Pages

പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..

Showing posts with label മല്‍ബു. Show all posts
Showing posts with label മല്‍ബു. Show all posts

May 26, 2014

മാങ്ങാക്കൊതി



നടക്കാനിറങ്ങിയ മല്‍ബു എതിര്‍ദിശയില്‍നിന്ന് വരുന്ന രൂപം കണ്ട് ആദ്യം ഒന്നു പകച്ചു.

തൊട്ടടുത്ത് എത്തിയപ്പോള്‍ മാത്രമാണ് കണ്ണ് മാത്രം പുറത്തു കാണുന്ന ജീവി മൊയ്തുവാണെന്ന് മനസ്സിലായത്.

ഫുള്‍ കൈ ബനിയനും തൊപ്പിയും മാസ്‌കും.

ഇതാണ് ശരിക്കും കൊറോണ വൈറസ്.

കളിയാക്കണ്ട -മാസ്‌ക് താഴ്ത്തി മൊയ്തു പറഞ്ഞു.

കളിയാക്കിയതല്ല, വൈറസ് പമ്പ കടക്കാന്‍ ഈ കോലം മാത്രം മതി.

പിന്നെ, പമ്പ കടന്നതു തന്നെ.

അതെന്താ?

അതിന് എയര്‍ ഇന്ത്യ സമയത്തിനു പോയിട്ടു വേണ്ടേ?

കൊറോണപ്പേടി അവിടെ നില്‍ക്കട്ടെ, ഞാന്‍ വായ്പ ചോദിച്ച കാര്യം എന്തായി?

മല്‍ബൂ, നിനക്കിങ്ങനെ കടം ചോദിച്ചു നടക്കുന്ന സമയം കൊണ്ട് ബാങ്കില്‍ പോയി അക്കൗണ്ട് ശരിയാക്കിക്കൂടെ?

ദാനത്തേക്കാള്‍ ഉദാത്തമാണ് വായ്പയെന്ന് പറഞ്ഞു നടക്കുന്നയാളാണ്. കടം ചോദിക്കുന്നവനാണ് യഥാര്‍ഥ മുട്ടുകാരന്‍. ദാനം കിട്ടുന്നവന്‍ ആവശ്യക്കാരനാകണമെന്നില്ല - നൂറുനാക്കോടെ ഇതൊക്കെ പറയുന്നയാള്‍ സ്വന്തം തടിക്ക് വന്നപ്പോള്‍ നേരെ ഉള്‍ട്ട.

ബാങ്കില്‍ പോകാഞ്ഞിട്ടല്ല. അക്കൗണ്ട് ശരിയാകണമെങ്കില്‍ ഇഖാമ അപ്‌ഡേറ്റ് ചെയ്യണം. അതിന് പേര് ഇംഗ്ലീഷിലും അറബിയിലും ഒരുപോലെയാക്കണം.

ഇഷ്ടമുണ്ടായിട്ടല്ല, വായ്പ ചോദിക്കാന്‍ നിര്‍ബന്ധിതനായതാണ്.

പണമയക്കാഞ്ഞിട്ട് മല്‍ബിയുടെ വിളിയോടു വിളി. പണത്തിനുള്ള കണക്ക് നിരത്തുന്നതിനിടയില്‍ ഇവിടെ കൊറോണയാണെന്നു പറഞ്ഞപ്പോള്‍ അവിടെ കേട്ടത് കരയണോന്ന്.

പിന്നെയും കൊറോണാന്നു പറഞ്ഞപ്പോള്‍ മക്രോണയില്‍ എന്തുണ്ടായീന്ന് മറുചോദ്യം.

മല്‍ബി കുറേക്കാലം താമസിച്ച ജിദ്ദയിലെ ഒരു സ്ഥലമാണ് മക്രോണ.

പണം ഉടന്‍ കിട്ടിയേ തീരൂ. രണ്ട് കല്യാണവും ഒരു പുരപ്പണിയും. എല്ലാം കുടുംബക്കാരുടേത്. അതിനു പുറമേയാണ് അല്‍ഫോന്‍സയുടെ കാര്യം.

പത്ത് കിലോ അല്‍ഫോന്‍സ കൊടുത്തയച്ചു എന്നാണ് കരുതിയത്.

മൊയ്തൂന്റെ മല്‍ബി കഴിഞ്ഞ ദിവസം അല്‍ഫോന്‍സ കൊടുത്തയച്ചതുകൊണ്ട് ഫ്‌ളാറ്റില്‍ ഉത്സവമായിരുന്നു. യൂറോപ്പിലേക്കിപ്പോള്‍ അല്‍ഫോന്‍സയുടെ കയറ്റുമതിയില്ല. അതുകൊണ്ടു തന്നെ വിമാനങ്ങളില്‍ മല്‍ബികളുടെ സ്‌നേഹം ചാലിച്ച മാമ്പഴമാണ് കയറി വരുന്നത്.

മാങ്ങയല്ല, തേങ്ങയാണെന്ന് മല്‍ബി തിരുത്തി. എന്താവശ്യം ഉണ്ടെങ്കിലും ചോദിക്കാന്‍ മടിക്കണ്ടാന്ന് നിങ്ങള്‍ എന്റെ മുമ്പീന്നല്ലേ അവരോട് പറഞ്ഞത്. ഇപ്പോള്‍ മൂത്ത മോളെ കോളേജില്‍ ചേര്‍ക്കുന്നതിന് പതിനായിരം രൂപ വായ്പ ചോദിച്ചാണ് അല്‍ഫോന്‍സ വന്നത്.

അല്‍ഫോന്‍സ ഇങ്ങനെ ചതിക്കുമെന്ന് കരുതിയതല്ല.

ഫേസ് ബുക്ക് കൂട്ടായ്മയിലാണ് വര്‍ഷങ്ങള്‍ക്കു ശേഷം അല്‍ഫോന്‍സയെ കണ്ടത്. കൂടെ ഹൈസ്‌കൂളില്‍ പഠിച്ചതാണ്. അവളുടെ ഭര്‍ത്താവ് ഇട്ടേച്ചു പോയീന്നും വാര്‍പ്പ് പണിക്ക് പോയാണ് കുടുംബം പുലര്‍ത്തുന്നതെന്നും പറഞ്ഞപ്പോള്‍ തട്ടിവിട്ടതായിരുന്നു.

എന്തെങ്കിലും അത്യാവശ്യം വന്നാല്‍ ചോദിക്കാന്‍ മടിക്കണ്ട എന്ന്. മല്‍ബിയെ വിസ്തരിച്ച് പരിചയപ്പെടുത്തുകയും ചെയ്തു. മല്‍ബിയെ ഒരു വര്‍ഷത്തേക്ക് നാട്ടില്‍ വിട്ടത് വലിയ പൊട്ടത്തരമായെന്ന ചിന്തയിലാണിപ്പോള്‍ മല്‍ബു. മാസച്ചെലവ് ഇവിടെയായാലും അവിടെയായാലും ഒരുപോലെ ആയിരിക്കുന്നു. രൂപയായി വലിയ തുക ട്രാന്‍സ്ഫര്‍ ചെയ്യാം. പക്ഷേ, എല്ലാം അപ്പപ്പോള്‍ തീരുന്നു. കല്യാണമായും ഹൗസ് വാമിംഗായും എല്ലാ മാസവും എക്‌സട്രാ ചെലവുണ്ട്.

ഗള്‍ഫുകാരന്റെ വീട്ടുകാരിയാണ്. മാമൂല്‍ നോക്കാതെ ചുമ്മാ അങ്ങനെ പോകാന്‍ കഴിയില്ലെന്നാണ് മല്‍ബിയുടെ തീരുമാനം. ഓരോ ചടങ്ങിനും ഉടുത്തൊരുങ്ങാന്‍ വെവ്വേറെ സാരിയൊന്നും വേണ്ട.

നാലാള് നിങ്ങളെ കുറ്റം പറയരുത്. അവിടെ ഓനെന്തെടുക്കാണെന്ന് ചോദിക്കാന്‍ ഇടവരരുത് -ഇതാണ് മല്‍ബിയുടെ നയപ്രഖ്യാപനം.

മോണിറ്ററി ഏജന്‍സിയുടെ പുതിയ ചട്ടം വന്നപ്പോള്‍ പേരിലെ കുഴപ്പം കാരണം അക്കൗണ്ട് ബ്ലോക്കായത് മല്‍ബുവിന് മാത്രമല്ല. ഒന്നും രണ്ടും മാസം ശമ്പളം മുടങ്ങിയവര്‍ ധാരാളം.

ബാങ്കില്‍ പോയപ്പോള്‍ ഒരാളെ കണ്ടു. അയാളുടെ ശമ്പളം മാത്രമല്ല, മകന്‍ ദുബായീന്ന് അയച്ച പതിനായിരം റിയാലും ബ്ലോക്കായി. അത് ഉഗ്രനായിട്ടുണ്ട്. ബ്ലോക്കായ അക്കൗണ്ടിലേക്ക് മകനെ കൊണ്ട് എന്തിന് പണം അയപ്പിച്ചു?

അതൊരു കഥയാണ്.

ജിദ്ദയില്‍ വന്നു തിരിച്ചുപോയ കൂട്ടുകാരാണ് പണത്തിനുള്ള അയാളുടെ പ്രതിസന്ധി മകനെ അറിയിച്ചത്. ഇഖാമയുടെ കുഴപ്പവും അക്കൗണ്ട് മുടങ്ങിയതുമൊക്കെ അയാള്‍ അവരോട് സൂചിപ്പിച്ചിരുന്നു. സര്‍പ്രൈസായിക്കോട്ടെ എന്നു കരുതി പണം അയച്ച ശേഷമാണ് മകന്‍ ബാപ്പയെ വിളിച്ചത്. പണത്തിന്റെ ആവശ്യത്തെക്കുറിച്ച് തന്നൊടൊരു വാക്കു പറയാതെ, കൂട്ടുകാരോട് പറഞ്ഞുവെന്ന പരിഭവവും പങ്കുവെച്ചു. മല്‍ബുവിന്റെ ഇഖാമയില്‍ ബാപ്പയാണ് പ്രശ്‌നം.

അറബിയില്‍ പേരിന്റെ കൂടെ ബാപ്പയുടെ പേരുണ്ട്. ഇംഗ്ലീഷിലില്ല. ഇംഗ്ലീഷില്‍ ബാപ്പയെ ചേര്‍ക്കുകയോ അറബിയില്‍നിന്ന് ഒഴിവാക്കുകയോ ചെയ്യാതെ നിര്‍വാഹമില്ല. അതുവരെ മല്‍ബുവിന് കടം ചോദിക്കാതിരിക്കാന്‍ വയ്യ.

അഴിഞ്ഞാട്ടക്കാരി


മല്‍ബി ഉടന്‍ തറവാട്ടിലേക്ക് താമസം മാറണമെന്ന മല്‍ബുവിന്റെ കല്‍പന ശരിക്കും ഞെട്ടിക്കുന്നതായിരുന്നു. തികച്ചും അപ്രതീക്ഷിതം.
എന്തുകൊണ്ട് എന്ന ചോദ്യത്തിനു പ്രസക്തിയില്ല.
പറയുന്നത് മല്‍ബുവാണ്. കേള്‍ക്കുകയും അനുസരിക്കുകയുമാണ് മല്‍ബിയുടെ ഡ്യൂട്ടി.
ഓഫീസിലെ പ്യൂണ്‍ പോലും ഞെട്ടിക്കുകയും കല്‍പിക്കുകയും ചെയ്യുമെങ്കിലും മല്‍ബുവിന് അധികാരം പ്രയോഗിക്കാനുള്ളത് മല്‍ബിയോട് മാത്രമാണ്.
വീടുവെച്ച് താമസമാക്കി അഞ്ച് മാസമായതേയുള്ളൂ. പുതിയ വീട്ടില്‍ താമസം തുടങ്ങണമെന്ന കാര്യത്തില്‍ മല്‍ബുവിനു തന്നെയായിരുന്നു നിര്‍ബന്ധം.
നിങ്ങള്‍ കൂടി നാട്ടിലെത്തിയിട്ട് ഹൗസ് വാമിംഗ് പോരേയെന്ന് മല്‍ബി പലവട്ടം ചോദിച്ചതായിരുന്നു. അതിന് ഒരു വര്‍ഷമെടുക്കുമെന്നും അതുകൊണ്ട് കയറിക്കൂടിക്കോളൂ എന്നുമായിരുന്നു മറുപടി.
ഇപ്പോള്‍ ഇതാ പൊടുന്നനെ പറയുന്നു വീട് പൂട്ടിയിടാന്‍.
തറവാട്ടിലേക്ക് വിളിച്ചുനോക്കി. അവിടെയും എത്തിയിട്ടുണ്ട് കല്‍പന.
അവളേം മക്കളേം ഇനി ഇവിടെ നിര്‍ത്തിയാ മതി.
അവരും ചോദിച്ചു. എന്താ കാര്യം?
ഒന്നും അറിയില്ലാന്ന് മല്‍ബി.
മറ്റൊരു വീട് പണിയുന്നതിനെ കുറിച്ച് ആലോചിക്കാതെ തറവാടും കാത്തുകഴിയുന്ന നാത്തൂന്‍ പറഞ്ഞു.
ആരെങ്കിലും എന്തെങ്കിലും ന്യൂസ് എത്തിച്ചുകാണും. നാട്ടുകാര്‍ക്ക് വേറെ പണിയൊന്നും ഇല്ലല്ലോ? ടി.വിയില്‍ ബ്രേക്കിംഗ് ന്യൂസ് വരുന്നതിനുമുമ്പേ വിവരം ഗള്‍ഫില്‍ പാട്ടാകുന്ന കാലമാണ്.
ഇന്നാള് ആ മൊയ്തുവിന്റെ ഭാര്യ കാറില്‍ കയറുന്ന ഫോട്ടോ മൊയ്തുവിന് വാട്ട്‌സപ്പില്‍ കിട്ടി. അയച്ചതു മറ്റാരുമായിരുന്നില്ല മൊയ്തുവിന്റെ കൂട്ടുകാരന്‍ നാണി.

