Pages

പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..

March 27, 2011

ബോണസ് പാട്ട് അഥവാ പ്രവാസിക്കൊരു താരാട്ട്

ആന കൊടുത്താലും കിളിയേ ആശ കൊടുക്കാമോ?
പാട്ടും പാടിയാണല്ലോ വരവ്.
എന്തു പറ്റി മല്‍ബൂ?
സ്ഥാനാര്‍ഥിക്കുപ്പായം തുന്നി നിരാശരായവര്‍ പാടേണ്ട പാട്ടാണല്ലോ?
ഇനിയെന്തു പറ്റാനാ മാഷേ.. നാട്ടില്‍നിന്നിതാ ഇപ്പോ വിളിച്ചുവെച്ചതേയുള്ളൂ.
പെങ്ങളെ കെട്ടിച്ചയച്ചപ്പോള്‍ കൊടുക്കാന്‍ ബാക്കിയുള്ള സ്വര്‍ണം ഇപ്പോള്‍ കൊടുക്കണമെന്നാ ആവശ്യം.
ഫാമിലി വിസയെടുക്കാന്‍ ചെലവായ കാശ് പോലും ഇനിയും  കൊടുത്തുതീര്‍ന്നിട്ടില്ല.
വേറെ എത്ര വാര്‍ത്തകളുണ്ട് നാട്ടില്‍ പ്രചരിപ്പിക്കാന്‍. ഇതു തന്നെ വേണായിരുന്നോ?
ജോലി ചെയ്യാനോ നാട്ടില്‍ പോകാനോ പറ്റാതെ കഷ്ടപ്പെടുന്ന എത്രെയത്ര ഹുറൂബുകാരുണ്ട്. അവരെ കുറിച്ച് ഒരക്ഷരം ഇവരൊന്നും അച്ചടിക്കുന്നില്ല. ടെലിവിഷനില്‍ വെച്ചു കാച്ചുന്നില്ല.
ഇതിപ്പോള്‍ സൗദി അറേബ്യയില്‍ തൊഴിലെടുക്കുന്നവര്‍ക്ക് രണ്ട് മാസത്തെ ശമ്പളം ബോണസ് കിട്ടുമെന്നതാണ് മുഖ്യ വാര്‍ത്ത.
വീട്ടുകാരെയും കുറ്റപ്പെടുത്താനാവില്ല. കിട്ടില്ല എന്നു പറഞ്ഞപ്പോള്‍ കിട്ടാത്ത കാര്യം പത്രങ്ങളിലും ടി.വിയിലും വരുമോ എന്ന അവരുടെ ചോദ്യം ന്യായം.
ആരെയും കുറ്റപ്പെടുത്താന്‍ കഴിയില്ല. പ്രഖ്യാപനത്തിന്റെ നിജസ്ഥിതി അറിയുന്നതിനു മുമ്പേ അതുകൊണ്ട് എന്തു ചെയ്യണമെന്ന് മല്‍ബിയും പ്ലാനിട്ടിരുന്നു. നാട്ടില്‍ ഇങ്ങനെയൊരു സ്വര്‍ണക്കടം ബാക്കി കിടപ്പുണ്ടെന്ന കാര്യമൊന്നും അവള്‍ക്കറിയില്ലല്ലോ?
വിലയൊന്നും നോക്കേണ്ട, അറിയാതെ കിട്ടുന്നതല്ലേ, സ്വര്‍ണം വാങ്ങിവെക്കാം. അതായിരുന്നു മല്‍ബിയുടെ പ്ലാന്‍.
അപ്രതീക്ഷിത ബോണസിനെ കുറിച്ച് മല്‍ബു പറയുന്നതിനു മുമ്പ് തന്നെ കൂട്ടുകാരി വിളിച്ചറിയിച്ചിരുന്നു. അതൊന്നാഘോഷിക്കാന്‍ പാര്‍ട്ടി ഏര്‍പ്പാടാക്കുകയും ചെയ്തു.
എന്നിട്ടിപ്പോള്‍ മല്‍ബുവിന് എന്തു സംഭവിച്ചു? അതു പറ.
എന്തു സംഭവിക്കാന്‍. രണ്ടു മാസത്തെ പോയിട്ട് രണ്ട് ദിവസത്തെ ശമ്പളം പോലും ബോണസായി ലഭിക്കില്ല. അതു തന്നെ.
അപ്പോള്‍ പിന്നെ ബാലചന്ദ്രമേനോന്റെ ഈ പാട്ട് തന്നെയല്ലേ പാടേണ്ടത്.
കിട്ടിയോ?
വലിയ പ്രതീക്ഷയില്ല.
ഈയടുത്ത ദിവസങ്ങളില്‍ ഒരു മല്‍ബു മറ്റൊരു മല്‍ബുവിനെ കണ്ടാല്‍ കുശലാന്വേഷണത്തിനു മുമ്പേ ഉയരുന്ന ചോദ്യവും ഉത്തരവുമാണിത്.
ദിവസങ്ങള്‍ കഴിയുംതോറും ചോദ്യത്തിലുള്ള ആവേശം കുറയുകയും പ്രതീക്ഷ അസ്തമിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു.
പാര്‍ട്ടിക്ക് സീറ്റു കിട്ടിയോ, സുഹൃത്തായ നേതാവിന് മണ്ഡലം കിട്ടിയോ തുടങ്ങിയ ആകാംക്ഷകളോടൊപ്പം തന്നെയാണ് മറ്റൊരു കിട്ടിയോ ചോദ്യത്തിലും മല്‍ബു തളച്ചിടപ്പെട്ടത്.
