Pages

പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..

April 10, 2011

വെടിക്കുരുവും മുസ്‌ലി പവറും


അവധി കഴിഞ്ഞ് പോരുമ്പോള്‍ ഇഷ്ടജനങ്ങള്‍ക്ക് വല്ലതും കൊണ്ടുവരാത്ത പ്രവാസികളുണ്ടാവില്ല. പണ്ടൊക്കെ ഗള്‍ഫുകാരന്‍ മടങ്ങുന്ന വീട് രണ്ടു മൂന്നു ദിവസം മുമ്പെങ്കിലും സജീവമാകുമായിരുന്നു. വളയിട്ട കൈകളാല്‍ തയാറാക്കുന്ന പലഹാരങ്ങള്‍ തന്നെ വേണമെന്ന് കൊണ്ടുവരുന്നവരും ഗള്‍ഫില്‍ അതിന്റെ എന്‍ഡ് യൂസര്‍മാരും വാശി പിടിച്ചിരുന്ന കാലമായിരുന്നു അത്. വിവാഹ സല്‍ക്കാരങ്ങള്‍ക്കും അതുപോലുള്ള മാമൂലുകള്‍ക്കും മാത്രം പണി കിട്ടിയിരുന്ന  അപ്പക്കാരത്തികള്‍ക്ക് അതൊരു ആശ്വാസവും.
അപ്പത്തരങ്ങളുണ്ടാക്കുന്നതില്‍ പ്രാവീണ്യമില്ലാത്ത സ്ത്രീ ബന്ധു ജനങ്ങളുള്ള വീടാണെങ്കില്‍, അവിടെ ഗള്‍ഫുകാരനെത്തിയാല്‍, അപ്പക്കാരത്തിക്ക് ബുക്കിംഗ് ഉറപ്പിക്കാം. ബുക്കിംഗ് ലഭിക്കുന്ന മുറക്ക് അടുക്കളയിലെ ചുമരില്‍ അവര്‍ക്ക് കരി കൊണ്ട് കോറാം. നാലാമത്തെ വെള്ളിയാഴ്ച രാത്രി മൂപ്പന്റകത്തെ പുര.
അപ്പത്തരങ്ങള്‍ ചുട്ടുചുട്ട് എക്‌സ്പര്‍ട്ടായ സ്വന്തക്കാര്‍ പെണ്ണുങ്ങള്‍ തന്നെയുള്ള വീടാണെങ്കില്‍ അവിടെ അപ്പക്കാരത്തിക്കു കാര്യമില്ല. വീടു മാറിപ്പോയവരൊക്കെ തിരിച്ചെത്തി ആഘോഷത്തോടെയായിരിക്കും ഒന്നു രണ്ടു രാവും പകലും നീളുന്ന അപ്പനിര്‍മാണം. അവസാനം  ഗള്‍ഫിലേക്ക് മടങ്ങുന്നയാളുടേയും അയാളുടെ കെട്ടിയോളുടേയും കണ്ണീരു കൂടി കണ്ട ശേഷമായിരിക്കും ബന്ധു സ്ത്രീകളുടെ മടക്കം.
വളയിട്ട കൈകളൊരുക്കുന്ന അച്ചാറിനും അപ്പത്തരങ്ങള്‍ക്കുമൊപ്പം ചെട്ടിയാന്റെ പപ്പടവും കോഴിക്കോടന്‍ ഹലുവയും ചിപ്‌സും പണ്ടു തന്നെ ഗള്‍ഫുകാരന്റെ മടക്കപ്പെട്ടിയില്‍ സ്ഥാനം പിടിച്ചവയാണ്. കാലക്രമേണ, അപ്പക്കാരത്തികള്‍ കുറ്റിയറ്റില്ലെങ്കിലും വീടുകളിലെ നിര്‍മിതി ബേക്കറികളിലേക്ക് മാറി. ആദ്യകാലത്ത് കൊണ്ടുവന്നിരുന്ന പലഹാരങ്ങളുടെ രൂപഭേദങ്ങള്‍ ബേക്കറികളില്‍ ഇപ്പോള്‍ റെഡി.
വീടുകളില്‍നിന്ന് ഒന്നും കൊണ്ടുവരേണ്ട കാര്യമില്ല. എയര്‍പോര്‍ട്ടിനു സമീപമെത്തിയാല്‍ ഒരു കടയില്‍ കയറി ആവശ്യമായ സാധനങ്ങള്‍ വാങ്ങി പെട്ടി നിറച്ചാല്‍ മതി.