കുട്ടിയുടെ പാസ്‌പോര്‍ട്ട് എടുക്കാന്‍ പോകുമെന്ന് ഭാര്യ തലേന്ന് തന്നെ മൊയ്തുവിനെ അറിയിച്ചതുകൊണ്ട് നാണിയുടെ ശ്രമം പാളി.
നല്ല ഉദ്ദേശ്യത്തോടെയാണ് ചെയ്തതെന്നും വീട്ടില്‍ ഒരു കണ്ണുവേണമെന്ന് നീ തന്നെയല്ലേ പറഞ്ഞതെന്നും നാണി ന്യായം പറഞ്ഞെങ്കിലും രണ്ടാളും തമ്മിലുള്ള ബന്ധം ഇനിയും പഴയതു പോലെ ആയിട്ടില്ല.
ഇതും അതുപോലെ, ആരെങ്കിലും എന്തെങ്കിലും മല്‍ബുവിന്റെ ചെവിയില്‍ എത്തിച്ചതായിരിക്കും.
ഇനി ആ ഹൈദ്രോസ് ചെയ്തതു പോലെ മൊയ്തു ചെയ്തു കാണുമോ ആവോ?
സംശയരോഗിയായ ഹൈദ്രോസ് ഭാര്യയെ പരീക്ഷിക്കാന്‍ ഫെയ്‌സ് ബുക്കില്‍ വ്യാജ പ്രൊഫൈലുണ്ടാക്കി ചാറ്റ് ചെയ്യാന്‍ മുതിര്‍ന്നു. രണ്ടു വാചകം അടിച്ചപ്പോഴേക്കും മിസിസ് ഹൈദ്രോസ് ആളെ കയ്യോടെ പിടികൂടി.
നിങ്ങള്‍ ഇതിലപ്പുറവും ചെയ്യും ഹൈദ്രോസ്‌കാ.. എന്നു പറഞ്ഞപ്പോള്‍ നീയൊരു വമ്പത്തിയാണെന്നും എങ്ങനെയാണ് ഇവരെയൊക്കെ കൈകാര്യം ചെയ്യുന്നത് എന്നറിയാന്‍ ചെയ്ത വേലയാണെന്നും വിശ്വസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.
പല മാസികകളില്‍ വരുന്ന മനഃശാസ്ത്രജ്ഞനോട് ചോദിക്കാം പംക്തി വായിക്കാറുള്ള മല്‍ബുവും പാതി സംശയരോഗിയാണെന്ന് പെങ്ങള്‍ക്ക് അറിയാം. ഗള്‍ഫുകാരുടെ ദാമ്പത്യത്തെ കുറിച്ചുള്ള ചോദ്യവും ഉത്തരവുമൊക്കെ ഒരേ ഓഫീസില്‍നിന്ന് തയാറാക്കുന്നതാണെന്ന് എല്ലാവര്‍ക്കും അറിയില്ലല്ലോ?
ഇതൊന്നുമല്ല മല്‍ബുവിന്റെ അളിയനു സംശയം.
പെങ്ങള്‍ തറവാട് അടിച്ചുമാറ്റുമെന്ന ഭയം കൊണ്ടാകാം. അതുകൊണ്ടല്ലേ, സ്വന്തം വീടുണ്ടായിട്ടും ഭാര്യയോടും മക്കളോടും തറവാട്ടിലേക്ക് മാറാന്‍ പറഞ്ഞത്. കഴിഞ്ഞയാഴ്ച ഫോണ്‍ ചെയ്തപ്പോള്‍ മല്‍ബു ചോദിച്ചിരുന്നു.
അളിയാക്കാ എന്താ വീടുവെക്കുന്നില്ലേ? നാട്ടില്‍ പണിയെടുത്ത് എങ്ങനെ വീടുവെക്കാനാ എന്നായിരുന്നു അപ്പോള്‍ അളിയാക്കയുടെ മറുപടി.
മല്‍ബിയുടെ പുതിയ വീട് അടച്ചിടുന്നത് ആര്‍ക്കും ദഹിച്ചിട്ടില്ല. ഇങ്ങനെ പൂട്ടിയിട്ടാല്‍ വീട് പിന്നെ ഒന്നിനും കൊള്ളില്ലെന്ന് പറഞ്ഞപ്പോള്‍ അത് ഇടക്കിടെ പോയി തൂത്തുവൃത്തിയാക്കിയാല്‍ മതിയെന്നായിരുന്നു മല്‍ബുവിന്റെ പരിഹാരം.
മക്കളോടൊപ്പം സ്വസ്ഥമായി കഴിഞ്ഞിരുന്ന തന്നെ എന്തിനു തറവാട്ടിലേക്ക് മടക്കിയെന്ന ചോദ്യത്തിനു മല്‍ബിക്ക് ഉത്തരം കിട്ടിയതേയില്ല.
പ്രായമായ ഉമ്മയെ നോക്കാനാണെങ്കില്‍ അവിടെ നാത്തൂനുണ്ട്. ഭര്‍തൃവീട്ടില്‍ പോയി നില്‍ക്കാതിരിക്കാന്‍ അവര്‍ പറയാറുള്ള കാരണം തന്നെ ഉമ്മയെ നോക്കണം എന്നാണ്.
ആളുകള്‍ പലവിധത്തില്‍ സംശയിക്കുന്നുവെന്ന സൂചനകള്‍ മല്‍ബിയുടെ ചെവിയിലുമെത്തി.
അഴിഞ്ഞാട്ടക്കാരി.
പാര്‍ട്ടിക്കാര്‍ അഴിഞ്ഞാടി, സാമൂഹിക ദ്രോഹികള്‍ അഴിഞ്ഞാടി എന്നൊക്കെ പത്രങ്ങളില്‍ വായിച്ചു പരിചയമുള്ള പദമാണെങ്കിലും അതിന്റെ ഇരയാകുമെന്ന് മല്‍ബി ഒരിക്കലും കരുതിയതല്ല.
അഴിഞ്ഞാട്ടക്കാരി എന്ന് ആരും വിളിച്ചില്ലെന്നേയുള്ളൂ. എല്ലാവരുടേയും മുഖഭാവം അങ്ങനെയായിരുന്നു.
ഒടുവില്‍ രണ്ടിലൊന്നറിയാന്‍ മല്‍ബി തീരുമാനിച്ചു. മല്‍ബുവിനെ കൊണ്ട് കാരണം പറയിക്കണം.
ആദ്യം ഉമ്മയെ കൊണ്ട് ചോദിപ്പിക്കാം. മല്‍ബിയുടെ മുമ്പില്‍ വെച്ച് ഉമ്മ ഫോണില്‍ ചോദിച്ചു.
എന്തിനാ മോനേ പുതിയ വീട് പൂട്ടിയിട്ടത്?
ഓളവിടെ ശരിയാവില്ലെന്ന് ഒറ്റവാചകത്തിലായിരുന്നു മറുപടി. രണ്ടാമതൊരു ചോദ്യത്തിന് ഉമ്മാക്കും പേടിയാണ്.
അടുത്ത ദിവസം ഫോണില്‍ കൊഞ്ചാന്‍ വിളിച്ചപ്പോള്‍ മല്‍ബി വെറുതെ വിട്ടില്ല.
ഞാന്‍ അവിടെ ശരിയാവില്ല എന്നു പറയാനുള്ള കാരണം അറിഞ്ഞിട്ടു മതി ബാക്കി.
അതു പിന്നെ ഉമ്മ ചോദിച്ചപ്പോള്‍ അങ്ങനെ പറഞ്ഞതാണെന്നായി മല്‍ബു.
നിങ്ങള്‍ കാരണം ഞാന്‍ അഴിഞ്ഞാട്ടക്കാരിയായി എന്നു കൂടി മല്‍ബി പറഞ്ഞപ്പോള്‍ കാരണം പറയാന്‍ നിര്‍ബന്ധിതനായി മല്‍ബു.
ഗള്‍ഫിലാണ് എന്നു പറഞ്ഞിട്ടൊന്നും കാര്യമില്ല.
ഇവിടേം ജീവിതച്ചെലവ് ഇരട്ടിയായിരിക്കയാണ്. രണ്ടു വീട്ടിലേയും ചെലവ് എനിക്കിനി താങ്ങാന്‍ വയ്യ. നീയും മക്കളും തറവാട്ടില്‍ നിന്നാല്‍ പ്രതിമാസം ലാഭം ചുരുങ്ങിയത് 10,000 രൂപയാണ്.
കേട്ടപ്പോള്‍ മല്‍ബി ത്രിശങ്കുവിലായി.
ഇതിപ്പോള്‍ ആരോടെങ്കിലും പറയാന്‍ പറ്റുന്ന കാരണമാണോ?
ചോദിക്കുന്നവരോട് മാന്ദ്യം എന്നു പറഞ്ഞാല്‍ മതിയെന്ന് മല്‍ബു. തിരിയാത്തവര്‍ ഏതോ വാതം ആണെന്നു വിചാരിച്ചോളും.
എന്നെ അഴിഞ്ഞാട്ടക്കാരിയാക്കിയ നിങ്ങളുടെ ബുദ്ധിക്കാണ് മാന്ദ്യം.
പി.ജിയും ബി.എഡുമുണ്ടായിട്ടും ജോലിക്കു പോകാന്‍ അനുവദിക്കാത്ത മല്‍ബി രോഷത്തോടെ പറഞ്ഞു.

October 14, 2012

ഒട്ടക ഇറച്ചിയും റിയാലും


മൂന്ന് തവണ പെട്ടി കെട്ടിയതേയുള്ളൂ. അതിനിടയില്‍ മല്‍ബു മൂന്ന് ഫ്രീ വിസ ഒപ്പിച്ചു. ഇപ്പോള്‍ വിശ്വസിക്കാന്‍ പ്രയാസമാണെങ്കിലും അക്കാലത്ത് അളിയന്മാര്‍ നിറയെ ഭാഗ്യമുള്ളവരായിരുന്നു. പെട്ടി കെട്ടി ഓരോ തവണ നാട്ടില്‍ പോയി വരുമ്പോഴും മല്‍ബു കൂടെ ഒരു അളിയനെ കൊണ്ടുവന്നു. അറബികളുടെ മനസ്സു കീഴടക്കിയതിന്റെ പാരിതോഷികമായിരുന്നു അതെങ്കിലും അസൂയ മൂത്ത രണ്ട് സീനിയര്‍ മല്‍ബുകള്‍ കളിയാക്കി.
അളിയനെ കൊണ്ടുവരാന്‍ പോകുവാണോ? 


അളിയന്മാരെ കൊണ്ടുവന്ന് ബക്കാലയില്‍ പണിക്കു നിര്‍ത്തി തങ്ങളെ പുറത്താക്കുമെന്ന് അവര്‍ ഭയപ്പെട്ടുവെങ്കിലും ബുദ്ധിയുളള മല്‍ബു അളിയന്മാരെ ഫ്രീയാക്കി വിട്ടു. നല്ല പണി കണ്ടെത്തി അവരൊക്കെ കേമന്മാരാവുകയും ചെയ്തു. ഭാഗ്യം കൊണ്ടുവന്ന ബക്കാലയില്‍ ഉറച്ചുനിന്നതിനാല്‍ മല്‍ബുവിനും ഉണ്ടായില്ല നഷ്ടം. സീനിയര്‍ ജോലിക്കാര്‍ അസൂയയും പിറുപിറുപ്പുമായി നാളുകളെണ്ണിയപ്പോള്‍ മല്‍ബു പലതും നേടി. 


വീട്ടിലെ പൊട്ടിത്തെറികള്‍ ഒഴിവാക്കാന്‍ കഴിഞ്ഞതു തന്നെ  വലിയ നേട്ടം. വിസക്കുവേണ്ടി അളിയന്മാര്‍  കലഹം തുടങ്ങിയ കാര്യം നാട്ടില്‍ പാട്ടായിരുന്നു. എന്തേ അളിയന്മാര്‍ക്ക് വിസ എടുക്കുന്നില്ലെന്ന ഉമ്മയുടേയും പെങ്ങന്മാരുടേയും ചോദ്യങ്ങള്‍ക്ക് മറുപടി പറയുമ്പോള്‍ ബോംബെയില്‍ തന്നെ നിന്നാല്‍ മതിയായിരുന്നു, വെറുതെ കടല്‍ കടന്നുവെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഫ്രീ വിസയെന്നാല്‍ ഫ്രീ ആയിക്കിട്ടുന്ന വിസ. ഇതായിരുന്നു പെങ്ങന്മാരുടെ ധാരണ. അവരെ വീട്ടിലെത്തിച്ച് മല്‍ബുവിനെ പാഠം പഠിപ്പിക്കാന്‍ അളിയന്മാരുടെ സംഘം തീരുമാനിക്കുകയും ചെയ്തിരുന്നു. 


സീനിയോറിറ്റി അനുസരിച്ച് ഓരോ അളിയനേയും വിമാനം കയറ്റിക്കൊണ്ടുവന്നപ്പോഴാണ് തലവേദന ഒഴിവായത്.
മല്‍ബു ആലോചിക്കും.
ഇതുതന്നെയല്ലേ ഓരോ പ്രവാസിയുടേയും നേട്ടം.
സ്വന്തം ജീവിതം ഹോമിച്ച് കുടുംബക്കാരെ കരകയറ്റി. 


ആയിടക്കാണ് ഒരു സംഭവമുണ്ടായത്. 
ഒരു ദിവസം സന്ധ്യാനേരത്ത് ഒരു അറബി വന്ന് മല്‍ബുവിനോട് എന്തോ സ്വകാര്യം പറഞ്ഞു.
മല്‍ബു അത് മുതലാളിയോട് മാത്രം പറഞ്ഞു.
സീനിയേഴ്‌സ് പലതും ഊഹിച്ചു.
പുതിയ വിസ പാസായതായിരിക്കും, അല്ലെങ്കില്‍ തങ്ങളെ കുറിച്ച് പരാതിപ്പെട്ടതായിരിക്കും.
സംസാരിക്കുന്നതിനിടയില്‍ മല്‍ബു ഒരാളുടെ നേരെ കൈ ചൂണ്ടുകയും ചെയ്തിരുന്നു.
പലതായി അവരുടെ ചിന്ത.
ഉള്ള മൂന്ന് അളിയന്മാരും ഇങ്ങെത്തി. ഇനിയിപ്പോ പഠിക്കുന്ന ഒരു അനുജനേയുള്ളൂ. അതുകൊണ്ട് വിസക്കാര്യമാകാന്‍ തരമില്ലെന്ന് അവര്‍ തന്നെ ഉത്തരം കണ്ടെത്തി. പിന്നെ പരാതിക്കും തരമില്ല. കാരണം കുറേയായി ഈ അറബി കടയില്‍ വന്നിട്ട്. അയാള്‍ നാടു വിട്ടുപോയി എന്നാണ് കരുതിയിരുന്നത്.


ഊഹങ്ങള്‍ അവസാനിച്ചില്ലെങ്കിലും രാത്രി ഏതാണ്ട് പത്ത് മണിയായതോടെ അറബി വീണ്ടുമെത്തി. കാര്‍ ബക്കാലയോട് ചേര്‍ത്തു നിര്‍ത്തി മല്‍ബുവിനെ അതില്‍ കയറ്റിക്കൊണ്ടുപോയി.
എങ്ങോട്ടു പോകുന്നുവെന്ന് ചോദിച്ച സീനിയേഴ്‌സിനോട് ദാ ഇപ്പോ വരാം എന്നേ മല്‍ബു പറഞ്ഞുള്ളൂ. മുതലാളിയും ഒന്നും പറഞ്ഞില്ല.
അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ മല്‍ബു കാറില്‍ വന്നിറങ്ങി.
ഒരു കൈയില്‍ പൊതിയും മറുകൈയില്‍ നൂറു റിയാലിന്റ പിടക്കുന്ന ഒരു നോട്ടും.
സീനിയേഴ്‌സിന്റെ സസ്‌പെന്‍സും അസൂയയും ഇരട്ടിപ്പിക്കുന്നതായിരുന്നു മല്‍ബുവിന്റെ ചിരി.
അവരുടെ ആകാംക്ഷക്കും ചോദ്യങ്ങള്‍ക്കും അറുതി വരുത്തി മല്‍ബു പറഞ്ഞു.
പൊതിയില്‍ ഒട്ടകത്തിന്റെ ഇറച്ചി. നല്ലോണം വേവിച്ച് റൊട്ടിക്കു കൂട്ടാം.
റിയാല്‍ എനിക്കുള്ള കൂലി.
അരമണിക്കൂര്‍ കൊണ്ട് നൂറു റിയാല്‍ കൂലിയോ?
എന്തായിരുന്നു ജോലി?
അത് അവരുടെ വീട്ടില്‍ ഒരു ട്യൂബ് ലൈറ്റ് മാറ്റിയിടാനുണ്ടായിരുന്നു. എത്ര വേണമെന്നു ചോദിച്ചു. ഞാന്‍ ഒന്നും പറഞ്ഞില്ല. നൂറു തന്നിട്ട് ഇതു മതിയോ എന്ന് ചോദിച്ചു.
ഇന്നാളൊരു ബള്‍ബിട്ടു കൊടുത്തതിന് ദാ അപ്പുറത്തെ അറബി എനിക്കും നൂറു റിയാല്‍ തന്നു. സീനിയേഴ്‌സില്‍ ഒരാള്‍ രഹസ്യം വെളിപ്പെടുത്തി.
അമ്പടാ കള്ളാ.. ഇതുവരെ ഇതു പറഞ്ഞില്ലെന്ന് സീനിയര്‍ രണ്ടാമന്‍.
കേമത്തമുള്ള പണി പോലും അറബിക്ക് കൈമാറി നാടുവിടാന്‍ നിര്‍ബന്ധിതമാകുന്ന ഇക്കാലത്ത് ഇതൊക്കെ മല്‍ബുകള്‍ക്ക് സുഖമുള്ള ഓര്‍മകള്‍. 

June 19, 2011

ചുകപ്പാണെടീ...

