Pages

പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..

June 18, 2014

ഉമ്മക്കൊരു വിസ

ഹാപ്പി ന്യൂസുണ്ടെന്നു പറഞ്ഞ് മല്‍ബു കയറി വന്നപ്പോള്‍ നല്ലപാതി നാട്ടിലേക്കുള്ള ഫോണിലായിരുന്നു.

ഒറ്റക്കിതൊന്നും വയ്യേ വയ്യ.

അടുക്കളയിലെ പണിയും മക്കളെ പഠിപ്പിക്കലും ഒക്കെ ചേര്‍ത്ത് പയ്യാരം പറച്ചില്‍ തന്നെ.

അതു കേട്ടപ്പോള്‍ സര്‍പ്രൈസും കൊണ്ടുവന്ന മല്‍ബു ബോണസ് പ്രതീക്ഷിച്ച് കടം വാങ്ങിയ അയമുവിനെപ്പോലെയായി. എല്ലാ വര്‍ഷവും ബോണസ് ലഭിച്ചാല്‍ സ്വര്‍ണം വാങ്ങാറുള്ള അയമു സ്വര്‍ണ വില കുറഞ്ഞതു കണ്ടപ്പോള്‍ കൂട്ടുകാരില്‍നിന്ന് വായ്പ ഒപ്പിച്ചതായിരുന്നു. പക്ഷേ, കമ്പനി ചതിച്ചുകളഞ്ഞു. ബോണസുമില്ല, ഇന്‍ക്രിമെന്റുമില്ല.

ഹാപ്പി ന്യൂസ് എന്താ.. ശമ്പളം കൂടിയോ

ഫോണ്‍ നിറുത്തി വന്ന മല്‍ബി ചോദിച്ചു.

ശമ്പളം കൂടിയിട്ടെന്താ വീട്ടില്‍ സമാധാനമില്ലല്ലോ? അതു കൊണ്ട് നിന്റെ പരാതി തീര്‍ത്തിട്ടു മതി ഇനി വേറെ കാര്യമെന്ന് തീരുമാനിച്ചു. ഇനിയിപ്പോ നാട്ടില്‍ വിളിച്ച് ഞാന്‍ കുട്ടികളുടെ പഠിത്തം നോക്കുന്നില്ല, കിച്ചണില്‍ കയറുന്നില്ല എന്നൊന്നും പരാതി പറയണ്ട.

എല്ലാറ്റിനും നിനക്കൊരു സഹായി വരുന്നു.

ഉമ്മാക്ക് വിസിറ്റ് വിസ കിട്ടി.

ഓ, ഇനിയിപ്പോ അതിന്റെ കുറവേയുള്ളൂ.

മല്‍ബി ഒരു പുച്ഛം സമ്മാനിച്ചു.

നൂറുകൂട്ടം പണിയുടെ കൂടെ ഇനി നിങ്ങടെ ഉമ്മാനേം കൂടി നോക്കാം. അതിനൊന്നും എനിക്ക് പറ്റൂല്ല. നിങ്ങളെപ്പോലെ തന്നെയാ നിങ്ങടെ ഉമ്മയും. അന്നു വന്നപ്പോള്‍ കണ്ടതാ. ഞാനിവിടെ ചക്രശ്വാസം വലിച്ചാല്‍ പോലും കിച്ചണില്‍ ഒന്ന് കയറിനോക്കൂല്ല. ടി.വിയും നോക്കിയിരിക്കും. അതങ്ങ് നാട്ടില്‍ തന്നെ നോക്കിയിരുന്നാല്‍ മതി. ഇങ്ങോട്ടൊന്നും കൊണ്ടുവരേണ്ട.

വിസിറ്റ് വിസ ചുമ്മാ കിട്ടിയതല്ല, കാശ് കൊടുത്തു വാങ്ങിയതാ. കിട്ടിയ സ്ഥിതിക്ക് വേണ്ടാന്നു വെക്കണോ?

എനിക്ക് പറ്റൂല്ലാന്ന് ഞാന്‍ പറഞ്ഞു. എല്ലാ ദിവസവും ഭക്ഷണം പുറത്തുനിന്ന് വാങ്ങേണ്ടിവരും. പിന്നെ കഴിഞ്ഞ തവണ വന്നപ്പോള്‍ ഞാന്‍ ടി.വിയുടെ റിമോട്ട് എടുത്തുവെച്ചൂന്നും പറഞ്ഞ് ഉണ്ടാക്കിയ ബഹളമൊക്കെ ഓര്‍മ വേണം.

ഇതൊക്കെ കേട്ടപ്പോള്‍ തക്ക മറുപടി മനസ്സില്‍ വന്നെങ്കിലും മല്‍ബു അതു പുറത്തു കേള്‍പ്പിക്കാതെ ഒതുക്കി.

നിനക്കിവിടെ ഭയങ്കര പണിയാണല്ലോ? ഫേസ് ബുക്കും വാട്ട്‌സപ്പും നോക്കിയിരിക്കുന്ന സമയം വേണ്ട വീട്ടിലെ കാര്യങ്ങള്‍ നേരെയാക്കാന്‍.




വിസിറ്റ് വിസ തരപ്പെടുത്തിയതിന്റെ ബുദ്ധിമുട്ട് മല്‍ബുവിനേ അറിയൂ. ഓഫീസില്‍ ഫയലുമായി പോയി പലതവണ മടങ്ങിയതായിരുന്നു.

ഒടുവില്‍ ബ്രോസ്റ്റ് വാങ്ങാന്‍ നില്‍ക്കാറുള്ള ക്യൂ പോലും നില്‍ക്കാതെ സംഗതി തരായി.

ഒക്കെ വാസ്തയുടെ ഗുണം.

പ്രൊഫഷനും വേണ്ട, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും വേണ്ട ഒരു കുന്തവും വേണ്ട. കാശ് കൊടുക്കാന്‍ തയാറുണ്ടെങ്കില്‍ ആര്‍ക്കും കിട്ടും വിസ.

അതാണ് വാസ്തയുടെ അവസ്ഥ.

ഇങ്ങനെ പലതരം വിസ തരാക്കിക്കൊടുത്ത് കിട്ടുന്ന കമ്മീഷന്‍ കൊണ്ട് ജീവിതം മുന്നോട്ടു നയിക്കുന്നവരും മല്‍ബുകള്‍ തന്നെ.

ഫാമിലി വിസ ശരിയാകുന്നില്ലെങ്കില്‍ ഒരു വിസിറ്റെങ്കിലും ഒപ്പിച്ച് കെട്ടിയോളേം മക്കളേം ഗള്‍ഫ് കാണിക്കണമെന്ന് കൊതിച്ചു നടക്കുന്നവര്‍ ഒന്നോ രണ്ടോ വര്‍ഷം മിച്ചംവെച്ച പണം ചെലവാക്കി അതിനു മുതിരുന്നു.

എന്താണ് നമ്മുടെ ജീവിതമെന്നറിയാന്‍ എല്ലാ കെട്ട്യോളുമാരും ഒരിക്കലെങ്കിലും ഗള്‍ഫ് കാണണമെന്നത് മീത്തെല നാസര്‍ പറയാറുള്ള ആപ്തവാക്യം.

നീ ഒന്നുകൂടി ആലോചിച്ചു പറ. അത്യാവശ്യമുള്ള പലര്‍ക്കും വിസിറ്റ് വിസ കിട്ടുന്നില്ല. കിട്ടിയ സ്ഥിതിക്ക് ഉമ്മ ഒരു മാസം വന്നു നിന്നിട്ടു പോയ്‌ക്കോട്ടെ.

എനിക്ക് വയ്യാട്ടോ. വീട് അലങ്കോലമായി കിടക്കുന്നതു കണ്ടില്ലേ. നിങ്ങള്‍ ഓഫീസില്‍നിന്ന് വന്നാലും കംപ്യൂട്ടറിന്റെ മുന്നില്‍ കുത്തിയിരിക്കും. കുട്ടികളുടെ പഠിത്തം നോക്കാന്‍ പോലും നിങ്ങള്‍ക്കു നേരമില്ല. ഉമ്മ വന്നാല്‍ പിന്നെ നമ്മുടെ ഈ മന്തിയും ഖുബ്‌സും അഡ്ജസറ്റ്‌മെന്റൊന്നും നടക്കില്ല. പുരയില്‍നിന്ന് ഉണ്ടാക്കിയ ഭക്ഷണമേ ഉമ്മ കഴിക്കൂ. അതു വലിയ വലിയ മീനും വേണം. അതുകൊണ്ട് ഇപ്പോ കൊണ്ടുവരികയേ വേണ്ട. മക്കളെ എക്‌സാമൊക്കെ കഴിഞ്ഞിട്ട് ആലോചിക്കാം.

ശരിക്കും ആലോചിച്ചല്ലോ അല്ലേ? നീ പിന്നെ ഖേദിക്കേണ്ടിവരും.

ഇതിലിപ്പോ എന്താ ഇത്ര ആലോചിക്കാന്‍. എന്തു ഖേദിക്കാന്‍.

ഒന്നോ രണ്ടോ മാസത്തേക്ക് ഉമ്മാനെ കൊണ്ടുവന്നെങ്കില്‍ ആശ്വാസമായേനെ എന്നു നീ തന്നെ അല്ലേ പറഞ്ഞത്. അതുകൊണ്ടാണ് ഞാന്‍ വിസിറ്റ് വിസ ഒപ്പിച്ചത്.

അത് എന്റെ ഉമ്മാനെ കൊണ്ടുവരുന്ന കാര്യല്ലേ? നിങ്ങളെ ഉമ്മാനെ കൊണ്ടുവന്നാല്‍ എന്റെ പണി ഡബ്‌ളാകുകയേ ഉളളൂ.

അതിന് എന്റെ ഉമ്മാക്കാണെന്ന് ആരു പറഞ്ഞു.

നിന്റെ ഉമ്മാക്ക് തന്നെയാണ് വിസ കിട്ടിയത്.

ഇതെന്നാ ആദ്യേ പറഞ്ഞൂടായിരുന്നോ, സോറീട്ടോ എന്നു പറഞ്ഞു കൊണ്ട് മല്‍ബി തുള്ളിച്ചാടി.

തിരിച്ചൊരു പുച്ഛം പോലും സമ്മാനിക്കാനാകാതെ മല്‍ബു മനസ്സില്‍ പറഞ്ഞു.

വല്ലാത്ത തൊലിക്കട്ടി തന്നെ.

വാട്ട്‌സപ്പെടുത്ത് നാട്ടിലേക്കു ഉടന്‍ വിവരം കൈമാറിക്കൊണ്ട് മല്‍ബി പറഞ്ഞു.

