Pages

പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..

June 24, 2012

സോമാലി കൊച്ചുണ്ണി

സുമുഖനും സുന്ദരനും സര്‍വോപരി എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുന്ന എം.ഡിയുമായ മല്‍ബു ഒരു യാത്രയിലാണ്. എം.ഡിക്കുവേണ്ട എല്ലാ ഹാവഭാവങ്ങളും അഴിച്ചുവെച്ചുകൊണ്ടുള്ള യാത്ര. എം.ഡി പോയിട്ട് സാദാ മാനജേര്‍ ആണെന്നുപോലും തോന്നിക്കൂടാ.
ഇന്‍ ചെയ്യാതെ സാധാരണ പുറത്തിറങ്ങാറില്ലെങ്കിലും ചുളിഞ്ഞ പാന്റ്‌സും ഷര്‍ട്ടുമാണ് വേഷം. സാധാരണ ആളുകള്‍ കൃത്രിമമായി ചുറുചുറുക്കും പ്രസരിപ്പുമാണ് വരുത്താറുള്ളതെങ്കില്‍ മല്‍ബു ഉള്ള ചുറുചുറുക്കും ഉഷാറുമൊക്കെ കളഞ്ഞ് അവശനായി മാറിയിരിക്കയാണ്. ഒരു കാലിലെ പാന്റ്‌സ് ചുരുട്ടിവെച്ചിരിക്കുന്നു. ഇപ്പോള്‍ കണ്ടാല്‍ എം.ഡിയല്ല, ഡിയെമ്മാണ്. അതായത് ദരിദ്രവാസി മല്‍ബു.
വിമാനത്തിലും അല്ലാതെയും ദീര്‍ഘദൂര യാത്രകള്‍ പലതും നടത്തിയിട്ടുണ്ടെങ്കിലും ഈ യാത്രയില്‍ ഇത്തിരി ചങ്കിടിപ്പാണ് കൂട്ട്.
പലരും നിരുത്സാഹപ്പെടുത്തിയിരുന്നു.
ഒറ്റക്കു പോകുന്നത് ആപത്താണ്, ആരെയങ്കിലും കൂട്ടിനുകൂട്ടാം.
എല്ലാവരും പറഞ്ഞത് അതാണ്.
ആരും വേണ്ട, ഈ മിഷന്‍ ഒറ്റക്കു മതിയെന്നു തീരുമാനിച്ചത് മല്‍ബു തന്നെയാണ്. നിര്‍ബന്ധിത സാഹചര്യത്തിലുള്ള യാത്രയാണിത്. അവിസ്മരണീയ സംഭവം.
സ്വന്തമായുള്ള വലിയ വണ്ടി ഒഴിവാക്കി ഒരു ടാക്‌സി ഡ്രൈവറെ വിളിച്ചു. ആജാനുബാഹുവായ പാക്കിസ്ഥാനി. ഭായി ഭായി എന്നൊക്കെ പറയാറുണ്ടെങ്കിലും ഇത്രയും നല്ലൊരു പച്ചയുണ്ടോ എന്നു സംശയിച്ചുപോയി മല്‍ബു. യാത്രയുടെ സാഹചര്യം വിശദീകരിച്ചപ്പോള്‍ അത്രക്കുണ്ട് അയാളുടെ സ്‌നേഹവും സഹാനുഭൂതിയും. പാക്കിസ്ഥാനികളെ സൂചിപ്പിക്കാന്‍ മല്‍ബുകള്‍ സാധാരണ ഉയോഗിക്കുന്നതാണ് പച്ചയെങ്കിലും മനസ്സിന്റെ പച്ചപ്പ്  കാരണം ഇയാള്‍ ശരിക്കുമൊരു പച്ച തന്നെ.
മല്‍ബുവിന്റ െൈകയിലെ ഐഫോണ്‍ കണ്ട് അയാള്‍ ചോദിച്ചു:
