Pages

പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..

March 31, 2013

നോര്‍ക്ക സൂപ്പര്‍മാര്‍ക്കറ്റ്



ഹൈദ്രോസിന്റെ കട തുറക്കുമോ എന്നറിയില്ല, എന്നാലും പച്ചക്കറി വാങ്ങാനിറങ്ങുന്നു എന്ന് ഫേസ്ബുക്കില്‍ മെസേജ് അപ്‌ഡേറ്റ് ചെയ്തശേഷം ആരെങ്കിലും ലൈക്ക് ചെയ്‌തോ എന്നു നോക്കാന്‍ നില്‍ക്കാതെ മല്‍ബു പുറത്തിറങ്ങി.

പടച്ചോനേ നല്ലോണം ലൈക്കും ഷെയറും കിട്ടണേ എന്നായിരുന്നു പ്രാര്‍ഥന. സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായുള്ള മലയാളികളുടെ നാട്ടിലേക്കുള്ള മടക്കം റേറ്റിംഗിനുള്ള മത്സരമാക്കി ടി.വികള്‍ക്ക് മാറ്റാമെങ്കില്‍ എന്തുകൊണ്ട്  മല്‍ബുവിനു ആയിക്കൂടാ? വഴിയില്‍വെച്ചു ഫേസ്ബുക്ക് തുറന്നു നോക്കുമ്പോള്‍ ലൈക്കുകള്‍ വന്നു തുടങ്ങിയിട്ടുണ്ട്. മൂന്ന് മിനിറ്റിനകം 10 ഷെയറുകള്‍. കൊതിച്ചതു പോലെ തന്നെ സംഗതി. പ്രാര്‍ഥനകളാണ് കൂടുതലും. തമ്പുരാനേ നിതാഖാത്ത്-റെയ്ഡില്‍നിന്ന് കാക്കണേ.

അതിനിടയില്‍, നിതാഖാത്തില്‍ കുടുങ്ങി ഇക്കാ ഇങ്ങളും പോരേണ്ടി വരുമോ എന്ന് നാട്ടില്‍നിന്ന്  ഒരു ക്ലാസ്‌മേറ്റ് ചോദിച്ചിരിക്കുന്നു. ഫോട്ടോക്കും മെസേജുകള്‍ക്കും എപ്പോഴും ലൈക്കും കമന്റും നല്‍കുന്ന പ്രിയ കൂട്ടുകാരി ആയതിനാല്‍ അപ്പോള്‍ തന്നെ മറുപടി ഇട്ടു.
ഒന്നും പറയാറായിട്ടില്ല ചങ്ങാതീ.

ഫേസ്ബുക്കിലെ കമന്റുകള്‍ എങ്ങനെ ആകര്‍ഷകമാക്കാമെന്നു കൂടി ചിന്തിച്ച് കടയിലെത്തിയപ്പോള്‍ അടുത്തൊന്നും ആരുമില്ല. പച്ചക്കറിയും ഫ്രൂട്ടുമൊക്കെ നിരത്തിവെച്ചിട്ടുണ്ട്. കടക്കാരനില്ല. കസ്റ്റമേഴ്‌സുമില്ല.

അല്‍പം മടി ഉണ്ടായിരുന്നു. കാരണം കഴിഞ്ഞ ദിവസം കടയുടെ അകത്തു കയറി നല്ല പച്ചക്കറികള്‍ തെരഞ്ഞെടുക്കുമ്പോള്‍ രണ്ട് സ്റ്റാന്റുകള്‍ താഴേക്ക് മറിഞ്ഞുവീണ് കടക്കാരന്‍ ഹൈദ്രോസിനു പിടിപ്പതു പണിയുണ്ടാക്കിയിരുന്നു. കസ്റ്റമേഴ്‌സിനെ പിണക്കരുതല്ലോ എന്നു നന്നായി അറിയുന്ന ഹൈദ്രോസ് സങ്കടത്തോടെ ഒന്നു നോക്കുക മാത്രമേ ചെയ്തുള്ളൂ.

പക്ഷേ, മല്‍ബു അതില്‍ കുലുങ്ങിയിട്ടൊന്നുമില്ല. നല്ല സാധനം നോക്കിയെടുക്കുക എന്നത് കസ്റ്റമറുടെ അവകാശമാണ്. കസ്റ്റമര്‍ ഈസ് ദ കിംഗ് എന്നാണല്ലോ. മാത്രമല്ല, എന്താ പച്ചക്കറിക്ക് ഇപ്പോഴത്തെ വില. അഞ്ചാറു മാസം മുമ്പ് വരെ പത്ത് റിയാലിനു കിട്ടിയിരുന്നു പച്ചക്കറി കിട്ടാന്‍ ഇപ്പോള്‍ നൂറു റിയാലെങ്കിലും കൊടുക്കണം. സൂപ്പര്‍മാര്‍ക്കറ്റുകളിലും പച്ചക്കറി സ്റ്റാളുകളിലുമാണ് തീവിലയെന്നു കരുതി റോഡരികിലെ വണ്ടിക്കാരുടെ അടുത്തു ചെന്നാലോ അവിടേം രക്ഷയില്ല. വിലപേശലോന്നും പണ്ടേപ്പോലെ ഫലിക്കുന്നില്ല.

