Pages

പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..

November 4, 2012

ഫ്രഷ് മീന്‍അതിരാവിലെ തന്നെ ബഹളം കേട്ടാണ് മല്‍ബുവും മല്‍ബിയും ഉണര്‍ന്നത്. വാതില്‍ തുറന്നു നോക്കിയപ്പോള്‍ കുറേപ്പേര്‍ കൂടി നില്‍ക്കുന്നു. 
ഇയാള്‍ അറിയാതെ അയാള്‍ എവിടേയും പോകില്ലെന്ന് മല്‍ബുവിനുനേരെ ചൂണ്ടി കൂട്ടത്തിലുള്ള അമ്മദ്. 
ഉറക്കച്ചടവിലായിരുന്ന മല്‍ബു കണ്ണുതിരുമ്മി.
സംഘത്തില്‍ അയാളെ മാത്രമേ അറിയൂ. ഇന്നാളൊരു ദിവസം കടയില്‍ വന്ന് ഒരു കാര്യവുമില്ലാതെ കുഴപ്പമുണ്ടക്കിയ അലമ്പന്‍ അമ്മദ്. എവിടെ ചെന്നാലും അലമ്പുണ്ടാക്കുന്ന പഹയന്‍. ഒരു കിലോ തക്കാളിയില്‍ ഒന്നെങ്ങനെ ചീഞ്ഞു എന്നു ചോദിച്ചായിരുന്നു കടയിലെ ബഹളം. തക്കാളി മടക്കി നല്‍കിയെങ്കിലും പിന്നെയും കുറേ നേരം ഞൊടിഞ്ഞാണ് മടങ്ങിയത്. 
ബാക്കി എല്ലാവരും അപരിചിതരാണ്. ഇത്രയും പേര്‍ പുലര്‍ച്ചെ തന്നെ സംഘടിച്ചെത്തിയത് എന്തിനാണെന്നറിയാതെ പകച്ചുപോയി മല്‍ബു. 
എവിടെ പോയി ഹാരിസ്? 
ഏതു ഹാരിസ്?
കണ്ടില്ലേ അറിയാത്തതുപോലെ അഭിനയിക്കുന്നത്. കള്ള ലക്ഷണമാണ് -അമ്മദ് ഒന്നുകൂടി സ്മാര്‍ട്ട് ആയി.
നിങ്ങള്‍ ആരുടെ കാര്യമാണ് പറയുന്നത്. എനിക്കൊന്നും മനസ്സിലാകുന്നില്ല. പിറകില്‍നിന്ന് മല്‍ബി പിടിച്ചുവലിക്കുന്നത് കാര്യാക്കാതെ മല്‍ബു ചോദിച്ചു. 
നിങ്ങള്‍ കുപ്പായമിട്ട് ഇറങ്ങൂന്നേ എന്നു പറഞ്ഞു കൊണ്ടാണ് മല്‍ബി പിറകോട്ട് വലിക്കുന്നത്. ഷര്‍ട്ട് ഇടാതെ സ്റ്റീല്‍ ബോഡിയും കാണിച്ച് ഇറങ്ങുന്നതാണ് മല്‍ബിക്ക് പ്രശ്‌നം. 
ഇവിടത്തെ ഹാരിസ് എവിടെ പോയി? അയാളെ കാണാനാണ് ഇവരൊക്കെ രാവിലെ തന്നെ വണ്ടിയും പിടിച്ച് വന്നിരിക്കുന്നത്. 
അയാള്‍ എവിടെ പോകാനാ? താഴെ അയാളുടെ മുറിയില്‍ കാണും. നോക്കിയോ?- മല്‍ബു ചോദിച്ചു.
മുറി പൂട്ടിയിരിക്കയാണ്. മൊബൈല്‍ ഓഫ്. അതോണ്ടാ നിങ്ങളുടെ അടുത്തേക്ക് വന്നത്. ഈ ഫഌറ്റുമായാണല്ലോ അയാള്‍ക്ക് ഏറ്റവും അടുപ്പം. 
