Pages

പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..

May 27, 2012

ബൂമിനു നന്ദി, മല്‍ബു ഇന്‍
പത്തു മുപ്പതു വര്‍ഷം ഗള്‍ഫില്‍ എല്ലുനീരാക്കിയ മല്‍ബു വീടുവിട്ടിറങ്ങി പള്ളിയില്‍ അഭയം തേടിയപ്പോള്‍ പ്രചരിക്കാത്ത കഥകളില്ല. കൂടുതല്‍ കഥകളിലും മല്‍ബിയും കുട്ടികളുമാണ് പ്രതിസ്ഥാനത്ത്. കുട്ടികളെന്നു പറയുമ്പോള്‍ ജോലിയൊക്കെ നേടി വലിയ സ്ഥാനത്തെത്തിയ മക്കളാണ്. 


വീട്ടില്‍നിന്ന് പുറത്താക്കുന്നവര്‍ക്ക് രാപ്പാര്‍ക്കാനുള്ളതല്ല പള്ളിയെന്ന് ആളുകള്‍ പിറുപിറുത്തു തുടങ്ങി. വീട്ടിലിടമില്ലെങ്കില്‍ പോകാനുള്ള സ്ഥലമാണല്ലോ വൃദ്ധസദനമെന്ന് അവര്‍ പരസ്പരം പറഞ്ഞു. എങ്കിലും ജീവിതത്തിന്റെ സിംഹഭാഗവും മരുഭൂമിയില്‍ പോയി വിയര്‍പ്പൊഴുക്കി നാടണഞ്ഞയാള്‍ക്ക് വന്ന ദുര്‍ഗതിയില്‍ വേദനിക്കുന്നവരുമുണ്ടായിരുന്നു.


സ്വന്തം ഇഷ്ടത്തിന് വീടുവിട്ടിറങ്ങിയതാണെന്ന് കുടുംബക്കാര്‍ പറയുമ്പോള്‍ എന്താണ് കാരണമെന്ന് മല്‍ബു പറഞ്ഞുമില്ല. ആരോടും പരിഭവമില്ലാതെ അടുത്തുള്ള ഹോട്ടലില്‍നിന്ന് ഭക്ഷണവും കഴിച്ച് പള്ളിയില്‍ ചുരുണ്ടു കൂടി. 


ഖത്തീബ് ഉസ്താദിന് നാട്ടിലെ വീടുകളില്‍നിന്ന് പള്ളിയില്‍ എത്തിക്കുന്ന സ്വാദേറിയ ഭക്ഷണത്തില്‍നിന്ന് ഒരിക്കല്‍ പോലും മല്‍ബു കഴിച്ചിട്ടില്ല. ഉസ്താദ് നിര്‍ബന്ധിച്ചാല്‍ പറയും. ഞാനിപ്പം ഹോട്ടലീന്ന് കഴിച്ചതേയുള്ളൂ. 


പള്ളിയില്‍ ഉറങ്ങാന്‍ ഖത്തീബ് ഉസ്താദിന്റെ സപ്പോര്‍ട്ടാണ് മല്‍ബുവിനു തുണ. അയാള്‍ ഉസ്താദിന്റെ ആളാണെന്നു പറയുന്നവരും ആ ബന്ധത്തില്‍ എന്തോ ഉണ്ടെന്ന് സംശയിക്കുന്നവരുമുണ്ട്. അല്ലെങ്കില്‍ നാട്ടുകാരായ ചെറുപ്പക്കാരുടെയൊക്കെ പഴി ഏറ്റുവാങ്ങി ഖത്തീബ് ഉസ്താദ് എന്തിനു മല്‍ബുവിനെ പള്ളിയില്‍ കയറ്റി ഉറക്കണം. 


അങ്ങനെയിരിക്കെയാണ് പുതിയ ഒരു കഥ നാട്ടില്‍ പരന്നത്. മല്‍ബു പള്ളിയില്‍ ഉറങ്ങാന്‍ തലയിണയായി ഉപയോഗിക്കുന്ന സഞ്ചി നിറയെ പണമാണെന്നായിരുന്നു കഥയുടെ ആകത്തുക. 


