Pages

പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..

January 29, 2012

തള്ളേടെ ഒരു ഗമ


ഇന്റര്‍വ്യൂ കഴിഞ്ഞ് കാത്തിരിക്കുകയാണ് മല്‍ബു. ഏതു ജോലി ആയാലും ഇന്റര്‍വ്യൂവിനു ശേഷം തീരുമാനം അറിയുന്നതുവരെ ഇത്തിരി ചങ്കിടിപ്പ് ആര്‍ക്കുമുണ്ടാകും. അതു രണ്ടു ദിവസമാണെങ്കില്‍ രണ്ടു ദിവസം. പുതിയ മേച്ചില്‍പ്പുറം തേടുന്നത് ഈ ദിവസങ്ങളില്‍ അല്‍പം സ്ലോ ആക്കും. യെസ് ഓര്‍ നോ അറിഞ്ഞിട്ടു മതിയല്ലോ അടുത്ത തെരച്ചില്‍. പക്ഷെ, മല്‍ബുവിന് അങ്ങനെയൊന്നുമില്ല. ഇതിപ്പോള്‍ കിട്ടാതെ എവിടെപ്പോകാനെന്ന മട്ട്. ഇതുപോലെ എത്ര ജോലി വന്നു, പോയി?

ഇന്റര്‍വ്യൂ, ടെസ്റ്റ് എന്നൊക്കെ കേട്ടാ തോന്നും ഏതോ വലിയ ജോലിയാണെന്ന്. അങ്ങനെയൊന്നുമല്ല, ഇപ്പോള്‍ ആളെ കിട്ടാനില്ലാതായിരിക്കുന്ന ഹൗസ് ഡ്രൈവറാണ് തസ്തിക. പണി കൊണ്ടുവന്ന ആശാനോട് അപ്പോള്‍ തന്നെ മല്‍ബു പറഞ്ഞതാണ്. 

നിങ്ങള്‍ പോയി പണി നോക്ക് മാഷേ. ഹൗസ് ഡ്രൈവര്‍ പണിക്ക് ഇന്റര്‍വ്യൂവും കൊണ്ടു വന്നിരിക്കുന്നു.

പക്ഷേ അറിഞ്ഞു നോക്കിയപ്പോള്‍ അല്‍പം ആകര്‍ഷണമുണ്ട്. മോശമല്ലാത്ത ശമ്പളം, താമസ സൗകര്യം, വീട്ടില്‍ അധികം ആളുകളില്ല. ഒന്നോ രണ്ടോ പേരെ വൈകിട്ടൊന്നു പുറത്തിറക്കി കറക്കിക്കൊണ്ടു വരണം. ഇതിനൊക്കെ പുറമെ കാലാകാലം വീട്ടു ഡ്രൈവറായി തുടരേണ്ടതില്ല എന്നതാണ് ഏറ്റവും വലിയ ആകര്‍ഷണം. ഒന്നോ രണ്ടോ മാസത്തിനുശേഷം ഇവരുടെ കമ്പനിയില്‍ ഡ്രൈവറുടെ ഒഴിവു വരും, അപ്പോള്‍ അങ്ങോട്ടു മാറാം.


ഇതൊക്കെ കേട്ടാണ് മല്‍ബു ഇന്റര്‍വ്യൂവിനു പോയത്.

കമ്പനിയില്‍ ജോലിക്ക് കയറുക എന്നത് ഏതൊരു ഹൗസ് ഡ്രൈവറുടേയും മിതമായ ആഗ്രഹമായിരിക്കും. വീട്ടിലെ ഡ്രൈവര്‍ പണി എത്ര ആയാസരഹിതമാണെങ്കിലും വീട്ടുകാരികളെ സൂഖുകളില്‍ കൊണ്ടുപോയുള്ള കാത്തിരിപ്പ് സഹിക്കാനാവില്ല. ചില വീട്ടുടമകള്‍ക്കാണെങ്കില്‍ ഹൗസ് ഡ്രൈവറെന്നാല്‍ വീട്ടുവേലക്കാരനാണെന്നാണ് വെപ്പ്. അങ്ങനെ പണികള്‍ പലതു പറയുമ്പോള്‍ ഡ്രൈവറാണെന്നു പറഞ്ഞ് കോളറ് പിടിച്ചു നില്‍ക്കാനൊന്നും പറ്റില്ല.
 

മല്‍ബുവിന്റെ അനുഭവത്തില്‍ ഏറ്റവും ദുഷ്‌കരമാണ് ഈ വീട്ടുഡ്രൈവര്‍ പണി. എന്നിട്ടും പിടിച്ചുനില്‍ക്കുന്നത് വേറെ വഴി ഇല്ലാത്തതു കൊണ്ടാണ്.
 

ഇന്റര്‍വ്യൂ വലിയ കാര്യമൊന്നുമായിരുന്നില്ല. സ്ഥിരമായി നില്‍ക്കില്ലേ? ഇടക്കുവെച്ച് മതിയാക്കിപ്പോകുമോ? റൂട്ടൊക്കെ അറിയാമല്ലോ എന്നൊക്കെ  ആയിരുന്നു ചോദ്യങ്ങള്‍. ഇന്റര്‍വ്യൂ ചെയ്ത മാന്യനോടൊപ്പം ഉണ്ടായിരുന്ന സ്ത്രീയുടെ ഗമ മാത്രമേ മല്‍ബുവിന് പിടിക്കാതിരുന്നുള്ളൂ.
 

അല്‍പം കഴിഞ്ഞപ്പോള്‍ ആശാന്‍ വിവരവുമായി എത്തി. മല്‍ബു മാത്രമല്ല, മുറിയില്‍ മറ്റുള്ളവര്‍ക്കും അറിയാന്‍ കൊതി ഉണ്ടായിരുന്നു.
വന്ന ഉടനെ ആശാന്‍ പറഞ്ഞു.


ഓന്റെ നാവ് പോക്കാണ്. പണിക്ക് ഓനെ വേണ്ടാന്ന് ആ തള്ള തീര്‍ത്തു പറഞ്ഞു.
എന്താ സംഭവം? ഇപ്പണിയില്ലെങ്കില്‍ വേറെ പണി. ആ തള്ളേടെ ജോലി കണ്ടിട്ടൊന്നുമല്ല മല്‍ബു ഇങ്ങോട്ട് വണ്ടി കയറിയത്. ആശാന്‍ തെളിച്ചു പറ. 


