Pages

പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..

April 30, 2013

കാണാതായ ഫോണ്‍
കവലയിലെ ചതുരപ്പെട്ടിയില്‍ നിറഞ്ഞ പ്ലാസ്റ്റിക് സഞ്ചികള്‍ക്കിടയില്‍ നീളമുള്ള വടി കൊണ്ട് കുത്തിത്തിരയുകയായിരുന്നു ഹൈദ്രോസ് മല്‍ബു. കൂട്ടുവന്നയാള്‍ മാത്രമല്ല, വേറെയുമുണ്ട് കാഴ്ചക്കാര്‍

മാലിന്യക്കൂമ്പാരത്തില്‍നിന്ന് ജീവിതം കണ്ടെത്തുന്ന ഒടിഞ്ഞുകുത്തി വീഴാറായ സ്ത്രീയുടെ കണ്ണുകളില്‍ പുതുമുഖത്തെ കണ്ട വിസ്മയം. ഇയാളൊന്ന് മാറിയിട്ടുവേണം അവര്‍ക്ക് പെപ്‌സി കാനുകള്‍ തപ്പിയെടുത്ത് അടുത്ത പെട്ടി ലക്ഷ്യമാക്കി നീങ്ങാന്‍. അവരുടെ ഭാണ്ഡത്തില്‍ കിടന്ന് കുഞ്ഞ് കരയുന്നുമുണ്ട്.

മാലിന്യ സഞ്ചികളെ നോവിക്കാതെ സാത്വിക ഭാവത്തോടെ ഓരോന്നിലും കുത്തി നോക്കുന്ന വി.ഐ.പിക്ക് വിലപിടിച്ചതെന്തോ നഷ്ടപ്പെട്ടിരിക്കുന്നുവെന്ന് പിടികിട്ടിയ സമീപത്തെ ഫ്‌ളാറ്റിലെ കാവല്‍ക്കാരനും കണ്ണെടുക്കാതെ നോക്കുന്നുണ്ട്. അയാളൊരു മല്‍ബു അല്ലാത്തതുകൊണ്ട് അടുത്തെത്തി ഇടപെട്ടില്ലെന്നേയുള്ളൂ.

പണ്ടൊരു മല്‍ബുവിന് കളഞ്ഞുപോയ അഞ്ച് പവന്‍ സ്വര്‍ണമാല ഇതുപോലൊരു മാലിന്യപ്പെട്ടി തിരികെ സമ്മാനിച്ചപ്പോള്‍ ബ്രോസ്റ്റ് വാങ്ങി ആഘോഷിച്ച കഥ മല്‍ബു പാട്ടുകളിലൊന്നാണ്. നാട്ടില്‍ പോകാനുള്ള പെട്ടി കെട്ടുന്നതിനിടയിലാണ് സാധനങ്ങളുടെ കവറുകള്‍ വാരിക്കെട്ടി കളഞ്ഞപ്പോള്‍ മല്‍ബിക്കായി വാങ്ങിയ മാല അതില്‍പെട്ടത്. മാലിന്യപ്പെട്ടിയുടെ സ്ഥിരം അവകാശികള്‍ എത്തുന്നതിനുമുമ്പ് തന്നെ മല്‍ബു ചാടിപ്പോയി മറ്റൊന്നും ആലോചിക്കാതെ കൈയിട്ട് തെരഞ്ഞതു കൊണ്ടാണ് കൂട്ടുകാര്‍ക്ക് ബ്രോസ്റ്റ് വാങ്ങിക്കൊടുക്കാന്‍ വിധിയുണ്ടായത്.
ഇയാളിതിങ്ങനെ സഞ്ചിക്ക് നോവാതെ വടി കൊണ്ടു കുത്തിയാല്‍ എങ്ങനെ കളഞ്ഞുപോയ സാധനം  കിട്ടുമെന്ന് ആലോചിക്കുകയായിരുന്നു കൂട്ടുവന്ന നാണി മല്‍ബുവും അതുപോലെ കാഴ്ച കാണുകയായിരുന്ന കാവല്‍ക്കാരനും.

സഹികെട്ട കാവല്‍ക്കാരന്‍ അടുത്തുവന്ന് ചോദിച്ചു.
എന്താ കളഞ്ഞുപോയത്?
ഫോണ്‍.

അതിനാണോ ഇങ്ങനെ കുത്തിമലര്‍ത്തുന്നത്. മുറിയില്‍ പോയി വേറൊരു ഫോണില്‍നിന്ന് അടിച്ചു നോക്കൂ. ഇവിടെ ഉണ്ടോയെന്ന് അപ്പോള്‍ അറിയാം. അയാള്‍ വിജ്ഞാനം വിളമ്പി.

നാണി മല്‍ബുവിന് അപ്പോഴൊരു സംശയം. അതെന്തിനാ റൂമില്‍ പോയി തന്നെ വേറൊരു മൊബൈലില്‍നിന്ന് അടിക്കുന്നത്. റിംഗ് ചെയ്യുമ്പോള്‍ ഇയാള്‍ക്ക് അടിച്ചുമാറ്റാനായിരിക്കും. രണ്ടു മുഴം അപ്പുറത്ത് ചിന്തിക്കാന്‍ ശേഷിയുള്ള അയാള്‍ സ്വന്തം ഫോണെടുത്ത് നീട്ടി.
ഇതാ ഇതീന്ന് ഡയല്‍ ചെയ്തു നോക്കൂ.
ഡയല്‍ ചെയ്തപ്പോള്‍ റിംഗ് ചെയ്യുന്നുണ്ട്.
മൂവരും ചതുരപ്പെട്ടിയിലേക്ക് കാതോര്‍ത്തു. റിംഗ് ചെയ്യുന്നുണ്ടെങ്കിലും ശബ്ദം കേള്‍ക്കുന്നില്ല. ഒന്നുകൂടി ചെവിവട്ടം പിടിച്ച കാവല്‍ക്കാരന്‍ പറഞ്ഞു.
ഇതിലില്ല. ഉറപ്പാണ്.