വിലപിടിപ്പുള്ള ഈ ഫോണ്‍ കൊണ്ടുപോകുന്നത് ബുദ്ധിയാണോ? നിങ്ങള്‍ പോയി വരുന്നതുവരെ വേണമെങ്കില്‍ ഫോണുമായി ഞാന്‍ ഇവിടെ കാത്തുനില്‍ക്കാം.
പറഞ്ഞതില്‍ കാര്യമുണ്ടെങ്കിലും അയാളെ വിശ്വാസത്തിലെടുക്കാതിരിക്കാന്‍ ന്യായമില്ലെങ്കിലും ഫോണിന്റെ സിം മാറ്റിയിടുന്നതും മറ്റും ആലോചിച്ചുകൊണ്ടിരുന്ന മല്‍ബുവിനോട് വീണ്ടും ഡ്രൈവര്‍:
സൂക്ഷിച്ചാല്‍ മതി. സംസാരിച്ച ഉടന്‍ ഫോണ്‍ പോക്കറ്റില്‍ വെച്ചേക്കണം.
മല്‍ബുവിന്റെ ചങ്കിടിപ്പ് മനസ്സിലാക്കിയിട്ടോ എന്തോ, വണ്ടി പാര്‍ക്ക് ചെയ്ത് താന്‍ കൂടി വരാമെന്നായി പച്ച.
അപ്പോഴേക്കും മല്‍ബുവിന്റെ ഫോണ്‍ ശബ്ദിച്ചു.
നിങ്ങള്‍ ടാക്‌സിയിലാണല്ലേ. ഫോണ്‍ ഡ്രൈവര്‍ക്ക് കൊടുക്കൂ.
യാത്രക്കാരനെ ഇറക്കിയ ശേഷം ഒരു നിമിഷം പോലും അവിടെ നില്‍ക്കാതെ മടങ്ങിക്കോളണം എന്നായിരുന്നു കല്‍പന.
സാരമില്ല, ഞാന്‍ കുറേ ദൂരെ മാറി നില്‍ക്കാം. എന്തെങ്കിലും ആവശ്യം വന്നാല്‍ വിളിച്ചാല്‍ മതി. ഉടന്‍ എത്തിക്കോളാം- പച്ച മല്‍ബുവിനെ ആശ്വസിപ്പിച്ചു.
കാറിറങ്ങിയ മല്‍ബു നെഞ്ചത്തു കൈവെച്ചു. മിടിപ്പിത്തിരി കൂടുതല്‍ തന്നെ. ഇനി ഒറ്റക്കല്ലേയുള്ളൂ എന്ന യാഥാര്‍ഥ്യത്തിലേക്ക് മടങ്ങിവരികയായിരുന്നു മല്‍ബു.
ചിന്തിക്കാന്‍ നേരം നല്‍കുന്നതിനു മുമ്പേ ഫോണില്‍ അടുത്ത നിര്‍ദേശം വന്നു.
കാര്‍ ഇറങ്ങിയ സ്ഥലത്തുനിന്ന് 100 മീറ്റര്‍ മുന്നോട്ടു നടക്കൂ. അവിടെ എത്തിയപ്പോള്‍ പിന്നെയും 50 മീറ്റര്‍ മുന്നോട്ട്.
കല്‍പന അനുസരിച്ച മല്‍ബു അവശനെ പോലെ അഭിനയിച്ചുകൊണ്ട് അവിടെ കുത്തിയിരുന്നു.
ഇനിയും നടക്കാന്‍ വയ്യ. ആകെ തളര്‍ന്നുപോയി.
എതിര്‍ഭാഗത്തുള്ളയാളുടെ മനസ്സലിയിക്കാനുള്ള തന്ത്രം ഫലിച്ചു.
അയാള്‍ മുന്നില്‍ പ്രത്യക്ഷപ്പെട്ടു.
എത്ര റിയാല്‍ കൊണ്ടുവന്നിട്ടുണ്ട്?
മല്‍ബു മറുപടി നല്‍കി: 700 റിയാല്‍.
പഴ്‌സെടുത്തു നോക്കൂ. ഇനി എത്രയുണ്ട്?
