Pages

പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..

November 26, 2012

അമ്മായി വേഷം



ഉച്ചമയക്കത്തിലായിരുന്നു മല്‍ബു. അതുവരെയുള്ള വിറ്റുവരവിന്റെ നോട്ടുകള്‍ എണ്ണി സഞ്ചിയിലാക്കി ഭദ്രമാക്കിവെച്ച ശേഷമുള്ള മയക്കം. രണ്ടു മൂന്ന് മണിക്കൂറുകള്‍ നീളുന്ന ഈ വിശ്രമവും ചിലപ്പോള്‍ ഗാഢനിദ്രയും പതിവുള്ളതാണ്. പൊതുവെ ആളുകള്‍ കുറയുന്ന ഉച്ചനേരത്ത് കടയില്‍ കൂടുതല്‍ പണം സൂക്ഷിക്കുന്നത് ഒട്ടും സേഫല്ല. നട്ടുച്ചക്കാണ് ഒരിക്കല്‍ മൂന്ന് കള്ളന്മാര്‍ കയറി പണവും ടെലിഫോണ്‍ കാര്‍ഡുകളുമൊക്കെ അടിച്ചോണ്ടുപോയത്. അതുകൊണ്ടു ഉച്ചഭക്ഷണത്തിനു ഫ്‌ളാറ്റിലേക്ക് പോരുമ്പോള്‍ അതുവരെയുള്ള കച്ചവടത്തിന്റെ പണവും കൊണ്ടുവരും. 
മയക്കത്തിലേക്ക് വീഴുന്നതേ ഉണ്ടായിരുന്നുള്ളൂ. 
അപ്പോഴാണ് മൊബൈല്‍ ഫോണ്‍ നാണയത്തുട്ടുകള്‍ നിലത്തുവിഴുന്ന ശബ്ദമുണ്ടാക്കിയത്. കച്ചവടക്കാരനു ചേരുന്ന റിംഗ് ടോണെന്ന് പലരും പുകഴ്ത്തിയിട്ടുണ്ട് ഈ മണിക്കിലുക്കത്തെ.
പരിചയമില്ലാത്ത നമ്പര്‍ ആയതിനാല്‍ എടുക്കാന്‍ മടിച്ചു.  പക്ഷെ, വീണ്ടും നാണയം വീണു കിലുങ്ങി. 
എന്തിനാ എടുക്കാതിരിക്കുന്നത്, ചിലപ്പോള്‍ അയാളായിരിക്കും. എടുത്തുനോക്കൂ- മല്‍ബി പറഞ്ഞു.
അയ്യായിരം അടിച്ചോണ്ടു പോയ ഹാരിസിന്റെ വിളിയാണ് മല്‍ബി പ്രതീക്ഷിക്കുന്നത്. മക്കളോട് അടുപ്പം കാണിച്ചും ഫ്രഷ് മീന്‍ എത്തിച്ചും സ്‌നേഹം നടിച്ച് അയ്യായിരം റിയാല്‍ കടമായി വാങ്ങി മുങ്ങിയ ഹാരിസ് പണവുമായി മടങ്ങിയെത്തുമെന്ന് കരുതുന്ന പോഴത്തക്കാരി, പാവം.
മനസ്സില്ലാമനസ്സോടെ മൊബൈല്‍ എടുത്തപ്പോള്‍ അങ്ങേത്തലക്കല്‍ പരിചയമുള്ള അറബി. അയാള്‍ കൈമാറിയതാകട്ടെ ഒരു രഹസ്യ വിവരം.
കടയില്‍ ഒരു സയ്യിദത്തി കയറിയിട്ട് കുറച്ചുനേരമായി. ഷട്ടര്‍ പാതി താഴ്ത്തിയിട്ടുമുണ്ട്. 
ഇതായിരുന്നു ഞെട്ടിക്കുന്ന ആ വിവരം. 
കടയില്‍ പണിക്കാരന്‍ തനിച്ചേയുള്ളൂ. കഴിഞ്ഞയാഴ്ച അവനുണ്ടാക്കിയ ഒരു പുകില്‍ തീര്‍ന്നിട്ടില്ല. ഇപ്പോഴിതാ വീണ്ടുമൊന്ന്. പടച്ചോനെ എന്നു വിളിച്ചുപോയി മല്‍ബു.
കടയില്‍ ച്യൂയിംഗം വാങ്ങാനെത്തിയ ചെറിയ പെണ്‍കുട്ടിയോട് പണിക്കാരന്‍ മനസ്സറിഞ്ഞു ചിരിച്ചതാണ് കഴിഞ്ഞാഴ്ച പൊല്ലാപ്പായത്. കുട്ടിയുടെ പിതാവും മാതാവും ചാടിക്കിതച്ചെത്തി ടിയാന്റെ ദേഹത്ത് കൈവെച്ചില്ലെന്നേയുള്ളൂ. ബാക്കിയൊക്കെ പറഞ്ഞ് കലി തീര്‍ത്തു. കുട്ടികള്‍ വരുന്ന കടയില്‍ ഇവനെയൊന്നും വെച്ചോണ്ടിരിക്കാന്‍ പാടില്ലെന്ന് മല്‍ബുവിനു താക്കിതും കിട്ടി.  