ഒരു പരമ്പാരഗത തൊഴിലിനാണല്ലോ കത്തിവെച്ചതെന്നു ചിന്തിക്കാനൊന്നുമില്ല. നാടോടുമ്പോള്‍ നടുവെ ഓടണമെന്ന മോഡേണ്‍ ട്രെന്ററിയുന്ന അപ്പക്കാരത്തികള്‍ തന്നെയാണ് ബേക്കറികളിലേക്കുള്ള അപ്പത്തരങ്ങള്‍ ഉണ്ടാക്കി നല്‍കുന്നത്. അതൊരു കുടില്‍ വ്യവസായമായി നടത്തിക്കൊണ്ടുപോകുന്നു നവീന അപ്പക്കാരത്തികള്‍.
സഹമുറിയന്മാരെയും ബന്ധുക്ക്വെളയും കൂട്ടുകാരെയും മാത്രമല്ല, അവധി കഴിഞ്ഞ് മടങ്ങുന്ന പ്രവാസി പരിഗണിച്ചിരുന്നത്. തൊഴിലുടമയായ അറബിയെ തൃപ്തിപ്പെടുത്താന്‍ ചക്ക മുതല്‍ ഊദും ചന്ദനവും വരെ പ്രവാസി കൊണ്ടുവരുന്ന സമ്മാനങ്ങളില്‍ ഉള്‍പ്പെടുന്നു.
വലിയ ശമ്പളത്തില്‍നിന്ന് മിച്ചം വെച്ച തുകയുടെ വലിപ്പവും അതുപയോഗിച്ച് വാങ്ങുന്ന വസ്തുവിലൂടെ നേടിയെടുക്കാമെന്ന് കണക്കുകൂട്ടുന്ന ആനുകൂല്യവുമനുസരിച്ചായിരിക്കും അറബിക്കുള്ള സമ്മാനപ്പൊതിയുടെ കനവും വിലയും. വര്‍ഷം അഞ്ചോ പത്തോ വിസ തരപ്പെടുത്തി നല്‍കുന്ന അറബിയാണെങ്കില്‍ പത്തിരുപതിനായിരത്തിന്റെ ഊദോ ചന്ദനമോ എത്തിച്ചുകൊടുത്താല്‍ നഷ്ടമൊന്നുമില്ല. പത്തുപതിനഞ്ച് വര്‍ഷമായിട്ടും ഒരു റിയാല്‍ പോലും ശമ്പളയിനത്തില്‍ കൂട്ടിത്തരാത്ത പഹയന് ചക്കച്ചുള തന്നെ ധാരാളം. പക്ഷേ, കൊടുക്കാതിരിക്കാന്‍ നിര്‍വാഹമില്ല. മറ്റവന്‍ എത്തിച്ചുകൊടുത്ത് പണിയുന്ന പാരക്ക് ഇരയാകുന്നതിലും ഭേദമല്ലേ, തേന്‍വരിക്കയുടെ നാലഞ്ച് ചുളകളെങ്കിലും നല്‍കുന്നത്.
സമ്മാനങ്ങളിലൂടെ അറബികളെ മയക്കി മയക്കി അറബികളോളം വളര്‍ന്ന് ഇപ്പോള്‍ സര്‍വരുടേയും ആദരവ് പിടിച്ചുപറ്റുന്നവരെ കുറിച്ച് ആലോചിച്ചിരിക്കുമ്പോഴാണ് നാട്ടില്‍നിന്നൊരു വിളി. 
മറ്റാരുമല്ല, മൂന്ന് മാസം കൊണ്ട് തന്നെ വീണ്ടുമൊരു അവധി തരപ്പെടുത്തി നാട്ടിലേക്ക് പറന്ന, എല്ലാവരുടെയും അസൂയക്ക് പാത്രമായ ഭാഗ്യവാന്‍.
അല്ല, വോട്ടെടുപ്പ് ചൂടിലെന്താ ഒരു വിളി.
അതേയ്, അത്യാവശ്യായിട്ട് ഒരു കാര്യം അറിയാനായിരുന്നു. നമ്മുടെ എം.പി നിരോധിച്ചത് അവിടെ അറബി പത്രങ്ങളിലൊക്കെ വന്നിട്ടുണ്ടോ?
