Pages

പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..

February 19, 2012

പൊറോട്ട ലേപനം


ലേപനം ചെയ്യുകയായിരുന്ന വൈദ്യരുടെ കണ്ണുകളിലേക്ക് മല്‍ബു തുറിച്ചുനോക്കി. എവിടെയോ കണ്ടു മറന്ന മുഖം. പക്ഷേ ഓര്‍മ വരുന്നില്ല. ഫേസ് ബുക്കിലാണോ, യു ട്യൂബിലാണോ അതോ സാക്ഷാല്‍ സിനിമയില്‍ തന്നെയാണോ? പ്രായം കൂടിയതുകൊണ്ടു മാത്രമല്ല ഈ ഓര്‍മ്മക്കുറവ്. ഈ കുണ്ടാമണ്ടികളൊക്കെ അതിനൊരു കാരണമാണ്. ഒന്നും ഓര്‍മ്മിച്ചുവെക്കാന്‍ തോന്നാറില്ല. എല്ലാം ഗൂഗിള്‍ ചെയ്യാനാണ് താല്‍പര്യം. ഹൈസ്കൂളില്‍ പഠിക്കുമ്പോള്‍ ഹൈവേ വഴി പോകുന്ന എല്ലാ ബസുകളുടേയും നമ്പറും പേരും മനഃപാഠമായിരുന്നു. ഏതു ബസിന്റെ പേരു പറഞ്ഞാലും നമ്പര്‍ റെഡി. തിരിച്ചും. 

താങ്കളെ ഞാന്‍ എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്നു സാധാരണ ഗതിയില്‍ ചോദിച്ചാല്‍ മതി. പക്ഷേ അതിനും മനസ്സു വരുന്നില്ല. കിടത്തി ചികിത്സയും വലിയ ആശുപത്രിയും കാറും പത്രാസുമൊക്കെയുള്ള വൈദ്യരെ എങ്ങനെ അഭിസംബോധന ചെയ്യണമെന്നതില്‍ പോലും ആശയക്കുഴപ്പമാണ്. ഇത്ര വലിയ ഒരാളെ എങ്ങനെ വൈദ്യരെന്നു വിളിക്കും. പത്ത് മിനിറ്റിനിടയില്‍ സാര്‍, ഡോക്ടര്‍, ഗുരുക്കള്‍ എന്നിങ്ങനെ പല തവണ മാറിവിളിച്ചിട്ടുണ്ട്. എന്നിട്ടു വേണ്ടേ ഒന്നു വിശദമായി പരിചയപ്പെടാന്‍. 

അലോപ്പതി ഉപേക്ഷിച്ച് ആയുര്‍വേദത്തെ പ്രണയിച്ചു തുടങ്ങാന്‍ ഒരാള്‍ക്കു പലതാകാം കാരണം. മല്‍ബുവിനും അങ്ങനെ തന്നെയാണ്. കഴുത്ത് വേദനയുമായി പോയപ്പോള്‍ തേഞ്ഞുപോയെന്നു പറഞ്ഞ് പലവിധ ചികിത്സയും മരുന്നുമായി വട്ടം കറക്കിയ ഒരു അലോപ്പതി ഡോക്ടറുടെ ചതി മനസ്സിലാക്കിക്കൊടുത്തത് മറ്റൊരു ഡോക്ടറായിരുന്നു. തേയ്മാനമൊന്നുമല്ല, വെറും യൂറിക് ആസിഡിന്റെ പ്രോബ്ലമാണെന്നു പറഞ്ഞ് മൂന്ന് ഗുളിക കൊണ്ട് മാറ്റിയ രണ്ടാമത്തെ ഡോക്ടര്‍ മല്‍ബുവിന് കാണപ്പെട്ട ദൈവം പോലെയായി. അദ്ദേഹത്തിന്റെ മഹിമ പാടിനടക്കുമ്പോഴാണ് ടിയാന്‍ നല്‍കിയ മരുന്നു കഴിച്ച് ഒരാള്‍ തീരെ കിടപ്പിലായ കഥ കേള്‍ക്കുന്നത്. അതോടെ അദ്ദേഹത്തെയും മൊഴി ചൊല്ലി. അതിനു ശേഷം എന്തു രോഗം വന്നാലും ഒന്നിലേറെ ഡോക്ടര്‍മാരെ കണ്‍സള്‍ട്ട് ചെയ്യുകയെന്നത് മല്‍ബുവിന് നിര്‍ബന്ധമാണ്. 

