Pages

പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..

December 23, 2013

താങ്ക് യൂ ആമിനാത്ത



മണിക്കൂര്‍ ഒന്നു കഴിഞ്ഞിട്ടും കഫീല്‍ പുറത്തുവന്നില്ല.
കാത്തിരുന്നു മടുത്ത മല്‍ബുവിന് അസ്വസ്ഥത വര്‍ധിച്ചു.

ഇയാളിത് എവിടെ പോയി?   ഒരു പാസ്‌പോര്‍ട്ട് എടുത്തു വരാന്‍ ഇത്രയധികം സമയമോ? രണ്ടാം നിലയിലെ ഫ്ളാറ്റിനു മുന്നിലെത്തി രണ്ടു മൂന്ന് തവണ ബെല്ലടിക്കാന്‍ തുനിഞ്ഞെങ്കിലും കൈ തനിയെ താണു.

കഫീലിനു ദ്വേഷ്യം വന്നാല്‍ എല്ലാം കുളമാകും. മൊബൈലില്‍ വിളിക്കുന്നതുപോലും ഇഷ്ടമില്ലാത്തയാളാണ്. വിളിച്ചാലൊട്ട് എടുക്കുകയുമില്ല. പിന്നെ എപ്പോഴെങ്കിലും തിരിച്ചു വിളിക്കുകയാണ് പതിവ്.

ഇതുതന്നെ ഒരാഴ്ച നീണ്ട പരിശ്രമത്തിനൊടുവിലാണ് താമസസ്ഥലത്ത് വന്നാല്‍ പാസ്‌പോര്‍ട്ട് തരാമെന്ന് സമ്മതിച്ചത്.

പദവി മാറ്റാനുള്ള ഒരുക്കത്തിലാണ് മല്‍ബു. പുതിയ കഫീലിനെ കണ്ടുപിടിച്ച് ഡിമാന്റ് ലെറ്റര്‍ സംഘടിപ്പിച്ച ശേഷമാണ് വീണ്ടും കഫീലുമായി ബന്ധപ്പെട്ടത്. പുതിയ കഫീലാണെങ്കില്‍ രണ്ടു ദിവസത്തിനകം പാസ്‌പോര്‍ട്ട് എത്തിക്കണമെന്ന് പറഞ്ഞതാണ്. ഇപ്പോള്‍ ആഴ്ചയൊന്നായി.

മല്‍ബു ഡോറിലേക്കും ബെല്ലിലേക്കും മാറിമാറി നോക്കി.

 ടിഷ്യൂ പേപ്പര്‍ ചുരുട്ടി വെച്ചാണ് ഡോര്‍ അടച്ചിരിക്കുന്നത്. കഫീല്‍ ഇനി തന്നെ കാണാതെ പുറത്തിറങ്ങിപ്പോയോ? മല്‍ബുവിന് സംശയമായി.

ഇങ്ങനെ ടിഷ്യു വാതിലിന് അടയാളം വെച്ച് പുറത്തുപോകാറുള്ള ഒരാളെ കുറിച്ച് മൊയ്തു പറഞ്ഞിട്ടുണ്ട്. ഗൃഹനാഥന്‍ പുറത്തുപോകുമ്പോള്‍ ഇങ്ങനെ ഒരു അടയാളം വെക്കുന്നതിന്റെ ഗുട്ടന്‍സ് മൊയ്തുവിനോടൊപ്പം തലപുകഞ്ഞ് ആലോചിച്ചിട്ടും പിടികിട്ടിയിരുന്നില്ല.

അതേ അടയാളമാണ് ഇവിടെയും കാണുന്നത്. കഫീല്‍ അകത്തുണ്ടോ? അതോ പുറത്തുപോയോ?

കാത്തിരിപ്പ് പിന്നെയും നീണ്ടു.

ഇതെന്താ ഇയാള്‍ പാസ്‌പോര്‍ട്ട് ഉണ്ടാക്കുകയാണോ? വീണ്ടും കൈ പൊങ്ങി ബെല്ലില്‍ തൊട്ടെങ്കിലും അമര്‍ത്താനുള്ള എനര്‍ജി കിട്ടിയില്ല. ഒടുവില്‍ രണ്ടും കല്‍പിച്ച് മൊബൈല്‍ ഡയല്‍ ചെയ്തു. ഏതോ അറബി ഗാനം പാടിത്തീര്‍ന്നതല്ലാതെ ആരും ഫോണ്‍ എടുത്തില്ല. കളിപ്പിച്ചാല്‍ മല്‍ബു കഫീലിനേയും തല്ലും എന്നു പറഞ്ഞതുപോലെ ~ഒടുവില്‍ ബെല്ലടിക്കുകയും ചെയ്തു. പിന്നെയും അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോള്‍ ദേ കഫീലിന്റെ വിളിവന്നു.

