Pages

പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..

July 20, 2012

പാചകറാണി വിനയവതിഅതൊരു വരവായിരുന്നു. വിജേത്രി, വിജയിനി, വിജയശ്രീലാളിത എന്നൊക്കെ പറയില്ലേ, അതുതന്നെ. വലിയ സമ്മാനപ്പൊതിയും കൈയിലേന്തി ഇപ്പോള്‍ എന്തായി എന്ന ഭാവത്തോടെ.
മല്‍ബു വാപൊളിച്ചുപോയീന്നു പറഞ്ഞാല്‍ മതിയല്ലോ.
തുടക്കം മുതല്‍ തന്നെ പാരയായിരുന്നു. പരിഹാസവും. അതുകൊണ്ടുതന്നെ മല്‍ബിക്ക് ഈ സമ്മാനത്തില്‍ ആഹ്ലാദിക്കാനേ വകയുള്ളൂ.
പക്ഷേ എന്തിനാണ് ഈ സമ്മാനമെന്ന സസ്‌പെന്‍സ് മാത്രം ഒരു കുളുവുമില്ലാതെ മല്‍ബുവിനെ അന്തക്കേടിലാക്കി.
നിനക്ക് പാചക മത്സരത്തില്‍ സമ്മാനം കിട്ടീന്ന് പറഞ്ഞാല്‍ വേറെ ആരു വിശ്വസിച്ചാലും ഞാന്‍ വിശ്വസിക്കില്ല. സമ്മാനം ഫാഷന്‍ ഷോയ്ക്കായിരിക്കും.
കൊളുത്തുമോ എന്നു നോക്കി ഒന്നിട്ടു നോക്കിയെങ്കിലും മല്‍ബിയുടെ മറുപടി മറ്റൊരു തരത്തിലായിരുന്നു.
ഒരു പര്‍ദ വാങ്ങാന്‍ പോയതിന് എന്തൊരു പുകിലായിരുന്നു. ഇപ്പോള്‍ കണ്ടില്ലേ നാലാളുടെ കൂട്ടത്തീന്നാ സമ്മാനം വാങ്ങിപ്പോന്നത്. നിങ്ങള്‍ക്ക് തന്നെയാ അതിന്റെ ഒരു പത്രാസ്. മല്‍ബൂന്റെ കെട്ടിയോള്‍. സ്വന്തമായി ഒരു പേരുണ്ടായിട്ടെന്താ കാര്യം. അനൗണ്‍സ് പോലും മിസിസ് മല്‍ബു.
നിങ്ങള്‍ വിശ്വസിച്ചില്ലെങ്കിലെന്താ. നാളെ പത്രത്തില്‍ പേരുവരും-ജയോത്സവത്തിന്റെ ചിരി മുഴക്കി മല്‍ബി.
നാരി വിദ്വേഷം ആക്ഷേപിച്ച് ആളെ കൂട്ടുന്ന ടൈപ്പല്ലാത്തതു കൊണ്ട് എന്തും പറയാം. എന്തു പ്രകോപനവും നടത്താം. ഇത്തിരി ഇണക്കമില്ലായ്മ കാണിക്കുമെന്നേയുള്ളൂ. എന്തും സഹിക്കും. സര്‍വംസഹ.
പക്ഷേ, പ്രകോപനങ്ങളൊന്നും ഫലം കാണുന്നില്ല. സമ്മാനത്തിന്റെ ഗുട്ടന്‍സ് മാത്രം മല്‍ബി വെളിപ്പെടുത്തുന്നില്ല.
ചിലപ്പോള്‍ പുരോഗമനോന്മുഖമായ പാചക മത്സരമായിരിക്കാം. അടുക്കള ബഹിഷ്‌കരണം സ്ത്രീ-പുരുഷ സമത്വത്തിന്റെ അടയാളമായി കരുതുന്നതിനാല്‍ പാചക വിജ്ഞാനത്തില്‍ ഏറ്റവും പിറകില്‍ നില്‍ക്കുന്നവര്‍ക്കായിരിക്കും സമ്മാനം നല്‍കുക?