സൂപ്പര്‍ മാര്‍ക്കറ്റില്‍വെച്ചു കണ്ടുമുട്ടിയ ഒരു മല്‍ബി മറ്റൊരു മല്‍ബിയെ ആശ്ലേഷിച്ചുകൊണ്ട് പറഞ്ഞു: ചുകപ്പാണെടീ...
ഇഖാമ തീരാന്‍ ഇനി മൂന്നു മാസം കഷ്ടിച്ചേയുള്ളൂ. ഓരോന്നു കേള്‍ക്കുമ്പോള്‍ നെഞ്ചില്‍ തീയാളുന്നു.
രണ്ടു ചുകപ്പുകാരെ എയര്‍പോര്‍ട്ടില്‍വെച്ച് എക്‌സിറ്റ് അടിച്ചൂന്ന് കേട്ടതില്‍ പിന്നെ അങ്ങേര്‍ക്ക് ജലപാനം നേരെയില്ല. ഇന്നലെ ഒരു പോള കണ്ണടിച്ചില്ല.
നെടുവീര്‍പ്പിടുന്ന മല്‍ബിയോട് അത് ഏറ്റുവാങ്ങാന്‍ ഇരയാക്കപ്പെട്ട മല്‍ബി അങ്ങോട്ട് ചോദിച്ചു:
ആരാ നിന്നോട് എക്‌സിറ്റ് അടിച്ചൂന്നൊക്കെ പറഞ്ഞത്? ഇതൊക്കെ ഓരോരുത്തര് ഉണ്ടാക്കി പറയുന്നതല്ലേ? അങ്ങനെയൊരു സംഭവമേ ഉണ്ടായിട്ടില്ല. കഫീലൊന്നുമില്ലാതെ എയര്‍പോര്‍ട്ടില്‍നിന്ന് അങ്ങനെ എക്‌സിറ്റ് അടിച്ചൊന്നും വിടുകയില്ല.
പറഞ്ഞത് മറ്റാരുമല്ല. നമ്മുടെ വടക്കേതിലെ മല്‍ബി തന്നെയാ. അവള്‍ വിവരം നല്‍കിയതുകൊണ്ട് ഞങ്ങള്‍ വെക്കേഷന്‍ പോകുന്നതുതന്നെ മാറ്റിവെച്ചു. റീ എന്‍ട്രി അടിക്കാന്‍ പോകണ്ടാന്നും ചുകപ്പായതോണ്ട് പോയാലുടന്‍ എക്‌സിറ്റ് അടിക്കുമെന്നുമാണ് അവള്‍ പറഞ്ഞത്.
എന്നാലും മണ്ടീ, നീ വലിയ ടീച്ചര്‍ ഒക്കെയാണല്ലോ. നിനക്കൊന്നാലോചിച്ചൂടേ. കഫീലുമായും കമ്പനിയുമായും ഇടപാടുകളൊക്കെ അവസാനിപ്പിക്കാതെ, പാസ്‌പോര്‍ട്ടുമായി റീ എന്‍ട്രിക്ക് പോകുന്നവരെയൊക്കെ പിടിച്ചങ്ങ് എക്‌സിറ്റ്  അടിക്കുമോ? വെറും ലുങ്കി ന്യൂസാണിത്. ഒരു യുക്തിയുമില്ലാതെ ഇതൊക്കെ വിശ്വസിക്കാനും പരത്താനും കുറെയാളുകളും.
യുക്തിയുടെ കാര്യമൊക്കെ അവിടെ കിടക്കട്ടെ. ഇവിടെ യുക്തിയൊക്കെ തോന്നുന്നതു പോലെയാണ്. നിനക്കറിയാലോ നാണീനെ എക്‌സിറ്റ് അടിച്ചിട്ട് എത്രമാത്രം കഷ്ടപ്പെട്ടിട്ടാ അവന്റെ മല്‍ബി ഇവിടെനിന്നു പോയത്? ഏതോ കാരണത്തില്‍ പിടിയിലായ നാണിയുടെ ഇഖാമയിലായിരുന്നല്ലോ അയാളുടെ ഭാര്യയും മക്കളും. അവരുടെ കാര്യം ഒന്നും ആലോചിക്കാതെ നാണിയെ എക്‌സിറ്റ് അടിച്ചങ്ങ് കയറ്റി വിടുകയായിരുന്നു. അപ്പോള്‍ യുക്തീനെ കുറിച്ചൊന്നും ചിന്തിക്കാന്‍ പറ്റില്ല.
അപ്പോള്‍ ഞാനല്ല, നീയാണ് മണ്ടി. കാര്യങ്ങള്‍ അന്വേഷിക്കാതെ വെറുതെ മണ്ടീന്നൊക്കെ പറയാനെളുപ്പമാണ്. അനുഭവിക്കുന്നവരുടെ കൂടെ ആരും കാണില്ല.
നെടുവീര്‍പ്പ് ഗൗരവത്തിനു വഴിമാറിയപ്പോള്‍ രണ്ടാമത്തെ മല്‍ബിയുടെ യുക്തികളും അസ്്തമിച്ചു. കാല്‍ നൂറ്റാണ്ടായില്ലേ പ്രവാസം തുടങ്ങിയിട്ട്. ഇനിയെങ്കിലും മടങ്ങിക്കൂടേ എന്നു ചോദിച്ചിരുന്നെങ്കില്‍ നെടുവീര്‍പ്പ് ചിലപ്പോള്‍ കയ്യാങ്കളിയിലേക്ക് നീങ്ങിയേനെ.
പരസ്പരം മിണ്ടാതെ നടന്നിരുന്നവര്‍ പോലും ഇപ്പോള്‍ കുശലാന്വേഷണത്തിനും തുടര്‍ന്ന് നിറങ്ങളെ കുറിച്ചുള്ള അന്വേഷണത്തിനും സമയം കണ്ടെത്തുന്നു. ചിലര്‍ കണ്ടുമുട്ടി ഹസ്തദാനം ചെയ്യുന്നതു തന്നെ ചുകപ്പാണോ എന്നു ചോദിച്ചുകൊണ്ടാണ്.
സൗദി തൊഴില്‍ മേഖലയില്‍ പരിഷ്കരണത്തിന്റെ ഭാഗമായി ചുകപ്പ് കാറ്റഗറിയിലാകുന്ന കമ്പനികളിലെ വിദേശി തൊഴിലാളികളുടെ കഥ കട്ടപ്പൊകയാകുമെന്നാണ് വെപ്പ്. അവരുടെ ലേബര്‍ കാര്‍ഡും ഇഖാമയും പുതുക്കാതാകുന്നതോടെ നാട്ടിലേക്ക് മടങ്ങേണ്ടിവരും.
സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്‍കാനുള്ള സൗദിവല്‍ക്കരണത്തിന്റെ ഭാഗമായി കമ്പനികള്‍ക്ക് നല്‍കിയ നിറങ്ങള്‍ തല്‍ക്കാലം തൊഴില്‍ മന്ത്രാലയത്തിന്റെ വെബ്് സൈറ്റില്‍നിന്ന് മാഞ്ഞുപോയിട്ടുണ്ടെങ്കിലും അതു കൂടുതല്‍ തെളിഞ്ഞുവരുമെന്ന് എല്ലാവരും വിശ്വസിക്കുന്നു.
ആശ്വസിക്കുന്ന ഒരേയൊരു കൂട്ടര്‍, അഞ്ച് വര്‍ഷത്തേക്കെന്നും പറഞ്ഞ് നാടുവിട്ട് പത്തും ഇരുപതും വര്‍ഷമായിട്ടും നാടണയാത്ത മല്‍ബുകള്‍ക്കുവേണ്ടി ഋതുഭേദങ്ങള്‍ക്കിടയില്‍ കാത്തിരിപ്പ് തുടരുന്ന മല്‍ബികള്‍ മാത്രം.
ഇനിയെങ്കിലും ഇക്കാ ഇങ്ങോട്ടു മടങ്ങുമല്ലോ എന്നും ഇനിയെങ്കിലും അതിയാനെ ഇങ്ങോട്ട്  കെട്ടിയെടുക്കുമല്ലോ എന്നും കാത്തിരിപ്പിന്റെ തോതും കാഠിന്യവുമനുസരിച്ചും സ്‌നേഹത്തിന്റെ നിറഭേദങ്ങളനുസരിച്ചും മാറിമറിയാം.

May 1, 2011

ചുളു വിലയ്‌ക്കൊരു കാര്‍

എക്‌സിറ്റില്‍ പോകുമ്പോള്‍ വീട്ടുപകരണങ്ങളുടെയും കാറിന്റെയും വില്‍പനയാണ് ഇന്റര്‍നെറ്റ് സൗകര്യം ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള പാവങ്ങളുടെ ഇ കൊമേഴസ്. ഒട്ടും പണച്ചെലവില്ലാതെ മാന്യമായ വില നേടി ഫ്‌ളാറ്റ് കാലിയാക്കാന്‍ നെറ്റിലെ ഏതാനും സൈറ്റുകള്‍ അവസരമൊരുക്കുന്നു. വ്യക്തിവൈരാഗ്യം തീര്‍ക്കാനും തമാശ കാണിക്കാനും ചിലര്‍ അതു വേദിയാക്കുമെങ്കിലും ഇത്തരം സൈറ്റുകളോട് എന്നുമെന്നും കടപ്പാടുള്ളവരാണ് മല്‍ബുകള്‍.
മിതമായ വാടകക്ക് ഫ്‌ളാറ്റ് കണ്ടെത്താനും ആവശ്യമായ വീട്ടുസാധനങ്ങള്‍ ചുളുവിലയ്ക്ക് തരപ്പെടുത്താനും ഓരോ മല്‍ബുവിനും  ഇതുവഴി സാധിക്കുന്നു.
എക്‌സിറ്റില്‍ പോകുന്നയാളുടെ തിരക്കനുസരിച്ചായിരിക്കും വിലക്കിഴിവിന്റെ വ്യാപ്തി. നാളെ നാട്ടിലേക്ക് മടങ്ങേണ്ടവര്‍ക്ക് ഇന്ന് കിട്ടിയ വിലയ്ക്ക് സാധനങ്ങള്‍ വിറ്റൊഴിവാക്കുകയേ നിര്‍വാഹമുള്ളൂ. അല്ലെങ്കില്‍ സാധനങ്ങളെല്ലാം വണ്ടിയില്‍ കയറ്റി പഴയ സാധനങ്ങളുടെ ചന്തയില്‍ കൊണ്ടുപോയി വില്‍ക്കേണ്ടി വരും.
സ്വന്തം ഉടമസ്ഥതയിലുള്ള കെട്ടിടം വാടകക്ക് നല്‍കുന്നതു പോലെയായിരിക്കും ചിലരുടെ പരസ്യങ്ങള്‍. ആറു മാസത്തേക്കോ ഒരു വര്‍ഷത്തേക്കോ കെട്ടിടമുടമക്ക് വാടക നല്‍കുകയും എന്നാല്‍ ഇടക്കുവെച്ച് ഫ്‌ളാറ്റ് ഒഴിയേണ്ടിയും വരുന്നവരാണ് പരസ്യങ്ങള്‍ വഴി പുതിയ ആളെ കണ്ടെത്താന്‍ ശ്രമിക്കുക. ബാക്കി വാടക നല്‍കാന്‍ തയാറുള്ളയാളെ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ഉടമക്ക് മുന്‍കൂറായി നല്‍കിയ വാടക ഉപേക്ഷിച്ചു പോകേണ്ടിവരും.
സൗകര്യപ്രദമായ സ്ഥലത്ത് രണ്ടു മുറികളുള്ള ഫ്‌ളാറ്റിന്റെ വാടക തുകയും അതോടൊപ്പം ലഭ്യമായ സാധനങ്ങളുടെ നീണ്ട ലിസ്റ്റും ചേര്‍ത്തുള്ള പരസ്യങ്ങള്‍ പുതുതായി ഫ്‌ളാറ്റ് അന്വേഷിക്കുന്നവരെ ആകര്‍ഷിക്കും.
എ.സി തുളകള്‍ ഒഴിഞ്ഞു കിടപ്പുണ്ടോ എന്നു നോക്കി റോഡുകളിലൂടെ നടന്നു വലയുന്ന മല്‍ബുകളോട് സുഹൃത്തുക്കള്‍ ചോദിക്കും: സൈറ്റിലിട്ടില്ലേ... ഫഌറ്റ് വേണമെന്ന് ഒരു പരസ്യം കൊടുത്തുനോക്കൂ, ചെലവൊന്നുമില്ലല്ലോ.
ഫ്‌ളാറ്റ് ആവശ്യമുണ്ടെന്ന പരസ്യങ്ങളും ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ സുലഭമാണ്.
വീട്ടുപകരണങ്ങള്‍ക്കും കാറിനും മാത്രമല്ല, ഉപയോഗിച്ച കംപ്യൂട്ടറുകള്‍ക്കും ക്യാമറകള്‍ക്കും മൊബൈല്‍ ഫോണുകള്‍ക്കുമൊക്കെ വാങ്ങലുകാരെ കണ്ടെത്താന്‍ വെബ് സെറ്റുകള്‍ ആശ്രയിക്കാം. ചിത്ര സഹിതം കൊടുക്കുന്ന പരസ്യങ്ങളില്‍ കിട്ടേണ്ട വിലയും കാണിച്ചിരിക്കുമെങ്കിലും ചേര്‍ത്തിരിക്കുന്ന നമ്പറുകളിലോ ഇ-മെയിലിലോ ബന്ധപ്പെട്ട് വിലപേശി  വാങ്ങിയാല്‍ മതി.
ആവശ്യമായ സാധനങ്ങളുടെ പരസ്യം വരുന്നുണ്ടോ എന്നുനോക്കി കാത്തരിക്കുന്നവരുണ്ട്.
അങ്ങനെ നോക്കി നോക്കി കണ്ടെത്തിയ പരസ്യത്തിലെ നമ്പറില്‍ വിളിച്ച് ഒരു മല്‍ബു കൂട്ടുകാരനോടൊപ്പം കാര്‍ കാണാനും വിലയുറപ്പിക്കാനും പോയി.
2005 മോഡല്‍ ഏഴു സീറ്റ് വണ്ടി ഉടന്‍ കൊടുക്കാനുണ്ടെന്ന പരസ്യം കണ്ടാണ് മല്‍ബു അതിരാവിലെ തന്നെ വിളിച്ചുനോക്കിയത്. പരസ്യം ചേര്‍ത്ത് കൈയെടുക്കുന്നതിനുമുമ്പ് തന്നെ അന്വേഷണം ലഭിച്ചതില്‍ ആഹ്ലാദവാനായ കാറുടമ ഉടന്‍തന്നെ ചെന്നുനോക്കാന്‍ ആവശ്യപ്പെട്ടു.
വൃത്തിയും വെടിപ്പുമുള്ള ഒന്നാന്തരമൊരു കാര്‍. വിലയോ തുച്ചവും. 7500 റിയാല്‍ മാത്രം. പരസ്യത്തില്‍ കാണിച്ചിരിക്കുന്ന വിലയുടെ നാലിരട്ടി കൊടുത്താല്‍ പോലും നഷ്ടമില്ലെന്ന് മല്‍ബുവും കൂട്ടുകാരനും വിലയിരുത്തി.
എന്നാലും ഇത്രയും വില കുറക്കാന്‍ എന്തായിരിക്കും കാരണം? ഒന്നുകില്‍ യൂസ്ഡ് കാറുകളുടെ വിലയെ കുറിച്ച് ധാരണയില്ലായ്മ. അല്ലെങ്കില്‍  എക്‌സിറ്റില്‍ പോകാനുള്ള തീയതി അടുത്തതിനാല്‍ കിട്ടിയ വിലയ്ക്ക് വിറ്റൊഴിവാക്കാനുള്ള നിര്‍ബന്ധിതാവസ്ഥ. മൂന്നാമതൊരു സാധ്യതയുള്ളത് മൊബൈല്‍ ഫോണുകള്‍ പോക്കറ്റടിച്ച് കൊണ്ടുവന്ന് കിട്ടിയ വിലയ്ക്ക് തട്ടുന്നതുപോലെ അടിച്ചു മാറ്റിയ വണ്ടി കൈമാറാനുള്ള ശ്രമം. അവസാനം പറഞ്ഞതിന്് ഒട്ടും സാധ്യത കാണുന്നില്ല. കാരണം കടലാസുകളൊക്കെ റെഡിയാണെന്നും നാളെ തന്നെ എഴുതണമെന്നും ഉടമ തുടക്കത്തില്‍ തന്നെ പറഞ്ഞിട്ടുണ്ട്.
മല്‍ബുവിനും ധൃതിയുണ്ട്. കാരണം ഇതുപോലൊരു വാഹനം ഇത്രയും കുറഞ്ഞ വിലയ്ക്ക് വില്‍ക്കാനുള്ള വിഡ്ഢിത്തത്തില്‍നിന്ന് ടിയാനെ ആരെങ്കിലും പിന്തിരിപ്പിച്ചാലോ. അല്ലെങ്കില്‍ ആയിരം റിയാല്‍ കൂടുതല്‍ ഓഫര്‍ ചെയ്ത് മറ്റേതെങ്കിലും മല്‍ബു വന്ന് തട്ടിയെടുത്താലോ.
ഒട്ടും വിലപേശാതെ മല്‍ബു കാര്‍ വാങ്ങാന്‍ തയാറായത് ഉടമയേയും ഇത്തിരി അത്ഭുതപ്പെടുത്താതിരുന്നില്ല. വിലപേശിയാല്‍ ഒരു അഞ്ഞൂറു റിയാലെങ്കിലും കുറച്ചു കൊടുക്കാന്‍ തയാറെടുത്തിരുന്നു അദ്ദേഹം. പൊതുവെ അങ്ങനെയാണ്. വാങ്ങലുകാര്‍ വിലപേശല്‍ നടത്തിയാല്‍ വിട്ടുവീഴ്ച ചെയ്യേണ്ട തുക കൂടി ചേര്‍ത്തായിരിക്കും വില്‍പനക്കാരന്‍ വില നിശ്ചയിക്കുക.
അങ്ങനെ കാര്‍ ഇഷ്ടപ്പെട്ടതിനെ തുടര്‍ന്ന് അനന്തര നടപടികളെ കുറിച്ചുള്ള ചര്‍ച്ചയാരംഭിച്ച മല്‍ബു ആയിരം റിയാല്‍ അഡ്വാന്‍സ് നല്‍കാമെന്നും ബാക്കി 6500 വണ്ടിയെടുക്കുമ്പോള്‍ നല്‍കാമെന്നും പറഞ്ഞപ്പോള്‍ അക്ഷരാര്‍ഥത്തില്‍ ഉടമയുടെ നാവിറങ്ങിപ്പോയി.
സാധാരണ നില വീണ്ടെടുത്ത അദ്ദേഹം ചോദിച്ചു: എന്ത്, 6500 റിയാലോ? നിങ്ങള്‍ പരസ്യം ശരിക്കും നോക്കിയില്ലേ? കാറിന്റെ വില 17500 റിയാലാണ്.
പരസ്യത്തില്‍ 7500 റിയാല്‍ മാത്രമാണ് ചേര്‍ത്തിരിക്കുന്നതെന്ന് മല്‍ബു ആവര്‍ത്തിച്ചപ്പോള്‍ ഉടമ പോസ്റ്റ് ചെയ്ത പരസ്യം ഒന്നുകൂടി എടുത്തുനോക്കി. അതേ വില 7500 മാത്രമാണ്.
സോറീട്ടോ... 7500 നു മുമ്പ് ഒന്ന് ടൈപ്പ് ചെയ്യാന്‍ വിട്ടുപോയതാണ്.
മല്‍ബുവും കൂട്ടുകാരനും പിന്നീട് അധിക നേരം അവിടെ നിന്നില്ല. അവിടെ നില്‍ക്കുന്നതിലും ഭേദമാണല്ലോ അടുത്ത പരസ്യം നോക്കാന്‍ കംപ്യൂട്ടറിനു മുന്നിലിരിക്കുന്നത്.