പാസ്‌പോര്‍ട്ട് കാണുന്നില്ല. ഞാന്‍ ഒന്നുകൂടി തെരഞ്ഞിട്ട് വൈകിട്ടു വിളിക്കാം. ഇപ്പോള്‍ പോയ്‌ക്കോളൂ.

കരച്ചിലിന്റെ വക്കിലെത്തിയ മല്‍ബുവിന് അങ്ങോട്ടൊന്നും പറയാന്‍ കഴിഞ്ഞില്ല. പുതിയ കഫീല്‍ പാസ്‌പോര്‍ട്ടിനുവേണ്ടി രാവിലെ കൂടി വിളിച്ചതാണ്.

ഒന്നുകൂടി തെരഞ്ഞാല്‍ കിട്ടുമായിരിക്കുമെന്ന് മല്‍ബു സ്വയം വിശ്വസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും മനസ്സ് കൂട്ടാക്കുന്നില്ല.

പണ്ടൊരു കഫീല്‍ മേശ നേരെനില്‍ക്കാന്‍ പാസ്‌പോര്‍ട്ട് മേശക്കാലിനടിയില്‍ തിരുകിയ കഥ കേട്ടിട്ടുണ്ട്. അതുപോലെ എവിടെയെങ്കിലും തിരുകിയോ അതോ കുട്ടികള്‍ക്ക് കളിക്കാന്‍ കൊടുത്തോ? പിന്നൊരു കഫീല്‍ കുറേയാളുകളുടെ പാസ്‌പോര്‍ട്ടുകള്‍ വെള്ളത്തിലിട്ട സംഭവവും കേട്ടിട്ടുണ്ട്. ഇങ്ങനെ പലതായി ചിന്തകള്‍.

അതിനിടയില്‍ കൂട്ടുകാരന്‍ മൊയ്തുവിനെ വിളിച്ച് ഡ്യൂപ്ലിക്കേറ്റ് പാസ്‌പോര്‍ട്ട് എടുക്കാനുള്ള ചട്ടവട്ടങ്ങളൊക്കെ അന്വേഷിച്ചു. അതൊക്കെ നമുക്ക് എളുപ്പം ശരിയാക്കാമെന്ന് മൊയ്തു സമാധാനിപ്പിച്ചു.

അതിനിടയിലാണ് കഫീല്‍ പിടിച്ചുവെച്ച ഡ്രൈവിംഗ് ലൈസന്‍സ് ഒരു ഗദ്ദാമ  അടിച്ചുമാറ്റി നാട്ടുകാരന് നല്‍കിയ കഥ ഓര്‍മ വന്നത്. കളര്‍ ഫോട്ടോസ്റ്റാറ്റ് ലാമിനേറ്റ് ചെയ്ത് ഒറിജിനല്‍ പോലെയാക്കി വെച്ചാണ് ലൈസന്‍സ് അടിച്ചുമാറ്റി നാട്ടുകാരന് എത്തിച്ചത്. ആ നാട്ടുകാരന്‍ ഇപ്പോള്‍ വേറെ നാട്ടില്‍ പോയി ഒന്നാന്തരം ജോലി സമ്പാദിച്ചു കഴിയുന്നു. ഗദ്ദാമ ചെയ്ത സേവനം അയാള്‍ ഇപ്പോഴും എടുത്തു പറയും.


ആ വഴി പിന്തുടരാന്‍ മല്‍ബുവും തീരുമാനിച്ചു. പാസ്‌പോര്‍ട്ട് ഫ്ളാറ്റിനകത്ത് ഉണ്ടോ എന്ന് ഉറപ്പുവരുത്തണം. അതിന് ഇവിടത്തെ ഗദ്ദാമയെ കണ്ടുകിട്ടണം.

മല്‍ബി ഗദ്ദാമയെ വേണമെന്ന് കഫീല്‍ പറഞ്ഞപ്പോള്‍ അബ്ബാസിനോട് പറഞ്ഞ് ഏര്‍പ്പാടാക്കിക്കൊടുത്ത കാര്യം ഓര്‍മ വന്നു. പണി മാറി ദൂരേക്ക് പോയ അബ്ബാസിന്റെ നമ്പര്‍ സംഘടിപ്പിച്ച് വിളിച്ചപ്പോള്‍ അയാളുടെ നാട്ടുകാരി ആമിനാത്തയാണ് ഗദ്ദാമയെന്ന വിവരം കിട്ടി. അബ്ബാസ് നല്‍കിയ നമ്പറില്‍ വിളിച്ചപ്പോള്‍ ആമിനാത്തയെ കിട്ടിയില്ല. കുറേ കഴിഞ്ഞപ്പോള്‍ കഫീലിനെ പോലെ ദേ ആമിനാത്ത തിരിച്ചുവിളിക്കുന്നു.