ആരു വിശ്വസിക്കാനാണ് ഇത്? വീട്ടില്‍നിന്ന് പുറത്താക്കിയ ഒരാള്‍ സഞ്ചിയില്‍ പണം നിറച്ച് തലയ്ക്കടിയില്‍ വെച്ച് ഉറങ്ങുമെന്നത് എങ്ങനെ വിശ്വസിക്കാന്‍ പറ്റും?
എന്നാല്‍ കഥയുടെ ഉറവിടം ഖത്തീബ് ഉസ്താദായതിനാല്‍ വിശ്വസിക്കാതിരിക്കാനും കഴിയില്ല. ഉസ്താദിന്റെ നാട്ടിലെ ഒരു അനാഥ പെണ്‍കുട്ടിയുടെ വിവാഹത്തിന് മല്‍ബു വലിയൊരു തുക നല്‍കി എന്ന വാര്‍ത്ത കൂടി പ്രചരിച്ചു. 


വിവാഹത്തിനു സഹായിച്ചു എന്ന വാര്‍ത്ത സ്ഥിരീകരിക്കാന്‍ മല്‍ബി മക്കളെ അന്നാട്ടിലേക്ക് അയച്ചു. വാര്‍ത്ത ശരിവെക്കുന്നതായിരുന്നു കിട്ടിയ വിവരങ്ങള്‍. ഒരു സാധാരണ യത്തീമിനു നല്‍കുന്ന സഹായം എന്നതിലുപരി അതില്‍ മറ്റൊന്നുമില്ലെന്നും ഖത്തീബ് ഉസ്താദിനെ സാക്ഷിയാക്കി അവര്‍ വിശ്വസിച്ചു. 


എന്നാലും ഇങ്ങനെ കൊടുക്കാന്‍  അങ്ങേരുടെ കൈയില്‍ പണമുണ്ടോ എന്ന മല്‍ബിയുടെ ചോദ്യത്തിന് 
ഖത്തീബ് ഉസ്താദൊന്ന് അമര്‍ത്തി മൂളുക മാത്രം ചെയ്തു.
നിങ്ങളുടെ കൂടെയാണല്ലോ കിടപ്പ്. അതോണ്ട് നിങ്ങള്‍ക്കറിയാലോ തലക്ക് വെക്കുന്ന സഞ്ചിയില്‍ പണമുണ്ടോ എന്ന്. കാണുമായിരിക്കും എന്നു പറഞ്ഞ് ഉസ്താദ് അവിടെ നിന്ന് രക്ഷപ്പെട്ടു. 


മല്‍ബു ഗള്‍ഫില്‍ പോയി സമ്പാദിച്ചതെല്ലാം തന്റെ പേരിലായിരുന്നുവെന്ന് മല്‍ബിക്കറിയാം. 30 വര്‍ഷത്തെ ഗള്‍ഫ് ജീവതത്തില്‍ 15 തവണയാണ് നാട്ടില്‍ വന്നത്. രണ്ടു വര്‍ഷം കൂടുമ്പോള്‍ ഒരു മാസത്തെ അവധി. അത് വേണമെങ്കില്‍ ഇങ്ങനെ കണക്കുകൂട്ടാം. 28 വര്‍ഷത്തെ പ്രവാസ ജീവിതവും ഒന്നേകാല്‍ വര്‍ഷത്തെ കുടുംബ ജീവിതവും. മല്‍ബുവിന് സ്വന്തമായി ബാങ്ക് അക്കൗണ്ട് പോലുമില്ലായിരുന്നു. എല്ലാ മാസവും പണമയക്കുന്നത് മല്‍ബിയുടെ അക്കൗണ്ടില്‍. വീടും പറമ്പും വാങ്ങിയത് മല്‍ബിയുടെ പേരില്‍. വരവും ചെലവുമൊക്കെ സൂക്ഷിച്ചത് മല്‍ബിയും മക്കളുമായിരുന്നു. 


എന്നിട്ടും അനാഥയെ സഹായിക്കാനും തലയിണയാക്കാനും മല്‍ബുവിന് എവിടെനിന്ന് പണം കിട്ടിയെന്നു  പിടികിട്ടുന്നില്ല. വേറെ പണിയൊന്നുമില്ലാത്ത നാട്ടുകാര്‍ കഥകള്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കെ ഒരു ദിവസം ഖത്തീബ് ഉസ്താദിന്റെ വായില്‍നിന്ന് അതു പുറത്തു വന്നു.