പോക്കറ്റില്‍ കരുതിയിരുന്ന ഒറ്റനോട്ടുകളൊക്കെയും ചേര്‍ത്ത് മല്‍ബു പറഞ്ഞു: ഒരു 20 റിയാല്‍ കൂടി കാണും.
മല്‍ബു തന്റെ ദയനീയാവസ്ഥ ആദ്യ ഫോണ്‍ വന്നതു മുതല്‍ ആഗതനോട് വിശദീകരിക്കുന്നുണ്ട്.
ഇമ്മാതിരി ഒരു കൂടിക്കാഴ്ച വേണ്ടിവരുമെന്ന് സ്വപ്‌നത്തില്‍ പോലും വിചാരിച്ചതല്ല. തിരക്കു പിടിച്ച ദിവസങ്ങളായിരുന്നു അത്. അതിനിടയില്‍ വാഹനാപകടത്തില്‍ ബന്ധുവായ ഒരു കുട്ടിയുടെ മരണവും. ആശുപത്രിയിലും ഓഫീസുകളിലുമായി പിന്നീട് ഓട്ടം. തിരക്കിനിടയില്‍ ഇഖാമയും പണവും അടങ്ങുന്ന പഴ്‌സ് നഷ്ടമായി. കണ്ടുകിട്ടിയോ എന്ന് ആംബുലന്‍സ് ഡ്രൈവറോട് അടക്കം ഫോണില്‍ ചോദിച്ചുകൊണ്ടിരിക്കെയാണ് ആദ്യ സന്ദേശം വന്നത്.
ഇഖാമ എന്റെ കൈയിലുണ്ട്. 2500 റിയാലുമായി വന്നാല്‍ തിരികെ നല്‍കാം.
അപ്പോഴാണ് പഴ്‌സ് നഷ്ടപ്പെട്ട സാഹചര്യം മല്‍ബുവിനു ഓര്‍മ വന്നത്.
ധൃതിയില്‍ നടക്കുകയായിരുന്നു.
അതിനിടയില്‍ ഒരാള്‍ കാലുവെച്ച് വീഴ്ത്താന്‍ ശ്രമിച്ചു. വീഴുന്നതിനു മുമ്പ് വേറെ ഒരാള്‍ പിടിച്ചുയര്‍ത്തി ആശ്വസിപ്പിച്ചു.
വീഴ്ത്താന്‍ ശ്രമിച്ചയാളുടേയും ആശ്വസിപ്പിച്ചയാളുടേയും മുഖം നല്ല പോലെ ഓര്‍മയുണ്ട്. ആസൂത്രിതമായി നടത്തിയ ആ പോക്കറ്റടിയിലെ രണ്ടു പേരുമല്ല ഇപ്പോള്‍ മുന്നില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ആവശ്യപ്പെട്ട 2500 റിയാലില്‍നിന്ന് പേശി പേശി താഴോട്ടിറങ്ങാന്‍ മല്‍ബുവിന്റെ ഫോണ്‍കഥനം ഒരു കാരണമായിരുന്നു. ദൈന്യത കേട്ടപ്പോള്‍ അയാളും പ്രാര്‍ഥനയില്‍ പങ്കുചേര്‍ന്നിരുന്നു- ദൈവമേ അനുഗ്രഹം ചൊരിയണേ.
720 റിയാല്‍ നല്‍കി ഇഖാമ തിരികെ കിട്ടിയപ്പോള്‍ മല്‍ബു ഒരിക്കല്‍കൂടി അയാളോടു കെഞ്ചി.
20 റിയാല്‍ കിട്ടിയിരുന്നെങ്കില്‍ ടാക്‌സിക്ക് റൂമിലേക്ക് പോകാമായിരുന്നു.
അലിവുള്ള ആ കൊള്ളക്കാരന്‍ 20 റിയാല്‍ മടക്കി നല്‍കി. നടന്നകന്നപ്പോള്‍ മല്‍ബു മനസ്സില്‍ പറഞ്ഞു: സോമാലി കൊച്ചുണ്ണി.


