Pages

പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..

July 20, 2012

പാചകറാണി വിനയവതിഅതൊരു വരവായിരുന്നു. വിജേത്രി, വിജയിനി, വിജയശ്രീലാളിത എന്നൊക്കെ പറയില്ലേ, അതുതന്നെ. വലിയ സമ്മാനപ്പൊതിയും കൈയിലേന്തി ഇപ്പോള്‍ എന്തായി എന്ന ഭാവത്തോടെ.
മല്‍ബു വാപൊളിച്ചുപോയീന്നു പറഞ്ഞാല്‍ മതിയല്ലോ.
തുടക്കം മുതല്‍ തന്നെ പാരയായിരുന്നു. പരിഹാസവും. അതുകൊണ്ടുതന്നെ മല്‍ബിക്ക് ഈ സമ്മാനത്തില്‍ ആഹ്ലാദിക്കാനേ വകയുള്ളൂ.
പക്ഷേ എന്തിനാണ് ഈ സമ്മാനമെന്ന സസ്‌പെന്‍സ് മാത്രം ഒരു കുളുവുമില്ലാതെ മല്‍ബുവിനെ അന്തക്കേടിലാക്കി.
നിനക്ക് പാചക മത്സരത്തില്‍ സമ്മാനം കിട്ടീന്ന് പറഞ്ഞാല്‍ വേറെ ആരു വിശ്വസിച്ചാലും ഞാന്‍ വിശ്വസിക്കില്ല. സമ്മാനം ഫാഷന്‍ ഷോയ്ക്കായിരിക്കും.
കൊളുത്തുമോ എന്നു നോക്കി ഒന്നിട്ടു നോക്കിയെങ്കിലും മല്‍ബിയുടെ മറുപടി മറ്റൊരു തരത്തിലായിരുന്നു.
ഒരു പര്‍ദ വാങ്ങാന്‍ പോയതിന് എന്തൊരു പുകിലായിരുന്നു. ഇപ്പോള്‍ കണ്ടില്ലേ നാലാളുടെ കൂട്ടത്തീന്നാ സമ്മാനം വാങ്ങിപ്പോന്നത്. നിങ്ങള്‍ക്ക് തന്നെയാ അതിന്റെ ഒരു പത്രാസ്. മല്‍ബൂന്റെ കെട്ടിയോള്‍. സ്വന്തമായി ഒരു പേരുണ്ടായിട്ടെന്താ കാര്യം. അനൗണ്‍സ് പോലും മിസിസ് മല്‍ബു.
നിങ്ങള്‍ വിശ്വസിച്ചില്ലെങ്കിലെന്താ. നാളെ പത്രത്തില്‍ പേരുവരും-ജയോത്സവത്തിന്റെ ചിരി മുഴക്കി മല്‍ബി.
നാരി വിദ്വേഷം ആക്ഷേപിച്ച് ആളെ കൂട്ടുന്ന ടൈപ്പല്ലാത്തതു കൊണ്ട് എന്തും പറയാം. എന്തു പ്രകോപനവും നടത്താം. ഇത്തിരി ഇണക്കമില്ലായ്മ കാണിക്കുമെന്നേയുള്ളൂ. എന്തും സഹിക്കും. സര്‍വംസഹ.
പക്ഷേ, പ്രകോപനങ്ങളൊന്നും ഫലം കാണുന്നില്ല. സമ്മാനത്തിന്റെ ഗുട്ടന്‍സ് മാത്രം മല്‍ബി വെളിപ്പെടുത്തുന്നില്ല.
ചിലപ്പോള്‍ പുരോഗമനോന്മുഖമായ പാചക മത്സരമായിരിക്കാം. അടുക്കള ബഹിഷ്‌കരണം സ്ത്രീ-പുരുഷ സമത്വത്തിന്റെ അടയാളമായി കരുതുന്നതിനാല്‍ പാചക വിജ്ഞാനത്തില്‍ ഏറ്റവും പിറകില്‍ നില്‍ക്കുന്നവര്‍ക്കായിരിക്കും സമ്മാനം നല്‍കുക?