സാഹിത്യത്തിനും സിനിമക്കുമൊക്കെ ഇങ്ങനെ എതിര്‍ മത്സരമുണ്ട്. മോശക്കാരെ ആദരിക്കല്‍. അതുപോലെ കുക്കിംഗില്‍ വട്ടപ്പൂജ്യമായ നാരീജനങ്ങളേയും ആദരിക്കാം. ഫാസ്റ്റ് ഫുഡുകാരും ഹോട്ടലുകാരുമായിരിക്കും ഇത്തരം മത്സരങ്ങളുടെ സ്‌പോണ്‍സര്‍മാര്‍. നാരികളെ അടുക്കള വികര്‍ഷണമുള്ളവരാക്കി മാറ്റുന്നതിലാണല്ലോ അവരുടെ വിജയം.
വേറെ ഒരു സാധ്യത കൂടിയുണ്ട്. അത് പാചകമത്സരത്തിന്റെ സംഘാടകരുമായി ബന്ധപ്പെട്ടുള്ളതാണ്.
വര്‍ഗബോധമുയര്‍ത്തി പുതിയ ആകാശവും പുതിയ ഭൂമിയും പണിയേണ്ടവര്‍ ഇങ്ങനെ കുടുംബിനികളെ കൂട്ടിപ്പിടിച്ച് കുക്കിംഗ് മത്സരം നടത്തേണ്ടവരല്ല എന്ന് ശക്തമായ അഭിപ്രായമുള്ളയാളാണ് മല്‍ബു. നറുക്കെടുപ്പും സമ്മാനവും ലോട്ടറിയുമൊക്കെ തനി ഒബാമ ഏര്‍പ്പാടുകളാണെന്ന് ഒരു കുലംകുത്തിയെ പോലെ ശക്തിയായി പറഞ്ഞിട്ടുമുണ്ട്. അതിന് സംഘാടകരുടെ വക മധുരമനോഹര പ്രതികാരമാകാം ഈ സമ്മാനം.
തോല്‍വിക്ക് കുമ്പിടീക്കുകയൊന്നും രീതിയല്ലെങ്കിലും മല്‍ബിയുടെ പ്രതികാരദാഹമായിരിക്കുമോ സമ്മാനത്തിനു പിന്നിലെന്ന സംശയവുമുണ്ട്.
മല്‍ബി പാചക മത്സരത്തിനു പോകാനുള്ള പര്‍ദ വാങ്ങാന്‍ പോയത് അല്‍പം മുഷിഞ്ഞാണ് കലാശിച്ചിരുന്നത്. നാട്ടില്‍ കല്യാണത്തിനും പിറന്നാള്‍ സദ്യക്കുമൊക്കെ ഓരോ സാരി എന്നതു പോലെ ഇവിടെ പര്‍ദയും വേണോ എന്നു ചോദിച്ചത് മല്‍ബിക്ക് ഇഷ്ടായിരുന്നില്ല. അതു മാത്രമല്ല, മറ്റുള്ളവരെപ്പോലെ കടയില്‍ പോയി സെലക്ഷനു സഹായിച്ചില്ലാന്നുള്ളൊരു പരാതിയും.
മല്‍ബു മൂപ്പിലാന്റെ അവഗണനക്കൊരു വാളേറുവിദ്യ കിടക്കട്ടെ എന്നു കരുതി നാരീ സംഘത്തിലെ ഏതെങ്കിലുമൊരു മല്‍ബി സ്വമേധയാ സമ്മാനം ത്യജിച്ച് നല്‍കിയതായിരിക്കുമോ?
ഇനിയിപ്പോ ഇത് റോളിംഗ് സമ്മാനമാണോ ആവോ. സംഘാംഗങ്ങളുടെ വീട്ടില്‍ ഒരു പ്രസവ കാലത്തേക്ക് ഇങ്ങനെ മാറി മാറി സൂക്ഷിക്കാനുള്ള ഏര്‍പ്പാട്.