June 11, 2012

മാമദിന്റെ മഹാ ഭാഗ്യം


ഭാഗ്യം കെട്ടോനാണെന്ന് എല്ലാരും കൂടി വിധിയെഴുതിയ ആളാണ് മാമദ് മല്‍ബു. എന്നാല്‍ ഇപ്പോള്‍ കേരള ഫഌറ്റിലെ എല്ലാ സഹമുറിയന്മാരും മാമദിനു പിന്നാലെയാണ്.
രാവിലെ നടത്തവും കഴിഞ്ഞ് വരുന്നത് കാത്തിരിക്കും ചിലര്‍. വന്നയുടന്‍ പറയും:

ദേ കാട്ടിയേടാ മാമദേ...ഒന്ന് വിളിക്കട്ടെ.
ഒന്നും രണ്ടുമല്ല, ഓരോരുത്തരായി തുരുതുരാ വിളികള്‍. കുടുംബ ബന്ധവും സുഹൃദ് ബന്ധവുമൊക്കെ നിലനിര്‍ത്തണമെങ്കില്‍ മാമദിനെ പോലുള്ളവര്‍ മുറിയിലുണ്ടാകണമെന്ന ഫിലോസഫി ഓര്‍മിപ്പിച്ചുകൊണ്ടാണ് മാമദിനു സ്വന്തം ഫോണ്‍ തിരികെ കിട്ടുക.

അതില്‍ മാമദിനു വെറുപ്പൊന്നുമില്ല. എന്നാലും കഴിഞ്ഞ കാലം ഇടക്ക് തികട്ടിവരും. ഇടുക്കി മലനിരകളിലെ കൊലക്കഥകള്‍ വിളിച്ചുപറഞ്ഞു കുടുങ്ങിയ എം.എം. മണിയെ പോലെ ആകാന്‍ ആഗ്രഹമില്ലെന്നു മാത്രം.

പണിയില്ലാതെ മുറിയില്‍ കുത്തിയിരുന്നപ്പോള്‍, എവിടെയെങ്കിലും ഒന്നു വിളിച്ചുനോക്കാന്‍ ഒരു സവാ കാര്‍ഡ് കിട്ടിയിരുന്നെങ്കില്‍ എന്നു ആശിച്ചിട്ടുണ്ട് മാമദ്. നീയൊരു ഭാഗ്യം കെട്ടോനാടാ എന്നുള്ള പൊതുവചനമോതി എല്ലാരും അനുശോചനമറിയിക്കുമെന്നല്ലാതെ ആരും ഒന്നും ചെയ്തിരുന്നില്ല. ഇല്ല എന്നങ്ങു തീര്‍ത്തു പറഞ്ഞൂടാ. ഒരു മാസം മെസ് ഫീ ഒഴിവാക്കിക്കൊടുത്തിട്ടുണ്ട്. അതുപക്ഷേ ചുമ്മാതൊന്നുമല്ല. ആ മാസം ഫഌറ്റിന്റെ ക്ലീനിംഗ് ഇന്‍ചാര്‍ജ് മാമദായിരുന്നു. ചില വമ്പന്മാര്‍ പാന്റ്‌സും ഷര്‍ട്ടും തേപ്പിക്കുകയും ചെയ്തിട്ടുണ്ട്.

തേക്കാനൊരുങ്ങുന്ന മാമദിനോട് വിളിച്ചുപറയും:
ഡേ മാമദേ നീ തേക്കുകാണല്ലേ. ദേ ഇതു കൂടി ഒന്നു തേച്ചു വെച്ചേക്കണേ. എന്റെ ഒരു ചങ്ങാതി ഒരു പണിചാന്‍സുണ്ടെന്നു പറഞ്ഞിരുന്നു. അവനെ ഒന്നു കണ്ടേച്ചും വരാം.
പണി ചാന്‍സ് തനിക്കായിരുന്നില്ലെന്നും ഷര്‍ട്ടും പാന്റ്‌സും ടൈയും തേക്കാന്‍ ഏല്‍പിച്ചു പോയ ടിയാനുതന്നെ ആയിരുന്നുവെന്നും മാമദ് മല്‍ബുവിന് അറിയാമായിരുന്നു.
പക്ഷേ ഒന്നും മനസ്സില്‍ കൊണ്ടുനടക്കുന്നയാളല്ല മാമദ്. രാത്രി ഉറങ്ങാന്‍ കിടക്കുന്നേരം മനസ്സില്‍ ഒരാളെ കുറിച്ചും വിദ്വേഷം പാടില്ലെന്ന് നിര്‍ബന്ധമുണ്ട്.