April 10, 2011

വെടിക്കുരുവും മുസ്‌ലി പവറും


അവധി കഴിഞ്ഞ് പോരുമ്പോള്‍ ഇഷ്ടജനങ്ങള്‍ക്ക് വല്ലതും കൊണ്ടുവരാത്ത പ്രവാസികളുണ്ടാവില്ല. പണ്ടൊക്കെ ഗള്‍ഫുകാരന്‍ മടങ്ങുന്ന വീട് രണ്ടു മൂന്നു ദിവസം മുമ്പെങ്കിലും സജീവമാകുമായിരുന്നു. വളയിട്ട കൈകളാല്‍ തയാറാക്കുന്ന പലഹാരങ്ങള്‍ തന്നെ വേണമെന്ന് കൊണ്ടുവരുന്നവരും ഗള്‍ഫില്‍ അതിന്റെ എന്‍ഡ് യൂസര്‍മാരും വാശി പിടിച്ചിരുന്ന കാലമായിരുന്നു അത്. വിവാഹ സല്‍ക്കാരങ്ങള്‍ക്കും അതുപോലുള്ള മാമൂലുകള്‍ക്കും മാത്രം പണി കിട്ടിയിരുന്ന  അപ്പക്കാരത്തികള്‍ക്ക് അതൊരു ആശ്വാസവും.
അപ്പത്തരങ്ങളുണ്ടാക്കുന്നതില്‍ പ്രാവീണ്യമില്ലാത്ത സ്ത്രീ ബന്ധു ജനങ്ങളുള്ള വീടാണെങ്കില്‍, അവിടെ ഗള്‍ഫുകാരനെത്തിയാല്‍, അപ്പക്കാരത്തിക്ക് ബുക്കിംഗ് ഉറപ്പിക്കാം. ബുക്കിംഗ് ലഭിക്കുന്ന മുറക്ക് അടുക്കളയിലെ ചുമരില്‍ അവര്‍ക്ക് കരി കൊണ്ട് കോറാം. നാലാമത്തെ വെള്ളിയാഴ്ച രാത്രി മൂപ്പന്റകത്തെ പുര.
അപ്പത്തരങ്ങള്‍ ചുട്ടുചുട്ട് എക്‌സ്പര്‍ട്ടായ സ്വന്തക്കാര്‍ പെണ്ണുങ്ങള്‍ തന്നെയുള്ള വീടാണെങ്കില്‍ അവിടെ അപ്പക്കാരത്തിക്കു കാര്യമില്ല. വീടു മാറിപ്പോയവരൊക്കെ തിരിച്ചെത്തി ആഘോഷത്തോടെയായിരിക്കും ഒന്നു രണ്ടു രാവും പകലും നീളുന്ന അപ്പനിര്‍മാണം. അവസാനം  ഗള്‍ഫിലേക്ക് മടങ്ങുന്നയാളുടേയും അയാളുടെ കെട്ടിയോളുടേയും കണ്ണീരു കൂടി കണ്ട ശേഷമായിരിക്കും ബന്ധു സ്ത്രീകളുടെ മടക്കം.
വളയിട്ട കൈകളൊരുക്കുന്ന അച്ചാറിനും അപ്പത്തരങ്ങള്‍ക്കുമൊപ്പം ചെട്ടിയാന്റെ പപ്പടവും കോഴിക്കോടന്‍ ഹലുവയും ചിപ്‌സും പണ്ടു തന്നെ ഗള്‍ഫുകാരന്റെ മടക്കപ്പെട്ടിയില്‍ സ്ഥാനം പിടിച്ചവയാണ്. കാലക്രമേണ, അപ്പക്കാരത്തികള്‍ കുറ്റിയറ്റില്ലെങ്കിലും വീടുകളിലെ നിര്‍മിതി ബേക്കറികളിലേക്ക് മാറി. ആദ്യകാലത്ത് കൊണ്ടുവന്നിരുന്ന പലഹാരങ്ങളുടെ രൂപഭേദങ്ങള്‍ ബേക്കറികളില്‍ ഇപ്പോള്‍ റെഡി.
വീടുകളില്‍നിന്ന് ഒന്നും കൊണ്ടുവരേണ്ട കാര്യമില്ല. എയര്‍പോര്‍ട്ടിനു സമീപമെത്തിയാല്‍ ഒരു കടയില്‍ കയറി ആവശ്യമായ സാധനങ്ങള്‍ വാങ്ങി പെട്ടി നിറച്ചാല്‍ മതി.
ഒരു പരമ്പാരഗത തൊഴിലിനാണല്ലോ കത്തിവെച്ചതെന്നു ചിന്തിക്കാനൊന്നുമില്ല. നാടോടുമ്പോള്‍ നടുവെ ഓടണമെന്ന മോഡേണ്‍ ട്രെന്ററിയുന്ന അപ്പക്കാരത്തികള്‍ തന്നെയാണ് ബേക്കറികളിലേക്കുള്ള അപ്പത്തരങ്ങള്‍ ഉണ്ടാക്കി നല്‍കുന്നത്. അതൊരു കുടില്‍ വ്യവസായമായി നടത്തിക്കൊണ്ടുപോകുന്നു നവീന അപ്പക്കാരത്തികള്‍.
സഹമുറിയന്മാരെയും ബന്ധുക്ക്വെളയും കൂട്ടുകാരെയും മാത്രമല്ല, അവധി കഴിഞ്ഞ് മടങ്ങുന്ന പ്രവാസി പരിഗണിച്ചിരുന്നത്. തൊഴിലുടമയായ അറബിയെ തൃപ്തിപ്പെടുത്താന്‍ ചക്ക മുതല്‍ ഊദും ചന്ദനവും വരെ പ്രവാസി കൊണ്ടുവരുന്ന സമ്മാനങ്ങളില്‍ ഉള്‍പ്പെടുന്നു.
വലിയ ശമ്പളത്തില്‍നിന്ന് മിച്ചം വെച്ച തുകയുടെ വലിപ്പവും അതുപയോഗിച്ച് വാങ്ങുന്ന വസ്തുവിലൂടെ നേടിയെടുക്കാമെന്ന് കണക്കുകൂട്ടുന്ന ആനുകൂല്യവുമനുസരിച്ചായിരിക്കും അറബിക്കുള്ള സമ്മാനപ്പൊതിയുടെ കനവും വിലയും. വര്‍ഷം അഞ്ചോ പത്തോ വിസ തരപ്പെടുത്തി നല്‍കുന്ന അറബിയാണെങ്കില്‍ പത്തിരുപതിനായിരത്തിന്റെ ഊദോ ചന്ദനമോ എത്തിച്ചുകൊടുത്താല്‍ നഷ്ടമൊന്നുമില്ല. പത്തുപതിനഞ്ച് വര്‍ഷമായിട്ടും ഒരു റിയാല്‍ പോലും ശമ്പളയിനത്തില്‍ കൂട്ടിത്തരാത്ത പഹയന് ചക്കച്ചുള തന്നെ ധാരാളം. പക്ഷേ, കൊടുക്കാതിരിക്കാന്‍ നിര്‍വാഹമില്ല. മറ്റവന്‍ എത്തിച്ചുകൊടുത്ത് പണിയുന്ന പാരക്ക് ഇരയാകുന്നതിലും ഭേദമല്ലേ, തേന്‍വരിക്കയുടെ നാലഞ്ച് ചുളകളെങ്കിലും നല്‍കുന്നത്.
സമ്മാനങ്ങളിലൂടെ അറബികളെ മയക്കി മയക്കി അറബികളോളം വളര്‍ന്ന് ഇപ്പോള്‍ സര്‍വരുടേയും ആദരവ് പിടിച്ചുപറ്റുന്നവരെ കുറിച്ച് ആലോചിച്ചിരിക്കുമ്പോഴാണ് നാട്ടില്‍നിന്നൊരു വിളി. 
മറ്റാരുമല്ല, മൂന്ന് മാസം കൊണ്ട് തന്നെ വീണ്ടുമൊരു അവധി തരപ്പെടുത്തി നാട്ടിലേക്ക് പറന്ന, എല്ലാവരുടെയും അസൂയക്ക് പാത്രമായ ഭാഗ്യവാന്‍.
അല്ല, വോട്ടെടുപ്പ് ചൂടിലെന്താ ഒരു വിളി.
അതേയ്, അത്യാവശ്യായിട്ട് ഒരു കാര്യം അറിയാനായിരുന്നു. നമ്മുടെ എം.പി നിരോധിച്ചത് അവിടെ അറബി പത്രങ്ങളിലൊക്കെ വന്നിട്ടുണ്ടോ?
എന്തു നിരോധിച്ചത്. മീഡിയാ പോളോ?
അയ്യോ അതല്ല, നമ്മുടെ കേരള സര്‍ക്കാര്‍ മറ്റേത് നിരോധിച്ചില്ലേ?
മനസ്സിലായില്ലാട്ടോ..  തെളിച്ചു പറ.
അതേയ്, മുസ്്‌ലി പവര്‍ എക്‌സ്ട്ര നിരോധിച്ചത് അവിടെ അറബി പത്രങ്ങളിലൊക്കെ വന്നിട്ടുണ്ടോ എന്ന്.
ശ്രദ്ധയില്‍ പെട്ടില്ലാട്ടോ. എന്താ നിങ്ങടെ പ്രശ്‌നം?
അറബിക്ക് കൊടുക്കാന്‍ കുറച്ച് എക്‌സ്ട്രാ കൊണ്ടുവരണം.
നിരോധിച്ചെങ്കിലും ഇവിടെ സ്റ്റോക്കുണ്ട്. അവിടെ എയര്‍പോര്‍ട്ടില്‍ വല്ല പ്രശ്‌നവും ആകുമോ എന്നാണ് അറിയേണ്ടത്.
ഊദിനും ചന്ദനത്തിനും പകരം നമ്മുടെ മല്‍ബു കൊണ്ടുവരുന്നത്് ലോകത്തെ വിവിധ ലബോറട്ടറികളില്‍ പരീക്ഷിച്ചു തെളിഞ്ഞ ആയുര്‍വേദ വിസ്മയമാണ്. വെടിക്കുരുവിനോടൊപ്പം പാക്ക് ചെയ്താണത്രേ ടിയാന്‍ അതു കൊണ്ടുവരുന്നത്. തല പുണ്ണക്കണ്ട. ചക്കക്കുരുവിന് കോട്ടയത്തുള്ള മല്‍ബു പറയുന്ന നാടന്‍ പേരാണ് വെടിക്കുരു.
പരസ്യങ്ങളില്‍ കണ്ടു മനഃപാഠമാക്കിയ ദൗത്യത്തിനല്ല മല്‍ബു ഇതു കൊണ്ടുവരുന്നത്. സന്താന സൗഭാഗ്യമില്ലാതെ കണ്ണീര്‍ക്കയത്തില്‍ മുങ്ങിയ സ്വന്തം അറബിക്കും പത്്‌നിക്കും സമ്മാനിക്കാനാണ്. കൂടിയാല്‍ രണ്ട് മാസത്തെ ഉപയോഗം കൊണ്ട് അകാല സ്ഖലനറുതി മാത്രമല്ല, സന്താന സൗഭാഗ്യത്തിനും വഴിതെളിക്കുമെന്ന്് കുന്നത്ത് സി. അബ്രഹാം പറഞ്ഞത് മല്‍ബു വിശ്വസിച്ചാലും ഇല്ലെങ്കിലും അറബിയെ അതു വിശ്വസിപ്പിച്ചിരിക്കുന്നു.
കുഞ്ഞാലിക്കുട്ടിയുടെ ഫോട്ടോ കൂട്ടിച്ചേര്‍ത്തുള്ള ഞാന്‍ ഗ്യാരണ്ടി പരസ്യവും കുഞ്ഞാലിക്കുട്ടിയെ പോലുള്ളവരില്‍നിന്ന് പെണ്‍കുട്ടികളെ രക്ഷിക്കാനാണ് വി.എസ് മുസ്‌ലി മരുന്ന് നിരോധിച്ചതെന്ന വാര്‍ത്തയും ഇന്റര്‍നെറ്റില്‍ പ്രചരിച്ച തമാശ.  
പിടികിട്ടാത്തത് ഒരു കാര്യമാണ്. ചക്കക്കുരവിനോടൊപ്പം ഗുളിക വെച്ച് പാക്ക് ചെയ്താല്‍ അത് സ്ക്രീനിംഗ് മെഷീനില്‍നിന്ന് രക്ഷപ്പെടുമോ? മല്‍ബുവിന്റെ ഓരോ വിദ്യകള്‍. 
കുന്നത്ത് മാത്രമല്ല, മുസ്‌ലി പവര്‍ വഴി വീണ്ടും ജീവിതം പൂര്‍ണമായും ആസ്വദിച്ചുതുടങ്ങിയെന്ന് സാക്ഷ്യപ്പെടുത്തിയ പത്ര, ടെലിവിഷന്‍ ഉടമകളും മാനേജര്‍മാരും മലയാളികളാണല്ലോ?   