പിന്നെയും പിന്നെയും ഡയല്‍ ചെയ്തപ്പോള്‍ അങ്ങേത്തലക്കല്‍ ഒരാള്‍ ഉറക്കച്ചടവില്‍ ഫോണെടുത്തെങ്കിലും കാര്യം പറയുംമുമ്പേ ഫോണ്‍ കട്ടായി.
ഇതോടെ രണ്ടു കാര്യങ്ങള്‍ ഉറപ്പായി.

ആളുകള്‍ പറഞ്ഞതു പോലെ ഹൈദ്രോസ് മല്‍ബു ഫോണ്‍ എവിടെയെങ്കിലും കൊണ്ടുവെച്ചിട്ടില്ല, ഭക്ഷണം കഴിക്കുന്ന സ്ഥലത്തുവെച്ച ഫോണ്‍ ചുരുട്ടിക്കൂട്ടി വേസ്റ്റ് സഞ്ചിയില്‍ തിരുകിയിട്ടില്ല.
ആരോ ഫോണ്‍ അടിച്ചുമാറ്റിയിരിക്കുന്നുവെന്നാണ് സ്ഥിരീകരിക്കപ്പെട്ടത്. പക്ഷേ, കള്ളനാണെങ്കില്‍ ഫോണ്‍ ഓഫ് ചെയ്യേണ്ട സമയം കഴിഞ്ഞിരിക്കുന്നു. പക്ഷേ ഇത് ഇപ്പോഴും റിംഗ് ചെയ്തു കൊണ്ടേയിരിക്കുന്നു.

സസ്‌പെന്‍സ് അധികനേരം നീണ്ടുപോയില്ല.
മെസ് ഹാളില്‍നിന്ന് മാലിന്യക്കൂമ്പാരങ്ങളിലേക്ക് നീണ്ടുപോയ തെരച്ചിലിനും സംശയങ്ങള്‍ക്കും പരിഹാരമുണ്ടാക്കി ഒരു വിദ്വാന്‍ പ്രത്യക്ഷപ്പെട്ടു.
മൊയ്തു.
കളഞ്ഞുപോയ ഫോണ്‍ അയാളുടെ കൈയിലുണ്ട്.
പതിവുപോലെ മെസ് ഹാളില്‍നിന്ന് ഭക്ഷണം കഴിച്ചുപോയ മൊയ്തു ഉറങ്ങാന്‍ കിടന്നതായിരുന്നു. നിദ്രയിലാണ്ട അയാള്‍ക്കു സമീപം ഫോണ്‍ റിംഗ് ചെയ്തപ്പോള്‍ സഹമുറിയനായ മല്‍ബു അതെടുത്ത് സൈലന്റാക്കി.

ഹൈദ്രോസ് മല്‍ബു മറ്റൊരാളുടെ ഫോണില്‍നിന്ന് വീണ്ടും വീണ്ടും റിംഗ് ചെയ്തു.
ഉറക്കമുണര്‍ന്ന മൊയ്തു ഫോണില്‍ താന്‍ ഫീഡ് ചെയ്തതു പോലെയല്ലല്ലോ  പേരു കാണിക്കുന്നതെന്ന് ആലോചിച്ച് കണ്ണുകള്‍ ഒന്നകൂടി തിരുമ്മി.

കോണ്‍ടാക്ട് ലിസ്റ്റില്‍ ഒരേ പേരുതന്നെ പലവിധമാണ് പലരും സേവ് ചെയ്യുക. മുഹമ്മദ് കുഞ്ഞി എന്ന പേരിനു പകരം കുഞ്ഞി മതി. ബഹുമാനം പ്രകടപ്പിക്കണമെങ്കില്‍ കുഞ്ഞിക്ക എന്നാക്കാം. കുഞ്ഞും ഇക്കയും വിരുദ്ധമാണെങ്കിലും കുഞ്ഞിക്ക കേള്‍ക്കാനും രസം. മുഹമ്മദിനു ശേഷം കുഞ്ഞി എന്നുള്ളതിനാല്‍ പഴഞ്ചന്‍ പേരായോ എന്ന് സംശയിച്ച ഒരാള്‍ കുഞ്ഞിയെ അറബിവല്‍ക്കരിച്ച് സഗീര്‍ എന്നാക്കിയ കഥയുണ്ട്.

മൊയ്തു പേരിലെ മറിമായത്തെ കുറിച്ച് ആലോചിക്കുമ്പോഴാണ് മെസ് ഹാളില്‍നിന്ന് ഹൈദ്രോസിന്റെ ഫോണ്‍ നഷ്ടപ്പെട്ട വാര്‍ത്തയുമായി കൂട്ടുകാരന്‍ എത്തിയത്. നോക്കിയപ്പോള്‍ മൊയ്തുവിന്റെ കയ്യിലുള്ളതുപോലെ മറ്റൊരു ഫോണ്‍ തൊട്ടപ്പുറത്ത് വിശ്രമിക്കുന്നു.
ആരേയും പഴിക്കേണ്ട. ഫോണ്‍ എടുക്കാതെ ഭക്ഷണത്തിനുപോയ മൊയ്തു തന്റേതാണെന്ന് കരുതി അവിടെ കിടന്നിരുന്ന ഫോണ്‍ എടുത്തു മടങ്ങിയതായിരുന്നു.

ഫോണിനുവേണ്ടി മാലിന്യപ്പെട്ടി തപ്പാന്‍ പോയ ഹൈദ്രോസിനെ പെട്ടിയുടെ അവകാശിയായ ഒരു സ്ത്രീ  വിരട്ടിയെന്നത് നാട്ടിലെ നോക്കുകൂലിക്ക് സമാനമായി  കൂട്ടുകാര്‍ പ്രചരിപ്പിച്ച മറ്റൊരു കഥ.

April 22, 2013

ബിസ്‌കറ്റ് കുറി

ആരും ഫോണെടുക്കാതായപ്പോള്‍ കിച്ചണില്‍ മീന്‍ നന്നാക്കുകയായിരുന്ന മല്‍ബി പിറുപിറുത്തുകൊണ്ട് ചാടി വന്നു. കൈയിലും കത്തിയിലും പറ്റിപ്പിടിച്ചിരിക്കുന്ന ചെറുചിന്തമ്പലുകളുടെ തിളക്കം.

നിങ്ങള്‍ക്കെന്താ ചെവി കേട്ടൂടേ മനുഷ്യാ, ഇങ്ങനെയുമുണ്ടോ ഒരു വായന.