പാര്‍ട്ടികളുടെ സീറ്റും നേതാക്കളുടെ മണ്ഡലങ്ങളും തീര്‍ച്ചപ്പെടുത്തിക്കഴിഞ്ഞു. കിട്ടിയവര്‍ പ്രചാരണത്തിലും കിട്ടാത്തവര്‍ തെരുവിലുമിറങ്ങി. പാര്‍ട്ടിയോടും നേതാവിനോടുമുള്ള പ്രതികാര ചിന്തകള്‍ കടലിനിക്കരെയുള്ള മല്‍ബുകളിലും ഉയര്‍ന്നു കഴിഞ്ഞു. ചിലര്‍ നിഷ്ക്രിയരായി. വഞ്ചകക്കൂട്ടത്തിനുവേണ്ടി എന്തിനു മെനക്കെടണമെന്ന നിരാശ ചാലിച്ച മുഖഭാവങ്ങള്‍.
എങ്കിലും ആദ്യം പറഞ്ഞ കിട്ടിയോ ചോദ്യത്തില്‍നിന്ന് മല്‍ബു മുക്തനായിട്ടില്ല. പൊതുമേഖലക്കു പുറമെ സ്വകാര്യ മേഖലയിലെ ചില കമ്പനികളും ജീവനക്കാര്‍ക്ക് അപ്രതീക്ഷിതമായി രണ്ടു മാസത്തെ ശമ്പളം ബോണസ് പ്രഖ്യാപിച്ചതാണ് പുതിയ കുശലാന്വേഷണമായി പരിണമിച്ചത്.
പ്രതീക്ഷ വാനോളമുയര്‍ന്നു. പ്രഖ്യാപനത്തിനു പ്രതീക്ഷിക്കുന്നവരും  പ്രഖ്യാപനം പ്രാവര്‍ത്തികമാകാന്‍ കാത്തുനില്‍ക്കുന്നവരുമുണ്ട്.
ചില കമ്പനികളിലൊക്കെ തീരുമാനമായിക്കഴിഞ്ഞു. ബോണസ് സ്വദേശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയ കമ്പനികള്‍ മുതല്‍ സ്വദേശികളല്ലാത്തവര്‍ക്ക് രണ്ട് മാസത്തെ ശമ്പളത്തിനു പകരം രണ്ടു ദിവസത്തെ വേതനമാക്കി പരിമിതപ്പെടുത്തിയ കമ്പനികളുമുണ്ട്.
കിട്ടുമെന്നുറപ്പായവര്‍ കിട്ടാനിടയില്ലാത്തവരെ സങ്കടപ്പെടുത്താതിരിക്കാന്‍ അതു രഹസ്യമാക്കിവെക്കുന്നു.
അല്ലെങ്കിലും ഇതെന്തു വിളിച്ചുകൂവാനാണ്. രണ്ടു മാസത്തെ അടിസ്ഥാന ശമ്പളം കൂടുതല്‍ കിട്ടിയിട്ട് ഇവിടെ എന്താകാനാണ്. തീവിലകള്‍ക്കിടയില്‍ അതു രണ്ടു ദിവസം പോലും കൈയില്‍ നില്‍ക്കില്ലെന്നു പറഞ്ഞ് ആശ്വസിപ്പിക്കുന്നവരുമുണ്ട്. കിട്ടാത്ത മുന്തിരി പുളിക്കുന്നതു പോലെ.
കടം ചോദിക്കുന്നത് ഒഴിവാക്കാന്‍ രഹസ്യമാക്കി സൂക്ഷിക്കുന്ന മല്‍ബുവിനെയും കാണാം.
കിട്ടുമോ, കിട്ടില്ലേ എന്ന വേവലാതിയില്‍ ഉറക്കം നഷ്ടപ്പെട്ടവരാണ് പ്രഖ്യാപനം വന്നിട്ടും അതില്‍ ഉള്‍പ്പെടുമോ എന്നറിയാത്തവര്‍.
പാട്ട് പാടൂ സുഖമായുറങ്ങൂ.
ആന കൊടുത്താലും കിളിയേ ആശ കൊടുക്കാമോ.

March 20, 2011

മാസപ്പടി സര്‍വേ


ആര്‍ക്കും ഒഴിച്ചുകൂടാന്‍ പറ്റാത്തതാണ്‌ ഇക്കാലത്ത്‌ സര്‍വേ.
ഒന്നുകില്‍ നിങ്ങള്‍ അതില്‍ പങ്കെടുത്തിട്ടുണ്ടാകും, അല്ലെങ്കില്‍ നിങ്ങളറിയാതെ നിങ്ങള്‍ കൂടി അതില്‍ പങ്കെടുത്തതായി സര്‍വേ നടത്തിയവര്‍ പരസ്യപ്പെടുത്തിയിട്ടുണ്ടാകും.
എല്ലാവരേയും കണ്ട്‌ സര്‍വേ നടത്താന്‍ പറ്റില്ലല്ലോ? നൂറു പേരുണ്ടെങ്കില്‍ പത്ത്‌ പേരില്‍നിന്ന്‌ അഭിപ്രായം ശേഖരിച്ച ശേഷം നൂറു പേരുടേതായി കണക്കാക്കുന്നതാണ്‌ സാമ്പിള്‍ സര്‍വേ.
