Pages

പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..

February 5, 2012

പൊട്ടന്‍ കളി


പത്രക്കാരെല്ലാം പോക്കാണ്. പച്ചമലയാളത്തില്‍ പറഞ്ഞ കാര്യമാണേല്‍ പോലും ഒരു പത്രവും നേരാംവണ്ണം കൊടുക്കുന്നില്ല- മല്‍ബുവിന്റെ കേരളാ ഹൗസില്‍ എപ്പോഴും മാധ്യമനിരീക്ഷകനാകാറുള്ള പത്രക്കാരന്‍ രോഷംകൊണ്ടു. ഈ നിരീക്ഷണ മനസ്സാണ് ഒരിക്കലും പത്രത്തില്‍ ജോലി ചെയ്തിട്ടില്ലാത്ത ടിയാനെ പത്രക്കാരനാക്കിയത്.
 

ഇതിനിപ്പോ എന്താ ഒരു കുഴപ്പം? വലിയ ജനക്കൂട്ടത്തെ പ്രിയങ്കരനായ നേതാവ് അഭിസംബോധന ചെയ്യുന്ന നാലു കോളം ഫോട്ടോയും വാര്‍ത്തയും ചൂണ്ടി മല്‍ബു പറഞ്ഞു.
 

സ്വീകരണ വാര്‍ത്തയും പ്രസംഗവും പടം സഹിതം ഗംഭീരമായി പത്രത്തില്‍ കൊടുത്തിരിക്കുന്നു.
പിന്നെ നമ്മള്‍ ഒരുമിച്ചല്ലേ പ്രസംഗം കേള്‍ക്കാന്‍ പോയത്. അവിടെ കേട്ടതു തന്നെയാണ് ഇവിടെ അച്ചടിച്ചിരിക്കുന്നതും.
 

അതെ അതു പറ- മല്‍ബു പറഞ്ഞു നിര്‍ത്തിയപ്പോള്‍ ആശാന്‍ ഇടപെട്ടു.
കണ്ടതായാലും കേട്ടതായാലും പിറ്റേന്നാള്‍ അത് അതുപോലെ വായിക്കണമെന്നത് നമ്മള്‍ മലയാളികളുടെ ഒരു ശീലമല്ലേ?
ഞാനും ഇന്ന് ആദ്യം നോക്കിയത് നമ്മള്‍ പങ്കെടുത്ത സ്വീകരണത്തിന്റെ വാര്‍ത്തയായിരുന്നു. ഇതാ ഈ മൂലയില്‍ നില്‍ക്കുന്നതാരാണെന്നു മനസ്സിലായോ? പത്രത്തിലെ ഫോട്ടോയുടെ ഒരു മൂലയില്‍ ചൂണ്ടി ആശാന്‍ ചോദിച്ചു.
ഇല്ല. മുഖം കറുത്തു പോയിരിക്കുന്നു. ആളെ മനസ്സിലാകുന്നില്ല.
പത്രക്കാരന്റേയും മല്‍ബുവിന്റേയും മറുപടി ആശാനെ നിരാശനാക്കി.
അയ്യോ അത് ഞാനായിരുന്നു. ഒട്ടും മനസ്സിലാകുന്നില്ല അല്ലേ. കുറച്ചൂടി വെളിച്ചത്തില്‍ നില്‍ക്കേണ്ടിയിരുന്നു അല്ലേ?
എന്നാലും വലിയ മാറ്റമൊന്നുമുണ്ടാകില്ലെന്നു മല്‍ബു. കാക്ക കുളിച്ചാല്‍ കൊക്കാകില്ലല്ലോ? 
 

പത്രക്കാരന്‍ വാര്‍ത്തയിലെ കുഴപ്പം വിശദീകരിച്ചില്ലെന്നു പറഞ്ഞ് ആശാന്‍ വിഷയം മാറ്റി. അതാണ് ആശാന്റെ മിടുക്ക്. സംഗതി എടങ്ങേറാകുമെന്നു കണ്ടാല്‍ സമര്‍ഥമായി വിഷയം മാറ്റും.
പത്രക്കാരന്‍ തുടര്‍ന്നു.
കുഴപ്പം നമുക്കൊക്കെ അറിയാവുന്നതു തന്നെയാണ്. ഈ വാര്‍ത്തയില്‍ വരേണ്ടതു വന്നില്ല. കേരളീയ സമൂഹം അഭിമുഖീകരിക്കുന്ന വലിയ ഒരു ടെന്‍ഷന്റെ  ഈസി പരിഹാരമാണ് പത്രങ്ങളും റിപ്പോര്‍ട്ടര്‍മാരും തമസ്കരിച്ചിരിക്കുന്നത്. ഇനി പ്രസംഗത്തിന്റെ വീഡിയോ നമ്മുടെ നേതാക്കളും മന്ത്രിമാരും കണ്ടെങ്കിലേ രക്ഷയുള്ളൂ. മുഖ്യമന്ത്രി ചാണ്ടി സാറിനും അദ്ദേഹത്തെ ഇടക്കിടെ സമ്മര്‍ദത്തിലാക്കുന്ന മന്ത്രിസഭയിലെ രണ്ടാമനും പ്രയോജനപ്പെടുന്നതാണ് ഈ പ്രസംഗം. നല്ല ഒന്നാന്തരം ഒറ്റമൂലി. വാര്‍ത്തയുടെ മുഖ്യഭാഗം മാത്രമല്ല തമസ്കരിക്കപ്പെട്ടിരിക്കുന്നത്,
ഒരു മുന്‍ പ്രവാസിയുടെ ത്യാഗ മനസ്സു കൂടിയാണ്. നാടിനും നാട്ടാര്‍ക്കുംവേണ്ടി മെഴുകുതിരി പോലെ കത്തിത്തീരുന്ന ഓരോ പ്രവാസിയുടേയും സവിശേഷ ഗുണമാണ് അദ്ദേഹം പ്രകടിപ്പിച്ചത്.
 