ഒരു മണിക്കൂറോളം മീനിനോട് മല്ലിട്ട മല്‍ബി വിയര്‍ത്തുകുളിച്ചിട്ടുണ്ട്. കിച്ചണിലേക്കൊരു ഫാന്‍ വാങ്ങിക്കൊടുക്കാത്തതിലുള്ള ദേഷ്യം കൂടി ചേര്‍ന്നുള്ളതായിരുന്നു ചോദ്യത്തിന്റെ ഊക്ക്. വേണമെങ്കില്‍ പൊട്ടിത്തെറിച്ചു എന്നു പറയാം. കാക്കാന്നുള്ള വിളി മനുഷ്യനിലേക്ക് മാറിയിട്ടുമുണ്ട്.

ഹൈദ്രോസ് മല്‍ബു സൂക്ഷ്മമായി പത്രം വായിക്കുകയായിരുന്നു. എന്തുകൊണ്ട് സ്വര്‍ണം ഇങ്ങനെ പിടിവിട്ടു? ആരാണ് സ്വര്‍ണം വിറ്റുതുലക്കുന്നത്? ഇതൊക്കെ കണ്ടെത്താനാണ് വായന.
ഹിന്ദി ഗാനമൊഴുക്കി മൊബൈല്‍ തൊട്ടടുത്ത് തന്നെയുണ്ട്. അതിലാകട്ടെ മൊയ്തു എന്ന പേരും അയാളുടെ പടവും തെളിഞ്ഞു കാണുന്നുമുണ്ട്. എന്നിട്ടും ഹൈദ്രോസ് മൈന്റ് ചെയ്യുന്നില്ല.

തുറിച്ചു നോക്കിയ മല്‍ബിയോട്, ഫോണ്‍ എടുക്കരുതെന്ന് ആംഗ്യം കാണിച്ചു. നോട്ടത്തിലൂടെ മല്‍ബിയെ സൈലന്റാക്കിയതല്ലാതെ ഫോണ്‍ സൈലന്റാക്കാന്‍ മെനക്കെട്ടതുമില്ല.
പാട്ട്  പാടിത്തീരുന്നതുവരെ രണ്ടുപേരും മൗനം തുടര്‍ന്നു.

അതു മൊയ്തുക്കാ അല്ലേ, നിങ്ങളെന്താ ഫോണ്‍ എടുക്കാത്തത്- മല്‍ബി ചോദിച്ചു.

കരുതിക്കൂട്ടി എടുക്കാത്തതു തന്നെയാ. ഉറങ്ങാണെന്ന് വിചാരിച്ചോട്ടെ.
ഒറ്റക്കോളും മിസ് ആക്കാത്തയാളാണ്. ബാത്ത് റൂമില്‍ കയറിയാല്‍ പോലും ഫോണ്‍ റിംഗ് ചെയ്യുന്നത് കേട്ടാല്‍ ഇറങ്ങി വന്നെടുക്കും. ഇറങ്ങാന്‍ പാകത്തിലല്ലെങ്കില്‍ മല്‍ബി അതെടുത്ത് ബാത്ത്‌റൂമില്‍ കൊണ്ടുകൊടുക്കണം. വെള്ളത്തില്‍ വീണാലും കേടാകാത്ത ഫോണ്‍ കണ്ടുപിടിച്ചതു തന്നെ ഈ മല്‍ബുവിന് വേണ്ടിയാണ്.

ഉറങ്ങുമ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തുവെക്കുകയാണ് പതിവ്. മിസ്ഡ് കോള്‍ കണ്ടാല്‍ തിരിച്ചുവിളിക്കുക നിര്‍ബന്ധമാണല്ലോ? അതൊഴിവാക്കാനാണ് ഈയടവ്. ഓഫാക്കിയിടുക.
എന്താ നിങ്ങള്‍ മൊയ്തുക്കായുമായി തെറ്റിയോ? ഫോണ്‍ എടുക്കാതിരിക്കാന്‍ മാത്രം എന്താ കുഴപ്പം?
ഹൈദ്രോസിന്റെ അടുത്ത കൂട്ടുകാരനും നാട്ടുകാരനുമാണ് മൊയ്തു.

അതേയ്, ഇപ്പോള്‍ ഫോണെടുത്താല്‍ കുടുങ്ങും. അവന്‍ പത്ത് പേരെ നോക്കി നടക്കുവാണ്. ചോദിച്ചാല്‍ പിന്നെ ഇല്ലാന്ന് പറയാന്‍ പറ്റൂല്ല. അവന്റെ അടുത്ത നീക്കം തലചൊറിയലായിരിക്കും.
ഓഹോ, ചിട്ടിയില്‍ ചേര്‍ക്കാനാ അല്ലേ?

അതെങ്ങനെ നിനക്ക് മനസ്സിലായി. പത്ത് പേരെ വേറെ എന്തിനൊക്കെ ചേര്‍ക്കാം.
മൊയ്തുക്കാന്റെ താത്ത ഒരു മണിക്കൂര്‍ മുമ്പ് വിളിച്ച് പറഞ്ഞതേയുള്ളൂ. നമ്മള്‍ ചേര്‍ന്നാല്‍ മാത്രം പോരാ, രണ്ട് പേരെ ഉണ്ടാക്കി കൊടുക്കേം വേണം. നിങ്ങള്‍ ഫോണ്‍ എടുക്കാതിരുന്നിട്ടൊന്നും കാര്യമില്ല. വൈകിട്ട് വിവരം കൊടുക്കണം. ഇല്ലെങ്കില്‍ മൊയ്തുവും താത്തയും ഇങ്ങോട്ടെത്തും.