ഇയാള്‍ അറിയാതെ എവിടേം പോകില്ലാട്ടോ. ഇതൊക്കെ അടവാണ് -അമ്മദ് വീണ്ടും ഇളകി.
അയാള്‍ എവിടെ പോകാനാ. പുറത്തെവിടെയങ്കിലും പോയതായിരിക്കും. ഇപ്പോ ഇങ്ങത്തും. ഞാനൊന്നു മൊബൈലില്‍ ട്രൈ ചെയ്യട്ടെ. 
പിന്നെ, പിന്നെ ഇപ്പോ ഇങ്ങെത്തും. മൊബൈല്‍ എടുക്കും. ഇതാ ഇതു നോക്കിയേ. അമ്മദ് കൈയില്‍ ചുരുട്ടിപ്പിടിച്ചിരുന്ന പത്രം നിവര്‍ത്തി. 
വന്‍ തുകയുമായി മലയാളി മുങ്ങി. 
വെണ്ടക്ക അക്ഷരത്തില്‍ ഫോട്ടോ സഹിതമാണ് വാര്‍ത്ത. ഫോട്ടോ ഹാരിസിന്റേതു തന്നെ. പക്ഷേ പേര് ചേര്‍ത്തിരിക്കുന്നത് താഴേ വീട്ടില്‍ അലവി എന്നാണ്. 
സംഗതി ഗുരുതരമാണ്. നാട്ടിലേക്ക് ഹുണ്ടി അയക്കാന്‍ വാങ്ങിയതും ചിട്ടിക്ക് ശേഖരിച്ചതുമായ പതിനായിരക്കണക്കിനു റിയാലുമായാണ് അലവി മുങ്ങിയിരിക്കുന്നത്. 
പത്രം ഇന്നലത്തേതാണെങ്കിലും മല്‍ബു വാര്‍ത്ത കണ്ടിരുന്നില്ല. കച്ചവടത്തിരക്കില്‍ പത്രം വായിക്കാനൊക്കെ എവിടെ നേരം? കായി ഉണ്ടാക്കാനല്ലേ, പത്രം വായിക്കാനല്ലല്ലോ ഇങ്ങോട്ടു വന്നതെന്നാണ് മല്‍ബുവിന്റെ ന്യായം. വായിക്കാനാണെങ്കില്‍ നാട്ടില്‍തന്നെ നിന്നാല്‍ മതിയല്ലോ? 
പക്ഷേ, അമ്മദ് അങ്ങനെയല്ല. പത്രം അരിച്ചുപെറുക്കി വായിക്കും. അലമ്പുണ്ടാക്കേണ്ടിടത്ത് അലമ്പുണ്ടാക്കും. അതുകൊണ്ടുതന്നെയാണ് മലയാളികള്‍ ചതിക്കപ്പെട്ട പട്ടണത്തിലേക്ക് രണ്ട് റിയാല്‍ ചെലവാക്കി വിളിച്ച് അതിരാവിലെ തന്നെ ഇരകളെ ഇങ്ങെത്തിച്ചത്. 
ഫോട്ടോ കണ്ടിട്ട് നമ്മുടെ ഹാരിസിനെ പോലുണ്ട്. പക്ഷേ അയാളുടെ ശരിക്കുള്ള പേരും ഹാരിസ് എന്നു തന്നെയാണ്. അലവിയല്ല -മല്‍ബു വീണ്ടും പറഞ്ഞു.
പേരെന്തെങ്കിലുമാകട്ടെ, ഇപ്പോള്‍ അയാള്‍ എവിടെ? 
ങാ, ഞാനെങ്ങനെ അറിയാനാ? ഇന്നലെ രാതി കണ്ടിരുന്നു. നിങ്ങള്‍ ബില്‍ഡിംഗ് ഓണറോട് പോയി ചോദിച്ചുനോക്ക്. 
നിങ്ങള്‍ മറുപടി പറയേണ്ടിവരും കേട്ടോ. നിങ്ങളെ സ്വന്തക്കാരനാണ് അയാള്‍.
പോകുന്ന പോക്കില്‍ അമ്മദ് ഒന്നുകൂടി വിരല്‍ ചൂണ്ടി ഭീഷണിപ്പെടുത്തി. 
താന്‍ പോടാ അലമ്പാന്നും പറഞ്ഞ് മല്‍ബു മുറിയിലേക്ക് തിരിഞ്ഞപ്പോള്‍ ദേ മല്‍ബി ഒരു കസേരയിലിരുന്നു കരയുന്നു.