നാടു വിടുന്നവന്‍ ആദ്യം നാവുനന്നാക്കണം. മൂര്‍ച്ചയുള്ള വാള്‍തലപ്പില്‍ ഉരച്ച് നാവു നന്നാക്കി വന്നാലെ പുറംനാട്ടില്‍ ഗതി പിടിക്കൂ. ആ കഴിവങ്ങനെ വെറുതെ കിട്ടുകയൊന്നുമില്ല. നല്ല പരിശീലനം വേണം. അതിരാവിലെ എഴുന്നേറ്റ് വാളിനു മൂര്‍ച്ച കൂട്ടിയ ശേഷം നാവു നന്നായി പ്രയോഗിക്കണം. 

നിങ്ങള്‍ ഇതെന്താ ഇപ്പറയുന്നത്. എന്റെ നാവിനെന്തു പറ്റി. ഞാനെന്തു പറഞ്ഞൂന്നാ? മല്‍ബുവിന് ചൊറിഞ്ഞുവന്നു തുടങ്ങി. 

അവര്‍ രണ്ടു പേരും ചോദ്യങ്ങള്‍ ചോദിക്കുന്നതിനിടയില്‍ താന്‍ എന്താണ് പറഞ്ഞത്? ഭാഗ്യത്തിനാ നിന്നെ അവര്‍ വെറുതെ വിട്ടത്. ഞാന്‍ എന്തു പറയാന്‍. ഒന്നും പറഞ്ഞിട്ടില്ല. അവരുടെ ചോദ്യങ്ങള്‍ക്കൊക്കെ ശരിയായ മറുപടി നല്‍കി. വിവരം അറിയിക്കാമെന്നു പറഞ്ഞു, മടങ്ങി. അത്രയേ ഉണ്ടായുള്ളൂ.
 

ഇത്രയേ ഉണ്ടായുള്ളൂ അല്ലേ. പിന്നെ അവര്‍ക്കെന്താ ഭ്രാന്തുണ്ടോ? നിന്റെ നാവ് മോശാന്നു പറയാന്‍.

അവര്‍ക്ക് വേറെ ആരെെയങ്കിലും കിട്ടിക്കാണും. നമ്മളെ ഒഴിവാക്കാന്‍ പറഞ്ഞതായിരിക്കും. എന്റെ ഭാഗത്തുനിന്ന് ഒരു തെറ്റുമുണ്ടായിട്ടില്ല- മല്‍ബു പറഞ്ഞു.


അതൊന്നുമല്ല. നീ ആ സിനിമേന്ന് പകര്‍ത്തിയതാ അവിടേം പയറ്റിയത്. ആളുകള്‍ സംസാരിക്കുമ്പോള്‍ നേര്‍ക്കു നേരെ പറയണം. അവരു കേള്‍ക്കാതെ പിറുപിറുക്കുന്നത് സിനിമേല്‍ പറ്റും. ജീവിതത്തില്‍ പറ്റില്ല. അവര് ഇന്റര്‍വ്യൂ ചെയ്യുന്നതിനിടയില്‍ നീ തള്ളേടൊരു ഗമ എന്നു പറഞ്ഞില്ലേ? 


ഓ അത്. അവരുടെ ഇരിപ്പും ഭാവവും എനിക്കൊട്ടും പിടിച്ചില്ല. അതോണ്ട് ഞാന്‍ മനസ്സില്‍ അങ്ങനെ പറഞ്ഞിരുന്നു. അവിടെ എന്താ മനോഗതം അറിയുന്ന മെഷീനുമുണ്ടോ? ക്യാമറ കണ്ടിരുന്നു. ഇത്തിരി ശബ്ദം കൂടിപ്പോയിക്കാണും. എന്നാലും ഞാന്‍ പറഞ്ഞത് മലയാളത്തിലല്ലേ? അവര്‍ രണ്ടു പേരും അറബികളും. 

അവിടെയാണ് നിനക്ക് തെറ്റിയത്. ആ സ്ത്രീ അറബിയൊന്നുമല്ല. പണ്ടു പണ്ടേ ഇവിടെ വന്ന് അറബീനെ കല്യാണോം കഴിച്ച് താമസിക്കുന്ന കൊയിലാണ്ടിക്കാരിയാണ് അവര്‍.
മല്‍ബുവിന്റെ നാവിറങ്ങിപ്പോയി.


January 22, 2012

ചോര്‍ത്തല്‍ പുരാണം


ഏതെങ്കിലും ഒരു മല്‍ബുവിനോട് ചോദിച്ചിരുന്നെങ്കില്‍ ഈ നാണക്കേട് വരില്ലായിരുന്നു.
ആഗോള പരിപ്രേക്ഷ്യത്തില്‍ കാര്യങ്ങള്‍ കാണുന്നതിനും ആസൂത്രണം ചെയ്യുന്നതിനും പകരം ഠ വട്ടത്തില്‍ ചിന്തിച്ചു. ഇരുചെവി അറിയാതെ സംഗതി നടക്കേണ്ട സ്ഥാനത്ത് കഴുകിയാലും കഴുകിയാലും പോകാത്ത നാറ്റക്കേസായി. പ്രവാസികളെ അവഗണിച്ചതിന്റെ ഫലം കൂടിയാ ഇത്. യു.എ.ഇയിലോ സൗദിയിലോ എവിടെയെങ്കിലുമുള്ള ഒരു മല്‍ബുവിനോട് ചോദിച്ചാല്‍ മതിയായിരുന്നു.
പത്രക്കാരന്റെ ദീര്‍ഘ പ്രഭാഷണം ആര്‍ക്കും മനസ്സിലായില്ല.

താനിതെന്തു നാണക്കേടിന്റെ കാര്യാ രാവിലെ തന്നെ വിളിച്ചുകൂവുന്നേ? ഉറക്കച്ചടവില്‍ ആശാന്‍ വിളിച്ചു ചോദിച്ചു.