എന്തു നിരോധിച്ചത്. മീഡിയാ പോളോ?
അയ്യോ അതല്ല, നമ്മുടെ കേരള സര്‍ക്കാര്‍ മറ്റേത് നിരോധിച്ചില്ലേ?
മനസ്സിലായില്ലാട്ടോ..  തെളിച്ചു പറ.
അതേയ്, മുസ്്‌ലി പവര്‍ എക്‌സ്ട്ര നിരോധിച്ചത് അവിടെ അറബി പത്രങ്ങളിലൊക്കെ വന്നിട്ടുണ്ടോ എന്ന്.
ശ്രദ്ധയില്‍ പെട്ടില്ലാട്ടോ. എന്താ നിങ്ങടെ പ്രശ്‌നം?
അറബിക്ക് കൊടുക്കാന്‍ കുറച്ച് എക്‌സ്ട്രാ കൊണ്ടുവരണം.
നിരോധിച്ചെങ്കിലും ഇവിടെ സ്റ്റോക്കുണ്ട്. അവിടെ എയര്‍പോര്‍ട്ടില്‍ വല്ല പ്രശ്‌നവും ആകുമോ എന്നാണ് അറിയേണ്ടത്.
ഊദിനും ചന്ദനത്തിനും പകരം നമ്മുടെ മല്‍ബു കൊണ്ടുവരുന്നത്് ലോകത്തെ വിവിധ ലബോറട്ടറികളില്‍ പരീക്ഷിച്ചു തെളിഞ്ഞ ആയുര്‍വേദ വിസ്മയമാണ്. വെടിക്കുരുവിനോടൊപ്പം പാക്ക് ചെയ്താണത്രേ ടിയാന്‍ അതു കൊണ്ടുവരുന്നത്. തല പുണ്ണക്കണ്ട. ചക്കക്കുരുവിന് കോട്ടയത്തുള്ള മല്‍ബു പറയുന്ന നാടന്‍ പേരാണ് വെടിക്കുരു.
പരസ്യങ്ങളില്‍ കണ്ടു മനഃപാഠമാക്കിയ ദൗത്യത്തിനല്ല മല്‍ബു ഇതു കൊണ്ടുവരുന്നത്. സന്താന സൗഭാഗ്യമില്ലാതെ കണ്ണീര്‍ക്കയത്തില്‍ മുങ്ങിയ സ്വന്തം അറബിക്കും പത്്‌നിക്കും സമ്മാനിക്കാനാണ്. കൂടിയാല്‍ രണ്ട് മാസത്തെ ഉപയോഗം കൊണ്ട് അകാല സ്ഖലനറുതി മാത്രമല്ല, സന്താന സൗഭാഗ്യത്തിനും വഴിതെളിക്കുമെന്ന്് കുന്നത്ത് സി. അബ്രഹാം പറഞ്ഞത് മല്‍ബു വിശ്വസിച്ചാലും ഇല്ലെങ്കിലും അറബിയെ അതു വിശ്വസിപ്പിച്ചിരിക്കുന്നു.
കുഞ്ഞാലിക്കുട്ടിയുടെ ഫോട്ടോ കൂട്ടിച്ചേര്‍ത്തുള്ള ഞാന്‍ ഗ്യാരണ്ടി പരസ്യവും കുഞ്ഞാലിക്കുട്ടിയെ പോലുള്ളവരില്‍നിന്ന് പെണ്‍കുട്ടികളെ രക്ഷിക്കാനാണ് വി.എസ് മുസ്‌ലി മരുന്ന് നിരോധിച്ചതെന്ന വാര്‍ത്തയും ഇന്റര്‍നെറ്റില്‍ പ്രചരിച്ച തമാശ.  
പിടികിട്ടാത്തത് ഒരു കാര്യമാണ്. ചക്കക്കുരവിനോടൊപ്പം ഗുളിക വെച്ച് പാക്ക് ചെയ്താല്‍ അത് സ്ക്രീനിംഗ് മെഷീനില്‍നിന്ന് രക്ഷപ്പെടുമോ? മല്‍ബുവിന്റെ ഓരോ വിദ്യകള്‍. 
കുന്നത്ത് മാത്രമല്ല, മുസ്‌ലി പവര്‍ വഴി വീണ്ടും ജീവിതം പൂര്‍ണമായും ആസ്വദിച്ചുതുടങ്ങിയെന്ന് സാക്ഷ്യപ്പെടുത്തിയ പത്ര, ടെലിവിഷന്‍ ഉടമകളും മാനേജര്‍മാരും മലയാളികളാണല്ലോ?   