ചിട്ടി തുടങ്ങാന്‍ മൊയ്തു പലരേയും സമീപിച്ചതായി അറിഞ്ഞതോണ്ടായിരുന്നു ഹൈദ്രോസിന്റെ മുന്‍കരുതല്‍. ഓഫീസിലെ മുസ്തഫ ചിട്ടിക്കില്ലാന്നു പറഞ്ഞപ്പോള്‍ അയ്യായിരമാ  കടം ചോദിച്ചത്. ആദ്യം ചിട്ടിയില്‍ ചേരാന്‍ പറയും. ഇല്ലാന്നു പറഞ്ഞാല്‍ തലചൊറിഞ്ഞുകൊണ്ട് ചുരുങ്ങിയത് ആയിരമെങ്കിലും കടം ചോദിക്കും.
രക്ഷയില്ലെന്നാണ് മല്‍ബിയുടെ നിഗമനം. അവള്‍ പറഞ്ഞാല്‍ തെറ്റാറില്ല.
ഹൈദ്രോസ് മല്‍ബിയോട് പറഞ്ഞു.
പത്താളായിക്കിട്ടിയാല്‍ നമ്മള്‍ രക്ഷപ്പെട്ടു. നീയും കൂടി പ്രാര്‍ഥിച്ചോ.
പറഞ്ഞുകൊണ്ടിരുന്നപ്പോള്‍ വീണ്ടും മൊബൈലില്‍ ഹിന്ദിപ്പാട്ട്.
മൊയ്തു തന്നെ.

എടുക്കാതിരുന്നിട്ട് കാര്യമില്ല. മല്‍ബി പറഞ്ഞതുപോലെ അല്‍പം കഴിഞ്ഞാല്‍ ഇങ്ങോട്ടെത്തും.

പിന്നേയ്, ചിട്ടി തുടങ്ങുന്ന കാര്യം മല്‍ബി പറഞ്ഞില്ലേ. ഈ മാസം തന്നെ തുടങ്ങാണെട്ടോ. അഞ്ച് പേരുടെ കുറവുണ്ട്. നിങ്ങളെ കൂടാതെ രണ്ടാളെ ശരിയാക്കിത്തരണം. അല്ലെങ്കില്‍ നിങ്ങള്‍ രണ്ട് നറുക്കിനുചേരണം.

സുഖമാണോ എന്നു പോലും ചോദിക്കുന്നതിനുമുമ്പേ ആവശ്യം നിരത്തിയ മൊയ്തുവിനോട് ഹൈദ്രോസിന് അസൂയ തോന്നി.
ഈ സമയല്ലാത്ത സമയത്ത് എന്തിനാ മൊയ്തൂ ചിട്ടി തുടങ്ങുന്നത്? ആളുകളൊക്കെ കുഴപ്പത്തിലല്ലേ?
എന്തു കുഴപ്പം. ചിട്ടി ഇപ്പോള്‍ തുടങ്ങീട്ടേ കാര്യമുള്ളൂ. ബിസ്‌കറ്റ് വാങ്ങിവെക്കാനാണ്. രണ്ടെണ്ണമാ വളര്‍ന്നുവരുന്നത്. വാങ്ങിവെച്ചാ ആവശ്യമുണ്ടേല്‍ വില്‍ക്കേം ചെയ്യാം.
എല്ലാരും ഇങ്ങനൊക്കെ തന്നെയാ ചെയ്യുന്നത്. കാറ്റുള്ളപ്പോള്‍ തൂറ്റണം. നിങ്ങള്‍ക്ക് കേക്കണോ. നാണീനെ വിളിച്ചപ്പോ അവന്‍ ബാങ്കീന്ന് ലോണ്‍ എടുത്താ പത്തിരുപത് കോയിന്‍സ് വാങ്ങിയത്.
അച്ചായനെ വിളിച്ചപ്പോ അയാളും ലോണ്‍ എടുത്തിരിക്കുന്നു. നമ്മള്‍ മാത്രാ ഇതിലൊന്നും ശ്രദ്ധിക്കാത്തത്. ഉറുപ്പ്യേടെ വിലയിടിഞ്ഞപ്പോ അച്ചായന്‍ കടം വാങ്ങാത്ത ആളുണ്ടായിരുന്നില്ല. ബാങ്ക് ലോണും നാട്ടുകാരുടെ കടവും ഒക്കെ ആയപ്പോള്‍ ഫിക്‌സഡ് ഡെപ്പോസിറ്റില്‍നിന്ന് നല്ല വരവ്. ഇനിയിപ്പോ പണി നിര്‍ത്തി പോയാലും അയാള്‍ക്ക് കുഴപ്പമില്ല.
കണ്ണു തള്ളിക്കുന്ന വിവരങ്ങളാണ് മൊയ്തു പറയുന്നത്.
അഞ്ച് പത്ത് കൊല്ലായിട്ടും, മല്‍ബി പിന്നാലെ കൂടിയിട്ടും ഒരു പത്തു പവന്‍ വാങ്ങിവെക്കാന്‍ ഹൈദ്രോസിനു ഇതുവരെ തോന്നിയിട്ടില്ല.
സ്‌കൂള്‍ ഫീസടക്കാന്‍ കടം വാങ്ങിയാല്‍ പോലും നെഞ്ചിടിപ്പാണ്. എന്നിട്ടുവേണ്ടേ വിലയിടിഞ്ഞതോണ്ട് സ്വര്‍ണം വാങ്ങി സൂക്ഷിക്കാന്‍.
മൂന്നാമത്തെ നറുക്ക് നിങ്ങള്‍ക്ക് തരാമെന്ന് പറഞ്ഞുകൊണ്ട് മൊയ്തു പ്രലോഭനം തുടര്‍ന്നു. പൊന്നിന്റെ വില താഴോട്ട് വീണതുപോലെ തന്നെ.
അവസാനം ഒരു നറുക്കിന് ചേരാമെന്ന് സമ്മതിപ്പിച്ചാണ് അയാള്‍ ഫോണ്‍ താഴെ വെച്ചത്.


April 14, 2013

തൊണ്ണൂറാന്‍എല്ലാമൊന്ന് കലങ്ങിത്തെളിയട്ടെ എന്ന ഉപദേശം കേട്ട് നാടണഞ്ഞതായിരുന്നു ഹൈദ്രോസ് മല്‍ബു. പ്രതീക്ഷക്കു വിരുദ്ധമായി എയര്‍പോര്‍ട്ടില്‍ പത്രക്കാരേയും ടി.വിക്കാരേയുമൊന്നും കാണാനില്ല. ഇനി ടി.വിയില്‍ കാണാമെന്ന് പറഞ്ഞാണ് റൂമില്‍നിന്ന് ഇറങ്ങിയത്. 