മല്‍ബുവിന്റെ അറിയാനുള്ള പൂതി കണ്ട് മല്‍ബിക്ക് ഉള്ളില്‍ ചിരി വരുന്നുണ്ടായിരുന്നു. വികടശീലം ജന്മസിദ്ധമാണെങ്കിലും മല്‍ബുവിന്റെ വിസ്തരിച്ചുള്ള ഒരു ചിരി മതി മല്‍ബി വീഴാന്‍. നീയൊന്ന് ക്ഷമിക്കൂ എന്നുകൂടി പറഞ്ഞാല്‍ പിടാപ്പിടിത്തത്തിന്റെ ഗതി മാറും.
ഇതുപോലെ വേണം. നിന്നിലെ പിടിവാശി ഉയര്‍ത്തി വിജയശ്രീലാളിതയാക്കാനല്ലേ കുക്കിംഗ് മത്സരത്തോട് ഞാനിങ്ങനെ വിമുഖത കാണിച്ചത്. നീ ഈ സമ്മാനവുമായി വന്നപ്പോള്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ചത് ഈ ചേട്ടനല്ലേ?
സീരിയലില്‍ കേട്ട ഡയലോഗ് മല്‍ബു ആവര്‍ത്തിച്ചപ്പോള്‍ അതില്‍ മല്‍ബി വീണു. ആപതിച്ചു എന്നു പറയുന്നതാവും ശരി.
അതു പിന്നെ, ഫുഡ് ഒന്നും ഉണ്ടാക്കി കൊണ്ടുപോകാതെ എനിക്കെങ്ങനെ സമ്മാനം കിട്ടിയെന്നാണല്ലോ നിങ്ങള്‍ക്ക് അറിയേണ്ടത്?
ചങ്ങാതി നന്നായാല്‍ കുക്കിംഗ് വേണ്ട എന്നു കേട്ടിട്ടില്ലേ. അതു തന്നെയാണ് സംഭവിച്ചത്. എനിക്കുവേണ്ടി കൂട്ടുകാരിയാണ് ഭക്ഷണം ഉണ്ടാക്കിയത്. അവളുകൂടി മത്സരിക്കുന്നതിനാല്‍ എനിക്കു നല്‍കിയത് രണ്ടാം നമ്പര്‍ വിഭവമാണെങ്കിലും സമ്മാനം എല്ലാവര്‍ക്കും ഒരുപോലെ തന്നെ. ഞാന്‍ മത്സരിക്കാന്‍ തയാറായിരുന്നില്ലെങ്കില്‍ ഗ്രൂപ്പില്‍ എണ്ണം തികക്കാന്‍ അവര്‍ക്ക് വേറെ ഒരാളെ തെരയേണ്ടിവരുമായിരുന്നു. സംഘശക്തിയുടെ ഗുണമാണിത്. ഞങ്ങടെ ഗ്രൂപ്പിലെ എല്ലാവര്‍ക്കുമുണ്ട് സമ്മാനം.
മല്‍ബിയുടെ സത്യസന്ധതയില്‍ കോള്‍മയിര്‍കൊണ്ട മല്‍ബു കുക്കിംഗ് മത്സരം കണ്ടുപിടിച്ച ഏഭ്യനേയും അതു പിന്തുടരുന്ന പുരോഗമനവാദികളേയും മനസ്സില്‍ ആവാഹിച്ചുകൊണ്ട് മല്‍ബിയുടെ കൈ പിടിച്ച് കിച്ചണില്‍ കയറി. കറി വല്ലതും ബാക്കിയിരിപ്പുണ്ടെങ്കില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ പോയി ചപ്പാത്തി വാങ്ങാമല്ലോ?
കൊടുംചൂടില്‍ നിയിങ്ങനെ അടുക്കളയില്‍ വിയര്‍ത്തൊലിക്കേണ്ട കാര്യമൊന്നുമില്ല.
ആ സ്‌നേഹത്തിനു മുന്നില്‍ മല്‍ബി ഒരിക്കല്‍ കൂടി വിനയവതിയായി.