ചാനലുകള്‍ക്കും പത്രങ്ങള്‍ക്കും ആനുകാലികങ്ങള്‍ക്കുമൊന്നും അഭിപ്രായ സര്‍വേ ഒഴിവാക്കാനാവില്ല. ചില പണ്ഡിതരുടെ പ്രഭാഷണം ശ്രദ്ധിച്ചാല്‍ ഇടക്കിടെ സര്‍വേ എന്ന പദം പ്രയോഗിക്കുന്നതു കേള്‍ക്കാം. ഞാന്‍ നടത്തിയ ഒരു സര്‍വേയില്‍ കണ്ടത്‌, ഞാന്‍ നടത്തിയ ഗവേഷണത്തില്‍ മനസ്സിലായത്‌ എന്നൊക്കെയായിരിക്കും വെച്ചുകാച്ചുക. 
എത്ര ആധികാരികമെന്ന്‌ ശ്രോതാക്കള്‍ക്കു തോന്നാന്‍ ഇതിലപ്പുറമൊന്നും വേണ്ട.
സൗദിയിലെ ഇന്ത്യന്‍ സ്‌കൂളുകളിലെ ഫീസ്‌ വര്‍ധന വിവാദമായിരിക്കയാണല്ലോ. വര്‍ധന യുക്തിസഹമല്ലെന്നും അധ്യാപകരുടേയും അനധ്യാപകരുടേയും വേതനം വര്‍ധിപ്പിക്കാനാണെങ്കില്‍ നേരിയ തോതിലുള്ള വര്‍ധന മാത്രം നടപ്പിലാക്കിയാല്‍ മതിയെന്നുമാണ്‌ എല്ലാ സംഘടനകളും രക്ഷിതാക്കളും ആവശ്യപ്പെടുന്നത്‌. 
നൂറു റിയാല്‍വരെയുള്ള ഫീസ്‌ വര്‍ധനക്കുള്ള കാരണങ്ങള്‍ പറയുന്ന കൂട്ടത്തില്‍ വര്‍ധന താങ്ങാന്‍ കെല്‍പുള്ളവരാണ്‌ രക്ഷിതാക്കളെന്നും സര്‍വേയിലാണ്‌ ഇക്കാര്യം വെളിപ്പെട്ടതെന്നും ജിദ്ദ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പറഞ്ഞുവെച്ചു.
ജിദ്ദ സ്‌കൂളിലെ കുട്ടികളുടെ രക്ഷിതാക്കളില്‍ 30 ശതമാനം പതിനായിരം റിയാലിനു മുകളില്‍ മാസ വേതനം പറ്റുന്നവരും 30 ശതമാനം അയ്യായിരത്തിനും പതിനായിരത്തിനുമിടയില്‍ ലഭിക്കുന്നവരുമാണെന്നാണ്‌ സര്‍വേയില്‍ കണ്ടെത്തിയത്‌.
ബാക്കിയുള്ളവര്‍ അയ്യായിരത്തിനു താഴെ ശമ്പളം വാങ്ങുന്നവരാണെന്ന നിഗമനത്തിലെത്തണം. പതിനായിരത്തിനു മുകളില്‍ ലക്ഷംവരെ ആകാമെന്നതു പോലെ അയ്യായിരത്തിനു താഴെ ആയിരം വരെയുമാകാം.
സോഷ്യലിസ്റ്റ്‌ റിപ്പബ്ലിക്കായ ഇന്ത്യന്‍ പൗര�ാരെ ഉദ്ദേശിച്ചുള്ള സ്‌കൂളുകളായതിനാല്‍ അയ്യായിരത്തിനു മുകളില്‍ ശമ്പളം പറ്റുന്ന 60 ശതമാനത്തില്‍നിന്ന്‌ കൂടുതല്‍ ഫീസ്‌ ഈടാക്കി ബാക്കി 40 ശതമാനത്തിനു ഫീസിളവ്‌ നല്‍കണമെന്ന്‌ ഒറ്റ സംഘടനയും ആവശ്യപ്പെട്ടു കണ്ടില്ല. അതു മറ്റൊരു വിഷയം.
പരിചയമുള്ളവരും അല്ലാത്തവരുമായ കുറേ മല്‍ബുകളോട്‌ ചോദിച്ചുനോക്കി.
നിങ്ങള്‍ ആരെങ്കിലും ഈ സര്‍വേയില്‍ പങ്കെടുത്തിട്ടുണ്ടോ? മല്‍ബുകളല്ലാത്ത മറ്റു ഹിന്ദികളോടും ചോദിച്ചു നോക്കി. ആര്‍ക്കും ഒരറിവുമില്ല.
ഇനി കുട്ടികളോടായിരിക്കും രക്ഷാകര്‍ത്താക്കളുടെ വരുമാനം ചോദിച്ചിരിക്കുകയെന്നു കരുതി അവരോടും അന്വേഷിച്ചുനോക്കി. പക്ഷേ, നോ ഐഡിയ.
നേര്‍ക്കുനേരെ ശമ്പളം എത്രയെന്ന്‌ ചോദിച്ചാല്‍ ആരെങ്കിലും പറയുമോ? ആണുങ്ങളുടെ ശമ്പളവും പെണ്ണുങ്ങളുടെ പ്രായവും ചോദിക്കരുതെന്ന്‌ എല്ലാവര്‍ക്കും അറിയുന്ന കാര്യമല്ലേ?
അപ്പോള്‍ പിന്നെ സര്‍വേ ടെക്‌നിക്കുകള്‍ തന്നെയായിരിക്കും
ഉപയോഗിച്ചു കാണുക.