നന്മയുള്ള മാമദിന് നല്ലൊരു കമ്പനിയില്‍ പണി കിട്ടി. എന്നുവെച്ച് പലരും ചെയ്യുന്നതുപോലെ കമ്പനി നല്‍കുന്ന ഫോണ്‍ നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും വിളിക്കാന്‍ കൊടുക്കുകയല്ല. മാമദിനു കമ്പനി അങ്ങനെ ഫോണ്‍ നല്‍കിയിട്ടുമില്ല. ഇതു മാമദിന്റെ സ്വന്തം ഫോണ്‍തന്നെ. പക്ഷെ മറ്റുള്ളവര്‍ക്കില്ലാത്ത ഒരു കനിവ് പ്രീപെയ്ഡ് കാര്‍ഡായ സവായില്‍നിന്ന് ലഭിച്ചു. ഓരോ റീച്ചാര്‍ജിലും പത്തഞ്ഞൂറ് മിനിറ്റ് സൗജന്യമായി വിളിക്കാം. ഫഌറ്റിലെ പലര്‍ക്കും അസൂയയുണ്ട്. അവരും ചെയ്യുന്നത് റീച്ചാര്‍ജാണല്ലോ. അവരും നല്‍കുന്നത് റിയാലാണല്ലോ. പക്ഷെ സൗജന്യം മാമദിനു മാത്രം.

നാട്ടിലെ ഐഡിയേന്നോ എയര്‍ടെല്ലീന്നോ ആരോ വന്നു സവായില്‍ ചേര്‍ന്നിരിക്കാമെന്നാണ് ചില മല്‍ബുകള്‍ പറയുന്നത്. പലര്‍ക്കും പല ഓഫറാണ്. പത്തും ഇരുപതും അമ്പതും റിയാല്‍ പിടിച്ചോളൂന്ന് സമ്മതിച്ച് മെസേജ് അയച്ചാല്‍ സൗജന്യ മിനിറ്റും എസ്.എം.എസും നെറ്റും കിട്ടും.
ആയിടക്കാണ് എല്ലാവര്‍ക്കും സമ്മാനമെന്ന സവായുടെ പരസ്യം വന്നത്. ഇപ്പോള്‍ എല്ലാരും 902-ലേക്ക് 2012 മെസേജ് അയച്ചുകൊണ്ടിരിക്കയാണ്, സവായുടെ പത്താം വര്‍ഷികത്തില്‍ തങ്ങള്‍ക്കുള്ള സമ്മാനം ഏതാണെന്നറിയാന്‍.

മിക്ക മല്‍ബുകള്‍ക്കും ലഭിക്കുന്ന ഓഫര്‍ ഇതാണ് 20 റിയാല്‍ പിടിക്കാന്‍ സമ്മതിച്ചാല്‍ 500 എം.ബി ഇന്റര്‍നെറ്റ്, 500 മിനിറ്റ് കാള്‍, 500 എസ്.എം.എസ്. പക്ഷേ ഒരു ദിവസം കൊണ്ട് ഇതൊക്കെ ഉപയോഗിച്ചു തീര്‍ക്കണം. അതു നടക്കുന്ന കാര്യമാണോ?

അങ്ങനെ മറ്റുള്ളവരെല്ലാം നിരാശപൂണ്ടിരിക്കെയാണ് മാമദിനെ തേടി വീണ്ടും ഭാഗ്യമെത്തിയത്, അതും സവായില്‍നിന്നു തന്നെ. ചില്ലറയല്ല, രണ്ടു ലക്ഷം റിയാലാണ് സമ്മാനം. ഫഌറ്റില്‍ എല്ലാവരും കൂടയിരിക്കെയാണ് മാമദിന്റെ ഫോണില്‍ ആ വിളി എത്തിയത്.
ഒരായിരം അനുമോദനങ്ങളോടെയായിരുന്നു തുടക്കം. സവാ കമ്പനി നിങ്ങളുടെ നമ്പര്‍ ഇനാമിനു തെരഞ്ഞെടുത്തിരിക്കുന്നു. അടിച്ചിരിക്കുന്നത് രണ്ടു ലക്ഷം റിയാലാണ്. അറബിയില്‍ പറഞ്ഞതുകൂടാതെ ഉര്‍ദുവിലും കേള്‍പ്പിച്ചു.