നിനക്കെന്തു പറ്റി? ഹാരിസ് പോയാല്‍ നിനക്കെന്തു പോയി? നമ്മുടെ കാശൊന്നും പോയില്ലല്ലോ. അതോ ഞാന്‍ പറഞ്ഞതില്‍ വല്ല കാര്യോമുണ്ടോ?
ഒരു മാസംമുമ്പ് പുതിയ ഹാരിസ് വന്നതു മുതല്‍ മല്‍ബി അയാളുമായി ഇത്തിരി അടുപ്പം കാണിച്ചിരുന്നു. അയാളൊരു പ്രണയ ഗുരുവാണോ എന്നു സംശയം തോന്നുകയും ചെയ്തു. കാരണങ്ങള്‍ പലതാണ്.
അയാള്‍ വന്നതു മുതല്‍ മല്‍ബിയുടെ പരാതിക്കെട്ട് കുറഞ്ഞിരുന്നു. കുട്ടികളുമായി പുറത്തുപോണം, നിങ്ങളെ ഒടുക്കത്തെ ഒരു തിരക്ക് എന്നൊക്കെ പറഞ്ഞിരുന്ന മല്‍ബി അതൊക്കെ നിര്‍ത്തി കൂളായിരുന്നു.
ഹാരിസിനെ കുറിച്ച് നല്ലതു മാത്രം പറഞ്ഞു. കട കുറച്ചു ദൂരെയായതിനാല്‍ ഫഌറ്റിലെ കാര്യങ്ങളൊന്നും മല്‍ബു അപ്പപ്പോള്‍ അറിഞ്ഞിരുന്നില്ല. 
ഓ, ഇയാളെ ശരിക്കും ഹാരിസ് എന്നു തന്നെ വിളിക്കാം അല്ലേ എന്നു പറഞ്ഞോണ്ടായിരുന്നു മല്‍ബിയുടെ തുടക്കം. കെട്ടിടങ്ങളുടെ കാവല്‍ക്കാരാകുന്നവരുടെ ജോലിപ്പേര് ഹാരിസ് എന്നാണെങ്കിലും മറ്റുള്ളവര്‍ അങ്ങനെ വിളിക്കുന്നത് അവര്‍ ഇഷ്ടപ്പെടില്ല. പണിക്കുവെച്ച ബില്‍ഡിംഗ് ഓണര്‍ ശരിയായ പേര് വിളിക്കുമ്പോള്‍ മല്‍ബുകള്‍ എന്തിനാ ഹാരിസ് എന്നു വിളിക്കുന്നതെന്ന ചോദ്യം ന്യായമാണുതാനും. 
ഇതൊരു അപൂര്‍വ സംഭവമൊന്നുമല്ല. നമ്മുടെ നാട്ടില്‍ ഇഷ്ടം പോലെയുള്ള പേരാണ് ഹാരിസ്. എന്തു പേരു വിളിച്ചാലെന്ത്? കാര്യം നടക്കണമെന്ന് പറഞ്ഞാണ് മല്‍ബു ആ സംഭാഷണം അവസാനിപ്പിച്ചത്.
നിങ്ങളെ രണ്ടു മക്കളേയും ഹാരിസിനോടൊപ്പം കണ്ടല്ലോ എന്ന് ഒരു ദിവസം കടയിലെത്തിയ ഒരു പരിചയക്കാരന്‍ പറഞ്ഞപ്പോള്‍ മല്‍ബു ഞെട്ടിപ്പോയി. മറ്റൊന്നും ആലോചിക്കാതെ ചെന്നു നോക്കിയപ്പോള്‍ ശരിയാണ്, രണ്ട് മക്കളും ഹാരിസിനോടപ്പം കളിക്കുന്നു. 
മക്കള്‍ വാപ്പാന്ന് വിളിച്ചെങ്കിലും ഹാരിസിനോടൊരു വിഡ്ഢിച്ചിരി പാസാക്കി മല്‍ബു മുറിയിലേക്ക് കുതിച്ചു. 
ഇതെന്താ പതിവില്ലാതെ എന്നു ചോദിച്ചുകൊണ്ട് മല്‍ബി പറഞ്ഞു.