പകച്ചുനില്‍ക്കേണ്ട സമയമല്ല. അത്യാവശ്യമായി കടയില്‍ പോകണമെന്നു മാത്രം മല്‍ബിയോട് പറഞ്ഞ് ചാടി ഇറങ്ങി. വിശ്രമിക്കാന്‍ പോയ രണ്ടാമത്തെ പണിക്കാരനോട് ഉടന്‍ കടയില്‍ എത്താന്‍ വിളിച്ചു പറഞ്ഞു.
ഇരുവരും എത്തിയപ്പോള്‍ സംഗതി ശരിയായിരുന്നു. ഉച്ചനേരത്ത് കടയുടെ ഷട്ടര്‍ അല്‍പം താഴ്ത്താറുണ്ടെങ്കിലും ഇത് അതിലേറെ താഴ്ത്തിയിരിക്കുന്നു. രഹസ്യവിവരം നല്‍കിയ അറബിയും കുറച്ചകലെ നിര്‍ത്തിയിട്ടിരുന്ന കാറില്‍നിന്ന് ഇറങ്ങിവന്നു.
അകത്തു തന്നെയുണ്ട്. ഇറങ്ങിയിട്ടില്ല -അയാള്‍ പറഞ്ഞു.
പോലീസില്‍ അറിയിക്കട്ടെ -അയാള്‍ വീണ്ടും ചോദിച്ചു. 
വേണ്ട, ആരാണ്, എന്താണ് എന്നൊക്കെ നോക്കി വേണ്ടതുപോലെ ചെയ്യാം. 
അകത്ത് ക്യാമറയുണ്ടോ എന്നായി അറബിയുടെ അടുത്ത ചോദ്യം.
ക്യാമറയുണ്ടെങ്കിലും അതിന് കണക്ഷനൊന്നും കൊടുത്തിരുന്നില്ല. വെറുതെ ആളുകളെ പേടിപ്പിക്കാനായി കടയുടെ നാലു ഭാഗത്തും ക്യാമറ പിടിപ്പിച്ചിട്ടുണ്ട്. ക്യാമറ ഉണ്ടെന്നു തോന്നിയാല്‍ ഏതു പഠിച്ച കള്ളനും അല്‍പം മടിക്കും എന്നാണ് അതിന്റെ മനശ്ശാസ്ത്രം. കടയില്‍ നടക്കുമായിരുന്ന പല തട്ടിപ്പുകളും ക്യാമറ ചൂണ്ടിക്കാട്ടിയാണ് പൊളിക്കാറുള്ളത്. നൂറു റിയാല്‍ തന്നു എന്നു പറഞ്ഞ് വാശി പിടിച്ച ഒരാള്‍ ക്യാമറയിലെ വീഡിയോ നോക്കാമെന്നു പറഞ്ഞപ്പോള്‍ പണം വലിച്ചെറിഞ്ഞു പോയതാണ് അവസാനത്തെ സംഭവം. 
ക്യാമറ വര്‍ക്ക് ചെയ്യുന്നതാണെന്നു പറഞ്ഞാല്‍ അറബി വീഡിയോ കാണിക്കാന്‍ ആവശ്യപ്പെടും. ആ പൊല്ലാപ്പ് വേണ്ടാന്നു കരുതി സത്യം തന്നെ പറഞ്ഞു.
ക്യാമറയുണ്ട്. പക്ഷേ ഇന്ന് ഓണ്‍ ചെയ്തിട്ടില്ല.
ഷട്ടര്‍ നീക്കാമെന്നും സയ്യിദത്തി ഇറങ്ങി ഓടാന്‍ ശ്രമിച്ചാല്‍ മൂന്ന് പേരും ചേര്‍ന്ന് പിടിക്കണമെന്നും ശട്ടം കെട്ടി. 
ഷട്ടര്‍ ഉയര്‍ത്തി ഗ്ലാസ് തള്ളിത്തുറന്നതും കറുത്ത പര്‍ദയണിഞ്ഞ നീണ്ടുമെലിഞ്ഞ സ്ത്രീ  പുറത്തേക്ക്. രണ്ട് മല്‍ബുകള്‍ക്കും ചേര്‍ന്ന് പിടിച്ചു നിര്‍ത്താമായിരുന്നിട്ടും അവള്‍ ഡോറിനു പുറത്തെത്തി. പിടിക്കാമായിരുന്നിട്ടും പിടിക്കാതിരുന്ന മല്‍ബുകളെ കഴുതകളെന്നു വിളിച്ചു കൊണ്ട് അറബി ഒറ്റച്ചാട്ടത്തിനു അവളുടെ പര്‍ദയില്‍ പിടികൂടി. പക്ഷേ, പര്‍ദ ഉപേക്ഷിച്ച് കുതറിയ അവളുടെ മുടിയിലായി പിടിത്തം. അവിടേം നിന്നില്ല റിബണ്‍ അറബിയുടെ കൈയിലേക്ക് നല്‍കിക്കൊണ്ട്  ടീഷര്‍ട്ടും ജീന്‍സും ധരിച്ച അവള്‍ വേഗത്തിലോടി കുറച്ചുദൂരെ സ്റ്റാര്‍ട്ടാക്കി നിര്‍ത്തിയിരുന്ന കാറില്‍ കയറി രക്ഷപ്പെട്ടു.  
മൂന്ന് പേരും കടയ്ക്കകത്തു കയറിയപ്പോള്‍ പണിക്കാരന്‍ സ്വന്തം പാന്റ്‌സിന്റേയും ഷര്‍ട്ടിന്റേയും പോക്കറ്റ് തപ്പുകയായിരുന്നു. 