ഇനിയൊന്നും ആലോചിക്കാനില്ല. വേഗം വിസ അയച്ചോളൂ. ഉമ്മ ഇവിടെ എത്തിയാല്‍ എനിക്ക് പിന്നെ കുട്ടികളെ മാത്രം നോക്കിയാല്‍ മതി.

നിങ്ങളു കണ്ടോ ഇനി ഈ വീട് സ്വര്‍ഗാകും സ്വര്‍ഗം.

May 30, 2014

ഉസ്താദിന്റെ കത്തലടക്കല്‍


കത്തലടക്കാന്‍ വന്ന ഉസ്താദ് കടുംകൈ ചെയ്തുവെന്നാണ് മല്‍ബു പറയുന്നതെങ്കിലും അത് അത്ര വലിയ കടുംകൈയായി കേട്ടവര്‍ക്കൊന്നും തോന്നിയില്ല.

നിങ്ങള്‍ക്കൊക്കെ ചിരിച്ചാല്‍ മതീന്ന് മല്‍ബുവും.

കത്തലടക്കാന്‍ വന്നാല്‍ അടക്കീട്ട് പോയാ പോരേ, എന്തിനാ ഇമ്മാതിരി ഏര്‍പ്പാടുകളൊക്കെ എന്ന മല്‍ബുവിന്റെ ചോദ്യം ന്യായമാണ്. ഉസ്താദിന്റെ ഭാഗം വെച്ചുനോക്കിയാല്‍ അയാള്‍ക്ക് അയാളുടേതായ ന്യായങ്ങളുമുണ്ട്.

കത്തലടക്കുക എന്നാല്‍ മല്‍ബൂന്റെ നാട്ടിലെ പ്രാതലാണ്. വയറില്‍നിന്ന് എരിഞ്ഞുയരുന്ന അഗ്നിയെ പത്തിരിയും ഇറച്ചിയും കുത്തിനിറച്ച് അടക്കുകയാണ് കത്തലടക്കല്‍. അതിരാവിലെ വായ തുറന്നുപിടിച്ച് മുന്നോട്ട് ഊതിയാല്‍ കാണുന്ന പുക വയറു കത്തി ഉണ്ടാകുന്നതാണ്.

ഉസ്താദിനെ പോലുള്ളവരുടെ കത്തലടക്കല്‍ പുതിയ കാര്യമൊന്നുമല്ല. എല്ലാ ഗ്രാമങ്ങളിലും ഊഴംവെച്ച് ഓരോ വീടുകളില്‍ ഇങ്ങനെ കത്തലടക്കാന്‍ ചെല്ലുന്നവരുണ്ട്. നാടുകളില്‍നിന്ന് മാറി നിസ്സാര ശമ്പളത്തിനു മദ്രസാ ജോലിക്കെത്തുന്ന ഉസ്താദുമാര്‍ക്ക് ഇങ്ങനെ ഭക്ഷണം കിട്ടുന്നത് ആശ്വാസം തന്നെ.

പ്രാതലിനും ഉച്ചയൂണിനും അത്താഴത്തിനുമൊക്കെ വീടുകള്‍ മാറി മാറി കയറുന്നതിനോട് അതിന്റെ ഉപഭോക്താക്കളായ ഉസ്താദുമാരില്‍ രണ്ടഭിപ്രായമുണ്ട്. വീടുകളില്‍ പോയി ഭക്ഷിക്കാന്‍ തയാറില്ലാത്തവരെ തേടി ഭക്ഷണം അവര്‍ താമസിക്കുന്നിടങ്ങളില്‍ എത്തും.

കുറേ തട്ടുകളുള്ള വലിയ ചോറ്റുപാത്രം കണ്ടുപിടിച്ചതു തന്നെ ഇങ്ങനെ വീടുകളില്‍ പോകാന്‍ മടിയുള്ളവര്‍ക്കുവേണ്ടിയാണെന്ന് ചരിത്രകാരന്മാര്‍ പറയുന്നു. ചോറും കറികളും ഉപ്പേരിയും പപ്പടവും ഏറ്റവും മുകളിലെ തട്ടില്‍ മീന്‍പൊരിച്ചതും വെച്ച് ഭദ്രമായടച്ച് തൂക്കിപ്പിടിച്ച് വിദ്യാര്‍ഥികള്‍ അധ്യാപകര്‍ അന്തിയുറങ്ങുന്ന പള്ളികളിലേക്കും മദ്രസകളിലേക്കും നീങ്ങുന്ന കാഴ്ച സാധാരണം. ഇങ്ങനെ കൊണ്ടുപോയ ചോറ്റുപാത്രത്തില്‍നിന്ന് മീന്‍ പൊരിച്ചത് അടിച്ചുമാറ്റിയതിന് മല്‍ബുവിനും കൂട്ടുകാര്‍ക്കും ഉസ്താദിന്റെ കൈയില്‍നിന്ന് അടി കിട്ടിയത് മറക്കാത്ത അനുഭവം.

മീന്‍ പോലെ തന്നെ ആ അടിക്കും നല്ല ചൂടുണ്ടായിരുന്നു.

ഉസ്താദ് വീട്ടില്‍ വന്ന് കത്തല്‍ മാത്രമല്ല, ഉച്ചയൂണും രാത്രി ഭക്ഷണവുമൊക്കെ കഴിക്കുന്നതിനോട് മല്‍ബുവിന് എതിരഭിപ്രായമില്ല.

പക്ഷേ, ചെലവിന് ആവശ്യമായത് എടുത്ത് ബാക്കി അവിടെ സൂക്ഷിക്കണം എന്നു പറഞ്ഞുകൊണ്ട് ഒരു ലക്ഷം രൂപ ഒപ്പിച്ച് നാട്ടില്‍ അയക്കുന്നവര്‍ ഉസ്താദിനെപ്പോലുള്ളവരെ കരുതണം എന്നാണ് മല്‍ബുവിന് പറയാനുള്ളത്.

ഒരു ദിവസം രാവിലെ നാട്ടില്‍നിന്ന് ബാപ്പ വിളിച്ച്

മല്‍ബുവിനോട് പറഞ്ഞു.

പതിനഞ്ചിനു പുറപ്പെടുന്ന ഉംറ ഗ്രൂപ്പില്‍ ഞാനും വരാമെന്നു വിചാരിക്കുന്നു.

എന്താ പെട്ടെന്നിങ്ങനെ ഒരു തീരുമാനം?

അത്, ഉസ്താദ് ഇന്നലെ കത്തലടക്കാന്‍ വന്നപ്പോ പറയാണ്, അമ്പതിനായിരം രൂപ കൈയിലുണ്ടെങ്കില്‍ മക്കയും മദീനയും കാണല്‍ നിര്‍ബന്ധായീന്ന്. അതായത്, ഉംറ നിര്‍ബന്ധായീന്ന്.

നീ അവസാനം അയച്ച കാശില്‍തന്നെ എഴുപതിനായിരം രൂപ ബാക്കിയുണ്ട്. പിന്നെ മറ്റൊന്നും ആലോചിച്ചില്ല. ബുക്ക് ചെയ്യാന്‍ പറഞ്ഞു.

എത്രയാ തുക?

അതിപ്പോ അധികോന്നും ഇല്ല. 15 ദിവസത്തിന് 60,000 രൂപ.

ആരുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പാണ്?

അതു വേറെയാരുമല്ല, നമ്മുടെ ഉസ്താദ് തന്നെ.

റേഷന്‍ ഷാപ്പില്‍ പോകുന്നതുപോലെയാണ് ഇപ്പോള്‍ നാട്ടില്‍നിന്ന് ആളുകള്‍ ഉംറക്കു പോകുന്നതെന്ന് തൊക്കിലങ്ങാടിക്കാരന്‍ ഖാദര്‍ പറഞ്ഞത് ഓര്‍ത്തുപോയി മല്‍ബു.

നാട്ടിലെ ഉസ്താദുമാര്‍ ഇതു പോലെ ഉംറ ടൂറു പോലുള്ള ബിസിനസുകളില്‍ ഏര്‍പ്പെടുന്നത് നല്ലതാണെന്ന അഭിപ്രായമുള്ളയാളാണ് ഖാദര്‍. കാരണം, പള്ളിക്കമ്മിറ്റിക്കാര്‍ നല്‍കുന്ന നിസ്സാര ശമ്പളത്തിന് സേവനമനുഷ്ഠിക്കുന്ന അവര്‍ ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാന്‍ മറ്റു വഴികള്‍ തേടുന്നതിനു പകരം ഇതാണത്രെ നല്ലത്.

ബാപ്പ വരുന്നതല്ലേ, ക്ഷമിച്ചുകള എന്നു റൂംമേറ്റുകള്‍ ആശ്വസിപ്പിക്കുമെങ്കിലും കടുംകൈ കാട്ടിയ ഉസ്താദിനെ കാത്തിരിക്കയാണ് മല്‍ബു.

ബാപ്പയേയും കൊണ്ടിങ്ങ് വരട്ടെ.

ഒന്നും ചെയ്യാനല്ല. അമ്പതിനായിരം കൈയില്‍ വന്നാല്‍ ഉംറ നിര്‍ബന്ധമായെന്ന ആ സിദ്ധാന്തത്തെ കുറിച്ചൊന്ന് അറിയാന്‍ മാത്രം.



May 26, 2014

മാങ്ങാക്കൊതി



നടക്കാനിറങ്ങിയ മല്‍ബു എതിര്‍ദിശയില്‍നിന്ന് വരുന്ന രൂപം കണ്ട് ആദ്യം ഒന്നു പകച്ചു.

തൊട്ടടുത്ത് എത്തിയപ്പോള്‍ മാത്രമാണ് കണ്ണ് മാത്രം പുറത്തു കാണുന്ന ജീവി മൊയ്തുവാണെന്ന് മനസ്സിലായത്.

ഫുള്‍ കൈ ബനിയനും തൊപ്പിയും മാസ്‌കും.

ഇതാണ് ശരിക്കും കൊറോണ വൈറസ്.

കളിയാക്കണ്ട -മാസ്‌ക് താഴ്ത്തി മൊയ്തു പറഞ്ഞു.

കളിയാക്കിയതല്ല, വൈറസ് പമ്പ കടക്കാന്‍ ഈ കോലം മാത്രം മതി.

പിന്നെ, പമ്പ കടന്നതു തന്നെ.

അതെന്താ?

അതിന് എയര്‍ ഇന്ത്യ സമയത്തിനു പോയിട്ടു വേണ്ടേ?