അങ്ങനെ ഒരു മല്‍ബൂനെ സംഘടിപ്പിച്ച്‌ ആ ടെക്‌നിക്ക്‌ പ്രയോഗിച്ച്‌ നോക്കി.
എന്താ പേര്‌?
അയമു.
വീട്ടില്‍ ഉപയോഗിക്കുന്ന ഭാഷ ഏതാണ്‌?
മലയാളം.
വേറെ ഏതൊക്കെ ഭാഷകള്‍ അറിയാം?
അറബി അറിയില്ല, ഇംഗ്ലീഷ്‌ അറിയില്ല, ഹിന്ദി അറിയില്ല.
എത്ര വര്‍ഷമായി സൗദിയില്‍?
25 കൊല്ലം.
വീട്ടില്‍ എത്ര മുറികളുണ്ട്‌?
രണ്ട്‌ മുറികള്‍. പിന്നെ ബാത്ത്‌ റൂം, കിച്ചണ്‍.
എത്ര ടി.വിയുണ്ട്‌?
മൂന്ന്‌ ടി.വി
എല്‍.സി.ഡി എത്രയെണ്ണം?
രണ്ടെണ്ണം എല്‍.സി.ഡി, ഒന്ന്‌ സാദാ.
വാഷിംഗ്‌ മെഷീന്‍ സാദയാണോ ഓട്ടോമാറ്റിക്കാണോ?
തുണിയിട്ടാ പിന്നെ ഉണങ്ങിയിട്ട്‌ പുറത്തേക്കെടുത്താല്‍ മതി.
കംപ്യൂട്ടര്‍ എത്രയെണ്ണമുണ്ട്‌?
രണ്ടെണ്ണം.
ലാപ്‌ ടോപ്പ്‌ ഉണ്ടോ?
ഇല്ല. ഞാനൊരു പഴഞ്ചനാ. കംപ്യൂട്ടറൊന്നും ഉപയോഗിക്കാനറിയില്ല. കുട്ടികള്‍ക്കാണ്‌ കംപ്യൂട്ടര്‍.
സ്വന്തമായി കാറുണ്ടോ?
ഇല്ല, മുതലാളീടേത്‌ സ്വന്തം ആവശ്യത്തിന്‌ ഓടിക്കും. ആശുപത്രിയിലും സ്‌കൂളില്‍ ഫീസടക്കാനുമൊക്കെ അതോടിച്ച്‌ പോകും.
എത്ര കുട്ടികള്‍ സ്‌കൂളില്‍ പഠിക്കുന്നുണ്ട്‌?
മൂന്ന്‌ പേര്‍.
നിങ്ങളുടെ ശമ്പളം അടുത്തുതന്നെ കൂടുമെന്ന്‌ പ്രതീക്ഷിക്കുന്നുണ്ടോ?
ഇല്ല. സാധ്യത കാണുന്നില്ല.
ഇപ്പോള്‍ നിങ്ങളുടെ ശമ്പളം എത്രയാ?
ശമ്പളമൊക്കെ ചോദിക്കുന്നതെന്തിനാ? വല്ല കുഴപ്പവും ഉണ്ടാകുമോ? നാട്ടിലേക്ക്‌ ബാങ്ക്‌ വഴിയാണ്‌ അയക്കാറുള്ളത്‌. ഹുണ്ടി ഇതുവരെ അയച്ചിട്ടില്ല. ചതിക്കല്ലേ.�
എന്നാലും ശമ്പളം എത്ര വരും? ദേ ഇതു നോക്കിയേ, ഇതില്‍ തൊട്ടു കാണിച്ചാല്‍ മതി.
5000-6000, 6000-7000, 7000-10,000
അയ്യോ സാറേ, ഇതൊന്നുമല്ല ശമ്പളം.
പേപ്പറിങ്ങ്‌ താ, ഞാന്‍ എഴുതിക്കാണിക്കാം.
1000-2000
ശരിക്കും പറ. ഇതാണോ നിങ്ങളുടെ ശമ്പളം? ഇതുകൊണ്ടെങ്ങനാ? മൂന്ന്‌ കൂട്ടികള്‍ സ്‌കൂളില്‍ പഠിക്കുന്നു, രണ്ട്‌ എല്‍.സി.ഡി ടി.വി, കംപ്യൂട്ടര്‍ രണ്ടെണ്ണം.
നിങ്ങള്‍ സത്യം തന്നെ പറഞ്ഞോളൂ. ഇതൊരു സര്‍വേക്കാണ്‌. വേറെ ആരോടും പറയില്ല.
സത്യായിട്ടും ഇതുതന്നാ സാറേ. ഞാനെന്തിനാ കള്ളം പറയുന്നത്‌.
ആട്ടെ, അപ്പോള്‍ എന്താണ്‌ നിങ്ങളുടെ ജോലി?
ജോലിയൊക്കെ ഉണ്ട്‌ സാറേ. അല്ലാതെ എങ്ങനാ ഇവിടെ കഴിയുന്നേ? പിന്നെ കംപ്യൂട്ടറും ടി.വിയുമല്ലേ? അതൊക്കെ കേടായപ്പോള്‍ അറബി കളയാന്‍ തന്നതാ. ഞാന്‍ കൊണ്ടുപോയി നന്നാക്കി പിള്ളാര്‍ക്ക്‌ കൊടുത്തു.