കടയും തുറന്നുവെച്ച് ഹൈദ്രോസ് ഇതെങ്ങോട്ടു പോയി?
രണ്ടു മൂന്ന് പേര്‍ വേറെയും വന്ന് ഹൈദ്രോസിനെ തിരക്കുന്നു.
മല്‍ബുവിന്റെ മനസ്സില്‍ തീയാളി. ഇനി രാവിലെ തന്നെ നിതാഖാത്തുകാര്‍ റെയ്ഡ് നടത്തി ഹൈദ്രോസിനെ കൊണ്ടു പോയോ? മല്‍ബു വേഗം ഫേസ് ബുക്ക് ഓപ്പണ്‍ ചെയ്തു. വീണ്ടുമൊരു സ്റ്റാറ്റസ് അടിച്ചിട്ടു.
കടയുണ്ട്. കടക്കാരനില്ല.
വന്നു ലൈക്കുകള്‍ തുടരെത്തുടരെ. അന്വേഷണങ്ങളും കുറവല്ല.
അയാളെ പിടിച്ചുകൊണ്ടുപോയതായിരിക്കുമോ?
കട തുറന്ന് അയാള്‍ പൊറാട്ടയും ബീഫും അടിക്കാന്‍ പോയതായിരിക്കുമെന്ന് ഒരു ഫ്രന്റിന്റെ മറുപടി.
കൂട്ടത്തില്‍ മല്‍ബുവിന് ഒരു ആശ്വാസ സന്ദേശം.
ഇങ്ങള് പേടിക്കേണ്ട. ഇങ്ങളെ അവിടെ തന്നെ പുനരധിവസിപ്പിക്കുമെന്ന് മന്ത്രി വയലാര്‍ രവി പറഞ്ഞിട്ടുണ്ട്.
കമന്റുകള്‍ വായിച്ചുകൊണ്ടിരിക്കെ, രണ്ടുമൂന്ന് കടകള്‍ക്കപ്പുറത്തുള്ള താമസസ്ഥലത്തുനിന്ന് ഹൈദ്രോസ് ഇറങ്ങി വരുന്നു.
കട തുറന്നുവെച്ച് ഇതെവിടെ പോയതാ?
വാര്‍ത്ത കേള്‍ക്കാന്‍ പോയതായിരുന്നു. കേട്ടില്ലേ മന്ത്രി രവി പറഞ്ഞത്. പണി പോകുന്നവരെ ഇവിടെ തന്നെ പണിക്കു നിര്‍ത്തുമെന്ന്.
ഓ അതു ഞാനറിഞ്ഞു.
എങ്ങനായിരിക്കും അത്. വല്ല ഐഡിയയും ഉണ്ടോ?
ങാ. അതു മന്ത്രിയോടു തന്നെ ചോദിക്കേണ്ടി വരും.
എംബസിക്കും നോര്‍ക്കക്കും കീഴില്‍ ആയിരം സൂപ്പര്‍ മാര്‍ക്കറ്റുകള്‍ തുടങ്ങിയാല്‍ മതിയല്ലോ. കണ്‍സള്‍ട്ടന്റായി പത്മശ്രീ യൂസുഫലി സര്‍ക്കാരിന്റെ കൈയില്‍ തന്നെയുണ്ട്.
കേട്ടപാടെ, മല്‍ബു ഫേസ്ബുക്കില്‍ ഹൈദ്രോസിന്റെ അഭിപ്രായം കാച്ചി.
എംബസി പതിനായിരം സൂപ്പര്‍മാര്‍ക്കറ്റുകള്‍ തുടങ്ങേണ്ടി വരും.
കമന്റ് ഇടേണ്ട താമസം അതിനും കിട്ടിത്തുടങ്ങി ലൈക്കുകള്‍. ഒരു കമന്റ് ഇങ്ങനെ:
എംബസിയുടെ കീഴിലായാല്‍ എന്തും വില്‍ക്കാന്‍ പറ്റും. ഗ്രേറ്റ് ഐഡിയ.
മിനിഞ്ഞാന്ന് എന്നെക്കൊണ്ട് വല്ലാതെ ബുദ്ധിമുട്ടി അല്ലേ. ഞാന്‍ തക്കാളിയും ഉരുളക്കിഴങ്ങും എടുക്കുമ്പോള്‍ സ്റ്റാന്റ് രണ്ടും താഴേക്ക് വീണതായിരുന്നു.
അതൊന്നും സാരമില്ലെന്നേ. തട്ടൊക്കെ ചിലപ്പോ വീണൂന്ന് വരും. അതെടുത്ത് നേരെ വെക്കാനാണല്ലോ നമ്മള്‍ ഇവിടെ. ഇനീപ്പോ ഏതായാലും നിങ്ങള്‍ തന്നെ കയറി എടുക്കേണ്ടി വരും. പുറത്തുനിന്നുകൊണ്ടാ ഇനി കച്ചോടം. ചെക്കിംഗ് ഏതു നിമിഷവും ഉണ്ടാകും. ഇത്തിരി സൂക്ഷ്മത നല്ലതല്ലേ. വിസ ഹൗസ് ഡ്രൈവറുടേതാണ്. മാറാനൊന്നും ഒക്കില്ല.