ഉച്ചയൂണിനു വന്നതായിരുന്നു ഉസ്താദ്. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ മല്‍ബി ചോദിച്ചു: 
ഓറ് നിങ്ങളുടെ കൂടെ ഭക്ഷണം കഴിക്കാറുണ്ടോ? 
ഓറെന്തിനാപ്പാ നാട്ടുകാരുടെ ചോറു തിന്നുന്നെ. ഇഷ്ടം പോലെ പണമില്ലേ. ഹോട്ടലില്‍നിന്ന് കഴിച്ചാ പോരേ? 
ഓര്‍ക്കേടുന്നാ നമ്മളറിയാത്ത പണം? സ്വത്തെല്ലാം എന്റെ പേരിലായതു കൊണ്ടല്ലേ ഓര്‍ ഇറങ്ങിപ്പോയത്?
അവിടേം ഇവിടേം കൊടുക്കാന്‍ പണം ചോദിച്ചു. ഞാന്‍ കൊടുത്തില്ല. ദേഷ്യം പിടിച്ച് ഇറങ്ങിപ്പോയി. അതാ ഉണ്ടായത്.
അവിടെയാ നിങ്ങള്‍ക്കു തെറ്റിയത് -ഖത്തീബ് ഉസ്താദ് അക്കഥ പറഞ്ഞു. 


മല്‍ബു എല്ലാമൊന്നും കുടുംബക്കാരുടെ പേരിലാക്കിയിട്ടില്ല. ഏതോ ഒരു കൂട്ടുകാരന്‍ മല്‍ബുവിന്റെ ഉപദേശ പ്രകാരം പട്ടണത്തില്‍ കണ്ണായ സ്ഥലത്ത് വാങ്ങിയ സ്ഥലവും കെട്ടിടവും സ്വന്തം പേരിലായിരുന്നു. പത്തിരുപത് വര്‍ഷം മുമ്പ് വാങ്ങിയ അതിന് ഇന്നു കോടികളാണ് വില. അതു വില്‍ക്കാന്‍ തീരുമാനിച്ചു വാങ്ങിയ അഡ്വാന്‍സാണ് മല്‍ബുവിന്റെ കൈയിലുള്ള സഞ്ചിയില്‍. 


ശരിക്കുമുള്ളതാണോ ഉസ്താദേ എന്നു ചോദിച്ചു മല്‍ബി. 
ഉസ്താദ് എന്തിനു കളവു പറയണം. 
മല്‍ബിയും മക്കളും വേറെ വഴിയിലും ഇക്കാര്യം സ്ഥിരീകരിച്ചു. മൊത്തത്തില്‍ നോക്കിയാല്‍ വലിയ നഷ്ടമാണ് വന്നുചേര്‍ന്നിരിക്കുന്നത്. കുടുംബത്തിന് അവകാശപ്പെട്ട കോടികളാണ് മല്‍ബു അമ്മാനമാടുന്നത്. 


മല്‍ബുവിനെ എങ്ങനെയെങ്കിലും തിരികെ വീട്ടിലെത്തിക്കാനായ ആലോചന. 
അങ്ങനെ മാധ്യസ്ഥ്യത്തിനായി ഉസ്താദിന്റെ സഹായം തേടി. 
വീട്ടിലേക്ക് മടങ്ങാന്‍ മല്‍ബു ഒറ്റ ഡിമാന്റേ വെച്ചുള്ളൂ.
എല്ലാ സ്വത്തുക്കളും എന്റെ പേരിലേക്ക് മാറ്റണം.
മല്‍ബിയും മക്കളും കൂടിയാലോചിച്ചു. കൂട്ടിക്കിഴിച്ചപ്പോള്‍ പട്ടണത്തിലെ വസ്തു വിറ്റു കിട്ടുന്ന കോടികള്‍ തന്നെയാണ് കൂടുതല്‍. 
ബുദ്ധിമതിയായ മല്‍ബി എല്ലാ സ്വത്തുക്കളും ഭര്‍ത്താവിന്റെ പേരിലേക്ക് മാറ്റി എഴുതി. റിയല്‍ എസ്റ്റേറ്റ് ബൂമിനു നന്ദി പറഞ്ഞു കൊണ്ടു മല്‍ബു വീട്ടിലേക്ക് മടങ്ങുകയും ചെയ്തു.