പത്രക്കാരന്റെ പ്രസംഗം നീണ്ടപ്പോള്‍ മല്‍ബുവിനും ആശാനും സഹികെട്ടു.
വളച്ചുകെട്ടാതെ കാര്യം പറ മാഷേ,  ഒരു മാധ്യമ നിരീക്ഷണം.
 

മല്‍ബുവും കൂട്ടരും ഒരുമിച്ചാണ് പ്രസംഗം കേള്‍ക്കാന്‍ പോയിരുന്നത്. പ്രവാസികള്‍ക്ക് സുപരിതനായ പ്രസംഗകന്‍. തങ്ങളെ പോലെ നാടുവിട്ടു നന്നായവന്‍.
സത്യസന്ധത പുലര്‍ത്തുന്നുണ്ടെങ്കില്‍ തലക്കെട്ട് വരേണ്ടിയിരുന്നത് ഇങ്ങനെയായിരുന്നു-
മന്ത്രി പദവി വേണ്ട, ആരും തലപുകക്കേണ്ട -മഞ്ഞളാംകുഴി അലി.
പത്രക്കാരന്‍ വീണ്ടും പ്രഭാഷണം തുടങ്ങിയപ്പോള്‍ മല്‍ബു തടഞ്ഞു.
അതിന് അദ്ദേഹം അങ്ങനെ പറഞ്ഞിട്ടില്ലല്ലോ? പറയാത്ത കാര്യം എങ്ങനെയാ പത്രത്തില്‍ വരിക?
പിന്നെ അദ്ദേഹം അങ്ങനെ പറഞ്ഞില്ലേ. വളരെ സത്യസന്ധമായി തെളിമയോടെ പറഞ്ഞു.
സ്ഥാനമാനങ്ങള്‍ മോഹിച്ചല്ല സി.പി.എം. വിട്ട് മുസ്‌ലിം ലീഗിലേക്ക് വന്നത്.
കേരള രാഷ്ട്രീയത്തിലെ അഞ്ചാം മന്ത്രി പ്രശ്‌നം പരിഹരിക്കാന്‍ ഇതിലപ്പുറം എന്തു തെളിച്ചു പറയണം. ഇരുളിനെ പഴിക്കാതെ വെളിച്ചം കൊളുത്താന്‍ ശ്രമിക്കൂ എന്നും പറഞ്ഞ് പത്രക്കാരന്‍ ചര്‍ച്ച ഉപസംഹരിച്ചപ്പോള്‍ ഇരുട്ടും വെളിച്ചവും മന്ത്രിപ്പണിയും തമ്മിലുള്ള ബന്ധം അറിയാതെ മല്‍ബുവും ആശാനും വാ പൊളിച്ചു.
സ്‌കൈ സിറ്റി എന്നൊരു പദ്ധതിയുണ്ടോ? 

അതിനു അനുമതി കിട്ടിയോ?  
എന്നൊക്കെ മുഖ്യമന്ത്രി ചാണ്ടി സാര്‍ പൊട്ടന്‍ കളിച്ചപ്പോള്‍ പത്രക്കാര്‍ വാ പൊളിച്ചതുപോലെ.







25 comments:

അനശ്വര said...

ഏറ്റവും നന്നായി പൊട്ടന്‍ കളിക്കുന്നവന്‍ നല്ല രാഷ്ട്രീയക്കാരന്‍
ഏറ്റവും കൂറ്റുതല്‍ അത് സംസാരിക്കുന്നവന്‍ പ്രാസംഗികന്‍
ഏറ്റവും ഭംഗിയായി ഇതിനെ വളച്ചൊടിക്കുന്നവന്‍ മീഡിയ...
അങ്ങിനെ പോകുന്നു കാര്യങ്ങള്‍ അല്ലെ?..
ഏറ്റവും ഭംഗിയായി ഇതൊക്കെ വിഴുങ്ങന്നവന്‍ പൊതുജനം എന്ന് കൂടി പറഞ്ഞാലോ?