അപ്പോഴാണ് കടയുടെ പുറത്തുനിന്നു കൊണ്ടുള്ള ഹൈദ്രോസിന്റെ ചുറ്റിക്കളി മല്‍ബുവിന് ബോധ്യപ്പെട്ടത്. സ്വദേശിവല്‍കരണത്തിന്റെ ഭാഗമായുള്ള റെയ്ഡില്‍നിന്ന് രക്ഷപ്പെടാനുള്ള ഹൈദ്രോസിന്റെ മുന്‍കരുതല്‍.
കടയില്‍ കയറാതെ കച്ചവടം.
സാധനങ്ങള്‍ സ്വന്തമായി തെരഞ്ഞ് എടുക്കുന്ന കസ്റ്റമറാണെങ്കില്‍ കാശ് വാങ്ങാനായി ഹൈദ്രോസ് അവിടെ നില്‍ക്കും. എല്ലാം എടുത്തുകൊടുക്കേണ്ട കസ്റ്റമറാണെങ്കില്‍ ഹൈദ്രോസ് മുങ്ങും.
വെറുതെയല്ല, രവി പറഞ്ഞത്, സാമര്‍ഥ്യമുള്ളോരാണ് മല്‍ബുകള്‍. അവരെ അങ്ങനെയൊന്നും പുറത്താക്കാന്‍ പറ്റൂല.
രണ്ട് കിലോ നേന്ത്രപ്പഴവും ഒരു കിലോ ആപ്പിളും മതി. ഹെദ്രോസ് തന്നെ ഇങ്ങെടുത്തോ?
ഹൈദ്രോസിനെ പിടിക്കുമെങ്കില്‍ തന്നെയും പിടിക്കാമെന്ന് മല്‍ബുവിന് വേഗം ബുദ്ധി ഉദിച്ചു. മല്‍ബുവും ഡ്രൈവിംഗ് ലൈസന്‍സില്ലാത്ത വീട്ടു ഡ്രൈവറാണ്.
അയ്യോ നിങ്ങളുതന്നെ കയറി എടുത്തോ എന്നു പറഞ്ഞ്  തിരിഞ്ഞുനിന്നേപ്പാള്‍ ഹൈദ്രോസിനൊരു മിസ്ഡ് കാള്‍. അയാള്‍ വേഗം തിരിച്ചുവിളിച്ചു.
എന്താ എവിടേലും റെയ്ഡ് തുടങ്ങിയോ?
ഇല്ല. വിളിച്ചത് നാട്ടീന്നായിരുന്നു. പാര്‍ട്ടി നേതാവാണ്. എന്തായി അവസ്ഥ എന്നു ചോദിക്കാനല്ല. പാര്‍ട്ടിക്ക് ഓഫര്‍ ചെയ്തത് ഉടന്‍ പിരിച്ചയക്കാന്‍. അടുത്ത വര്‍ഷം നമ്മളോട് ചോദിക്കാന്‍ പറ്റൂല്ല പോലും. ഹൈദ്രോസ് ദേഷ്യം കൊണ്ടു പിറുപിറുക്കുമ്പോള്‍ മല്‍ബുവിന്റെ ഗാലക്‌സി നോട്ട് വിസില്‍ മുഴക്കി.
ഫേസ് ബുക്കില്‍ പുതിയ മെസേജായിരുന്നു.
പച്ചക്കറി വാങ്ങാന്‍ പോയ ആള്‍ റെയ്ഡില്‍ പിടിയിലായി. കടയില്‍ കയറി തക്കാളി നോക്കി എടുക്കുമ്പോഴാണത്രെ ജോലിക്കാരനാണെന്ന് കരുതി പിടികൂടിയത്.
ദേ കണ്ടോ, സാധനം വാങ്ങാന്‍ വന്നയാളേം പിടിച്ചു. ഞാന്‍ കടയില്‍ കയറൂല്ല. നിങ്ങള്‍ എടുത്തുതന്നാ മതി.
അതൊക്കെ വിശ്വസിക്കാന്‍ കൊള്ളാത്ത ലുങ്കി ന്യൂസാണെന്ന് വിശ്വസിപ്പിക്കാന്‍ ഹൈദ്രോസ് ശ്രമിച്ചെങ്കിലും റിസ്‌കിനു നില്‍ക്കാതെ മല്‍ബു അവിടെനിന്ന് തടി സലാമത്താക്കി. എസ്‌കേപ്പ്.