സഹമുറിയന്മാരുടെ അസൂയ കുന്നോളം ഉയരുകയായിരുന്നു.
നിര്‍ദേശിക്കപ്പെട്ടതു പ്രകാരം മാമദ് മല്‍ബു തിരിച്ചു വിളിച്ചു. സമ്മാനത്തുകയുടെ പ്രോസസിംഗിന്  300 റിയാലിന്റെ സവാ റീച്ചാര്‍ജ് ഉടന്‍ അയക്കാനായിരുന്നു അടുത്ത നിര്‍ദേശം.
കാര്‍ഡ് വാങ്ങി അയച്ചുകൊടുക്കൂ എന്നു മറ്റു മല്‍ബുകള്‍ പറയുന്നതിനിടെ മാമദ് മല്‍ബു അതേ നമ്പറില്‍ തിരിച്ചുവിളിച്ചു.

എന്നിട്ട് ചെറിയ ഒരു റിക്വസ്റ്റ് നടത്തി. ആ രണ്ടു ലക്ഷം ഇങ്ങോട്ടെത്തിച്ചാല്‍ ഒരുലക്ഷം നിങ്ങള്‍ക്കു തന്നേക്കാം.
ആയിരം മബ്‌റൂക്കുകളുമായി അങ്ങേത്തലക്കല്‍ 300 റിയാലിനായി കാത്തുനിന്നയാളുടെ ശബ്ദം പെട്ടെന്നു നിലച്ചുപോയി.

ബുദ്ധിമാനായ മാമദ് മല്‍ബു മുറിയിലുള്ളവരോട് പറഞ്ഞു:
ഇതൊരു തട്ടിപ്പാണെന്ന കാര്യം നിങ്ങള്‍ക്കൊന്നുമറിയില്ലേ? എത്ര തവണ പത്രത്തില്‍ വന്നു. എന്നിട്ടും മല്‍ബുകള്‍ സമ്മാനമെന്നു കേള്‍ക്കുമ്പോള്‍ വേഗം 300 റിയാലിന്റെ കാര്‍ഡ് വാങ്ങി അയച്ചു കൊടുക്കും.
പത്താം വര്‍ഷികത്തിന്റെ ഭാഗമായി സമ്മാനങ്ങളുണ്ടെന്ന് സവാ പരസ്യം വന്നതോടെ, അവസരം മുതലാക്കാന്‍ കള്ളന്മാരും സജീവമാണ്.
അവരുടെയൊക്കെ നാവിറങ്ങിപ്പോയെങ്കിലും ബുദ്ധിമാനായ ഒരു മല്‍ബുവിന്റെ കൂടെയാണല്ലോ തങ്ങളുടെ താമസം എന്നോര്‍ത്ത് അഭിമാനം കൊണ്ടു.

June 4, 2012

ഒരു മൊഴിചൊല്ലലിന്റെ രഹസ്യംഎയര്‍ ഇന്ത്യയെ മല്‍ബു മൊഴി ചൊല്ലി എന്നു വിശ്വസിക്കാന്‍ ആര്‍ക്കും കഴിയുന്നില്ല. കാരണം വേറെ ഒരു വിമാനത്തിലും ഇതുവരെ യാത്ര ചെയ്യാത്ത  മല്‍ബുവിന് എയര്‍ ഇന്ത്യയെ കുറിച്ച് ആര് എന്തു പറഞ്ഞാലും അതൊന്നും കാര്യമേയല്ല. വി.എസ്. അച്യുതാനന്ദന്റെ വിമര്‍ശനത്തോട് പാര്‍ട്ടി നേതാക്കള്‍ കൈക്കൊള്ളുന്ന അതേ സമീപനം. ഒരു ചെവിയിലൂടെ കേട്ട് മറ്റേ ചെവിയിലൂടെ വിടുക.