May 21, 2012

നാവുദോഷം അഥവാ നാലു കിലോ
നാട്ടുകാരനെന്ന ആനുകൂല്യം മല്‍ബുവിന് പലപ്പോഴും ലഭിച്ചിട്ടുണ്ട്. എന്നുവെച്ച് കബളിപ്പിക്കപ്പെടാതിരുന്നിട്ടുമില്ല. 
ടൂത്ത് പേസ്റ്റ് വാങ്ങാനാണെങ്കില്‍ പോലും ഒരു മല്‍ബു കട അല്ലെങ്കില്‍ മല്‍ബു സെയില്‍സ്മാന്‍ ഉള്ള ഷോപ്പ് നോക്കിപ്പോകുന്നവരാണ് കൂടുതലും. രണ്ടു നാട്ടു വര്‍ത്താനം പറയാമെന്നതിലുപരി ഒറിജിനല്‍ ഉല്‍പന്നം കിട്ടും, കഴുത്തറക്കില്ല, ഇത്തിരി ഇളവോടെ മിതമായ വില നല്‍കിയാല്‍ മതി തുടങ്ങി പല ഘടകങ്ങളാണ് ഇതിനു പിന്നില്‍. 


ചിലര്‍  പറയും, ഒരിക്കലും മല്‍ബു മണമുള്ളിടത്ത് പോകരുത്, ചിരിച്ചു പറ്റിക്കും പഹയ•ാര്‍ എന്നൊക്കെ. മറുനാട്ടുകാരനാണെങ്കില്‍ നല്ലവണ്ണം വിലപേശാമെന്നും മല്‍ബു നല്‍കുന്നതിനേക്കാള്‍ കുറഞ്ഞ വിലയ്ക്ക് സാധനം കിട്ടും എന്നൊക്കെ അവരുടെ ന്യായങ്ങള്‍. ദുരനുഭവങ്ങളായിരിക്കാം കാരണം. 


ബംഗാളി വിളിച്ചിട്ടും തിരിഞ്ഞുനോക്കാതെ മല്‍ബുവിന്റെ കട തേടി പോയി സാധനം വാങ്ങി വരുമ്പോഴായിരിക്കും കൈകൊട്ടി വിളിച്ചുള്ള ബംഗാളിയുടെ ചോദ്യം.  
എത്ര കൊടുത്തു? സംഖ്യ പറഞ്ഞാല്‍ അതിനേക്കാള്‍ പത്ത് റിയാല്‍ കുറച്ചു ഞാന്‍ തരുമായിരുന്നല്ലോ എന്നായിരിക്കും അടുത്ത ഡയലോഗ്. അങ്ങനെ മല്‍ബുവിന്റെ മനസ്സില്‍ വിഷം കോരിയിട്ടതാകാം ചിലപ്പോള്‍. 


സ്വന്തം നാട്ടുകാരുടെ കടകള്‍ അടുത്തുണ്ടായിട്ടും മല്‍ബുവിനെ തേടി പോകുന്ന ഒരു സോമാലിയുണ്ട്. നന്നായി ഇറച്ചി വെട്ടാനറിയാമെന്ന മല്‍ബുവിന്റെ ഗുണം മാത്രമല്ല, അയാളെ ആകര്‍ഷിച്ചത്. സാങ്കേതിക വിവരത്തില്‍ മിയമിയ എന്നു പറഞ്ഞു മല്‍ബുവിന് നൂറു മാര്‍ക്ക് കൊടുക്കും അയാള്‍. സമീപത്തെവിടെയെങ്കിലും ഇന്റര്‍നെറ്റ് കണക്ഷന്‍ ഉണ്ടെങ്കില്‍ അതു വയര്‍ലെസിലൂടെ മല്‍ബു പിടിച്ചെടുക്കുമെന്നതാണ് സോമാലിയെ ആകര്‍ഷിച്ച മല്‍ബുവിന്റെ സാങ്കേതിക വിജ്ഞാനം. അതുകൊണ്ടുതന്നെ മക്കളെ കംപ്യൂട്ടര്‍ പഠിപ്പിക്കാന്‍ ഏല്‍പിച്ചത് മല്‍ബുവിനെയാണ്. 