പല ആശുപത്രികള്‍ കയറിയിറങ്ങിയിട്ടും ഒരു തീരുമാനമെടുക്കാന്‍ പറ്റിയിരുന്നില്ല. വെച്ചുതാമസിപ്പിക്കുന്നതുകൊണ്ട് ആളുകള്‍ പറഞ്ഞു തുടങ്ങിയിട്ടുണ്ട്. കാലിന്റെ വേദന സഹിക്കുന്നതിലും കഷ്ടമാണ് ആളുകളുടെ ഈ ചോദ്യങ്ങള്‍. ഇത്തിരി സന്മസ്സും അലിവുമുള്ളയാളെന്നു തോന്നിയ ഒരു ഡോക്ടറെ പല തവണ കണ്ടു. ചെയ്യണോ ഡോക്ടര്‍, ഇവിടെ തന്നെ വേണോ സാര്‍, നാട്ടില്‍ പോയിട്ടു ചെയ്താല്‍ പോരേ തുടങ്ങിയ ചോദ്യങ്ങളുമായി സൈ്വരം കെടുത്തിയപ്പോള്‍ നാണിയെ പോലെ ആകരുതെന്നു പറഞ്ഞ് ഡോക്ടര്‍ കളിയാക്കിയിട്ടുണ്ട്.
അമിത വണ്ണത്തിന്റെ അസ്വസ്ഥതകളുമായി ഡോക്ടറെ സമീപിച്ച നാണിക്ക് ഇത്തിരി ഭക്ഷണ നിയന്ത്രണം നിര്‍ദേശിച്ചതായിരുന്നു ഡോക്ടര്‍. രാവിലെ രണ്ട് ഇഡ്ഡലി, ഉച്ചക്ക് ഒരു കപ്പ് ചോര്‍, രാത്രി രണ്ട് തവി കഞ്ഞി. തീറ്റപ്രിയനായ നാണി അതൊന്നു കൂടി ഉറപ്പു വരുത്താന്‍ കണ്‍സള്‍ട്ടിംഗ് റൂമിന്റെ വാതില്‍ തള്ളിത്തുറന്ന് ചോദിച്ചുവത്രേ. ഇതൊക്കെ ഭക്ഷണത്തിനു മുമ്പാണോ ശേഷമാണോ ഡോക്ടര്‍. 
മല്‍ബുവിന്റെ ഡോക്ടറെ കുറ്റം പറയാനാവില്ല. അദ്ദേഹം ശരിക്കും കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്. സ്വന്തം നാട്ടുകാരനെന്ന നിലയിലായിരുന്നു ഈ പരിഗണന. 

വിടാതെ പിടികൂടിയിരിക്കുന്ന കാലിലെ ഈ വേദന മാറ്റാന്‍ ഓപറേഷനല്ലാതെ വേറെ വഴിയില്ല. അത് ഗള്‍ഫില്‍ വെച്ചു ചെയ്യണോ നാട്ടില്‍ വെച്ചാകണോ എന്നു തീരുമാനിക്കേണ്ടത് മല്‍ബുവാണ്. പിന്നെയും പറഞ്ഞുകൊടുത്തിരുന്നു. അത്യാധുനിക സാമഗ്രികളും സംവിധാനങ്ങളും ഇവിടെയാണ് കൂടുതല്‍. പക്ഷേ അതു വിദഗ്ധമായി ഉപയോഗിക്കാനറിയാവുന്ന ഡോക്ടര്‍മാര്‍ നാട്ടിലാണ്. പരമാവധി ശസ്ത്രക്രിയകള്‍ നേടിയെടുക്കാന്‍ ബാധ്യസ്ഥനായ ഒരു ഡോക്ടര്‍ ഇതിലപ്പുറം എന്തു സൂചന നല്‍കണം. ഇതു തന്നെ ആശുപത്രി മാനേജ്‌മെന്റിന്റെ ചെവിയിലെത്തിയാല്‍ പാരമുദ്ര കുത്തി ചവിട്ടിപ്പുറത്താക്കില്ലേ?