പാസ്‌പോര്‍ട്ട് കഫീല്‍ കാണാതാക്കിയെന്ന കാര്യം പറഞ്ഞപ്പോള്‍ ഈയിടെ ഫര്‍ണിച്ചറൊക്കെ മാറ്റിയിട്ടിരുന്നുവെന്നും നോക്കിയിട്ട് പറയാമെന്നും ആമിനാത്ത മറുപടി നല്‍കിയപ്പോള്‍ മല്‍ബുവിന് പ്രതീക്ഷ വര്‍ധിച്ചു. അന്നു വൈകിട്ട് തന്നെ ആമിനാത്തയുടെ വിളി വന്നു. ആരും ഉപയോഗിക്കാതെ മാറ്റിയിട്ട ഷെല്‍ഫില്‍ ഒരിടത്ത് മല്‍ബുവിന്റെ പാസ്‌പോര്‍ട്ട് ഒളിഞ്ഞിരിപ്പുണ്ട്.

അതൊന്ന് എടുത്തുതരാമോ എന്ന് മല്‍ബു ചോദിച്ചപ്പോള്‍ അതു ബുദ്ധിയല്ലെന്നും കഫീല്‍ കാണുന്നിടത്ത് എടുത്തുവെക്കാമെന്നും ആമിനാത്ത തിരുത്തി. പിറ്റേന്നു പുലര്‍ച്ചെ കഫീല്‍ ഉറക്കമെണീറ്റു വന്നപ്പോള്‍ തൊട്ടുമുന്നില്‍ മല്‍ബുവിന്റെ പാസ്‌പോര്‍ട്ട് പ്രത്യക്ഷപ്പെട്ടു.

പാസ്‌പോര്‍ട്ട് കിട്ടിയെന്നും വന്നു കൊണ്ടുപോയിക്കോളൂ എന്നും കഫീല്‍ വിളിച്ചുപറഞ്ഞപ്പോള്‍ കുതിച്ചെത്തിയ മല്‍ബുവിന് ഒട്ടും കാത്തിരിക്കേണ്ടിവന്നില്ല. പുഞ്ചിരിക്കുന്ന മുഖത്തോടെ കഫീല്‍ പാസ്‌പോര്‍ട്ട് നല്‍കി.

ആമിനാത്ത അവിടെ എവിടെയെങ്കിലും ഉണ്ടോയെന്ന് നോക്കിയെങ്കിലും  കാണാന്‍ കഴിഞ്ഞില്ല. ആ ഫഌറ്റ് നോക്കിയും പിന്നീട് മൊബൈലില്‍ വിളിച്ചും മല്‍ബു പറഞ്ഞു.
താങ്ക് യൂ ആമിനാത്ത. യു ആര്‍ ഗ്രേറ്റ്.

 

December 18, 2013

വെറുതെയല്ല സോഫ



രണ്ടു മാസത്തെ പരോളിനു പോയ ഒരാള്‍ക്ക് ഒരു മാസം നീട്ടിക്കിട്ടുകയെന്ന് പറഞ്ഞാല്‍ അതൊരു ചെറിയ സംഭവമല്ല.

ലോട്ടറിയടിച്ചല്ലോ എന്നായിരുന്നു മല്‍ബിയുടെ ഉടന്‍ പ്രതികരണം. അതു കേട്ടപ്പോള്‍ ഉമ്മാ ഇതുവരെ ലോട്ടറി എടുത്തിട്ടുണ്ടോ എന്നായി മൂന്നാം ക്ലാസില്‍ പഠിക്കുന്ന മോന്റെ സംശയം.

രണ്ടു വര്‍ഷം കൂടുമ്പോള്‍ കിട്ടുന്ന അവധി ദിവസങ്ങള്‍ പോകുന്നയാള്‍ക്ക് പരോളാണെങ്കിലും സ്വീകരിക്കുന്നവര്‍ക്ക് അതൊന്നും ആലോചിക്കാന്‍ നേരമില്ലല്ലോ?


നീട്ടിക്കിട്ടിയ ഒരു മാസം കൂടി  അടിച്ചുപൊളിച്ച് മടങ്ങി എത്തിയിരിക്കയാണ് മല്‍ബു.
മൂന്നു മാസം നില്‍ക്കാന്‍ പറ്റി അല്ലേ, ഭാഗ്യവാന്‍ എന്നായിരുന്നു വിമാനത്തില്‍ തൊട്ടുടുത്തിരുന്നയാള്‍ പറഞ്ഞത്. എനിക്ക് 28 ദിവസേ കിട്ടിയുള്ളൂ. ഒരു പത്ത് ദിവസം കൂടി നീട്ടിക്കിട്ടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല -അയാളുടെ പരിഭവം.