സീസണുകളില്‍ ഗള്‍ഫ് മല്‍ബുകളുടെ കഴുത്തറക്കുന്ന എയര്‍ ഇന്ത്യ കൃത്യത പാലിക്കാത്തതു മൂലം എണ്ണിച്ചുട്ടപ്പം പോലെ കിട്ടുന്ന അവധി ദിനങ്ങള്‍ ഹോട്ടലുകളില്‍ തുലയ്‌ക്കേണ്ടി വന്നവര്‍, അവിടെ ഒരു നേരത്തെ ഭക്ഷണത്തിനുവേണ്ടി അടിപിടി കൂടേണ്ടി വന്നവര്‍, ഒന്നും രണ്ടും ദിവസം എയര്‍പോര്‍ട്ടില്‍ കഴിയേണ്ടി വന്നവര്‍, പത്രത്തിലും ടി.വിയിലും എത്രയെത്ര വാര്‍ത്തകള്‍ വന്നു, എയര്‍ ഇന്ത്യ കാണിച്ച കൊടും ചതിയെ കുറിച്ചും അനേകം പേര്‍ക്ക് ജോലി നഷ്ടപ്പെടുത്തിയതിനെ കുറിച്ചും.

ഗള്‍ഫ് നാടുകള്‍ സന്ദര്‍ശിക്കുന്ന മന്ത്രിമാര്‍ മുതല്‍ ലോക്കല്‍ നേതാക്കള്‍വരെ എത്രയെത്ര ആവലാതികള്‍ കേട്ടു. ഓരോ വരവിലും എയര്‍ ഇന്ത്യയെ ശരിയാക്കിയേ അടങ്ങൂ എന്ന മട്ടില്‍ അവര്‍ നല്‍കിയ വാഗ്ദാനങ്ങള്‍.  ആ വാഗ്ദാനങ്ങള്‍ക്ക്  പത്രങ്ങളിലെ തലക്കെട്ടാകാനേ വിധിയുണ്ടായുള്ളൂ എന്നത് പിന്നീടുണ്ടായ അനുഭവങ്ങള്‍.

ഇതൊക്കെയായിട്ടും കുലുങ്ങാത്ത മല്‍ബു എങ്ങനെ എയര്‍ ഇന്ത്യയോട് വിട പറഞ്ഞു എന്നതു തികച്ചും പഠനാര്‍ഹമായ ഒരു വിഷയമാണ്.

ഇപ്പോഴും എപ്പോഴും എയര്‍ ഇന്ത്യ ഫുള്‍ ആണ്. എത്ര കൊണ്ടാലും മല്‍ബുകള്‍ പഠിക്കില്ലെന്നാണ് എയര്‍ ഇന്ത്യയോട് പൊരുതിത്തോറ്റവര്‍ പറയുക. ദിവസങ്ങള്‍ വൈകിയാലും കഴുത്തറുത്താലും ഇതു തന്നെ മതിയെന്നു വിചാരിക്കുന്ന ഇവനൊക്കെ ഉള്ളിടത്തോളം മഹാരാജവ് നന്നാകില്ല എന്നായിരിക്കും അവരുടെ കമന്റ്.

നേരിട്ടും ഇത്തിരി വളഞ്ഞുമൊക്കെയുള്ള വിമാനങ്ങള്‍ ചൂസ് ചെയ്ത് ഡിമാന്റ് കുറച്ചാലേ എയര്‍ഇന്ത്യ ഗള്‍ഫ് നാടുകളിലുള്ള മല്‍ബുകളോട് നീതി കാണിക്കൂ എന്നും ഈ വിരുദ്ധര്‍ പഠിപ്പിക്കും. ടിക്കറ്റ് വാങ്ങാന്‍ പോയാല്‍ ട്രാവല്‍ ഏജന്റ് എന്തൊക്കെ പറഞ്ഞാലും വായില്‍ വരിക സ്വന്തം വിമാനക്കമ്പനി തന്നെ.