കടയില്‍ മല്‍ബുവാണെങ്കില്‍ ഒറിജിനല്‍ തന്നെയല്ലേ എന്നു കാതില്‍ ചോദിക്കാന്‍ ഒരു സുഖമുണ്ട്. രണ്ടാം നമ്പര്‍ ഞാന്‍ നിങ്ങള്‍ക്കു തരുമോ എന്ന മറുചോദ്യം മതി കസ്റ്റമറായ മല്‍ബുവിനു സന്തോഷമാകാന്‍. വിലപേശലിനു തടയിടാനും മല്‍ബു സെയില്‍സ്മാന് രണ്ട് വാക്കു മതി. ഇതു നിങ്ങള്‍ക്ക് മാത്രമുള്ള പ്രൈസാണ് കേട്ടോ. അതായത് ഇത് മല്‍ബു നല്‍കേണ്ട വില. മറ്റു രാജ്യക്കാരോട് ഇരട്ടിയാണ് പറയുക. അതോടെ ഒന്നുകൂടി അഡ്ജസ്റ്റ് ചെയ്യൂ എന്നു പറയാനുള്ള മല്‍ബുവിന്റെ കരുത്ത് ചോര്‍ന്നുപോകും. 


അതു നിങ്ങള്‍ എടുക്കേണ്ട എന്ന് ഒരു മല്‍ബു സെയില്‍സ്മാന്‍ പറഞ്ഞാല്‍ അതു ഉപയോഗിക്കാന്‍ കൊള്ളില്ല, അല്ലെങ്കില്‍ വേഗം കേടാകുമെന്നാണ് അര്‍ഥം. അയാള്‍ക്ക് കമ്മീഷന്‍ കിട്ടുന്ന വേറെ കമ്പനിയുടെ സാധനം വില്‍ക്കാനാണെന്ന് ദോഷൈകദൃക്കുകളായ ചില മല്‍ബുകള്‍ ചിന്തിക്കാതിരിക്കില്ല. എന്തും വിമര്‍ശന ബുദ്ധിയോടെ കാണുന്ന ഇക്കൂട്ടര്‍ നാട്ടുകാരാണെന്ന കാരണത്താല്‍ മാത്രം ഒരിക്കലും പഞ്ചാര വാക്കുകളില്‍ വീഴില്ല. 


ഒരിക്കല്‍ മരുന്നു വാങ്ങാന്‍ മെഡിക്കല്‍ ഷോപ്പില്‍ ചെന്ന മല്‍ബുവിനെ ശരിക്കും അത്ഭുതപ്പെടുത്തിക്കളഞ്ഞു അവിടത്തെ സെയില്‍സ്മാന്‍. 
ഈ മരുന്ന് ഇവിടെനിന്നു വാങ്ങാന്‍ 300 റിയാല്‍ കൊടുക്കണം. ഇതേ മരുന്ന് വേറെ കമ്പനിയുടേത് 100 റിയാലിനു കിട്ടും. ദാ നേരെ ആ കടയില്‍ പോയാല്‍ മതി.
സെയില്‍സ്മാന്‍ കൈ ചൂണ്ടിയപ്പോള്‍, നാട്ടുകാരനോടുള്ള സ്‌നേഹമല്ല, മല്‍ബുവിനെ അത്ഭുതപ്പെടുത്തിയത്. 
അറിഞ്ഞുനോക്കിയപ്പോള്‍, നാട്ടുകാരന് രണ്ടു മുക്കാല്‍ ലാഭമുണ്ടായിക്കോട്ടെ എന്നതായിരുന്നില്ല ആ സുമനസ്സിനു പിന്നില്‍. ശമ്പളം കൂട്ടി നല്‍കാതെയും സമയത്തു നല്‍കാതെയും പീഡിപ്പിക്കുന്ന തൊഴിലുടമയോടുള്ള പ്രതിഷേധമായിരുന്നു കാരണം. അത്രയൊക്കെയല്ലേ ചെയ്യാന്‍ പറ്റൂ എന്ന ആത്മഗതവും.


മല്‍ബുകളുടെ കൂട്ടത്തില്‍ കണ്ണില്‍ ചോരയില്ലാത്തവരുമുണ്ട് എന്നു പറയും ചിലര്‍. ഈ പറച്ചില്‍ പരസ്യമായി പറഞ്ഞതിന് ഒരിക്കല്‍ മല്‍ബു അനുഭവിച്ചിട്ടുണ്ട്. 