അനിശ്ചിതത്വം അവസാനിച്ചതു യാദൃഛികമായിട്ടായിരുന്നു. ഇവിടെ തന്നെ ഓപറേഷന്‍ നടത്താനുള്ള തീരുമാനവുമായി വലിയ ആശുപത്രി കവാടത്തിലെത്തിയപ്പോള്‍ മല്‍ബു ഒരാളെ വീല്‍ ചെയറില്‍ കണ്ടു. വിവരങ്ങള്‍ പറഞ്ഞപ്പോള്‍ അയാള്‍ പറഞ്ഞു. മോനേ, വേദന കൊണ്ട് പുളഞ്ഞു നാളുകള്‍ നീക്കിയാലും ഇവിടെ വെച്ചു മുറിച്ചേക്കല്ലേ, പിന്നെ ഇതാ എന്നെ പോലെ ഈ വീല്‍ ചെയറില്‍നിന്ന് എഴുന്നേല്‍ക്കാന്‍ പറ്റില്ല.
അങ്ങനെ ഭാഗ്യത്തിനു രക്ഷപ്പെട്ടുവെന്ന ആശ്വാസവുമായി വിമാനം കയറിയ മല്‍ബു ഇപ്പോള്‍ പലരും മഹിമ പറയുന്ന പാരമ്പര്യ വൈദ്യന്റെ ലേപനത്തിനു വിധേയനായിക്കൊണ്ടിരിക്കുമ്പോഴാണ് കണ്ടു മറന്ന മുഖം അലട്ടിക്കൊണ്ടിരിക്കുന്നത്. നാക്കിന്റെ തുമ്പത്തു വരെ വരുന്നു എന്നൊക്കെ പറയുന്നതു പോലെ, ഇത് ചോദിക്കാതെ പോയാല്‍ അതു ചിന്തിച്ചു ചിന്തിച്ചു മല്‍ബു മരിച്ചു പോകാന്‍ വരെ സാധ്യതയുണ്ട്. 

കാലില്‍ തടവുന്നതിന്റെ സുഖം ആസ്വദിച്ചുകൊണ്ട് മല്‍ബു ഒരിക്കല്‍ കൂടി വൈദ്യരുടെ കണ്ണിലേക്ക് തുറിച്ചു നോക്കി രണ്ടു കല്‍പിച്ചു ചോദിച്ചു. 
സാര്‍ പുറത്തായിരുന്നു അല്ലേ? 
മനസ്സിലായില്ല.
അല്ല ഗുരുക്കള്‍ ഗള്‍ഫിലുണ്ടായിരുന്നോ എന്നാ ചോദിച്ചത്?
അതെ, അഞ്ച് വര്‍ഷം ഗള്‍ഫിലായിരുന്നു.
അവിടെ ആയുര്‍വേദ ചികിത്സ തന്നെയായിരുന്നോ?
അവിടെ എന്ത് ആയുര്‍വേദം? പല ജോലികളായിരുന്നു. 
ജിദ്ദയില്‍ ഉണ്ടായിരുന്നു അല്ലേ? ഫൈസലിയയില്‍ ?
അതെ ഉണ്ടായിരുന്നു. അധികം സംസാരത്തിനു നില്‍ക്കാതെ വൈദ്യര്‍ കര്‍മത്തില്‍ മുഴുകിയപ്പോള്‍
മല്‍ബുവിന്റെ മനസ്സില്‍ ആ ചിത്രം തെളിഞ്ഞു വന്നു. മരുഭൂമിയില്‍ പ്രവാസ ജീവിതത്തിന്റെ ചൂട് ശരിക്കും അറിഞ്ഞയാളാണ് തന്നെ ചികിത്സിച്ചുകൊണ്ടിരിക്കുന്നത്. ചുട്ടുപൊള്ളുന്ന ഓടിനു മുന്നില്‍നിന്ന് വിയര്‍ത്തുകുളിച്ച് ഇദ്ദേഹം മേക്ക് ചെയ്ത പൊറോട്ടയുടെ രുചി ഒന്നു വേറെ തന്നെയായിരുന്നു. ആ പൊറോട്ടയുടെ കൈപ്പുണ്യം ഇപ്പോള്‍ ലേപനത്തിലുമുണ്ട്. കാലിലെ വേദന കുറഞ്ഞുതുടങ്ങിയത് പ്രതീക്ഷക്കപ്പുറത്തുള്ള വേഗത്തിലായിരുന്നു. 