                                     

March 6, 2011

ബാങ്ക് ഓഫ് അയമീച്ച

അതിശയപ്പെടേണ്ട. വേറെ രാജ്യക്കാരനൊന്നുമല്ല. ഒരു സാദാ മല്‍ബു തന്നെ. സാദാ എന്നു പറയാന്‍ പറ്റില്ല,  സ്വപ്‌നങ്ങളും പ്രതീക്ഷകളുമായി വിമാനം കയറി സ്വന്തം വഴി തെരഞ്ഞെടുത്ത ഒരു അത്യുത്തര ദേശക്കാരന്‍. പേരു വിളിക്കുന്നതില്‍ പോലും ആദരവ് പ്രകടിപ്പിക്കുന്നവരാണ് ഉത്തര ദേശക്കാര്‍. അഹമ്മദ് എന്ന പേര് ലോപിച്ച് അയമദും പിന്നീട് അതു അയമീച്ചയായും മാറുന്നു.
അയമീച്ചക്കും അഹമ്മദായ ഒരു കാലമുണ്ടായിരുന്നു. എല്ലാവരേയും പോലെ വിസക്കായി കാത്തിരുന്ന കാലം. ജോലിക്കു പോകുന്നതിനേക്കാള്‍ ഇഷ്ടം ഈ കാത്തിരിപ്പിലായിരുന്നു.
പണിക്കൊന്നും പോകാറില്ലേ എന്നു ചോദിക്കുമ്പോള്‍ വിനയം കലര്‍ത്തിപ്പറയും: "ഇനിയിപ്പോ ഒന്നോ രണ്ടോ ആഴ്ച കൊണ്ട് വിസയിങ്ങെത്തും. അതിനിടയില്‍ ഒരു ജോലിക്കൊക്ക കയറിയിട്ടെന്താ?'
മുംബൈയിലും പിന്നെ മംഗലാപുരത്തും ഇറങ്ങുന്ന ഫാഷനുകള്‍  താമസംവിനാ ഉത്തരദേശത്തും എത്തിക്കുന്നതിനാണ് പഠനം നിര്‍ത്തി വിസക്കുവേണ്ടിയുള്ള കാത്തിരിപ്പിന്റെ ഈ കാലം.
ഗള്‍ഫ് മോഹിക്കുന്ന അത്യുത്തര ദേശക്കാര്‍ക്ക് രണ്ട് പാസ്‌പോര്‍ട്ടുണ്ടാകുമെന്ന് പ്രചരിച്ച ഒരു കഥയുണ്ട്. പോകാനുദ്ദേശിക്കുന്നുണ്ടെങ്കില്‍ ഇരട്ട പാസ്‌പോര്‍ട്ടെങ്കിലും വേണമെന്ന് മുതിര്‍ന്ന പ്രവാസികള്‍ ചെറുപ്പക്കാരെ ഉപദേശിക്കാറുണ്ടത്രെ. എന്നാല്‍ ഈ കഥ വിശ്വസിക്കാന്‍ വസ്തുതകള്‍ ലഭ്യമല്ല. നേര്‍വിപരീതമാണ് അനുഭവം. പല കാരണങ്ങള്‍കൊണ്ട് പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ട് അന്യന്റെ പാസ്‌പോര്‍ട്ടില്‍ തല മാറ്റി വന്നു കരിപ്പൂര്‍, നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ പിടിയിലാകുന്നവരില്‍ അത്യുത്തര ദേശക്കാരുമുണ്ട്.
ഒന്നോ രണ്ടോ അനുഭവങ്ങളെ സാമാന്യവല്‍ക്കരിക്കുമ്പോള്‍ എന്തൊക്കെ അബദ്ധങ്ങള്‍ സംഭവിക്കുന്നു. യാഥാര്‍ഥ്യങ്ങള്‍ക്കുനേരെ കൊഞ്ഞനം കുത്തുന്ന നോവലുകളും സിനിമകളുംവരെ ഉണ്ടാകുന്നു.
നമ്മുടെ കഥാനായകന്‍ മല്‍ബു ഗള്‍ഫിലെത്തി അയമീച്ചയാകുന്നതിനു മുമ്പ് വേറെയുമുണ്ടായി കഥകള്‍. ജോലിയൊന്നുമില്ലാതെ മുറിയില്‍ കുത്തിയിരുന്ന മല്‍ബുവിനെ ബന്ധുക്കള്‍ ചേര്‍ന്ന് ഒരു പാക്കിസ്ഥാനിയുടെ ഹോട്ടലില്‍ കൊണ്ടുചെന്നാക്കി. സപ്ലൈ ആയിരുന്നു ജോലി. ആദ്യത്തെ ദിവസം തന്നെ മല്‍ബുവിന്റെ അഭിമാനം ചവിട്ടിയരക്കപ്പെട്ട സംഭവമുണ്ടായി. വീട്ടില്‍നിന്ന് കുട്ടികള്‍ക്കുപോലും ചോറ് വാരിക്കൊടുക്കാത്ത മല്‍ബുവിനോട് ഹോട്ടലിലെ കാഷ്യര്‍ കല്‍പിച്ചു:
ദാ അബ്‌ടെ ചാവല്‍ ബാരിക്കൊടുക്ക്.
ദേഷ്യം വന്ന മല്‍ബു കാഷ്യറെയിട്ടു പെരുമാറിയില്ലെന്നേയുള്ളൂ. ചെറിയ കുട്ടിയാണെങ്കില്‍ ചോറു വാരിക്കൊടുക്കാന്‍ പറഞ്ഞത് ക്ഷമിക്കാം. ഇതു ആജാനബാഹുവായ ഒരു പാക്കിസ്ഥാനിക്ക് ചോറു വാരിക്കൊടുക്കാന്‍ കല്‍പിക്കുക. എന്താ കഥ?
ബാരിക് ചാവല്‍ അഥവാ പച്ചരിച്ചോറ് കൊടുക്കാനാണ് കാഷ്യര്‍ ആവശ്യപ്പെട്ടത്. ബാരിക് കൊടുക്കാന്‍ പറഞ്ഞത് ബാരിക്കൊടുക്കാനായി. ഉത്തര ദേശക്കാര്‍ പൊതുവെ ഉപയോഗിക്കുന്നതാണ് ഈ ബാരല്‍. സ്‌നേഹം ബാരിക്കോരി കൊടുക്കുന്നവരാണ് അവര്‍.
ഈ കഥ കെട്ടിയേല്‍പിച്ചതായാലും അല്ലെങ്കിലും മല്‍ബു ഹോട്ടലില്‍നിന്നിറങ്ങി. പിന്നെ പുതിയ മേച്ചില്‍പുറങ്ങള്‍ തേടി അവസാനം സ്വന്തം പേരില്‍ ഒരു ബാങ്കായി.
ഹോട്ടല്‍ ജോലി മതിയാക്കിയ മല്‍ബു അല്ലറ ചില്ലറ ജോലി ചെയ്തിരുന്നു. പിന്നീടാണ് ഉള്ളവന്‍ ഇല്ലാത്തവന്റെ കഴിവുകേടിനെ അന്യായമായി ചൂഷണം ചെയ്യുന്നുവെന്ന് അസൂയാലുക്കള്‍ പറയുന്ന തൊഴിലില്‍ പ്രവേശിച്ചത്. വിശദീകരിച്ചു പറയാനൊന്നുമില്ല. എല്ലാ സ്ഥലത്തും ഇങ്ങനെ ഒരു മല്‍ബുവിനെ കണ്ടെത്താം.
ബാങ്ക് വഴിയല്ലാതെ നാട്ടില്‍ ബന്ധുക്കള്‍ക്ക് പണം എത്തിച്ചു കൊടുക്കുന്ന നിരുപദ്രവമായ ഇടപാടാണ് ജോലി. പക്ഷേ, അങ്ങനെ നിരുപദ്രവമായ ഹവാലയെന്ന ഹുണ്ടികയിലല്ല അയമീച്ച നോട്ടമിട്ടത്.
നാട്ടില്‍ അത്യാവശ്യ കാര്യങ്ങള്‍ക്ക് പണമില്ലാതെ നട്ടം തിരിയുന്ന  മല്‍ബിക്ക് പണമയക്കാന്‍ വഴി കാണാതെ താടിക്ക് കൈയും വെച്ചിരിക്കുന്ന മല്‍ബുകളെ തേടിയായിരുന്നു അയമീച്ചയുടെ യാത്ര. പതിനായിരം രൂപ വീട്ടിലെത്തിച്ചാല്‍ അടുത്ത മാസം ശമ്പളം കിട്ടിയാല്‍ അതിനുള്ള റിയാലും അതോടൊപ്പം 50 റിയാല്‍കൂടി ചേര്‍ത്തു കൊടുത്താല്‍ മതി. പ്രയാസപ്പെടുന്നവര്‍ അയമീച്ചയെ തേടി വന്നപ്പോള്‍ ബാങ്ക് ഓഫ് അയമീച്ചയുടെ പ്രചാരമേറി.
പലിശക്കാരന്‍ നാളെ പരലോകത്ത് രക്തപ്പുഴയില്‍ നീന്തേണ്ടിവരുമെന്നും അന്യരുടെ ധനത്തില്‍ ആര്‍ത്തി പൂണ്ടവരുടെ വായിലേക്ക് കല്ലുകള്‍ എറിയപ്പെടുമെന്നല്ലേ മുത്തുനബി ഉണര്‍ത്തിയതെന്നു പറയുമ്പോള്‍ അയമീച്ച പറയും:
"പതിനായിരം അയക്കാന്‍ എല്ലാവരും നൂറാണ് വാങ്ങുന്നത്. ഞാന്‍ അമ്പതല്ലേ അധികം വാങ്ങുന്നുള്ളൂ.'
ചോദിക്കട്ടെ, നിങ്ങളുടെ ചുറ്റുവട്ടത്ത് എത്ര അയമീച്ചമാരുണ്ട്? 

February 27, 2011

വോട്ടും വേണ്ട കോപ്പും വേണ്ട

മല്‍ബു കാര്യഗൗരവത്തെടെ ആലോചിക്കുകയായിരുന്നു. നാട്ടില്‍ എന്തൊക്കെ പുകിലുകളാണ്.
ഓരോ പ്രഭാതവും പൊട്ടിവിടരുന്നത് പുതിയ പുതിയ വെളിപ്പെടുത്തലുകളുമായി. നൂറുകൂട്ടം കേസുകള്‍. ഇങ്ങനെ പോയാല്‍ വോട്ടെടുപ്പ് തീയതി ആകുമ്പോഴേക്കും കേസില്‍ കുടുങ്ങാത്ത ഒറ്റ നേതാവും അവശേഷിക്കില്ല.
വിസ തട്ടിപ്പുകാരേക്കാളും കഷ്ടമായിരിക്കുന്നു കോടതികളുടേയും ജഡ്ജിമാരുടേയും അവസ്ഥ. വിചാരണക്കോടതിയില്‍ വേണമെങ്കില്‍ ജഡ്ജിയുടെ മുഖത്തുനോക്കി പ്രതിക്ക് ചോദിക്കാം- താങ്കള്‍ വിശ്വസ്തന്‍ തന്നെയല്ലേ?
ഒരു മല്‍ബു രവിയേട്ടനെഴുതിയ കത്ത് പ്രസക്തമാണ്. വെളിപ്പെടുത്തല്‍ മാനിയയുടെ ഭാഗമാണോ എന്നു വ്യക്തമല്ല. പക്ഷേ തികച്ചും സോദ്ദേശ്യപരം.
പ്രിയപ്പെട്ട രവിയേട്ടാ,
അങ്ങ് നേടിത്തന്ന അവകാശം ഞാനിതാ തിരികെ ഏല്‍പിക്കുന്നു. ജീവിതത്തില്‍ ഇതുവരെ ഞാന്‍ ഈ പാതകത്തില്‍ പങ്കു വഹിച്ചിട്ടില്ല. വിധിയായിരിക്കാം എന്നെ ഒരു പ്രവാസിയാക്കി രക്ഷപ്പെടുത്തിയത്. കള്ളന്മാര്‍ക്കും കൊള്ളക്കാര്‍ക്കുമായി കൈയൊപ്പ് ചാര്‍ത്താന്‍ മേലിലും ഞാനില്ല. അഭിമാനമുണ്ട് രവിയേട്ടാ. നാലാളുടെ മുമ്പില്‍ തല ഉയര്‍ത്തി പറയാം. മാസാമാസം വിദേശ നാണ്യം അയച്ച് ഞാന്‍ എന്റെ രാജ്യത്തെ ശക്തിപ്പെടുത്തിയിട്ടേ ഉള്ളൂ. ഖജനാവില്‍നിന്ന് കട്ടുമുടിച്ച് സ്വിസ് ബാങ്ക് നിറയ്ക്കുന്നവരെ വോട്ട് കുത്തി സഹായിച്ചിട്ടില്ല. പോസ്റ്റര്‍ തയാറാക്കുന്നതിനും അത് ഒട്ടിക്കാന്‍ മൈദ വാങ്ങുന്നതിനും ചില്ലറ അയച്ചു കൊടുത്തിരുന്നു. അതിലെ പകുതി ഏതാനും പോക്കറ്റുകളിലാണ് എത്തിപ്പെട്ടതെന്ന് തെളിവുകളോടെ എനിക്ക് പറയാം. ഒരിക്കല്‍ പോലും വോട്ട് ചെയ്യാത്ത ഈ പാവം മല്‍ബുവിന്റെ ധര്‍മസങ്കടം അങ്ങ് ഉള്‍ക്കൊള്ളുമല്ലോ?
ആദരവോടെ സ്വന്തം മല്‍ബു.

കത്ത് ലഭിച്ച പ്രൈവറ്റ് സെക്രട്ടറി അതു രവിയേട്ടന് കാണിക്കുമെന്ന് വലിയ ഉറപ്പൊന്നുമില്ല. പ്രസക്തമല്ലാത്ത കത്തുകളും ഇ-മെയിലുകളും മന്ത്രിക്ക് വായിക്കാന്‍ കൊടുക്കുന്നതില്‍ എന്തുണ്ട് ന്യായം? വേസ്റ്റ് ഓഫ് ടൈം.
ഇക്കാര്യത്തെക്കുറിച്ച് അറിവുള്ളതുകൊണ്ടാകണം റിയാദില്‍നിന്ന് പേരുകേട്ട ഒരു മല്‍ബി രവിയേട്ടനെ നേരില്‍ കണ്ട് സംസാരിച്ചതിനു പുറമെ ഇന്റര്‍നെറ്റില്‍ ഒരു നോട്ടീസ് അടിച്ചുവെച്ചിരിക്കുന്നത്. അസമില്‍ പത്രക്കാര്‍ക്ക് ലാപ്‌ടോപ്പ് നല്‍കുന്നതു പോലെ വോട്ടു സീസണില്‍ സര്‍ക്കാരുകള്‍ പലവിധ ആനുകൂല്യങ്ങള്‍ നല്‍കുന്നതിനിടെയാണ് മല്‍ബിയുടെ അഭ്യര്‍ഥന.
ലാപ്‌ടോപ്പ് സ്ക്രീനില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു.
we want online voting right-by pravasi.
രവിയേട്ടനും മറ്റുള്ളവരും അതു വായിക്കുമെന്ന് പ്രതീക്ഷിക്കാം.
പക്ഷെ, പ്രായോഗികമായി ചിന്തിക്കണമല്ലോ.
ഓണ്‍ലൈന്‍ വോട്ട് ഏര്‍പ്പെടുത്തുന്നതിന് രവിയേട്ടന്‍ ശ്രമിക്കാനിടയില്ല. കാരണങ്ങള്‍ പലതാണ്.
പ്രവാസികളുടെ വോട്ട് നിര്‍ണായകമാകാന്‍ ഇന്ത്യ ഒരു കൊച്ചു രാജ്യമൊന്നുമല്ല. പത്ത് വര്‍ഷം മുമ്പ് തന്നെ ഇന്ത്യയിലെ ജനസംഖ്യ 100 കോടി കവിഞ്ഞിരുന്നു. പുതിയ കണക്കെടുപ്പ് തുടങ്ങിക്കഴിഞ്ഞു. 25 ശതമാനമെങ്കിലും വര്‍ധനയില്ലെങ്കില്‍ പിന്നെ ഇന്ത്യയെ എന്തിനുകൊള്ളും?