സ്വന്തം വിമാനമായ എയര്‍ഇന്ത്യയില്‍ കയറാന്‍ എയര്‍പോര്‍ട്ടില്‍ എത്തിയതായിരുന്നു മല്‍ബു. അനുവദിക്കപ്പെട്ട 40 കിലോ ലഗേജില്‍ ഇത്തിരി കൂടുതലുണ്ട്. അവസാനം കിട്ടിയ പഞ്ഞിയാണ് കണക്കുകൂട്ടല്‍ തെറ്റിച്ചത്. ഒഴിവാക്കാന്‍ പറ്റാത്തതായിരുന്നു അത്. നാല് കിലോ അല്ലേ, അതങ്ങു വിട്ടോളും. ഇല്ലെങ്കില്‍ എന്നെ വിളിച്ചാല്‍ മതി. ഞാന്‍ ശരിയാക്കിക്കോളാം എന്നും പറഞ്ഞു ഇത്തിരി പിടിപാടൊക്കെയുള്ള പഞ്ഞിയുടമ. 
ലഗേജ് തൂക്കിയ ശേഷം നാല് കിലോ കൂടുതല്‍ ഉണ്ടല്ലോ എന്ന് കൗണ്ടറിലിരിക്കുന്ന മല്‍ബു. തുക അടയ്ക്കണം എന്നൊന്നും പറഞ്ഞില്ല, അതിനു മുമ്പേ മല്‍ബു ഫോണെടുത്ത് പഞ്ഞിയുടമയോട് പറഞ്ഞു:


രക്ഷയില്ലാട്ടോ, ഇവിടെ കൗണ്ടറില്‍ കണ്ണില്‍ ചോരയില്ലാത്ത ഒരു മല്‍ബുവാണ്...
ഇതുകേട്ട് കൗണ്ടറില്‍ ഇരിക്കുന്നയാള്‍ മാത്രമല്ല, യാത്രയയക്കാന്‍ കൂടെ വന്നയാളും ഞെട്ടിപ്പോയി. സോറി പറഞ്ഞുനോക്കിയെങ്കിലും കൗണ്ടറിലെ മല്‍ബു ശരിക്കും കണ്ണില്‍ ചോരയില്ലാത്തവനായി മാറുകയായിരുന്നു.

May 14, 2012

ചിരിക്കാത്ത എയര്‍ഹോസ്റ്റസും വിറയലും
കൈയിലുള്ളത് ഒറിജിനല്‍ പാസ്‌പോര്‍ട്ട് തന്നെയാണ്. കസ്റ്റംസുകാരുടെ കണ്ണില്‍പെടാതിരിക്കാന്‍ ഒന്നും ഒളിപ്പിച്ചു വെച്ചിട്ടുമില്ല. എന്നാലും വിമാനം നാട്ടിലെ എയര്‍പോര്‍ട്ടില്‍ ഇറങ്ങാറായാല്‍ മല്‍ബുവിനു വിറയല്‍ തുടങ്ങും. എമിഗ്രേഷന്‍ കൗണ്ടറും കടന്ന് ലഗേജ് ശേഖരിച്ച് കസ്റ്റംസുകാരുടെ തുണ്ടു കടലാസും കൈമാറി പുറത്തു കാത്തുനില്‍ക്കുന്ന മല്‍ബിയേയും മക്കളേയും കണ്ടാലേ വിറയല്‍ അവസാനിക്കൂ. പിന്നെ സ്മാര്‍ട്ടാകും. 


പൂച്ചയെ കൊന്നവര്‍ക്കാണ് ഇതുപോലെ വിറയലുണ്ടാവുകയെന്ന് പഴമക്കാര്‍ പറയാറുണ്ട്. പക്ഷെ, പൂച്ചയെ പോയിട്ട് ഒരു എലിയെ പോലും കൊന്നിട്ടില്ല. പിന്നെയുള്ളത് വിറയല്‍ സമ്മാനിക്കുന്ന രോഗമാണ്. അതും വിദൂര സാധ്യത. 