February 12, 2012

നീരിനുമേല്‍ കുമിള



ഗള്‍ഫിലെത്തിയതു മുതല്‍ മല്‍ബുവിന്റെ മോഹമായിരുന്നു ഒരു ഐഫോണ്‍. വില ഇന്ത്യന്‍ മണിയുമായി കൂട്ടിക്കിഴിച്ച് ഓരോ തവണയും പക്ഷേ പിന്‍വാങ്ങി. കൂട്ടുകാരില്‍ പലരും ഡ്യൂപ്ലിക്കേറ്റ് ഐ ഫോണ്‍ വാങ്ങി കൊതി തീര്‍ത്തുവെങ്കിലും അതിലൊന്നും നിന്നില്ല മല്‍ബുവിന്റെ കമ്പം. എവിടെ തിരിഞ്ഞൊന്നു നോക്കിയാലും അവിടെയെല്ലാം ഐഫോണ്‍ എന്ന നിലയിലെത്തി കാലം. ഒറിജിനലാണോ ഡ്യൂപ്ലിക്കേറ്റാണോ എന്നൊന്നും ആളുകള്‍ തുരന്ന് നോക്കുകയില്ലല്ലോ? അതു മാത്രമല്ല ഐ ഫോണിനെ വെല്ലുന്ന വേറെയും ബ്രാന്റുകള്‍ സര്‍വത്ര. ഒടുവില്‍ ഒരു ഐ ഫോണ്‍ മല്‍ബുവിന്റെ കൈയില്‍ വന്നു ചേര്‍ന്നപ്പോള്‍ അത് ചവറു പോലെ ആയിരുന്നുവെന്നു ചുരുക്കം. 


ചുളുവിലായിരുന്നു ഈ ഐ ഫോണിന്റെ വരവ്. കടലു കടക്കാന്‍ വിസക്ക് സ്വപ്‌നം കണ്ട് കാത്തിരുന്നപ്പോള്‍ വിസ വന്നുചേര്‍ന്നതു പോലെ. ഓരോ ഭാഗ്യം വന്നുചേരുമ്പോഴും നാട്ടിലെ ചേക്കു പറയുന്നതു ഓര്‍ക്കും മല്‍ബു. ഓന്‍ ഭാഗ്യോള്ളോനാ.. 


കമ്പനിയുടെ വാര്‍ഷികമായിരുന്നു വേദി. ആദ്യത്തെ പത്തു മിനിറ്റനകം ഹാളിലെത്തിയവരുടെ പേരെഴുതി നറുക്കിട്ടപ്പോഴാണ് ഐ ഫോണ്‍ ഭാഗ്യം മല്‍ബുവിനെ കടാക്ഷിച്ചത്. എന്തോന്ന് വാര്‍ഷികമെന്ന് ചോദിച്ച് നിരുത്സാഹപ്പെടുത്തിയിരുന്ന മല്‍ബിക്കും സന്തോഷം പകര്‍ന്നു ഫോണടിച്ച വാര്‍ത്ത. കിട്ടുന്നെങ്കില്‍ ഐ ഫോണ്‍ തന്നെ കിട്ടണം. എന്തോന്ന് നോക്കിയ എന്നായിരുന്നു കൂട്ടുകാരുടെ കമന്റ്. 


