Pages

പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..

December 5, 2015

ഹൈദ്രോസ് വാട്ട്‌സപ്പ് വിരുദ്ധനായ കഥ


വൈദ്യുതി പോസ്റ്റ് പോലെ നിവര്‍ന്നു നില്‍ക്കുകയും എണ്ണയിട്ട യന്ത്രം പോലെ കര്‍മനിരതനാവുകയും ചെയ്തിരുന്ന മല്‍ബു കൂനനും നിഷ്‌ക്രിയനുമായതില്‍ ടെക്‌നോളജിക്ക് അനല്‍പമായ പങ്കുണ്ട്. കൂടുതല്‍ കൂടുതല്‍ സ്ലിം ആന്റ് സ്മാര്‍ട്ടിയാകുന്നുവെന്ന് അസൂയയില്ലാത്ത തരുണികള്‍ മുഖത്ത് നോക്കി പറയാറുള്ള മല്‍ബി അതിരാവിലെ മഹിളകളോടൊപ്പം നടക്കാനിറങ്ങുമ്പോള്‍ മല്‍ബുവിനെ നോക്കി പറയും.
കുഞ്ഞിക്കൂനനായി ഇങ്ങനെ ഇരുന്നോ? രാവിലെ രണ്ട് റൗണ്ട് നടന്നാല്‍ നിങ്ങള്‍ക്കുമാകാം ഹൈദ്രോസ്.
നടന്നു നടന്ന് വയറു കുറച്ച ഹൈദ്രോസ് ഇന്ന് തരുണികള്‍ക്കിടയില്‍ മാത്രമല്ല കുപ്പായത്തിനുള്ളില്‍ ഫുട്ബാളുമായി നടക്കുന്ന പുരുഷ•ാര്‍ക്കിടയിലും സംസാര വിഷയമാണ്.
അതിരാവിലെ പ്രഭാതകൃത്യങ്ങള്‍ പോലും മറന്ന് കൂനിയിരിപ്പ് തുടങ്ങിയ മല്‍ബു ഹൈദ്രോസെന്ന്് കേട്ടപ്പോള്‍ തല ഉയര്‍ത്തി.
ഒടുക്കത്തെ ഒരു ഹൈദ്രോസ്. അവന്‍ എന്തിനാ നടക്കൂന്നേന്ന് അറിയോ?
അത് നിങ്ങള്‍ പറയാറുണ്ടല്ലോ? സ്മാര്‍ട്ടികളെ കാണാന്‍ തന്നെ. അതെങ്കിലുമുണ്ടല്ലോ നിങ്ങള്‍ ആണുങ്ങള്‍ക്ക് ഞങ്ങളെക്കൊണ്ടൊരു ഗുണം.
അതൊന്നുമല്ല, അവന്റെ ഷുഗര്‍ 450 ആണ്. ഇനീം നടന്നില്ലെങ്കില്‍ അവനു പിന്നെ നടക്കേണ്ടി വരില്ല.
നിങ്ങള്‍ക്കാണോ ഷുഗറില്ലാത്തത്. ഇപ്പോ നടക്കാന്‍ തുടങ്ങിയാല്‍ ആശുപത്രിയില്‍ പോയി ജീവിതം ഇരുന്നു തുലക്കേണ്ടി വരില്ല.
ഷൂ നിലത്തമര്‍ത്തി ഒച്ചയുണ്ടാക്കി മല്‍ബി ഇറങ്ങി. മല്‍ബുവാകട്ടെ വാട്ട്‌സപ്പിലെ ലിംഗ സമത്വ ചര്‍ച്ചക്ക് സൂപ്പര്‍ മറുപടി കൊടുത്തുവെന്ന ആഹ്ലാദത്തിലേക്ക് ഊളിയിട്ടു.
മല്‍ബി പറയുന്നതിലും കാര്യമില്ലാതില്ല.
വെറും വ്യായാമം മാത്രമല്ല, ഹൈദ്രോസിനെ ഹീറോ ആക്കിയത്. ഫേസ് ബുക്കേ വിട, വാട്ട്‌സപ്പേ വിട എന്ന പരസ്യവാചകം സമ്മാനിച്ചുകൊണ്ടായിരുന്നു ഹൈദ്രോസിന്റെ മാറ്റത്തിന്റെ തുടക്കം. കുടുംബത്തെ പോലും മറന്നുകൊണ്ടുള്ള വാട്ട്‌സപ്പ് പിരാന്തനായിരുന്നു ഹൈദ്രോസും ഒരിക്കല്‍. പിന്നീടാണ് അവന്‍ പുതിയ ഗ്രൂപ്പുണ്ടാക്കിയത്.
വാട്ട്‌സപ്പ് വിരുദ്ധ കൂട്ടായ്മ.
സ്മാര്‍ട്ട് ഫോണില്‍ കുത്തിക്കൊണ്ടുള്ള ഇരിപ്പ് മാസാമാസം റിയാല്‍ ലഭിക്കുന്ന ജോലിയിലെ പെര്‍ഫോമന്‍സിനേയും വീട്ടിലെ സമാധാനത്തേയും ബാധിച്ചു തുടങ്ങിയെന്ന തിരിച്ചറിവിനെ തുടര്‍ന്നായിരുന്നു ഹൈദ്രോസിന്റെ ഐഡിയ.
ഇതേ പേരില്‍ വാട്ട്‌സപ്പില്‍ ഒരു ഗ്രൂപ്പ് കൂടി വന്നപ്പോള്‍ മല്‍ബുവും നാണിയുമൊക്കെ കളിയാക്കിയിരുന്നു.
വാട്ട്‌സപ്പ് വിരുദ്ധര്‍ക്കും ഗ്രൂപ്പ് വാട്ട്‌സപ്പില്‍ തന്നെ.
അതില്‍ തെറ്റില്ലെന്നാണ് ഹൈദ്രോസിന്റെ പക്ഷം.
ടെക്‌നോളജിയുടെ ദൂഷ്യവശങ്ങളെ ചെറുക്കാന്‍ അതേ ടെക്‌നോളജിയെ തന്നെ ഉപയോഗിക്കാം. അതിന് ലോക ചരിത്രത്തില്‍ ധാരാളം ഉദാഹരണങ്ങളുണ്ട്. ആളുകള്‍ കളിയാക്കിയപ്പോഴും നന്നായി ഇക്കായെന്നു പറയാന്‍ ഒരാളെ ഉണ്ടായിരുന്നുള്ളൂ മിസിസ് ഹൈദ്രോസ്.
