Pages

പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..

August 27, 2013

അരിച്ചാക്കിലെ പണക്കിഴി



മല്‍ബു ഓഫീസില്‍നിന്നു വരികയായിരുന്നു. 
ഇന്നെങ്കിലും വെള്ളമുണ്ടാകണേ എന്നാണ് പ്രാര്‍ഥന. കാരണം രണ്ട് ദിവസമായി കുളിച്ചിട്ടില്ല. ദല്‍ഹിക്കാരന്‍ അഹമ്മദ് ചെയ്യുന്നതുപോലെ തലമാത്രം കഴുകി തോര്‍ത്തിയാണ് രാവിലെ ഓഫീസിലേക്ക് പോയത്. അതും ആറ് റിയാല്‍ കൊടുത്തു വാങ്ങുന്ന കുടിവെള്ളത്തില്‍. ഫ്‌ളാറ്റില്‍നിന്ന് ഇറങ്ങുമ്പോള്‍ സ്‌പ്രേ അടിച്ചതിനു പുറമേ ഓഫീസിലെത്തിയിട്ടും പലതവണ  അത്തറു പുരട്ടി വിയര്‍പ്പ് നാറുന്നുണ്ടോ എന്ന സംശയത്തില്‍നിന്ന് രക്ഷ നേടി. 