പണിസ്ഥലത്ത് എത്തിയപ്പോഴാണ് പരോള്‍ നീട്ടിക്കിട്ടിയതിന്റെ ഗുട്ടന്‍സ് പിടികിട്ടിയത്.
മല്‍ബുക്കാ വേണമെങ്കില്‍ പരോള്‍ ഒരു മാസം നീട്ടിക്കോ, ഇവിടത്തെ കാര്യങ്ങള്‍ ഞാന്‍ നോക്കിക്കോളാമെന്ന് മൊയ്തു പറഞ്ഞപ്പോള്‍ കൂട്ടുകാരനെ കുറിച്ച് പറയാന്‍ നൂറു നാക്കായിരുന്നു മല്‍ബുവിന്. ഭാര്യയേക്കാളും ആത്മാര്‍ഥമായി സ്‌നേഹിക്കുന്ന കൂട്ടുകാരന്‍ കാണുമെന്ന പ്രസ്താവന കേട്ടപ്പോള്‍ മല്‍ബി ശരിക്കും വാളെടുത്തിരുന്നു.

അവസാനം ഞാനേ കാണൂ എന്ന അവളുടെ വാക്കുകളാണ് ഇപ്പോള്‍ കാതുകളില്‍.
ചതി പറ്റിയിരിക്കുന്നു.

പത്തിരുപത് വര്‍ഷം കൊണ്ട് മുതലാളിയുടെ മനസ്സില്‍ നേടിയെടുത്ത സ്ഥാനത്തുനിന്ന് താഴെ ഇറക്കി അവിടെ കയറി ഇരിക്കുകയാണ് കൂട്ടുകാരനും പകരക്കാരനുമായ മൊയ്തു.
ഞാന്‍ റെക്കമന്റ് ചെയ്തു, ലീവ് കൂട്ടാന്‍ അപ്പോള്‍ തന്നെ പഹയന്‍ സമ്മതിച്ചു എന്ന മൊയ്തുവിന്റെ വാക്കുകള്‍ മാത്രമല്ല, മുതലാളിയുടെ അടുത്തുള്ള അവന്റെ നില്‍പും ഭാവവുമൊന്നും മല്‍ബുവിന് പിടിച്ചില്ല.

പണിയില്ലാതെ നടന്ന മൊയ്തുവിനെ സ്വന്തം ചെലവില്‍ ഒരു മാസം കൂടെ താമസിപ്പിച്ച്, പകരം പണിക്ക് നിര്‍ത്തി നാട്ടില്‍ പോയതായിരുന്നു മല്‍ബു.

ഇപ്പോള്‍ മല്‍ബുവിനു മീതെ മൊയ്തു. മുതലാളി എല്ലാ കാര്യങ്ങളും അന്വേഷിക്കുന്നത് മൊയ്തുവിനോട്. വര്‍ഷങ്ങള്‍ കണ്ട മുഖമായിട്ടും മല്‍ബുവിനെ കണ്ട ഭാവം നടിക്കുന്നില്ല.

മല്‍ബുവിന് നിയന്ത്രണം വിട്ട ഒരു സന്ദര്‍ഭമുണ്ടായി. ശരിക്കും കരയിപ്പിച്ച സംഭവം.
ഒരു ദിവസം മല്‍ബു കേള്‍ക്കെ മുതലാളി മൊയ്തുവിനോട് പറഞ്ഞു.

നീയൊന്ന് വീട്ടിലേക്ക് വാ. അവിടെ ഒരു ഗിഫ്റ്റ് വെച്ചിട്ടുണ്ട്.
ഇതുകേട്ടപ്പോള്‍ മൊയ്തു മല്‍ബുവിനുനേരെ ഒരു ക്ലാസിക് നോട്ടവുമെറിഞ്ഞു. അധികനേരം അവിടെ നില്‍ക്കാന്‍ മല്‍ബുവിന് കഴിഞ്ഞില്ല.

രാത്രി റൂമിലെത്തിയപ്പോള്‍ രണ്ട് പേര്‍ക്കും ഉറക്കമില്ല. എന്തു ഗിഫ്റ്റായിരിക്കും മുതലാളി എടുത്തുവെച്ചിട്ടുണ്ടാവുക എന്നാണ് രണ്ടുപേരും ആലോചിച്ചത്. നാളെ അറിയാമല്ലോ എന്ന പ്രതീക്ഷയില്‍ അല്‍പം കഴിഞ്ഞപ്പോള്‍ മൊയ്തു ഉറങ്ങിയെങ്കിലും നാട്ടില്‍ മല്‍ബിയെ വിളിച്ച് ചതിയുടെ കാഠിന്യം അറിയിക്കുകയാണ് മല്‍ബു ചെയ്തത്.