March 13, 2011

പഞ്ഞിക്കെട്ടില്‍ തീ

പരുത്തിക്കായയുടെ അകത്തുള്ള മൃദുവായ വെളുത്ത നാരുകള്‍ ചേര്‍ന്ന വസ്തുവാണ് പഞ്ഞി. ഉന്നം, കിടക്കപ്പഞ്ഞി, നൂല്‍പഞ്ഞി, ഇലവിന്‍ പഞ്ഞി, പരുത്തി നൂല്‍, പഞ്ഞിക്കായ്, പഞ്ഞിക്കുരു, പഞ്ഞിമരം എന്നിങ്ങനെ പഞ്ഞിയുമായി ബന്ധപ്പെട്ട് പലതും പറയാനുണ്ടെങ്കിലും പ്രവാസികള്‍ക്കോര്‍മ വരിക ഇതൊന്നുമല്ല.
നാട്ടിലേക്കുള്ള യാത്രയില്‍ എയര്‍ലൈന്‍ അനുവദിക്കുന്ന ലഗേജിന്റെ അവസാന പരിധിയായ നാല്‍പത് കിലോയില്‍ ഒതുക്കാന്‍ പാടുപെടുന്നതിനിടെ എത്തുന്ന അതിഥികളാണ് അവര്‍ക്ക് പഞ്ഞി.
കാണാന്‍ പഞ്ഞിക്കെട്ട് പോലെ വലുതാണെങ്കിലും കനം ഒരു കിലോയില്‍ കൂടില്ല കേട്ടോയെന്ന് പഞ്ഞിയുടമ പറയുമ്പോള്‍, അതിനെന്താപ്പാ, ഇനിയുമുണ്ടോ ഒരുകിലോ കൂടി. കൊണ്ടു വന്നോളൂ. ഞാന്‍ നിങ്ങടെ ഒരു പഞ്ഞി പ്രതീക്ഷിച്ചതാ...
ഒതുക്കിയിട്ടും ഒതുങ്ങാത്ത പെട്ടിയോട് മല്ലിടുന്ന മല്‍ബു സങ്കടമൊതുക്കി മുഖത്ത് ചിരി വരുത്തി മറുപടി നല്‍കും.
ഡോര്‍ ടു ഡോര്‍ സര്‍വീസുകളും കാര്‍ഗോയും സാര്‍വത്രികമായ ഇക്കാലത്തുമുണ്ടോ പഞ്ഞിയെന്നു ചോദിക്കാം.
ഇല്ലെന്നു പറയാന്‍ പറ്റില്ല. പ്രവാസിയുള്ളിടത്തോളം കാലം പഞ്ഞിയുണ്ടാകും. രണ്ടറ്റം മുട്ടിക്കാനുള്ള ഓട്ടത്തിനിടെ രണ്ടു വര്‍ഷമായിട്ടും ഒരു തവണ പോലും ടെലിഫോണ്‍ ചെയ്യാന്‍ മറന്നുപോയാലും  നാട്ടില്‍ പോന്നൂട്ടോ, പിള്ളേര്‍ക്ക് കൊടുക്കാന്‍ വല്ലതുമുണ്ടെങ്കില്‍ കൊണ്ടുവന്നോളൂ എന്നു പറയാതിരിക്കാന്‍ പ്രവാസിക്ക് കഴിയില്ല.
ഇതിനെ പരസ്പര ബന്ധം ഊട്ടിയുറപ്പിക്കുന്ന പഞ്ഞിനൂലെന്നു പറയുന്നതിനേക്കാളും ഒരു പഞ്ഞിക്കടം തീര്‍ക്കലെന്നു പറയുന്നതാകും കൂടുതല്‍ ചേരുക. കാരണം ഇന്നാളവന്‍ പോയപ്പോള്‍ അങ്ങോട്ടുവെച്ച പഞ്ഞിക്ക് പ്രത്യുപകാരം ചെയ്യേണ്ട സന്ദര്‍ഭമാണിത്.
പഞ്ഞി പേടിച്ചവന്‍ നാട്ടില്‍ പോകുന്നത് പറഞ്ഞില്ല  എന്ന പേരുദോഷം എന്തിനു നേടണം.
പഞ്ഞിക്കെട്ടില്‍ തീ വീണ പോലെയെന്നൊരു ചൊല്ലുണ്ട്. പരസ്പര ബന്ധത്തില്‍ വിള്ളലുണ്ടാക്കാന്‍ ഈ പഞ്ഞിക്കുള്ള കഴിവ് ഒന്നു വേറെ തന്നെയാണ്. ബഹുവിശേഷം.
ഇനിയൊരിക്കലും പഞ്ഞി കൊടുക്കേമില്ല, വാങ്ങേമില്ല എന്നു ദൃഢനിശ്ചയത്തോടെ പ്രഖ്യാപിക്കാന്‍ ഒരു മല്‍ബു ഒരുമ്പെടുമ്പോള്‍ അതിനു പിന്നില്‍ തക്കതായ കാരണമുണ്ട്. കേട്ടുകഴിയുമ്പോള്‍ പ്രവാസി അങ്ങനെയൊക്കെ ചെയ്യുമോ എന്നു ചോദ്യമുയരാം. കാരണം, സംഗതി നിസ്സാരമാണ്.
ഹൈസ്കൂളില്‍ പഠിക്കുന്ന മകന്‍ പലതവണ പറഞ്ഞപ്പോഴാണ് അവന്‍ ഇഷ്ടപ്പെട്ട ചേലുള്ളൊരു വാച്ച് വാങ്ങി കൂട്ടുകാരനെ ഏല്‍പിച്ചത്. ഒരു ചിന്ന പഞ്ഞി.