 

March 20, 2013

പോര്‍ട്ടര്‍ പറഞ്ഞ രഹസ്യം



പതിനാറായിരം റിയാല്‍ നല്‍കി ഫാമിലി വിസ വാങ്ങിയ നിങ്ങള്‍ ഒരു അമ്പത് റിയാലിന് ഇങ്ങനെ പിശുക്കണോ എന്ന ബംഗാളിയുടെ ചോദ്യം മല്‍ബുവിനെ ശരിക്കും ഞെട്ടിച്ചു കളഞ്ഞു. കാരണം മല്‍ബിയേയും കുട്ടികളേയും കൊണ്ടുവരാനുള്ള ഫാമിലി വിസ തരപ്പെടുത്താന്‍ നല്‍കിയ തുകയുടെ കൃത്യമായ കണക്കാണ് ഒരു പരിചയവുമില്ലാത്ത ബംഗാളി പറഞ്ഞിരിക്കുന്നത്. അതും എയര്‍പോര്‍ട്ടില്‍ ലഗേജുകള്‍ കയറ്റിയ ട്രോളി തള്ളുന്ന ഒരു സാദാ ബംഗാളി.
നിറയെ ബാഗേജുകള്‍ കയറ്റിയ ട്രോളിക്കു പിറകില്‍ കുട്ടികളെ കൂട്ടിപ്പിടിച്ചു കൊണ്ട് മല്‍ബിയുണ്ട്. ആദ്യവരവിലെ അമ്പരപ്പിനിടയില്‍ ഈ വിലപേശല്‍ മല്‍ബിക്ക് ഒട്ടും സഹിക്കുന്നില്ല. കാരണം മലയാള നാട്ടില്‍ വിലപേശലെന്നാല്‍ മാനക്കേടാണല്ലോ? അവധിക്കു നാട്ടില്‍ പോയപ്പോള്‍, മല്‍ബിയോടൊപ്പം ഷോപ്പിംഗിനു കയറിയ ചുരിദാര്‍ കടക്കാരന്‍ ചോദിച്ചിരുന്നു.
സൗദിയിലാണല്ലേ, അതാ ഈ ആഖിര്‍ കം?
അതുകേട്ടപ്പോള്‍ മല്‍ബുവിനേക്കാളും ചൂളിപ്പോയത് മല്‍ബിയായിരുന്നു. ചോദിക്കുന്ന തുക നല്‍കി അഭിമാനത്തോടെ മടങ്ങുക. അതാണ് പുതിയ കേരളം. മീനിനു വിലപേശിയപ്പോള്‍ വെറുതെ കൊണ്ടുപോയിക്കോളൂ എന്നു പറഞ്ഞ് മീന്‍കാരിയും അവഹേളിച്ചിട്ടുണ്ട് മല്‍ബുവിനെ. അതിനും സാക്ഷിയായിരുന്നു മല്‍ബി. നിങ്ങള്‍ ഇനിയും ഇതു തുടര്‍ന്നാല്‍ ഞാന്‍ ഷോപ്പിംഗിന് വരില്ലാന്നു നാട്ടില്‍വെച്ച് സത്യം ചെയ്ത മല്‍ബി വിമാനം കയറി ഇങ്ങെത്തിയപ്പോള്‍ ഇവിടെയും അതു തന്നെ കഥ. റിയാലിനുവേണ്ടി ബംഗാളിയുമായി തര്‍ക്കം.
വിമാനമിറങ്ങി ഇമിഗ്രേഷന്‍ പൂര്‍ത്തിയാക്കിയ മല്‍ബിയുടേയും കുട്ടികളുടേയും ബാഗേജുകള്‍ ട്രോളിയിലാക്കി തള്ളി സുരക്ഷിതമായി പുറത്തെത്തിച്ച ബംഗാളി ചോദിക്കുന്നത് അമ്പത് റിയാലാണ്.
പത്ത് റിയാല്‍ നീട്ടിയപ്പോള്‍ അയാള്‍ക്കുവേണ്ട.