അടുത്ത ദിവസം രാവിലെ തന്നെ സമ്മാനത്തെ കുറിച്ചുള്ള വിവരം മൊയ്തുവിനു കിട്ടി.

നമ്മുടെ ഫ്ളാറ്റിലെ സോഫ എടുത്തുകളയണം. മുതലാളിയുടെ ഗിഫ്റ്റ് ആറ് സീറ്റ് സോഫയാണ്. ഇന്നുതന്നെ എടുക്കണമെന്നു പറഞ്ഞിട്ടുണ്ട്.
ഇവിടത്തെ സോഫ ആര്‍ക്കെങ്കിലും കൊടുക്കാം അല്ലേ. അതെടുത്ത് താഴെയെത്തിച്ച് കളയാന്‍ വലിയ പാടായിരിക്കും.

മൊയ്തു മല്‍ബുവിനോട് അഭിപ്രായം ചോദിച്ചു.
സങ്കടവും ദേഷ്യവുമൊക്കെ അടക്കി മല്‍ബു മറുപടി നല്‍കി.
എന്തെങ്കിലും ചെയ്യൂ.

ഇത്തരം സന്ദര്‍ഭങ്ങളില്‍ ക്ഷോഭിച്ചതുകൊണ്ടോ വിഷമം പ്രകടിപ്പിച്ചതുകൊണ്ടോ ഒരു കാര്യവുമില്ല.
തലയിലെഴുത്ത് ചീകിയാല്‍ പോകില്ലല്ലോ?

ഉച്ചയായതോടെ മൊയ്തു ഒരാളെ കൂട്ടിവന്നു. അയാള്‍ സോഫ നോക്കി കൊണ്ടുപോയ്‌ക്കോളാം എന്നു പറഞ്ഞപ്പോള്‍ മല്‍ബുവിന് അതു വിശ്വസിക്കാനായില്ല. കാരണം  കറപിടിച്ച്, കീറപ്പറിഞ്ഞ് ഇരിക്കാന്‍ അറപ്പു തോന്നും വിധമായിരുന്നു അതിന്റെ കോലം.

അതു കൊണ്ടുപോകാനും ആളുണ്ടായി. ഈ ഓസിന്റെ ഒരു കാര്യം.
അങ്ങനെ ആ പണി തീര്‍ന്നു കിട്ടി-മൊയ്തു പറഞ്ഞു. മൂന്നാം നിലയില്‍നിന്ന് താഴെ ഇറക്കി ഗുമാമിലെത്തിക്കാനുള്ള മടിയാണ് മൊയ്തുവിനെ ധര്‍മിഷ്ഠനാക്കിയത്.

സന്ധ്യ കഴിഞ്ഞപ്പോള്‍ പുതിയ സോഫ കൊണ്ടുവരാന്‍ വാഹനം വിളിച്ച് ഇരുവരും മുതലാളിയുടെ വീട്ടില്‍ എത്തി.

കുശലാന്വേഷണത്തിനിടയില്‍ തന്നെ, മുതലാളി ഒതുക്കിയിട്ടിരിക്കുന്ന സോഫ കാണിച്ചു.
മല്‍ബുവും മൊയ്തുവും മുഖത്തോടു മുഖം നോക്കി.
ഫഌറ്റില്‍നിന്ന് ഒഴിവാക്കിയതിനേക്കാളും പോക്കായ ഒരു സോഫ. സര്‍വത്ര കറ പിടിച്ചിരിക്കുന്നു. വേണ്ട എന്ന് മല്‍ബു ആംഗ്യം കാണിച്ചെങ്കിലും മുതലാളിക്ക് എന്തുതോന്നുമെന്ന് ആലോചിച്ച മൊയ്തു അത് എടുക്കാന്‍ തന്നെ തീരുമാനിച്ചു.
മൊയ്തു പ്രയോഗിച്ച തന്ത്രമാണ് മുതലാളിയും പ്രയോഗിച്ചിരിക്കുന്നത്. എടുത്തു കളയുന്ന ബുദ്ധിമുട്ടൊഴിവാക്കാന്‍ ഗിഫ്റ്റാക്കി മാറ്റുക.

രണ്ടുപേരും കൂടി സോഫ മുറിയുടെ പുറത്തേക്കെടുക്കുമ്പോള്‍ മല്‍ബുവിന് ശരിക്കും ദേഷ്യം വരുന്നുണ്ടായിരുന്നു.