കുറേ ക്ലീനിംഗ് പണീണ്ട്. അതോണ്ട് ഹാരിസ് വന്നപ്പോ ഞാന്‍ കുട്ടികളെ അയാളുടെ കൂടെ വിട്ടു. അല്ലാതെന്താ ചെയ്യാ. ഒരു സൈ്വരോം തരില്ല നിങ്ങടെ മക്കള്‍. 
നിനക്കും പോയിക്കൂടാരുന്നോ എന്ന് മല്‍ബു സീരിയസായി ചോദിച്ചപ്പോള്‍  ഒരു ദിവസം പോകേണ്ടി വരുമെന്ന് മല്‍ബി തിരിച്ചൊരു തമാശ പാസാക്കി. 
മറ്റൊരു ദിവസം ഉച്ചക്ക് ചോറിനോടൊപ്പം വിളമ്പിയ ഫ്രഷ് മീന്‍ ഹാരിസ് കൊണ്ടുവന്നതാണെന്നു മല്‍ബി. 
അയാളെന്താ കടലില്‍ പോക്കും തുടങ്ങിയോ എന്നു ചോദിച്ചപ്പോള്‍ നമ്മളോട് ഇഷ്ടമുള്ളതോണ്ടല്ലേ, വേറെ എവിടേം കൊടുക്കുന്നില്ലല്ലോ എന്നു പറഞ്ഞ മല്‍ബി കുറേ കളിപ്പാട്ടങ്ങളിലേക്ക് വിരല്‍ ചൂണ്ടി. 
ദാ ഇതൊക്കെ മക്കള്‍ക്ക് അയാള്‍ കൊണ്ടുവന്നു കൊടുത്തതാണ്. 
ദേഷ്യം തണുപ്പിക്കാന്‍ കൈയും മുഖവും തണുത്തവെള്ളത്തില്‍ കഴുകുമ്പോള്‍ മല്‍ബു മനസ്സില്‍ കരുതി. 
ഇനി ഫഌറ്റ് പുറത്തുനിന്ന് പൂട്ടിപ്പോകേണ്ടിവരും. 
ഫ്രഷ് മീന്‍ കറിയല്ലേ, കുറച്ചു ഹാരിസിന് കൊണ്ടുക്കൊടുക്കീന്നു പറഞ്ഞുകൊണ്ട് മല്‍ബി വെച്ചുനീട്ടിയ കറി പ്ലേറ്റ് മല്‍ബുവിന്റെ നോട്ടത്തില്‍ താഴെ വീണ് ചിതറിയത് ഭാഗ്യത്തിനു അന്ന് വലിയ സംഭവമായിരുന്നില്ല.  
ഇപ്പോള്‍ ഇതാ ഹാരിസ് പോയീന്നറിഞ്ഞപ്പോള്‍ കെട്ട്യോള്‍ കിടന്നു കരയുന്നു.
മല്‍ബുവിന്റെ മനസ്സില്‍ പത്രങ്ങളിലും ടീവിലും കാണുന്ന ഒളിച്ചോട്ടത്തിന്റേയും വഞ്ചനയുടേയും കഥകള്‍ ഓരോന്നായി കടന്നുവന്നു. 
അപ്പോഴേക്കും മല്‍ബി സീരിയലുകളിലേതു പോലെ പൊട്ടിക്കരഞ്ഞു. വാക്കുകള്‍ മുറിഞ്ഞ് മുറിഞ്ഞ് പറഞ്ഞൊപ്പിച്ചു.
എന്നോടു പൊറക്കണം. അമ്മോന് കടം കൊടുക്കാന്‍ വാങ്ങിയ അയ്യായിരം റിയാല്‍ ആ പഹയനാണ് കൊടുത്തത്. നാലുദിവസം കൊണ്ട് തിരിച്ചുതരാന്ന് പറഞ്ഞാണെന്നെ പറ്റിച്ചത്. 
അയ്യായിരമല്ലേ പോയുള്ളൂ. അന്നെ കൊണ്ടുപോയില്ലല്ലോന്നും പറഞ്ഞു മല്‍ബിയെ ആശ്വസിപ്പിക്കുമ്പോള്‍ ഹാരിസ്‌ക്ക നല്‍കിയ ട്രെയിന്‍ ഓടിക്കുകയായിരുന്നു കുട്ടികള്‍ രണ്ടുപേരും.
   