ഐഡിയ പെട്ടെന്ന് ക്ലിക്കായി. ഫേസ്ബുക്കില്‍ ചാത്തനെന്ന പേരില്‍ ലോറിക്കണക്കിന് ലൈക്കുകള്‍ നേടിയ കുമാരനും അതില്‍ അസൂയ പൂണ്ടിരുന്ന ചക്കിപ്പൂച്ചയെന്ന മേനോനും മൂവരുടേയും കൂട്ടുകാരനായ ഖുബ്ബൂസ് എന്ന ഹംസയും ഒപ്പം കൂടി.
ജോലിസ്ഥലത്തുനിന്നു ലഭിച്ച പെര്‍ഫോമന്‍സ് റിപ്പോര്‍ട്ട് വഴി ഇന്‍ക്രിമെന്റ് തടയപ്പെട്ടതും വാട്ട്‌സപ്പും ഫേസ്ബുക്കും കൊണ്ട് തോറ്റു എന്ന മിസിസ് ഹൈദ്രോസിന്റെയും മക്കളുടേയും പഴി മാത്രമല്ല, ഹൈദ്രോസിനെ ധീരമായ തീരുമാനത്തിലേക്ക് നയിച്ചത്. അതിനുവേറെയും കാരണങ്ങളുണ്ട്.
മേലില്‍ ഓഫീസ് സമയത്ത് വാട്ട്‌സപ്പ് ഉപയോഗിക്കരുതെന്ന ബോസിന്റെ വാണിംഗോടെയായിരുന്നു തുടക്കം. വാട്ട്‌സപ്പ് ഉപയോഗിക്കുന്ന കാര്യം ബോസ് എങ്ങനെ അറിഞ്ഞുവെന്ന് മനസ്സിലാകാന്‍ പിന്നെയും സമയമെടുത്തു. മലയാളത്തിലുള്ള ടെക്‌സ്റ്റുകളും ഓഡിയോ ക്ലിപ്പുകളും അറബി മാത്രമറിയുന്ന ബോസിന്റെ വാട്ട്‌സപ്പിലേക്ക് തുടര്‍ച്ചയായി പോയപ്പോഴായിരുന്നു ആ വാണിംഗ്. കുടുംബക്കാരുടെ ഗ്രൂപ്പ് ഉണ്ടാക്കിയപ്പോള്‍ ഹൈദ്രോസ് ബോസിനേയും അറിയാതെ അതില്‍ ചേര്‍ക്കുകയായിരുന്നു. കാര്യങ്ങള്‍ അറിയാമല്ലോ എന്നു കരുതി ബോസ് ഗ്രൂപ്പ് വിട്ടുപോയതുമില്ല.
കുടുംബക്കാര്‍ പൊങ്കാലയിട്ടതായിരുന്നു മറ്റൊരു സംഭവം. നാട്ടില്‍നിന്നൊരാള്‍ അകന്ന ബന്ധത്തിലുള്ള ഒരു സ്ത്രീയുടെ ഫോട്ടോ ഗ്രൂപ്പിലിട്ടു. മരിച്ചതാകുമെന്ന് കരുതി ഹൈദ്രോസ് അതിനു താഴെ ദൈവത്തിലേക്ക് തന്നെ എല്ലാവരുടേയും മടക്കമെന്ന ഇന്നാ ലില്ലാഹി അടിച്ചു. നാട്ടില്‍നിന്ന് ഫോട്ടോ ഇട്ട വിദ്വാന് നെറ്റ് കണക്്ഷന്‍ പോയതിനാല്‍ മറ്റൊരു വിവരവും പോസ്റ്റ് ചെയ്യാന്‍ സാധിക്കാതിരുന്നതാണെന്ന കാര്യമറിയാതെ ഗ്രൂപ്പിലുള്ളവരെല്ലാം ഹൈദ്രോസിനു പിന്നാലെ കൂട്ടം കൂട്ടമായി മരിക്കാത്ത സ്ത്രീക്ക് പ്രാര്‍ഥന നേര്‍ന്നു. ആമീന്‍ കൊണ്ടുള്ള പ്രളയം.
പിന്നൊരിക്കല്‍ അതിരാവിലെ ഫോര്‍വേഡ് ചെയ്ത ഒരു ഓഡിയോ ക്ലിപ്പ് കേട്ട ഒരാള്‍ വിളിച്ചു. എന്താ ആ ക്ലിപ്പിലുള്ളതെന്നറിയാമോ എന്നു ചോദിച്ചപ്പോള്‍ ഹൈദ്രോസിനു കുറ്റസമ്മതം നടത്താതെ നിര്‍വാഹമില്ലായിരുന്നു. അയ്യോ, ഞാനത് കേള്‍ക്കാതെയാണ് അയച്ചത്. ഉടന്‍തന്നെ പരാതിക്കാരന്‍ ഗ്രൂപ്പില്‍നിന്ന് ലെഫ്റ്റടിച്ചു.
മിസിസ് ഹൈദ്രോസിന്റെ ശക്തമായ താക്കീതിനും ഹൈദ്രോസിന്റെ ചരിത്രപരമായ തീരുമാനത്തിലേക്കും നയിച്ച അവസാനത്തെ സംഭവം ഇങ്ങനെയായിരുന്നു. മൊബൈലില്‍ ഫേസ് ബുക്ക് നോക്കുന്നതിനിടയില്‍ ഒരു വെബ് പോര്‍ട്ടലില്‍വന്ന വൃത്തികെട്ട ചിത്രത്തിനും അതോടൊപ്പമുള്ള കുറിപ്പിനും ഹൈദ്രോസ് അറിയാതെ ലൈക്കടിച്ചു പോയി. അക്കഥ കുടുംബ ഗ്രൂപ്പില്‍ അഭിനവ പാണന്‍മാര്‍ പറപ്പിച്ചപ്പോള്‍ മിസിസ് ഹൈദ്രോസ് തീര്‍ത്തു പറഞ്ഞു. ഇനി ഇപ്പണി വേണ്ട.