വെള്ളമില്ലെന്ന് ഫ്‌ളാറ്റ് കാവല്‍ക്കാരനോടും ഉടമയോടുമൊക്കെ ആവലാതി ബോധിപ്പിച്ചെങ്കിലും പരിഹാരമായിട്ടില്ല. 
രാവിലെ വരും, വൈകിട്ട് വരും എന്നു പറഞ്ഞ് അവര്‍ ഒഴിഞ്ഞുമാറും. എത്ര ആലോചിച്ചിട്ടും പിടികിട്ടാത്ത കാര്യം രണ്ടു ദിവസം വെള്ളമില്ലാഞ്ഞിട്ടും ഇതിനകത്തു കഴിയുന്ന ഫാമിലികളൊക്കെ എന്തു ചെയ്യുന്നു എന്നതാണ്. 
എല്ലാവരേയും പോലെ നിങ്ങള്‍ എന്തുകൊണ്ട് വീപ്പയില്‍ വെള്ളം പിടിച്ചുവെക്കുന്നില്ല എന്നാണ് കാവല്‍ക്കാരന്‍ മണിയുടെ ചോദ്യം. 
റൂമിലെ അന്തേവാസികളും കുറേ ആയി പറയുന്നു. നമുക്കൊരു വീപ്പ വാങ്ങിക്കൊണ്ടുവന്ന് വെള്ളം പിടിച്ചുവെക്കണമെന്ന്. പക്ഷേ, നാലു പേരും കുഴിമടിയ•ാര്‍. ആരു പോയി ഡ്രം വാങ്ങിക്കൊണ്ടുവരുമെന്ന ചോദ്യം ആവര്‍ത്തിച്ചുകൊണ്ടിരുന്നു. ഒരാള്‍ ഒരാഴ്ചത്തേക്ക് വെള്ളമുള്ളിടത്തേക്ക് ഗസ്റ്റ് പോയി. രണ്ടു പേര്‍ വേറെ എവിടെയോ പോയാണ് പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാറുള്ളതെങ്കിലും അങ്ങനെ പോകാന്‍ മല്‍ബുവിന് മടിയാണ്. ഓഫീസിലെ ബാത്ത്‌റൂമാണ് കുളി ഒഴികെയുള്ള കൃത്യങ്ങള്‍ക്ക് ആശ്രയം.
മല്‍ബു കാറില്‍നിന്ന് ഇറങ്ങിയതും തേടിയ വള്ളി കാലില്‍ ചുറ്റിയതു പോലെ കുറച്ചകലെ മാലിന്യപ്പെട്ടിക്കു സമീപം ഒരു നീല വീപ്പ. അത് മല്‍ബുവിനെ മാടിവിളിക്കുകയാണ്. ഉച്ച സമയമായതു കൊണ്ട് അടുത്തൊന്നും ആരുമില്ല. മല്‍ബു കഴുത്തില്‍നിന്ന് ടൈ ഊരി പാന്റ്‌സിന്റെ പോക്കറ്റില്‍ തിരുകി നീലവീപ്പ ലക്ഷ്യമാക്കി നടന്നു. 
ആവശ്യമില്ലാത്തവര്‍ ഉപേക്ഷിക്കുന്ന  വസ്തുക്കള്‍ ആവശ്യമുള്ളവര്‍ എടുത്തുകൊണ്ടു പോകുക എന്നത് മോശം കാര്യമൊന്നുമല്ല. എന്തൊക്കെ സാധനങ്ങള്‍ ആര്‍ക്കൊക്കെ ഇങ്ങനെ സൗജന്യമായി കിട്ടിയിരിക്കുന്നു. ടി.വി സ്റ്റാന്റ് മുതല്‍ നല്ല ഒന്നാന്തരം സോണി ടി.വിവരെ. 
ഒന്നുകൂടി ചുറ്റുപാടും നിരീക്ഷിച്ചശേഷം മല്‍ബു വീപ്പയിലേക്ക് നോക്കി. ഒരു കുഴപ്പവുമില്ല. ക്ലീന്‍ എന്നു പറഞ്ഞാല്‍ പോരാ സൂപ്പര്‍ ക്ലീന്‍. 
എന്തുകൊണ്ടായിരിക്കും ഇത് ഉപേക്ഷിച്ചത്. മണത്തുനോക്കി. ഒട്ടും ദുര്‍ഗന്ധമില്ല. വല്ല പൊട്ടും കാണുമോ. എല്ലാ ഭാഗവും ഒന്നു കൂടി നോക്കി. ഒരു കുഴപ്പവുമില്ല. രണ്ടു കൈ കൊണ്ട് വട്ടത്തില്‍ പിടിച്ച് വേച്ച് വേച്ച് നടന്ന് ഫ്‌ളാറ്റിന്റെ വാതിലിനടുത്ത് എത്തി. ഇനിയിപ്പോ ഇത് നാലാം നിലയിലേക്ക് കയറ്റണം. ഒരാളുണ്ടെങ്കില്‍ നല്ലതാണല്ലോ എന്നു കരുതി മൊബൈലെടുത്ത് സഹമുറിയന്‍ മൊയ്തുവിനെ വിളിച്ചുനോക്കി. അവന്‍ ഫോണ്‍ എടുക്കുന്നില്ല. ഈനേരത്ത് അവന്‍ റൂമില്‍ ഉണ്ടാകേണ്ടതാണ്. ഫോണ്‍ സൈലന്റാക്കി ഉറങ്ങിക്കാണും. വിയര്‍ത്തുകുളിച്ചിട്ടുണ്ടെങ്കിലും കാര്യമാക്കാതെ മല്‍ബു തന്നെ അതു നാലുനില കയറ്റി. 