നാട്ടിലെ എയര്‍പോര്‍ട്ടില്‍ മാത്രമെ ഈ പ്രശ്‌നമുള്ളൂ. ജോലി സ്ഥലത്തുനിന്ന് നാട്ടിലേക്ക് പോകാന്‍ വിമാനം കയറുമ്പോഴോ തിരിച്ച് ജോലി സ്ഥലത്തുള്ള എയര്‍പോര്‍ട്ടില്‍ ഇറങ്ങുമ്പോഴോ ഈ അസാധാരണ വിറയലില്ല. 


കുടുംബത്തെ കാണാനുള്ള ഓരോ അവധിക്കാല യാത്രയിലും വിമാനത്തില്‍വെച്ചാണ് ഇത് ആരംഭിക്കുക. എയര്‍ ഇന്ത്യ വിമാനമായാലും സൗദി എയര്‍ലൈന്‍സ് വിമാനമായാലും തഥൈവ. ഇടക്കാലത്ത് നാട്ടിലേക്കുള്ള സര്‍വീസ് നിര്‍ത്തിവെച്ച നാസ് എയറിലും വിറയലിനു ശമനമുണ്ടായിട്ടില്ല. 


വിമാനത്തില്‍ വിതരണം ചെയ്യുന്ന ഡിസ്എംബാര്‍ക്കേഷന്‍ ഫോം മല്‍ബു രണ്ടോ മൂന്നോ എണ്ണം വാങ്ങും. കൂടുതല്‍ ഫോം വാങ്ങിയതിന് ഒരിക്കല്‍ എയര്‍ഹോസ്റ്റസ് വഴക്കു പറഞ്ഞിട്ടുണ്ട്. ചിരിക്കാത്ത ഒരു എയര്‍ഹോസ്റ്റസായിരുന്നു അത്. 


അതില്‍പിന്നെ ഒന്നുവാങ്ങി സീറ്റിന്റെ പോക്കറ്റില്‍ വെച്ച ശേഷമേ മറ്റൊരു എയര്‍ ഹോസ്റ്റസിനുനേരെ കൈ നീട്ടാറുള്ളൂ. ചിരിക്കാത്ത മുഖമുള്ള എയര്‍ഹോസ്റ്റസാണെങ്കില്‍ പുഞ്ചിരി തൂകുന്ന മറ്റൊരു എയര്‍ ഹോസ്റ്റസ് വരുന്നതുവരെ കാത്തുനില്‍ക്കും. 


എന്തിനാ രണ്ടുമൂന്നെണ്ണം വാങ്ങിവെക്കുന്നതെന്ന് അടുത്തിരിക്കുന്ന യാത്രക്കാര്‍ പലപ്പോഴും ചോദിച്ചിട്ടുണ്ട്. വാങ്ങാത്തോരുണ്ടെങ്കില്‍ കൊടുക്കാലോ എന്ന മറുപടിയിലെ സേവന മനഃസ്ഥിതിയില്‍ അവര്‍ നിശ്ശബ്ദരാകും. കൈവിറയലുള്ളതിനാല്‍ മാറ്റി എഴുതാനാണ് കൂടുതല്‍ വാങ്ങുന്നതെന്ന് പറയാനൊക്കില്ലല്ലോ. 


നാട്ടിലേക്കുള്ള വിമാനങ്ങളും എയര്‍പോര്‍ട്ടും എന്നും മല്‍ബുവിന്റെ ശാപത്തിനു കാരണമായിട്ടുണ്ട്. തിരിച്ചുള്ള വിമാനമോ ജോലിസ്ഥലത്തെ എയര്‍പോര്‍ട്ടോ ഒരിക്കലും മല്‍ബുവിനു വിറയല്‍ സമ്മാനിക്കുന്നില്ല. 


തികച്ചും അസാധാരണമെന്നു തോന്നാം. മല്‍ബിയേയും മക്കളേയും കാണാനുള്ള സന്തോഷ യാത്രയിലാണ് കുഴപ്പം. തിരിച്ച് തൊഴിലുടമയുടെ ആട്ടും തുപ്പും സഹിക്കാനെത്തുമ്പോള്‍ കൈവിറയലില്ല, ഒരു കുഴപ്പവുമില്ല. 