ഏതു തെരഞ്ഞെടുപ്പ് എടുത്തു നോക്കിയാലും അതില്‍ പങ്കെടുക്കാത്ത വോട്ടര്‍മാര്‍ പ്രവാസികളുടെ എണ്ണത്തേക്കാളും എത്രയോ ഇരട്ടി വരും. ജനപ്രതിനിധികളെ തെരഞ്ഞെടുക്കുന്നതിനോ തുടര്‍ന്ന് മന്ത്രിസഭ ഉണ്ടാക്കുന്നതിനോ ഇക്കാരണംകൊണ്ട് ഒരു ഭംഗവും വന്നിട്ടില്ല. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സര്‍ക്കാര്‍ മെഷിനറി മൊത്തത്തിലും വിചാരിച്ചാലും എല്ലാ വോട്ടര്‍മാരെയും ബൂത്തിലെത്തിക്കുക സാധ്യവുമല്ല. അക്കൂട്ടത്തില്‍ എണ്ണിയാല്‍ പോരേ പ്രവാസികളുടെ വോട്ടും?
എതിരാളികള്‍ സമ്മതിക്കില്ലെങ്കിലും രവിയേട്ടന്റെ കഠിന പ്രയത്‌നത്തിന്റെ ഫലമായി പ്രവാസികള്‍ക്ക് മൗലികാവകാശം സ്ഥാപിച്ചു കിട്ടിയല്ലോ. ഇനിയിപ്പോ ഓണ്‍ലൈന്‍ വോട്ട് എന്നു പറഞ്ഞ് ബുദ്ധിമുട്ടിക്കണോ? അതിനായുള്ള വാദം സാമ്പത്തിക, രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വിഘാതം സൃഷ്ടിക്കുന്നതുമാണ്.
വോട്ടര്‍ പട്ടികയില്‍ പേര് രജിസ്റ്റര്‍ ചെയ്യുന്നതിന് കടമ്പകള്‍ പലതുണ്ട്. നാട്ടില്‍ നേരിട്ടുപോയി രജിസ്റ്റര്‍ ചെയ്യാം. പട്ടികയില്‍ പേരു ചേര്‍ക്കുന്ന സമയത്ത് ഓരോ രാഷ്ട്രീയ പാര്‍ട്ടിയും വിമാനം ചാര്‍ട്ടര്‍ ചെയ്ത് പ്രവാസികളെ കൊണ്ടുപോയി കര്‍മം നിര്‍വഹിപ്പിച്ച് തിരികെ എത്തിക്കുന്ന ഒരു രീതി സ്വീകരിച്ചാല്‍ ദേശീയ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യക്ക് വലിയ നേട്ടമായിരിക്കും. നഷ്ടത്തിലോടുന്ന എയര്‍ ഇന്ത്യക്കും യാത്ര തരപ്പെടുത്തുന്ന പാര്‍ട്ടി നേതാക്കള്‍ക്കും സാമ്പത്തിക നേട്ടം. പാസ്‌പോര്‍ട്ടിന്റെയും ഇഖാമയുയെയും പകര്‍പ്പ് എംബസിയില്‍നിന്ന് അറ്റസ്റ്റ് ചെയ്ത് അയക്കുകയാണ് മറ്റൊരു രീതി. അപ്പോള്‍ ഒരു വോട്ടര്‍ക്ക് 48 റിയാലിന്റെ ചെലവ് വരും. ഇതു വോട്ടുവേണ്ടവര്‍ നല്‍കട്ടെ എന്ന് തീരുമാനിക്കുന്ന പ്രവാസികളായിരിക്കും കൂടുതല്‍.
വോട്ടെടുപ്പ് ദിനത്തില്‍ പ്രവാസി സമ്മതിദായകരുമായി പ്രത്യേക വിമാനങ്ങള്‍ പറന്നേ മതിയാകൂ. എയര്‍ഇന്ത്യക്കും പാര്‍ട്ടി നേതാക്കള്‍ക്കും സാമ്പത്തിക നേട്ടമുണ്ടാകുമെങ്കിലും ഇവിടെ പരിഗണിക്കേണ്ടത് രാഷ്ട്രീയ നേട്ടമാണ്.
വോട്ട് ഞെക്കാനായി പ്രവാസികളെ കൊണ്ടുപോകാതിരിക്കുന്നതാണ് ബുദ്ധി. പട്ടികയില്‍ പേരുള്ള പ്രവാസികളുടെ വോട്ട് രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വളരെ ഈസിയായി രേഖപ്പെടുത്താവുന്നതാണ്. കൈ വിരലിലെ മഷി മായ്ക്കുന്നതിനുള്ള കെമിക്കലിന് ഒട്ടും ക്ഷാമമില്ലല്ലോ.
വോട്ടിനുള്ള കടമ്പകള്‍ വായിച്ച ഒരു മല്‍ബു പറയുന്നതിങ്ങനെ: "വോട്ടും വേണ്ട കോപ്പും വേണ്ട.' നാട്ടില്‍ പോകാനാവാതെ ഇവിടെ കുടുങ്ങിക്കഴിയുന്ന ആയിരക്കണക്കിന് ഹുറൂബുകാരെ രക്ഷിക്കാന്‍ വല്ല വഴിയുമുണ്ടോ രവിയേട്ടാ? 

February 13, 2011

പാസ്‌പോര്‍ട്ട് ടു ടോയ്‌ലറ്റ്

പഴമൊഴികളുടേയും ആപ്തവാക്യങ്ങളുടേയും പിന്നാമ്പുറങ്ങള്‍ തേടി പോയാല്‍ വിസ്മയങ്ങളുടെ കഥാഖനിയായിരിക്കും തുറക്കപ്പെടുക.  കടല്‍ കടന്ന മല്‍ബുകളെ ചുറ്റിപ്പറ്റിയുള്ള ചൊല്ലുകളും ഭിന്നമല്ല.
അത്തരമൊരു മല്‍ബു മൊഴിയാണ് ഗള്‍ഫില്‍ ടോയ്‌ലറ്റില്‍ പോകാന്‍ പാസ്‌പോര്‍ട്ട് വേണമെന്നത്.
പാസ് വലിയ പുതുമയുള്ള കാര്യമൊന്നുമല്ല. മണല്‍ പാസ് മുതല്‍ ടോയ്‌ലറ്റ് പാസ് വരെ നമുക്ക് സുപരിചിതം. നാട്ടിലെ മുനിസിപ്പാലിറ്റികളും പഞ്ചായത്തുകളും നിര്‍മിച്ച ടോയ്‌ലറ്റുകളിലെ പ്രവേശനത്തിനു പാസ് വേണമല്ലോ? ടോയ്‌ലറ്റുകള്‍ക്കു മുന്നില്‍ കാശ് വാങ്ങാന്‍ കാത്തിരിക്കുന്നയാളെ കാണാന്‍ നില്‍ക്കാതെ  ധിറുതിയില്‍ കയറിപ്പോയാലും തിരികെ വരുമ്പോഴേക്കും കൈ നീട്ടാന്‍ അയാള്‍ ഹാജരുണ്ടായിരിക്കും.
ഇതു അതുപോലുള്ള പാസല്ല, സാക്ഷാല്‍ പാസ്‌പോര്‍ട്ട് തന്നെ. വ്യക്തിയുടെ തിരിച്ചറിയല്‍ കാര്‍ഡ് കൂടിയാണല്ലോ പാസ്‌പോര്‍ട്ട്. അത് സ്‌പോണ്‍സറുടെ പെട്ടിയില്‍ ഭദ്രമാകുമ്പോഴാണ് പകരമായി മല്‍ബുവിന് ഇഖാമയെന്ന നടപ്പാസ് ലഭിക്കുന്നത്. തിരിച്ചറിയല്‍ കാര്‍ഡാകുന്ന ഈ നടപ്പാസിന്റെ കാര്യം ഭയങ്കരം തന്നെയാണ്. ഇതു നഷ്ടപ്പെടാതെ  സൂക്ഷിക്കുകയെന്നത് ഓരോ പ്രവാസിക്കും നിര്‍ബന്ധം. പോക്കറ്റടിക്കപ്പെടുകയോ മറ്റെതങ്കിലും തരത്തില്‍ നഷ്ടപ്പെടുകയോ ചെയ്താല്‍ നേരിടേണ്ടിവരുന്ന പിഴയും പൊല്ലാപ്പുകളുമൊക്കെ ഓര്‍ത്ത് സ്വന്തം ജീവന്‍ അപകടത്തിലായാലും നടപ്പാസ് നഷ്ടപ്പെടാതിരിക്കാന്‍ ഓരോ മല്‍ബവും അതീവ ജാഗ്രത പുലര്‍ത്തും. നടപ്പാസ് പോക്കറ്റടിച്ച് പിന്നീട് അതു തിരികെ നല്‍കി പണം തട്ടുന്നവരുടെ ആവര്‍ത്തിച്ചുള്ള കഥകളാണ് മല്‍ബുവിനെ ഇക്കാര്യത്തില്‍ ജാഗ്രത്താക്കിയത്.
നടപ്പാസ് സൂക്ഷിക്കുന്ന കാര്യത്തില്‍ മല്‍ബുവിനെ കഴിഞ്ഞേ മറ്റാരുമുള്ളൂ. പോക്കറ്റടിക്കാരെ നിരാശപ്പെടുത്തുന്ന പലതരം വിദ്യകള്‍ മല്‍ബുവിനു സ്വായത്തമാണ്.
നിങ്ങള്‍ മനസ്സില്‍ കാണുന്നത് ഞാന്‍ മരത്തില്‍ കാണുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞതുപോലെയാ മല്‍ബുവിന്റെ കാര്യം. പോക്കറ്റടിക്കാരന്‍ ഇഖാമക്കു വേണ്ടി എവിടെയൊക്കെ തപ്പുമെന്ന് മല്‍ബുവിനറിയാം. അതുകൊണ്ടാണ് കുപ്പായത്തിനും പാന്റ്‌സിനുമകത്ത് നടപ്പാസ് സൂക്ഷിക്കാനായി പ്രത്യേകം കീശ തയ്ക്കുന്നത്. മുന്‍ പോക്കറ്റിലും പാന്റ്‌സിന്റെ പോക്കറ്റിലും ഇഖാമക്കായി തപ്പിനോക്കുന്ന പോക്കറ്റടിക്കാരന് കിട്ടുക ഒന്നുകില്‍ നാട്ടിലേക്ക് പണമയച്ചതിന്റെ റസീറ്റ്, അല്ലെങ്കില്‍ കാര്‍ഗോ അയക്കുമ്പോള്‍ ഉള്‍പ്പെടുത്തേണ്ട സാധനങ്ങളുടെ മല്‍ബി അയച്ച നീണ്ട ലിസ്റ്റ്.
ഗള്‍ഫില്‍ ടോയ്‌ലറ്റില്‍ പോകാന്‍ പാസ്‌പോര്‍ട്ട് വേണമെന്ന പറച്ചില്‍ അല്‍പം അതിശയോക്തി തന്നെയാണ്.  സ്വപ്നങ്ങളും പ്രതീക്ഷകളുമായി വിമാനം കയറുന്നതു ഇതിനാണോ? ഹാ, കഷ്ടം എന്നല്ലാതെ എന്തു പറയാന്‍.
പക്ഷേ ഇക്കഥക്കു പിന്നില്‍ ഒരു മല്‍ബുവും മല്‍ബിയും തമ്മില്‍ നടത്തിയ ടെലിഫോണ്‍ സംഭാഷണമാണെന്നറിയുമ്പോള്‍ ചോദ്യങ്ങള്‍ക്കൊക്കെ ഉത്തരമായി. മല്‍ബുവിന്റെ നിര്‍ദോഷമായ വാക്കുകള്‍ മല്‍ബിയുടെ ചെവിയിലെത്തിയപ്പോഴാണ് ഈ കെട്ടുകഥ ഉടലെടുക്കുന്നത്.
ഗള്‍ഫില്‍ എണ്ണയേക്കാള്‍ വില വെള്ളത്തിനാണെന്നു പറയാറുണ്ട്. വെള്ളക്ഷാമം ഇപ്പോഴും അനുഭവപ്പെടാറുണ്ടെങ്കിലും ഇതിലും രൂക്ഷമായിരുന്ന കാലത്താണ് കഥ. പണ്ട് പണ്ടൊരിക്കലൊന്നുമല്ല. വെള്ളം കിട്ടാതാകുമ്പോള്‍ ബാച്ചിലേഴ്‌സ് ഫ്‌ളാറ്റിലെ അന്തേവാസികള്‍ക്ക് സൂഖുകളായിരുന്നു ആശ്രയം. അവിടെയുള്ള പൊതു ശൗച്യാലയങ്ങള്‍ തുറക്കപ്പെടുന്നു.  പ്രാഥമിക കര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ സ്ഥിരമായി ഒരു സൂഖിലെത്തുമ്പോള്‍ സെക്യൂരിറ്റിക്കാരുടെ കണ്ണു വെട്ടിച്ചുവേണമെന്നു മാത്രം. 
കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ പള്ളിയോട് ചേര്‍ന്നുള്ള ടോയ്‌ലറ്റില്‍ പോകുന്ന ഒരു മല്‍ബു ഉണ്ടായിരുന്നു. കൃത്യാന്തര ബാഹുല്യം കാരണമോ മറ്റോ പള്ളിയില്‍ കയറാന്‍ സമയം കിട്ടാറുണ്ടായിരുന്നില്ല.
ഒരിക്കല്‍ ഈ വിദ്വാനെ ഒരു അറബി തടഞ്ഞു നിര്‍ത്തി. പിടിച്ചുവെക്കാനിടയാക്കിയ കാര്യം പിടികിട്ടിയ മല്‍ബു ജാള്യതയോടെ നിന്നപ്പോള്‍ അറബി ചോദിച്ചു.
ഇന്‍ ത ഹിന്ദി?
ദേശാഭിമാനമുണര്‍ന്ന മല്‍ബു.. ലാ ലാ വല്ലാഹി അന ബംഗാളി.
കിടക്കട്ടെ, അയല്‍രാജ്യമായ ബംഗ്ലാദേശിനൊരു പഴി. ഇന്ത്യ സുരക്ഷിതം.
അറബി അതേക്കുറിച്ച് ആലോചിക്കുമ്പോഴേക്കും നാട്ടിലെ ആളുകള്‍ കേസുകളില്‍നിന്ന് ഊരന്നതുപോലെ മല്‍ബു അവിടെ നിന്നു തടി രക്ഷപ്പെടുത്തി.
ഇവിടെ  നമ്മുടെ കഥാനായകനായ മല്‍ബുവിനെ തനിച്ചാക്കിയാണ് മറ്റു അന്തേവാസികള്‍ സൂഖിലേക്ക് പോയത്. മല്‍ബു കടല്‍ കടന്നെത്തിയിട്ട് അധിക ദിവസം ആയിട്ടില്ല. ഇഖാമ ശരിയാക്കുന്നതിനായി പാസ്‌പോര്‍ട്ട് സ്‌പോണ്‍സര്‍ കൊണ്ടുപോയിരിക്കയാണ്. പുറത്തിറങ്ങാന്‍ രേഖകളൊന്നുമില്ല.
ആ സമയത്താണ് നാട്ടില്‍നിന്ന് മല്‍ബിയുടെ ഫോണ്‍. സാധാരണ അന്തേവാസികളുടെ ഇടയില്‍ പതുങ്ങിയ ശബ്ദത്തില്‍ സംസാരിക്കാറുണ്ടായിരുന്ന മല്‍ബു ഫ്രീ ആയി സംസാരിക്കുന്നതു കേട്ടപ്പോള്‍ മല്‍ബി ചോദിച്ചു.
ഇതെന്താ നിങ്ങള്‍ തനിച്ചേയുള്ളൂ അവിടെ?
അതെ.
ബാക്കിയുള്ളവരെല്ലാം എവിടെ പോയി?
ഇവിടെ വെള്ളമില്ല. ടോയ്‌ലെറ്റില്‍ പോകാന്‍ എല്ലാവരും സൂഖില്‍ പോയിരിക്കയാ.
നിങ്ങള്‍ എന്തേ പോയില്ലേ?
ഇല്ല, എനിക്ക് പാസ്‌പോര്‍ട്ടില്ല.
അങ്ങനെയാണ് മല്‍ബിയുടെ മനസ്സില്‍ അക്കാര്യം തറച്ചത്. ഗള്‍ഫില്‍ പാസ്‌പോര്‍ട്ടുള്ളവര്‍ക്കു മാത്രമേ ടോയ്‌ലറ്റില്‍ പോകാന്‍ കഴിയൂ. പിന്നെ അതു കാതുകള്‍ മാറിമാറി പഴമൊഴിയായി.