ചാണ്ടി സാറിന്റെ  നാണക്കേട് തന്ന്യാ മൂപ്പരു പറയുന്നത്- പത്രത്തില്‍നിന്ന് തല ഉയര്‍ത്തിയ മല്‍ബു ഇടപെട്ടു.
എന്തു ജനസമ്പര്‍ക്കം നടത്തിയാലും എങ്ങനൊക്കെ വ്യാഖ്യാനിച്ചാലും ഈ നാണക്കേട് മാറില്യ. ഒരാളുടെ വീട്ടിലേക്ക് ആരെങ്കിലും ഒളിഞ്ഞു നോക്ക്യാ അയാള്‍ക്കത് സഹിക്കാന്‍ പറ്റ്വോ. നാട്ടില്‍ മല്‍ബിക്ക് അയക്കുന്ന കത്ത് ആരെങ്കിലും പൊളിച്ചു വായിച്ചാല്‍ അതു സാധാരണ വായന എന്നു കരുതി സമാധാനിക്ക്വോ നിങ്ങള്‍. ഒരു കേസിലും പെടാത്ത 268 ആളുകളുടെ കത്തുകളാണ് രാജ്യരക്ഷയുടെ പേരില്‍ ചാണ്ടിപ്പോലീസ് പരിശോധിച്ചത്. ഇതിനു മുമ്പും നോക്കീന്നും ഇനീം നോക്കൂന്നും പറയുന്നു. ആരോടെങ്കിലും ദ്വേഷ്യോണ്ടെങ്കില്‍ സിമിക്കാരനാണെന്നും പറഞ്ഞ്് അഡ്രസ്സ് ചാണ്ടി സാറിന്  അയച്ചു കൊടുത്താല്‍ മതി. ബാക്കി അങ്ങേര് നോക്കിക്കോളും. ശരിക്കും ഭരണകൂട ഭീകരത തന്നെ.

അതല്ല, മല്‍ബൂനോട് ചോദിച്ചിരുന്നേല്‍ ഈ നാണക്കേട് വരില്ലായിരുന്നു എന്നാണല്ലോ പത്രക്കാരന്‍ പറയുന്നത്. അതെങ്ങനാ ?

റെയില്‍ കാര്യത്തില്‍ മാത്രമല്ല, മെയില്‍ കാര്യത്തിലും ആഗോള ടെണ്ടര്‍ രീതി സ്വീകരിച്ചാല്‍ മതിയാരുന്നു. കൊച്ചി മെട്രോ റെയില്‍ പണിക്ക് ഒന്നര ശതമാനം പലിശക്ക് പണം കിട്ടണമെങ്കില്‍ ജപ്പാന്‍ സ്ഥാപനം പറയുന്നതു പോലെ ആഗോള ടെണ്ടര്‍ വിളിക്കണമെന്നു പറഞ്ഞ് എന്തൊരു പുകിലായിരുന്നു. അതു പോലെ ഇ-മെയില്‍ ചോര്‍ത്തുന്ന കാര്യത്തിലും ആകാമായിരുന്നു. ചോര്‍ത്തലിന്റെ ആഗോള സാധ്യതകളെ കുറിച്ച് പഠിക്കുന്നില്ല എന്ന കാര്യം മന്ത്രി ആര്യാടന്റെ പോലും ശ്രദ്ധയില്‍ പെട്ടില്ല എന്നതാണ് അത്ഭുതം.
ഇ-മെയില്‍ ചോര്‍ത്തുന്ന നല്ല ഒന്നാന്തരം ആഗോള കമ്പനികളുണ്ട്. സിമി പ്രവര്‍ത്തനവുമായി ബന്ധമുള്ളവരുടെ മെയിലുകള്‍ ചോര്‍ത്തണമെന്ന നിര്‍ദേശത്തോടെ നല്‍കിയ നീണ്ട ലിസ്റ്റ് പോലും ചോരാതെ നോക്കാന്‍ ചാണ്ടി സാറിന്റെ ഇന്റലിജന്‍സിനു കഴിഞ്ഞില്ല. ലിസ്റ്റ് നല്‍കിയെന്നു സമ്മതിച്ചതോടെ മുഖം രക്ഷിക്കാന്‍ അദ്ദേഹത്തിന് ഉദ്യോഗസ്ഥനെ പഴിക്കേണ്ടി വന്നു.
ഈയിടെ ഒരു മല്‍ബുവിന്റെ മെയില്‍ ഹാക്ക് ചെയ്ത കമ്പനിയെ  ഏല്‍പിച്ചിരുന്നെങ്കില്‍ ഇതൊന്നും സംഭവിക്കില്ലായിരുന്നു.
മല്‍ബു സ്‌പെയിനിലെ മഡ്രീഡിലെത്തിയപ്പോള്‍ പിടിച്ചുപറിക്കിരയായെന്നും ഭാഗ്യം കൊണ്ടാണ് ജീവന്‍ തിരികെ കിട്ടിയതെന്നും ഇനി നാട്ടിലേക്ക് മടങ്ങണമെങ്കില്‍ വെസ്റ്റേണ്‍ യൂനിയന്‍ മണി ട്രാന്‍സ്ഫര്‍ കമ്പനി വഴി പണം അയക്കണമെന്നും ആവശ്യപ്പെടുന്നതായിരുന്നു മല്‍ബുവിന്റെ സ്വന്തം ഇ-മെയില്‍ ഐ.ഡിയില്‍നിന്ന് കൂട്ടുകാര്‍ക്ക് ലഭിച്ച സന്ദേശം.
സന്ദേശം കിട്ടിയ ദിവസം മല്‍ബുവിന്റെ ഫോണ്‍ സ്വിച്ച് ഓഫായതിനാല്‍ സംഭവം ശരിയായിരിക്കുമോ എന്നു ചിലര്‍ ഭയപ്പെടുകയും ചെയ്തു. പക്ഷേ, മല്‍ബു സ്‌പെയിനിലേക്കല്ല, കൂട്ടിലങ്ങാടിയിലേക്കാണ് പോയതെന്ന് വേഗം തന്നെ സ്ഥിരീകരിക്കാനായതിനാല്‍ ആരും പണം അയച്ചു കൊടുത്ത് ചാണ്ടി സാറിനെ പോലെ ഇളിഭ്യരായില്ല.
ശരിക്കും പറഞ്ഞാല്‍ ഒരു മല്‍ബുവിന്റെയെങ്കിലും ഇ-മെയില്‍ ഇതുപോലെ ഹാക്ക് ചെയ്യപ്പെടാത്ത ദിവസങ്ങളില്ല. മിക്കതും പണം പിടുങ്ങാന്‍ വേണ്ടിയാണെന്നു മാത്രം.
ഇന്റലിജന്‍സിനേക്കാളും ചാണ്ടി സാറിന് മികച്ച സര്‍വീസ് നല്‍കാന്‍ മഡ്രീഡ് കമ്പനിക്കാവും. സ്വന്തക്കാരില്‍ ആരെങ്കിലും പാരക്കൊരുങ്ങുന്നുണ്ടോ എന്നറിയാനും ഇ-മെയിലും ഫോണും ചോര്‍ത്താതെ സമ്മര്‍ദച്ചുഴിയിലകപ്പെട്ട ചാണ്ടി സാറിനു വഴിയില്ല.
ഇ-മെയില്‍ ചോര്‍ത്തുന്നത് സാധാരണമാണെങ്കില്‍ ചാണ്ടി സാറിനു എന്തുകൊണ്ടും ഭേദം മഡ്രീഡ് കമ്പനി തന്നെ.