കൊറോണപ്പേടി അവിടെ നില്‍ക്കട്ടെ, ഞാന്‍ വായ്പ ചോദിച്ച കാര്യം എന്തായി?

മല്‍ബൂ, നിനക്കിങ്ങനെ കടം ചോദിച്ചു നടക്കുന്ന സമയം കൊണ്ട് ബാങ്കില്‍ പോയി അക്കൗണ്ട് ശരിയാക്കിക്കൂടെ?

ദാനത്തേക്കാള്‍ ഉദാത്തമാണ് വായ്പയെന്ന് പറഞ്ഞു നടക്കുന്നയാളാണ്. കടം ചോദിക്കുന്നവനാണ് യഥാര്‍ഥ മുട്ടുകാരന്‍. ദാനം കിട്ടുന്നവന്‍ ആവശ്യക്കാരനാകണമെന്നില്ല - നൂറുനാക്കോടെ ഇതൊക്കെ പറയുന്നയാള്‍ സ്വന്തം തടിക്ക് വന്നപ്പോള്‍ നേരെ ഉള്‍ട്ട.

ബാങ്കില്‍ പോകാഞ്ഞിട്ടല്ല. അക്കൗണ്ട് ശരിയാകണമെങ്കില്‍ ഇഖാമ അപ്‌ഡേറ്റ് ചെയ്യണം. അതിന് പേര് ഇംഗ്ലീഷിലും അറബിയിലും ഒരുപോലെയാക്കണം.

ഇഷ്ടമുണ്ടായിട്ടല്ല, വായ്പ ചോദിക്കാന്‍ നിര്‍ബന്ധിതനായതാണ്.

പണമയക്കാഞ്ഞിട്ട് മല്‍ബിയുടെ വിളിയോടു വിളി. പണത്തിനുള്ള കണക്ക് നിരത്തുന്നതിനിടയില്‍ ഇവിടെ കൊറോണയാണെന്നു പറഞ്ഞപ്പോള്‍ അവിടെ കേട്ടത് കരയണോന്ന്.

പിന്നെയും കൊറോണാന്നു പറഞ്ഞപ്പോള്‍ മക്രോണയില്‍ എന്തുണ്ടായീന്ന് മറുചോദ്യം.

മല്‍ബി കുറേക്കാലം താമസിച്ച ജിദ്ദയിലെ ഒരു സ്ഥലമാണ് മക്രോണ.

പണം ഉടന്‍ കിട്ടിയേ തീരൂ. രണ്ട് കല്യാണവും ഒരു പുരപ്പണിയും. എല്ലാം കുടുംബക്കാരുടേത്. അതിനു പുറമേയാണ് അല്‍ഫോന്‍സയുടെ കാര്യം.

പത്ത് കിലോ അല്‍ഫോന്‍സ കൊടുത്തയച്ചു എന്നാണ് കരുതിയത്.

മൊയ്തൂന്റെ മല്‍ബി കഴിഞ്ഞ ദിവസം അല്‍ഫോന്‍സ കൊടുത്തയച്ചതുകൊണ്ട് ഫ്‌ളാറ്റില്‍ ഉത്സവമായിരുന്നു. യൂറോപ്പിലേക്കിപ്പോള്‍ അല്‍ഫോന്‍സയുടെ കയറ്റുമതിയില്ല. അതുകൊണ്ടു തന്നെ വിമാനങ്ങളില്‍ മല്‍ബികളുടെ സ്‌നേഹം ചാലിച്ച മാമ്പഴമാണ് കയറി വരുന്നത്.

മാങ്ങയല്ല, തേങ്ങയാണെന്ന് മല്‍ബി തിരുത്തി. എന്താവശ്യം ഉണ്ടെങ്കിലും ചോദിക്കാന്‍ മടിക്കണ്ടാന്ന് നിങ്ങള്‍ എന്റെ മുമ്പീന്നല്ലേ അവരോട് പറഞ്ഞത്. ഇപ്പോള്‍ മൂത്ത മോളെ കോളേജില്‍ ചേര്‍ക്കുന്നതിന് പതിനായിരം രൂപ വായ്പ ചോദിച്ചാണ് അല്‍ഫോന്‍സ വന്നത്.

അല്‍ഫോന്‍സ ഇങ്ങനെ ചതിക്കുമെന്ന് കരുതിയതല്ല.

ഫേസ് ബുക്ക് കൂട്ടായ്മയിലാണ് വര്‍ഷങ്ങള്‍ക്കു ശേഷം അല്‍ഫോന്‍സയെ കണ്ടത്. കൂടെ ഹൈസ്‌കൂളില്‍ പഠിച്ചതാണ്. അവളുടെ ഭര്‍ത്താവ് ഇട്ടേച്ചു പോയീന്നും വാര്‍പ്പ് പണിക്ക് പോയാണ് കുടുംബം പുലര്‍ത്തുന്നതെന്നും പറഞ്ഞപ്പോള്‍ തട്ടിവിട്ടതായിരുന്നു.

എന്തെങ്കിലും അത്യാവശ്യം വന്നാല്‍ ചോദിക്കാന്‍ മടിക്കണ്ട എന്ന്. മല്‍ബിയെ വിസ്തരിച്ച് പരിചയപ്പെടുത്തുകയും ചെയ്തു. മല്‍ബിയെ ഒരു വര്‍ഷത്തേക്ക് നാട്ടില്‍ വിട്ടത് വലിയ പൊട്ടത്തരമായെന്ന ചിന്തയിലാണിപ്പോള്‍ മല്‍ബു. മാസച്ചെലവ് ഇവിടെയായാലും അവിടെയായാലും ഒരുപോലെ ആയിരിക്കുന്നു. രൂപയായി വലിയ തുക ട്രാന്‍സ്ഫര്‍ ചെയ്യാം. പക്ഷേ, എല്ലാം അപ്പപ്പോള്‍ തീരുന്നു. കല്യാണമായും ഹൗസ് വാമിംഗായും എല്ലാ മാസവും എക്‌സട്രാ ചെലവുണ്ട്.

ഗള്‍ഫുകാരന്റെ വീട്ടുകാരിയാണ്. മാമൂല്‍ നോക്കാതെ ചുമ്മാ അങ്ങനെ പോകാന്‍ കഴിയില്ലെന്നാണ് മല്‍ബിയുടെ തീരുമാനം. ഓരോ ചടങ്ങിനും ഉടുത്തൊരുങ്ങാന്‍ വെവ്വേറെ സാരിയൊന്നും വേണ്ട.

നാലാള് നിങ്ങളെ കുറ്റം പറയരുത്. അവിടെ ഓനെന്തെടുക്കാണെന്ന് ചോദിക്കാന്‍ ഇടവരരുത് -ഇതാണ് മല്‍ബിയുടെ നയപ്രഖ്യാപനം.

മോണിറ്ററി ഏജന്‍സിയുടെ പുതിയ ചട്ടം വന്നപ്പോള്‍ പേരിലെ കുഴപ്പം കാരണം അക്കൗണ്ട് ബ്ലോക്കായത് മല്‍ബുവിന് മാത്രമല്ല. ഒന്നും രണ്ടും മാസം ശമ്പളം മുടങ്ങിയവര്‍ ധാരാളം.

ബാങ്കില്‍ പോയപ്പോള്‍ ഒരാളെ കണ്ടു. അയാളുടെ ശമ്പളം മാത്രമല്ല, മകന്‍ ദുബായീന്ന് അയച്ച പതിനായിരം റിയാലും ബ്ലോക്കായി. അത് ഉഗ്രനായിട്ടുണ്ട്. ബ്ലോക്കായ അക്കൗണ്ടിലേക്ക് മകനെ കൊണ്ട് എന്തിന് പണം അയപ്പിച്ചു?

അതൊരു കഥയാണ്.

ജിദ്ദയില്‍ വന്നു തിരിച്ചുപോയ കൂട്ടുകാരാണ് പണത്തിനുള്ള അയാളുടെ പ്രതിസന്ധി മകനെ അറിയിച്ചത്. ഇഖാമയുടെ കുഴപ്പവും അക്കൗണ്ട് മുടങ്ങിയതുമൊക്കെ അയാള്‍ അവരോട് സൂചിപ്പിച്ചിരുന്നു. സര്‍പ്രൈസായിക്കോട്ടെ എന്നു കരുതി പണം അയച്ച ശേഷമാണ് മകന്‍ ബാപ്പയെ വിളിച്ചത്. പണത്തിന്റെ ആവശ്യത്തെക്കുറിച്ച് തന്നൊടൊരു വാക്കു പറയാതെ, കൂട്ടുകാരോട് പറഞ്ഞുവെന്ന പരിഭവവും പങ്കുവെച്ചു. മല്‍ബുവിന്റെ ഇഖാമയില്‍ ബാപ്പയാണ് പ്രശ്‌നം.

അറബിയില്‍ പേരിന്റെ കൂടെ ബാപ്പയുടെ പേരുണ്ട്. ഇംഗ്ലീഷിലില്ല. ഇംഗ്ലീഷില്‍ ബാപ്പയെ ചേര്‍ക്കുകയോ അറബിയില്‍നിന്ന് ഒഴിവാക്കുകയോ ചെയ്യാതെ നിര്‍വാഹമില്ല. അതുവരെ മല്‍ബുവിന് കടം ചോദിക്കാതിരിക്കാന്‍ വയ്യ.

