Pages

പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..

March 13, 2011

പഞ്ഞിക്കെട്ടില്‍ തീ

പരുത്തിക്കായയുടെ അകത്തുള്ള മൃദുവായ വെളുത്ത നാരുകള്‍ ചേര്‍ന്ന വസ്തുവാണ് പഞ്ഞി. ഉന്നം, കിടക്കപ്പഞ്ഞി, നൂല്‍പഞ്ഞി, ഇലവിന്‍ പഞ്ഞി, പരുത്തി നൂല്‍, പഞ്ഞിക്കായ്, പഞ്ഞിക്കുരു, പഞ്ഞിമരം എന്നിങ്ങനെ പഞ്ഞിയുമായി ബന്ധപ്പെട്ട് പലതും പറയാനുണ്ടെങ്കിലും പ്രവാസികള്‍ക്കോര്‍മ വരിക ഇതൊന്നുമല്ല.
നാട്ടിലേക്കുള്ള യാത്രയില്‍ എയര്‍ലൈന്‍ അനുവദിക്കുന്ന ലഗേജിന്റെ അവസാന പരിധിയായ നാല്‍പത് കിലോയില്‍ ഒതുക്കാന്‍ പാടുപെടുന്നതിനിടെ എത്തുന്ന അതിഥികളാണ് അവര്‍ക്ക് പഞ്ഞി.
കാണാന്‍ പഞ്ഞിക്കെട്ട് പോലെ വലുതാണെങ്കിലും കനം ഒരു കിലോയില്‍ കൂടില്ല കേട്ടോയെന്ന് പഞ്ഞിയുടമ പറയുമ്പോള്‍, അതിനെന്താപ്പാ, ഇനിയുമുണ്ടോ ഒരുകിലോ കൂടി. കൊണ്ടു വന്നോളൂ. ഞാന്‍ നിങ്ങടെ ഒരു പഞ്ഞി പ്രതീക്ഷിച്ചതാ...
ഒതുക്കിയിട്ടും ഒതുങ്ങാത്ത പെട്ടിയോട് മല്ലിടുന്ന മല്‍ബു സങ്കടമൊതുക്കി മുഖത്ത് ചിരി വരുത്തി മറുപടി നല്‍കും.
ഡോര്‍ ടു ഡോര്‍ സര്‍വീസുകളും കാര്‍ഗോയും സാര്‍വത്രികമായ ഇക്കാലത്തുമുണ്ടോ പഞ്ഞിയെന്നു ചോദിക്കാം.
ഇല്ലെന്നു പറയാന്‍ പറ്റില്ല. പ്രവാസിയുള്ളിടത്തോളം കാലം പഞ്ഞിയുണ്ടാകും. രണ്ടറ്റം മുട്ടിക്കാനുള്ള ഓട്ടത്തിനിടെ രണ്ടു വര്‍ഷമായിട്ടും ഒരു തവണ പോലും ടെലിഫോണ്‍ ചെയ്യാന്‍ മറന്നുപോയാലും  നാട്ടില്‍ പോന്നൂട്ടോ, പിള്ളേര്‍ക്ക് കൊടുക്കാന്‍ വല്ലതുമുണ്ടെങ്കില്‍ കൊണ്ടുവന്നോളൂ എന്നു പറയാതിരിക്കാന്‍ പ്രവാസിക്ക് കഴിയില്ല.
ഇതിനെ പരസ്പര ബന്ധം ഊട്ടിയുറപ്പിക്കുന്ന പഞ്ഞിനൂലെന്നു പറയുന്നതിനേക്കാളും ഒരു പഞ്ഞിക്കടം തീര്‍ക്കലെന്നു പറയുന്നതാകും കൂടുതല്‍ ചേരുക. കാരണം ഇന്നാളവന്‍ പോയപ്പോള്‍ അങ്ങോട്ടുവെച്ച പഞ്ഞിക്ക് പ്രത്യുപകാരം ചെയ്യേണ്ട സന്ദര്‍ഭമാണിത്.
പഞ്ഞി പേടിച്ചവന്‍ നാട്ടില്‍ പോകുന്നത് പറഞ്ഞില്ല  എന്ന പേരുദോഷം എന്തിനു നേടണം.
പഞ്ഞിക്കെട്ടില്‍ തീ വീണ പോലെയെന്നൊരു ചൊല്ലുണ്ട്. പരസ്പര ബന്ധത്തില്‍ വിള്ളലുണ്ടാക്കാന്‍ ഈ പഞ്ഞിക്കുള്ള കഴിവ് ഒന്നു വേറെ തന്നെയാണ്. ബഹുവിശേഷം.
ഇനിയൊരിക്കലും പഞ്ഞി കൊടുക്കേമില്ല, വാങ്ങേമില്ല എന്നു ദൃഢനിശ്ചയത്തോടെ പ്രഖ്യാപിക്കാന്‍ ഒരു മല്‍ബു ഒരുമ്പെടുമ്പോള്‍ അതിനു പിന്നില്‍ തക്കതായ കാരണമുണ്ട്. കേട്ടുകഴിയുമ്പോള്‍ പ്രവാസി അങ്ങനെയൊക്കെ ചെയ്യുമോ എന്നു ചോദ്യമുയരാം. കാരണം, സംഗതി നിസ്സാരമാണ്.
ഹൈസ്കൂളില്‍ പഠിക്കുന്ന മകന്‍ പലതവണ പറഞ്ഞപ്പോഴാണ് അവന്‍ ഇഷ്ടപ്പെട്ട ചേലുള്ളൊരു വാച്ച് വാങ്ങി കൂട്ടുകാരനെ ഏല്‍പിച്ചത്. ഒരു ചിന്ന പഞ്ഞി.