January 15, 2012

അഡിക് ഷനും പിരാന്തും



വിജിലന്‍സ് കേസില്‍ കുടുങ്ങിയ പ്രതിപക്ഷ നേതാവ് അച്യുതാനന്ദന്‍ രാജിവെക്കണോ വേണ്ടയോ എന്ന ചര്‍ച്ച പൊടിപൊടിച്ചിട്ടും മല്‍ബു അതില്‍ ഇടപെട്ടില്ല. ഒന്നും അറിയാത്ത പോലെ ഒരു മൂലയിലിരുന്നു.
അതു കൊണ്ടു തന്നെ എല്ലാവരും ചോദിച്ചു.
ഇതെന്തു പറ്റി?
ഇങ്ങനല്ലല്ലോ? ജീവിതത്തില്‍ ഒരിക്കല്‍ പോലും വി.എസിനെ അംഗീകരിച്ചിട്ടില്ലാത്ത ടിയാന്‍ ആഹ്ലാദം കൊണ്ടെനിക്കിരിക്കാന്‍ വയ്യ ആകേണ്ടതായിരുന്നു.
ഏതുവിഷയമായാലും മല്‍ബുവിന് അതില്‍ അഭിപ്രായം കാണും. കഴിഞ്ഞ ദിവസം വരെ അതു റൂമിലെ എല്ലാവരും അനുഭവിച്ചറിഞ്ഞതാണ്.
പ്രവാസികളുടെ വരുമാനത്തിന് കേന്ദ്ര സര്‍ക്കാര്‍ 30 ശതമാനം നികുതി ഏര്‍പ്പെടുത്താന്‍ പോകുന്നുവെന്ന ഇ-മെയില്‍ വാര്‍ത്ത ഏതോ വിരുതന്റെ കള്ളവേലയാണെന്ന് കണ്ടെത്തി ചര്‍ച്ചയുടെ ആപ്പീസ് പൂട്ടിച്ചത് മല്‍ബുവായിരുന്നു.
എന്തൊരു പുകിലായിരുന്നു.
കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നീക്കത്തിനെതിരെ പ്രവാസി ശബ്ദം ഉയര്‍ത്തിക്കൊണ്ടുവരണം, സെമിനാര്‍ സംഘടിപ്പിക്കണം, നാട്ടില്‍നിന്ന് നേതാക്ക•ാരെ കൊണ്ടുവരണം, ഒപ്പുശേഖരണം നടത്തണം  അങ്ങനെ നിര്‍ദേശങ്ങള്‍ നീണ്ടു നീണ്ടു പോയി. അപ്പോഴാണ് തലയും വാലുമില്ലാത്ത വാര്‍ത്ത ഇംഗ്ലീഷ് പത്രമായ ടൈംസ് ഓഫ് ഇന്ത്യയുടെ പേരില്‍ ഏതോ വിദ്വാന്‍ പടച്ച് പ്രചരിപ്പിച്ചതാണെന്ന വസ്തുത മല്‍ബു തെളിവുകള്‍ സഹിതം നിരത്തിയത്.
അങ്ങനെ മുറിയിലെ എല്ലാവരുടേയും ആദരവ് പിടിച്ചുപറ്റിയ മല്‍ബുവാണ് ഇപ്പോള്‍ കുരങ്ങ് ചത്ത കുറവനെ പോലെ ഇരിക്കുന്നത്.
സഹമുറിയ•ാരുടെ സ്‌നേഹപൂര്‍ണമായ നിര്‍ബന്ധത്തിനൊടുവില്‍ മല്‍ബു വാ തുറന്നു.
പ്രശ്‌നം മറ്റൊന്നുമല്ല.
ദിവസം കഴിയുന്തോറും നെറ്റഡിക്ടാവുകയാണോ എന്നൊരു സംശയം. ഇങ്ങനെ പോയാല്‍ സ്വയം ഇല്ലാതായി തീരുമെന്ന ഒരു ഭയവും.
സംശയം+ആധി= മൗനം.
ഇതിങ്ങനെ പെട്ടെന്നു തോന്നാന്‍ കാരണം?
വൈദ്യനല്ലെങ്കിലും എല്ലാവരും ഡോക്ടറെന്നു വിളിക്കുന്ന ആശാന്‍ അന്വേഷിച്ചു.
ചില വാര്‍ത്തകള്‍ വായിച്ചതിനുശേഷമാണ് ഇങ്ങനെ തോന്നിത്തുടങ്ങിയതെന്ന് മല്‍ബു. 
ക്രിസ് സ്റ്റാനിഫോര്‍ത്തെന്ന ഇരുപതുകാരന്റെ മരണം. ഒരു തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുമില്ലായിരുന്നു. തുടര്‍ച്ചയായി 12 മണിക്കൂര്‍ എക്‌സ് ബോക്‌സില്‍ ഗെയിം കളിച്ചു കളിച്ചങ്ങനെ മരിച്ചു,
ഒരു കുഞ്ഞ് വിശന്നു മരിച്ചതിന് റെബേക്കാ കോളിന്‍ എന്ന സ്ത്രീക്ക് ലഭിച്ചത് 25 വര്‍ഷം തടവ്. സ്വന്തം കുഞ്ഞിനെ പോലും മറന്ന് മണിക്കൂറുകളോളം ഓണ്‍ലൈന്‍ ഗെയിം കളിക്കുകയായിരുന്നു അവര്‍.
പണം മോഷ്ടിച്ചതിന്  ലൂസിയാന്‍ മെയിനി എന്ന ഉദ്യോഗസ്ഥ ജയിലിലായി. 16 മാസമാണ് തടവ് ശിക്ഷ.  ഇന്റര്‍നെറ്റിലെ ചൂതാട്ടത്തിന് അടിമയായതുമൂലം വന്നു ചേര്‍ന്ന കടം തീര്‍ക്കാനാണ് 76,000 പൗണ്ട് മോഷ്ടിച്ചത്.
കള്ളുകുടിയ•ാരുടേയും മയക്കുമരുന്നടിമകളുടേയും തലച്ചോറിലുണ്ടാകുന്ന മാറ്റം പോലെ ഇന്റര്‍നെറ്റിന് അടിമകളായവരുടെ തലച്ചോറിലും മാറ്റമുണ്ടാകുന്നുവെന്നാണ് പുതിയ പഠനം.
മണിക്കൂറുകളോളം ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന കുട്ടികളുടെ തലച്ചോറിലെ വ്യതിയാനങ്ങളും വ്യക്തി ,സാമൂഹ്യ ജീവിതങ്ങളിലുണ്ടാക്കുന്ന ആഘാതങ്ങളും എം.ആര്‍.ഐ സ്കാനര്‍ ഉപയോഗിച്ചാണ് പഠന വിധേയമാക്കിയത്.
മല്‍ബു മൗനത്തിന്റെ ശാസ്ത്രീയ വിശകലനം തുടര്‍ന്നപ്പോള്‍ സാധാരണ ചര്‍ച്ചയില്‍ ഇടപെട്ട് വിപ്ലവം സൃഷ്ടിക്കാറുള്ള പത്രത്തില്‍ ജോലി ചെയ്യാതെ തന്നെ കൂട്ടുകാരുടെ ഇടയില്‍ പത്രക്കാരനായി മാറിയ നാണി പറഞ്ഞു.
ഇതാണോ ഇപ്പോള്‍ വലിയ കാര്യം.
നെറ്റിന് അഡിക്റ്റാവൂന്ന് മല്‍ബൂന് തോന്നുന്നുണ്ടെങ്കില്‍ ഓഫീസില്‍ പോകാതിരുന്നാല്‍ പോരേ? ഓഫീസില്‍ പോകുന്നില്ലെങ്കില്‍ മല്‍ബു നെറ്റ് തുറന്നതുതന്നെ. 
ആക്കിക്കൊണ്ടുള്ള പതിവ് ചിരിയിലൂടെ പത്രക്കാരന്‍ ഉപസംഹരിച്ചപ്പോള്‍ സപ്പോര്‍ട്ട് ചെയ്തു കൊണ്ട് ഒരിക്കല്‍പോലും പഠിപ്പിക്കാതെ വാദ്യാരെന്നു പേരു ലഭിച്ച മാഷ് പറഞ്ഞു.
മല്‍ബു ഓഫീസില്‍ പോകാതിരിക്കുന്നതു തന്നാ നല്ലത്.
മല്‍ബുവിനെ പോലുള്ളവര്‍ ഫോര്‍വേഡ് ചെയ്യുന്ന മെയിലുകള്‍ കൊണ്ട് എന്റെ ജിമെയില്‍ ഇന്നോ നാളെയോ പൊട്ടിത്തെറിക്കും.
വ്യാഴം, വെള്ളി ദിവസങ്ങളില്‍ മാത്രമാണ് എന്റെ ഇന്‍ബോകസ് കാലിയാവാറുള്ളത്. ഈ ദിവസങ്ങളില്‍ ഒരാള്‍ക്കും ഒരു മെയിലും അയക്കാനില്ല. എല്ലാ ഗ്രൂപ്പുകള്‍ക്കും കൂട്ട അവധി.
മല്‍ബു ആധി പിടിക്കേണ്ട കാര്യമൊന്നുമില്ല.
 ഓഫീസില്‍ ഒരു പണിയുമില്ലാത്തവരൊക്കെ നെറ്റഡിക്ടാവും. ബാക്കിയുള്ളവര്‍ മെയില്‍ ഡിലീറ്റ് ചെയ്തു ചെയ്തു  പിരാന്തന്‍മാരും.