അഴിഞ്ഞാട്ടക്കാരി


മല്‍ബി ഉടന്‍ തറവാട്ടിലേക്ക് താമസം മാറണമെന്ന മല്‍ബുവിന്റെ കല്‍പന ശരിക്കും ഞെട്ടിക്കുന്നതായിരുന്നു. തികച്ചും അപ്രതീക്ഷിതം.
എന്തുകൊണ്ട് എന്ന ചോദ്യത്തിനു പ്രസക്തിയില്ല.
പറയുന്നത് മല്‍ബുവാണ്. കേള്‍ക്കുകയും അനുസരിക്കുകയുമാണ് മല്‍ബിയുടെ ഡ്യൂട്ടി.
ഓഫീസിലെ പ്യൂണ്‍ പോലും ഞെട്ടിക്കുകയും കല്‍പിക്കുകയും ചെയ്യുമെങ്കിലും മല്‍ബുവിന് അധികാരം പ്രയോഗിക്കാനുള്ളത് മല്‍ബിയോട് മാത്രമാണ്.
വീടുവെച്ച് താമസമാക്കി അഞ്ച് മാസമായതേയുള്ളൂ. പുതിയ വീട്ടില്‍ താമസം തുടങ്ങണമെന്ന കാര്യത്തില്‍ മല്‍ബുവിനു തന്നെയായിരുന്നു നിര്‍ബന്ധം.
നിങ്ങള്‍ കൂടി നാട്ടിലെത്തിയിട്ട് ഹൗസ് വാമിംഗ് പോരേയെന്ന് മല്‍ബി പലവട്ടം ചോദിച്ചതായിരുന്നു. അതിന് ഒരു വര്‍ഷമെടുക്കുമെന്നും അതുകൊണ്ട് കയറിക്കൂടിക്കോളൂ എന്നുമായിരുന്നു മറുപടി.
ഇപ്പോള്‍ ഇതാ പൊടുന്നനെ പറയുന്നു വീട് പൂട്ടിയിടാന്‍.
തറവാട്ടിലേക്ക് വിളിച്ചുനോക്കി. അവിടെയും എത്തിയിട്ടുണ്ട് കല്‍പന.
അവളേം മക്കളേം ഇനി ഇവിടെ നിര്‍ത്തിയാ മതി.
അവരും ചോദിച്ചു. എന്താ കാര്യം?
ഒന്നും അറിയില്ലാന്ന് മല്‍ബി.
മറ്റൊരു വീട് പണിയുന്നതിനെ കുറിച്ച് ആലോചിക്കാതെ തറവാടും കാത്തുകഴിയുന്ന നാത്തൂന്‍ പറഞ്ഞു.
ആരെങ്കിലും എന്തെങ്കിലും ന്യൂസ് എത്തിച്ചുകാണും. നാട്ടുകാര്‍ക്ക് വേറെ പണിയൊന്നും ഇല്ലല്ലോ? ടി.വിയില്‍ ബ്രേക്കിംഗ് ന്യൂസ് വരുന്നതിനുമുമ്പേ വിവരം ഗള്‍ഫില്‍ പാട്ടാകുന്ന കാലമാണ്.
ഇന്നാള് ആ മൊയ്തുവിന്റെ ഭാര്യ കാറില്‍ കയറുന്ന ഫോട്ടോ മൊയ്തുവിന് വാട്ട്‌സപ്പില്‍ കിട്ടി. അയച്ചതു മറ്റാരുമായിരുന്നില്ല മൊയ്തുവിന്റെ കൂട്ടുകാരന്‍ നാണി.

കുട്ടിയുടെ പാസ്‌പോര്‍ട്ട് എടുക്കാന്‍ പോകുമെന്ന് ഭാര്യ തലേന്ന് തന്നെ മൊയ്തുവിനെ അറിയിച്ചതുകൊണ്ട് നാണിയുടെ ശ്രമം പാളി.
നല്ല ഉദ്ദേശ്യത്തോടെയാണ് ചെയ്തതെന്നും വീട്ടില്‍ ഒരു കണ്ണുവേണമെന്ന് നീ തന്നെയല്ലേ പറഞ്ഞതെന്നും നാണി ന്യായം പറഞ്ഞെങ്കിലും രണ്ടാളും തമ്മിലുള്ള ബന്ധം ഇനിയും പഴയതു പോലെ ആയിട്ടില്ല.
ഇതും അതുപോലെ, ആരെങ്കിലും എന്തെങ്കിലും മല്‍ബുവിന്റെ ചെവിയില്‍ എത്തിച്ചതായിരിക്കും.
ഇനി ആ ഹൈദ്രോസ് ചെയ്തതു പോലെ മൊയ്തു ചെയ്തു കാണുമോ ആവോ?
സംശയരോഗിയായ ഹൈദ്രോസ് ഭാര്യയെ പരീക്ഷിക്കാന്‍ ഫെയ്‌സ് ബുക്കില്‍ വ്യാജ പ്രൊഫൈലുണ്ടാക്കി ചാറ്റ് ചെയ്യാന്‍ മുതിര്‍ന്നു. രണ്ടു വാചകം അടിച്ചപ്പോഴേക്കും മിസിസ് ഹൈദ്രോസ് ആളെ കയ്യോടെ പിടികൂടി.
നിങ്ങള്‍ ഇതിലപ്പുറവും ചെയ്യും ഹൈദ്രോസ്‌കാ.. എന്നു പറഞ്ഞപ്പോള്‍ നീയൊരു വമ്പത്തിയാണെന്നും എങ്ങനെയാണ് ഇവരെയൊക്കെ കൈകാര്യം ചെയ്യുന്നത് എന്നറിയാന്‍ ചെയ്ത വേലയാണെന്നും വിശ്വസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.
പല മാസികകളില്‍ വരുന്ന മനഃശാസ്ത്രജ്ഞനോട് ചോദിക്കാം പംക്തി വായിക്കാറുള്ള മല്‍ബുവും പാതി സംശയരോഗിയാണെന്ന് പെങ്ങള്‍ക്ക് അറിയാം. ഗള്‍ഫുകാരുടെ ദാമ്പത്യത്തെ കുറിച്ചുള്ള ചോദ്യവും ഉത്തരവുമൊക്കെ ഒരേ ഓഫീസില്‍നിന്ന് തയാറാക്കുന്നതാണെന്ന് എല്ലാവര്‍ക്കും അറിയില്ലല്ലോ?
ഇതൊന്നുമല്ല മല്‍ബുവിന്റെ അളിയനു സംശയം.
പെങ്ങള്‍ തറവാട് അടിച്ചുമാറ്റുമെന്ന ഭയം കൊണ്ടാകാം. അതുകൊണ്ടല്ലേ, സ്വന്തം വീടുണ്ടായിട്ടും ഭാര്യയോടും മക്കളോടും തറവാട്ടിലേക്ക് മാറാന്‍ പറഞ്ഞത്. കഴിഞ്ഞയാഴ്ച ഫോണ്‍ ചെയ്തപ്പോള്‍ മല്‍ബു ചോദിച്ചിരുന്നു.
അളിയാക്കാ എന്താ വീടുവെക്കുന്നില്ലേ? നാട്ടില്‍ പണിയെടുത്ത് എങ്ങനെ വീടുവെക്കാനാ എന്നായിരുന്നു അപ്പോള്‍ അളിയാക്കയുടെ മറുപടി.
മല്‍ബിയുടെ പുതിയ വീട് അടച്ചിടുന്നത് ആര്‍ക്കും ദഹിച്ചിട്ടില്ല. ഇങ്ങനെ പൂട്ടിയിട്ടാല്‍ വീട് പിന്നെ ഒന്നിനും കൊള്ളില്ലെന്ന് പറഞ്ഞപ്പോള്‍ അത് ഇടക്കിടെ പോയി തൂത്തുവൃത്തിയാക്കിയാല്‍ മതിയെന്നായിരുന്നു മല്‍ബുവിന്റെ പരിഹാരം.
മക്കളോടൊപ്പം സ്വസ്ഥമായി കഴിഞ്ഞിരുന്ന തന്നെ എന്തിനു തറവാട്ടിലേക്ക് മടക്കിയെന്ന ചോദ്യത്തിനു മല്‍ബിക്ക് ഉത്തരം കിട്ടിയതേയില്ല.
പ്രായമായ ഉമ്മയെ നോക്കാനാണെങ്കില്‍ അവിടെ നാത്തൂനുണ്ട്. ഭര്‍തൃവീട്ടില്‍ പോയി നില്‍ക്കാതിരിക്കാന്‍ അവര്‍ പറയാറുള്ള കാരണം തന്നെ ഉമ്മയെ നോക്കണം എന്നാണ്.
ആളുകള്‍ പലവിധത്തില്‍ സംശയിക്കുന്നുവെന്ന സൂചനകള്‍ മല്‍ബിയുടെ ചെവിയിലുമെത്തി.
അഴിഞ്ഞാട്ടക്കാരി.
പാര്‍ട്ടിക്കാര്‍ അഴിഞ്ഞാടി, സാമൂഹിക ദ്രോഹികള്‍ അഴിഞ്ഞാടി എന്നൊക്കെ പത്രങ്ങളില്‍ വായിച്ചു പരിചയമുള്ള പദമാണെങ്കിലും അതിന്റെ ഇരയാകുമെന്ന് മല്‍ബി ഒരിക്കലും കരുതിയതല്ല.
അഴിഞ്ഞാട്ടക്കാരി എന്ന് ആരും വിളിച്ചില്ലെന്നേയുള്ളൂ. എല്ലാവരുടേയും മുഖഭാവം അങ്ങനെയായിരുന്നു.
ഒടുവില്‍ രണ്ടിലൊന്നറിയാന്‍ മല്‍ബി തീരുമാനിച്ചു. മല്‍ബുവിനെ കൊണ്ട് കാരണം പറയിക്കണം.
ആദ്യം ഉമ്മയെ കൊണ്ട് ചോദിപ്പിക്കാം. മല്‍ബിയുടെ മുമ്പില്‍ വെച്ച് ഉമ്മ ഫോണില്‍ ചോദിച്ചു.
എന്തിനാ മോനേ പുതിയ വീട് പൂട്ടിയിട്ടത്?
ഓളവിടെ ശരിയാവില്ലെന്ന് ഒറ്റവാചകത്തിലായിരുന്നു മറുപടി. രണ്ടാമതൊരു ചോദ്യത്തിന് ഉമ്മാക്കും പേടിയാണ്.
അടുത്ത ദിവസം ഫോണില്‍ കൊഞ്ചാന്‍ വിളിച്ചപ്പോള്‍ മല്‍ബി വെറുതെ വിട്ടില്ല.
ഞാന്‍ അവിടെ ശരിയാവില്ല എന്നു പറയാനുള്ള കാരണം അറിഞ്ഞിട്ടു മതി ബാക്കി.
അതു പിന്നെ ഉമ്മ ചോദിച്ചപ്പോള്‍ അങ്ങനെ പറഞ്ഞതാണെന്നായി മല്‍ബു.
നിങ്ങള്‍ കാരണം ഞാന്‍ അഴിഞ്ഞാട്ടക്കാരിയായി എന്നു കൂടി മല്‍ബി പറഞ്ഞപ്പോള്‍ കാരണം പറയാന്‍ നിര്‍ബന്ധിതനായി മല്‍ബു.
ഗള്‍ഫിലാണ് എന്നു പറഞ്ഞിട്ടൊന്നും കാര്യമില്ല.
ഇവിടേം ജീവിതച്ചെലവ് ഇരട്ടിയായിരിക്കയാണ്. രണ്ടു വീട്ടിലേയും ചെലവ് എനിക്കിനി താങ്ങാന്‍ വയ്യ. നീയും മക്കളും തറവാട്ടില്‍ നിന്നാല്‍ പ്രതിമാസം ലാഭം ചുരുങ്ങിയത് 10,000 രൂപയാണ്.
കേട്ടപ്പോള്‍ മല്‍ബി ത്രിശങ്കുവിലായി.
ഇതിപ്പോള്‍ ആരോടെങ്കിലും പറയാന്‍ പറ്റുന്ന കാരണമാണോ?
ചോദിക്കുന്നവരോട് മാന്ദ്യം എന്നു പറഞ്ഞാല്‍ മതിയെന്ന് മല്‍ബു. തിരിയാത്തവര്‍ ഏതോ വാതം ആണെന്നു വിചാരിച്ചോളും.
എന്നെ അഴിഞ്ഞാട്ടക്കാരിയാക്കിയ നിങ്ങളുടെ ബുദ്ധിക്കാണ് മാന്ദ്യം.
പി.ജിയും ബി.എഡുമുണ്ടായിട്ടും ജോലിക്കു പോകാന്‍ അനുവദിക്കാത്ത മല്‍ബി രോഷത്തോടെ പറഞ്ഞു.