അത്, എയര്‍ ഇന്ത്യ മതീന്നേ.
പൈലറ്റുമാരുടെ സമരം കൂടീണ്ട് കേട്ടോ. സമയത്തിനു പോയാല്‍ പറയാം പോയീന്ന്. ഇനി നിങ്ങടെ ഇഷ്ടം എന്നു പറഞ്ഞ് നൂറോ ഇരുന്നൂറോ അധികം വാങ്ങി അയാള്‍ എയര്‍ ഇന്ത്യ ടിക്കറ്റു തന്നെ നല്‍കും.

ഈ ചുറ്റുവട്ടത്താണ് മല്‍ബുവിന്റെ മനംമാറ്റം. മാത്രമല്ല, എയര്‍ഇന്ത്യയോട് മഅസ്സലാമ പറഞ്ഞോളൂ മക്കളേ എന്നു റൂമിലുള്ള മറ്റുള്ളവര്‍ക്ക് ഒരു സന്ദേശവും.
എന്താ സംഭവം, എയര്‍ ഇന്ത്യ പൂട്ടിപ്പോയതു തന്നെ. റൂമിലുണ്ടായിരുന്ന മറ്റൊരു മല്‍ബുവിന്റെ  കമന്റ്.

ഒരിക്കലും എയര്‍ ഇന്ത്യ വിടില്ലെന്നു കരുതിയ ആളാണല്ലോ മുന്നില്‍.
മല്‍ബുവിനെ വീഴ്ത്തിയത് മറ്റാരുമല്ല. ഒരു സാദാ ട്രാവല്‍ ഏജന്റ്.
മല്‍ബുവിന്റെ വീക്ക്‌നെസ്സിലാണ് അയാള് പിടിച്ചത്.

എന്തിനാ എയര്‍ ഇന്ത്യ.. സൗദി എയര്‍ലൈന്‍സിലാകുമ്പോള്‍ 50 കിലോ കൊണ്ടുപോയിക്കൂടെ. കൈയില്‍ പത്തും കൂടിയാകുമ്പോള്‍ 60 കിലോ സാധനങ്ങള്‍ കൊണ്ടു പോകാം. എയര്‍ ഇന്ത്യയേക്കാള്‍ ചാര്‍ജും കുറവ്.
അമ്പത് റിയാല്‍ കൂടി നല്‍കിയാല്‍ ഞാന്‍ വേറെ ഒരു കാര്‍ഡ്  ഉണ്ടാക്കിത്തരാം. അതുകൂടി ആയാല്‍ 70 കിലോ സുന്ദരമായി കൊണ്ടുപോകാം.

സൗദി എയര്‍ലൈന്‍സിന്റെ വെബ്‌സൈറ്റില്‍ പോയി രജിസ്റ്റര്‍ ചെയ്താല്‍ സൗജന്യമായി ആര്‍ക്കും നേടാം ഈ കാര്‍ഡെന്ന വിവരം അറിയാത്ത മല്‍ബു അമ്പത് റിയാല്‍ അതിനു ചെലവഴിച്ചു.

എയര്‍ ഇന്ത്യയില്‍നിന്ന് ഒരാളെ സൗദിയയിലേക്ക് മാറ്റിഎന്നതിനേക്കാളും വിവരമില്ലായ്മ മുതലെടുത്ത് 50 റിയാല്‍ അടിച്ചുമാറ്റിയതില്‍ ഏജന്റ് മല്‍ബുവിനു സന്തോഷം.
 ലൊക്കുലൊടുക്കുകള്‍ കെട്ടി 70 കിലോ ലഗേജുമായി യഥാസമയം നാട്ടിലിറങ്ങാനായതില്‍ യാത്രക്കാരന്‍ മല്‍ബുവിനും സന്തോഷം.

ഒരാള്‍ കൂടി മാറിയല്ലോ എന്നോര്‍ത്താല്‍ എയര്‍ ഇന്ത്യയെ പാഠം പഠിപ്പിക്കാന്‍ കച്ചകെട്ടിയിറങ്ങിയവര്‍ക്കും സന്തോഷം.

Related Posts Plugin for WordPress, Blogger...