സാഹിത്യത്തിനും സിനിമക്കുമൊക്കെ ഇങ്ങനെ എതിര്‍ മത്സരമുണ്ട്. മോശക്കാരെ ആദരിക്കല്‍. അതുപോലെ കുക്കിംഗില്‍ വട്ടപ്പൂജ്യമായ നാരീജനങ്ങളേയും ആദരിക്കാം. ഫാസ്റ്റ് ഫുഡുകാരും ഹോട്ടലുകാരുമായിരിക്കും ഇത്തരം മത്സരങ്ങളുടെ സ്‌പോണ്‍സര്‍മാര്‍. നാരികളെ അടുക്കള വികര്‍ഷണമുള്ളവരാക്കി മാറ്റുന്നതിലാണല്ലോ അവരുടെ വിജയം.
വേറെ ഒരു സാധ്യത കൂടിയുണ്ട്. അത് പാചകമത്സരത്തിന്റെ സംഘാടകരുമായി ബന്ധപ്പെട്ടുള്ളതാണ്.
വര്‍ഗബോധമുയര്‍ത്തി പുതിയ ആകാശവും പുതിയ ഭൂമിയും പണിയേണ്ടവര്‍ ഇങ്ങനെ കുടുംബിനികളെ കൂട്ടിപ്പിടിച്ച് കുക്കിംഗ് മത്സരം നടത്തേണ്ടവരല്ല എന്ന് ശക്തമായ അഭിപ്രായമുള്ളയാളാണ് മല്‍ബു. നറുക്കെടുപ്പും സമ്മാനവും ലോട്ടറിയുമൊക്കെ തനി ഒബാമ ഏര്‍പ്പാടുകളാണെന്ന് ഒരു കുലംകുത്തിയെ പോലെ ശക്തിയായി പറഞ്ഞിട്ടുമുണ്ട്. അതിന് സംഘാടകരുടെ വക മധുരമനോഹര പ്രതികാരമാകാം ഈ സമ്മാനം.
തോല്‍വിക്ക് കുമ്പിടീക്കുകയൊന്നും രീതിയല്ലെങ്കിലും മല്‍ബിയുടെ പ്രതികാരദാഹമായിരിക്കുമോ സമ്മാനത്തിനു പിന്നിലെന്ന സംശയവുമുണ്ട്.
മല്‍ബി പാചക മത്സരത്തിനു പോകാനുള്ള പര്‍ദ വാങ്ങാന്‍ പോയത് അല്‍പം മുഷിഞ്ഞാണ് കലാശിച്ചിരുന്നത്. നാട്ടില്‍ കല്യാണത്തിനും പിറന്നാള്‍ സദ്യക്കുമൊക്കെ ഓരോ സാരി എന്നതു പോലെ ഇവിടെ പര്‍ദയും വേണോ എന്നു ചോദിച്ചത് മല്‍ബിക്ക് ഇഷ്ടായിരുന്നില്ല. അതു മാത്രമല്ല, മറ്റുള്ളവരെപ്പോലെ കടയില്‍ പോയി സെലക്ഷനു സഹായിച്ചില്ലാന്നുള്ളൊരു പരാതിയും.
മല്‍ബു മൂപ്പിലാന്റെ അവഗണനക്കൊരു വാളേറുവിദ്യ കിടക്കട്ടെ എന്നു കരുതി നാരീ സംഘത്തിലെ ഏതെങ്കിലുമൊരു മല്‍ബി സ്വമേധയാ സമ്മാനം ത്യജിച്ച് നല്‍കിയതായിരിക്കുമോ?
ഇനിയിപ്പോ ഇത് റോളിംഗ് സമ്മാനമാണോ ആവോ. സംഘാംഗങ്ങളുടെ വീട്ടില്‍ ഒരു പ്രസവ കാലത്തേക്ക് ഇങ്ങനെ മാറി മാറി സൂക്ഷിക്കാനുള്ള ഏര്‍പ്പാട്.