വിമാനത്തിനോ എയര്‍പോര്‍ട്ടിനോ എയര്‍ഹോസ്റ്റസിനോ ഒന്നുമല്ല കുറ്റം. 
ഗള്‍ഫിലെ എയര്‍പോര്‍ട്ടില്‍ ഇറങ്ങാനോ വിമാനത്തില്‍ കയറാനോ നിര്‍ബന്ധമില്ലാത്തതും എന്നാല്‍ നാട്ടിലെ എയര്‍പോര്‍ട്ടില്‍ ഇതു രണ്ടിനും ഒഴിച്ചുകൂടാന്‍ പറ്റാത്തതുമായ എംബാര്‍ക്കേഷന്‍ ഫോമാണ് യഥാര്‍ഥ വില്ലന്‍. കുറേക്കൂടി കൃത്യമായി പറഞ്ഞാല്‍, ഫോമല്ല, അതില്‍ ഇടുന്ന ഒപ്പാണ് മല്‍ബുവിന് വിറയല്‍ സമ്മാനിക്കുന്നത്. കാരണം ആ തുണ്ടുകടലാസില്‍ ചാര്‍ത്തുന്നത് മല്‍ബുവിന്റെ സ്വന്തം ഒപ്പല്ല. 


കാല്‍നൂറ്റാണ്ട് മുമ്പെടുത്ത പാസ്‌പോര്‍ട്ട് അപേക്ഷയില്‍ ആരോ ഇട്ട ഒപ്പാണ് മല്‍ബു ഇപ്പോഴും നോക്കി വരക്കുന്നത്. പാസ്‌പോര്‍ട്ട് നോക്കി ഒപ്പ് പകര്‍ത്തി കാലമേറെ പിന്നിട്ടു.  പാസ്‌പോര്‍ട്ട് രണ്ടു തവണ പുതുക്കി. എന്നിട്ടും ഒപ്പ് ശരിയായോ എന്ന ശങ്ക അവസാനിച്ചിട്ടില്ല. ആദ്യ പാസ്‌പോര്‍ട്ടിലെ ഒപ്പ് നോക്കി വരച്ച ഒപ്പാണ് പുതിയ പാസ്‌പോര്‍ട്ടിലുള്ളതെങ്കിലും മനസ്സ് ഇനിയും അത് പൂര്‍ണമായും ഉള്‍ക്കൊണ്ടിട്ടില്ല. 


ആ ഫോം കാണുമ്പോള്‍ ഹൃദയമിടിപ്പ് കൂടും. ഒന്നിലേറെ ഫോം വാങ്ങി പൂരിപ്പിക്കുന്നതും  പൂരിപ്പിക്കുമ്പോള്‍ കൈ വിറയല്‍ തുടങ്ങുന്നതും അതുകൊണ്ടാണ്. 


പാസ്‌പോര്‍ട്ടിലേയും എംബാര്‍ക്കേഷന്‍ ഫോമിലേയും ഒപ്പിലെ വ്യത്യാസം എമിഗ്രേഷന്‍ ഉദ്യോഗസ്ഥന്‍ കണ്ടുപിടിക്കുമോ എന്ന ഭീതിയാണ് ഈ വിറയലിന് ആധാരം. ഉദ്യോഗസ്ഥനു മുന്നില്‍ നേരെ നോക്കാതെ നില്‍ക്കും. 


ഓരോ യാത്രയിലും ആരാന്റെ ഒപ്പിന്റെ പേരിലുള്ള ഈ നെഞ്ചിടിപ്പ് സമ്മാനിച്ചത് പണ്ട് പാസ്‌പോര്‍ട്ട് എടുക്കാന്‍ ഏല്‍പിച്ച ഏജന്റ് കാണിച്ച ചതിയായിരുന്നു. താന്‍ ഒപ്പിട്ടു കൊടുത്ത ഫോമിനു പകരം ഏജന്റ് എന്തിനു സ്വന്തം ഒപ്പിട്ടു പാസ്‌പോര്‍ട്ട് അപേക്ഷ നല്‍കിയെന്നത് മല്‍ബുവിന് ഇപ്പോഴും പ്രഹേളിക. 


പാസ്‌പോര്‍ട്ട് കിട്ടിയില്ലേ? അതൊക്കെ വേണ്ടിവന്നു എന്നു മാത്രമായിരുന്നു ഒരിക്കല്‍ പണ്ടത്തെ ഏജന്റിനെ  പിടിച്ചുവെച്ചു ചോദിച്ചപ്പോള്‍ ലഭിച്ച മറുപടി.  

Related Posts Plugin for WordPress, Blogger...