22 comments:

ശ്രീജിത്ത് മൂത്തേടത്ത് said...

വാഹ്...
മല്‍ബിക്കു കൂട്ടുകാരീടെ കനിവില്‍ സമ്മാനം,,..
അല്ല..
ചാനലിന്റെ കനിവില്‍ സമ്മാനം..
നന്നായിട്ടുണ്ടു മല്‍ബൂ..
ഇവന്‍മാര്‍ക്ക് കിട്ടേണ്ട കൊട്ടുതന്നെയാണ്..
ആളെപ്പറ്റിക്കാനുള്ള ഷോകള്‍..

എം.അഷ്റഫ്. said...

ആദ്യമെത്തിയെ ശ്രീജിത്ത്ജീ നന്ദി..

ajith said...

ചങ്ങാതി നന്നായാല്‍ കുക്കിംഗ് വേണ്ട എന്നു കേട്ടിട്ടില്ലേ.


കേട്ടിട്ടില്ല, പക്ഷെ അനുഭവിച്ചിട്ടുണ്ട്

(മല്‍ബിയ്ക്ക് ആശംസകള്‍. എന്തായാലും സമ്മാനം കിട്ടിയില്ലേ? അതിന്)

ഓക്കേ കോട്ടക്കല്‍ said...

നന്നായിട്ടുണ്ട് :)

എം.അഷ്റഫ്. said...

അജിത് ഭായി, ഓക്കേ കോട്ടക്കല്‍ വരവിനും വായനക്കും സ്‌നേഹത്തിനും നന്ദി.

aboothi:അബൂതി said...

ചുരുക്കിപറഞ്ഞാല്‍ വീട്ടിനുണ്ടാകുന്ന കഞ്ഞി കുടി മുട്ടിക്കാനുള്ള സകല സുനാപ്പിയുമായി ഇറങ്ങിയിരിക്കുകയാ അല്ലെ..
നന്നായി രസിച്ചു തന്നെ വായിച്ചു

എം.അഷ്റഫ്. said...

കഞ്ഞി മതി. ചൈനക്കാരുടെ സുനാപ്പി വേണ്ട. അബൂതീ വരവിനു വായനക്കും നന്ദി

mini//മിനി said...

പാചക മത്സരം കലക്കി,,,

sm sadique said...

കലക്കീട്ടുണ്ട്ട്ടോ.ആശംസകൾ.......

എം.അഷ്റഫ്. said...

മിനിക്കും എസ്.എം. സാദിഖിനും നന്ദി. വരവിനും വായനക്കും കമന്റിനും.
സ്‌നേഹപൂര്‍വം അഷ്‌റഫ്‌

കുഞ്ഞൂസ് (Kunjuss) said...

മത്സരങ്ങളുടെ ഉള്ളുകള്ളികള്‍ എല്ലാം ഇങ്ങിനെയൊക്കെ തന്നെയാ...
മല്‍ബിയുടെ സത്യസന്ധത കൊണ്ട് അതെങ്കിലും അറിഞ്ഞല്ലോ.... നന്നായി ട്ടോ അഷ്‌റഫ്‌ ഭായ്

എം.അഷ്റഫ്. said...

കുഞ്ഞൂസേ നന്ദി. ചില മല്‍ബികള്‍ കെറുവിച്ചെങ്കിലും സത്യത്തെ മൂടിവെക്കാനാവില്ലല്ലോ.

Mohamedkutty മുഹമ്മദുകുട്ടി said...