അറബിയും പപ്പടവും


ഓഫീസില്‍നിന്നെത്തിയ മല്‍ബു കോളിംഗ് ബെല്‍ അടിച്ചുകൊണ്ടേയിരുന്നു. അകത്ത് ആളും അനക്കവുമില്ല.
അവസാനം മൊബൈല്‍ എടുത്തു വിളിച്ചപ്പോള്‍ മല്‍ബിയെ കിട്ടി.
എന്താ ബെല്ലടിക്കുന്നത് കേള്‍ക്കുന്നില്ലേ? ഡോര്‍ തുറക്കൂ.

ഇപ്പോ തുറക്കാമെന്ന് പറഞ്ഞിട്ടും കുറേനേരം ഡോര്‍ അടഞ്ഞുതന്നെ.
മുഷിഞ്ഞു തുടങ്ങിയ മല്‍ബു വീണ്ടും വിളിച്ചു ചോദിച്ചു. ഡോര്‍ തുറക്കാന്‍ എന്തേ താമസം?
ഇപ്പോ തുറക്കാം, ഈ മേശയൊന്നു നീക്കിക്കോട്ടെ.
ഡോറിനടുത്ത് ഏതു മേശ?
ഡൈനിംഗ് ഹാളിലെ മേശ.
അതെങ്ങനെ അവിടെ എത്തി.?
ഞാന്‍ തള്ളിക്കൊണ്ടുവന്നുവെച്ചതാ.
അന്തംവിട്ട മല്‍ബുവിന് ബി.പി കയറി തുടങ്ങിയപ്പോള്‍ ഡോര്‍ തുറക്കപ്പെട്ടു.
ഒരാളും രണ്ടാളും വിചാരിച്ചാല്‍ തള്ളിക്കൊണ്ടുവരാന്‍ പറ്റാത്ത ടേബിളാണ് മല്‍ബി തനിച്ച് തള്ളി ഡോറിനടുത്ത് എത്തിച്ചത്.
ഖലാസിയുടെ മോളന്നെ. അതാണ് മല്‍ബുവിന് മനസ്സില്‍ തോന്നിയത്.
പേടിച്ചരണ്ടതുപോലെ നില്‍ക്കുകയായിരുന്നു മല്‍ബി.
എന്താ എന്തു പറ്റി?
അറബി എന്നെ ഓടിച്ചപ്പോ ചാടി വന്ന് ഡോര്‍ അടച്ചശേഷം മേശ തള്ളിക്കൊണ്ടുവന്നു വെച്ചതാ. ഈ ഡോറിന് ഒരു ബലം പോരാ. ആഞ്ഞു തള്ളിയാല്‍ തുറന്നിങ്ങ് പോരും. ഈ ഡോര്‍ മാറ്റണം.
ഏത് അറബി ഓടിച്ചൂന്ന്. നീ എന്തിനാ പുറത്തു പോയത്: അമ്പരന്ന മല്‍ബു ചോദിച്ചു.
താഴെ ബഖാലയില്‍ പപ്പടം വാങ്ങാന്‍ പോയതായിരുന്നു. തിരിച്ചു പോരുമ്പോള്‍ രണ്ടാമത്തെ നിലയിലാ എത്തിയത്. ഇതിന്റെ നേരെ താഴെ. ഞാന്‍ താക്കോല്‍ ഇട്ട് തിരിച്ചിട്ടൊന്നും തുറക്കുന്നില്ല.
നിങ്ങളെ വിളിക്കാന്നു വിചാരിച്ചാല്‍ ഫോണ്‍ എടുത്തിട്ടുമില്ല.
അപ്പോഴാണ് അയാളെത്തിയത്. തൊപ്പിയിട്ട അറബി. കൂടെ ഒരു കൊച്ചുമുണ്ടായിരുന്നു.
എന്നിട്ട്?
അയാള്‍ എന്റെ പിന്നില്‍ വന്നുനിന്നു. ഞാന്‍ പേടിച്ചു മാറിയപ്പോള്‍ അയാള്‍ പറഞ്ഞു:
ഫ്‌ളാറ്റ്‌ മാറിപ്പോയി.
അപ്പോഴാണ് ഞാന്‍ ഡോര്‍ നോക്കിയത്. നമ്മുടെ ഡോറിനു മുകളിലെ ചുവന്ന സ്റ്റിക്കര്‍ കാണാനില്ല.
റൂം മാറീന്ന് മനസ്സിലായതും ഞാനൊരു ഓട്ടംവെച്ചു കൊടുത്തു. അന്നേരം പപ്പട പായ്ക്കറ്റ് എന്റെ കൈയീന്ന് തെറിച്ചു പോയി. അയാള്‍ എന്നെ പിറകില്‍നിന്ന് ഏയ്, ഏയ് എന്നു വിളിച്ചിരുന്നു.
എങ്ങനെയാ ഈ സ്‌റ്റെപ്പുകള്‍ കയറിയതെന്നറിയില്ല. ഞാന്‍ വേഗം വാതില്‍ തുറന്നു അകത്തു കയറി.
കുറച്ചു കഴിഞ്ഞപ്പോ അയാളും കൊച്ചും വന്ന് ബെല്ലടിച്ചൂന്നേ. ലെന്‍സിലൂടെ നോക്കിയപ്പോള്‍ ശരിക്കും കണ്ടു. കളഞ്ഞുപോയെ പപ്പടം കുട്ടിയുടെ കൈയിലുണ്ട്. പിന്നെ ഞാനീ മേശ തള്ളിക്കൊണ്ടുവന്ന് ഡോറിലേക്ക് തള്ളിപ്പിടിച്ച് അയാള് പോകുന്നതുവരെ ഒരേ നില്‍പ് നിന്നു.
