Pages

പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..

October 28, 2012

ഗദ്ദാമകളുടെ മാസക്കുറി


പഠിപ്പില്ലാത്ത പെണ്ണുങ്ങള്‍ ഗള്‍ഫില്‍ വന്നാല്‍ അറബികള്‍ പിടിച്ച് ഗദ്ദാമകളാക്കുമെന്നാണ് മല്‍ബു മല്‍ബിയെ പേടിപ്പിച്ചിരുന്നത്. ഇമ്മേ എന്നു പറഞ്ഞ് മല്‍ബി അതു വിശ്വസിക്കുകയും ചെയ്തു. പക്ഷേ മല്‍ബു വിസ കൊടുത്ത് ഇക്കരെ എത്തിച്ച അളിയന്‍ മൂന്ന് പെട്ടികെട്ടുന്നതിനുമുമ്പു തന്നെ നാലാം ക്ലാസില്‍ തോറ്റ നാത്തൂനെ ഗള്‍ഫിലേക്ക് കൊണ്ടുവന്നതോടെ ആ നുണ പൊളിഞ്ഞു. അതോടൊപ്പം ഭര്‍തൃസാമീപ്യം അനിവാര്യമെന്ന് തങ്ങന്മാരും വൈദ്യന്മാരും ഒരേ പോലെ വിധിയെഴുതിയ ഒരുതരം ക്ഷീണത്തിനും കാലു വേദനക്കും അടിപ്പെട്ടു മല്‍ബി. അളിയന്മാരെ മുഴുവന്‍ കൊണ്ടു പോയ ഓനെന്തിനാ ഓളെ ഇങ്ങനെ കഷ്ടപ്പെടുത്തുന്നതെന്ന് നാട്ടുകാര്‍ ചോദിച്ചു തുടങ്ങി. അങ്ങനെയാണ് ഒരു വിസ തരപ്പെടുത്തി മല്‍ബിയെ കൂടി ഇക്കരയെത്തിച്ചത്.

ആ വരവും മല്‍ബുവിന്റെ ഉയര്‍ച്ചയും തമ്മില്‍  എന്തോ ഒന്നുണ്ടെന്ന് അസൂയാലുക്കള്‍ പ്രചരിപ്പിച്ചു. ആയിടക്കായിരുന്നല്ലോ ഇന്‍വെസ്റ്റ്‌മെന്റൊന്നും ഇല്ലാതെ തന്നെ മല്‍ബുവിന് സൂപ്പര്‍മാര്‍ക്കറ്റില്‍ പാര്‍ട്ണര്‍ഷിപ്പ് ലഭിച്ചത്. ഒടുവില്‍ ഭാഗ്യോം കൊണ്ടാണ് മല്‍ബി കടല്‍ കടന്നതെന്ന് നാട്ടുകാര്‍ മാത്രമല്ല മല്‍ബുവും വിശ്വസിച്ചു. നേട്ടങ്ങളുടെ തുടര്‍ക്കഥകളായിരുന്നു പിന്നീട്. സ്വന്തം ഗ്രാമമായ തൊക്കിലങ്ങാടിയിലെ മീന്‍കാരി ലീലേച്ചിക്ക് പേറ്റന്റുള്ള ട്രേഡ് ടെക്‌നിക്കും പച്ചക്കറി സ്റ്റാളുകളിലെ താടി വിദ്യകളും മല്‍ബുവിനെ ഒത്ത ഒരു കച്ചവടക്കാരനാക്കി.


ഒരു കടയില്‍നിന്ന് എങ്ങനെ കൂടുതല്‍ കടകള്‍ വികസിപ്പിച്ചെടുക്കാം എന്നതു മാത്രമായി മല്‍ബുവിന്റെ ചിന്ത. നീണ്ട താടി തടവി ചിന്താമഗ്നനായി ഇരിക്കുന്ന മല്‍ബുവിനെ ഉണര്‍ത്താന്‍ മല്‍ബിയുടെ ചോദ്യങ്ങള്‍ വേണ്ടിവന്നു.


എന്താ ഇത്ര ആലോചന. ഞാന്‍ വന്നതോണ്ട് വല്ല നഷ്‌ടോം ഉണ്ടായോ? തിരിച്ചു പോണോ?
നീ വന്നതോണ്ടല്ലേ ഇങ്ങനെ ഖൈറും ബര്‍ക്കത്തും ഉണ്ടായതെന്നു പറഞ്ഞു സമാധാനിപ്പിക്കുമ്പോഴും മല്‍ബുവിന്റെ ചിന്ത പച്ചക്കറി സ്റ്റാളില്‍നിന്നും സൂപ്പര്‍മാര്‍ക്കറ്റോളം വികസിച്ചു. ഐഡിയകള്‍ കിട്ടാന്‍ വേണ്ടി ഇന്നത്തെ പോലെ കണ്‍സള്‍ട്ടന്‍സികളെയൊന്നും സമീപിക്കേണ്ടി വന്നില്ല. ബേക്കറിയിലെ മെഷീനില്‍നിന്ന് ഖുബ്‌സുകള്‍ വന്നു ചാടുന്നതുപോലെ ഒന്നിനുമീതെ ഒന്നായി ഐഡിയകള്‍.