നിങ്ങളുടെ കുടുംബത്തിന്റെ പെട്ടികളൊക്കെ തപ്പിയെടുത്ത് ട്രോളിയിലാക്കി പുറത്തെത്തിക്കാനെടുത്ത സമയം കൊണ്ട് വേറെ ആളുകള്‍ക്കാണെങ്കില്‍ എനിക്ക് പത്ത് തവണ ലഗേജ് എത്തിച്ചുകൊടുക്കാമായിരുന്നുവെന്ന് അയാളുടെ വാദം.
കുറേസമയം എടുത്തിരുന്നുവെന്ന് മല്‍ബി ഇടക്കുകയറി ബംഗാളിയെ സപ്പോര്‍ട്ട് ചെയ്തത് വിലപേശിയുള്ള നാണക്കേട് ഒഴിവാക്കാനാണെങ്കിലും മല്‍ബുവിന് അത് അത്ര പിടിച്ചിട്ടില്ല.
ഇവര്‍ ഇത് ഇങ്ങനെയൊക്കെ തന്നെയാണ്. നിനക്കാ ലഗേജ് എടുത്ത് ട്രോളിയില്‍ വെച്ച് തള്ളിയിങ്ങ് വന്നാല്‍ പോരായിരുന്നോ എന്നു മല്‍ബു പറഞ്ഞപ്പോള്‍. പിന്നെ, നിങ്ങളെ മക്കളെ തന്നെ എനിക്ക് കൂട്ടിപ്പിടിക്കാന്‍ കഴിഞ്ഞില്ല. എന്നിട്ടുവേണ്ടേ പെട്ടികള്‍ എന്നായിരുന്നു മല്‍ബിയുടെ പ്രതികരണം.
ബംഗാളി വിടുന്ന മട്ടില്ല. ഫാമിലി ആദ്യമായി വന്നതല്ലേ. പേശി നില്‍ക്കാതെ അമ്പത് റിയാല്‍ നല്‍കി പോ മാഷേ എന്നു അയാള്‍ വീണ്ടും വെച്ചുകാച്ചി.
പത്ത് റിയാല്‍ പോലും കൊടുക്കാന്‍ പാടില്ലാത്തത്രയും ബംഗാളി കളിയാക്കി കഴിഞ്ഞുവെന്ന് മനസ്സിലാക്കിയ മല്‍ബുവിന്റെ അഭിമാനബോധമുയരുകയും എന്തുവന്നാലും പത്തില്‍ കൂടുതല്‍ വരില്ലെന്ന പിടിവാശിയിലെത്തുകയും ചെയ്തു.
എന്തേലും ചെയ്യൂ എന്ന നിലപാടിലേക്ക് മല്‍ബി മാറിയെങ്കിലും സമയം പോകുന്നു പിശുക്കാ എന്നു വിളിച്ചുകൊണ്ട് ബംഗാളി ശല്യം തുടര്‍ന്നു.
മല്‍ബു അപ്പോഴും ആലോചിക്കുകയായിരുന്നു. താന്‍ കാശ് കൊടുത്താണ് ഫാമിലി വിസ വാങ്ങിയതെന്നും ആദ്യമായാണ് ഫാമിലി വരുന്നതെന്നുമൊക്കെ എങ്ങനെ ഇയാള്‍ അറിഞ്ഞു. മല്‍ബി പറയാന്‍ സാധ്യതയില്ല. കാരണം ബംഗാളി പോയിട്ട് ഹിന്ദി പോലും അറിയില്ല.
പുതുതായി വാടക ഉറപ്പിച്ച ഫ്‌ളാറ്റില്‍ കഴിഞ്ഞ ദിവസം പെയിന്റടിക്കാനെത്തിയ ബംഗാളിയും മല്‍ബുവിനെ ഇതുപോലെ ഞെട്ടിച്ചിരുന്നു. ഫ്‌ളാറ്റിലെ ഫര്‍ണിച്ചറും പാത്രങ്ങളും കണ്ട ബംഗാളി മൂക്കത്തു വിരല്‍ വെച്ചു.
ഇത്രയും സാധനങ്ങളോ?