വിവരണം കേട്ടതും മല്‍ബു ഡോര്‍ തുറന്ന് പുറത്തേക്കിറങ്ങി.
നിങ്ങള്‍ എവിടെ പോകുവാ? ചോദിക്കാനൊന്നും പോകണ്ടാന്നേ. പ്രശ്‌നം ഒന്നും ഉണ്ടായില്ലല്ലോ? ഞാനല്ലേ റൂം മാറി പോയത്.
അതൊന്നും കേള്‍ക്കാന്‍ നില്‍ക്കാതെ മല്‍ബു താഴോട്ടിറങ്ങി.
എന്താണ് സംഭവിക്കാന്‍ പോകുന്നതെന്നോര്‍ത്ത് മല്‍ബിക്ക് ആധി കയറിത്തുടങ്ങി. നാട്ടില്‍നിന്ന് വന്നിട്ട് കുറച്ചു ദിവസം ആയെങ്കിലും ആദ്യായിട്ടാ ഒന്നു പുറത്തിറങ്ങിയത്. നാടന്‍ വിഭവം വേണോന്ന് പറഞ്ഞോണ്ടിരുന്ന മല്‍ബുവിന് ഒരു സര്‍പ്രൈസ് ആക്കാനാണ് സദ്യ ഒരുക്കിയത്. പപ്പടം കൂടി ആകട്ടേന്ന് കരുതി തനിച്ച് കടയിലേക്കിറങ്ങി. അതിങ്ങനെ പര്യവസാനിക്കൂന്ന് ആരറിഞ്ഞു.
കുറച്ച് കഴിഞ്ഞപ്പോള്‍ പുറത്ത് കാല്‍പെരുമാറ്റം.
മല്‍ബുവും അറബിയും കുഞ്ഞും പിന്നെ പര്‍ദയിട്ട ഒരു സ്ത്രീയും.
എല്ലാവരും അകത്ത് കയറിയപ്പോള്‍ മല്‍ബു ചോദിച്ചു.
ഇതല്ലേ നിന്നെ ഓടിച്ച അറബി?
ങും. മല്‍ബി മൂളി.
നീളന്‍ കുപ്പായവും തൊപ്പിയുമിട്ട അറബിയെ മല്‍ബി തുറിച്ചു നോക്കി.
അപ്പോഴേക്കും മല്‍ബു ചിരി തുടങ്ങിയിരുന്നു. അറബിയുടെ കൂടെ വന്ന സ്ത്രീയും അതില്‍ പങ്കുചേര്‍ന്നു.
മല്‍ബു പറഞ്ഞു: ഇത് അറബിയൊന്നുമല്ല. ഞാന്‍ പറഞ്ഞില്ലേ, താഴെ ഒരു മല്‍ബു ഫാമിലിയുണ്ടെന്ന്.
ചെര്‍പ്പുളശ്ശേരി ഹുസൈന്‍.
ഇയാള്‍ എപ്പോഴും ഈ വേഷത്തിലായിരിക്കും. സ്വദേശികളുമായി അലിഞ്ഞു ചേരണമെന്നാ മൂപ്പരുടെ അഭിപ്രായം.
ഞാന്‍ കുട്ടിയോട് മലയാളത്തിലല്ലേ പറഞ്ഞത് ഫഌറ്റ് മാറിപ്പോയീന്ന്: മല്‍ബിക്ക് നേരെ തിരിഞ്ഞു അറബി ചോദിച്ചു.
ങും. അറബി മലയാളം പറയൂല്ലേ? പറയൂന്ന് പറഞ്ഞല്ലോ?
ആര്?
ഓറെന്നെ. മല്‍ബുവിനു നേരെ വിരല്‍ ചൂണ്ടി മല്‍ബി പറഞ്ഞു.
ഓറ് തന്നെയാ കാരണക്കാരന്‍. മല്‍ബി വിമാനം ഇറങ്ങിയതു മുതല്‍ തുടങ്ങിയതായിരുന്നു ജാഗ്രതാ നിര്‍ദേശം. ആരു വന്നു ബെല്ലടിച്ചാലും വാതില്‍ തുറക്കരുത്. വാതിലിന്റെ ലെന്‍സിലൂടെ നോക്കി ഉറപ്പുവരുത്തണം. കള്ളന്‍മാര്‍
പല അടവുകളും പയറ്റും. ചിലപ്പോള്‍ മലയാളത്തില്‍ സംസാരിച്ച് വാതില് തുറപ്പിക്കും. മലയാളി ആയിരിക്കൂല. അറബിക്കള്ളന്‍മാര്‍
തന്നെ ആയിരിക്കും.
വീടിനു പുറത്തിറങ്ങുമ്പോള്‍ മല്‍ബു എല്ലാ ദിവസവും ഇത് ഓര്‍മിപ്പിക്കും. സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട ഇതായിരിക്കും അവസാന വാചകം.