അനശ്വര said...

പിന്നെ, പോസ്റ്റിന്‍ ഒരു വായനാസുഖം പോരാരുന്നു കേട്ടൊ..[എനിക്ക് തോന്നീത് പറഞ്ഞെന്ന് മാത്രം..]

പട്ടേപ്പാടം റാംജി said...

എല്ലാം ഒരു തരം കളി തന്നെ.

Anurag said...

നന്നായി എഴുതി

Mohamedkutty മുഹമ്മദുകുട്ടി said...

മല്‍ബുവും ഈയിടെയായി പൊട്ടന്‍ കളിക്കുന്നോ?....

SHANAVAS said...

ഈ പൊട്ടന്‍ കളി ആണല്ലോ മുഖ്യമന്ത്രിയുടെ ശക്തി....

grkaviyoor said...

യുദ്ധം തുടരട്ടെ

Unknown said...

:))
മല്‍ബൂന്റെ ജീവിതം ഇനിയും ബാക്കി! (വലത്തേ കൈമലര്‍ത്തി തറയിലേക്ക് കുത്തുന്നു!!)

Muralee Mukundan , ബിലാത്തിപട്ടണം said...

കാര്യം കാണാൻ ഈ പൊട്ടങ്കളിതന്ന്യാ..നല്ലത്..!

Mohiyudheen MP said...

പൊട്ടൻ കളീക്കുന്നവർക്കെ നില നില്പുള്ളൂ..

കൊമ്പന്‍ said...

ഇതിപ്പം ഉണ്ടുറങ്ങിയ അലിയെ കൊണ്ടോയി നെയ്ച്ചോറും,കോഴീം കാണിച്ചു കൊതിപ്പിക്കുകായ ആശംസകള്‍

khaadu.. said...

പൊട്ടന്‍ കളിയായാലും , നല്ല കളിയായാലും പൊതുജനം ഗാലറിയില്‍ തന്നെയല്ലേ ..എന്നും..

Vinodkumar Thallasseri said...

പൊട്ടന്‍കളി എന്നാല്‍ പൊട്ടന്‍മാര്‍ കളിക്കുന്ന കളി എന്നല്ല. മറ്റുള്ളവരെ പൊട്ടന്‍മാരാക്കുന്ന കളി എന്നാണ്‌.

ഷാജു അത്താണിക്കല്‍ said...

അതൊക്കെ ആണ് മല്‍ബു ഈ രാഷ്ട്രീയം

ഓമന said...

നന്നായിട്ടുണ്ടേ ...ലീഗുകാര്ക് സുഖിക്കുമോ ?

Unknown said...

....പൊട്ടന്‍ കളിയൊക്കെ കൊള്ളാം! ആളെ പോട്ടനാക്കിയാലും പൊട്ടനെ ആലാക്കല്ലേ മല്‍ബൂ!!

Anil cheleri kumaran said...

സംഗതി രസായിറ്റുണ്ട്.

Unknown said...

മല്‍ബു, ഇത്തവണ അത്ര കണ്ടു അങ്ങ് ഏറ്റില്ല ....

keraladasanunni said...

സംഗതി സത്യമാണെങ്കിലും വായിച്ചപ്പോള്‍ ചിരി വന്നു.

മുസാഫിര്‍ said...

അടിപൊളി...
ഇഷ്ടായി..
ഓള്‍ ദി ബെസ്റ്റ്‌..

TPShukooR said...

അതെ.. ഇവിടെയും ഈയിടെയായി ഒരു പൊട്ടന്‍ കളി ഫീല്‍ ചെയ്യുന്നുണ്ട്

yemceepee said...

രാഷ്ട്രീയക്കാരും, മീഡിയയും ജനങ്ങളെ പൊട്ടന്മാരാക്കുന്നു...പൊട്ടത്തരം ആണെന്നറിഞ്ഞു തന്നെ നമ്മള്‍ എല്ലാം സഹിക്കുന്നു...

MINI.M.B said...

ആധുനികരാഷ്ട്രീയം!

ഫൈസല്‍ ബാബു said...

പൊളിറ്റിക്സ് എന്നാല്‍ പൊളി ട്രിക്സ് ആണ് എന്ന് ഒരിക്കല്‍ ഒരു സുഹുര്‍ത്തു പറഞ്ഞത് ഓര്‍ത്തു പോയി ...

Echmukutty said...

ഏറ്റവും വലിയ പൊട്ടൻ ആരായിരിയ്ക്കും?

Related Posts Plugin for WordPress, Blogger...