എനിക്കുള്ളത് ഇതു പോലെ ഒരു ജോടി വസ്ത്രവും പിന്നെ ഒരു പ്‌ളേറ്റും ഗ്ലാസും. ധരിച്ച വസ്ത്രത്തില്‍ പിടിച്ചുകൊണ്ട് അയാള്‍ പറഞ്ഞു.
നമ്മള്‍ എപ്പോഴും മടങ്ങിപ്പോകേണ്ടവരല്ലേ? പിന്നെ എന്തിനാ സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്നത്.
പതിനാറായിരം റിയാല്‍ കൊടുത്താണ് ഫാമിലി വിസ ശരിയാക്കിയതെന്നു കൂടി പറഞ്ഞപ്പോള്‍ അയാളുടെ കണ്ണു തള്ളിപ്പോയി.
ആ ബംഗാളിയാണോ ഇപ്പോള്‍ ട്രോളി തള്ളി മുന്നില്‍ നില്‍ക്കുന്നതെന്ന് മല്‍ബു ഒന്നു കൂടി തറപ്പിച്ചു നോക്കി.
ഏയ് അല്ല.
ഞാന്‍ വിസക്ക് പതിനാറായിരം കൊടുത്തു എന്നു തന്നോട് ആരു പറഞ്ഞു.
ആരു പറയാന്‍. മല്‍ബു അല്ലേ അതൊക്കെ ചെയ്യൂ- ബംഗാളി കൂളായിപ്പറഞ്ഞു.
ഇതൊക്കെ കണ്ടുനിന്ന ഹൈദ്രോസ് മല്‍ബു ഇടപെട്ടതോടെയാണ് കഥാനായകനെ മോചിപ്പിക്കാന്‍ ബംഗാളി പോകാന്‍ തയാറായത്.
കൂട്ടുകാരനെ യാത്രയാക്കാന്‍ എത്തിയ ഹൈദ്രോസ് ട്രോളി ഒഴിവായിക്കിട്ടാനാണ് മല്‍ബു ഫാമിലിയുടെ അടുത്തു കൂടിയത്. നേരത്തെ എയര്‍പോര്‍ട്ടില്‍ ഇഷ്ടം പോലെ കിട്ടിയിരുന്ന ട്രോളി ഇപ്പോള്‍ ഏജന്‍സിയുടെ കസ്റ്റഡിയിലായതിനാല്‍ ഒരെണ്ണം കിട്ടാന്‍ പരതി നടക്കണം.
സൂപ്പര്‍വൈസറെ വിളിക്കൂ. അമ്പത് റിയാല്‍ തരാം എന്നു ബംഗാളിയോട് പറഞ്ഞുകൊണ്ടായിരുന്നു ഹൈദ്രോസിന്റെ ഇടപെടല്‍.
അതു കേട്ടപ്പോള്‍ ഒരു ഇരുപതെങ്കിലും താ എന്നു പറഞ്ഞുകൊണ്ട് അതും വാങ്ങി ബംഗാളി മടങ്ങി.
സാധനങ്ങള്‍ വണ്ടിയില്‍ കയറ്റി ട്രോളി കാലിയായപ്പോഴേക്കും ഹൈദ്രോസിന്റെ കൂട്ടുകാരന്‍ വേറെ ഒരു ട്രോളി സംഘടിപ്പിച്ചിരുന്നു. ഏതായാലും കിട്ടിയ ട്രോളി ആര്‍ക്കെങ്കിലും നല്‍കാമെന്ന് വെച്ച് അതും തള്ളിപ്പോയ ഹൈദ്രോസിനെ വേണ്ട വേണ്ടെ എന്നു പറഞ്ഞ് ആട്ടിപ്പായിച്ചു കളഞ്ഞു യാത്രക്കാരന്‍.
മല്‍ബു പോര്‍ട്ടര്‍ എന്നു കൂട്ടുകാരന്‍ വിളിച്ചപ്പോഴാണ് താനും ഒരു പോര്‍ട്ടറായെന്ന തിരിച്ചറിവിലേക്ക് ഹൈദ്രോസ് മടങ്ങിയത്.