October 31, 2015

തേടിവന്ന ചൈനക്കാരി


നാണിയാണ് അക്കാര്യം പറഞ്ഞത്.
ഒരു ചൈനക്കാരിയും ഭര്‍ത്താവും മല്‍ബുവിനെ അന്വേഷിച്ചു വന്നിരിക്കുന്നു.
എന്തെങ്കിലും ഏടാകൂടം ഒപ്പിച്ചിട്ടുണ്ടാകുമെന്നായി ഹൈദ്രോസ്.


ബിസിനസ് ആവശ്യാര്‍ഥം മല്‍ബു ഈയിടെ ചൈനയില്‍ പോയിരുന്നു. അവിടെ വെച്ച് പരിചയപ്പെട്ട ആരെങ്കിലും ആയിരിക്കും. അവിടെ ഒരു ലേഡിയാണ് എല്ലാ കാര്യങ്ങളും ഏര്‍പ്പെടുത്തിയിരുന്നതെന്ന് പറഞ്ഞിരുന്നു.  ഓണ്‍ലൈനില്‍ പരിചയപ്പെട്ട അവരാണ് മല്‍ബുവിനെ ബിസിനസ് എക്‌സിബിഷനുകള്‍ക്ക് കൊണ്ടുപോയതും ഹോട്ടല്‍ ബുക്ക് ചെയ്തതും ഒടുവില്‍ പര്‍ച്ചേസ് ചെയ്ത സാധനങ്ങളൊക്കെ ഇങ്ങോട്ട് അയച്ചതും. ആ ലേഡിയുടെ പേരും പറഞ്ഞിരുന്നു, ദിബാഷീന്നോ മറ്റോ ആണ്.
തനിക്ക് അറിയുന്ന കാര്യങ്ങള്‍  ഹൈദ്രോസ് പങ്കുവെച്ചു.