മല്‍ബുവിന്റെ അറിയാനുള്ള പൂതി കണ്ട് മല്‍ബിക്ക് ഉള്ളില്‍ ചിരി വരുന്നുണ്ടായിരുന്നു. വികടശീലം ജന്മസിദ്ധമാണെങ്കിലും മല്‍ബുവിന്റെ വിസ്തരിച്ചുള്ള ഒരു ചിരി മതി മല്‍ബി വീഴാന്‍. നീയൊന്ന് ക്ഷമിക്കൂ എന്നുകൂടി പറഞ്ഞാല്‍ പിടാപ്പിടിത്തത്തിന്റെ ഗതി മാറും.
ഇതുപോലെ വേണം. നിന്നിലെ പിടിവാശി ഉയര്‍ത്തി വിജയശ്രീലാളിതയാക്കാനല്ലേ കുക്കിംഗ് മത്സരത്തോട് ഞാനിങ്ങനെ വിമുഖത കാണിച്ചത്. നീ ഈ സമ്മാനവുമായി വന്നപ്പോള്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ചത് ഈ ചേട്ടനല്ലേ?
സീരിയലില്‍ കേട്ട ഡയലോഗ് മല്‍ബു ആവര്‍ത്തിച്ചപ്പോള്‍ അതില്‍ മല്‍ബി വീണു. ആപതിച്ചു എന്നു പറയുന്നതാവും ശരി.
അതു പിന്നെ, ഫുഡ് ഒന്നും ഉണ്ടാക്കി കൊണ്ടുപോകാതെ എനിക്കെങ്ങനെ സമ്മാനം കിട്ടിയെന്നാണല്ലോ നിങ്ങള്‍ക്ക് അറിയേണ്ടത്?
ചങ്ങാതി നന്നായാല്‍ കുക്കിംഗ് വേണ്ട എന്നു കേട്ടിട്ടില്ലേ. അതു തന്നെയാണ് സംഭവിച്ചത്. എനിക്കുവേണ്ടി കൂട്ടുകാരിയാണ് ഭക്ഷണം ഉണ്ടാക്കിയത്. അവളുകൂടി മത്സരിക്കുന്നതിനാല്‍ എനിക്കു നല്‍കിയത് രണ്ടാം നമ്പര്‍ വിഭവമാണെങ്കിലും സമ്മാനം എല്ലാവര്‍ക്കും ഒരുപോലെ തന്നെ. ഞാന്‍ മത്സരിക്കാന്‍ തയാറായിരുന്നില്ലെങ്കില്‍ ഗ്രൂപ്പില്‍ എണ്ണം തികക്കാന്‍ അവര്‍ക്ക് വേറെ ഒരാളെ തെരയേണ്ടിവരുമായിരുന്നു. സംഘശക്തിയുടെ ഗുണമാണിത്. ഞങ്ങടെ ഗ്രൂപ്പിലെ എല്ലാവര്‍ക്കുമുണ്ട് സമ്മാനം.
മല്‍ബിയുടെ സത്യസന്ധതയില്‍ കോള്‍മയിര്‍കൊണ്ട മല്‍ബു കുക്കിംഗ് മത്സരം കണ്ടുപിടിച്ച ഏഭ്യനേയും അതു പിന്തുടരുന്ന പുരോഗമനവാദികളേയും മനസ്സില്‍ ആവാഹിച്ചുകൊണ്ട് മല്‍ബിയുടെ കൈ പിടിച്ച് കിച്ചണില്‍ കയറി. കറി വല്ലതും ബാക്കിയിരിപ്പുണ്ടെങ്കില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ പോയി ചപ്പാത്തി വാങ്ങാമല്ലോ?
കൊടുംചൂടില്‍ നിയിങ്ങനെ അടുക്കളയില്‍ വിയര്‍ത്തൊലിക്കേണ്ട കാര്യമൊന്നുമില്ല.
ആ സ്‌നേഹത്തിനു മുന്നില്‍ മല്‍ബി ഒരിക്കല്‍ കൂടി വിനയവതിയായി.