March 16, 2013

നേതാവിന്റെ തിരോധാനം



രണ്ടു മണിക്കൂറായി കാത്തുനില്‍ക്കുന്നു. വിമാനത്തില്‍ ബോര്‍ഡിംഗ് തുടങ്ങേണ്ട സമയമായി. ഹൈദ്രോസ് ഇനിയും എയര്‍പോര്‍ട്ടില്‍ എത്തിയിട്ടില്ല. ഫോണ്‍ ഓഫ് ചെയ്തിരിക്കുന്നു. പലരേയും വിളിച്ചു നോക്കി. ആര്‍ക്കും ഒരു പിടിത്തവുമില്ല. പുലര്‍ച്ചെയുള്ള സൗദിയക്കാണ് യാത്രയെന്നു മാത്രമേ എല്ലാവര്‍ക്കും അറിയൂ. ഒന്നു രണ്ടു പരിപാടികളില്‍ പങ്കെടുക്കേണ്ടതുകൊണ്ട് നേരത്തെ തന്നെ റൂമീന്ന് ഇറങ്ങുമെന്നും പ്രോഗ്രാമുകളൊക്കെ കഴിഞ്ഞ് നേരെ എയര്‍പോര്‍ട്ടിലെത്തുമെന്നുമാണ് എല്ലാവരോടും പറഞ്ഞിരുന്നത്. സൗദിയക്കായതു കൊണ്ട് ലഗേജ് അയച്ച് ബോര്‍ഡിംഗ് പാസൊക്കെ എടുത്ത് വിമാനം പുറപ്പെടാന്‍ നേരം എത്തിയാല്‍ മതിയല്ലോ എന്നു ചോദിച്ചവരോട് അതെ എന്നും പറഞ്ഞു.
കാര്യമായി ഉണ്ടായിരുന്ന ഒരു പ്രോഗ്രാം ഗാനമേള ആയിരുന്നു. അവിടെ പങ്കെടുത്തിരുന്നവരോട് വിളിച്ചു ചോദിച്ചു. അവിടെയും ഹൈദ്രോസിനെ കണ്ടവരായി ആരുമില്ല. പാട്ടെന്നുവെച്ചാല്‍ ഹൈദ്രോസിനു ജീവനാണ്. നാട്ടില്‍നിന്ന് പാട്ടുകാരെത്തിയാല്‍ തിരിച്ചുപോകുന്നതുവരെ ഹൈദ്രോസിനും വിശ്രമമുണ്ടാകില്ല. ഗാനമേള അടിപിടിയില്‍ കലാശിച്ചതുകൊണ്ട് എന്തായാലും ഹൈദ്രോസിനെ കാണേണ്ടതായിരുന്നുവെന്ന് ചിലര്‍ പറഞ്ഞു. അടിനടക്കുന്നിടത്തും ഹൈദ്രോസിനെ പോലുള്ള നേതാക്കള്‍ക്ക് റോളുണ്ട്.
റോഡിലെ തിരക്കില്‍ കുടുങ്ങിയാല്‍ പോലും ഇത്രയേറെ വൈകാനിടയില്ല. യാത്ര പോകുന്ന ദിവസം പരിപാടികള്‍ ഒഴിവാക്കിക്കൂടെ എന്നു ചോദിച്ചവരുണ്ട്. നേതാവായാല്‍ രാത്രിയെന്നോ പകലെന്നോ ഇല്ല. എല്ലായിടത്തും മുഖം കാണിച്ചേ പറ്റൂ. അതാണ് ഹൈദ്രോസ് നേതാവിന്റെ ഗുണം. ഏതു പാതിരാവിലായാലും എവിടേയും എത്തും. ചിലരൊക്കെ പാരവെക്കാന്‍ ശ്രമിച്ചിട്ടും അതിജീവിക്കാനായത് അണികളുടെ മനസ്സിലെ സ്ഥാനമാണ്. മറ്റു നേതാക്കളൊക്കെ വെളുക്കെ ചിരിച്ച് അഭിനയിക്കുമ്പോള്‍ ആത്മാര്‍ഥതയാണ് ഹൈദ്രോസിന്റെ കൈമുതല്‍.
അങ്ങനെയുളള ഹൈദ്രോസിനെ കാണാനില്ലെന്ന വാര്‍ത്ത അധികനേരം പിടിച്ചുവെക്കാന്‍ എയര്‍പോര്‍ട്ടില്‍ യാത്ര അയക്കാന്‍ എത്തിയവര്‍ക്കായില്ല. വിമാനം പുറപ്പെടാന്‍ അരമണിക്കൂര്‍ മാത്രമേയുള്ളൂ. കൗണ്ടറില്‍ പോയി ബോര്‍ഡിംഗ് എടുത്തിട്ടില്ലെന്ന് ഒന്നുകൂടി ഉറപ്പുവരുത്തി.  ഇനി എത്തിയാലും പോകാന്‍ കഴിഞ്ഞു കൊള്ളണമെന്നില്ല. ഹൈദ്രോസിന്റെ മൂന്ന് ഫോണും സ്വിച്ചിഡ് ഓഫ് ആയിരുന്നു. ആളുകളൊക്കെ മാറിമാറി ട്രൈ ചെയ്തിട്ടും ഒന്നില്‍ പോലും ഹൈദ്രോസിന്റെ ഇഷ്ടഗാനം ഒഴുകിയില്ല.  നേരം പുലരുന്നതിനുമുമ്പുതന്നെ വാര്‍ത്ത പരന്നു.