വാച്ച് കണ്ടപ്പോള്‍ കൂട്ടുകാരനൊരു മോഹം. അതു നാട്ടില്‍ പോയി മടങ്ങുമ്പോള്‍ കൊടുത്താല്‍ പോരേ. നാട്ടീന്നു കെട്ടാന്‍ ഞാനൊരു വാച്ച് വാങ്ങീട്ടുണ്ട്. എന്നാലും ഇതിന്റെ ചേലൊരു ചേല് തന്നെ. ഇടക്കൊക്കെ ഒന്ന് മാറിക്കെട്ടാലോ. നാട്ടിലെ ചെക്കന്മാരുടെ കൈയില്‍ എന്തൊക്കെ ടൈപ്പ് വാച്ചുകളാ. നമ്മളൊന്നും കണ്ടിട്ടു പോലുമുണ്ടാവില്ല.
ഓ, അതിനെന്താ, അങ്ങനെ ആയിക്കോട്ടെ. ഒരു മാസം നിങ്ങള്‍ കെട്ടി തിരിച്ചുപോരുമ്പോള്‍ കൊടുത്താല്‍ മതി.
വാച്ച് കൊടുത്തയച്ചിട്ടുണ്ടെന്നും കപ്പലിലാണെന്നും ഒരു മാസം കഴിഞ്ഞാലേ കിട്ടൂ എന്നും മകനെ വിശ്വസിപ്പിച്ചു.
കൂട്ടുകാരന്‍ വാക്ക് പാലിച്ചു. 29-ാം നാള്‍ വാച്ചെത്തിച്ചു. പക്ഷേ, മല്‍ബുവിനെ ഞെട്ടിച്ചുകൊണ്ട് തൊട്ടടുത്ത ദിവസം മകന്റെ ഫോണ്‍. ഈ പന്ന വാച്ച് കപ്പലില്‍ അയക്കേണ്ടിയിരുന്നില്ല. കൊടുത്തയച്ച വാച്ചല്ല കൂട്ടുകാരന്‍ മകനു കൊടുത്തതെന്നറിഞ്ഞ മല്‍ബു അന്നാണ് സഹമുറിയനെ സാക്ഷിയാക്കി ശപഥമെടുത്തതും ഒരു പഞ്ഞിവിരുദ്ധനായതും.
ഇങ്ങനെയൊരു ചതി ചെയ്തതെന്തിനെന്നു ചോദിച്ച് കൂട്ടുകാരനുമായുള്ള ബന്ധം കുളമാക്കിയില്ല. ക്ഷമിച്ചു, അതാണല്ലോ പ്രവാസിയുടെ മുഖമുദ്ര.
എല്ലാമെല്ലാം പഞ്ഞിപ്പൊതിയില്‍ വീണ അമ്പ് പോലെയാവില്ലല്ലോ. പഞ്ഞിക്കെട്ടില്‍ തീ വീണതുപോലെയുമാകും ചിലത്. അങ്ങനെ പഞ്ഞി വിതച്ച തീരാ സങ്കടത്തിലാണൊരു മല്‍ബു.
സംഗതി നിസ്സാരമായിരുന്നു. നാട്ടിലുള്ള മല്‍ബിക്കൊരു മൊഞ്ചുള്ള ഫോണ്‍ വാങ്ങി. കൊടുത്തയക്കാന്‍ ആളെ തിരഞ്ഞപ്പോള്‍... ദേ, കൂട്ടുകാരന്‍ പോകുന്നു.
ഫോണിന്റെ മൊഞ്ച് കണ്ടപ്പോള്‍ കൂട്ടുകാരനൊരു പൂതി.
ഇതു സൂപ്പര്‍ ഫോണാണല്ലോ. എനിക്കൊരു മാസേ ലീവുള്ളൂ. അതുവരെ ഇതു ഉപയോഗിച്ച് തിരിച്ചു വരുമ്പോള്‍ കൊടുത്താല്‍ പോരേ?
ഓ ആയിക്കോട്ടെ. നിന്റെ പൂതി തീരട്ടെ, വരുമ്പോള്‍ കൊടുത്താല്‍ മതി.
കൂട്ടുകാരന്‍ വാക്കു പാലിച്ചു. ഗള്‍ഫിലേക്ക് പോരുന്നതിന് തലേന്നാള്‍ ഫോണ്‍ മല്‍ബിക്കെത്തിച്ചു.
ഉപയോഗിച്ച ഫോണ്‍ ആണോ കൊടുത്തയച്ചതെന്ന് അടുത്ത ദിവസം മല്‍ബിയുടെ ഫോണ്‍.
ഏയ്, പുതിയതു തന്നാ. ഞാന്‍ ഇവിടെ ഒന്നു ട്രൈ ചെയ്തുവെന്നയുള്ളൂ. കൂട്ടുകാരന്‍ ഒരു മാസം ഉപയോഗിച്ചുവെന്ന് പറഞ്ഞ് മല്‍ബിക്കു മുന്നില്‍ എന്തിനു നാണം കെടണമെന്നോര്‍ത്ത് മല്‍ബു കാച്ചി.
മൊബൈലിലെ കോണ്‍ടാക്ടില്‍ കൂട്ടുകാരന്‍ സേവ് ചെയ്തിരുന്ന ഒരു ലേഡി നമ്പര്‍ കനല്‍ കോരിയിട്ട മനസ്സുമായാണ് മല്‍ബി വിളിച്ചതെന്ന് ഇന്നിപ്പോള്‍ മല്‍ബു ശരിക്കുമറിയുന്നു.