അവരൊക്കെ ഒന്ന് ഞെട്ടണം. കുഴിമടിയന്‍ മല്‍ബു തനിച്ച് വലിയൊരു വീപ്പ മുറിയിലെത്തിച്ചിരിക്കുന്നു. 
തട്ടലുംമുട്ടലും കേട്ട് ഉണര്‍ന്ന മൊയ്തുവിന് ഉച്ചമയക്കത്തില്‍ അതൊരു സ്വപ്നം പോലെയാണ് തോന്നിയത്. ബോധത്തിലേക്ക് വന്നപ്പോള്‍ വലിയ സംഭവമാക്കേണ്ട എന്നു കരുതി മൊയ്തു പറഞ്ഞു. 
ഇനിയിപ്പോ ഡ്രമ്മിന്റെ ആവശ്യമില്ല വെള്ളം വന്നു. ഇനി ആറു മാസം കഴിഞ്ഞായാലും മതി ഡ്രം. 
മല്‍ബു വിട്ടുകൊടുത്തില്ല. വെള്ളം ഇനി ഇടക്കിടെ പോകുമെന്നും വീപ്പ വാങ്ങി വെള്ളം പിടിച്ചുവെക്കണമെന്നും ഹാരിസ് മണി രാവിലേം കൂടി പറഞ്ഞതാ. അതുകൊണ്ടാ ഈ നട്ടുച്ചക്ക് പോയി വാങ്ങിക്കൊണ്ടുവന്നത്. 
രണ്ടുപേരും കൂടി വീപ്പ ബാത്ത് റൂമില്‍ എത്തിച്ച് വെള്ളമൊഴിച്ച് കഴുകിത്തുടങ്ങിയതും മൊയ്തു അതുകണ്ടുപിടിച്ചു. മല്‍ബു എത്രനോക്കിയിട്ടും കാണാത്ത ഒരു പാച്ച് വീപ്പയുടെ മധ്യഭാഗത്ത്. 
നോക്കി വാങ്ങണ്ടേ ഇഷ്ടാ എന്നു മൊയ്തു പറഞ്ഞപ്പോള്‍ വാങ്ങിയതല്ല, കിട്ടിയതാണെന്ന സത്യം മല്‍ബു വെളിപ്പെടുത്തി. 
ഏതായാലും കളയേണ്ട, ടാപ്പ് ഒട്ടിച്ചാല്‍ അരിയിട്ടുവെക്കാമെന്ന തീരുമാനത്തില്‍ ഇരുവരും ചേര്‍ന്ന് വീപ്പ കിച്ചണിലെത്തിച്ചു. പാച്ചടച്ച ശേഷം അരിച്ചാക്ക് പിടിച്ച് വീപ്പയിലേക്ക് തള്ളുമ്പോള്‍ അതിലൊരു പൊതി. കടലാസ് നീക്കിയപ്പോള്‍ ഒരു പ്ലാസ്റ്റിക്ക് സഞ്ചിയില്‍ കുറേ റിയാലുകള്‍. എണ്ണി നോക്കിയപ്പോള്‍ അയ്യായിരമുണ്ട്. 
അരിച്ചാക്ക് വാങ്ങിയതിനുള്ള സമ്മാനമായിരിക്കുമെന്ന് മല്‍ബു. ചായപ്പൊടിപ്പെട്ടിയിലും വാഷിംഗ്പൗഡറിലും ഇതുപോലെ സമ്മാനക്കിഴി ഉണ്ടാകാറുണ്ടല്ലോ? മൊയ്തു വേഗം ചാക്കിന്റെ പുറത്തുനോക്കി. വല്ലതും എഴുതിയിട്ടുണ്ടോ? ഒന്നും കാണുന്നില്ല.  അപ്പോഴാണ് വെള്ളമില്ലാത്തതിനാല്‍ ഗസ്റ്റ് പോയ അമ്മദിന്റെ വിളി?
വെള്ളം വന്നോ മല്‍ബൂ.
വെള്ളം വന്നു. പിന്നെ വേറെ ഒരു വിശേഷമുണ്ട്. അരിച്ചാക്കില്‍നിന്ന് നമുക്ക് സമ്മാനമടിച്ചു. ഒരു കെട്ട് റിയാല്‍. 
അയ്യോ അത് എന്റെ റിയാലാണെന്ന് പറഞ്ഞുകൊണ്ട് ഫോണ്‍ വെച്ച അമ്മദ് അഞ്ച് മിനിറ്റുകൊണ്ട് മുറിയില്‍ കുതിച്ചെത്തി. 
മക്കളേ, നാട്ടിലയക്കേണ്ട കാശാണ്. റേറ്റ് ഇനിയും കുറയാന്‍ വേണ്ടി കാത്തുനില്‍ക്കാണ്. പൂട്ടിവെക്കാന്‍ ഒരു സ്ഥലമില്ലാത്തതുകൊണ്ടാണ് അരിച്ചാക്കില്‍ വെച്ചത്.
എന്നാല്‍ പറ. എത്ര റിയാലുണ്ട്? 
മല്‍ബുവിന്റെ ചോദ്യത്തിനുമുന്നില്‍ ഒട്ടും പകക്കാതെ അമ്മദ് പറഞ്ഞു.
അയ്യായിരം. 
റേറ്റ് ഇനിയുമിനിയും കുറയട്ടെ. ഇതിന് ഒരുലക്ഷം കിട്ടിയാലേ അയക്കുന്നുള്ളൂ. 
ഉവ്വ ഉവ്വ നാലായിരത്തിനു ലക്ഷം കിട്ടുമെന്ന് പറഞ്ഞുകൊണ്ട് മല്‍ബുവും മൊയ്തുവും ബാക്കി സമയം ഉറങ്ങാന്‍ പോയി. അമ്മദാകട്ടെ രൂപയുടെ മൂല്യം ഡോളറിന് എഴുപതിലേക്ക് കൂപ്പുകുത്തുമെന്ന വാര്‍ത്ത ഒരിക്കല്‍ കൂടി വായിച്ചുരസിച്ചു.

