അല്ലെങ്കില്‍ ഇവിടെ തന്നെ അങ്ങു തീരണം. ജോലി കളഞ്ഞു പോയാല്‍ നാട്ടിലെ കഷ്ടപ്പാടുകള്‍ക്കിടിയില്‍ മല്‍ബി മാത്രമല്ല, സ്വന്തം മനഃസാക്ഷിയും കുറ്റപ്പെടുത്താനുണ്ടാകും. ഓരോ മാസമടുക്കുമ്പോഴും റിയാലിലുളള ശമ്പളത്തുക കൂട്ടി ദുഃഖം കടിച്ചമര്‍ത്തേണ്ടി വരും.

പണി പോയി നാട്ടിലേക്ക്് മടങ്ങുന്നുവെന്ന കാര്യം എങ്ങനെ പറയുമെന്ന് ആലോചിച്ച് തലപുണ്ണാക്കുന്നതിനിടെയാണ് ഒരു ദിവസം മല്‍ബിയുടെ വിളി.

ജോലി പോയി മടങ്ങുന്ന കാര്യം അയലത്തെ മജീദ് വിളിച്ചു പറഞ്ഞു. എന്താ എന്നോട് പറയാതിരുന്നത്. സ്‌നേഹം ഇല്ലാതായി അല്ലേ. ഒന്നിനും വിഷമിക്കേണ്ട. എല്ലാത്തിനും വഴിയുണ്ടാക്കാം. നിങ്ങളിങ്ങു വന്നാല്‍ മതി.

ഈ വാക്കുകള്‍ മല്‍ബുവിനു പകര്‍ന്നു നല്‍കിയ സന്തോഷത്തിന് അതിരില്ലായിരുന്നു. വര്‍ഷങ്ങളായി കൊണ്ടുനടക്കുന്ന സ്വപ്നമാണ് എന്തേലുമൊക്കെ ചെയ്ത് കുടുംബത്തോടൊപ്പമുള്ള ജീവിതം. നഷ്ടപ്പെട്ട ഉന്മേഷം വീണ്ടുകിട്ടി. പക്ഷേ, മുന്നിലൊരു പുല്ലുവണ്ടി പോലെ പരിശീലനം കിടക്കുന്നു. അയാളെ ഒന്നു നേരെയാക്കാതെ എക്‌സിറ്റടിച്ച പാസ്‌പോര്‍ട്ട് കയ്യില്‍ കിട്ടില്ലെന്നുറപ്പ്. ഇന്നു പോകാം, നാളെ പോകാമെന്നു കരുതി നാളുകളെണ്ണി മാസം ഒന്നു പിന്നിട്ടു.

കാശയച്ചു കാശയച്ചു എന്നു പറഞ്ഞ് പറ്റിക്കുന്നതുപോലെ തന്നെ ഇത് നിങ്ങള് വരുന്നു, വരുന്നു എന്നു പറഞ്ഞ് പറ്റിക്കുകാണോ എന്ന് മൂത്ത മകള്‍.
മടക്കയാത്ര നീണ്ടുനീണ്ടു പോയപ്പോള്‍ മല്‍ബി ആ സസ്‌പെന്‍സ് പൊട്ടിച്ചു. അതാകട്ടെ, മല്‍ബിയുടെ മനംമാറ്റത്തിലും സ്‌നേഹത്തിലും മതിമറന്ന മല്‍ബുവിനു ഫീല്‍ ചെയ്തത് ഒരു ക്രൂരകൃത്യമായാണ്.
ഇതായിരുന്നു കരള്‍ പിളര്‍ത്തിയ ആ സന്ദേശം.

ഒരാഴ്ച കൂടിയേ ആങ്ങള കാത്തുനില്‍ക്കൂ. അതിനു മുമ്പ് വന്നില്ലെങ്കില്‍ നിങ്ങള്‍ക്കായി ഞാന്‍ പറഞ്ഞുറപ്പിച്ച ആ ബ്രൂണെ വിസ ആങ്ങള അങ്ങേതിലെ അമ്മതിനു കൊടുക്കും.



December 11, 2011

സംശയത്തളിക


പുറത്ത് മൂന്നുനാലു പേര്‍ അക്ഷമരായി കാത്തിരിപ്പുണ്ടെന്ന കാര്യം അറിയാതെ പാട്ടും പാടി കുളിക്കുകയായിരുന്നു മല്‍ബു.
ദേ നിന്റെയൊരു രാത്രി ശിവരാത്രി... വേഗം ഇറങ്ങെടാ ഇങ്ങോട്ട്. വാതിലിനു തുരുതുരാ അടിച്ചുകൊണ്ടാണ് സഹ മുറിയന്മാരിലൊരാള്‍ നീരസം പ്രകടിപ്പിച്ചത്.