15 comments:

ഫൈസല്‍ ബാബു said...

ഹഹഹ , റിയാലിന്റെ കൂടെ മല്ബി കൂടെ പോയിരുന്നു എങ്കില്‍ ,ആ അയ്യായിരം റിയാല്‍ വിഷമം ഒരു സന്തോഷമായി മല്‍ ബു വിനു ഫീല്‍ ആയേനെ ,,,!!! ക്ളിമാക്സ് അങ്ങിനെ ആയിരുന്നു എങ്കിലോ എന്ന് വെറുതെ ഒന്ന് ഊഹിച്ചു നോക്കിയതാ ട്ടോ !!

MyDreams said...

എന്നിട്ട് ഹാരിസ് തിരിച്ചു വന്നോ ?

ajith said...

എന്തെല്ലാം തട്ടിപ്പുകള്‍

mini//മിനി said...

കലക്കിയിട്ടുണ്ട്

വീ കെ said...

അയ്യായിരം റിയാലിനൊപ്പം മൽബി കൂടി ഇറങ്ങി പോകുമെന്നാ ഞാൻ കരുതിയത്...!!
ഹാ.. ഹാ...ഹാ....
നന്നായിരിക്കുന്നു കഥ....
ആശംസകൾ...

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

രസകരം.

ഷാജു അത്താണിക്കല്‍ said...

എന്തായാലും ഈ മൽബു ചില സത്യങ്ങൾ വിളിച്ച് പറയുന്നുണ്ട് കൊള്ളാം കെട്ടൊ
ഇത് തുടരുക

a.rahim said...

ആറങ്ങോട്ടുകര മുഹമ്മദ്
എന്ത് രസകരം... മല്‍ബുവിനല്ലേ അറിയൂ കഷ്ടപ്പെട്ടുണ്ടാക്കിയ അയ്യായിരം പോയതിന്റെ ദണ്ണം...................

ഒരുകാര്യത്തില്‍ ഹാരിസിനെ നമ്മള്‍ക്ക് അഭിനന്ദിക്കാം......ഇനിയും കൂടുതല്‍ കാലം നിന്നിരുന്നെങ്കില്‍ ഫ്രഷ് മീനുകള്‍ കിട്ടുന്നതോടൊപ്പം മല്‍ബിയുടെ ഇപ്പോഴത്തെ അയ്യായിരം പതിനായിരം ആകുമായിരുന്നല്ലോ..............
അതു വേണ്ടെന്നു വെച്ച മഹാമനസ്ക്കനാണ് ഹാരിസ്..........വ ഹാരിസ്......................