പൊട്ടിത്തെറിയുടെ വക്കിലെത്തിനില്‍ക്കുന്ന ആ ബന്ധം നേരെയാക്കാനുതകുന്ന ഒരു പഞ്ഞിനൂലു പോലും കാണാനില്ല. പഞ്ഞി കൊണ്ടുപോയ കൂട്ടുകാരനും അല്ലാത്ത കൂട്ടുകാരുമൊക്കെ ശ്രമിച്ചിട്ടും മല്‍ബിയുടെ മനസ്സാകുന്ന പഞ്ഞിക്കെട്ടില്‍ വീണ തീ അണക്കാനാകുന്നില്ല.

March 6, 2011

ബാങ്ക് ഓഫ് അയമീച്ച

അതിശയപ്പെടേണ്ട. വേറെ രാജ്യക്കാരനൊന്നുമല്ല. ഒരു സാദാ മല്‍ബു തന്നെ. സാദാ എന്നു പറയാന്‍ പറ്റില്ല,  സ്വപ്‌നങ്ങളും പ്രതീക്ഷകളുമായി വിമാനം കയറി സ്വന്തം വഴി തെരഞ്ഞെടുത്ത ഒരു അത്യുത്തര ദേശക്കാരന്‍. പേരു വിളിക്കുന്നതില്‍ പോലും ആദരവ് പ്രകടിപ്പിക്കുന്നവരാണ് ഉത്തര ദേശക്കാര്‍. അഹമ്മദ് എന്ന പേര് ലോപിച്ച് അയമദും പിന്നീട് അതു അയമീച്ചയായും മാറുന്നു.
അയമീച്ചക്കും അഹമ്മദായ ഒരു കാലമുണ്ടായിരുന്നു. എല്ലാവരേയും പോലെ വിസക്കായി കാത്തിരുന്ന കാലം. ജോലിക്കു പോകുന്നതിനേക്കാള്‍ ഇഷ്ടം ഈ കാത്തിരിപ്പിലായിരുന്നു.
പണിക്കൊന്നും പോകാറില്ലേ എന്നു ചോദിക്കുമ്പോള്‍ വിനയം കലര്‍ത്തിപ്പറയും: "ഇനിയിപ്പോ ഒന്നോ രണ്ടോ ആഴ്ച കൊണ്ട് വിസയിങ്ങെത്തും. അതിനിടയില്‍ ഒരു ജോലിക്കൊക്ക കയറിയിട്ടെന്താ?'
മുംബൈയിലും പിന്നെ മംഗലാപുരത്തും ഇറങ്ങുന്ന ഫാഷനുകള്‍  താമസംവിനാ ഉത്തരദേശത്തും എത്തിക്കുന്നതിനാണ് പഠനം നിര്‍ത്തി വിസക്കുവേണ്ടിയുള്ള കാത്തിരിപ്പിന്റെ ഈ കാലം.
ഗള്‍ഫ് മോഹിക്കുന്ന അത്യുത്തര ദേശക്കാര്‍ക്ക് രണ്ട് പാസ്‌പോര്‍ട്ടുണ്ടാകുമെന്ന് പ്രചരിച്ച ഒരു കഥയുണ്ട്. പോകാനുദ്ദേശിക്കുന്നുണ്ടെങ്കില്‍ ഇരട്ട പാസ്‌പോര്‍ട്ടെങ്കിലും വേണമെന്ന് മുതിര്‍ന്ന പ്രവാസികള്‍ ചെറുപ്പക്കാരെ ഉപദേശിക്കാറുണ്ടത്രെ. എന്നാല്‍ ഈ കഥ വിശ്വസിക്കാന്‍ വസ്തുതകള്‍ ലഭ്യമല്ല. നേര്‍വിപരീതമാണ് അനുഭവം. പല കാരണങ്ങള്‍കൊണ്ട് പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ട് അന്യന്റെ പാസ്‌പോര്‍ട്ടില്‍ തല മാറ്റി വന്നു കരിപ്പൂര്‍, നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ പിടിയിലാകുന്നവരില്‍ അത്യുത്തര ദേശക്കാരുമുണ്ട്.
ഒന്നോ രണ്ടോ അനുഭവങ്ങളെ സാമാന്യവല്‍ക്കരിക്കുമ്പോള്‍ എന്തൊക്കെ അബദ്ധങ്ങള്‍ സംഭവിക്കുന്നു. യാഥാര്‍ഥ്യങ്ങള്‍ക്കുനേരെ കൊഞ്ഞനം കുത്തുന്ന നോവലുകളും സിനിമകളുംവരെ ഉണ്ടാകുന്നു.
നമ്മുടെ കഥാനായകന്‍ മല്‍ബു ഗള്‍ഫിലെത്തി അയമീച്ചയാകുന്നതിനു മുമ്പ് വേറെയുമുണ്ടായി കഥകള്‍. ജോലിയൊന്നുമില്ലാതെ മുറിയില്‍ കുത്തിയിരുന്ന മല്‍ബുവിനെ ബന്ധുക്കള്‍ ചേര്‍ന്ന് ഒരു പാക്കിസ്ഥാനിയുടെ ഹോട്ടലില്‍ കൊണ്ടുചെന്നാക്കി. സപ്ലൈ ആയിരുന്നു ജോലി. ആദ്യത്തെ ദിവസം തന്നെ മല്‍ബുവിന്റെ അഭിമാനം ചവിട്ടിയരക്കപ്പെട്ട സംഭവമുണ്ടായി. വീട്ടില്‍നിന്ന് കുട്ടികള്‍ക്കുപോലും ചോറ് വാരിക്കൊടുക്കാത്ത മല്‍ബുവിനോട് ഹോട്ടലിലെ കാഷ്യര്‍ കല്‍പിച്ചു:
ദാ അബ്‌ടെ ചാവല്‍ ബാരിക്കൊടുക്ക്.