അഷറഫ്,ഇങ്ങനെ ഓരോ കമന്റിനും മറുപടി കൊടുത്താല്‍ എണ്ണം വല്ലാതെ കൂടും!....മൂപ്പത്തിയുടെ പേര് വിനയവതി എന്നാക്കിയോ?.സംഗതി നന്നായി.

Vinodkumar Thallasseri said...

വിഷയം പാചകമാണെങ്കിലും പൊങ്ങച്ചമാണെങ്കിലും (ടൈ വിഷയം) എഴുത്ത്‌ ഗംഭീരം.

Echmukutty said...

മൽബി പാചകമൊക്കെ ഭംഗിയായിട്ട് ചെയ്യുന്നുണ്ടാവും. ഇതൊക്കെ ചുമ്മാ നമ്മളെ പറ്റിക്കാൻ......അല്ലേ മൽബു?

എന്തായാലും മൽബിക്ക് സമ്മാനം കിട്ടിയല്ലോ.. അഭിനന്ദനങ്ങൾ.

a.rahim said...

പാചക റാണി മത്സരമോ അതോ വാചക റാണി മത്സരമോ എന്ന് സംശയം വരാറുണ്ട്......... എല്ലാം മായ.............കൈ നിറയെ സമ്മാനം.........പരസ്യ രാജാവിനും സന്തോഷം...........അമ്മായിയമ്മക്കും സന്തോഷം..........

ഫാരി സുല്‍ത്താന said...

രസിച്ചു വായിച്ചു...അഭിനന്ദനങ്ങൾ...!!!

മുഹമ്മദ്‌ ഷാജി said...

നന്നായി രസിച്ചു..ആശംസകള്‍

നന്ദിനി said...

മല്‍ബി കൊള്ളാം ..
മല്‍ബുവും അടിപൊളി ..

എം.അഷ്റഫ്. said...

ഈ കുട്ടിയെ കൊണ്ട് തോറ്റു. വായിച്ച ശേഷം വല്ലതും കുറിക്കുന്നവരോട് ഒരു സ്‌നേഹം പങ്കിടാന്‍ പോലും വിടുന്നില്ല. എന്തുപറഞ്ഞാലും അദ്ദേഹത്തിന് എന്നെ ഇഷ്ടമാണ്.
അതു പോലെ ഇവിടെ വന്ന് വായിച്ച് കമന്റിയ വിനോദ്കുമാറിനും എച്്മുകുട്ടിക്കും റഹീമിനും ഫാരിക്കും ഷാജിക്കും നന്ദിനിക്കും നന്ദി.
ഒത്തിരി സ്‌നേഹത്തോടെ.
അഷ്‌റഫ്‌

Jefu Jailaf said...

സസ്പന്‍സ് കലക്കി.. :) ആശംസകള്‍..

സുബൈദ said...

ജനുവരി /ഫെബ്രുവരിയില്‍ നാം ചര്ച്ച. ചെയ്ത വിഷയത്തിന്റെ പരിണിതി വീണ്ടും ചര്ച്ചി ചെയ്യേണ്ടിയിരിക്കുന്നു.
അന്ന് ചര്ച്ച യില്‍ ഇടപെട്ടവരെ അറിയിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇവിടെ ഈ ലിങ്ക് ഇടുന്നത്. താല്പര്യമില്ല എങ്കില്‍, എന്തെങ്കിലും അസൌകര്യമോ താല്പര്യ കുറവോ തോന്നുന്നുവെങ്കില്‍ സാദരം ക്ഷമിക്കണമെന്നും ലിങ്ക് ഡിലിറ്റ് ചെയ്യണമെന്നും വിനീതമായി അപേക്ഷിക്കുന്നു.
അഭിപ്രായങ്ങളും നിര്ദ്ദേ ശങ്ങളും പ്രതീക്ഷിക്കുന്നു. വിയോജിപ്പുകള്‍ ഏറെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നു.

Related Posts Plugin for WordPress, Blogger...