അയ്യോ എന്റെ ഇഖാമ അവന്‍ കൊണ്ടുപോയി.
ഏതവന്‍?
ഇപ്പോള്‍ ഇറങ്ങി ഓടിയില്ലേ. അവന്‍ തന്നെ. 
അവനോ? അത് അപ്പം ചുട്ടുവന്ന നിന്റെ അമ്മായിയല്ലേ? അറബിയുടെ കൈയിലിരിക്കുന്ന പര്‍ദ ചൂണ്ടി മല്‍ബു പറഞ്ഞു.
അല്ല, നീളമുള്ള മുടിയില്‍ റിബണ്‍ കെട്ടിയ അവനെ കണ്ടാല്‍ പെണ്ണെന്നേ തോന്നൂ- പണിക്കാരന്‍ വിങ്ങി വിങ്ങിപ്പറഞ്ഞു.
ആണാണെന്ന് തിരിയുമ്പോഴേക്കും അവന്‍ എന്റെ ഇഖാമയും പഴ്‌സും ഇസ്‌കിയിരുന്നു. നാട്ടില്‍ വിടാനുള്ള 800 റിയാലും അതിലായിരുന്നു.  
അറബിയുടെ പൊട്ടിച്ചിരിയില്‍  നീളമുള്ള ആ പര്‍ദയും പങ്കുചേര്‍ന്നു.  

November 13, 2012

പാര്‍ട്ടി ഫ്‌ളാറ്റിലെ കാക്ക



മണി എട്ടടിച്ചിട്ടും പണിക്കാരില്‍ ഒരാളെ കാണുന്നില്ല. രാവിലെ ആറു മണിക്ക് പണിക്ക് കയറേണ്ടതാണ്. ഉറങ്ങിപ്പോയോന്ന് ചോദിക്കാന്നു വിചാരിച്ചാല്‍ ആരും ഫോണ്‍ എടുക്കുന്നുമില്ല. രണ്ടു പണിക്കാരെയും വെവ്വേറെ താമസിപ്പിച്ചിട്ട് രണ്ടാഴ്ചയേ ആയുള്ളൂ. അതുകൊണ്ട് ഒരാള്‍ സമയത്തിനെത്തി. രണ്ടാളും ചേര്‍ന്ന് പറ്റിക്കുന്നൂന്ന് തോന്നിയതുകൊണ്ടാണ് ഇരുവരേയും വേര്‍പെടുത്തുന്ന കഠിന തീരുമാനം കൈക്കൊണ്ടത്.

ഇയാളിത് എവിടെപ്പോയി കിടക്കുന്നു എന്നു എല്ലാവരും പിറുപിറുക്കുന്നതിനിടയില്‍  ദാ ടാക്‌സിയില്‍ വന്നിറങ്ങുന്നു.
സ്യൂട്ട് കെയ്‌സും പിന്നെ ഒരു സഞ്ചിയും കമ്പിളിയുമൊക്കയുണ്ട്. സഞ്ചി താഴെ വെച്ചപ്പോള്‍ അതില്‍നിന്ന് വീഡിയോ റെക്കോര്‍ഡറും ടെലിവിഷന്‍ റിസീവറും കേബിളുമൊക്കെ പുറത്തേക്ക് ചാടി.
അവിടെ ശരിയാകൂല്ല. ഞാനിങ്ങ് പോന്നു. അവിടത്തെ അന്ത്രൂന്റെ കൂടെ മനുഷ്യന്മാര്‍ക്ക് താമസിക്കാന്‍ പറ്റൂല്ലാന്നേ. ഒരു വിട്ടുവീഴ്ചയുമില്ലാത്ത ജന്തു-ഇളിച്ചു കൊണ്ട് കടയിലേക്ക് കയറിയ പണിക്കാരനോട് മല്‍ബുവിന് അരിശമാണ് തോന്നിയത്.

അന്ത്രൂന്റെ കാലും കൈയും പിടിച്ചാ അവിടെ ഒരു ബെഡ് സ്‌പേസ് ശരിയാക്കിക്കൊടുത്തത്. സ്വന്തം പാര്‍ട്ടിക്കാരനാണെന്നു പറഞ്ഞു കൊണ്ടു ചെന്നാക്കിയ ഇയാള്‍ ഒടുക്കത്തെ രാഷ്ട്രീയം പുറത്തെടുത്തു കാണും. അല്ലെങ്കില്‍ പുറത്താക്കാനൊന്നും സാധ്യതയില്ല.