കൂട്ടത്തിലൊരു മല്‍ബു അഭിപ്രായപ്പെട്ടു. നാട്ടിലൊന്നു വിളിച്ചു നോക്കിയാലോ? ചിലപ്പോള്‍ അവിടെ വല്ല വിവരവും ലഭിച്ചുകാണും.
നാട്ടിലും വീട്ടിലും വിളിച്ചറിയിച്ച് കുളമാക്കേണ്ടെന്ന അഭിപ്രായക്കാരുമുണ്ടായി. സമയം പിന്നിടുംതോറും ആധി വര്‍ധിച്ചു. പ്രിയ നേതാവിന്റെ തിരോധാനം അണികളെ ഈറനണിയിച്ചു തുടങ്ങി. നേതാവ് ഏതു വണ്ടിയിലാണ് എയര്‍പോര്‍ട്ടിലേക്ക് പോയതെന്നും കണ്ടെത്താനായില്ല. നേതാവിനു രണ്ടാം പാസ്‌പോര്‍ട്ടായിരിക്കുമെന്നും ആ പേരില്‍ വിമാനത്തില്‍ കയറിക്കാണുമെന്നും മറ്റൊരു മല്‍ബുവിനു ബുദ്ധിയുദിച്ചു. ലഗേജില്‍ നേതാവിന്റെ പേരുതന്നെയാണ് ഒട്ടിച്ചിരുന്നതെന്ന് അതിന്റെ പ്രിന്റ് എടുത്തു നല്‍കിയ വേറെ ഒരു മല്‍ബു പറഞ്ഞതോടെ ആ സംശയവും നീങ്ങി. ഫഌറ്റില്‍നിന്ന് എയര്‍പോര്‍ട്ടിലേക്കുള്ള വഴിയില്‍ കാറുകള്‍ ചീറിപ്പാഞ്ഞു. ബുദ്ധിമാന്മാരായ ചിലര്‍ ആശുപത്രികളിലെ സോഴ്‌സുകള്‍ ഉപയോഗപ്പെടുത്തി ആക്‌സിഡന്റ് കേസുകള്‍ അന്വേഷിച്ചു. എയര്‍പോര്‍ട്ട് റോഡില്‍ അപകടമുണ്ടായിരുന്നുവെന്ന വിവരം ആധി കൂട്ടിയെങ്കിലും മറ്റേതോ രാജ്യക്കാരാണെന്ന വിവരം ആശ്വാസം നല്‍കി. അന്വേഷണം പുരോഗമിച്ചതല്ലാതെ, ഒരു തുമ്പും കിട്ടിയില്ല.
മണിക്കൂറുകള്‍ കഴിഞ്ഞു. നാട്ടില്‍ വിളിച്ചു ചോദിക്കാത്തതിനെ ചൊല്ലി രണ്ട് മല്‍ബുകള്‍ തമ്മില്‍ വാക്കുതര്‍ക്കമായി. വീട്ടുകാരില്‍നിന്ന് മറച്ചുവെച്ചാലും കറച്ചുകൂടി കഴിയുമ്പോള്‍ ന്യൂസ് ഫഌഷ് ആകുമെന്നായിരുന്നു ഒരാളുടെ വാദം. ആ വാദക്കാരന്‍ ജയിച്ചതിനെ തുടര്‍ന്ന് വീട്ടിലെ നമ്പറില്‍ വിളിച്ചു. തന്ത്രപരമായി ചോദിക്കണം എന്നതുകൊണ്ട് എപ്പോഴാണ് ഹൈദ്രോസ് എത്തുന്നത് എന്നായിരുന്നു ചോദ്യം.
ദേ ഹൈദ്രോസ് കരിപ്പൂരിലിറങ്ങി ഇങ്ങോട്ട് പുറപ്പെട്ടു എന്നായിരുന്നു മറുപടി.
ആശ്വാസമായെങ്കിലും നെടുവീര്‍പ്പുകളോടൊപ്പം പിറുപിറപ്പായിരുന്നു ഫലം. മല്‍ബുകളുടെ പിറു പിറുപ്പുകള്‍ പലതരത്തിലുള്ള പാട്ടുകളായി. അവസാനം ചെറുപ്പക്കാരനായ ഒരു മല്‍ബു പറഞ്ഞു.
കള്ളന്‍ നേതാവ് എല്ലാവരോടും ബഹിഷ്‌കരിക്കാന്‍ പറഞ്ഞിട്ട് ഒടുവില്‍ എയര്‍ ഇന്ത്യയില്‍ തന്നെ കയറിപ്പോയി. ഫ്രീ ടിക്കറ്റ് കിട്ടിക്കാണും.
ഋലോകത്തെ അറുപത് വിമാനങ്ങളുടെ പട്ടികയില്‍ പിറകില്‍നിന്ന് രണ്ടാം സ്ഥാനം ലഭിച്ച എയര്‍ ഇന്ത്യ ബഹിഷ്‌കരിക്കുന്നതിന് നൂറു ന്യായങ്ങള്‍ നിരത്തിയ നേതാവിന്റെ ശബ്ദം അപ്പോഴും അന്തരീക്ഷത്തില്‍ അലയടിക്കുന്നുണ്ടായിരുന്നു.

Related Posts Plugin for WordPress, Blogger...