February 6, 2011

അലുംനി- ഒരു മല്‍ബു സങ്കടം

പാട്ടു കേള്‍ക്കാന്‍ പോയതായിരുന്നു മല്‍ബു.
അതിനു സാധിച്ചില്ല എന്നു മാത്രമല്ല, ഇതിപ്പോ ഭയങ്കര ഫീലിംഗ്‌സുമായി. മല്‍ബിയും കുട്ടികളും ഇപ്പോള്‍ പടപ്പാട്ട് പാടുകയാണ്.
എന്തുകൊണ്ട് ടിക്കറ്റ് മുന്‍കൂട്ടി റിസര്‍വ് ചെയ്തില്ല എന്ന ചോദ്യം ന്യായമാണ്. പരിവാരമൊത്ത് ഒരു കലാപരിപാടി ആസ്വദിക്കാന്‍ പോകുന്നുണ്ടെങ്കില്‍ പ്രാഥമികമായും ചെയ്യേണ്ട കാര്യമാണത്.
മല്‍ബിയുടെ നിര്‍ബന്ധം കൊണ്ടാ ഇറങ്ങിപ്പുറപ്പെട്ടതെന്നത് സത്യമാണ്.
അതിപ്പോ വലിയ നാണക്കേടായി. പ്രവേശനം കിട്ടാതെ തിരികെ പോരേണ്ടി വന്നതിലല്ല സങ്കടം. അവിടെ കാണാമെന്ന് പല മല്‍ബികളോടും നേരത്തെതന്നെ പറഞ്ഞിട്ടുണ്ട്. അവരൊക്കെ എന്തു കരുതും. ചോദ്യം ന്യായമാണെങ്കിലും എന്തെങ്കിലും പറഞ്ഞ് ഒഴിവാകാവുന്നതേയുള്ളൂ.
നാട്ടീന്നു പാട്ടുകാര്‍ വന്നാല്‍ പൊതുവെ ഇരിക്കപ്പൊറുതി കിട്ടാറില്ല.
വര്‍ഷത്തില്‍ ഒന്നു രണ്ടു തവണയല്ലേ പാട്ടുകാര്‍ ഇങ്ങോട്ട് എഴുന്നള്ളുന്നുള്ളൂ എന്ന കാരണത്താല്‍ അതിനു മുടക്കം വരുത്താറുമില്ല. ദുബായിലെ പോലെ എന്റര്‍ടെയിന്‍മെന്റിനു അത്രയേറെ ചെലവില്ലല്ലോ ഇവിടെ. ചില്ലറ കൊടുത്താല്‍ കുടുംബസമേതം പോയി പാട്ടു കേട്ട് മടങ്ങാം.
കലാപരിപാടികള്‍ക്കു പോയി നിരാശരായി മടങ്ങേണ്ടിവന്നു എന്നത് മല്‍ബു ചരിതത്തില്‍ പുതിയതൊന്നുമല്ല. പല കാരണങ്ങള്‍ കൊണ്ട് മടങ്ങിയിട്ടുണ്ട്. പക്ഷേ, പാസില്ലാതെ മടങ്ങുകയെന്നതു ഒരിക്കലും സംഭവിച്ചിട്ടില്ല. സംഘാടകരുടെ പോരായ്മ കാരണം പരിപാടി തന്നെ മുടങ്ങിപ്പോയതിനാല്‍ മടങ്ങിയിട്ടുണ്ട്. പാട്ടുകാരെ കൊണ്ടുവന്നവരെ ആരെങ്കിലും ഒറ്റുകൊടുക്കാനിടയുണ്ടോ എന്ന് ആദ്യമേ തന്നെ അന്വേഷിക്കാറുണ്ട്. പാരകളുടെ സാധ്യതകള്‍ കണ്ടറിഞ്ഞ് തടഞ്ഞില്ലെങ്കില്‍ പാട്ടുകാര്‍ക്ക് മുറിക്കകത്ത് അടച്ചിരിക്കേണ്ടിവരും. അതിഥികളെ എത്തിക്കുന്നതിലും ടിക്കറ്റ് വില്‍പനയിലും മാത്രം സംഘാടകര്‍ ശ്രദ്ധിച്ചാല്‍ പോരെന്നു ചുരുക്കം. ഏതെങ്കിലും തരത്തില്‍ വിരോധമുള്ളവര്‍ പിന്നാമ്പുറത്ത് എവിടെയെങ്കിലുമുണ്ടോ എന്നു ജാഗ്രതയോടെ നിരീക്ഷിക്കണം. കല്യാണം മുടക്കികള്‍ക്ക് സമാനമായി ആഹ്ലാദം കണ്ടെത്തുന്നുവര്‍ എവിടെയുമുണ്ട്.
പാട്ടിനു പോയി പാസ് കിട്ടിയില്ല എന്നതു നേരു തന്നെ.
പക്ഷേ ഇതിപ്പോ തന്റേതല്ലാത്ത കാരണം കൊണ്ടാണെന്ന് പറഞ്ഞൊഴിയാന്‍ കഴിയില്ല. ഏതാനും വര്‍ഷങ്ങളായി കൊണ്ടുനടക്കുന്ന ഒരു സങ്കടമാണ് വില്ലനായി മാറിയത്, അലുംനി.
അലുംനി അംഗമല്ലാത്തതു കൊണ്ടാണ് മല്‍ബുവിനും കുടുംബത്തിനും മടങ്ങേണ്ടിവന്നത്. പാട്ടുകേള്‍ക്കാന്‍ എന്ത് അലുംനിയെന്നു ചോദിക്കാന്‍ വരട്ടെ. ഇപ്പോള്‍ എല്ലാം അലുംനിമയമാണ്. പാട്ടും ടൂറും എല്ലാം അലുംനികള്‍ക്കു മാത്രം. അലുംനി അംഗങ്ങള്‍ക്കും കുടുംബത്തിനുമായി പാട്ട് പരിമിതപ്പെടുത്തിയതില്‍ കുറ്റപ്പെടുത്താനൊന്നുമില്ല.
മല്‍ബുവിനും ഒരു അലുംനിയില്‍ ചേര്‍ന്നാല്‍ പോരേ, അപ്പോള്‍ പ്രശ്‌നം തീര്‍ന്നില്ലേ എന്നു ചോദിക്കാം. അല്ലെങ്കില്‍ സ്വന്തമായി ഒരു അലുംനി ഉണ്ടാക്കാം. പത്രത്തില്‍ ഫോട്ടോയും മറ്റും വരുമെങ്കിലും അലുംനിയായാലും അതു നടത്തിക്കൊണ്ടു പോകാന്‍ ഇത്തിരി പാടൊക്കെയുണ്ട്. കൂട്ടായ്മകളെ കളിയാക്കുന്നവരുണ്ട്. പുറമെ നില്‍ക്കുന്നവര്‍ക്ക് എന്തും പറയാം.
ഇന്റര്‍നെറ്റിലെ സുഹൃദ് കൂട്ടായ്മകളും ഇപ്പോള്‍ ലൈവാകുകയാണല്ലോ? നെറ്റിലെ സംസാരം കൂടാതെ അവര്‍ കൂടിയിരുന്നും സംസാരിച്ചു തുടങ്ങി. വെറുതെ കൂട്ടം കൂടുകയല്ല, നെറ്റ് സൗഹൃദം സാമൂഹിക സേവനങ്ങള്‍ക്കും വഴി തുറക്കുന്നുണ്ട്.
അങ്ങനെ മല്‍ബുവിനെ തേടിയും ഒരു കൂട്ടരെത്തി. വലിയ കമ്പനിയുടെ വലിയ ഉദ്യോഗസ്ഥനാണല്ലോ, നാട്ടുകാരനായിട്ട് അദ്ദേഹം അലുംനിയിലില്ലെങ്കില്‍ അദ്ദേഹത്തിനല്ല, അലുംനിക്കാണ് അതിന്റയൊരു നാണക്കേട്.
പ്രീഡിഗ്രി മുതല്‍ മേലോട്ട് പഠിച്ചവരെല്ലാം അലുംനിയിലുണ്ടെങ്കിലും സഹപാഠികള്‍ക്കൊന്നും മല്‍ബു ഏതു വര്‍ഷമാണ് പഠിച്ചതെന്ന് ഓര്‍മയില്ല. അങ്ങനെയാണ് നേരിട്ട് ചോദിച്ച് മെംബര്‍ഷിപ്പ് കൊടുക്കാനായി അലുംനി ഭാരവാഹികളുടെ സന്ദര്‍ശനം.
സംഘടനയുടെ പ്രവര്‍ത്തനങ്ങളും ലക്ഷ്യങ്ങളുമൊക്കെ വിശദീകരിച്ചിട്ടും മല്‍ബുവിന് ഒരു ഉഷാറില്ല. നിങ്ങളാണ് ഇനി അലുംനിയില്‍ മുഖ്യപങ്ക് വഹിക്കേണ്ടതെന്നു കൂടി പറഞ്ഞു ഭാരവാഹികള്‍. ഏതു വര്‍ഷമാണ് മല്‍ബു കോളേജില്‍ പഠിച്ചതെന്ന് ആരും ചോദിച്ചില്ല. ചിലപ്പോള്‍ അങ്ങനെയാണ്. സുഹൃത്തായിരിക്കും. പലപ്പോഴും കാണാറുണ്ട്. ഇഷ്ടം പോലെ സംസാരിക്കാറുമുണ്ട്. പക്ഷേ പേരറിയില്ല. ഇത്രയും അടുപ്പമുള്ള ഒരാളോട് പേരെങ്ങനെ ചോദിക്കുമെന്നായിരിക്കും ധര്‍മസങ്കടം.
ഇവിടെ അങ്ങനെയല്ല, പേരുകേട്ട കോളേജ് നിലനില്‍ക്കുന്ന സ്ഥലത്തുതന്നെയാണ് മല്‍ബുവിന്റെ വീട്. കൃത്യമായി പറഞ്ഞാല്‍ 200 മീറ്റര്‍ മാത്രം അകലെ. അങ്ങനെയുള്ള ഒരാള്‍ക്ക് നേരിട്ടങ്ങ് മെംബര്‍ഷിപ്പ് കൊടുക്കുകയല്ലാതെ പിന്നെന്തു ചോദിക്കാന്‍.
പക്ഷേ, മല്‍ബുവിനത് പറയാതിരിക്കാന്‍ കഴിഞ്ഞില്ല.
പിന്നെ നിങ്ങളീ പറയുന്ന കോളേജില്‍ ഞാന്‍ പഠിച്ചിട്ടില്ല. നിങ്ങളൊരു യു.പി സ്കൂളിന്റെ അലുംനി തുടങ്ങിയാലേ എനിക്കു ചേരാന്‍ പറ്റൂ.
അലുംനിക്കാര്‍ മൂക്കത്തു വിരല്‍വെച്ചു.
സംശയിക്കേണ്ട. ഞാന്‍ കോളേജില്‍ പഠിച്ചിട്ടില്ല. പിന്നെ ഇതൊക്കെ സ്വപ്രയത്‌നം കൊണ്ട് നേടി. മല്‍ബു പറഞ്ഞുനിര്‍ത്തി.

January 30, 2011

കത്രികയും മെഷീനും

കത്രികയും മെഷീനും മത്സരിച്ചു.
ചില കമ്പനികളില്‍ കീഴ്ജീവനക്കാരും ബോസും മത്സരിക്കുന്നതു പോലെ.
മെഷീനാണ് വേഗം കൂടുതലെന്ന ശാസ്ത്ര സത്യം അംഗീകരിക്കുമ്പോഴും ആ കരവിരുത് കാണുമ്പോള്‍ നമുക്ക് തോന്നും, കത്രികക്കാണ് അതിവേഗമെന്ന്.
വെറും തോന്നല്‍ മാത്രം.
കമ്പനികളില്‍ നോക്കിയാല്‍, അടിമയെ പോലെ പണിയെടുക്കുന്നവരാണ് കത്രികക്ക് സമാനം. പക്ഷേ നേട്ടം മുഴുവന്‍ മെഷീന്റെ കണക്കിലായിരിക്കും.
കത്രികയും മെഷീനും ഇടതടവില്ലാതെ ചലിച്ചപ്പോള്‍ മല്‍ബുവിന്റെ കാത്തിരിപ്പിനറുതിയായി. വെട്ടിയൊതുക്കിയ മുടിയുടേയും താടിയുടേയും മനോഹാരിത ഒരിക്കല്‍ കൂടി കണ്ണാടിയില്‍ ആസ്വദിച്ച ശേഷം ഓരോരുത്തരായി ക്ഷുരകശാലയില്‍നിന്ന് ഇറങ്ങിത്തുടങ്ങി.
മല്‍ബുവിനും സെല്‍ ഫോണ്‍ തൊട്ടതിനെ തുടര്‍ന്ന് ഇളിഭ്യനായ മറ്റെയാള്‍ക്കും ചിരി സമ്മാനിച്ചുകൊണ്ട് ഫോണ്‍ ഉടമയും ഇറങ്ങി.
ശ്ശോ ആശ്വാസമായി.
എത്ര നേരായി മുഖം കുനിച്ചുള്ള ഇരിപ്പ് തുടങ്ങിയിട്ട്.
ഇറങ്ങുമ്പോള്‍ അയാള്‍ സമ്മാനിച്ചത് ഒരു തരം ആക്കുന്ന ചിരിയായിരുന്നു.
മല്‍ബു ആലോചിക്കുകയായിരുന്നു.
അയാള്‍ ചെയ്തതില്‍ എന്താണു തെറ്റ്?  ഒരു തെറ്റുമില്ല. സ്വന്തം ഫോണ്‍ മറ്റൊരാള്‍ തൊടാതിരിക്കാന്‍ സ്ക്രീന്‍ സേവറില്‍ വെക്കെടാ ഫോണ്‍ എന്നു ചേര്‍ത്തു. വെക്കെടാ, ഫോണ്‍ എന്നീ പദങ്ങള്‍ക്കു മധ്യേ വേണമെങ്കില്‍ ചുരുങ്ങിയത് സുപരിചിതമായ  ഒരു മൃഗത്തിന്റെ പേരെങ്കിലും ചേര്‍ക്കാം. അത് ചെയ്യാത്തത് അയാളുടെ മാന്യത. പക്ഷേ, അന്യരുടെ കാര്യങ്ങളില്‍ അനാവശ്യമായി ഇടപെടുന്നവര്‍ അതു കൂടി അര്‍ഹിക്കുന്നുണ്ട്. എത്ര കൗതുകമുള്ളതാണെങ്കിലും ഫോണ്‍ വേറൊരാളുടെ സ്വകാര്യതകള്‍ നിറഞ്ഞതാണെന്ന് വിസ്മരിക്കാന്‍ പാടില്ലല്ലോ?
പണ്ടൊക്കെ പഴ്‌സിലാണ് പ്രിയ മല്‍ബികളുടെ ഫോട്ടോകള്‍ വെച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ മൊബൈല്‍ ഫോണിന്റെ സ്ക്രീനാണ് അതിന്റെ സ്ഥാനം. ഓരോ ദിവസവും പുലരുമ്പോള്‍ പ്രവാസികളുടെ ഫോണ്‍ സ്ക്രീനിന് അഴകേകാന്‍ മല്‍ബിയുടെ പുതുപുത്തന്‍ പോസുകള്‍ ഇങ്ങോട്ടെത്തുകയല്ലേ?
പുതുപുത്തന്‍ ഫോണ്‍ മോഡലുകള്‍ കാണാന്‍ അടുത്തുള്ള മൊബൈല്‍ ഫോണ്‍ ഷോപ്പില്‍ കയറിയാല്‍ പോരേ?
അവിടെ ചെന്നാല്‍, ഡെമ്മികളല്ലേ നിരത്തിവെച്ചിരിക്കുന്നത്. ഒറിജിനല്‍ തന്നെ കാണാന്‍ കൊതിച്ചാല്‍ കിട്ടിയാലായി. ഏതായാലും ഫോണ്‍ ഡെമ്മികള്‍ ആകര്‍ഷകമായി നിരത്തുന്നുണ്ട്. എന്നാല്‍ പിന്നെ ഒറിജിനല്‍ തന്നെ ഡിസ്‌പ്ലേ ചെയ്താല്‍ എന്താ?
അതേയ്, അപ്പോള്‍ കടയുടമ വിവരമറിയും.
പയ്യന്റെ തലയില്‍ കത്രിക ചലിച്ചു തുടങ്ങി. മല്‍ബു പത്രത്താളിലും പരതി.
ഇടക്ക് പണി നിര്‍ത്തി മല്‍ബുവിനു നേരെ തിരിഞ്ഞു.
കാത്തിരുന്നു വല്ലാതെ മുഷിഞ്ഞു അല്ലേ?
ഏയ് സാരമില്ല.
ചിലപ്പോള്‍ ഇങ്ങനാ ആളുകളിങ്ങനെ ഇളകി വരും. ചില ദിവസങ്ങളില്‍ ഈച്ച പോലുമില്ല.
നാട്ടിലെവിടാണ്?
കര്‍മത്തിനിടയില്‍ അയാളുടെ നാവും നിര്‍ത്താതെ ചലിച്ചു തുടങ്ങി.
ഇവിടെ എവിടാ ജോലി?
ശമ്പളം എങ്ങനാ? പത്തു പതിനഞ്ചൊക്കുമോ?
വിടുന്ന മട്ടില്ല. ചിലര്‍ അങ്ങനെയാണ്. എല്ലാ വിവരങ്ങളും അറിഞ്ഞ ശേഷമേ ചോദ്യങ്ങള്‍ അവസാനിപ്പിക്കൂ. കുറ്റാന്വേഷകനാണോ എന്നു സംശയിക്കാം ചോദ്യങ്ങള്‍ കേട്ടാല്‍.
രക്ഷപ്പെടാന്‍ മറ്റു മാര്‍ഗമില്ല. സകല കാര്യങ്ങളും ചോര്‍ത്തിയ ശേഷമേ ഇയാള്‍ കത്രിക താഴെ വെക്കൂ.
ഉഷ്ണം ഉഷ്‌ണേന ശാന്തി. മല്‍ബു തിരിച്ചടിച്ചു തുടങ്ങി.
എത്ര ശമ്പളം കിട്ടിയിട്ടെന്താ മാഷേ? എന്താ സാധനങ്ങളുടെയൊക്കെ വില?
വാടകയാണെങ്കില്‍ മാസാമാസം കൂട്ടുകയല്ലേ?
അടുത്ത മാസം വാടക കൂടുമെന്ന് ഇന്നലെയാ നോട്ടീസ് കിട്ടിയത്.
ഓഹോ, നിങ്ങള്‍ക്കും തികയുന്നില്ല അല്ലേ? എന്നാലും എത്ര വരും മാസവരുമാനം?
നോ രക്ഷ. ഇയാള്‍ ശമ്പളം പറയിച്ചേ അടങ്ങൂ.
മല്‍ബു ആലോചിച്ചു. വീണ്ടുമൊരു ചോദ്യം തിരിച്ചിട്ടു.
ഗള്‍ഫില്‍ പൊതുവെ ജോലി സാധ്യത കുറയുകയാ അല്ലേ? എന്താ നിങ്ങളുടെ അഭിപ്രായം?
അങ്ങനെയൊന്നും പറയാന്‍ പറ്റില്ല. സൗദിയില്‍ എന്തായാലും കുറയില്ല.
മല്‍ബുവിന്റെ അടുത്ത ചോദ്യം. നിങ്ങളുടെ വരുമാനം കൂടുന്നുണ്ടോ?
എന്തു കൂടിയിട്ടെന്താ. നാട്ടില്‍ സാധനങ്ങള്‍ക്കൊക്കെ തീവിലയല്ലേ? അയക്കുന്ന തുക ഒന്നിനും തികയുന്നില്ല.
മല്‍ബു ഒന്നമര്‍ത്തി മൂളി. ഇയാളൊരു പഠിച്ച ബാര്‍ബര്‍ തന്നെ. സ്വന്തം വരുമാനം പറയുന്നില്ല. മറ്റുള്ളവരുടേത് അറിയുകേം വേണം. അന്യരുടേത് കൊത്തിവലിക്കാനാണല്ലോ എല്ലാവര്‍ക്കും മോഹം.
പിന്നെ ഇത്തിരി നേരം നിശ്ശബ്ദത.
ഇനിയൊരു ചോദ്യമുണ്ടാവില്ലെന്ന പ്രതീക്ഷയിലായിരുന്നു മല്‍ബു. അതു തെറ്റിച്ചുകൊണ്ട് അയാള്‍ വീണ്ടും.
ഇതു പേരക്കുട്ടിയാ അല്ലേ?
മല്‍ബു ശരിക്കുമൊന്നു ഞെട്ടി.
ഇയാള്‍ മാനം കെടുത്തിയേ അടങ്ങൂ. നല്ല ആയുധമാണ് മകനു കൊടുത്തിരിക്കുന്നത്. അവന്‍ ഇതു മല്‍ബിയുടെ കാതിലെത്തിക്കും. അയല്‍ക്കാരന്‍ കമ്മദ് വെച്ചതു പോലെ നിങ്ങള്‍ക്കും എന്തുകൊണ്ട് കൃത്രിമ മുടി വെച്ചുകൂടാ എന്ന ചോദ്യം കുറേക്കൂടി ഉച്ചത്തില്‍ ഉയരും.
മല്‍ബു കണ്ണാടിയില്‍ നോക്കി മുടിയില്ലാത്ത തലയില്‍ തടവി.
മറു കണ്ണാടിയില്‍ പയ്യന്‍ അതു കണ്ട് ചിരിക്കുന്നുണ്ടായിരുന്നു. 