കാത്തുകാത്തിരുന്നു വന്നുചേര്‍ന്നതാണെങ്കിലും വിറ്റൊഴിവാക്കിയാല്‍ നാട്ടിലെ ബാങ്ക് അക്കൗണ്ടിലേക്ക് പത്ത് മുപ്പതിനായിരം രൂപ ചെല്ലുമെന്ന പ്രലോഭനമുണ്ടായി മല്‍ബുവിന്. ഫോണ്‍ ചെയ്യാനാണെങ്കില്‍ നൂറു റിയാലിന്റെ മൊബൈല്‍ മതിയല്ലോ? അതുകൊണ്ടു തന്നെ രണ്ടു മൂന്ന് ദിവസം ഗാഢമായ ആലോചനയിലായിരുന്നു. ഉപയോഗിക്കണോ? വിറ്റു കാശാക്കണോ? ഒത്തിരി കാലായുള്ള ആശയല്ലേ, വില്‍ക്കണ്ട എന്നായിരുന്നു മല്‍ബിയുടെ അഭിപ്രായം. ഗിഫ്റ്റ് കിട്ടിയതായതുകൊണ്ട് കമ്പനീന്ന് ആളുകള്‍ ചോദിക്കുകയും ചെയ്യും. അവരുടെ കണ്ണില്‍ പൊടിയിടാന്‍ ഒരു ഡ്യൂപ്ലിക്കേറ്റ് ഐ ഫോണ്‍ ധാരാളം. നറുക്കെടുപ്പില്‍ അടിച്ചതാണെങ്കിലും അവരുടെയൊന്നും കുശുമ്പ് മാറിയിട്ടില്ല. ഓരോരുത്തര്‍ക്കും കിട്ടുന്നതുവരെ അതൊട്ട് മാറുകയുമില്ല. നറുക്കിട്ടത് ശരിയായില്ലെന്നും ഓരോ പരിപാടിയിലും ഒരാള്‍ക്ക് ഗിഫ്റ്റ് എന്ന ചട്ടം തന്നെ നടപ്പിലാക്കണമെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. 


ദിവസങ്ങള്‍ കടന്നുപോയി. ആപ്ലിക്കേഷനുകള്‍ പലതും ഉപയോഗിച്ചുവെങ്കിലും ഒരു സിം കാര്‍ഡിനായി ഐ ഫോണ്‍ കാത്തിരുന്നു. ഫോണിന്റേയും മല്‍ബുവിന്റേയും കാത്തിരിപ്പ്  നീണ്ടില്ല. ഒരു സുപ്രഭാതത്തില്‍ ഫോണ്‍ മിസ്സായി. നിയമ ലംഘനത്തിലൂടെ ആയിരുന്നു ആവിയിലേക്കുള്ള അതിന്റെ അതിന്റെ യാത്ര. 


അലമാരയില്‍ ഭദ്രമായി വെച്ചിരുന്ന ഐ ഫോണ്‍ ഒരു ദിവസം പയ്യന്‍ മല്‍ബു സ്‌കൂളിലേക്ക് കൊണ്ടുപോയി. കൂട്ടുകാര്‍ കൈമാറി കൈമാറി അതിലെ ഗെയിമും കൗതുകങ്ങളും പരിശോധിക്കുന്നതിനിടെ ഹെഡ്മാഷ് നേരെ മുന്നില്‍. ഒളിപ്പിക്കാനുള്ള എല്ലാ ശ്രമവും പരാജയപ്പെട്ടു. ഫോണ്‍ ഹെഡിന്റെ കയ്യില്‍. തിരികെ ചോദിക്കാന്‍ പാടില്ല. അതാണു നിയമം. തര്‍ക്കിക്കാന്‍ പോയാല്‍ സസ്‌പെന്‍ഷന്‍..
 വെറും കൈയോടെ തിരികെ എത്തിയ പയ്യന്‍സിനു രണ്ടെണ്ണം പൊട്ടിച്ചെങ്കിലും സ്‌കൂളില്‍ പോയി ചോദിക്കാന്‍ മല്‍ബുവിനും ഒരു മടി. കുട്ടികളെ ഇങ്ങനെയാണോ വളര്‍ത്തുന്നതെന്നു ചോദിക്കില്ലേ? വെറും വിളിക്ക് ഉപയോഗിക്കുന്ന ഒരു സാധാരണ ഫോണല്ല മകന്‍ സ്‌കൂളില്‍ കൊണ്ടുപോയത്. എല്ലാ സൗകര്യങ്ങളുമുള്ള വിലയേറിയ ഐ ഫോണാണ്.