ഐഡിയ ഏതു മല്‍ബുവിനും തോന്നും പക്ഷെ, അതു പ്രയോഗത്തിലാക്കാന്‍ മീത്തലെ വീട്ടിലെ കോയാമു വരേണ്ടിവന്നു. സൂപ്പര്‍മാര്‍ക്കറ്റിനു പിറകുവശത്തെ വലിയ വീട്ടിലെ ഡ്രൈവറാണ് അയാള്‍. സ്ഥിരോത്സാഹിയായ കോയാമു വീട്ടുകാരും നാട്ടുകാരുമായി പലരേയും ഗള്‍ഫില്‍ എത്തിച്ചിട്ടുണ്ട്. ഏറ്റവും ഒടുവില്‍ ഒരു അളിയനെ കൂടി കൊണ്ടുവരാനുള്ള തത്രപ്പാടിലാണ് ടിയാന്‍. ആദ്യമൊക്കെ വിസ ചുളുവില്‍ ലഭിച്ചിരുന്നെങ്കില്‍ അറബികളും അതൊരു ബിസിനസായി വികസിപ്പിച്ചതോടെ അനിയന്മാരുടേയും അളിയന്മാരുടേയും കാത്തിരിപ്പ് നീണ്ടു.


അളിയന്റെ വിസക്ക് നല്‍കാനുള്ള തുക കണ്ടെത്തുന്നതിനായി പുതിയ ഒരു ടെക്‌നിക്കുമായാണ് കോയാമു വന്നത്. മറ്റൊന്നുമല്ല, ഒരു മാസക്കുറി തുടങ്ങുന്നു. അതില്‍ മല്‍ബു ചേരണം. മാസം 250 റിയാല്‍.  ഇപ്പോള്‍ കേള്‍ക്കുമ്പോള്‍ വലിയ തുകയല്ലെങ്കിലും 200 റിയാലിന് ഒരു പവന്‍ ലഭിക്കുന്ന കാലത്ത് അതൊരു വലിയ തുക തന്നെയാണ്.


മാസക്കുറിയൊക്കെ നാട്ടിലല്ലേ? ഇവിടെ എങ്ങനെ നടക്കും? കുറിയടിച്ചവന്‍ തിരിച്ചടക്കാതെ മുങ്ങിയാല്‍ എന്തു ചെയ്യും? തുടങ്ങിയ സാദാസംശയങ്ങള്‍ മുന്നോട്ടുവെച്ച മല്‍ബുവിനെ കോയാമു ഈസിയായി കൈകാര്യം ചെയ്തു.


അങ്ങനെ മുങ്ങുന്നവരെ കഫീലിനെ കൊണ്ടുപോയി പിടിപ്പിക്കുമെന്നായിരുന്നു പ്രധാന മറുപടി. പിന്നെ നാടുംവീടുമൊക്കെ അറിയുന്നവരെ മാത്രമേ കുറിയില്‍ ചേര്‍ക്കുകയുള്ളൂ. ഇതൊക്കെയല്ലേ ഒരാള്‍ക്ക് മറ്റൊരാള്‍ക്ക് നല്‍കാന്‍ കഴിയുന്ന സഹായമെന്ന ചോദ്യവും മല്‍ബുവിന് ബോധിച്ചു.
 

കോയാമുവിന്റെ അളിയനെ കൊണ്ടുവരാനുള്ള മാസക്കുറിയില്‍ മല്‍ബു ചേര്‍ന്നതു വലിയ സംഭവമല്ലെങ്കിലും മാസക്കുറി വിദ്യ സ്വന്തമായി നടപ്പിലാക്കി മല്‍ബു നേടിയത് മൂന്ന് പച്ചക്കറി കടകളായിരുന്നു. 
മല്‍ബുകളും പച്ചകളും ബംഗാളികളും മാത്രമല്ല, വിശ്വസ്തനായ മല്‍ബുവിന്റെ മാസക്കുറിയില്‍ ചേരാന്‍ ചുറ്റുവട്ടത്തെ വീടുകളില്‍നിന്ന് ഇന്തോനേഷ്യന്‍ ഗദ്ദാമകള്‍ പോലുമെത്തി. കുറി പിടിച്ച് മുങ്ങിയവരെ പിടികൂടാന്‍ ഒരിക്കലും കഫീലുമായി പോകേണ്ടി വന്നില്ല എന്നതും മല്‍ബുവിന്റെ വിജയ രഹസ്യം. 