January 31, 2010

കുടുംബ ജീവിതം ഗൂഗിളില്‍



രാവിലെ തന്നെ മല്‍ബി ബഹളം തുടങ്ങി.
എല്ലാം ഈ ഞാന്‍ ഒരുത്തി ചെയ്യണം.
ഭക്ഷണം ഉണ്ടാക്കണം, കുഞ്ഞിനെ നോക്കണം, മക്കളെ സ്കൂളില്‍ പറഞ്ഞയക്കാന്‍ റെഡിയാക്കണം. ക്ലീനിംഗാണെങ്കില്‍ ഒരിക്കലും അവസാനിക്കില്ല. ഇതേക്കാളും ഭേദം നാട്ടില്‍ തന്നെയായിരുന്നു. ഏതു സമയത്താണാവോ തോന്നിയത് ഇങ്ങോട്ട് കെട്ടിയെടുക്കാന്‍.
എന്തെങ്കിലും ഒരു സഹായം ചെയ്തു തരുന്നതുകൊണ്ട് എന്താ ഒരു കുഴപ്പം?
നിങ്ങളെ പോലെ ഓഫീസില്‍ പോകുന്നവരു തന്നെയാ എല്ലായിടത്തും അടുക്കളയിലും സഹായിക്കുന്നത്. അവര്‍ക്കൊന്നും ഒരു കുഴപ്പവുമുണ്ടായിട്ടില്ല. നിങ്ങളെ തുണക്കാരനാണല്ലോ ശുക്കൂറ്. അയാളുടെ കെട്ട്യോള്‍ക്ക് രാവിലെ കിച്ചണില്‍ കയറുകയേ വേണ്ട. പിള്ളേരുടെ കാര്യം മാത്രം നോക്കിയാ മതി. നിങ്ങളേക്കാളും കേമത്തമുള്ള ജോലി തന്നെയാ അയാള്‍ക്കും. ഇതുവരെ ഒരു കുറവും വന്നിട്ടില്ല.
ചോദ്യങ്ങളും ആവലാതികളുമൊക്കെ മല്‍ബുവിനോടാണെന്ന് അറിയാമെങ്കിലും സമര്‍ഥനായ മല്‍ബു ഉത്തരം പറയാന്‍ നില്‍ക്കാറില്ല.
പത്രമോ പുസ്തകമോ ഒന്നും വായിക്കാന്‍ കിട്ടിയില്ലെങ്കില്‍ സൗജന്യമായി, സുലഭമായി ലഭിക്കുന്ന സൂപ്പര്‍ മാര്‍ക്കറ്റുകളുടെ ഓഫര്‍ പേപ്പറുകള്‍ അരിച്ചു പെറുക്കും.
കാരണം, ഇതുപോലുള്ള കലപിലകള്‍ ഇപ്പോള്‍ സാധാരണമാണ്.
പലപ്പോഴും പറയുന്നതാ, കുട്ടികളുടെ യൂനിഫോം ഇസ്തിരിയിടുന്നതും ബാഗ് റെഡിയാക്കുന്നതുമൊക്കെ രാത്രി തന്നെ ചെയ്യണം, രാവിലെ ക്ലീനിംഗിന് നില്‍ക്കരുത് എന്നൊക്കെ.
പക്ഷെ, ഒന്നും നടക്കില്ല. രാവിലെ തുടങ്ങും യുദ്ധം.
ടെലിവിഷനും ഇന്റര്‍നെറ്റും കാരണം രാത്രി വൈകി മാത്രമേ മക്കള്‍ ഉറങ്ങാറുള്ളൂ. അവരെ വിളിച്ചുണര്‍ത്താനുള്ള ബഹളത്തില്‍നിന്നാണ് രാവിലത്തെ യുദ്ധത്തിന്റെ തുടക്കം. അതിന്റെ പരിസമാപ്തിയാണ് മല്‍ബുവിനോടുള്ള ഈ കയറ്റം.
നീ എന്റെ കാര്യം നോക്കേണ്ട. ഞാന്‍ ഓഫീസില്‍ പോകുന്ന വഴി എവിടെ നിന്നെങ്കിലും ഒരു സാന്റ്‌വിച്ച് വാങ്ങി കഴിച്ചോളാം. പിള്ളേര്‍ക്ക് വല്ലതും ഉണ്ടാക്കി കൊടുത്താല്‍ മതി. അവര്‍ വെറും വയറോടെ പോയി സ്കൂളില്‍വെച്ച് തളര്‍ന്നുവീണാല്‍ നമുക്ക് തന്നെയാ അതിന്റെ നാണക്കേട്.
ഇപ്പോള്‍ ഇതാ സ്കൂളിലെ ടീച്ചര്‍മാര്‍ പ്രസംഗിക്കാനും തുടങ്ങിയിട്ടുണ്ട്. പ്രവാസി വീട്ടമ്മമാരുടെ തിരക്കിനെ കുറിച്ചാണ് വിഷയമെങ്കിലും മക്കള്‍ക്ക് ഭക്ഷണം പോലും ഉണ്ടാക്കിക്കൊടുക്കുന്നില്ലെന്നാണ് അവര്‍ തെളിവ് സഹിതം അവതരിപ്പിക്കുന്നത്. ക്ലാസ് മുറിയില്‍ തളര്‍ന്നുവീഴുന്ന കുട്ടികളെ സ്കൂളിലെ മെഡിക്കല്‍ റൂമിലേക്ക് കൊണ്ടുവരുമ്പോഴായിരിക്കും രാവിലെ മാത്രമല്ല, രാത്രിയും അവര്‍ ഒന്നും കഴിച്ചിട്ടില്ലെന്ന് മനസ്സിലാകുന്നത്.
മല്‍ബുവിന്റേത് സദുപദേശമാണെങ്കിലും മല്‍ബി അതേ സ്പിരിറ്റില്‍ എടുത്തോളണമെന്നില്ല.
മക്കളെ സ്കൂളില്‍ വിട്ടിട്ടുവേണം മല്‍ബുവിന് ഓഫീസിലെത്താനെന്ന് മല്‍ബിക്ക് അറിയാഞ്ഞിട്ടല്ല.
എന്നാലും രാവിലെ എല്ലാരുംകൂടി ഇറങ്ങി നടുനിവര്‍ക്കുന്നതുവരെ പറഞ്ഞുകൊണ്ടേയിരിക്കും.
പക്ഷെ, ഇന്ന് ഇത്തിരി കടന്നാണ് മല്‍ബിയുടെ പറച്ചില്‍. അതിനു പിന്നിലെ കാരണം കണ്ടെത്താനായിരുന്നു മല്‍ബുവിന്റെ ശ്രമം.
വെറുതെ ഇതിങ്ങനെ ആളിക്കത്തില്ല. അങ്ങനെ ആലോചിച്ചിരിക്കുമ്പോഴാണ് മോള് വിളിച്ചു പറഞ്ഞത്.
പപ്പാ... മമ്മിയുടെ ചൂടിന് കാരണമുണ്ട്.
മമ്മിക്ക് നെറ്റ് പോയതിന്റെ ചൂടാ...
അവളുടെ ചെവിയല്‍പം നൊന്തെങ്കിലും പറഞ്ഞതു വാസ്തവമായിരുന്നു.
ഇന്റര്‍നെറ്റ് കണക്ഷന്‍ പോയതിനാല്‍ രണ്ടു ദിവസമായി മല്‍ബി പിന്നാലെ കൂടിയിട്ട്.
അതു ശരിയാക്കിക്കൊടുക്കാന്‍ വൈകുന്നതിന് അവള്‍ കാരണവും കണ്ടെത്തിയിരുന്നു.
നിങ്ങള്‍ക്ക് ഓഫീസില്‍ നെറ്റുണ്ടല്ലോ? ഇവിടെ എന്തായാല്‍ എന്താ?
അപ്പോള്‍ ആ ചൂട് കൂടിയാ ഇവിടെ തിളച്ചുമറിയുന്നത്.
മല്‍ബിക്ക് ഒഴിച്ചുകൂടാനാകാത്തതായിരിക്കുന്നു ഇന്റര്‍നെറ്റ്.
കടലിനക്കരെയുള്ള കുടുംബക്കാരെയും കൂട്ടുകാരികളെയും മാത്രമല്ല, താമസസ്ഥലത്ത് അയല്‍പക്കത്തുള്ള മല്‍ബിയോട് പോലും ഇപ്പോള്‍ സംസാരം ഗൂഗിളിലാണ്.
ടെലിഫോണും മൊബൈലുമൊക്കെ ഔട്ടായി. പകരം ഗൂഗിളാണ് എല്ലായിടത്തും. രാവിലെ പിള്ളേരെയൊക്കെ സ്കൂളില്‍ വിട്ട് മല്‍ബു ഓഫീസിലേക്കും പോയിക്കഴിഞ്ഞാല്‍ പിന്നെ ഗൂഗിളും തുറന്ന് ഒറ്റയിരിപ്പാ.
സാമ്പത്തിക മാന്ദ്യം വഴിമാറുന്നതും ഫലസ്തീന്‍ പ്രശ്‌നവും സ്വര്‍ണത്തിന്റെ വിലക്കയറ്റവും രൂപയുടെ മൂല്യവര്‍ധനയും പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ മാത്രമല്ല, രാവിലെ ഉണ്ടാക്കിയ കറിയുടെ കൂട്ടും പുതുതായി വാങ്ങിയ ചെരിപ്പിന്റെ ചേലും തുടങ്ങി വിഷയങ്ങള്‍ക്ക് ഒട്ടും പഞ്ഞമില്ല.
പ്രവാസ ലോകത്തെ സമയം കൊല്ലികളെന്ന് ഇനി മല്‍ബികളെ വിളിക്കേണ്ട. അവര്‍ ടെലിവിഷനും നോക്കിയിരിപ്പല്ല. ലോക വിവരങ്ങള്‍ ചര്‍ച്ച ചെയ്യുകയാ. ഉച്ചക്കും രാത്രിയുമൊന്നും ഭക്ഷണം കിട്ടിയില്ലെങ്കിലോ, ഭക്ഷണം കരിഞ്ഞുപോയാലോ അവരെ കുറ്റം പറയരുത്. എല്ലാറ്റിനും കാരണം ഗൂഗിളാ, ഗൂഗിള്‍.
അതെന്തിനാ മല്‍ബികളെ മാത്രം കുറ്റം പറയുന്നു.
മല്‍ബുകള്‍ മൊത്തം ഇപ്പോള്‍ ഇന്റര്‍നെറ്റിന്റെ ലോകത്താണ്. കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ അറിയാത്തവര്‍ക്കുപോലും ഇപ്പോള്‍ കമ്പ്യൂട്ടര്‍ വേണം.
പണ്ടൊക്കെ ഗള്‍ഫില്‍നിന്നുള്ള ഫോണിന് നാട്ടുകാര്‍ കാത്തുനില്‍ക്കുമായിരുന്നുവെങ്കില്‍ ഇപ്പോള്‍ വെച്ചിട്ടു പോ മാഷേ എന്ന് തിരിച്ചിങ്ങോട്ട് കേള്‍ക്കാന്‍ പാകത്തിലായിരിക്കുന്നു നെറ്റ് വഴിയുള്ള മല്‍ബുവിന്റെ ഫോണ്‍ വിളി.
Related Posts Plugin for WordPress, Blogger...