മല്‍ബു ഇക്കുറി പോയപ്പോള്‍ ചൈനയില്‍ ഏറ്റവും പ്രചാരമുള്ള ബോഡി മസാജിനും പോയിരുന്നു പോലും. ക്വിന്റല്‍മാനായി പോയ മല്‍ബു ഒരാഴ്ച ചൈനയില്‍ തങ്ങി തിരിച്ചുവന്നപ്പോള്‍ 82 കിലോ ആയി. ഫിറ്റ് ആന്റ് ഹെല്‍ത്തി.
ബോഡി മസാജിന് അത്രയ്ക്കും പവറുണ്ടാകുമോ?
ചൈനയല്ലേ.. എല്ലാത്തിനും പവര്‍ കാണും.
ചര്‍ച്ച പുരോഗമിക്കുമ്പോഴാണ് മല്‍ബു കയറി വന്നത്.
ചൈനയില്‍നിന്ന് ദിബാഷിയും ഭര്‍ത്താവും വന്നിട്ടുണ്ട്.  മല്‍ബുവിനെ അന്വേഷിച്ച് ഓഫീസില്‍ പോയീന്നും കേട്ടു.
ഏത് ദിബാഷി?  ഒന്നും പിടികിട്ടാതെ മല്‍ബു ചോദിച്ചു.
ങും ഒന്നും അറിയാത്ത പോലെ. നീയല്ലേ പറഞ്ഞത് ചൈനയില്‍ എല്ലാ കാര്യങ്ങളും ചെയ്തത് ആ മാഡം ദിബാഷിയാണെന്ന്.
ദിബാഷിയോ? മല്‍ബു പൊട്ടിച്ചിരിച്ചു. ഞാന്‍ പറഞ്ഞത് ചൈനീസ് ഭാഷ മ്മടെ ഭാഷയിലാക്കുന്ന ദ്വിഭാഷിയെ കുറിച്ചാണ്. ട്രാന്‍സ്‌ലേറ്റര്‍.
ചൈനീസ് ഭാഷ മലയാളത്തിലാക്കിയോ? അങ്ങനെത്തെ ദ്വിഭാഷിയുണ്ടോ അവിടെ?
ഓ സോറി. ഞാന്‍ ഉദ്ദേശിച്ചത് ചൈനീസ് ഇംഗ്ലീഷിലേക്ക് മാറ്റുന്ന ദ്വിഭാഷി എന്നാണ്.
എന്നാ അവരു തന്നെയാ തെരഞ്ഞു വന്നിരിക്കുന്നത്. കൂടെ ഭര്‍ത്താവുമുണ്ട്. 
അത് ക്യൂബാ മുകുന്ദനും കാമുകിയുമായിരിക്കും:
മല്‍ബു അവരെയൊന്ന് ഇളക്കി.
അവിടെ പോയി  വല്ല ഏടാകൂടവും ഒപ്പിച്ചോന്നാ അറിയാനുള്ളത്. കമ്പനികള്‍ക്ക് കാശ് കൊടുക്കാതെ മുങ്ങിയോ? അങ്ങനെയാണെങ്കില്‍ ചൈനക്കാരി എത്തുന്നതിനുമുമ്പ് രക്ഷപ്പെടാന്‍ നോക്കിക്കോ.
എല്ലാവരും സീരിയസ് ആണെന്ന് മനസ്സിലായപ്പോള്‍ മല്‍ബു പറഞ്ഞു.
നിങ്ങളൊന്നും എഴുതാപ്പുറം വായിക്കണ്ടാട്ടോ. നാട്ടുകാരുടെ തനി സ്വഭാവം കാണിക്കരുത്.
വന്നത് ചൈനക്കാരിയും ഭര്‍ത്താവും തന്നെയാണ്. എന്നാല്‍ ചൈനയില്‍നിന്ന് വന്നവരൊന്നുമല്ല. നമ്മളെ പോലെ ഇവിടെ താമസിച്ച് ജോലി ചെയ്യുന്നവരാണ്. അവരെ കണ്ട് സംസാരിച്ച ശേഷമാണ് ഞാന്‍ ഇങ്ങോട്ടുപോന്നത്.
എന്താ അവരുടെ വരവിന്റെ ലക്ഷ്യം?
അതൊരു റെക്കമെന്‍ഡേഷനു വേണ്ടിയാണ്.
അതിനു നീ കമ്മ്യൂണിസ്റ്റാണോ? റെക്കമെന്റ് ചെയ്യാന്‍.
റെക്കമെന്റ് ചെയ്യേണ്ടത് ചൈനയിലോ കേരളത്തിലോ അല്ല ഇഷ്ടന്‍
രേ.. ഇവിടത്തെ കാര്യാണ്.
നീ എന്താ തെളിച്ചു പറയാതെ ഉരുണ്ട് കളിക്കുന്നത്.
ഹൈദ്രോസ് ഇടപെട്ടു. പണ്ടേ ഇങ്ങനെ തന്നെയാ. ഒന്നും നേരാംവണ്ണം തെളിച്ചുപറയില്ല. രഹസ്യങ്ങളുടെ ഉപ്പാപ്പയല്ലേ?
നമ്മളെ നാട്ടുകാര്‍ നടത്തുന്ന സ്‌കൂളില്‍നിന്ന് ഈ ചൈനക്കാരുടെ എല്‍.കെ.ജി കുട്ടിക്ക് ടി.സി കൊടുത്തു. അതൊന്ന് പറഞ്ഞ് ശരിയാക്കി ഏക കുട്ടിയെ അവിടെ തന്നെ പഠിപ്പിക്കാന്‍ വഴി തേടിയാണ് അവരു വന്നത്.
അതെന്തിനാ എല്‍.കെ.ജി കുട്ടിക്ക് ടി.സി കൊടുത്തത്?
അതൊരു കഥയാണ്. മല്‍ബു കുട്ടിയും ചൈനീസ് കുട്ടിയും ക്ലാസില്‍ തല്ലുകൂടി. മല്‍ബു കുട്ടി ജയിച്ചു. ചൈനീസ് കുട്ടി വീട്ടില്‍ പോയി കരഞ്ഞു. അടുത്ത ദിവസം ചൈനീസ് കുട്ടിയുടെ അമ്മ വന്ന് സ്വന്തം കുട്ടിയെ കൊണ്ട് മല്‍ബു കുട്ടിയെ വീണ്ടും അടിപ്പിച്ചു. അത് നേരിട്ട് കണ്ട സ്‌കൂളുകാര്‍ പുറത്താക്കി. പോലീസും കൂട്ടവുമാകുമെന്ന് ചൈനക്കാര്‍ മുന്നറിയിപ്പ് നല്‍കി. ആയിക്കോട്ടേന്ന് സ്‌കൂളുകാര്‍.
നിയമമാര്‍ഗം ചൈനയിലെ പോലെതന്നെ ഇവിടേം എളുപ്പമല്ലെന്ന് മനസ്സിലാക്കിയ അവര്‍ വീണ്ടും തിരിച്ചെത്തി സ്‌കൂളുകാരോട് ക്ഷമ ചോദിച്ച് കെഞ്ചി. ആദ്യായിട്ട് നിയമ നടപടിക്കുപോയ നിങ്ങളെ വേണ്ടേ വേണ്ടാന്ന് സ്‌കൂളുകാര്‍.
ചൈന കണ്ട മല്‍ബു പറഞ്ഞാല്‍ സ്‌കൂളുകാര്‍ കേള്‍ക്കുമെന്ന്   ആ ചൈനക്കാരിയോട് ആരോ പറഞ്ഞുപോലും.
മല്‍ബു റെക്കമെന്റ് ചെയ്താല്‍ നടക്കുമോ?
പിന്നെ നടക്കാതെ, ഞാന്‍ അവരുടെ മുമ്പീന്ന് തന്നെ സ്‌കൂളില്‍ വിളിച്ചു.
എളാപ്പാന്റെ മോളേ മോള്‍ക്ക് എല്‍.കെ.ജി സീറ്റ് വേണോന്ന് കുറച്ചു നാളായി പറയുന്നു. അതങ്ങ് ബുക്ക് ചെയ്തു.
അപ്പോള്‍ ചൈനക്കാരോട് എന്തു പറഞ്ഞു.
എളാപ്പാന്റെ മോള്‍ എല്‍.കെ.ജി ട്യൂഷന്‍ കൊടുക്കുന്നുണ്ട്. കുട്ടിയെ അവിടെ ചേര്‍ത്തോളാന്‍.
വല്ലാത്ത ജാതി തന്നെ. ഒരു ചൈനീസ് വെടിക്ക് രണ്ടു പക്ഷി.