അന്ത്രുവിന്റെ മെസ്സും ഫഌറ്റും  സാധാരണ ഫഌറ്റല്ല. പാര്‍ട്ടി ഗ്രാമം പോലെയാ അത്. പാര്‍ട്ടി ഫഌറ്റ്. നാടു വിട്ടവര്‍ക്ക് ജാതിയും മതവുമില്ല, പ്രവാസികള്‍ ഒറ്റ ജാതി എന്നൊക്കെ പ്രസംഗിക്കാന്‍ കൊള്ളാം. ഇവിടെ പാര്‍ട്ടിക്കാരാണ് ഒരു ജാതി. പുതുതായി ഒരാള്‍ താമസിക്കാനെത്തുമ്പോള്‍ വെരിഫിക്കേഷന്‍ നടത്തി മാത്രമേ ബെഡ് അനുവദിക്കൂ. അന്ത്രുവിന് അതിന് അതിന്റേതായ ന്യായമുണ്ട്. ഒരു പാര്‍ട്ടിക്കാരായാല്‍ ഏറ്റവും ചുരുങ്ങിയത് ടി.വിയെങ്കിലും അലമ്പില്ലാതെ കാണാമല്ലോ? എതിര്‍പാര്‍ട്ടിക്കാരനായ ഒരു പഹയനുണ്ടായാല്‍ മതി. പിന്നെ കൂട്ടവും ഗുലുമാലുമായി. അനുഭവമാണ് ഗുരു. ഒരിക്കല്‍ സുധാകാരനേയും കോടിയേരിയേയും അനുകൂലിക്കുന്നവര്‍ തമ്മില്‍ തല്ലി ടി.വി പൊട്ടിച്ചതിന് സാക്ഷിയായിട്ടുണ്ട് അന്ത്രു. അതില്‍ പിന്നെ സ്വന്തം പേരില്‍ എടുക്കുന്ന ഫഌറ്റില്‍ സ്വന്തം പാര്‍ട്ടിക്കാരെയല്ലാതെ വേറെ ഒരാളെ അയാള്‍ കയറ്റിയിട്ടില്ല.
ഇതൊക്കെ പറഞ്ഞു മനസ്സിലാക്കിക്കൊടുത്താണ് ഈ പഹയനെ അവിടെ കൊണ്ടു ചെന്നാക്കിയത്. അവരുടെ കൂടെ ടി.വി കാണാന്‍ ഇരിക്കൂല്ലാന്ന് ഉറപ്പു വാങ്ങിയിരുന്നു. എന്തു പ്രകോപനമുണ്ടായാലും പ്രതികരിക്കാന്‍ പാടില്ല. സ്വന്തം പാര്‍ട്ടിക്കാരെ എന്തു തെറി വിളിച്ചാലും മിണ്ടരുത്. എവിടെ നിന്നോ സംഘടിപ്പിച്ച ഡ്യൂപ്ലിക്കേറ്റ് മെമ്പര്‍ഷിപ്പ് കളയാതെ സൂക്ഷിച്ചോണം. ഇനി അഥവാ ആര്‍ക്കെങ്കിലും സംശയം തോന്നിയാല്‍ മെമ്പര്‍ഷിപ്പ് എടുത്ത് കാണിക്കണം. അങ്ങനെ എല്ലാ മുന്‍കരുതലുകളും നൂറ്റൊന്നാവര്‍ത്തിച്ചു പറഞ്ഞതാണ്.
വേണമെങ്കില്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ അവരുടെ നേതാക്കള്‍ക്ക് ജയ് വിളിക്കാമെന്നു പോലും സമ്മതിച്ച് പോയ ആളാണ് രണ്ടാഴ്ച തികയുന്നതിനു മുമ്പ് ഇറങ്ങിപ്പോന്നിരിക്കുന്നത്.
മല്‍ബുവിന് അരിശം മൂക്കുന്നതിനിടയില്‍ അന്ത്രൂന്റെ ഫോണ്‍ വന്നു. ഇമ്മാതിരി ബലാലാണെന്ന് അറിഞ്ഞിരുന്നെങ്കല്‍ ഇപ്പടി കയറ്റില്ലായിരുന്നു. നിങ്ങള്‍ ഒറ്റയാള്‍ പറഞ്ഞതോണ്ടാ ഞാന്‍ സമ്മതിച്ചത്. ഓനെ കണ്ടപ്പോ തന്നെ കൊയപ്പക്കരനാന്ന് എനിക്ക് തോന്നിയതാ. ഓന്റെ ഒരു ചാനലും റെക്കാര്‍ഡിംഗും.
എന്താ സംഭവിച്ചത്?
അതൊക്കെ ഓനോട് തന്നെ ചോദിച്ചാല്‍ മതി. ഏതായാലും സ്വയം ഇറങ്ങിപ്പോയത് നന്നായി. പുറത്താക്കാന്‍ ഞാന്‍ തീരുമാനിച്ചതായിരുന്നു.
എന്നാലും അന്ത്രുമാഷേ നിങ്ങള്‍ പറ. ഓന്‍ ആരോടെങ്കിലും അലമ്പുണ്ടാക്കിയോ?
പാര്‍ട്ടി വികാരം പുറത്തെടുത്തോ എന്നായിരുന്നു മല്‍ബുവിനു അറിയേണ്ടിയിരുന്നത്. ഉറച്ച ഒരു പാര്‍ട്ടിക്കാരന് മറ്റൊരു പാര്‍ട്ടിക്കാരനായി എത്ര കാലം അഭിനയിക്കാന്‍ സാധിക്കും. ആത്മാഭിമാനം പുറത്തു ചാടില്ലേ? വോട്ട് ചെയ്യുകയെന്ന അനുഭാവം മാത്രമേയുള്ളൂ എങ്കില്‍ തല്‍ക്കാലം അഡജസ്റ്റ് ചെയ്യും. ഇവന്‍ അതല്ല. നാട്ടില്‍ പാര്‍ട്ടിക്ക് വേണ്ടി ചെയ്യാത്തതൊന്നുമില്ല. നോട്ടീസും പോസ്റ്ററും കീറിയതു മുതല്‍ ആളെ കൊന്നില്ലെന്നേയുള്ളൂ. ബാക്കിയെല്ലാം ചെയ്തിട്ടുണ്ട്.