വണ്ടിയില്‍ കയറ്റി മുന്നോട്ടു നീങ്ങവെ, മൊയ്തു തന്നെ പറഞ്ഞു. ഇതിപ്പോള്‍ ഫ്‌ളാറ്റില്‍ എത്തിച്ചാല്‍ എല്ലാവരും കൂടി നമ്മളെ കൊല്ലും. ആര്‍ക്കെങ്കിലും കൊടുത്തിട്ട് പോകാം.
വഴിയില്‍ ഒരാളെ കണ്ടപ്പോള്‍ വണ്ടി നിര്‍ത്തി ചോദിച്ചു.
സോഫ വേണോ?

അയാള്‍ വേണ്ടെന്ന് പറഞ്ഞ് മുന്നോട്ടുനീങ്ങിയപ്പോള്‍ ഒന്നു കൂടി പറഞ്ഞു. കാശൊന്നും തരേണ്ട. ഞങ്ങള്‍ കളയാന്‍ കൊണ്ടുപോകുകയാണ്. വേണമെങ്കില്‍ എടുത്തോളൂ.
സ്വീകരിക്കാന്‍ കൂട്ടാക്കാതെ അയാള്‍ മുന്നോട്ടു പോയി.

പിന്നെയും അന്വേഷിച്ചു. ഒടുവില്‍ രണ്ട് സിംഗിള്‍ സോഫകള്‍ വഴിയോര കച്ചവടക്കാര്‍ വാങ്ങി റോഡരികിലിട്ടു.
ഇനിയൊരു വലുതുണ്ട്.

ഇനിയിപ്പോ ഇത് ഇവിടെ എവിടെയെങ്കിലും കളയാം. മുതലാളി കാണാതിരുന്നാല്‍ മതിയല്ലോ?
മൊയ്തു പറഞ്ഞു.

രണ്ട് മൂന്ന് ഗലികള്‍ കൂടി ഉള്ളിലേക്ക് കടന്ന് ഒരു ഗുമാം പെട്ടിക്ക് സമീപം മുതലാളി നല്‍കിയ ആ ഗിഫ്റ്റ് ഉപേക്ഷിച്ച് വണ്ടിക്കാരന് കൂലിയും നല്‍കി അവര്‍ റൂമിലേക്ക് മടങ്ങി.