കുളിമുറിയിലേക്ക് കയറുമ്പോള്‍ എല്ലാവരും കൂര്‍ക്കം വലിച്ചുറങ്ങുകയായിരുന്നു. ഈ നേരത്തുണരുക ആരുടേയും പതിവല്ല താനും. ഉറക്കം പരമാവധി മുതലാക്കുക, ഓഫീസിലേക്കിറങ്ങുന്നതിന് പത്ത് മിനിറ്റു മുമ്പ് കാര്യങ്ങളെല്ലാം ചടപടാ തീര്‍ക്കുക.  ഈ പോളിസിയുടെ ആളുകളാണ് എല്ലാവരും. ഫ്‌ളാറ്റില്‍ വെള്ളമില്ലാതാകുകയും മറ്റു അഭയകേന്ദ്രങ്ങള്‍ തേടിപ്പോകാന്‍ നിര്‍ബന്ധിതരാകുകയും ചെയ്യുമ്പോള്‍ മാത്രമാണ് പതിവ് എപ്പോഴെങ്കിലും തെറ്റാറുള്ളത്.

അല്ലാ, ഇതെന്താ നിങ്ങളെല്ലാരും ഇന്നു നേരത്തെ എണീറ്റോ. എന്റെ സമയം തീരാന്‍ ഇനിയുമുണ്ട് അര മണിക്കൂര്‍ -മല്‍ബു ബാത്ത് റൂമിനകത്തുനിന്ന് വിളിച്ചു പറഞ്ഞു.

വേഗം ഇങ്ങോട്ട് ഇറങ്ങുന്നതാ നിനക്ക് നല്ലത്. അല്ലെങ്കില്‍ നിന്റെ സമയം ഞങ്ങള്‍ തീര്‍ക്കും. ഇനിയിപ്പോ നിനക്ക് തേച്ച് വെളുപ്പിച്ച് അത്തറും പൂശിക്കൊണ്ടല്ലേ പോകാന്‍ പറ്റൂ. അവിടെ കാത്തിരിപ്പുണ്ടാവും. അതിനിടയില്‍ ബാക്കിയുള്ളോരുടെ കാര്യം കൂടി നടക്കണ്ടേ.

മല്‍ബുവിന് സങ്കടമായി. വിസ്തരിച്ചുള്ള കുളി പൂര്‍ത്തിയാക്കാന്‍ പറ്റാത്തതുകൊണ്ടോ രാത്രി ശിവരാത്രി പാടി പൂര്‍ത്തിയാക്കാന്‍ കഴിയത്തതു കൊണ്ടോ അല്ല. ആളുകളുടെ മാറ്റം- അതാണ് മല്‍ബുവിനെ സങ്കടപ്പെടുത്തിയത്.

കുറച്ചു ദിവസായി ഇവരൊക്കെ ഇങ്ങനെയാണ്. കണ്ണെടുത്താല്‍ കണ്ടൂടാ. തൊട്ടതിനെല്ലാം കുറ്റം. ഒരു തരം അവഗണന. ജീവിതത്തില്‍ ഇതുപോലൊരു അവസ്ഥ ഇതിനുമുമ്പ് നേരിടേണ്ടി വന്നിട്ടില്ല. എല്ലാവരും ഒരുമിച്ചിരുന്ന് കണ്ടുകൊണ്ടിരുന്ന ടി.വി പരിപാടി മല്‍ബുവാണ് ഓണ്‍ ചെയ്തതെങ്കില്‍ ബാക്കിയുള്ളവര്‍ക്ക് വേറെ പ്രോഗ്രാം കാണണം. മല്‍ബു എന്തെങ്കിലും പറഞ്ഞാല്‍ എല്ലാവരും ചേര്‍ന്ന് അത് എതിര്‍ത്തുകൊണ്ട് നൂറുകൂട്ടം പോയിന്റുകള്‍ നിരത്തും. ഒരു സിനിമയോ പാട്ടോ  നല്ലതാണെന്നു പറഞ്ഞുകൂടാ. ഇതിനൊക്കെ പുറമെയാണ് പുറത്തുള്ള സുഹൃത്തുക്കളോടുള്ള പരദൂഷണം.