                                     

9 comments:

ശങ്കരനാരായണന്‍ മലപ്പുറം said...

എം.പി.കഴിച്ചാല്‍ എം.കെ.മാറുമോ?

faisal said...

Moopendekath veed evidyo kettapole

അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ said...

അല്ലെങ്കിലും ഇതൊക്കെ നമ്മള്‍ പ്രവാസികളുടെ പൊടിക്കൈകള്‍ ...അല്ലെ ?
നന്നായി അവതരിപ്പിച്ചു ..........ആശംസകള്‍ ...

Unknown said...

ha ha ha good

നിലാവ്‌ said...

മുസ്ലി പവറിനു പകരം, അറബി ചക്കക്കുരു എടുത്തു വിഴുങ്ങി" എന്നായിരിക്കും കഥയുടെ ക്ലൈമാക്സ്‌ എന്നാണു വായിച്ചുകൊണ്ടിരുന്നപ്പോൾ തോന്നിയത്‌... ഏതായാലും നന്നായിട്ടുണ്ട്‌.

Ammu said...

nannaayittund.

Unknown said...

ആദ്യത്തെ ഖ്ണ്ഡികയൊക്കെയുള്ളത് വായിക്കുമ്പോള്‍ അവതരണ ശൈലിയില്‍ എനിക്ക് നല്ല മതിപ്പ് തോന്നി. പിന്നീടല്ലെ അവസാനത്തെ ഖണ്ഡികയില്‍ നിന്ന്‍ മനസ്സിലായത് ഇത് ഒരാളെകുറിച്ച് കരിവാരിത്തേച്ചതാണെന്ന്‍. ഇതാണെങ്കില്‍ ഞാന്‍ വായിക്കില്ലായിരുന്നു,,എന്റെ സമയം നഷ്ടം കൂ..കൂ..കൂ.........(എന്നുകരുതി കുഞ്ഞാലികുട്ടി കള്ളനെല്ലായെന്ന്‍ ആരും കരുതേണ്ട കേട്ടൊ)

Arafath Kochipally said...

സംഭവം കലക്കി..കുന്നാപ്പനെ കുറിച്ചുള്ള പരാമര്‍ശം ഒഴിവാക്കാമായിരുന്നു. പേരിനു വിഎസ്സിനെ പരാമര്ഷികുന്നെങ്ങിലും വെടി കുരു ഉന്നം വെക്കുനതും കുന്ഹപ്പനെ തന്നെ..

pravaasam... prethavaasam said...

nammal koyyum vayalellaaam.... nammudethaaakum musli powere....

Related Posts Plugin for WordPress, Blogger...