ഒരു സോറി പറയാന്‍ പോലും അവസരം നല്‍കാതെയും പണിക്കാരന്‍ എന്തു കുഴപ്പമാണ് ഉണ്ടാക്കിയതെന്നു പറയാതെയും അന്ത്രു ഫോണ്‍ വെച്ചു.
അയാള്‍ പറയൂല്ല. ശരിക്കും എന്താ ഉണ്ടായതെന്നു ഞാന്‍ പറയാം.
നിങ്ങള്‍ പറഞ്ഞതു പോലെ ഞാന്‍ അവരുടെ പാര്‍ട്ടിക്കാരനായി തന്നെയാ അഭിനയിച്ചത്. ആര്‍ക്കും ഒരു സംശയവും തോന്നിയിട്ടില്ല.
പിന്നെ എന്താണ് ഉണ്ടായത്?
റിസീവറും വീഡിയോ റെക്കോര്‍ഡറും കുത്തിനിറച്ച സഞ്ചി ചൂണ്ടി അയാള്‍ പറഞ്ഞു. ദാ അതാണു കാരണം.
ഓഹോ അപ്പോള്‍ അവിടെയും ആളുകളെ ഉറങ്ങാന്‍ വിട്ടില്ല, അല്ലേ?
പാര്‍ട്ടിയേക്കാളും പ്രധാനമാണ് ആളുകള്‍ക്ക് ഉറക്കം. എല്ലാവരും നിന്നെപ്പോലെയല്ല. നിനക്കിവിടെ വന്ന് ഉറക്കം തൂങ്ങിയാല്‍ മതിയല്ലോ?
സംഗതി ടിയാന്റെ സ്ഥിരം ഏര്‍പ്പാടാണ്. രാത്രി 12 മണിക്ക് കടയടച്ച് മുറിയിലെത്തിയാല്‍ പുലര്‍ച്ചെ മൂന്ന് മണി വരെ കണ്ടിരിക്കാനുള്ള ടി.വി പരിപാടികള്‍ വീഡിയോ റെക്കോര്‍ഡറില്‍ കാത്തിരിപ്പുണ്ടാവും. ഒറ്റ സീരിയലും മിസ്സാകാന്‍ പാടില്ലെന്നതാണ് പോളിസി. മുറിയിലുള്ള മറ്റു രണ്ടു പേര്‍ ഉണര്‍ന്നാലും ഉറങ്ങിയാലും ഈ കാഴ്ചകള്‍ക്കു ശേഷം മാത്രമേ ടിയാന്‍ അലക്കാനും കുളിക്കാനും കയറൂ. അതൊക്കെ കഴിഞ്ഞ് വൈകി ഉറങ്ങിയാലും അതിരാവിലെ ഉണരാന്‍ കഴിയുന്ന അത്ഭുതക്കാക്ക.
ഈ കുണ്ടാമണ്ടികള്‍ സ്വന്തമാക്കിയതിനു പിന്നിലും ഒരു കഥയുണ്ട്. എല്ലാ ദിവസവും വൈകുന്നേരം കുറച്ചുനേരം പണിസ്ഥലത്തുനിന്ന് സീരിയലിലേക്ക് മുങ്ങുന്ന ഏര്‍പ്പാടുണ്ടായിരുന്നു. അതു പറ്റൂല്ലാന്ന് പറഞ്ഞപ്പോള്‍ കണ്ടുപിടിച്ചതാണ് ഈ വിദ്യ. എല്ലാം റെക്കോര്‍ഡ് ചെയ്തു വെക്കുക. പണി കഴിഞ്ഞ് പോയാല്‍ തുടര്‍ച്ചയായി കാണാം. ആരേയും പേടിക്കേണ്ടല്ലോ. നേരോടെ നിര്‍ഭയം നിരന്തരം സീരിയലുകള്‍ കാണാം.
നീ ഗുണം പിടിക്കൂലാന്നു മല്‍ബു പറഞ്ഞപ്പോള്‍ റിസീവറും റെക്കോര്‍ഡറും ഒതുക്കിവെക്കുന്ന തിരിക്കിലായിരുന്നു സീരിയലുകള്‍ക്കായി ഉറക്കം ത്യജിക്കുന്ന അത്ഭുതക്കാക്ക.

November 4, 2012

ഫ്രഷ് മീന്‍



അതിരാവിലെ തന്നെ ബഹളം കേട്ടാണ് മല്‍ബുവും മല്‍ബിയും ഉണര്‍ന്നത്. വാതില്‍ തുറന്നു നോക്കിയപ്പോള്‍ കുറേപ്പേര്‍ കൂടി നില്‍ക്കുന്നു. 
ഇയാള്‍ അറിയാതെ അയാള്‍ എവിടേയും പോകില്ലെന്ന് മല്‍ബുവിനുനേരെ ചൂണ്ടി കൂട്ടത്തിലുള്ള അമ്മദ്. 
ഉറക്കച്ചടവിലായിരുന്ന മല്‍ബു കണ്ണുതിരുമ്മി.