May 19, 2014

കോര്‍പറേറ്റ് ലഡു




സമയം അര്‍ധ രാത്രി കഴിഞ്ഞിരുന്നു. പായസം കുടിച്ചും സൊറ പറഞ്ഞും വൈകിയതാണ്. പൊതുവെ മധുരം കുറക്കാറുള്ളതാണെങ്കിലും ചര്‍ച്ചക്കിടയില്‍ മൂന്ന് ഗ്ലാസ് അകത്തു ചെന്നത് അറിഞ്ഞില്ല. അങ്ങനെ ഇത്തിരി മന്ദിപ്പോടെയാണ് കാറില്‍ കയറിയത്.

ചര്‍ച്ചകള്‍ രസകരമായിരുന്നു.

ഓരോരുത്തുടെ ആശങ്കകള്‍, വേവലാതികള്‍.

പാക്കിസ്ഥാനിലേക്കുള്ള ട്രെയിന്‍ കണ്ടില്ലേ? പച്ച ബസ് കണ്ടില്ലേ?

ഫെയ്‌സ് ബുക്കില്‍ നിറഞ്ഞ ചിത്രങ്ങളെ കുറിച്ച് മാത്രമല്ല, ആരൊക്കെയോ കുത്തിക്കുറിച്ച ഓരോ പ്രതികരണവും കാര്യമായി തന്നെ ചര്‍ച്ച ചെയ്യുന്നു. വിജയത്തേക്കാള്‍ തോല്‍വിയെ കുറിച്ചാണ് ആളുകള്‍ക്ക് നൂറുനാക്ക്. പരാജയത്തിന്റെ കാരണങ്ങളല്ല, അതു വരുത്താനിരിക്കുന്ന ആഘാതങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാനാണിഷ്ടം.

എന്തുകൊണ്ട് തോറ്റു എന്നു ചോദ്യത്തോട് എന്താകും ഭാവി എന്ന മറുചോദ്യം.

എന്തിനാ നിങ്ങള്‍ക്ക് പേടി?

അതു പിന്നെ ശരീഅത്ത് മാറ്റി ഏക സിവില്‍ കോഡ് കൊണ്ടുവരുമല്ലോ?

അതിനെന്താ? നിങ്ങള്‍ വേറെ കെട്ടാന്‍ പോകുന്നുണ്ടോ? ഉള്ളതിനെ മൊഴി ചൊല്ലാന്‍ വിചാരിക്കുന്നുണ്ടോ?

അതില്ല, പിന്നെ നമ്മള്‍ അയക്കുന്ന പണത്തിനു ടാക്‌സ് ഏര്‍പ്പെടുത്താലോ?

നിങ്ങളെന്താ ബാങ്ക് വഴി എല്ലാ മാസവും പണം അയക്കാറുണ്ടോ?

അതില്ല, എന്നാലും അയക്കേണ്ടി വന്നാലോ?

പണമുള്ളിടത്തോളം കാലം ഹവാലയുമുണ്ടാകും. അതേക്കുറിച്ച് വേവലാതി വേണ്ട.

പിന്നെ മക്കളുടെ എണ്ണം പരിമിതപ്പെടുത്താലോ?

നിങ്ങള്‍ക്ക് എത്ര മക്കളുണ്ട്?

രണ്ട്.

ഇനി സാധ്യതയുണ്ടോ?

അതുപിന്നെ,വിചാരിച്ചാലും നടപ്പില്ല, നിര്‍ത്തിപ്പോയതാ.

ഇങ്ങനെ ചര്‍ച്ചയിലെ രസങ്ങള്‍ ആലോചിച്ച് ഓടിച്ചു പോകവേ വഴിമധ്യേ കാര്‍ പണിമുടക്കി.

പുറത്തിറങ്ങി.

ഇരുഭാഗത്തുനിന്നും വണ്ടികള്‍ ചീറിപ്പായുന്നുണ്ട്. ഒരു ലിമോസിന്‍ വന്നെങ്കില്‍ എന്ന് ആഗ്രഹിച്ച് ഇരുഭാഗത്തേക്കും നോക്കി.

ഇതെന്താ ലിമോസിനുകളൊക്കെ പണി മുടക്കിയോ അതോ തെരഞ്ഞെടുപ്പ് വിജയം ആഘോഷിക്കാന്‍ പോയോ?

കുറച്ചുനേരം കാത്തുനിന്ന ശേഷം ആരെയെങ്കിലും വിളിക്കാമെന്നു കരുതി പോക്കറ്റില്‍ തപ്പിയപ്പോള്‍ മൊബൈല്‍ ഇല്ല. വണ്ടിയിലും ഇല്ല. ഫോണ്‍ എവിടെയോ മറന്നുവെച്ചിരിക്കുന്നു.

ഒരു മനുഷ്യന്‍ പോലും അതുവഴി വന്നില്ല. ക്രോസ് ആയി നടന്നാല്‍ ഫഌറ്റിലേക്ക് കഷ്ടിച്ച് മൂന്ന് കിലോമീറ്ററേയുള്ളൂ. ഏതായാലും രാവിലെ ടി.വിയുടെ മുന്നില്‍ ഇരുന്നതുകൊണ്ട് നടത്തം മുടങ്ങിയിരുന്നു. നടത്തമാകട്ടെ എന്നു കരുതി ഫഌറ്റ് ലക്ഷ്യമാക്കി നടന്നു തുടങ്ങി.

നല്ല ഇരുട്ടുണ്ട്. തെരുവു വിളക്കുകള്‍ കണ്ണടച്ചിരിക്കുന്നു.

അല്ലയോ തെരുവു വിളക്കുകളേ? ഫാസിസത്തിന്റെ ഇരുണ്ട യുഗത്തിലേക്കുള്ള യാത്ര തുടങ്ങിയതിനാല്‍ നിങ്ങളും ദുഃഖിക്കുകയാണോ?

പെട്ടെന്ന് മങ്ങിയ വെളിച്ചത്തില്‍ കുറച്ചു ദൂരെയായി ഒരു രൂപം പ്രത്യക്ഷപ്പെട്ടു. മേലാകെ പുതച്ചിട്ടുണ്ട്. മനസ്സൊന്ന് പതറി. രൂപം അനങ്ങുന്നുണ്ടെങ്കിലും അവിടെനിന്ന് നീങ്ങുന്നില്ല. എന്നെ കാത്തുനില്‍ക്കുന്നതു പോലെ തോന്നി. കൈ വീശി വിളിക്കുന്നുണ്ടോ എന്നും സംശയം.

ധൈര്യം സംഭരിച്ച് മുന്നോട്ടു നടന്നു. രണ്ടു മൂന്ന് സ്‌റ്റെപ്പ് മുന്നോട്ടുവെച്ചപ്പോള്‍ റോഡരികില്‍ ഉണ്ടായിരുന്ന ഒരു ടയറില്‍ കാല്‍ തട്ടി നിലത്തുവീണു. തല ഉയര്‍ത്തി നോക്കിയപ്പോള്‍ രൂപം അവിടെ തന്നെയുണ്ട്.

എല്ലാ ധൈര്യവും ചോര്‍ന്നുപോയി.

ഇനിയും മുന്നോട്ട് നടക്കണോ? പിന്നോട്ട് ഓടണോ എന്നായി ചിന്ത.

പിന്നെ രണ്ടും കല്‍പിച്ച് തിരിഞ്ഞു നടന്നു, അല്ല, ഓടി.

ഇങ്ങനെയും എനിക്ക് ഓടാന്‍ കഴിയുമോ? രാവിലത്തെ നടത്തത്തില്‍ ഓടാന്‍ ശ്രമിക്കാറുണ്ട്. പക്ഷേ, രണ്ട് മിനിറ്റ് ഓടുമ്പോഴേക്കും കിതച്ച് നാശാവാറാണ് പതിവ്. പിന്നെ ക്ഷീണം കൊണ്ട് നടക്കാനും പറ്റാതാവും.

രൂപം ഇപ്പോള്‍ പിന്തുടരുന്നുണ്ട്. ഒന്നു കൂടി നോക്കി ഉറപ്പുവരുത്തി. അതും ഓടിത്തുടങ്ങിയിട്ടുണ്ട്. സകല ശക്തിയും സംഭരിച്ച് ഓട്ടത്തിനു വേഗം കൂട്ടി.

ഇനി മരപ്പാലം കയറി അപ്പുറത്ത് കടക്കണം.

തിരിഞ്ഞു പാലത്തിലേക്ക് കയറാന്‍ ശ്രമിച്ചതും പാലം അടച്ചിട്ടതിനാല്‍ ആളുകള്‍ കയറാതിരിക്കാന്‍ സ്ഥാപിച്ച പലകയില്‍ തട്ടി താഴെ വീണതും ഒരുമിച്ചായിരുന്നു.

മെല്ലെ തല ഉയര്‍ത്തി നോക്കിയപ്പോള്‍ പതാക പുതച്ച ആ രൂപം കടന്നു പോയിരുന്നു.

എന്തൊരു സമാധാനം.

പാലത്തിന്റെ പലക പിടിച്ച് എഴുന്നേല്‍ക്കാന്‍ നോക്കിയപ്പോള്‍ മുന്നില്‍ പാലമില്ല, പകരം കട്ടിലില്‍ പിടിച്ച് എഴുന്നേല്‍ക്കാനുള്ള ശ്രമത്തിലായിരുന്നു ഞാന്‍.

അപ്പോഴാണ് കിച്ചണില്‍നിന്ന് നാണി ഓടി വന്നത്.