December 7, 2013

ഓട്ടി മൊയ്തു




കമ്പനിക്കുവേണ്ടി രാവുംപകലും ചത്തു പണിയെടുക്കുന്ന ഒ.ടി മൊയ്തു ഒരു പൊട്ടനല്ല. പൊട്ടന്‍ മല്‍ബു, പാവം എന്നൊക്കെ ആളുകള്‍ പറഞ്ഞിരുന്നുവെങ്കിലും പിന്നീട് അത് എല്ലാവര്‍ക്കും തിരുത്തേണ്ടി വന്നു. ഒറ്റത്തെങ്ങില്‍ എന്ന കുടുംബപ്പേരിന്റെ ചുരുക്കമാണ് ഒ.ടിയെങ്കിലും പിന്നീട് അതിന് പല മല്‍ബുകളുടേയും സ്വപ്നമായ സാക്ഷാല്‍ ഓട്ടിയാകാനുള്ള ഭാഗ്യമുണ്ടായി.
എയര്‍പോര്‍ട്ടീന്ന് കമ്പനിയിലേക്ക് കമ്പനീന്ന് എയര്‍പോര്‍ട്ടിലേക്ക് എന്നതു പോലെയായിരുന്നു മൊയ്തുവിന്റെ ജീവിതവും ജോലിക്കമ്പവും. അതായത് കരിപ്പൂരിലേക്ക് വിമാനം കയറാന്‍ പോകുമ്പോള്‍ മാത്രമാണ് ടിയാന്‍ കമ്പനിയുമായുള്ള ബന്ധം വിഛേദിച്ചിരുന്നത്.
അല്ല മൊയ്തൂ  നീ കമ്പനീ തന്നെയാണോ താമസം എന്നാണ് എപ്പൊഴെങ്കിലും പുറത്തുകണ്ടാല്‍ പരിചയക്കാര്‍ മൊയ്തുവിനോട് ചോദിച്ചിരുന്നത്.
ഒന്നും  പറയേണ്ട കാക്കാ എന്നുമാത്രമായിരിക്കും അപ്പോള്‍ മൊയ്തുവിന്റെ മറുപടി.
പാവം ഒരാളെ ഇങ്ങനെ ചൂഷണം ചെയ്യാന്‍ പാടുണ്ടോ എന്ന് നാട്ടുകര്‍ പരസ്പരം ചോദിക്കാനും അതിനൊരു പരിഹാരം കാണുന്നതിനു മുന്നിട്ടിറങ്ങാനും ഒരു സംഭവമുണ്ടായി.
തലങ്ങും വിലങ്ങും പോകുന്ന ഗള്‍ഫുകാരെക്കൊണ്ട് എപ്പോഴും അത്തറു മണക്കുന്ന തൊക്കിലങ്ങാടിയില്‍നിന്ന് മൊയ്തുവടക്കം ഇരുപത് പേരെ കടല്‍ കടത്തിയ കുഞ്ഞാക്കയുടെ മരണത്തെ തുടര്‍ന്നായിരുന്നു അത്. നാട്ടാരെ ഗള്‍ഫിലെത്തിച്ച് തൊക്കിലങ്ങാടിയുടെ മുഖഛായ മാറ്റിയ കുഞ്ഞാക്കയുടെ മരണം പത്രങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. പ്രവാസം അവസാനിപ്പിച്ച് നാട്ടിലെത്തി മൂന്ന് വര്‍ഷം കഴിഞ്ഞായിരുന്നു കുഞ്ഞാക്കയുടെ മരണമെങ്കിലും അദ്ദേഹത്തോടുള്ള ആദരവിന് ഒരു കുറവും വന്നിരുന്നില്ല.
പരേതനെ അനുസ്മരിക്കാനും പ്രാര്‍ഥിക്കാനും തൊക്കിലങ്ങാടിക്കാരുടെ കൂട്ടായ്മ ഒരു ചടങ്ങ് സംഘടിപ്പിച്ചു. സംഗതി വേര്‍പാടാണെങ്കിലും തീറ്റക്ക് കുറവു വരുത്തിയിരുന്നില്ല. ബ്രോസ്റ്റും ജ്യൂസും ഏര്‍പ്പാടാക്കിയത് കുഞ്ഞാക്ക ഗള്‍ഫിലേക്ക് കൊണ്ടുവന്നവരായിരുന്നു. ചടങ്ങിനുശേഷം കാശ് പിരിക്കുന്നതിനുമുമ്പുതന്നെ ഒ.ടി. മൊയ്തുവിന്റെ അഭാവം ശ്രദ്ധിക്കപ്പെട്ടു.
ആളുകള്‍ അടക്കം പറഞ്ഞു.
മയ്യിത്ത് നിസ്‌കരിക്കാന്‍ പോലും ഓന്‍ വന്നില്ല. അതും കുഞ്ഞാക്കയുടെ. ഓനെ ഇങ്ങട് കൊണ്ടുവന്ന നന്ദിയെങ്കിലും കാണിക്കണ്ടെ?
അവിടെയുമുണ്ടായി രണ്ടുപക്ഷം.
 ആ മൊയ്തുവിന്റെ കാര്യം കഷ്ടാണ് കേട്ടോ. ജോലിത്തിരക്ക് കൊണ്ട് ഒന്ന് ശ്വാസം വിടാന്‍ പോലും നേരം കിട്ടുന്നില്ല. ശരിക്കും കമ്പനിക്കാര് ആ പാവത്തെ ചൂഷണം ചെയ്യാണ്.
മൊയ്തുവിനെ അവിടെനിന്ന് രക്ഷിക്കണമെന്ന് നാട്ടുകാരില്‍ ചിലര്‍ തീരുമാനമെടുത്തു. പിടിപാടുള്ള ഒരു തൊക്കിലങ്ങാടിക്കാരന്റെ കെയറോഫില്‍ ജോലി ശരിയാക്കിയശേഷമാണ് അവര്‍ മൊയ്തുവിനെ കാണാന്‍ പോയത്.