July 7, 2012

മുറുകിപ്പോയ ഒരു ടൈടെന്‍ഷനില്ലാതെ എങ്ങനെ പുറത്തിറങ്ങാമെന്ന് ഒരു വി.ഐ.പിയില്‍നിന്ന് പഠിച്ചിറങ്ങിയ മല്‍ബുവിന് പറ്റിയത് അക്കിടി. അക്കിടിയെന്നു പറഞ്ഞാല്‍ ശരിയാകില്ല, ശരിക്കും കൂട്ടിയിടി തന്നെയാണ് സംഭവിച്ചത്.
സ്വാഭാവികമായും ഉസ്താദിനെ പഴിക്കാന്‍ തോന്നിയെങ്കിലും അയാളെന്തു പിഴച്ചുവെന്ന് മനസ്സ് ആശ്വസിപ്പിച്ചു.

ഡ്രൈവിംഗ് ലൈസന്‍സ് എടുക്കുന്നതിനു മുമ്പ് തന്നെ വണ്ടിയോടിച്ചു തുടങ്ങിയ മല്‍ബുവിന് മല്‍ബിയേയും കുഞ്ഞിനേയും നാട്ടില്‍ വിട്ടതിനു ശേഷം അക്കിടിയോട് അക്കിടിയായിരുന്നു.
ഒരു യൂസ്ഡ് കാര്‍ കയ്യില്‍ വന്നുപെട്ടു. ടെസ്റ്റിനു പോയി ലൈസന്‍സ് സമ്പാദിക്കാന്‍ ക്ഷമ ഇല്ലായിരുന്നു. അതിനു മുമ്പുതന്നെ കാറുമായി റോഡിലിറങ്ങി. ട്രാഫിക് പോലീസ് പിടിക്കില്ലേ എന്നു ചോദിച്ചവരോട് മല്‍ബു പറഞ്ഞു.

ദേ കണ്ടില്ലേ മുന്‍ സീറ്റിലിരിക്കുന്നു ലൈസന്‍സ്.
സീറ്റില്‍ മറ്റാരുമായിരുന്നില്ല, മല്‍ബിയും കുഞ്ഞും. ഇവരെ മുന്നിലിരുത്തി വണ്ടി ഓടിച്ചു പോയാല്‍ ആരും ബുദ്ധിമുട്ടിക്കില്ല, നിര്‍ത്താന്‍ കൈ കാണിക്കുക പോലുമില്ല. വിശ്വാസമാണല്ലോ എല്ലാം. മല്‍ബു അങ്ങനെ രണ്ടു വര്‍ഷത്തോളം കാറോടിച്ചു. ഒരു പോലീസുകാരനും ഒരിക്കലും കൈ കാണിച്ചില്ല.

പക്ഷേ മുന്‍ സീറ്റില്‍ കവചമായി കൊണ്ടുനടന്ന ജീവനുള്ള ലൈസന്‍സിന് നാട്ടില്‍ പോകാതിരിക്കാന്‍ പറ്റില്ലല്ലോ? വെക്കേഷന് മല്‍ബിയും കുഞ്ഞും നാട്ടിലേക്ക് പറന്നു. അതോടെ ലൈസന്‍സില്ലാതെ വണ്ടി ഓടിക്കാമെന്ന ധൈര്യം ചോര്‍ന്നു പോകുകയും മല്‍ബു യഥാവിധി ടെസ്റ്റിനു പോയി  അതു സമ്പാദിക്കുകയും ചെയ്തു.