മാ

January 2, 2015

സായിപ്പ് കണ്ട കുടവയര്‍



കംപ്യൂട്ടര്‍ സ്‌ക്രീനില്‍ തെളിഞ്ഞ ചിത്രം കണ്ടപ്പോള്‍ ശരിക്കും ഐസായിപ്പോയി മല്‍ബി. ചതിയാണെന്നും വിശ്വസിക്കരുതെന്നും മല്‍ബു ആവര്‍ത്തിച്ചുകൊണ്ടിരുന്നു. പക്ഷേ, സംഭവലോകത്തുനിന്ന് അകന്നുപോയ മല്‍ബിയുടെ കാതുകളില്‍ അതൊന്നും എത്തിയില്ല.

രണ്ടുമൂന്ന് ദിവസമായി ജീവിതം തകിടം മറിച്ച അവിശ്വസനീയ സംഭവം മല്‍ബിയോടു തുറന്നു പറഞ്ഞ് മാപ്പപേക്ഷിക്കുകയാണ് അയാള്‍. അതാകട്ടെ തുറന്നു പറയാന്‍ നിര്‍ബന്ധിതനായതുമാണ്.

സാധാരണ പ്രവാസികളില്‍നിന്ന് ഭിന്നമായി ഓഫീസ് വിട്ടെത്തിയാല്‍ ഭാര്യയോടും മക്കളോടുമൊപ്പം സമയം ചെലവഴിക്കാന്‍ ഇഷ്ടപ്പെട്ടിരുന്ന അയാള്‍ ആകെ മാറിപ്പോയിരുന്നു. മൊബൈല്‍ ഫോണ്‍ സ്വിച്ചോഫാക്കിപ്പോലും കുടുംബത്തോടൊപ്പം തമാശ പറഞ്ഞും പുറത്തിറങ്ങിയും ഉല്ലസിച്ചിരുന്ന അയാള്‍ മുറിയില്‍ തന്നെ കുത്തിയിരുന്നു. ഭക്ഷണം പോലും വേണ്ടാതായി. ആകെ വിഷാദഭാവം.

ഓഫീസില്‍ എന്തേലും പ്രശ്‌നമുണ്ടോ എന്ന് മല്‍ബി കുത്തിക്കുത്തി ചോദിച്ചിട്ടും ഒന്നും പറഞ്ഞില്ല. ചോദ്യങ്ങള്‍ ആവര്‍ത്തിച്ചപ്പോള്‍ ഒരിക്കലുമില്ലാത്ത ദ്വേഷ്യം പുറത്തെടുക്കുകയും ചെയ്തു. സ്‌കൂളിലെ തമാശയുമായെത്തിയ ഇളയ മോനോട് പോലും കയര്‍ത്തു.

ഡാഡിക്കിതെന്തു പറ്റിയെന്നറിയാതെ കുട്ടികള്‍ അമ്പരന്നു.

നാട്ടുകാര്‍ കൂടുതലുള്ള ഓഫീസില്‍ പാരകള്‍ പതിവാണെങ്കിലും എല്ലാവരേയും തൃപ്തിപ്പെടുത്തി പിടിച്ചുനില്‍ക്കാന്‍ മിടുക്കുള്ളയാളാണ് മല്‍ബു. വിവാദങ്ങളും ശത്രുതയും അകറ്റാന്‍ എപ്പോഴും മുഖത്തു വരുത്താറുള്ള ഒരു തരം വിഡ്ഢിച്ചിരിയിലൂടെ അയാള്‍ക്കു സാധിച്ചിരുന്നു.

ഓഫീസില്‍ വല്ല പ്രശ്‌നവുമുണ്ടോ എന്നറിയാന്‍ മല്‍ബി അയാളുടെ സഹപ്രവര്‍ത്തകന്റെ ഭാര്യയെ ഫോണില്‍ വിളിച്ചു. പലപ്പോഴും ഭര്‍ത്താവിന്റെ ഓഫീസിലെ വിവരങ്ങള്‍ അറിയാന്‍ ആശ്രയിക്കാറുള്ളത് ഈ വഴിയാണ്.

ഒന്ന് ഫോണ്‍ ചെയ്താല്‍ മതി, വിവരങ്ങളിങ്ങനെ ഒഴുകിക്കോളും.

നിരാശയായിരുന്നു ഫലം. അവളുടെ റഡാറിലും ഒന്നും പതിഞ്ഞിട്ടില്ല.

അങ്ങനെയിരിക്കെയാണ്, ഒരു ഇംഗ്ലീഷുകാരന്‍ വീട്ടിലേക്ക് വിളിച്ചത്. മല്‍ബു ഓഫീസില്‍നിന്ന് എത്തിയില്ലെന്നു പറഞ്ഞപ്പോള്‍ അയാള്‍ ഫോണ്‍ വെക്കുകയും ചെയ്തു.

പതിവു മൂഡോഫില്‍ ഓഫീസില്‍നിന്നെത്തിയ മല്‍ബു ആരെങ്കിലും വിളിച്ചോ എന്നു ചോദിച്ചു.