കഴിഞ്ഞ ദിവസം ഒരു സുഹൃത്ത് വിളിച്ച് ഉപദേശിച്ചു. തായ്‌ലന്റ് ലോട്ടറിയുടെ ദൂഷ്യവശങ്ങള്‍, അതില്‍നിന്ന് പ്രവാസികള്‍ വിട്ടുനില്‍ക്കേണ്ടതിന്റെ ആവശ്യകത, പത്തിരുപത് വര്‍ഷത്തെ പ്രവാസ ജീവിതം ലോട്ടറിയില്‍ ഹോമിച്ച് പാപ്പരായ ചിലരുടെ അനുഭവ കഥകള്‍. ഇതൊക്കെ തന്നോട് എന്തിനു പറയുന്നു എന്ന് ആലോചിച്ചപ്പോഴാണ് മല്‍ബു ആ സത്യം അറിഞ്ഞത്. ജീവിതത്തില്‍ ഒരിക്കല്‍ പോലും ലോട്ടറി ടിക്കറ്റെടുത്തിട്ടില്ലാത്ത താന്‍ തായ്‌ലന്റ് ലോട്ടറിയുടെ അഡിക്റ്റാണെന്ന് കൂടെ താമസിക്കുന്നവരില്‍ ഒരാള്‍ പറഞ്ഞു പരത്തിയിരിക്കുന്നു.
താമസം മാറ്റിയാലോ എന്നുപോലും പലവട്ടം ആലോചിച്ചതാണ്.  പക്ഷേ, ഓഫീസിനടുത്ത് ഇതുപോലൊരു സൗകര്യം കിട്ടാനില്ല. ഉച്ചക്ക് ഒരു മണിക്കൂര്‍ ബ്രേക്കില്‍ പോലും വന്ന് ഭക്ഷണം കഴിച്ച് ഇത്തിരിനേരം വിശ്രമിക്കാം.
നോഹയുടെ പേടകം പോലെയാണ് പല പ്രവാസി മുറികളെങ്കിലും ഇത് അങ്ങനെയൊന്നുമായിരുന്നില്ല. ഒരേ ഓഫീസില്‍ ജോലി ചെയ്യുന്നവര്‍ ഒരുമയോടെ കഴിഞ്ഞ നാളുകള്‍.
എല്ലാം തകിടം മറിഞ്ഞത് പെട്ടെന്നായിരുന്നു. ഇപ്പോള്‍ മല്‍ബു അവരുടെ കണ്ണില്‍ സ്വയം ശവക്കുഴി തോണ്ടുന്നവനാണ്. ഉപദേശമായിരുന്നു ആദ്യം. പിന്നെ കുറ്റപ്പെടുത്തലായി.
എല്ലാം അയാളുടെ വരവോടെ ആയിരുന്നു. അയാള്‍ കൊണ്ടുവന്ന ആടില്‍നിന്നും.
ഓഫീസിലെ പുതിയ മേല്‍നോട്ടക്കാരനാണ് കക്ഷി. ചില സമ്മാനങ്ങള്‍ നല്‍കി. ഒരു വെള്ളിയാഴ്ച വീട്ടില്‍നിന്ന് ഒരു തളിക ആടും ചോറും. വേറൊരു ദിവസം വിലകൂടിയ രണ്ട് സ്‌പ്രേ, പിന്നെ കുറേ പേനകള്‍.
തളികക്ക് ചുറ്റുമിരുന്ന് ആടും ചോറും തിന്നുകൊണ്ടിരിക്കെ ആയിരുന്നു കൂട്ടുകാരുടെ ആദ്യത്തെ വെടി.
ഇങ്ങനെ പോയാല്‍ നീ സ്വന്തം ശവക്കുഴി തോണ്ടും...
പുതുതായി ചുമതലയേറ്റയാള്‍ക്ക് മല്‍ബു എല്ലാ ഒത്താശയും ചെയ്തുകൊടുക്കുന്നുവെന്നാണ് പരാതി. അതിനാലാണ് ഈ സമ്മാനങ്ങളെന്ന് പക്ഷേ, മല്‍ബുവിന് ഒരിക്കലും തോന്നിയിട്ടില്ല. കാരണം ഇതൊക്കെ വെറും സംശയമാണ്. എല്ലാ പ്രവാസികളുടേയും  പേടിസ്വപ്‌നമായി മാറിയിരിക്കുന്ന നിറഭേദങ്ങളില്‍ ചുകപ്പില്‍നിന്ന് പച്ചയിലേക്കുള്ള യാത്രയുടെ കപ്പിത്താനായാണ് ടിയാന്റെ വരവെങ്കിലും അതില്‍ മല്‍ബുവിന് ഒരു പങ്കുമില്ല. കമ്പനിയില്‍ പച്ചപ്പ് പടരുമ്പോള്‍ തന്റെ തലയും ഉരുളുമെന്ന ആധി ഒടുങ്ങിയിട്ടുമില്ല. അതിനിടയിലാണ് കൂട്ടുകാരുടെ സംശയവും വിചാരണയും.