വാച്ച് കണ്ടപ്പോള്‍ കൂട്ടുകാരനൊരു മോഹം. അതു നാട്ടില്‍ പോയി മടങ്ങുമ്പോള്‍ കൊടുത്താല്‍ പോരേ. നാട്ടീന്നു കെട്ടാന്‍ ഞാനൊരു വാച്ച് വാങ്ങീട്ടുണ്ട്. എന്നാലും ഇതിന്റെ ചേലൊരു ചേല് തന്നെ. ഇടക്കൊക്കെ ഒന്ന് മാറിക്കെട്ടാലോ. നാട്ടിലെ ചെക്കന്മാരുടെ കൈയില്‍ എന്തൊക്കെ ടൈപ്പ് വാച്ചുകളാ. നമ്മളൊന്നും കണ്ടിട്ടു പോലുമുണ്ടാവില്ല.
ഓ, അതിനെന്താ, അങ്ങനെ ആയിക്കോട്ടെ. ഒരു മാസം നിങ്ങള്‍ കെട്ടി തിരിച്ചുപോരുമ്പോള്‍ കൊടുത്താല്‍ മതി.
വാച്ച് കൊടുത്തയച്ചിട്ടുണ്ടെന്നും കപ്പലിലാണെന്നും ഒരു മാസം കഴിഞ്ഞാലേ കിട്ടൂ എന്നും മകനെ വിശ്വസിപ്പിച്ചു.
കൂട്ടുകാരന്‍ വാക്ക് പാലിച്ചു. 29-ാം നാള്‍ വാച്ചെത്തിച്ചു. പക്ഷേ, മല്‍ബുവിനെ ഞെട്ടിച്ചുകൊണ്ട് തൊട്ടടുത്ത ദിവസം മകന്റെ ഫോണ്‍. ഈ പന്ന വാച്ച് കപ്പലില്‍ അയക്കേണ്ടിയിരുന്നില്ല. കൊടുത്തയച്ച വാച്ചല്ല കൂട്ടുകാരന്‍ മകനു കൊടുത്തതെന്നറിഞ്ഞ മല്‍ബു അന്നാണ് സഹമുറിയനെ സാക്ഷിയാക്കി ശപഥമെടുത്തതും ഒരു പഞ്ഞിവിരുദ്ധനായതും.
ഇങ്ങനെയൊരു ചതി ചെയ്തതെന്തിനെന്നു ചോദിച്ച് കൂട്ടുകാരനുമായുള്ള ബന്ധം കുളമാക്കിയില്ല. ക്ഷമിച്ചു, അതാണല്ലോ പ്രവാസിയുടെ മുഖമുദ്ര.
എല്ലാമെല്ലാം പഞ്ഞിപ്പൊതിയില്‍ വീണ അമ്പ് പോലെയാവില്ലല്ലോ. പഞ്ഞിക്കെട്ടില്‍ തീ വീണതുപോലെയുമാകും ചിലത്. അങ്ങനെ പഞ്ഞി വിതച്ച തീരാ സങ്കടത്തിലാണൊരു മല്‍ബു.
സംഗതി നിസ്സാരമായിരുന്നു. നാട്ടിലുള്ള മല്‍ബിക്കൊരു മൊഞ്ചുള്ള ഫോണ്‍ വാങ്ങി. കൊടുത്തയക്കാന്‍ ആളെ തിരഞ്ഞപ്പോള്‍... ദേ, കൂട്ടുകാരന്‍ പോകുന്നു.
ഫോണിന്റെ മൊഞ്ച് കണ്ടപ്പോള്‍ കൂട്ടുകാരനൊരു പൂതി.
ഇതു സൂപ്പര്‍ ഫോണാണല്ലോ. എനിക്കൊരു മാസേ ലീവുള്ളൂ. അതുവരെ ഇതു ഉപയോഗിച്ച് തിരിച്ചു വരുമ്പോള്‍ കൊടുത്താല്‍ പോരേ?
ഓ ആയിക്കോട്ടെ. നിന്റെ പൂതി തീരട്ടെ, വരുമ്പോള്‍ കൊടുത്താല്‍ മതി.
കൂട്ടുകാരന്‍ വാക്കു പാലിച്ചു. ഗള്‍ഫിലേക്ക് പോരുന്നതിന് തലേന്നാള്‍ ഫോണ്‍ മല്‍ബിക്കെത്തിച്ചു.
ഉപയോഗിച്ച ഫോണ്‍ ആണോ കൊടുത്തയച്ചതെന്ന് അടുത്ത ദിവസം മല്‍ബിയുടെ ഫോണ്‍.
ഏയ്, പുതിയതു തന്നാ. ഞാന്‍ ഇവിടെ ഒന്നു ട്രൈ ചെയ്തുവെന്നയുള്ളൂ. കൂട്ടുകാരന്‍ ഒരു മാസം ഉപയോഗിച്ചുവെന്ന് പറഞ്ഞ് മല്‍ബിക്കു മുന്നില്‍ എന്തിനു നാണം കെടണമെന്നോര്‍ത്ത് മല്‍ബു കാച്ചി.
മൊബൈലിലെ കോണ്‍ടാക്ടില്‍ കൂട്ടുകാരന്‍ സേവ് ചെയ്തിരുന്ന ഒരു ലേഡി നമ്പര്‍ കനല്‍ കോരിയിട്ട മനസ്സുമായാണ് മല്‍ബി വിളിച്ചതെന്ന് ഇന്നിപ്പോള്‍ മല്‍ബു ശരിക്കുമറിയുന്നു.
പൊട്ടിത്തെറിയുടെ വക്കിലെത്തിനില്‍ക്കുന്ന ആ ബന്ധം നേരെയാക്കാനുതകുന്ന ഒരു പഞ്ഞിനൂലു പോലും കാണാനില്ല. പഞ്ഞി കൊണ്ടുപോയ കൂട്ടുകാരനും അല്ലാത്ത കൂട്ടുകാരുമൊക്കെ ശ്രമിച്ചിട്ടും മല്‍ബിയുടെ മനസ്സാകുന്ന പഞ്ഞിക്കെട്ടില്‍ വീണ തീ അണക്കാനാകുന്നില്ല.