കുഞ്ഞാക്കാന്റെ നിസ്‌കാരത്തിനുപോലും വരാന്‍ പറ്റിയില്ല, അല്ലേ, സാരമില്ല, ഞങ്ങള്‍ നിനക്കൊരു ജോലി ശരിയാക്കിയിട്ടുണ്ട്. കൂട്ടായ്മയൊക്കെ ഇവിടെയുള്ളപ്പോള്‍ ഒരാള്‍ ഇങ്ങനെ കഷ്ടപ്പെടാന്‍ പാടില്ല.
ഞാനെങ്ങോട്ടും മാറുന്നില്ല. എനിക്ക് ഇവിടെ തന്നെ മതി- ഒ.ടി. മൊയ്തു തറപ്പിച്ചുപറഞ്ഞപ്പോള്‍ മാറിയാല്‍ നല്ല ആശ്വാസം കിട്ടും പഹയാ എന്ന് കൂട്ടത്തില്‍ പ്രായമുള്ളയാള്‍ ഓര്‍മ്മിപ്പിച്ചു.
ഒരു ആശ്വാസവും വേണ്ട. ഇവിടെ അധ്വാനിക്കുന്നതിന് കായ് കിട്ടുന്നുണ്ട്. പത്ത് മിനിറ്റ് അധികം പണിയെടുത്താല്‍ പോലും കാശാണ്.
ഉമ്മന്‍ചാണ്ടിയെ ചാടിക്കാന്‍ ജോര്‍ജിന്റെ കൂടെ കൂടിയ മീഡിയക്കാരെക്കാളും കൂടുതല്‍ നിരാശരായി ആഗതര്‍.
മൊയ്തുവിനുവേണ്ടി സഹതപിച്ചവരെല്ലാം അന്നുമുതലാണ് മൊയ്തുവിനെ ഓട്ടി മൊയ്തുവെന്ന് വിളിച്ചു തുടങ്ങിയത്.
ഓവര്‍ ടൈമിനുവേണ്ടി ചാകുന്നവന്‍.
ഓട്ടിയോട് തോറ്റു മടങ്ങുമ്പോള്‍ നീ നമ്മളെ തേടി വരും പഹയാ എന്നു തൊക്കിലങ്ങാടി സംഘം പറഞ്ഞതു പോലെയായി പിന്നീട് കാര്യങ്ങള്‍.  
സ്വദേശി പൊല്ലാപ്പായ നിതാഖാതില്‍നിന്ന് രക്ഷിക്കാന്‍ കമ്പനി തട്ടിയത് മൊയ്തുവിനെ. വീണ്ടും തൊക്കിലങ്ങാടിക്കാര്‍ രക്ഷക്കെത്തിയപ്പോള്‍ മൊയ്തു വന്നുവീണത് ഒരു ബഖാലയില്‍. പക്ഷേ ഓട്ടി മൊയ്തുവിനെ അവിടെ ഭാഗ്യം കൈവിട്ടില്ല. ബഖാലയിലും തുറന്നുകിട്ടി എക്‌സ്ട്ര ഇന്‍കം ഉണ്ടാക്കാനൊരു വഴി.
പണം വലിച്ചെടുക്കുന്ന ആസ്തമയല്ലാട്ടോ.അടുത്തുള്ള വല്യോരു വീട്ടിലേക്ക് മൊയ്തു സാധനങ്ങള്‍ എത്തിച്ചുകൊടുക്കും. അവിടെയുള്ളൊരു ബാബ നന്നായി കൈമടക്കും. ആ കൈമടക്കില്‍ ഓട്ടിയില്ലാത്ത സങ്കടം മൊയ്തു മറക്കും. ബഖാലയില്‍ രാവും പകലും പണീണ്ടെങ്കിലും ഓട്ടിയില്ലല്ലോ. ഇപ്പോഴാണ് മൊയ്തു ഒഴിവുസമയം എന്‍ജോയ് ചെയ്യുന്നത്. നിസ്‌കാരത്തിന് കടയടച്ചാലും മൊയ്തു റൂമില്‍ പോയി വിശ്രമിക്കും.
അങ്ങനെയിരിക്കെ, മൊയ്തുവിനെ വീണ്ടും തോല്‍പിച്ചുകൊണ്ട് ആ ബാബ വിടചൊല്ലുകയും കൈമടക്ക് അവസാനിക്കുകയും ചെയ്തു. സമീപത്തെ മറ്റൊരു ഫ്‌ളാറ്റ് വഴി ബാബയുടെ ഫ്‌ളാറ്റിലേക്കും സാധനങ്ങള്‍ എത്തിക്കുന്നുണ്ടെങ്കിലും കൈമടക്കിനു കനമില്ലാതായി.
ഒരു ദിവസം മൊയ്തു ഉച്ചഭക്ഷണത്തിനെത്തിയപ്പോള്‍ കൂട്ടുകാര്‍ ഒരു വലിയ തളിക ചോറും ആടുമായി കാത്തിരിക്കുന്നു.
എന്താ വകയെന്ന് ചോദിക്കുക മൊയ്തുവിന്റെ ഒരു വീക്ക്‌നെസ്സാണ്. അപ്പം തിന്നാല്‍ പോരേയെന്ന് കൂട്ടുകാര്‍ ചോദിച്ചെങ്കിലും മൊയ്തുവിന്റെ നിര്‍ബന്ധത്തിനു വഴങ്ങി അവര്‍ക്ക് അതു പറയേണ്ടിവന്നു.
ബാബയുടെ വീട്ടില്‍നിന്ന് കൊണ്ടുവന്ന ആ തളികക്കുമുന്നില്‍ മൊയ്തുവിന്റെ കണ്ണീരൊഴുകിയപ്പോള്‍ അതൊരു മരണവീട് പോലെയായി.


Related Posts Plugin for WordPress, Blogger...