January 8, 2012

ബാക്കിയാവുന്ന ചോദ്യങ്ങള്‍


പ്രവാസി, പ്രവാസിയെന്നു മന്ത്രിമാരും നേതാക്കളും ഉരുവിടുന്നതു പോലെ കുട്ടി പറഞ്ഞു. 
റിയാല്‍, റിയാല്‍, റിയാല്‍, റിയാല്‍...
ചുണ്ട് ചലിപ്പിച്ചതോടൊപ്പം അവള്‍ കൈവിരലുകളില്‍ എണ്ണുന്നുമുണ്ടായിരുന്നു.
ആമരം ഈമരം വാക്കുകളുടെ ആവര്‍ത്തനം രാമരാമ എന്നാകുന്നതു പോലെ വല്ലതും ആകുമായിരിക്കും.
മല്‍ബു ആലോചിച്ചു. പക്ഷേ, റിയാലിനു മാറ്റമൊന്നുമില്ല, ആവര്‍ത്തിച്ചപ്പോഴും റിയാല്‍ തന്നെ. അല്ലെങ്കിലും റിയാലിന്റെ കരുത്ത് ആര്‍ക്കും തകര്‍ക്കാനാവില്ല. ഡോളറും യൂറോയും രൂപയും തകര്‍ന്നാലും റിയാലിന്റെ കരുത്ത് നിലനില്‍ക്കും.
പക്ഷേ, കുട്ടിയുടെ ചോദ്യം വന്നു.
എത്ര റിയാലായി?
നേരത്തെ അവളുടെ കൈവിരലുകള്‍ ശ്രദ്ധിച്ചതു കൊണ്ട് ഒട്ടും ആലോചിക്കാതെ മറുപടി നല്‍കി. ഇരുപത്.
ഉത്തരം ശരിയല്ല. ചോയിസ് തരാം.
സീറോ, പത്ത്, ഇരുപത്.-ഒന്നൂടി ആലോചിച്ച് പറഞ്ഞാല്‍ മതി.
ഇരുപതല്ലെങ്കില്‍ പത്ത്-അയാളുടെ മറുപടി പെട്ടെന്നായിരുന്നു.
രണ്ട് ഉത്തരം ഒരുമിച്ച് പറയാനുള്ള കഴിവില്‍ അഹങ്കരിച്ചിരിക്കെ, കൂട്ടി ആര്‍ത്തുവിളിച്ചു, കൈമലര്‍ത്തി.
ഉത്തരം ശരിയല്ല, എവിടെ എന്റെ കൈയില്‍ റിയാല്‍?
റിയാല്‍, റിയാല്‍ എന്നു പറഞ്ഞാല്‍ വായില്‍നിന്ന് റിയാല്‍ പുറത്തുവരുമോ?
തോറ്റുപോയ മല്‍ബുവിനോട്് കുട്ടി പറഞ്ഞു.
ബ്ലേഡും ഇതുപോലെ പറയാം.
ഒന്നു പറഞ്ഞു നോക്കിക്കേ..ബ്ലേഡ്, ബ്ലേഡ്, ബ്ലേഡ്…
എന്നിട്ട് എത്ര ബ്ലേഡായി എന്നു ചോദിക്കാം.
ഉത്തരം പറയുന്നവരെ ഒറ്റ ബ്ലേഡു പോലുമില്ലെന്നു പറഞ്ഞ് സൂപ്പറായി തോല്‍പിക്കാം. ഒരിക്കലും വായില്‍നിന്ന് ബ്ലേഡ് പുറത്തുവരില്ല.
മല്‍ബു ശരിക്കും തോറ്റിരിക്കയായിരുന്നു. അതിനിടയിലാണ് കൊച്ചു മല്‍ബിയുടെ ചോദ്യവും തോല്‍വിയും.
പക്ഷേ, ആദ്യത്തെ തോല്‍വിയുടെ രഹസ്യം കുട്ടി എങ്ങനെ അറിഞ്ഞുവെന്ന് നിശ്ചയമില്ല. മല്‍ബിയോട് പ്രത്യേകം പറഞ്ഞതായിരുന്നു. ആരും അറിയാന്‍ പാടില്ല, മക്കള്‍ പോലും. അപ്പോള്‍ മല്‍ബിക്ക് തിരിച്ചൊരു മറുപടി ഉണ്ടായിരുന്നു.
നിങ്ങളുടെ ഈ മുഖവാട്ടത്തില്‍നിന്നു തന്നെ സംഗതി ആര്‍ക്കും പിടികിട്ടും.
ശരിയാണ്. മനസ്സിലെ നൊമ്പരവും രോഷവും എത്രമേല്‍ അടക്കിയാലും അതു പുറത്തുവരും, സ്വഭാവത്തെ മാറ്റും. മല്‍ബിയോടും മക്കളോടും ദേഷ്യം പിടിക്കുന്ന പതിവുണ്ടായിരുന്നില്ല. പക്ഷെ, ഈ സംഭവത്തിനുശേഷം, പഴയ മല്‍ബു എങ്ങോ പോയ് മറഞ്ഞു. അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്ന നിലയിലായിരിക്കുന്നു കാര്യങ്ങള്‍.