എന്താ ശബ്ദം കേട്ടത്? കട്ടിലില്‍നിന്ന് താഴെ വീണോ?

ശ്ശോ എന്റെ നാണീ, ഒന്നും പറയണ്ട. വല്ലാത്തൊരു സ്വപ്‌നമായിരുന്നു.

മണിക്കൂറുകളോളം ടി.വിക്കു മുന്നിലിരിക്കുമ്പോള്‍ ഓര്‍ക്കണായിരുന്നു. ഒരു വട്ടം കണ്ടാല്‍ പോരെ ഇലക്ഷന്‍ റിസള്‍ട്ട്.

അതോക്കെ എന്നെ കണ്ടു പഠിക്കണം.

ജയിക്കുന്നവര്‍ ജയിക്കും, തോല്‍ക്കുന്നവര്‍ തോല്‍ക്കും.

ടി.വി കണ്ടു കണ്ട് ചര്‍ച്ച കേട്ട് കേട്ട് തളര്‍ന്നുറങ്ങിയതായിരുന്നു.

ക്ലോക്കില്‍ നോക്കിയപ്പോള്‍ സമയം 11 മണി. ഇനിയിപ്പോ എവിടെ പോകാന്‍. പായസവും ലഡുവും ആഘോഷവും ഒക്കെ കഴിഞ്ഞു കാണും.

മൊയ്തുവിനെ വിളിച്ചു.

എങ്ങനെ ഉണ്ടായിരുന്നു ആഘോഷം?

ലഡു വിതരണമൊക്കെ ഉണ്ടായിരുന്നു. ഓര്‍ഡര്‍ ചെയ്യുമ്പോള്‍ നിറമൊന്നും പറഞ്ഞിരുന്നില്ലെങ്കിലും കിട്ടിയപ്പോള്‍ ലഡുവിന് കാവി നിറം പോലെ.

അതു പിന്നെ പഴകി നിറം മാറിയതായിരിക്കും.

അല്ല, കോര്‍പറേറ്റ് ലഡുവാണ്. നമ്മള്‍ ഓര്‍ഡര്‍ ചെയ്താല്‍ മതി. നിറം അതു സ്വയം തീരുമാനിച്ചുകൊള്ളും.

May 11, 2014

ബെഡ്‌ സ്‌പേസ്




അന്തേവാസികളില്‍ നാലുപേര്‍ പോയതോടെ ഫ്‌ളാറ്റില്‍ മല്‍ബു തനിച്ചായി.

 രണ്ടു പേര്‍ നിതാഖാത്ത് പേടിച്ച് നാട്ടിലേക്ക് മണ്ടിയതാണ്. അവര്‍ മണ്ടന്മാരാണെന്നും അതല്ല, ബുദ്ധിമാന്മാരാണെന്നും വിരുദ്ധാഭിപ്രായങ്ങളുണ്ട്. ആളുകള്‍ക്ക് എന്തും പറയാമല്ലോ?

ചെറിയ പ്രായത്തില്‍ തന്നെ നാടണയാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമാണെന്ന് പ്രവാസത്തില്‍ ഇരുപതും മുപ്പതും വര്‍ഷം പിന്നിട്ടവര്‍ പറയുന്നു. എന്നാല്‍ നാട്ടില്‍ പോയിട്ട് എന്താക്കുമെന്നാണ് സ്വപ്നത്തേരിലേറി ഇവിടെ തന്നെ ജീവിക്കുന്നവരുടെ ചോദ്യം.

രണ്ടുപേര്‍ പദവി ശരിയാക്കി കമ്പനി അക്കോമഡേഷനിലേക്ക് മാറി. പദവി മാറിയപ്പോള്‍ ഒരാള്‍ക്ക് ശമ്പളത്തില്‍ ആയിരം റിയാല്‍ കൂടി. മറ്റേയാള്‍ക്ക് അത്രയും കുറഞ്ഞു.

ശരിക്കും പറഞ്ഞാല്‍ പഠിപ്പില്ലാത്തയാള്‍ക്ക് ശമ്പളം കൂടി. പഠിപ്പുള്ളയാള്‍ക്ക് കുറഞ്ഞു. ഒരു മല്‍ബൂന് നഷ്ടം. മറ്റൊരു മല്‍ബൂന് ലാഭം.

പദവി മാറ്റത്തിന്റെ ഓരോ മറിമായങ്ങള്‍.

ഇങ്ങനെ നാലുപേര്‍ അപ്രത്യക്ഷരായ ലക്കി ഹൗസില്‍നിന്ന് മല്‍ബുവും പോകേണ്ടിയിരിക്കുന്നു. പത്തു ദിവസം കൂടി ഇനി ഇവിടെ ഇങ്ങനെ തങ്ങാം. അതിനിടയില്‍ വേറെ ഫ്‌ളാറ്റ് കണ്ടെത്തി മാറണം.

ലക്കിഹൗസിലേക്ക് പുതുതായി ആളുകളെ കണ്ടെത്താന്‍ താല്‍പര്യമില്ല. കാരണം ആഴ്ചയിലൊരിക്കലെങ്കിലും വെള്ളം മുടങ്ങുന്നു. പിന്നെ കിച്ചണിലും കുറേ പ്രശ്‌നങ്ങള്‍. പാറ്റ, എലി.…

ഹോട്ടലിനു പിറകില്‍ ജോലി ഒഴിവുകളും ഫ്‌ളാറ്റ് ഒഴിവുകളും ഒട്ടിക്കാറുള്ള ചുമരില്‍ മല്‍ബു പരതിത്തുടങ്ങി. പിന്നെ വില്‍ക്കാനും വാങ്ങാനും പ്രവാസികള്‍  കൂട്ടുപിടിക്കുന്ന വെബ്‌സൈറ്റിലും നോക്കി.

മൂന്നാംനാള്‍ ഹോട്ടലിനു പുറത്തുള്ള ചുമരില്‍ ഒരു പരസ്യം പ്രത്യക്ഷപ്പെട്ടു.
ഡീസന്റായ ബാച്ചിലര്‍ മല്‍ബുവിന് ബെഡ് സ്‌പേസ് ലഭ്യമാണ്. ഇരുപത്തിനാലു മണിക്കൂറും വെള്ളം.
അതിനു തൊട്ടുതാഴെ ഏതോ വിരുതന്‍ പേന കൊണ്ട് തൊട്ടുകൂട്ടാന്‍ അച്ചാറും എന്നെഴുതിവെച്ചിട്ടുണ്ട്. അതിലെ ഫലിതം ആലോചിച്ചുകൊണ്ട് ഫോണ്‍ നമ്പര്‍ എഴുതിയെടുക്കുമ്പോള്‍ അവിടെ മറ്റൊരു  മല്‍ബു പ്രത്യക്ഷപ്പെട്ടു.

ഇവരുടെ ഇന്റര്‍വ്യൂ കഴിഞ്ഞു വരികയാ ഞാന്‍. അവര്‍ക്കൊരു നൂറുകൂട്ടം കണ്ടീഷന്‍സാ. നമുക്ക് ഒക്കൂല.


എന്തു കണ്ടീഷന്‍സാ?
വണ്ടി വേണം. കുക്ക് ചെയ്യാനറിയണം. അങ്ങനെ പല പല നിബന്ധനകള്‍. ജോലി തേടിപ്പോയതു പോലെയാണ് അവരുടെ ഒരു ഇന്റര്‍വ്യൂ.


ജീവിതത്തില്‍ ഇതുവരെ പുകവലിക്കാത്ത എന്നോട് അവര്‍ പറഞ്ഞു. നിങ്ങളെ സിഗരറ്റ് മണക്കുന്നു. ഇവിടെ പറ്റൂലാന്ന്. ഞാനടിച്ച പെര്‍ഫ്യൂമിന്റെ മണം ചിലര്‍ക്ക് സിഗരറ്റിന്റെ മണമായി തോന്നാം. അതൊന്നും അറിയാത്തവരാ ഇവര്. ശരിക്കും പിരാന്തന്മാര്‍.

നിങ്ങള്‍ക്ക് വണ്ടിയൊക്കെ ഉണ്ടല്ലോ, ഏതായാലും ഒന്നു ട്രൈ ചെയ്‌തോളൂ. കിട്ടിയാലായല്ലോ. ബാച്ചിലര്‍ അക്കൊമഡേഷന്‍ കിട്ടാന്‍ ഇവിടെ ഇപ്പോള്‍ വലിയ പാടായിട്ടുണ്ട്.

മല്‍ബു വേഗം ഡയല്‍ ചെയ്തു. ഫോണ്‍ വഴിയുള്ള പ്രാഥമിക ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയ ശേഷം കൂടിക്കാഴ്ചക്ക് സമയം നിശ്ചയിച്ചു.

ഫ്‌ളാറ്റില്‍ എത്തിയപ്പോള്‍ അവിടെ മൂന്ന് പേര്‍ കാത്തിരിപ്പുണ്ടായിരുന്നു.
വീടിന്റ പേരൊക്കെ കൊള്ളാം- മഴവില്‍.


കഴുത്തിലൂടെ തോര്‍ത്തിട്ട കഷണ്ടിക്കാരനാണ് ചോദ്യങ്ങള്‍ ചോദിച്ചത്.
കുക്ക് ചെയ്യുമോ?
കുക്ക് ചെയ്യാനറിയില്ല. പക്ഷേ കൂടിക്കൊടുക്കും.
കൂട്ടിക്കൊടുക്കുമെന്നോ, എന്ത്, കൂട്ടാനാ?
അല്ല, കിച്ചണില്‍ കൂടിക്കൊടുക്കും. കൈ സഹായം. തനിച്ച് ചെയ്യാനറിയില്ല.

പാട്ട് ഇഷ്ടമാണോ?
പുട്ടും കടലയും ഇഡ്ഡലിയുമാണ് ഏറ്റവും ഇഷ്ടം.
പുട്ടിന്റെ കാര്യമല്ല മാഷേ, പാട്ട്... മ്യൂസിക് ഇഷ്ടമാണോ എന്ന്.
കേട്ടാലും കേട്ടില്ലേലും കൊയപ്പല്യ.
പാട്ട് മാത്രമാണ് മല്‍ബുവിന് ഇഷ്ടം. പിടികൊടുക്കാതിരിക്കാനാണ്  കൊയപ്പല്യയില്‍ പിടിച്ചത്.

കാറുണ്ട് അല്ലേ?

ഉണ്ടാക്കാം.