December 4, 2011

ഹൃദയത്തിന്റെ ചോപ്പ്


പത്രം താഴെ വെക്കണ്ടായോ. ചോപ്പന്‍.
ചോപ്പനെന്ന വിളി അത്ര രസിച്ചിട്ടില്ലെങ്കിലും മല്‍ബു സംയമനം പാലിച്ചു. ചിലര്‍ അങ്ങനെയാണ്. കേള്‍ക്കുന്നയാളെ അത് എങ്ങനെ ബാധിക്കുമെന്നൊന്നും ചിന്തിക്കില്ല. എന്തും വിളിച്ചു പറയും. ആത്മ സംഘര്‍ഷത്തിലകപ്പെട്ട ഒരാള്‍ക്ക് മുന്നില്‍ ഫലിതം വിളമ്പി സ്വയം പൊട്ടിച്ചിരിക്കും. 


കമ്യൂണിസ്റ്റുകാരനയതുകൊണ്ട് വന്നുചേര്‍ന്നതല്ല  ചോപ്പനെന്ന ഇരട്ടപ്പേര്. വിദേശ തൊഴിലാളികളെ നിലനിര്‍ത്തണമെങ്കില്‍ ഇനിയും സ്വദേശി അനുപാതം പൂര്‍ത്തീകരിക്കാത്ത സ്‌പോണ്‍സര്‍ക്ക് കീഴിലായതുകൊണ്ട് വന്നുചേര്‍ന്ന നാമമാണ്.
ജീവിതം ചുവന്ന ചുഴിയിലകപ്പെട്ട മല്‍ബുവിന്റെ മനസ്സിലിപ്പോള്‍ നാടും വീടും പ്ലസ് ടുവിനു പഠിക്കുന്ന മകളുമാണ്. പരമാവധി പിടിച്ചുനില്‍ക്കണമെന്ന ആഗ്രഹമാണ് പൊലിയാന്‍ പോകുന്നത്.
 

പ്രവാസ ജീവിതം തുടരാനും അവസാനിപ്പിക്കാനും വിധിക്കപ്പെട്ടവരുടെ നിറഭേദങ്ങള്‍ കംപ്യൂട്ടറിലുണ്ട്. അതു നോക്കി ചുകപ്പിലാണല്ലോ എന്നു മറ്റൊരു മല്‍ബു പറഞ്ഞതിനുശേഷം  ഉറങ്ങാന്‍ കഴിഞ്ഞിട്ടില്ല. കഫീല്‍ അതിനൊക്കെ വഴി കണ്ടെത്തുമെന്ന് മറ്റുള്ളവര്‍ ആശ്വാസം കൊള്ളുമ്പോഴും മാസം കണക്കാക്കി പണം എണ്ണിവാങ്ങുന്ന കൂലിക്കഫീലിനെ മല്‍ബുവിന് ഒട്ടും വിശ്വാസം പോരാ. ഇനി ചുകപ്പ് മറികടന്ന് പുതുക്കിക്കിട്ടിയാല്‍ പോലും ശമ്പളം മുഴുവന്‍ അയാള്‍ക്ക് നല്‍കേണ്ടി വരുമെന്ന് ഉറപ്പ്.
 

പത്രം അരിച്ചുപെറുക്കിയ മല്‍ബു നിരാശനായി. മലവെള്ളം പോലെ മുല്ലപ്പെരിയാര്‍ വാര്‍ത്തകളുണ്ടെങ്കിലും ഉറക്കമില്ലാ രാവുകള്‍ സമ്മാനിച്ചിരിക്കുന്ന ചോപ്പിനെ കുറിച്ച് ഒന്നുമില്ല. അതേക്കുറിച്ച് ആശങ്കപ്പെടേണ്ട പ്രവാസികളുടെ പോലും ആധി, പൊട്ടുമെന്നും പൊട്ടില്ലെന്നും പറഞ്ഞവര്‍ തന്നെ മാറ്റിപ്പറയുന്ന ഡാം.
 

മല്‍ബു ഒരു പത്രവായനക്കാരനായിരുന്നില്ല. നാട്ടില്‍ പത്രം കിട്ടാഞ്ഞാല്‍ എരിപൊരി കൊണ്ട നാളുകള്‍ ഉണ്ടായിരുന്നുവെങ്കിലും പ്രവാസ ജീവിതത്തിലേക്ക് എടുത്തെറിയപ്പെട്ടപ്പോള്‍ പലതിനോടൊപ്പം  ആ ശീലവും ഉപേക്ഷിച്ചു.
 