പകച്ചുനിന്നപ്പോള്‍ അടുത്തെത്തിയത് അബ്ബാസായിരുന്നു. റിയാല്‍ അബ്ബാസ്‌ക്ക. വിമാനമിറങ്ങുന്നവരോട് റിയാലുണ്ടോ നല്ല റേറ്റ് തരാം എന്നു പറയുന്ന അബ്ബാസിന്റെ മുഖത്തും വലിയ തെളിച്ചമില്ല. 

വെറുമൊരു അബ്ബാസല്ല ഇത്. അയല്‍വാസിയാണ്. മല്‍ബിയുടെ സ്വര്‍ണം പണയം വെച്ച് ആദ്യത്തെ കണ്‍മണിയുടെ മുടികളയല്‍ ഗംഭീരമാക്കിയതും പിന്നീട് ജോലിസ്ഥലത്തേക്ക് മടങ്ങാന്‍ ടിക്കറ്റിനു കാശില്ലാതെ നട്ടംതിരിഞ്ഞതുമൊക്കെ അറിയാവുന്നയാള്‍. 
ഹൈദ്രോസ് ഗള്‍ഫിലേക്ക് മടങ്ങിയിട്ട് മൂന്ന് മാസം തികഞ്ഞിട്ടില്ല.

ചിരിച്ചെന്നു വരുത്തിയ അബ്ബാസ് ചോദിച്ചു:
തൊണ്ണൂറു തികയുമ്പോഴേക്കും ഇങ്ങെത്തി അല്ലേ, തൊണ്ണൂറാന്‍?

നിങ്ങള്‍ കരുതുന്നതു പോലെ എക്‌സിറ്റൊന്നും അല്ല അബ്ബാസ്‌ക്കാ. പുതിയ റെയ്ഡുകളും നിയമങ്ങളുമൊക്കെ ഒന്നു ശരിയാകുന്നതുവരെ നാട്ടില്‍നില്‍ക്കാമെന്നു കരുതി. എല്ലാമൊന്ന് കലങ്ങിത്തെളിഞ്ഞ ശേഷം പോകാം. 

അതിന് അവിടെ ഒക്കെ ശരിയായല്ലോ? റെയ്‌ഡൊക്കെ മൂന്ന് മാസത്തേക്ക് നിര്‍ത്തിവെച്ചില്ലേ. ഇയാളിതൊന്നും അറിഞ്ഞില്ലേ?

പത്രവും ടി.വിയുമൊന്നും കണ്ടില്ല. നിര്‍ത്തിവെച്ചു അല്ലേ. അതോണ്ടാ ടി.വിക്കാരെയും പത്രക്കാരേയുമൊന്നും കാണാത്തത് അല്ലേ? അവരെക്കൊണ്ട് പുറത്തിറങ്ങാന്‍ പറ്റുന്നില്ലാന്നാണല്ലോ കേട്ടിരുന്നത്.

വിമാനത്തില്‍ വെച്ച് ഹൈദ്രോസിന്റെ വയറൊന്ന് കാളിയിരുന്നു. പലപ്പോഴും അങ്ങനെയാണ്. അഹിതമായത് എന്തെങ്കിലും സംഭവിക്കുമ്പോള്‍ വയറാണ് സൂചന നല്‍കുക. നടക്കാനിരിക്കുന്ന കാര്യങ്ങളൊക്കെ സ്വപ്‌നങ്ങളിലൂടെ ഹൈദ്രോസിനെ തേടിയെത്താറുണ്ട്. 

ടിക്കറ്റിനുള്ള കാശ് കടം വാങ്ങി വിമാനത്തില്‍ കയറിയ ഹൈദ്രോസിന് കിട്ടിയ ജ്യൂസ് പോലും കയ്പുനീരായാണ് അനുഭവപ്പെട്ടത്. പലരും പാട്ടുകളിലും സിനിമകളിലും അഭയം തേടിയപ്പോള്‍ ചിന്തകള്‍ മാത്രമായിരുന്നു ഹൈദ്രോസിനു കൂട്ട്. നിതാഖാത്തിന്റെ നിറഭേദങ്ങള്‍.

റെയ്ഡില്‍ പിടികൂടി നാട്ടിലേക്ക് കയറ്റി വിടുന്നതിനു മുമ്പ് റീ എന്‍ട്രി അടിച്ചുകിട്ടിയത് വലിയ ഭാഗ്യമായാണ് എല്ലാവരും പറഞ്ഞത്. പിടിയിലായാല്‍ പിന്നെ നിയമവിരുദ്ധനായി മടങ്ങേണ്ടി വരും. തിരികെ പോകാനാവില്ല. 

ഡ്രൈവിംഗ് ലൈസന്‍സ് പോലുമില്ലാത്ത ഹൗസ് ഡ്രൈവര്‍ വിസയിലായതിനാല്‍ കേട്ടവരൊക്കെയും ഉപദേശിച്ചത് രണ്ട് മൂന്ന് മാസം നാട്ടില്‍ പോയി നില്‍ക്കാനാണ്. അപ്പോഴേക്കും എല്ലാം ഒന്ന് ശരിയാകും.

 അപ്പോഴും മൂന്ന് മാസം മുമ്പ് പണയംവെച്ച സ്വര്‍ണവും മല്‍ബിയുടെ മുഖവുമായിരുന്നു മനസ്സില്‍. ഒരു മാസം കൊണ്ട് തിരികെ എടുക്കാമെന്ന് വാക്കു കൊടുത്തതാണ്. കല്യാണത്തിനു പോകാനുണ്ടെന്ന് പറഞ്ഞ് മല്‍ബി ഫോണിലൂടെ പല തവണ കെഞ്ചിയെങ്കിലും മൂന്ന് മാസമായിട്ടും എടുത്തുകൊടുക്കാന്‍ കഴിഞ്ഞില്ല. 

ഇപ്പോള്‍ നാട്ടിലേക്കുള്ള ടിക്കറ്റിനു പണം നല്‍കിയത് പലിശരഹിത നിധിക്കാരാണ്. അവര്‍ കുറേ പേര്‍ മാസം 100 റിയാല്‍ വീതമെടുത്ത് സ്വരൂപിച്ച ഫണ്ടില്‍നിന്ന് പലിശയില്ലാത്ത വായ്പ.