അപ്പോള്‍ ഇല്ലേ? ഉണ്ടാക്കാന്നു പറഞ്ഞാല്‍ പല പ്രശ്‌നങ്ങള്‍ ഉണ്ട്. കാറുണ്ടായി കഴിയുമ്പോള്‍ നിങ്ങള്‍ ഫ്‌ളാറ്റ് മാറിയല്‍ ഞങ്ങള്‍ വേറെ ആളെ നോക്കേണ്ടിവരും. നിലവില്‍ കാറുള്ളയാളെയാണ് ഞങ്ങള്‍ നോക്കുന്നത്.

എനിക്ക് കാറുണ്ട്. സ്വന്തം കാറല്ലന്നേയുള്ളൂ. അതുകൊണ്ടാണ് ഉണ്ടാക്കാം എന്നു പറഞ്ഞത്.

വെരിഗുഡ്. കാറുള്ളയാളെ എന്തിനാണ് നോക്കുന്നതെന്നറിയാമോ?
അറിയാം. വല്ലപ്പോഴും പുറത്തുപോകാനല്ലേ. അതൊക്കെ എനിക്ക് ഇഷ്ടമുള്ള കാര്യാണ്.

അങ്ങനെ സര്‍ക്കീട്ട് പോകാനൊന്നും അല്ല. ഇവിടെ ഇതാ ഇയാള്‍ക്ക് കാറുണ്ട്. വലതു ഭാഗത്തിരിക്കുന്ന കുടവയറനെ ചൂണ്ടിപ്പറഞ്ഞു. പക്ഷേ അതുകൊണ്ട് കാര്യം നടക്കുന്നില്ല.
ആഴ്ചയില്‍ ഒരിക്കല്‍ മാര്‍ക്കറ്റില്‍ പോയി മീന്‍ കൊണ്ടുവരണം.
പക്ഷേ, എന്റെ വണ്ടിയില്‍ ഇതുവരെ മീന്‍ കയറ്റിയിട്ടില്ല.

അതിനെന്താ. നല്ലോണം അടച്ചുവെക്കാവുന്ന ബക്കറ്റുണ്ട്. നാറ്റം ഒട്ടും ഉണ്ടാവില്യ. അതിനു ഞങ്ങള്‍ ഗ്യാരണ്ടി.

എന്നാ ആയിക്കോട്ടെ.

ഇനിയിപ്പോ മീനിന്റെ പേരില്‍ മഴവില്ല് മുടങ്ങണ്ടാന്നു കരുതി മല്‍ബു അതങ്ങ് സമ്മതിച്ചു.
ഇന്നാള് കഫീല്‍ തന്ന ഒരു സൂപ്പര്‍ സ്‌പ്രേ  ഉണ്ട്. അതുമതി മീന്‍മണം പോകാന്‍.

ഒരു കാറും രണ്ട് സുന്ദരികളും




മന്‍ജദ്ദ വജദ
എന്ത്.. മീഞ്ചന്തയില്‍ എന്താ ഉണ്ടായത്?

കേട്ടയുടന്‍ മൊയ്തു ചാടി എഴുന്നേറ്റു ചോദിച്ചു.

അങ്ങനെയാണ് മൊയ്തു. ബ്രേക്കിംഗ് ന്യൂസിനായി ചാടി വീഴും. വട്ടക്കണ്ടി മൊയ്തുവിന് ലുങ്കി ന്യൂസ് മൊയ്തു എന്നു ഇരട്ടപ്പേര് കിട്ടാന്‍ കാരണവും അതു തന്നെ.  നാടുവിട്ട പ്രവാസികള്‍ കൗതുകത്തോടെ പാടി നടക്കുന്ന പല ന്യൂസുകളുടേയും ഉറവിടം ഈ മൊയ്തുവാണ്.
മീഞ്ചന്തയും പാളയവും ഒന്നുമില്ല. മന്‍ജദ്ദ വജദ എന്നാണ് പറഞ്ഞത്.

ആര് പ്രയത്‌നിച്ചുവോ അതവന്‍ കാണും എന്നാണ് മലയാളം.
ആര്? എന്തു പ്രയത്‌നം? പണിയെടുത്താല്‍ കിട്ടും എന്നു പറഞ്ഞാല്‍ പോരേ?
അതുതന്നെയാണ് പറഞ്ഞത്. ശരിക്കും മെനക്കെട്ടാല്‍ ഫലം കിട്ടും. ഞാനതു തെളിയിച്ചു കഴിഞ്ഞു.

ഇതു പുതിയ കാര്യമൊന്നും അല്ല. അറബീ പറയേണ്ട കാര്യവും ഇല്ല. പച്ചമലയാളം മതി.
പോരാ.. ഇത് പച്ച അറബീ തന്നെ പറണം. കാരണമുണ്ട്.
പഠിപ്പും തന്ത്രോം ഒക്കെ ങ്ങള് മല്‍ബുകള്‍ക്ക് മാത്രം എന്നാണല്ലോ വെപ്പ്. എന്നാല്‍ അങ്ങനെയൊന്നും അല്ല.

അപ്പോള്‍ ഒന്നു ചോദിച്ചോട്ടെ. എന്താ ഇപ്പോ ഉണ്ടായത്? എന്താ ഇത്ര ഭയങ്കര പ്രയത്‌നോം വിജയോം. ഉമ്മന്‍ചാണ്ടി മാറിയോ? പി.സി. ജോര്‍ജ് വിചാരിച്ച് നടക്കാത്തത് വേറെ ആരേലും നടത്തിയോ?

നിങ്ങടെ ഒരു ജോര്‍ജും ചാണ്ടീം. ഇത് അതൊന്നുമല്ല.

നിങ്ങളൊക്കെ ഇവിടെ പേടിച്ച് ഇരിക്കായിരുന്നല്ലോ? മക്കയില്‍ നിങ്ങടെയൊക്കെ എത്ര കുടുംബക്കാര് വന്നിട്ടുണ്ട്. ആരെയെങ്കിലും ചെന്നു നോക്കിയോ?
കുറ്റം മുഴുവന്‍ ചെക്കിംഗിന്.

അമ്മോശന്‍ വന്നിട്ടും മൊയ്തു പോകാത്തത് പേടിച്ചിെട്ടാന്നുമല്ല. പിശുക്കീട്ടാ- ഹൈദ്രോസിന്റെ വക മൊയ്തുവിന് ഇടക്കൊരു പാര.

ഒരു സ്മാര്‍ട്ട് ഫോണോ ടാബോ ഒന്നും കൊടുക്കാതെ ഇക്കാലത്ത് എങ്ങനെ ഒരു ഹാജീനെ കാണാന്‍ പോകും. മുമ്പൊക്കെയാണെങ്കില്‍ രണ്ട് കിലോ ഈത്തപ്പഴോം രണ്ട് നിസ്‌കാര വിരീം കൊടുത്താ മതിയാരുന്നു.

ഫയങ്കര ചെക്കിംഗാണ്. അങ്ങോട്ട് വന്നാല്‍ ഇഖാമ കീറിക്കളയും എന്നാണ് മൊയ്തു അമ്മോശനോട് പറഞ്ഞത്. എന്നാ മോന്‍ റിസ്‌കെടുത്ത് വരണ്ടാന്ന് അമ്മോശന്‍ ഇങ്ങോട്ടും പറഞ്ഞു.

ഏതായാലും മല്‍ബു പോയോ? എങ്ങനാ പോയത്. ചെക്കിംഗ് ഉണ്ടായിരുന്നില്ലേ?
ഹൈദ്രോസിന് അറിയാന്‍ തിടുക്കം.

ഇങ്ങള് തിരക്കുകൂട്ടല്ലേ ഹൈദ്രോസ്‌ക്കാ. മല്‍ബു വിസ്തരിച്ച് പറയും.


ഞാന്‍ പോയി. സുഖായിട്ട് മക്കയില്‍  എത്തി. ഹജ്ജിനു വന്ന ബന്ധുക്കളേം നാട്ടുകാരേം ഒക്കെ കണ്ട് ഒരു കുഴപ്പവുമില്ലാതെ ജിദ്ദയില്‍ തിരിച്ചെത്തുകയും ചെയ്തു.
ഇതൊരു സംഭവം തന്നെയാട്ടോ. ഭയങ്കര ധൈര്യാ നീ കാണിച്ചത്. അനുമതി ഇല്ലാതെ അങ്ങോട്ട് കടക്കുന്നവരെ ഫിംഗര്‍ പ്രിന്റ് എടുത്തശേഷം നാട്ടിലേക്ക് കയറ്റി വിടുകയല്ലേ. പിന്നെ പത്ത് വര്‍ഷത്തേക്ക് ഇങ്ങോട്ട് വരാനും പറ്റില്ല.

തസ്‌രീഹ് സംഘടിപ്പിച്ചാണോ പോയത് ?

എന്താ ഈ തസ്‌രീഹീന്ന് വെച്ചാല്‍?
അതേതോ പേപ്പറല്ലേ?

പേപ്പറൊന്നുമല്ല, അതാണ് അനുമതി പത്രം.

തസ്‌രീഹ് ഉണ്ടായിരുന്നു. പക്ഷേ അത് വെറും കടലാസായിരുന്നില്ല. ജീവനുള്ളതായിരുന്നു. ലിവിംഗ് തസ്‌രീഹ്.

എന്ത്.. ഓണ്‍ലൈന്‍ പെര്‍മിഷന്‍ ആയിരുന്നോ?
അല്ലാന്നേ. ശരിക്കും ജീവനുള്ളതായിരുന്നു. ഒന്നല്ല, രണ്ടെണ്ണം. വേണമെങ്കില്‍ അതേപ്പറ്റി പറയാം.

വേണം വേണം. ഇത്ര ഭയങ്കര സംഭവം ഉണ്ടെങ്കില്‍ അറിയണമല്ലോ.
അതെ.

ഞാന്‍ രാവിലെ മക്കയിലേക്ക് വാഹനങ്ങള്‍ പോകുന്ന സ്റ്റോപ്പിലെത്തി. കാര്‍ ഇറങ്ങിയതോടെ കുറേ ആളുകള്‍ വന്നു വളഞ്ഞു. ചെറിയ കാറുകാരും വലിയ കാറുകാരും വാന്‍കാരുമൊക്കെയുണ്ട്.. മക്കയിലേക്കാണോന്ന് ചോദിച്ചു എല്ലാവരും.
എത്രയാ ചാര്‍ജെന്ന് ചോദിച്ചപ്പോള്‍. 200, 150 , 100
പത്ത് റിയാലിനു പോയിക്കൊണ്ടിരുന്ന സ്ഥലമാണ്. ഇപ്പോള്‍ പത്തും പതിനഞ്ചും ഇരട്ടി.
ഒടുവില്‍ എന്നെ കൊണ്ടുപോകാന്‍ ഭാഗ്യം സിദ്ധിച്ച ആ മഹാന്‍ വന്നെത്തി. 50 റിയാലിനു മക്കയിലെത്തിക്കാം. ഒരുതരം വിടാപ്പിടിത്തമായിരുന്നു അത്. ഇരുനൂറിനും നൂറിനും കാത്തിരുന്ന ജനക്കൂട്ടത്തിനിടയിലൂടെ അയാളുടെ പിറകെ പോയി.