17 comments:

Muhammed Shafi said...

മല്‍ബു.... എനിക്കും ഉണ്ട് ഒരു പഞ്ഞിക്കെട്ടു നാട്ടിലേയ്ക്ക്..... :)

vimala johny said...

panji...aa vaakkinu ingine oru naanaartham koodi undu... ningalude okke dicnariyil ...ille?
kollaam...!

faisal said...

Nice ivide athin pillow enna per

Anonymous said...

idh oru pannikeetu thanneyaaa

shafeeque said...

nannayitund

shafeeque said...

naatil pokunnad orma vannu.....

parammal said...

നന്നായി പഞ്ഞി കേട്ട് പോലെ മൃദുലം ഈ രചന ....!!

Abdul Jabbar said...

ennal ee "panhi" koodi pidicholoo"
Thanks ......

അരസികന്‍ said...

ആശയം പഞ്ഞി പോലെ മൃദുലം, പഞ്ഞി പോലെ കനവും.

Naushu said...

നാട്ടില്‍ പോവുമ്പോള്‍ പറയണേ ....

കുമാരന്‍ | kumaran said...

കൊള്ളാമല്ലൊ പഞ്ഞിക്കഥ.

ഉസ്മാന്‍ ഇരിങ്ങാട്ടിരി said...

പഞ്ഞിയെന്ന പേര് വന്നത് ഒരു പക്ഷെ തിരുകിക്കയറ്റല്‍ എന്ന അര്‍ത്ഥത്തിലാവും. മൂക്കില്‍ പഞ്ഞി വെക്കല്‍ എന്ന പ്രയോഗം തന്നെയുണ്ടല്ലോ? സ്വന്തം സാധനങ്ങള്‍ അടുക്കി വെച്ച് പിന്നീടുണ്ടാവുന്ന വിടവിലാണ് ഇതിന്റെ സ്ഥാനം .. സത്യത്തില്‍ ഇപ്പോള്‍ ഡോര്‍ ടു ഡോര്‍ ഒക്കെ ഉള്ളത് കൊണ്ട് എന്തിനാണ് ഇങ്ങിനെ പഞ്ഞിവെക്കുന്നത്‌? ആട്ടു നോറ്റ് നാട്ടില്‍ പോകുന്നവന് അവനു തന്നെ ഉണ്ടാകും എമ്പാടും.. പിരാകി പറഞ്ഞു എന്തിനു മറ്റുള്ളവരെ ബുദ്ധിമുട്ടിക്കണം ?

ഉസ്മാന്‍ ഇരിങ്ങാട്ടിരി said...
This comment has been removed by the author.
sm sadique said...

ജീവിതം വെറും പഞ്ഞികെട്ട്പോൽ

വാഴക്കോടന്‍ ‍// vazhakodan said...

ഇത് മിക്കവാറും സര്‍വ്വ സാധാരണമാ‍ണ്.
നന്നായി എഴുതി!

kavitha sukesh said...

പഞ്ഞികെട്ടിലെ തീ പ്രതീക്ഷകളുടെ മഴവെള്ള പാച്ചിലില്‍ അണഞ്ഞു പോകുമെന്ന് പ്രത്യാശിക്കാം..

sreekutty said...

പ്രവാസികളുടെ ജീവിതാനുഭവം നന്നായി എഴുതി

Related Posts Plugin for WordPress, Blogger...