19 comments:

ajith said...

കൂടുതല്‍ കിട്ടീട്ടെന്ത് കാര്യം!

Anonymous said...

;-)
:-(

K@nn(())raan*خلي ولي said...

അദ്ദാണ് മല്‍ബു!

ente lokam said...

ഇതൊരു സൂപ്പർ സാധനം തന്നെ..വീപ്പ അല്ലാ..
എഴുത്ത്..ഇത്ര മനോഹരം ആയി ആനുകാലിക
സംഭവങ്ങൾ നര്മത്തിന്റെ മേമ്പൊടിയോടെ ചിന്തക്ക്
വെച്ചതിനു അഭിനന്ദനങ്ങൾ....കൊച്ചു കഥയിലൂടെ
കുറെ അധികം നീറുന്ന പ്രശ്നങ്ങളുടെ കാതലായ
അവതരണം..

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

കളിയും കാര്യവും കുഴച്ച് ഉരുളകളാക്കിത്തന്നു.കഴിച്ചു.രസിച്ചു.ആശംസകള്‍

the man to walk with said...

:)
Nice
Best wishes

ഷാജു അത്താണിക്കല്‍ said...

വളരെ നല്ല എഴുത്ത് തന്നെ

പ്രാവാസത്തിന്റെ ഓരോ സംഭവങ്ങളും കോർത്തിണക്കി എഴുതുന്ന ഈ എഴുത്തിന്ന് എല്ലാ ആശംസകളും

വീകെ said...

കൂടുതൽ കിട്ടീട്ടും വല്യ കാര്യമൊന്നുമില്ല. നാട്ടിൽ എല്ലാം പഴയതിനേക്കാൾ വില കൂടിയിരിക്കുന്നു. ജീവിതം വളരെ ദുഃസ്സഹമായിരിക്കുന്നു..

Vinodkumar Thallasseri said...

ഒന്ന്‌ ചീയണം മറ്റൊന്നിന്‌ വളമാകാന്‍, അല്ലേ?

മുകിൽ said...

pravaasam oru sambhavamaanu,lle

majeed alloor said...

പണം പൂഴ്ത്തിവെക്കാന്‍ അരിച്ചാക്കോ, ഇവിടെ അരിക്ക് വില കൂടി, പണത്തിനാണെങ്കില്‍ 'വില'യുമില്ല..

Mohamedkutty മുഹമ്മദുകുട്ടി said...

ഇത്രയും രസകരമായ മല്‍ബു കഥ വായിച്ചിട്ടില്ല. സസ്പെന്‍സും നന്നായി നില നിര്‍ത്തി.കൂടെ ആനുകലിക പ്രസക്തിയുള്ള വിഷയവും.ഈ മല്‍ബുവിനെ സമ്മതിച്ചേ പറ്റൂ.

A said...
This comment has been removed by the author.
A said...

ഗള്‍ഫ് പ്രവാസിയുടെ ജലക്കമ്മിയില്‍ നിന്ന് ഒരു കവിത പോലെ നാട്ടിലെ ധനക്കമ്മിയിലെത്തിച്ച എഴുത്തിലെ ഈ കയ്യടക്കം വിസ്മയിപ്പിക്കുന്നതാണ്. Malbu rocks.

Shahida Abdul Jaleel said...

ഇതു വായിച്ചപ്പോള്‍ ഉമ്മ പണ്ട് ഉപ്പാനേ കാണാതെ ഒളിപ്സിഹു വെക്കുന്ന പണം നെല്ല്ന്‍റെ ചാക്കിലും അരിച്ചക്കിലും വച്ചതും അത് ഉമ്മ അറിയാതെ ഉപ്പാനേ അറിയിച്ചതും ഓര്‍ക്കുന്നു.....

ഫൈസല്‍ ബാബു said...

വായിച്ചു തീര്‍ന്നത് അറിഞ്ഞില്ല . ബാച്ചി ലൈഫിനെ തൊട്ടറിഞ്ഞ ഒരു നല്ല പോസ്റ്റ്‌.

ബഷീർ said...

രസകരമായി അവതരിപ്പിച്ചു

Echmukutty said...

ഉഷാറായിട്ടുണ്ട്.. അഭിനന്ദനങ്ങള്‍.

Muralee Mukundan , ബിലാത്തിപട്ടണം said...

ഇത് കലക്കി..!

Related Posts Plugin for WordPress, Blogger...