21 comments:

mini//മിനി said...

മാസക്കുറിയിൽ ആദ്യത്തെ നറുക്ക് തരുമോ? ((ഠോ))

aboothi:അബൂതി said...

കൊള്ളാം നന്നായി..

വീ കെ said...

ഈ കഥയിലെ സംഭവങ്ങളിൽ അത്ര വിശ്വാസം പോരാ...!?
ഒരു ഗൾഫുകാരൻ ‘മൽബു’വല്ലെ നായകൻ..???

kARNOr(കാര്‍ന്നോര്) said...

:)

ajith said...

മല്‍ബുക്കഥകള്‍ കൊള്ളാം കേട്ടോ.

മുകിൽ said...

കൊള്ളാം

Salam said...

മല്‍ബുവിന്റെ കഥകള്‍ തീരുന്നില്ല. ഗള്‍ഫില്‍ ചെന്നാല്‍ അറബി പിടിച്ചു ഗദ്ദാമയാക്കുമെന്നു കേട്ടപ്പോള്‍ മല്‍ബി "മ്മേ" ന്നു പറഞ്ഞു പിന്മാറിയ ഭാഗം ഏറെ ചിരിപ്പിച്ചു. മലബാര്‍ മാപ്പിള മലയാളം അറിയുന്നവര്‍ക്ക് ചിരിക്കാന്‍ ഒരു പാട് വക നല്‍കുന്നു.

Mohamedkutty മുഹമ്മദുകുട്ടി said...

എന്നാലും വായിക്കാന്‍ മെനക്കെട്ടത് മുതലായില്ല. എപ്പിസോഡ് പെട്ടെന്നു തീര്‍ന്നു.

ente lokam said...

മല്ബു കസറുന്നുണ്ട്‌...


വീകേക്ക് വിശ്വാസം പോരാത്രേ..

എന്താ സംശയം.. ആള് മലബു എങ്കില് വിശ്വസിക്കാന്‍ ശി പ്രയാസം തന്നെ.ഹഹ ‍

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

കുറിക്കഥ നന്നായി..ആരേയും പറ്റിക്കാന്‍ വേണ്ടിയല്ല്ലല്ലോ കുറി വച്ചത്.അതുകൊണ്ടാണ് അയാള്‍ നന്നായത്.അത് അതിലേറെ നന്നായി.ആശംസകള്‍

MyDreams said...

ഈ പുദ്ധി എന്താ എനിക്ക് നേരത്തെ തോനാതിരുനത് ?

ഐക്കരപ്പടിയന്‍ said...

മല്ബുവിന്റെ എല്ലാ വിജയങ്ങള്‍ക്കും പിന്നിലും മല്ബിയാണ് എന്ന് വിശ്വസിച്ചു അല്ലെ.

K@nn(())raan*خلي ولي said...

മലബാര്‍ സ്ലാങ്ങ് എന്നാല്‍ എന്തെന്ന് മനസിലാവാന്‍ ഈ പോസ്റ്റ്‌ വായിക്കണം

Mohiyudheen MP said...

മൽബു ചരിത്രം മുന്നോട്ട്... മുന്നോട്ട്...

SHAHANA said...

:) ഞാനും ഒന്ന് ട്രൈ ചെയ്യട്ടെ.... ഹി ഹി ഹി...

Jefu Jailaf said...

അമ്പട മല്ബൂ.. :) സാധാരണ കാണുന്ന ജീവിതങ്ങള്‍ ആണ് മല്ബുവിലൂടെ വായിക്കുന്നത്. യാത്ര തുടരട്ടെ.. ആശംസകള്‍..

ഷാജു അത്താണിക്കല്‍ said...

ഹിഹിഹി മൽബൂവാരാ മോൻ

sumesh vasu said...

ക്ലൈമാക്സ് ഗുമ്മായില്ലാന്നൊരു പരാതി മാത്രം..

Shahida Abdul Jaleel said...

മല്‍ഭുവിന്‍റെ യത്ര തുടരട്ടെ ..ആശംസകള്‍ ..

കുമാരന്‍ | kumaaran said...

മൽബു എപ്പളാ ഇത്രക്ക് ബുദ്ധിമാനായത്..

Echmukutty said...

ഇത് എനിക്കും കൂടി വിശ്വസിക്കാന്‍ പറ്റ്ന്നില്ല. മല്‍ബൂന് ഇത്ര ബുദ്ധീണ്ടോ? പശുക്കുട്ടി പോയി ഇത്തിരി വെള്ളം കുടിച്ചു വന്ന് ഒന്നും കൂടി വായിച്ച് വിശ്വസിക്കാന്‍ നോക്കാം....

Related Posts Plugin for WordPress, Blogger...