ദുസ്സൂചനകള്‍ നല്‍കി ഇതിനുമുമ്പും ഹൈദ്രോസിന്റെ വയറുകാളിയിട്ടുണ്ട്. നാട്ടിലേക്ക് ഫോണ്‍ വിളിക്കാന്‍ മിനിറ്റിന് 25 ഹലലയുണ്ടായിരുന്നത് വീണ്ടും 55 ഹലല ആയപ്പോഴും വാറ്റ് കൂടി ചേര്‍ന്നപ്പോള്‍ വോയിപ്പ് കാര്‍ഡില്‍ മിനിറ്റ് കുറഞ്ഞതുമൊെക്ക വയര്‍ അറിയിച്ചിരുന്നു.

റെയ്ഡ് നിര്‍ത്തിയെന്നും പേടി കൂടാതെ തുടര്‍ന്നും ജോലി ചെയ്യുമെന്നും വിമാനത്തില്‍വെച്ച് വയറല്ല, ആരു സൂചന നല്‍കിയിട്ടും കാര്യമില്ല. കേന്ദ്രമന്ത്രിമാരെ വിളിച്ച് വിമാനം തിരിച്ചുപറപ്പിക്കാനൊന്നും കഴിയില്ലല്ലോ? റെയ്ഡ് നിര്‍ത്താന്‍ ഇടപെട്ടിടപെട്ട് തളര്‍ന്നവശരായ മന്ത്രിമാര്‍ ചിലപ്പോള്‍ മെനക്കെട്ടാലും എയര്‍ ഇന്ത്യയെ കൊണ്ട് തീരുമാനമെടുപ്പിക്കാനൊട്ട് കഴിയുകയുമില്ല. 

ഇനിയിപ്പോള്‍ എന്തു ചെയ്യാനാ. വന്നില്ലേ. നാട്ടില്‍ വന്ന സ്ഥിതിക്ക് പുന്നാരമോനോടൊപ്പം കുറച്ചു ദിവസം അടിച്ചുപൊളിച്ച് മടങ്ങിക്കോ? 

അബ്ബാസിന്റെ ചോദ്യമാണ് ചിന്തയില്‍നിന്ന് ഉണര്‍ത്തിയത്. 
പത്രം സംഘടിപ്പിച്ച് വായിച്ചു. മൂന്ന് മാസത്തേക്കാണ് റെയ്ഡ് നിര്‍ത്തിയതെന്നും അതിനുശേഷം തൊഴില്‍ പദവി ശരിയാക്കാത്ത അനധികൃത താമസക്കാരെ വിടില്ലെന്നുമാണ് വാര്‍ത്ത.

 മൂന്ന് മാസം നാട്ടില്‍ തങ്ങി അവിടെ എത്തുമ്പോഴേക്കും തെളിയുകയല്ല, കലങ്ങുകയാണ് ചെയ്യുക. ആരുടെയൊക്കെയോ ഉപദേശം കേട്ട് ഇറങ്ങിപ്പുറപ്പെട്ടത് ബുദ്ധിയായില്ല. അവരെ പറഞ്ഞിട്ടെന്തു കാര്യം. അമ്മാതിരി ആയിരുന്നല്ലോ റെയ്ഡുകളെ കുറിച്ചുള്ള വാര്‍ത്തകള്‍.

 മല്‍ബിയുടെ മുഖം തന്നെ വീണ്ടും. തൊണ്ണൂറ് കഴിഞ്ഞ സന്തോഷമല്ല. വീണ്ടും സ്വര്‍ണം പണയം വെച്ച് ടിക്കറ്റിനു പണം കണ്ടെത്തി വേണം ഇനിയുമൊരു പരീക്ഷണത്തിനു മുതിരാന്‍. പണയം വെക്കാനായി ഇനി അവളുടെ കൈയില്‍ ഒരു പവന്‍ പോലും ബാക്കിയില്ല. 

എന്തിനാ ഹൈദ്രോസേ ഇങ്ങനെ വിഷമിക്കുന്നത്. മടങ്ങിവന്നത് സ്വന്തം നാട്ടിലല്ലേ. വേറെ എവിടേയുമല്ലല്ലോ? 
വീണ്ടും അബ്ബാസിന്റെ ചോദ്യം. 
എന്നെ നോക്കിക്കേ, റിയാലു മാറ്റിക്കൊടുത്ത് ഞാനിവിടെ നാല് മക്കളേം കൊണ്ട് സുഖമായി ജീവിക്കുന്നില്ല? 

അതൊക്കെ ശരി തന്നെ അബ്ബാസ്‌ക്കാ. എന്നാലും കടബാധ്യതകള്‍? 

നീ ധൈര്യമായിരിക്കെടോ. നിന്റേം എന്റേം കാരണവന്മാരൊന്നും ഇത്രേം വലിയ കുടുംബങ്ങളെ പോറ്റിവളര്‍ത്തിയത് നാടുവിട്ടിട്ടൊന്നുമല്ല. ഒക്കെ ശരിയാകും. നീ നോക്കിക്കോ. 
ബി പോസിറ്റീവ്.

April 8, 2013

മൊയ്തുവിന്റെ ഓട്ടവും ഹൈദ്രോസിന്റെ സങ്കടവും


പത്രത്തിലെ ഹെഡിംഗുകള്‍ നോക്കിക്കഴിഞ്ഞ ശേഷം ഹൈദ്രോസിന്റെ കണ്ണുകള്‍ ടി.വിയിലേക്ക് നീണ്ടു. പത്രവായന നാട്ടിലല്ലേ, ഇവിടെ പണിയല്ലേ എന്ന പഴയ നിലപാട് ഇപ്പോഴില്ല.  നാടും നാട്ടാരും ഭയപ്പെടുന്ന നിതാഖാതും റെയ്ഡും വരുത്തിയ മാറ്റം. 