രാവിലെ തമാശയുമായി വന്ന കൊച്ചുമല്‍ബി പിണങ്ങി പോയതായിരുന്നു. വൈകിട്ടായപ്പോഴേക്കും അവള്‍ അതൊക്കെ മറന്ന് പുതിയ തമാശയുമായി വന്നു. കളങ്കമില്ല.
പക്ഷേ, തമാശ മല്‍ബു മറക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്ന ദുരന്ത കഥയുടെ വാതില്‍ തുറക്കുന്നതായിപ്പോയി. കുട്ടികള്‍ ചിലപ്പോള്‍ അങ്ങനെയാണ്. അതീവ രഹസ്യങ്ങള്‍ അവര്‍ വിളിച്ചു പറയും. അവര്‍ക്ക് എവിടെ നിന്നാണ് ഈ വിവരങ്ങള്‍ കിട്ടുന്നത്?
മല്‍ബുവിന്റെ പ്രവാസ ജീവിതത്തെ തന്നെ സീറോ ആക്കി മാറ്റിയിരിക്കയാണ് റിയാലിനും ബ്ലേഡിനും ബന്ധമുള്ള സംഭവം.
അതൊരു ചതിയുടെ കഥയാണ്.
രൂപയുടെ മൂല്യം കുറഞ്ഞപ്പോള്‍ മറ്റൊന്നും ആലോചിച്ചിരുന്നില്ല.
ഉള്ളതു മുഴുവന്‍ എല്ലാവരും നാട്ടിലേക്ക് ചവിട്ടുമ്പോള്‍ മല്‍ബുവിനും ആശ മൂത്തു. അങ്ങനെയാണ് നാട്ടിലൊരു സ്ഥലം വാങ്ങിയിട്ടാല്‍ കൊല്ലം രണ്ട് കഴിയുമ്പോള്‍ വില ഇരട്ടിയാകുമെന്ന ചിന്ത ഉദിച്ചത്. എത്രയെത്ര പ്രവാസികള്‍ അങ്ങനെ രക്ഷപ്പെട്ടിരിക്കുന്നു.
അതുവരെ സ്വരൂപിച്ച തുക ഒക്കാതെ വന്നപ്പോള്‍ ഇത്തിരി ബ്ലേഡുകാരനില്‍നിന്നും വാങ്ങി.
സ്ഥലമൊക്കെ വാങ്ങുമ്പോഴേ വാങ്ങാന്‍ പറ്റൂ. കടം പിന്നെയും തീര്‍ക്കാമെന്ന ബുദ്ധി ഉപദേശിച്ചത്  ആരാണെന്ന് ഓര്‍മയില്ല.
ബാങ്ക് വഴി കൂടുതല്‍ തുക അയക്കാന്‍ കഴിയാത്തതിനാലും നാട്ടില്‍ ഉടനെ  കിട്ടേണ്ടതിനാലും മല്‍ബു ആദ്യമായി കുഴലുകാരനെ ആശ്രയിച്ചു.
പക്ഷേ, പറഞ്ഞാല്‍ വിശ്വസിക്കാത്ത തരത്തില്‍ അത്രയും വലിയ തുകയുമായി കുഴലുകാരന്‍ മുങ്ങി.
ഇത്രയധികം പണം നാട്ടില്‍ എത്തിക്കുന്നതിനു മുമ്പേ ആരെങ്കിലും കുഴലുകാരനു റിയാല്‍ കൈമാറുമോ?
മല്‍ബുവിനെ പൊട്ടനെന്നു വിളിച്ചു ആളുകള്‍.
ചതിയുടെ കഥ പിന്നെ ആരോടും പറയാതായി.
റിയാലിലും ബ്ലേഡിലും കുരുങ്ങിയ തന്റെ അതിമോഹത്തെ പഴിച്ചു കഴിയുമ്പോഴാണ്  റിയാലും ബ്ലേഡും ചേര്‍ത്തുള്ള ചോദ്യങ്ങളുമായി മകളുടെ വരവ്.
ഇനിയൊരിക്കലും പണമയക്കാന്‍ വളഞ്ഞ വഴി ആശ്രയിക്കില്ലെന്ന് നവവത്സര പ്രതിജ്ഞയെടുക്കാന്‍ പോലും മല്‍ബുവിന് കെല്‍പില്ല. 
കാരണം മറ്റൊന്നുമല്ല. നാട്ടിലേക്ക് പണമയക്കുന്ന കാര്യം ഇനി അടുത്ത കാലത്തൊന്നും മല്‍ബുവിനു ചിന്തിക്കാന്‍ കഴിയില്ല.