സംഘത്തില്‍ അയാളെ മാത്രമേ അറിയൂ. ഇന്നാളൊരു ദിവസം കടയില്‍ വന്ന് ഒരു കാര്യവുമില്ലാതെ കുഴപ്പമുണ്ടക്കിയ അലമ്പന്‍ അമ്മദ്. എവിടെ ചെന്നാലും അലമ്പുണ്ടാക്കുന്ന പഹയന്‍. ഒരു കിലോ തക്കാളിയില്‍ ഒന്നെങ്ങനെ ചീഞ്ഞു എന്നു ചോദിച്ചായിരുന്നു കടയിലെ ബഹളം. തക്കാളി മടക്കി നല്‍കിയെങ്കിലും പിന്നെയും കുറേ നേരം ഞൊടിഞ്ഞാണ് മടങ്ങിയത്. 
ബാക്കി എല്ലാവരും അപരിചിതരാണ്. ഇത്രയും പേര്‍ പുലര്‍ച്ചെ തന്നെ സംഘടിച്ചെത്തിയത് എന്തിനാണെന്നറിയാതെ പകച്ചുപോയി മല്‍ബു. 
എവിടെ പോയി ഹാരിസ്? 
ഏതു ഹാരിസ്?
കണ്ടില്ലേ അറിയാത്തതുപോലെ അഭിനയിക്കുന്നത്. കള്ള ലക്ഷണമാണ് -അമ്മദ് ഒന്നുകൂടി സ്മാര്‍ട്ട് ആയി.
നിങ്ങള്‍ ആരുടെ കാര്യമാണ് പറയുന്നത്. എനിക്കൊന്നും മനസ്സിലാകുന്നില്ല. പിറകില്‍നിന്ന് മല്‍ബി പിടിച്ചുവലിക്കുന്നത് കാര്യാക്കാതെ മല്‍ബു ചോദിച്ചു. 
നിങ്ങള്‍ കുപ്പായമിട്ട് ഇറങ്ങൂന്നേ എന്നു പറഞ്ഞു കൊണ്ടാണ് മല്‍ബി പിറകോട്ട് വലിക്കുന്നത്. ഷര്‍ട്ട് ഇടാതെ സ്റ്റീല്‍ ബോഡിയും കാണിച്ച് ഇറങ്ങുന്നതാണ് മല്‍ബിക്ക് പ്രശ്‌നം. 
ഇവിടത്തെ ഹാരിസ് എവിടെ പോയി? അയാളെ കാണാനാണ് ഇവരൊക്കെ രാവിലെ തന്നെ വണ്ടിയും പിടിച്ച് വന്നിരിക്കുന്നത്. 
അയാള്‍ എവിടെ പോകാനാ? താഴെ അയാളുടെ മുറിയില്‍ കാണും. നോക്കിയോ?- മല്‍ബു ചോദിച്ചു.
മുറി പൂട്ടിയിരിക്കയാണ്. മൊബൈല്‍ ഓഫ്. അതോണ്ടാ നിങ്ങളുടെ അടുത്തേക്ക് വന്നത്. ഈ ഫഌറ്റുമായാണല്ലോ അയാള്‍ക്ക് ഏറ്റവും അടുപ്പം. 
ഇയാള്‍ അറിയാതെ എവിടേം പോകില്ലാട്ടോ. ഇതൊക്കെ അടവാണ് -അമ്മദ് വീണ്ടും ഇളകി.
അയാള്‍ എവിടെ പോകാനാ. പുറത്തെവിടെയങ്കിലും പോയതായിരിക്കും. ഇപ്പോ ഇങ്ങത്തും. ഞാനൊന്നു മൊബൈലില്‍ ട്രൈ ചെയ്യട്ടെ. 
പിന്നെ, പിന്നെ ഇപ്പോ ഇങ്ങെത്തും. മൊബൈല്‍ എടുക്കും. ഇതാ ഇതു നോക്കിയേ. അമ്മദ് കൈയില്‍ ചുരുട്ടിപ്പിടിച്ചിരുന്ന പത്രം നിവര്‍ത്തി. 
വന്‍ തുകയുമായി മലയാളി മുങ്ങി. 
വെണ്ടക്ക അക്ഷരത്തില്‍ ഫോട്ടോ സഹിതമാണ് വാര്‍ത്ത. ഫോട്ടോ ഹാരിസിന്റേതു തന്നെ. പക്ഷേ പേര് ചേര്‍ത്തിരിക്കുന്നത് താഴേ വീട്ടില്‍ അലവി എന്നാണ്. 
സംഗതി ഗുരുതരമാണ്. നാട്ടിലേക്ക് ഹുണ്ടി അയക്കാന്‍ വാങ്ങിയതും ചിട്ടിക്ക് ശേഖരിച്ചതുമായ പതിനായിരക്കണക്കിനു റിയാലുമായാണ് അലവി മുങ്ങിയിരിക്കുന്നത്. 
പത്രം ഇന്നലത്തേതാണെങ്കിലും മല്‍ബു വാര്‍ത്ത കണ്ടിരുന്നില്ല. കച്ചവടത്തിരക്കില്‍ പത്രം വായിക്കാനൊക്കെ എവിടെ നേരം? കായി ഉണ്ടാക്കാനല്ലേ, പത്രം വായിക്കാനല്ലല്ലോ ഇങ്ങോട്ടു വന്നതെന്നാണ് മല്‍ബുവിന്റെ ന്യായം. വായിക്കാനാണെങ്കില്‍ നാട്ടില്‍തന്നെ നിന്നാല്‍ മതിയല്ലോ? 