പക്ഷേ, മല്‍ബുകളുടെ കൂട്ടത്തിലുള്ള ഒരു അന്തേവാസിയെന്ന നിലയില്‍ കൂട്ടുസംരംഭങ്ങള്‍ക്ക് എതിരു നിന്നിട്ടില്ല. രുചിഭേദമുണ്ടായിട്ടും മെസ്സില്‍ ചേര്‍ന്നു. 

മെസ്സ് ഫണ്ടില്‍ ഉള്‍പ്പെടുത്തി വാങ്ങുന്ന പത്രം അന്തേവാസികള്‍ എല്ലാവരും വായിക്കണമെന്നില്ല. വായിച്ചാലും ഇല്ലെങ്കിലും തക്കാളിയും ഖുബ്‌സും പോലെ പത്രച്ചെലവിന്റെ ഒരു വിഹിതവും കൊടുത്തേ മതിയാകൂ. വെറുതെ കിട്ടുന്ന ടി.വിയുണ്ടല്ലോ, പിന്നെന്തിനാ പത്രം എന്നൊന്നും പറയാനൊക്കൂല. 

ഇഷ്ടമുള്ളവര്‍ക്ക് വായിക്കാം. അല്ലാത്തവര്‍ക്ക് ടി.വിയില്‍ നോട്ടമിട്ടിരിക്കാം. അക്ഷരങ്ങളിലൂടെ കണ്ണ് പോലും ചലിപ്പിക്കാന്‍ ഇഷ്ടമില്ലാത്ത മടിയന്മാരായി മാറാം.
പത്രത്തിനുകൂടി ഷെയര്‍ നല്‍കുന്ന വായനക്കാരല്ലാത്തവര്‍ക്കും ദുഃഖിക്കാനില്ല. അങ്ങനെയുള്ളവര്‍ക്കും ലാഭമില്ലാതില്ലെന്നു വേണം പറയാന്‍. പത്രം തീന്‍മേശയില്‍ വിരിച്ച് ഭക്ഷണം കഴിക്കാം. ശേഷം ചുരുട്ടിക്കൂട്ടി വേസ്റ്റ് ബാസ്കറ്റിലിട്ടാല്‍ മേശ ക്ലീന്‍ ചെയ്യുന്ന സമയം ലാഭം. നടു മടങ്ങുകയും വേണ്ട. മന്തിച്ചോറ് വാങ്ങുമ്പോള്‍ കിട്ടുന്ന പ്ലാസ്റ്റിക്കില്‍ തട്ടി ഭക്ഷിച്ചാല്‍ പിന്നെയും ലാഭം. പാത്രം കഴുകാന്‍ കൂടി മിനക്കെടേണ്ട.
മുറിയില്‍ പത്രമുള്ളത് കൊണ്ടു വേറേയുമുണ്ട് മെച്ചം. സന്ദര്‍ശനാര്‍ഥം എത്തുന്ന ഗസ്റ്റുകളുടെ വസ്ത്രത്തില്‍ അഴുക്ക് പുരളാതെ നോക്കാം. ഗസ്റ്റ് വന്നിരുന്ന് മേശമേല്‍ കൈവെക്കുന്നതിനു മുമ്പ് പത്രം വിരിച്ചു കൊടുത്താല്‍ മതി.
ദേ ഒരു മിനിറ്റ്. ഇതൊന്നു വിരിച്ചോട്ടെ. ഇനി ധൈര്യായിട്ട് കൈ വെച്ചോളൂ. ഭക്ഷണോം കഴിച്ച് അവനിത് നേരാംവണ്ണം തുടക്കാതെയാ പോയത്. എത്ര പറഞ്ഞാലും ശരിയാവൂല. തൊട്ടുമുമ്പ് ഭക്ഷണം കഴിച്ചുപോയ സഹമുറിയനിട്ടൊരു താങ്ങ്.
 

സാഹചര്യങ്ങളാണല്ലോ മനുഷ്യനെ മാറ്റിമറിക്കുന്നത്.
ഇപ്പോള്‍ ആദ്യം പത്രം നോക്കുന്നത് മല്‍ബുവാണ്. കാരണം, തന്നെ പോലെ അനേകം പ്രവാസികളുടെ ജീവിതത്തിനുമേല്‍ വന്നുചേര്‍ന്നിരിക്കുന്ന നിറഭേദങ്ങളുടെ പരിണതി അറിഞ്ഞേ പറ്റൂ.



Related Posts Plugin for WordPress, Blogger...