January 1, 2012

ആവതില്ലാത്തവന്‍


സാരമില്ല, കിതപ്പൊക്കെ അടങ്ങി മെല്ലെ നടന്നാല്‍ മതി.
ആശ്വസിപ്പിക്കുന്ന മല്‍ബുവിനെ നോക്കിയതല്ലാതെ അയാള്‍ ഒന്നും പറഞ്ഞില്ല.
കിതയ്ക്കുന്ന ശബ്ദം മാത്രം കേള്‍ക്കാം.
ജാഥയില്‍ ആളുകളൊക്കെയും മുന്നോട്ടു നീങ്ങി. ജാഥ ആര്‍ക്കു വേണ്ടിയും കാത്തിരിക്കില്ലല്ലോ? നാടു വിട്ടവന്റെ ആയുസ്സു പോലെ തന്നെയാണ് അതും, വേഗം കൂടും.
നേര്‍ത്ത ശബ്ദത്തില്‍ മുദ്രാവാക്യങ്ങള്‍ കേള്‍ക്കാം.
പ്രവാസി പുനരധിവാസം ഉടന്‍ നടപ്പിലാക്കുക
പ്രവാസികള്‍ കറവപ്പശുക്കളല്ല.
പ്രവാസികള്‍ക്ക് പണിയും പണിയായുധങ്ങളും നല്‍കുക.
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നീതി പാലിക്കുക.

ആരവം തീര്‍ത്തും ഇല്ലാതായി. എന്നാലും തളര്‍ന്നിരിക്കുന്നയാളെ ഉപേക്ഷിച്ചു പോകാന്‍ മല്‍ബുവിനു മനസ്സു വന്നില്ല. ആവതില്ലാത്തവന്‍ എവിടേലും തട്ടി വീണാലോ?
 

ഒട്ടും വയ്യാത്ത നിങ്ങള്‍ ഇങ്ങോട്ടു പോരേണ്ടിയിരുന്നില്ല. ഈ വയസ്സു കാലത്ത് ഒന്നു വീണാല്‍ മതി. പിന്നെ കിടക്കുന്നിടത്തുനിന്ന് എഴുന്നേല്‍ക്കാനാവില്ല. ജാഥക്കാരെയൊന്നും അപ്പോള്‍ കാണില്ല.
മിണ്ടാന്‍ പോലുമാകാതെ തളര്‍ന്നിരിക്കുന്ന അയാളുടെ കണ്ണുകളില്‍ ദൈന്യത മാത്രം.
 

നിങ്ങള്‍ പോയ്‌ക്കോളൂ. ഞാന്‍ മെല്ലെ വന്നോളാം -പതിഞ്ഞ ശബ്ദത്തില്‍ ഒരു വിധം അയാള്‍ പറഞ്ഞൊപ്പിച്ചു.
സാരമില്ല, ജാഥ അവിടെ സമാപിച്ച് ഉദ്ഘാടനമൊക്കെ നടക്കട്ടെ. മന്ത്രി എത്തുമ്പോഴേക്കും നമുക്കും എത്താം. ലേറ്റാവാതിരിക്കാന്‍ വഴിയില്ല. ഇന്നു തന്നെയുണ്ട് മന്ത്രിക്ക് പത്ത് പരിപാടി. ഈ നട്ടുച്ചക്ക് പരിപാടി വെച്ചതു തന്നെ മന്ത്രിയുടെ സൗകര്യം നോക്കിയാണ്. ഇവിടെ ഏതോ ബിസിനസുകാരന്റെ വീട്ടില്‍ കല്യാണത്തിനു വരുന്നുണ്ട്. കൂട്ടത്തില്‍ നമുക്കും ഒരു ദര്‍ശനവും പ്രവാസി സേവയും.