Mohamedkutty മുഹമ്മദുകുട്ടി said...

അയ്യായിരം റിയാലിന്റെ ഫ്രഷ് മീന്‍...കൊള്ളാം ,നന്നായിട്ടുണ്ട്.

സേതുലക്ഷ്മി said...

കൊള്ളാല്ലോ എല്ലാവരും.. മല്ബികള്‍ അങ്ങിനെ പോകുംന്നാണോ എല്ലാവരുടെയും മനപ്പായസം...

അഷ്‌റഫ്‌ ഭായ്,കലക്കി.

ente lokam said...

ഹഹ...മല്ബുവിന്റെ മല്ബി പാവം...


സേതു ലക്ഷ്മി ചെച്യിടെ കമന്റ്‌ വീണ്ടും ചിരിപ്പിച്ചു...

Jefu Jailaf said...

ഇത് കലക്കി മാഷേ.. :) സ്ഥിര സംഭവങ്ങള്‍ ആണെങ്കിലും ഇവിടെ വായിക്കുമ്പോള്‍ പ്രത്യേക രസം..:)

Vinodkumar Thallasseri said...

good.

എം.അഷ്റഫ്. said...

ഫൈസല്‍ജീ.. അങ്ങനെയും ഉണ്ട് മല്‍ബുകള്‍.
മൈ ഡ്രീംസ്- ഹാരിസ് തിരിച്ചുവരാനോ. കുറച്ചുനേരം കഴിഞ്ഞപ്പോള്‍ മൊബൈല്‍ ഒന്ന് ഓണായി. പിന്നെയങ്ങ് ഓഫായി.
അജിത് ഭായ്- ഇതിനിടിയിലാണ് ആളുകള്‍ ഇങ്ങനെ അത്തറും പൂശി നടക്കുന്ത്.
മിനി- വന്നതിനും വായിച്ചതിനഅും നന്ദി
വീകെ- നമ്മുടേത് ഒരു പാവം മല്‍ബുവാണ്. അയാള്‍ ചത്തുപോയേനെ
ആറങ്ങോട്ടുകരക്ക് നന്ദി അഭിപ്രായത്തിനു
ഷാജു- സത്യങ്ങളെ പറയുന്നുള്ളൂ. എല്ലാം നമുക്ക് ചുറ്റുമുള്ള സംഭവങ്ങള്‍
റഹീം-അതെ, ലാഭത്തിനൊപ്പം ഓരോ മല്‍ബുവും ഇങ്ങനെ എത്രയെത്ര നഷ്ടങ്ങള്‍ക്കിടയിലാണ് കഴിയുന്നത്.
മുഹമ്മദ് കുട്ടി ഭായി-വായിച്ചതിനും അഭിപ്രായത്തിനും നന്ദി
സേതുലക്ഷ്മി_ കലക്കി അഭിപ്രായം.
എന്റെ ലോകം പറഞ്ഞതാണ് ശരി. പാവമാണ് മല്‍ബി. അതോണ്ടല്ലെ കെണിയില്‍ വീണത്.
ജെഫു നല്‍കുന്ന പ്രചോദനത്തിനു എന്നും നന്ദി
വിനോദ് ജീ വരവിനും അഭിപ്രായത്തിനും നന്ദി

Echmukutty said...

മല്‍ബി എന്തിനാ പോണത്? വിശ്വസിച്ച് കുറച്ച് കാശ് കൊടുത്തു, എന്നു വെച്ച് മല്‍ബി പോണം ന്ന് ണ്ടോ?

കാശ് പറ്റിച്ചവന്‍ ഭയങ്കരന്‍ തന്നെ...

Related Posts Plugin for WordPress, Blogger...