പിന്നെയാണ് കഥ. ലൈസന്‍സ് പഴ്‌സിലിട്ട് വണ്ടി ഓടിച്ച ആദ്യ ദിവസം തന്നെ പോലീസ് കൈ കാണിച്ചു. കടലാസൊക്കെ ഉണ്ടായിരുന്നതിനാല്‍ പിഴ ഒന്നുമില്ല. പക്ഷേ, കൈനീട്ടം പിഴച്ചില്ല. തുടര്‍ന്നങ്ങോട്ട് എപ്പോഴും കൈ നീട്ടല്‍ തന്നെ. വല്ലാത്ത ഒരു അത്ഭുതമായാണ് മല്‍ബുവിന് അതു ഫീല്‍ ചെയ്തത്. രണ്ടു വര്‍ഷം ഒരിക്കല്‍ പോലും പരിശോധനക്കായി കാര്‍ നിര്‍ത്തേണ്ടി വന്നിട്ടില്ല. മല്‍ബുവിന്റെ മനസ്സില്‍ മല്‍ബിയുടെ വില, നാട്ടില്‍ സാധനങ്ങളുടെ വില ഉയരുന്നതു പോലെ കുത്തനെ ഉയര്‍ന്നു.

അങ്ങനെയിരിക്കേയാണ് ഫാമിലി ഫ്‌ളാറ്റ് വിട്ട് ബാച്ചിലേഴ്‌സ് ഫ്‌ളാറ്റിലേക്ക് മാറിയ മല്‍ബുവിന് ആ ഗുരുനാഥനെ ലഭിച്ചത്. എപ്പോഴും ടൈ കെട്ടി മാത്രം കാറോടിക്കുന്ന ഒരു ഉസ്താദ്.

മല്‍ബു തന്റെ സങ്കട കഥ വിവരിച്ചപ്പോള്‍ ഉസ്താദ് പറഞ്ഞു:
ഞാന്‍ ഈ ടൈ കെട്ടി കാര്‍ ഓടിക്കുന്നതിന്റെ ഗുട്ടന്‍സ് പിന്നെ എന്താണ്? വെറുമൊരു കുക്കായ ഞാന്‍ ഇങ്ങനെ ഷര്‍ട്ട് ഇന്‍ ചെയത് ടൈ കെട്ടി കാര്‍  ഓടിക്കുന്നത് ആര്‍ക്കും ദഹിച്ചിട്ടില്ല. നാളെ നീ ഇങ്ങനെ ഒന്നു പോയി നോക്കൂ. കാറിന് ഒരാളും കൈനീട്ടില്ല. നീട്ടിയാല്‍ തന്നെ ഉടന്‍ തന്നെ കൈവീശി വിടുന്നതിനും വിദ്യകളുണ്ട്.

മല്‍ബുവിന് കൗതുകമായി. കാതു കൂര്‍പ്പിച്ചു കേട്ടു. അറിവ് എവിടെനിന്നായാലും നേടണമല്ലോ. ഡ്രീം ലൈനര്‍ വിമാനം ഇന്ത്യന്‍ എയര്‍ലൈന്‍സില്‍നിന്നു വന്ന പൈലറ്റുമാരെക്കൊണ്ട് തൊടീക്കരുത് എന്ന് എയര്‍ ഇന്ത്യ പൈലറ്റുമാര്‍ പറയുന്നതൊക്കെ ചീപ്പ് എര്‍പ്പാടാണ്.
ടൈ കെട്ടുന്ന കുക്ക് നിസ്സാരക്കാരനല്ലാട്ടോ. നിവൃത്തികേട് കൊണ്ടാണ് ഇങ്ങനെ അടുപ്പിലെ ചൂട് സഹിക്കുന്നത്. കണ്ണില്‍ ചോരയില്ലാത്ത കഫീല്‍ ഉടലോടെ അപ്രത്യക്ഷനാക്കിയ ശേഷം മറ്റൊരു വഴിയും കണ്ടില്ല. ആരും പണി നല്‍കാതായി. കുക്കിന്റെ വേഷമണിഞ്ഞു. വെള്ളിയാഴ്ചകളില്‍ ഒന്നു രണ്ടിടത്ത് വി.ഐ.പി ഫുഡുണ്ടാക്കുന്ന ഏര്‍പ്പാടുണ്ട്. അവിടേക്ക് പോകാനാണ് ടൈ കെട്ടി ഡ്രൈവര്‍ സീറ്റില്‍ കയറുന്നത്.
വി.ഐ.പി കുക്കില്‍നിന്ന് മല്‍ബു പാഠങ്ങള്‍ അഭ്യസിച്ചു.