എന്നെ കാത്തുനില്‍ക്കണ്ടന്നേ. നിങ്ങള്‍ പോയ്‌ക്കോളൂ. ഒരാള്‍ ബുദ്ധിമുട്ടിയാല്‍ മതിയല്ലോ? ഞാന്‍ രാവിലെ കഴിക്കേണ്ട ഗുളിക മറന്നു പോയി. അതോണ്ടാ ഈ ക്ഷീണവും കിതപ്പും. ചുണ്ടില്‍ ചിരി വരുത്തിക്കൊണ്ട് അയാള്‍ പറയാന്‍ ശ്രമിച്ചു. പണ്ടൊക്കെ ഞാന്‍ എത്രമാത്രം നടന്നതാ. ഇപ്പോള്‍ വേഗത്തില്‍  അര കിലോമീറ്റര്‍ നടന്നാ മതി. കിതപ്പു തുടങ്ങും. പിന്നെ അര മണിക്കൂറെങ്കിലും ഇരിക്കണം. സൗദിയിലായിരുന്നപ്പോള്‍ മലമുകളിലെ ഹിറ, സൗര്‍ ഗുഹകള്‍ പത്തു തവണയെങ്കിലും കയറിയിട്ടുണ്ട്. അയാള്‍ പഴയ ഓര്‍മകളിലേക്ക് പോകുകയാണ്.
 

സംസാരിക്കേണ്ട, തളര്‍ച്ച കൂടും. മല്‍ബു വീണ്ടും ആശ്വസിപ്പിച്ചു.
ഞാന്‍ ഒരു സോഡ വാങ്ങിക്കൊണ്ടുവരാം. അതു കുടിച്ചാല്‍ ക്ഷീണം പമ്പ കടക്കും.
 

ചെന്നുനോക്കിയപ്പോള്‍ കടയില്‍ സോഡയില്ല, കോള മാത്രം.
അതെന്താ സോഡ വെക്കാറില്ലേ?
ഇപ്പോള്‍ ആരു കുടിക്കും മാഷേ സോഡ. എല്ലാവര്‍ക്കും വേണ്ടതു കോളയും എനര്‍ജി ഡ്രിങ്ക്‌സും.
എന്നാല്‍ ഒരു എനര്‍ജി ഡ്രിങ്കെടുത്തോ. അതാ അയാള്‍ക്ക് കൊടുക്കാനാണ്.
ആ വയസ്സനോ. അയാള്‍ക്ക് കൊടുക്കണ്ടാട്ടോ. തട്ടിപ്പോകും. കോള കൊടുത്താല്‍ മതി.
മല്‍ബു കോളയുമായി ചെന്നു.
എന്താ സോഡ കിട്ടിയില്ലേ? ഇപ്പോള്‍ ഇവിടേം അങ്ങനെ തന്നെയാ എല്ലാവര്‍ക്കും വേണ്ടതു കോള. ബ്രോസ്റ്റും ഷവര്‍മയുമൊക്കെ അല്ലേ എല്ലായിടത്തും. അപ്പോള്‍ കോള മുഖ്യം തന്നെ.

എത്ര കാലം ഉണ്ടായിരുന്നു സൗദിയില്‍?
പതിനേഴാം വയസ്സില്‍ നാട്ടീന്നു വിട്ടതാ. ഇപ്പോള്‍ വയസ്സ് 65 ആയി. രണ്ടു വര്‍ഷം മുമ്പാണ് മടങ്ങിയെത്തിയത്. കുറച്ചു കാലം ബോംബേലുണ്ടായിരുന്നു. ബാക്കി മുഴുവന്‍ സൗദിയില്‍.
കോളയുടെ ബലത്തില്‍ ക്ഷീണം മാറിയപ്പോള്‍ അയാള്‍ വാചാലനായി.
മക്കളൊക്കെ ഒരു വഴിക്കായി. എല്ലാരും നല്ല നിലയില്‍ തന്നെ.  കിടന്നുറങ്ങാന്‍ ഒരു കൂര ഉണ്ടാക്കിയിരുന്നു. ബാക്കിയൊക്കെ മക്കളുടെ വിദ്യാഭ്യാസത്തിനാ ചെലവാക്കിയത്. അതുകൊണ്ട് അവരൊക്കെ രക്ഷപ്പെട്ടു.

ആവതില്ലാതെ ഇങ്ങനെ ഇറങ്ങി നടന്നാല്‍ പിള്ളേര് പറയില്ലേ?
ഏതു പിള്ളേര് അവരൊക്കെ അവരുടെ വഴിക്കല്ലേ. വീട്ടില്‍ ഞാനും ഓളും മാത്രം. പുറത്തിറങ്ങാറൊന്നുമില്ല. ഇതു പിന്നെ നമ്മുടെ നാണി പറഞ്ഞതോണ്ട് വന്നതാണ്. പ്രവാസികളുടെ കാര്യമല്ലേ. സംഘടന ഇഷ്ടം പോലെയുണ്ടെങ്കിലും ഇതു കൂടിയാവട്ടെ. പിന്നെ അവന്‍ ആയിരം രുപയും തന്നു, മരുന്നു വാങ്ങാന്‍. ജാഥക്ക് വന്നില്ലെങ്കില്‍ പണം തിരിച്ചുകൊടുക്കേണ്ടി വരും. അതുകൊണ്ടാ സുഖമില്ലാഞ്ഞിട്ടും ഇങ്ങ് പോന്നത്. അവര്‍ക്ക് ആളാണല്ലോ, ആവതല്ലല്ലോ പ്രധാനം.
 

മല്‍ബുവിന്റെ മനസ്സ് മറ്റൊരു വഴിക്ക് പോകുകയായിരുന്നു.
ഇതു തന്നെ അല്ലേ പുനരധിവാസം. ആരോഗ്യം മുഴുവന്‍ മരുഭൂമിയില്‍ ഹോമിച്ച് തിരികെ എത്തുന്നവരെക്കൊണ്ട് വേറെ എന്തു കാര്യം. ജാഥത്തൊഴിലാളികളായി പാര്‍ട്ടികള്‍ക്ക് വീതിച്ചെടുക്കാം.




Related Posts Plugin for WordPress, Blogger...