ങാ ഒരു ഇംഗ്ലീഷുകാരന്‍ വിളിച്ചു എന്നു പറഞ്ഞപ്പോള്‍ എപ്പോള്‍, എന്തു പറഞ്ഞു എന്നൊക്കെ ചോദിച്ച് മല്‍ബു ചാടിവീണു.

ഇതുതന്നെ അവസരമെന്ന് മനസ്സിലാക്കിയ മല്‍ബി പറഞ്ഞു.

നിങ്ങടെ മൂഡോഫിന്റെ കാരണം ഇപ്പോഴാണ് പിടികിട്ടിയത്.

മല്‍ബി സംഗതി അറിഞ്ഞിരിക്കുന്നുവെന്ന വിശ്വാസത്തില്‍ അയാള്‍ അക്കഥ വിശദീകരിച്ചു.

വയറു കാണിച്ചുണ്ടായ കുടുക്ക്.

ആദ്യം മല്‍ബിക്ക് ചിരിയാണ് വന്നത്. കാരണം വയറു കാണാന്‍ പോക്ക് മല്‍ബിയുടെ നാട്ടിലെ ഒരു ചടങ്ങാണ്. ഗര്‍ഭിണിയെ കാണാന്‍ ഭര്‍തൃവീട്ടുകാര്‍ അപ്പത്തരങ്ങളുമായി പോകുന്ന ചടങ്ങാണത്. അങ്ങനെ പോയില്ലെങ്കില്‍ വയറു കാണാന്‍ പോയില്ലേന്ന് നാലാള് ചോദിക്കും. അതുകൊണ്ടുതന്നെ ഒരുമാതിരിയുള്ളവരെല്ലാം ഈ പോക്ക് കേമമാക്കും.

ഗര്‍ഭിണിയുടെ വയറു പോലെയാണ് മല്‍ബുവിന്റെ വയറെന്ന് ആരും സമ്മതിക്കും. അയാള്‍ക്കു മുമ്പേ സഞ്ചരിക്കുന്ന ആ വയറു നോക്കി മല്‍ബി കളിയാക്കാറുമുണ്ട്.

കുറക്കാന്‍ ശ്രമിക്കാഞ്ഞിട്ടല്ല. അടവുകള്‍ പലതും പയറ്റിയെങ്കിലും വയറിനോട് മല്‍ബു തോറ്റുകൊണ്ടിരുന്നു. പക്ഷേ, അന്വേഷണങ്ങളും പരീക്ഷണങ്ങളും അവസാനിപ്പിച്ചില്ല. അങ്ങനെയാണ് അത്ഭുത മരുന്നുണ്ടെന്ന് പറഞ്ഞ ഡോക്ടറുടെ കുടുക്കില്‍പെട്ടത്.

ഒരാഴ്ച കൊണ്ട് കുടവയര്‍ കുറച്ചുകാണിക്കാമെന്ന് പറഞ്ഞപ്പോള്‍ ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ഡോക്ടറെ പൂര്‍ണമായും വിശ്വസിച്ചു.

ചികിത്സക്കു മുമ്പെ വയറു കാണണമെന്നു പറഞ്ഞപ്പോള്‍ മറ്റൊന്നും ആലോചിച്ചില്ല. നെറ്റ് ക്യാമിനു മുന്നില്‍ കുപ്പായമൂരി ഇരുന്നു.

രണ്ടു ദിവസത്തിനുശേഷം ഡോക്ടര്‍ അയച്ച ഒരു ഫോട്ടോ കണ്ടപ്പോള്‍ മല്‍ബുവിന്റെ വയറു താഴുകയും കണ്ണു തള്ളുകയും ചെയ്തു.

തന്റെ കുടവയറില്‍ കൈവരിഞ്ഞുകൊണ്ട് ഒരു സുന്ദരി നില്‍ക്കുന്നു. വെറും സുന്ദരിയല്ല, നഗ്നസുന്ദരി.

തൊട്ടുപിന്നാലെ ഡോക്ടറുടെ സന്ദേശമെത്തി.

പതിനായിരം ഡോളര്‍ ഉടന്‍ അയക്കണം. ഇല്ലെങ്കില്‍ സംഗതി നാലാളറിയും.

ആധി പിടിച്ച മല്‍ബുവിനെ മല്‍ബി പിടികൂടുന്നതിനു മുമ്പേ ഓഫീസിലെ മാനേജര്‍ പിടികൂടിയിരുന്നു.

രണ്ടു ദിവസമായി നീ ഈ ലോകത്തൊന്നുമല്ലെന്ന് പറഞ്ഞ മാനേജരോട് താന്‍ എത്തിപ്പെട്ട ലോകത്തെ കുറിച്ച് മല്‍ബു വിശദീകരിച്ചു.

തല്‍ക്കാലം ഭാര്യയോട് പറയേണ്ടെന്നും എന്തേലും വഴി നോക്കാമെന്നും ഉപദേശിച്ചത് മാനേജരായിരുന്നു.

എല്ലാം കേട്ടുകഴിഞ്ഞ മല്‍ബി പറഞ്ഞു.

ഈ കുടവയര്‍ നിറയെ പുത്തിയാണെന്ന് ഇനി പറഞ്ഞേക്കരുത്.

അപ്പോള്‍ അയാളുടെ ചെവിയില്‍ മുഴങ്ങിയത് മാനേജരുടെ വാക്കുകളായിരുന്നു.

ഹിന്ദികള്‍ക്ക് ഇത്രയും ബുദ്ധിമോശമോ? കുടവയര്‍ കുറക്കാനുള്ള മരുന്നിന് എന്തിനു വയര്‍ കാണിക്കണം?
Related Posts Plugin for WordPress, Blogger...