മറ്റു നാലു പേരും കൂര്‍ക്കംവലിച്ചുറങ്ങുകയാണ്. അകത്തെ മുറിയില്‍നിന്നുള്ള കൂര്‍ക്കംവലി സംഗീതോപകരണത്തെ അനുസ്മരിപ്പിച്ചുകൊണ്ട് നടുവിലെ മുറിവരെ കേള്‍ക്കാം. 
താന്‍ മാത്രമേ കൂര്‍ക്കം വലിയില്ലാതെ ഉറങ്ങാറുള്ളൂ എന്ന ഹൈദ്രോസിന്റെ വീമ്പുപറച്ചില്‍ ഈയിടെ മൊയ്തു പൊളിച്ചു കൊടുത്തിരുന്നു. ഉറങ്ങുമ്പോഴുളള ഹൈദ്രോസിന്റെ  മുഖഭാവങ്ങളും ശബ്ദവും വിഡിയോ ക്യാമറയില്‍ പകര്‍ത്തി ഒരു സംഭവമാക്കിക്കളഞ്ഞു മൊയ്തു. ബാച്ചിലര്‍ റൂമില്‍ എക്‌സ്ട്രാ ഡീസന്റാണെന്ന ഹൈദ്രോസിന്റെ തോന്നല്‍ ഇല്ലാതായതോടെ കൂര്‍ക്കംവലിക്കാരെ സ്‌നേഹിക്കുന്ന തലത്തിലേക്ക് അഞ്ച് പേരും ഉയര്‍ന്നു. 

ഇപ്പോള്‍ ബെഡുകളില്‍നിന്ന് ഉയര്‍ന്നുകേള്‍ക്കുന്ന ശബ്ദങ്ങളോട് ആര്‍ക്കും വെറുപ്പില്ലെന്ന് മാത്രമല്ല, പല സൗണ്ടുകളോടും താരതമ്യം ചെയ്യാവുന്ന കൂര്‍ക്കംവലി എ.സിയുടെ ശബ്ദം പോലെ നിദ്രക്ക് അനിവാര്യമാണെന്ന തിയറിയിലും എത്തിച്ചേര്‍ന്നിരിക്കുന്നു.
പഹയന്മാര്‍ ഉണരട്ടെ എന്നു കരുതി ഹൈദ്രോസ് ടി.വിയുടേയും റസീവറിന്റേയും വോള്യം മാക്‌സിമം ആക്കി. ബെഡ്‌റൂമിന്റെ വാതില്‍ തുറന്നുവെച്ചു. അസൂയ തന്നെ. കാരണം മൊയ്തുവിനും നാണിക്കും കുഞ്ഞാപ്പക്കും മൗലവിക്കും പണിക്കു പോണ്ട. നാലു ദിവസമായി വീട്ടില്‍തന്നെ ഇരുന്നോളാനാണ് ഇന്‍ചാര്‍ജ് പറഞ്ഞിരിക്കുന്നത്. അവര്‍ക്കിനി വിളിച്ചാല്‍ മാത്രം കമ്പനിയിലേക്ക് പോയാല്‍മതി.  പരിശോധനയുടെ പൂരം കഴിയുന്നതുവരെ വിശ്രമം. നിതാഖാത് റെസ്റ്റ്. എന്നാല്‍ ഹൈദ്രോസിന് എല്ലാ ദിവസവും പോകണമെന്നു മാത്രമല്ല, ഓഫീസില്‍ മൊയ്തുവിന്റെ പണി കൂടി എടുത്തുതീര്‍ക്കുകേം വേണം. 

ഇരട്ടിപ്പണിയും മറ്റുള്ളവര്‍ അനുഭവിക്കുന്ന സുഖത്തെ കുറിച്ചുള്ള ചിന്തയുമാണ് ഹൈദ്രോസിന്റെ മനസ്സിനെ കുഴപ്പത്തിലാക്കിയിരിക്കുന്നത്. സ്വഭാവം പാടേ മാറിയിരിക്കുന്നു. ആകപ്പാടെ ദേഷ്യം. ഒന്നുകൂടി ബെഡ് റൂമിലേക്ക് നോക്കി. എന്തൊരു സുഖത്തിലാണ് നാലു പേരും കിടന്നുറങ്ങുന്നത്. പല്ലുകള്‍ കടിച്ചമര്‍ത്തി ഏങ്കോണിച്ച മുഖത്തോടെ മുറിയിലേക്ക് ചാടിപ്പോയ ഹൈദ്രോസ് എ.സി ഓഫ് ചെയ്തു. കോപത്തിന്റെ ഊക്കില്‍ സ്വിച്ച് പറിഞ്ഞു പോന്നില്ലെന്നേയുള്ളൂ. 

ചൂട് കൂടുമ്പോള്‍ താനേ എഴുന്നേറ്റോളും. അങ്ങനെ സുഖിച്ചുറങ്ങണ്ട. മൊയ്തുവിനെ ബ്ലാങ്കറ്റ് കൊണ്ട് വലിച്ചുമൂടി. മൊയ്തുവിനോടാണ് ഏറ്റവും കൂടുതല്‍ ദേഷ്യം. കാരണം അയാളുടെ പണിയാണ് ഹൈദ്രോസിന്റെ തലയില്‍വന്നു വീണിരിക്കുന്നത്. 
ഇങ്ങനെ പണിക്ക് വരാതിരുന്നാല്‍ അവരുടെ ശമ്പളം കട്ട് ചെയ്യുമോ എന്ന് ഹൈദ്രോസ് ഇന്‍ചാര്‍ജിനോട് ചോദിച്ചിരുന്നു. 
തല്‍ക്കാലം അവരോട് വരണ്ട എന്നു പറയാനേ ഓര്‍ഡറുള്ളൂ. പാവങ്ങളല്ലേ. ശമ്പളം കട്ട് ചെയ്യാന്‍ പറഞ്ഞിട്ടില്ല. 
ഒരിക്കലും പ്രതീക്ഷിച്ചതായിരുന്നില്ല  ഈ മറുപടി.  
പഴുപ്പിച്ച് എഴുന്നേല്‍പിക്കുകയെന്ന ഹൈദ്രോസിന്റെ തന്ത്രം ഫലിച്ചു. 
മുറിയില്‍ ചൂട് കൂടിയതിനാലോ ടി.വിയുടെ ശബ്ദം കേട്ടതിനാലോ എന്തോ മൊയ്തു എഴുന്നേറ്റു വന്നു.
സലാം ചൊല്ലിയെങ്കിലും ശാന്തമല്ലാത്ത ഹൈദ്രോസിന്റെ മനസ്സില്‍നിന്ന് പ്രത്യഭിവാദ്യം പുറത്തുവന്നില്ല. 
എന്താ ഹൈദ്രോസേ.. രാവിലെ തന്നെ ഒരു മൂഡ് ഓഫ്,  സലാം പോലും മടക്കിയില്ല. ഓഫീസില്‍ പണി കൂടിയിട്ടുണ്ടാവും അല്ലേ?