ദേഷ്യം വന്ന മല്‍ബു കാഷ്യറെയിട്ടു പെരുമാറിയില്ലെന്നേയുള്ളൂ. ചെറിയ കുട്ടിയാണെങ്കില്‍ ചോറു വാരിക്കൊടുക്കാന്‍ പറഞ്ഞത് ക്ഷമിക്കാം. ഇതു ആജാനബാഹുവായ ഒരു പാക്കിസ്ഥാനിക്ക് ചോറു വാരിക്കൊടുക്കാന്‍ കല്‍പിക്കുക. എന്താ കഥ?
ബാരിക് ചാവല്‍ അഥവാ പച്ചരിച്ചോറ് കൊടുക്കാനാണ് കാഷ്യര്‍ ആവശ്യപ്പെട്ടത്. ബാരിക് കൊടുക്കാന്‍ പറഞ്ഞത് ബാരിക്കൊടുക്കാനായി. ഉത്തര ദേശക്കാര്‍ പൊതുവെ ഉപയോഗിക്കുന്നതാണ് ഈ ബാരല്‍. സ്‌നേഹം ബാരിക്കോരി കൊടുക്കുന്നവരാണ് അവര്‍.
ഈ കഥ കെട്ടിയേല്‍പിച്ചതായാലും അല്ലെങ്കിലും മല്‍ബു ഹോട്ടലില്‍നിന്നിറങ്ങി. പിന്നെ പുതിയ മേച്ചില്‍പുറങ്ങള്‍ തേടി അവസാനം സ്വന്തം പേരില്‍ ഒരു ബാങ്കായി.
ഹോട്ടല്‍ ജോലി മതിയാക്കിയ മല്‍ബു അല്ലറ ചില്ലറ ജോലി ചെയ്തിരുന്നു. പിന്നീടാണ് ഉള്ളവന്‍ ഇല്ലാത്തവന്റെ കഴിവുകേടിനെ അന്യായമായി ചൂഷണം ചെയ്യുന്നുവെന്ന് അസൂയാലുക്കള്‍ പറയുന്ന തൊഴിലില്‍ പ്രവേശിച്ചത്. വിശദീകരിച്ചു പറയാനൊന്നുമില്ല. എല്ലാ സ്ഥലത്തും ഇങ്ങനെ ഒരു മല്‍ബുവിനെ കണ്ടെത്താം.
ബാങ്ക് വഴിയല്ലാതെ നാട്ടില്‍ ബന്ധുക്കള്‍ക്ക് പണം എത്തിച്ചു കൊടുക്കുന്ന നിരുപദ്രവമായ ഇടപാടാണ് ജോലി. പക്ഷേ, അങ്ങനെ നിരുപദ്രവമായ ഹവാലയെന്ന ഹുണ്ടികയിലല്ല അയമീച്ച നോട്ടമിട്ടത്.
നാട്ടില്‍ അത്യാവശ്യ കാര്യങ്ങള്‍ക്ക് പണമില്ലാതെ നട്ടം തിരിയുന്ന  മല്‍ബിക്ക് പണമയക്കാന്‍ വഴി കാണാതെ താടിക്ക് കൈയും വെച്ചിരിക്കുന്ന മല്‍ബുകളെ തേടിയായിരുന്നു അയമീച്ചയുടെ യാത്ര. പതിനായിരം രൂപ വീട്ടിലെത്തിച്ചാല്‍ അടുത്ത മാസം ശമ്പളം കിട്ടിയാല്‍ അതിനുള്ള റിയാലും അതോടൊപ്പം 50 റിയാല്‍കൂടി ചേര്‍ത്തു കൊടുത്താല്‍ മതി. പ്രയാസപ്പെടുന്നവര്‍ അയമീച്ചയെ തേടി വന്നപ്പോള്‍ ബാങ്ക് ഓഫ് അയമീച്ചയുടെ പ്രചാരമേറി.
പലിശക്കാരന്‍ നാളെ പരലോകത്ത് രക്തപ്പുഴയില്‍ നീന്തേണ്ടിവരുമെന്നും അന്യരുടെ ധനത്തില്‍ ആര്‍ത്തി പൂണ്ടവരുടെ വായിലേക്ക് കല്ലുകള്‍ എറിയപ്പെടുമെന്നല്ലേ മുത്തുനബി ഉണര്‍ത്തിയതെന്നു പറയുമ്പോള്‍ അയമീച്ച പറയും:
"പതിനായിരം അയക്കാന്‍ എല്ലാവരും നൂറാണ് വാങ്ങുന്നത്. ഞാന്‍ അമ്പതല്ലേ അധികം വാങ്ങുന്നുള്ളൂ.'
ചോദിക്കട്ടെ, നിങ്ങളുടെ ചുറ്റുവട്ടത്ത് എത്ര അയമീച്ചമാരുണ്ട്? 
Related Posts Plugin for WordPress, Blogger...