പക്ഷേ, അമ്മദ് അങ്ങനെയല്ല. പത്രം അരിച്ചുപെറുക്കി വായിക്കും. അലമ്പുണ്ടാക്കേണ്ടിടത്ത് അലമ്പുണ്ടാക്കും. അതുകൊണ്ടുതന്നെയാണ് മലയാളികള്‍ ചതിക്കപ്പെട്ട പട്ടണത്തിലേക്ക് രണ്ട് റിയാല്‍ ചെലവാക്കി വിളിച്ച് അതിരാവിലെ തന്നെ ഇരകളെ ഇങ്ങെത്തിച്ചത്. 
ഫോട്ടോ കണ്ടിട്ട് നമ്മുടെ ഹാരിസിനെ പോലുണ്ട്. പക്ഷേ അയാളുടെ ശരിക്കുള്ള പേരും ഹാരിസ് എന്നു തന്നെയാണ്. അലവിയല്ല -മല്‍ബു വീണ്ടും പറഞ്ഞു.
പേരെന്തെങ്കിലുമാകട്ടെ, ഇപ്പോള്‍ അയാള്‍ എവിടെ? 
ങാ, ഞാനെങ്ങനെ അറിയാനാ? ഇന്നലെ രാതി കണ്ടിരുന്നു. നിങ്ങള്‍ ബില്‍ഡിംഗ് ഓണറോട് പോയി ചോദിച്ചുനോക്ക്. 
നിങ്ങള്‍ മറുപടി പറയേണ്ടിവരും കേട്ടോ. നിങ്ങളെ സ്വന്തക്കാരനാണ് അയാള്‍.
പോകുന്ന പോക്കില്‍ അമ്മദ് ഒന്നുകൂടി വിരല്‍ ചൂണ്ടി ഭീഷണിപ്പെടുത്തി. 
താന്‍ പോടാ അലമ്പാന്നും പറഞ്ഞ് മല്‍ബു മുറിയിലേക്ക് തിരിഞ്ഞപ്പോള്‍ ദേ മല്‍ബി ഒരു കസേരയിലിരുന്നു കരയുന്നു.
നിനക്കെന്തു പറ്റി? ഹാരിസ് പോയാല്‍ നിനക്കെന്തു പോയി? നമ്മുടെ കാശൊന്നും പോയില്ലല്ലോ. അതോ ഞാന്‍ പറഞ്ഞതില്‍ വല്ല കാര്യോമുണ്ടോ?
ഒരു മാസംമുമ്പ് പുതിയ ഹാരിസ് വന്നതു മുതല്‍ മല്‍ബി അയാളുമായി ഇത്തിരി അടുപ്പം കാണിച്ചിരുന്നു. അയാളൊരു പ്രണയ ഗുരുവാണോ എന്നു സംശയം തോന്നുകയും ചെയ്തു. കാരണങ്ങള്‍ പലതാണ്.
അയാള്‍ വന്നതു മുതല്‍ മല്‍ബിയുടെ പരാതിക്കെട്ട് കുറഞ്ഞിരുന്നു. കുട്ടികളുമായി പുറത്തുപോണം, നിങ്ങളെ ഒടുക്കത്തെ ഒരു തിരക്ക് എന്നൊക്കെ പറഞ്ഞിരുന്ന മല്‍ബി അതൊക്കെ നിര്‍ത്തി കൂളായിരുന്നു.
ഹാരിസിനെ കുറിച്ച് നല്ലതു മാത്രം പറഞ്ഞു. കട കുറച്ചു ദൂരെയായതിനാല്‍ ഫഌറ്റിലെ കാര്യങ്ങളൊന്നും മല്‍ബു അപ്പപ്പോള്‍ അറിഞ്ഞിരുന്നില്ല. 
ഓ, ഇയാളെ ശരിക്കും ഹാരിസ് എന്നു തന്നെ വിളിക്കാം അല്ലേ എന്നു പറഞ്ഞോണ്ടായിരുന്നു മല്‍ബിയുടെ തുടക്കം. കെട്ടിടങ്ങളുടെ കാവല്‍ക്കാരാകുന്നവരുടെ ജോലിപ്പേര് ഹാരിസ് എന്നാണെങ്കിലും മറ്റുള്ളവര്‍ അങ്ങനെ വിളിക്കുന്നത് അവര്‍ ഇഷ്ടപ്പെടില്ല. പണിക്കുവെച്ച ബില്‍ഡിംഗ് ഓണര്‍ ശരിയായ പേര് വിളിക്കുമ്പോള്‍ മല്‍ബുകള്‍ എന്തിനാ ഹാരിസ് എന്നു വിളിക്കുന്നതെന്ന ചോദ്യം ന്യായമാണുതാനും. 
ഇതൊരു അപൂര്‍വ സംഭവമൊന്നുമല്ല. നമ്മുടെ നാട്ടില്‍ ഇഷ്ടം പോലെയുള്ള പേരാണ് ഹാരിസ്. എന്തു പേരു വിളിച്ചാലെന്ത്? കാര്യം നടക്കണമെന്ന് പറഞ്ഞാണ് മല്‍ബു ആ സംഭാഷണം അവസാനിപ്പിച്ചത്.