ഏയ്. അങ്ങനെയൊന്നുമില്ല. അവിടെയൊരു പണിയുമില്ല -ഹൈദ്രോസ് പച്ചക്കള്ളം പറഞ്ഞു. 
നാട്ടില്‍ വിളിച്ചിരുന്നു അവിടെ ആര്യാടന്റെ വക എപ്പോഴും കറന്റ് കട്ട്. അതോണ്ടൊരു മൂഡ് ഓഫ്.
പണിക്കു പോകാതെ ഇവിടെ തന്നെയിരുന്ന് ബോറടിച്ചു തുടങ്ങി. മൊയ്തു പറഞ്ഞുതുടങ്ങിയപ്പോഴേക്കും ടി.വിയില്‍ രണ്ടു പേര്‍ക്കും പരിചയമുള്ള മുഖം പ്രത്യക്ഷപ്പെട്ടു.
എയര്‍പോര്‍ട്ടില്‍നിന്നുള്ള ഇന്റര്‍വ്യൂ ആണ്. വിമാനമിറങ്ങിയ ഹൈദ്രോസിന്റെ ചങ്ങാതിയെ ടി.വി റിപ്പോര്‍ട്ടര്‍ പിടികൂടി മൈക്ക് നീട്ടിയിരിക്കുന്നു. 

സൗദിയില്‍ ഒരു പ്രശ്‌നവുമില്ല. അവിടെ സാധാരണ നടക്കുന്ന പരിശോധനകളേയുള്ളൂ. പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ തന്നെ അത് കേന്ദ്ര സര്‍ക്കാരും മന്ത്രിമാരും ഇടപെട്ട് ഉടന്‍ പരിഹരിച്ചോളും. 
കേട്ടപ്പോള്‍ ഹൈദ്രോസിനു പിന്നേയും ദേഷ്യം വന്നു. പ്രശ്‌നങ്ങളില്ല എന്നു പറഞ്ഞതിലല്ലായിരുന്നു. 
സൗദി വിശേഷങ്ങള്‍ അറിയാന്‍ ഹൈദ്രോസിനെ വിളിക്കൂ എന്നു പറഞ്ഞ് ടി.വിക്കാരനു ടെലിഫോണ്‍ നമ്പര്‍ കൊടുക്കാന്‍ ശട്ടം കെട്ടിയിരുന്നു. അത് ടിയാന്‍ ചെയ്തില്ല. എന്നിട്ട് ഇപ്പോള്‍ ഒരു പ്രശ്‌നവുമില്ലെന്ന് പക്കാ രാഷ്ട്രീയം പറഞ്ഞിരിക്കുന്നു. 

ആളുകള്‍ ഇവിടെ കിടന്നുറങ്ങുന്നത് ഇയാള്‍ കണ്ടില്ലല്ലൊ- മൊയ്തുവും രോഷത്തില്‍ പങ്കുചേര്‍ന്നു.
ഇന്നലത്തെ എന്റെ ഓട്ടം ഷൂട്ട് ചെയ്ത് ടി.വയില്‍ കൊടുത്താല്‍ മതിയായിരുന്നു. 
എന്തു ഓട്ടം.
ഹൈദ്രോസ് അന്വേഷിച്ചു.

അതെ, ഇന്നലെ റൂമിലിരുന്നു ബോറടിച്ച ഞാന്‍ വൈകിട്ടൊന്നു പുറത്തിറങ്ങിയതായിരുന്നു. സൂപ്പര്‍മാര്‍ക്കറ്റിനു മുന്നിലെത്തിയപ്പോള്‍ ആളുകള്‍ ജീവനും കൊണ്ട് ഓടുന്നു. ഞാനും തിരിഞ്ഞോടി. പരമാവധി വേഗത്തില്‍. പെട്ടെന്ന് പിറകില്‍നിന്നൊരു കൈ എന്റെ ചുമലില്‍. അനധികൃത താമസക്കാരെ പിടികൂടാനെത്തുന്ന പുതിയ പരിശോധകര്‍ മല്ലന്മാരായ ബദുക്കളാണെന്നും ഓടി രക്ഷപ്പെടാന്‍ മുതിരരുതെന്നും പലരും പറഞ്ഞതുകൊണ്ട് അയഞ്ഞു കൊടുത്തു. അയാള്‍ എന്റെ ചുമലില്‍പിടിച്ചു തിരിച്ചുനിര്‍ത്തി ചോദിച്ചു.
ഞങ്ങള്‍ ഓടുന്നത് മുനിസിപ്പാലിറ്റിക്കാര്‍ പിടിക്കാന്‍ വന്നതുകൊണ്ട്. നിങ്ങള്‍ എന്തിനാണ് ഓടുന്നത്?
വഴിയോരക്കച്ചവടക്കാരനായ യെമനി ആയിരുന്നു അത്. പച്ചക്കറി വണ്ടികള്‍ ഉപേക്ഷിച്ച് ഓടിയ അവരോടൊപ്പം അണി ചേര്‍ന്നവരില്‍ മൊയ്തു മാത്രമല്ല, വേറേയും മല്‍ബുകള്‍ ഉണ്ടായിരുന്നു.  
മസിലു പിടിച്ചുനിന്നിരുന്ന ഹൈദ്രോസും ആ തമാശ ആസ്വദിച്ചു. 
നിങ്ങള്‍ക്കു ചിരിക്കാം. പക്ഷേ, ദാ നോക്കിയേ ഇപ്പോഴും എന്റെ കിതപ്പറിയാം- മൊയ്തു നെഞ്ചില്‍ കൈവെച്ചുകൊണ്ട് പറഞ്ഞു.

Related Posts Plugin for WordPress, Blogger...