എന്നാലും എങ്ങനെ പോകാതിരിക്കും. നീ പോയില്ലേല്‍ അത് ഏതെങ്കിലും മാഷിന്റെ കൈയിലെത്തുമെന്നായി കൂട്ടുകാര്‍.. ഒന്നു പോയി നോക്കിയാലെന്താണെന്ന് മല്‍ബിയും. അങ്ങനെയാണ് രണ്ടും കല്‍പിച്ച് മല്‍ബു ഹെഡ്മാഷിന്റെ മുന്നിലെത്തിയത്. 


പ്രതീക്ഷിച്ചതു പോലെയൊന്നുമായിരുന്നില്ല. വളരെ ശാന്തനായിരുന്നു ഹെഡ്മാഷ്. അതിനെന്താ? നോക്കിയെടുത്തോളൂ എന്നു പറഞ്ഞ് ഹെഡ്മാഷ് ഒരു പെട്ടി കമിഴ്ത്തി ഒരു കൂട്ടം ഫോണുകള്‍ മല്‍ബുവിന് മുന്നില്‍ നിരത്തി.
പലവിധ ബ്രാന്റുകള്‍ക്കിടയില്‍ ഐ ഫോണുകള്‍ വേര്‍തിരിച്ചപ്പോള്‍ അഞ്ചെണ്ണമുണ്ട്. പക്ഷേ, മല്‍ബുവിന്റെ പുതുപുത്തന്‍ ഫോണില്ല. ഉള്ളതെല്ലാം ഡ്യൂപ്ലിക്കേറ്റുകള്‍..

പയ്യന്റെ കൈയില്‍നിന്ന് പിടിച്ച് അതിലിട്ടതാണല്ലോ എന്നു മാഷ്. പിന്നെ അതെങ്ങനെ ആവിയായെന്ന് പിടികിട്ടാതെ മല്‍ബു. 
മല്‍ബുവിന്റെ നോട്ടത്തിലെ ദുസ്സൂചന മനസ്സിലാക്കിയിട്ടോ എന്തോ ഹെഡ്മാസ്റ്റര്‍ പറഞ്ഞു. 
രണ്ടു ദിവസം മുമ്പ് ഒരു രക്ഷിതാവ് ഇതുപോലെ ഐ ഫോണും അന്വേഷിച്ചു വന്നിരുന്നു. അയാളെങ്ങാനും കൊണ്ടുപോയിക്കാണുമോ താങ്കളുടെ ഒറിജിനല്‍?


ആര്‍ക്കറിയാം മാഷേ? മോഹംഭഗത്തിലകപ്പെട്ട മല്‍ബുവിന്റെ മനസ്സിലേക്ക് ചേക്കുവിന്റെ വാക്കുകള്‍ റിംഗ്‌ടോണ്‍ പോലെ മുഴങ്ങി. ഓന്‍ ഭാഗ്യോള്ളാനാ.......









February 5, 2012

പൊട്ടന്‍ കളി


പത്രക്കാരെല്ലാം പോക്കാണ്. പച്ചമലയാളത്തില്‍ പറഞ്ഞ കാര്യമാണേല്‍ പോലും ഒരു പത്രവും നേരാംവണ്ണം കൊടുക്കുന്നില്ല- മല്‍ബുവിന്റെ കേരളാ ഹൗസില്‍ എപ്പോഴും മാധ്യമനിരീക്ഷകനാകാറുള്ള പത്രക്കാരന്‍ രോഷംകൊണ്ടു. ഈ നിരീക്ഷണ മനസ്സാണ് ഒരിക്കലും പത്രത്തില്‍ ജോലി ചെയ്തിട്ടില്ലാത്ത ടിയാനെ പത്രക്കാരനാക്കിയത്.
 