ഷര്‍ട്ട് ഇന്‍ ചെയ്ത് ടൈ കെട്ടിയ ശേഷം കാറില്‍ കയറി നിവര്‍ന്നിരിക്കണം. 90 ഡിഗ്രിയില്‍ ശരിക്കും മസിലു പിടിക്കണം. ആരു കണ്ടാലും ഏതോ ഉയര്‍ന്ന ഉദ്യോഗസ്ഥാനാണെന്നു തോന്നണം. മുന്നോട്ടേ നോക്കാവൂ. അങ്ങനെ പോകുമ്പോള്‍ ആരെങ്കിലും കൈ നീട്ടാനുള്ള സാധ്യത ഒട്ടുമില്ല. ഇനി നീട്ടിയാല്‍ തന്നെ ഒരിക്കലും അറബി ഭാഷ മൊഴിഞ്ഞു പോകരുത്.
പകരം, കാന്‍ യൂ സ്പീക്ക് ഇംഗ്ലീഷ് സാര്‍, ഐ ഡോണ്‍ട് നോ അറബിക് എന്നു പറഞ്ഞേക്കണം.

വണ്ടി നിര്‍ത്തിക്കാന്‍ വന്നയാള്‍ അതുപോലെ പോയിക്കോളും.
ആകെക്കൂടി കേട്ടപ്പോള്‍ കൊള്ളാലോ വിദ്യ എന്നു തോന്നിയ മല്‍ബു ടൈ കെട്ടാന്‍ അറിയാത്തതിനാല്‍ ഉസ്താദിനെക്കൊണ്ടു തന്നെ അതു നിര്‍വഹിപ്പിച്ചു. ഇനിയിത് എല്ലായ്‌പോഴും കെട്ടണമെന്നില്ല, ഊരിയെടുത്ത് ആവശ്യം വരുമ്പോള്‍ തലയിലൂടെ ഇട്ടാല്‍ മതി.

അങ്ങനെ വഴിയും കുറുക്കുവഴിയും പഠിച്ച് ടൈ കെട്ടി മസിലു പിടിച്ചു പോകുകയായിരുന്നു മല്‍ബു. ആദ്യമായിട്ടാവണം ടൈ കഴുത്തില്‍ മുറുകുന്നതു പോലെ തോന്നി. പെട്ടെന്നാണ് അതു സംഭവിച്ചത്. മുന്നില്‍ പോയിക്കൊണ്ടിരുന്ന വില കൂടിയ കാറിനു പിന്നില്‍ ചെന്നിടിച്ചു.

വണ്ടി നിര്‍ത്തി ചാടിവന്ന അയാളുടെ  മുന്നില്‍ അറബി പാടേ മറന്നുകൊണ്ട് ഇംഗ്ലീഷില്‍ അഭയം തേടി മല്‍ബു. 'കാന്‍ യൂ സ്പീക്ക് ഇംഗ്ലീഷ്?' എന്നു ചോദിച്ചതും ആഗതന്‍ ടൈയില്‍ പിടിച്ചു വലിച്ചതും ഒരുമിച്ചായിരുന്നു. മല്‍ബുവിന് സോറിയുടെ ഇംഗ്ലീഷ് ആലോചിച്ചെടുക്കേണ്ടി വന്നില്ല....മാലിഷ്.
ടൈ മുറുകിയതുകൊണ്ടോ പേടിച്ചരണ്ടതുകൊണ്ടോ മല്‍ബുവിന്റെ മുഖഭാവങ്ങള്‍ ആഗതനെ തണുപ്പിച്ചു.  
Related Posts Plugin for WordPress, Blogger...