നിങ്ങളെ രണ്ടു മക്കളേയും ഹാരിസിനോടൊപ്പം കണ്ടല്ലോ എന്ന് ഒരു ദിവസം കടയിലെത്തിയ ഒരു പരിചയക്കാരന്‍ പറഞ്ഞപ്പോള്‍ മല്‍ബു ഞെട്ടിപ്പോയി. മറ്റൊന്നും ആലോചിക്കാതെ ചെന്നു നോക്കിയപ്പോള്‍ ശരിയാണ്, രണ്ട് മക്കളും ഹാരിസിനോടപ്പം കളിക്കുന്നു. 
മക്കള്‍ വാപ്പാന്ന് വിളിച്ചെങ്കിലും ഹാരിസിനോടൊരു വിഡ്ഢിച്ചിരി പാസാക്കി മല്‍ബു മുറിയിലേക്ക് കുതിച്ചു. 
ഇതെന്താ പതിവില്ലാതെ എന്നു ചോദിച്ചുകൊണ്ട് മല്‍ബി പറഞ്ഞു.
കുറേ ക്ലീനിംഗ് പണീണ്ട്. അതോണ്ട് ഹാരിസ് വന്നപ്പോ ഞാന്‍ കുട്ടികളെ അയാളുടെ കൂടെ വിട്ടു. അല്ലാതെന്താ ചെയ്യാ. ഒരു സൈ്വരോം തരില്ല നിങ്ങടെ മക്കള്‍. 
നിനക്കും പോയിക്കൂടാരുന്നോ എന്ന് മല്‍ബു സീരിയസായി ചോദിച്ചപ്പോള്‍  ഒരു ദിവസം പോകേണ്ടി വരുമെന്ന് മല്‍ബി തിരിച്ചൊരു തമാശ പാസാക്കി. 
മറ്റൊരു ദിവസം ഉച്ചക്ക് ചോറിനോടൊപ്പം വിളമ്പിയ ഫ്രഷ് മീന്‍ ഹാരിസ് കൊണ്ടുവന്നതാണെന്നു മല്‍ബി. 
അയാളെന്താ കടലില്‍ പോക്കും തുടങ്ങിയോ എന്നു ചോദിച്ചപ്പോള്‍ നമ്മളോട് ഇഷ്ടമുള്ളതോണ്ടല്ലേ, വേറെ എവിടേം കൊടുക്കുന്നില്ലല്ലോ എന്നു പറഞ്ഞ മല്‍ബി കുറേ കളിപ്പാട്ടങ്ങളിലേക്ക് വിരല്‍ ചൂണ്ടി. 
ദാ ഇതൊക്കെ മക്കള്‍ക്ക് അയാള്‍ കൊണ്ടുവന്നു കൊടുത്തതാണ്. 
ദേഷ്യം തണുപ്പിക്കാന്‍ കൈയും മുഖവും തണുത്തവെള്ളത്തില്‍ കഴുകുമ്പോള്‍ മല്‍ബു മനസ്സില്‍ കരുതി. 
ഇനി ഫഌറ്റ് പുറത്തുനിന്ന് പൂട്ടിപ്പോകേണ്ടിവരും. 
ഫ്രഷ് മീന്‍ കറിയല്ലേ, കുറച്ചു ഹാരിസിന് കൊണ്ടുക്കൊടുക്കീന്നു പറഞ്ഞുകൊണ്ട് മല്‍ബി വെച്ചുനീട്ടിയ കറി പ്ലേറ്റ് മല്‍ബുവിന്റെ നോട്ടത്തില്‍ താഴെ വീണ് ചിതറിയത് ഭാഗ്യത്തിനു അന്ന് വലിയ സംഭവമായിരുന്നില്ല.  
ഇപ്പോള്‍ ഇതാ ഹാരിസ് പോയീന്നറിഞ്ഞപ്പോള്‍ കെട്ട്യോള്‍ കിടന്നു കരയുന്നു.
മല്‍ബുവിന്റെ മനസ്സില്‍ പത്രങ്ങളിലും ടീവിലും കാണുന്ന ഒളിച്ചോട്ടത്തിന്റേയും വഞ്ചനയുടേയും കഥകള്‍ ഓരോന്നായി കടന്നുവന്നു. 
അപ്പോഴേക്കും മല്‍ബി സീരിയലുകളിലേതു പോലെ പൊട്ടിക്കരഞ്ഞു. വാക്കുകള്‍ മുറിഞ്ഞ് മുറിഞ്ഞ് പറഞ്ഞൊപ്പിച്ചു.
എന്നോടു പൊറക്കണം. അമ്മോന് കടം കൊടുക്കാന്‍ വാങ്ങിയ അയ്യായിരം റിയാല്‍ ആ പഹയനാണ് കൊടുത്തത്. നാലുദിവസം കൊണ്ട് തിരിച്ചുതരാന്ന് പറഞ്ഞാണെന്നെ പറ്റിച്ചത്. 
അയ്യായിരമല്ലേ പോയുള്ളൂ. അന്നെ കൊണ്ടുപോയില്ലല്ലോന്നും പറഞ്ഞു മല്‍ബിയെ ആശ്വസിപ്പിക്കുമ്പോള്‍ ഹാരിസ്‌ക്ക നല്‍കിയ ട്രെയിന്‍ ഓടിക്കുകയായിരുന്നു കുട്ടികള്‍ രണ്ടുപേരും.
   

Related Posts Plugin for WordPress, Blogger...