ഇതിനിപ്പോ എന്താ ഒരു കുഴപ്പം? വലിയ ജനക്കൂട്ടത്തെ പ്രിയങ്കരനായ നേതാവ് അഭിസംബോധന ചെയ്യുന്ന നാലു കോളം ഫോട്ടോയും വാര്‍ത്തയും ചൂണ്ടി മല്‍ബു പറഞ്ഞു.
 

സ്വീകരണ വാര്‍ത്തയും പ്രസംഗവും പടം സഹിതം ഗംഭീരമായി പത്രത്തില്‍ കൊടുത്തിരിക്കുന്നു.
പിന്നെ നമ്മള്‍ ഒരുമിച്ചല്ലേ പ്രസംഗം കേള്‍ക്കാന്‍ പോയത്. അവിടെ കേട്ടതു തന്നെയാണ് ഇവിടെ അച്ചടിച്ചിരിക്കുന്നതും.
 

അതെ അതു പറ- മല്‍ബു പറഞ്ഞു നിര്‍ത്തിയപ്പോള്‍ ആശാന്‍ ഇടപെട്ടു.
കണ്ടതായാലും കേട്ടതായാലും പിറ്റേന്നാള്‍ അത് അതുപോലെ വായിക്കണമെന്നത് നമ്മള്‍ മലയാളികളുടെ ഒരു ശീലമല്ലേ?
ഞാനും ഇന്ന് ആദ്യം നോക്കിയത് നമ്മള്‍ പങ്കെടുത്ത സ്വീകരണത്തിന്റെ വാര്‍ത്തയായിരുന്നു. ഇതാ ഈ മൂലയില്‍ നില്‍ക്കുന്നതാരാണെന്നു മനസ്സിലായോ? പത്രത്തിലെ ഫോട്ടോയുടെ ഒരു മൂലയില്‍ ചൂണ്ടി ആശാന്‍ ചോദിച്ചു.
ഇല്ല. മുഖം കറുത്തു പോയിരിക്കുന്നു. ആളെ മനസ്സിലാകുന്നില്ല.
പത്രക്കാരന്റേയും മല്‍ബുവിന്റേയും മറുപടി ആശാനെ നിരാശനാക്കി.
അയ്യോ അത് ഞാനായിരുന്നു. ഒട്ടും മനസ്സിലാകുന്നില്ല അല്ലേ. കുറച്ചൂടി വെളിച്ചത്തില്‍ നില്‍ക്കേണ്ടിയിരുന്നു അല്ലേ?
എന്നാലും വലിയ മാറ്റമൊന്നുമുണ്ടാകില്ലെന്നു മല്‍ബു. കാക്ക കുളിച്ചാല്‍ കൊക്കാകില്ലല്ലോ? 
 

പത്രക്കാരന്‍ വാര്‍ത്തയിലെ കുഴപ്പം വിശദീകരിച്ചില്ലെന്നു പറഞ്ഞ് ആശാന്‍ വിഷയം മാറ്റി. അതാണ് ആശാന്റെ മിടുക്ക്. സംഗതി എടങ്ങേറാകുമെന്നു കണ്ടാല്‍ സമര്‍ഥമായി വിഷയം മാറ്റും.
പത്രക്കാരന്‍ തുടര്‍ന്നു.
കുഴപ്പം നമുക്കൊക്കെ അറിയാവുന്നതു തന്നെയാണ്. ഈ വാര്‍ത്തയില്‍ വരേണ്ടതു വന്നില്ല. കേരളീയ സമൂഹം അഭിമുഖീകരിക്കുന്ന വലിയ ഒരു ടെന്‍ഷന്റെ  ഈസി പരിഹാരമാണ് പത്രങ്ങളും റിപ്പോര്‍ട്ടര്‍മാരും തമസ്കരിച്ചിരിക്കുന്നത്. ഇനി പ്രസംഗത്തിന്റെ വീഡിയോ നമ്മുടെ നേതാക്കളും മന്ത്രിമാരും കണ്ടെങ്കിലേ രക്ഷയുള്ളൂ. മുഖ്യമന്ത്രി ചാണ്ടി സാറിനും അദ്ദേഹത്തെ ഇടക്കിടെ സമ്മര്‍ദത്തിലാക്കുന്ന മന്ത്രിസഭയിലെ രണ്ടാമനും പ്രയോജനപ്പെടുന്നതാണ് ഈ പ്രസംഗം. നല്ല ഒന്നാന്തരം ഒറ്റമൂലി. വാര്‍ത്തയുടെ മുഖ്യഭാഗം മാത്രമല്ല തമസ്കരിക്കപ്പെട്ടിരിക്കുന്നത്,
ഒരു മുന്‍ പ്രവാസിയുടെ ത്യാഗ മനസ്സു കൂടിയാണ്. നാടിനും നാട്ടാര്‍ക്കുംവേണ്ടി മെഴുകുതിരി പോലെ കത്തിത്തീരുന്ന ഓരോ പ്രവാസിയുടേയും സവിശേഷ ഗുണമാണ് അദ്ദേഹം പ്രകടിപ്പിച്ചത്.
 

പത്രക്കാരന്റെ പ്രസംഗം നീണ്ടപ്പോള്‍ മല്‍ബുവിനും ആശാനും സഹികെട്ടു.
വളച്ചുകെട്ടാതെ കാര്യം പറ മാഷേ,  ഒരു മാധ്യമ നിരീക്ഷണം.
 

മല്‍ബുവും കൂട്ടരും ഒരുമിച്ചാണ് പ്രസംഗം കേള്‍ക്കാന്‍ പോയിരുന്നത്. പ്രവാസികള്‍ക്ക് സുപരിതനായ പ്രസംഗകന്‍. തങ്ങളെ പോലെ നാടുവിട്ടു നന്നായവന്‍.
സത്യസന്ധത പുലര്‍ത്തുന്നുണ്ടെങ്കില്‍ തലക്കെട്ട് വരേണ്ടിയിരുന്നത് ഇങ്ങനെയായിരുന്നു-
മന്ത്രി പദവി വേണ്ട, ആരും തലപുകക്കേണ്ട -മഞ്ഞളാംകുഴി അലി.
പത്രക്കാരന്‍ വീണ്ടും പ്രഭാഷണം തുടങ്ങിയപ്പോള്‍ മല്‍ബു തടഞ്ഞു.
അതിന് അദ്ദേഹം അങ്ങനെ പറഞ്ഞിട്ടില്ലല്ലോ? പറയാത്ത കാര്യം എങ്ങനെയാ പത്രത്തില്‍ വരിക?
പിന്നെ അദ്ദേഹം അങ്ങനെ പറഞ്ഞില്ലേ. വളരെ സത്യസന്ധമായി തെളിമയോടെ പറഞ്ഞു.
സ്ഥാനമാനങ്ങള്‍ മോഹിച്ചല്ല സി.പി.എം. വിട്ട് മുസ്‌ലിം ലീഗിലേക്ക് വന്നത്.
കേരള രാഷ്ട്രീയത്തിലെ അഞ്ചാം മന്ത്രി പ്രശ്‌നം പരിഹരിക്കാന്‍ ഇതിലപ്പുറം എന്തു തെളിച്ചു പറയണം. ഇരുളിനെ പഴിക്കാതെ വെളിച്ചം കൊളുത്താന്‍ ശ്രമിക്കൂ എന്നും പറഞ്ഞ് പത്രക്കാരന്‍ ചര്‍ച്ച ഉപസംഹരിച്ചപ്പോള്‍ ഇരുട്ടും വെളിച്ചവും മന്ത്രിപ്പണിയും തമ്മിലുള്ള ബന്ധം അറിയാതെ മല്‍ബുവും ആശാനും വാ പൊളിച്ചു.
സ്‌കൈ സിറ്റി എന്നൊരു പദ്ധതിയുണ്ടോ? 

അതിനു അനുമതി കിട്ടിയോ?  
എന്നൊക്കെ മുഖ്യമന്ത്രി ചാണ്ടി സാര്‍ പൊട്ടന്‍ കളിച്ചപ്പോള്‍ പത്രക്കാര്‍ വാ പൊളിച്ചതുപോലെ.







Related Posts Plugin for WordPress, Blogger...