കാറില്‍ ഡ്രൈവറുടെ വലതുവശത്ത് മുന്‍സീറ്റില്‍ രണ്ടു സ്ത്രീകള്‍ ഇരിക്കുന്നു. പിറകില്‍ ഒരു സ്ത്രീയും പുരുഷനും. ദമ്പതികള്‍.


എന്നെ പിന്‍സിറ്റീലിരുത്തിയ ഡ്രൈവര്‍ എല്ലാവരുടെ പക്കലും ഇഖാമയുണ്ടല്ലോ എന്നു ചോദിച്ചശേഷം കാര്‍ വിട്ടു. ഇഖാമയുണ്ടല്ലോന്ന് അയാള്‍ ഇടക്കിടെ ചോദിക്കും. അതുകൊണ്ട് ഇഖാമയെടുത്ത് കൈയില്‍തന്നെ വെച്ചു. അറബി സംഗീതവുമായി ചീറിപ്പാഞ്ഞ കാര്‍ ചെക്ക് പോസ്റ്റുകള്‍ എത്തുമ്പോള്‍ വേഗം കുറക്കും. അപ്പോള്‍ മുന്നിലിരിക്കുന്ന സുന്ദരികള്‍ അവരുടെ മുഖപടം നേരെയാക്കി ഒതുങ്ങിയിരിക്കും

മുഖപടം ധരിച്ച അവര്‍ സുന്ദരികളാണെന്ന് എങ്ങനെ മനസ്സിലായി?
ഈ മൊയ്തുവിന്റെ ഓരോ സംശയങ്ങള്‍.

അവരുടെ മൈലാഞ്ചിയിട്ട കൈകള്‍ മുഖപടത്തിലേക്ക് ഉയരുന്നത് കണ്ടാല്‍ പോരേ?
അങ്ങനെ ഒരു ചെക്ക് പോസ്റ്റിലും നിര്‍ത്താതെ കാര്‍ മുന്നോട്ടു നീങ്ങി.
എങ്ങനാ ഇതു സംഭവിച്ചത്. വല്ല പിടിയും കിട്ടിയോ?

ചെക്കിംഗ് ഒന്നും ഇല്ലായിരിക്കും. ഒക്കെ മൊയ്തു ന്യൂസുകളായിരിക്കും.

അതൊന്നുമല്ല. കാറില്‍ മുന്നില്‍ ഇരുന്നിരുന്നത് വെറും സ്ത്രീകളായിരുന്നില്ല. കണ്ണു മാത്രം കാണുന്ന രീതിയില്‍ മുഖം മറച്ചിരിക്കുന്ന അവരെ കാണുമ്പോള്‍ നമ്മുടെ കാരശ്ശേരി മാഷ്‌ക്ക് ദേഷ്യം വരുമെങ്കിലും ചെക്കിംഗിനു നില്‍ക്കുന്ന ഉദ്യോഗസ്ഥന് അവരോട് ബഹുമാനമായിരുന്നു.

ഓ ഇവരാണല്ലേ തസ്‌രീത്തികള്‍- ഹൈദ്രോസിനു പിടികിട്ടി.

ഇവരുടെ മുന്‍ബലത്തില്‍ കാര്‍ മക്കയിലെത്തിയെങ്കിലും ഒരു കുഴപ്പമുണ്ടായി കേട്ടോ. മക്കയിലെത്തി എന്നു പറഞ്ഞ് വിശദ്ധ ഹറമില്‍നിന്ന് അഞ്ച് കി.മീ ഇപ്പുറത്ത് ആ പഹയന്‍ വണ്ടി നിര്‍ത്തി ഇറങ്ങാന്‍ പറഞ്ഞു. ഹറമിലേക്കാണ് 50 റിയാലിന് കരാര്‍ എന്നൊക്കെ പറഞ്ഞുനോക്കി.

മക്കയിലെത്തിക്കും എന്നല്ലേ പറഞ്ഞത്. മക്കയെത്തി, ഇറങ്ങിക്കോ.

ആ തന്ത്രശാലിയുടെ വാശിക്കുമുന്നില്‍ തോല്‍ക്കാതെ നിര്‍വാഹമില്ലായിരുന്നു.
അവിടെ ഇറങ്ങി രണ്ടു മൂന്ന് കാറുകള്‍ക്ക് കൈകാണിച്ച ശേഷം നിര്‍ത്തിക്കിട്ടിയ ഒന്നില്‍ കയറി അഞ്ച് റിയാല്‍ കൊടുത്താണ് ലക്ഷ്യസ്ഥാനത്തെത്തിയത്.


May 4, 2014

പ്രചോദനം

അരങ്ങ് കലാ സാഹിത്യവേദിയുടെ അവാര്‍ഡിനോടൊപ്പം
അതു സമ്മാനിച്ച വ്യക്തിയും എനിക്ക് ജീവിതത്തില്‍ അവിസ്മരണീയമായി.
മനക്കരുത്തിന്റെ പര്യായമായ ഒരു ഇരുമ്പുഴിക്കാരന്‍.
കാഴ്ചശക്തിയില്ലാതെ 27 വര്‍ഷമായി ജിദ്ദയിലെ വലിയ കമ്പനിയില്‍ ഉത്തരവാദപ്പെട്ട ജോലി നോക്കുന്ന മലപ്പുറം ഇരുമ്പുഴി സ്വദേശി വി. ഉമര്‍.
കലയേയും സാഹിത്യത്തേയും പ്രണയിച്ച് പ്രവാസ ജീവിതം തുടങ്ങി ഏഴാം വര്‍ഷത്തില്‍ കാഴ്ച തിരിച്ചെടുത്ത കാരുണ്യവാന്‍ പകരം നല്‍കിയത് അസാമാന്യമായ ഉള്‍ക്കരുത്തായിരുന്നു.

സ്പര്‍ശനത്തിലൂടെയും ശബ്ദത്തിലൂടെയും ആളുകളെ തിരിച്ചറിയാന്‍ സാധിക്കുന്ന ഇദ്ദേഹത്തിനു നൂറുകണക്കിനു ടെലിഫോണ്‍ നമ്പറുകള്‍ മനഃപാഠമാണ്.
തൊട്ടുനോക്കി കറന്‍സിയുെട മൂല്യം മാത്രമല്ല, കള്ളനോട്ടുകള്‍ കൂടി കണ്ടെത്തും.
കറന്‍സികള്‍ കൈകാര്യം ചെയ്യുന്ന ജോലിയില്‍ മാത്രമല്ല, മതം, ശാസ്ത്രം, കല, സാഹിത്യം തുടങ്ങിയ മേഖലകളിലെ അറിവും മികവും ഇദ്ദേഹത്തെ വ്യത്യസ്തനാക്കുന്നു.

വിശുദ്ധഖുര്‍ആനില്‍നിന്ന് ധാരാളം അധ്യായങ്ങള്‍ അര്‍ഥസഹിതം മനഃപാഠമുള്ള ഉമര്‍ ഖുര്‍ആന്‍ ആവശ്യപ്പെടുന്നതുപോലെ കരുണാമയനില്‍ ഭരമേല്‍പിച്ച് ജീവിത വഴികള്‍ താണ്ടുന്നു.
കഥയും സാഹിത്യപംക്തിയും കൈകാര്യം ചെയ്തിരുന്ന ഉമര്‍ ഏവര്‍ക്കും പ്രചോദനമായി നമുക്കിടിയില്‍ ജീവിക്കുന്നു.
അദ്ദേഹത്തിന്റെ കൈയില്‍നിന്ന് അവാര്‍ഡ് സ്വീകരിക്കാനുള്ള ഭാഗ്യം സിദ്ധിച്ച ഞാന്‍ അക്കാര്യം തന്നെയാണ് ആ ചടങ്ങില്‍ എടുത്തു പറഞ്ഞത്.
പുഞ്ചിരി തൂകുന്ന ആ മുഖവും ഇഛാശക്തിയും ഏതൊരാള്‍ക്കും പ്രചോദനമാണ്.
മനം നിറയെ പ്രാര്‍ഥന മാത്രം.
ഉമര്‍.വി


മുസാഫിര്‍

അബ്ദുറഹ്മാന്‍ വണ്ടൂര്‍

അബു ഇരിങ്ങാട്ടിരി

അമീര്‍ ചെറുകോട്

അനില്‍ നാരായണ


വി. ഉമറില്‍നിന്ന് അവാര്‍ഡ് സ്വീകരിക്കുന്നു

സി.കെ. നജീബ്

പി.കെ. അബ്ദുല്‍ഗഫൂര്‍

ഉസ്മാന്‍ ഇരുമ്പുഴി, സി.കെ. ഹസന്‍കോയ, എം.അഷ്‌റഫ്, വി. ഉമര്‍, വി.ഖാലിദ്, അബു ഇരിങ്ങാട്ടിരി

സി.കെ. ഹസന്‍ കോയ

പ്രൊഫ. ഇസ്മായില്‍ മരിതേരി

ഖാലിദ്. വി

കൊമ്പന്‍ മൂസ

പി.എം. മായിന്‍കുട്ടി


ഹംസ മദാരി

അബ്ദുശുക്കൂര്‍

ടി. സാലിം




എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി


April 15, 2014

ചോറും ബ്രോസ്റ്റും




വൈകിട്ടത്തെ ചായ കുടിക്കാന്‍നേരത്ത് ഊണും ബ്രോസ്റ്റും തമ്മിലൊരു തര്‍ക്കം.
 ഊണാണോ അതോ ബ്രോസ്റ്റാണോ ലഞ്ചിനു കേമം? ഇതാണ് തര്‍ക്ക വിഷയം.
തര്‍ക്കം ഉടലെടുക്കാന്‍ കാരണമുണ്ടായിരുന്നു.

ലഞ്ചിന്റെ നേരത്ത് പണിസ്ഥലത്ത് കുടുങ്ങിയ മല്‍ബു നാലു മണിക്കാണ് റൂമിലെത്തിയത്.  നേരെ കിച്ചണില്‍ കയറി നോക്കിയപ്പോള്‍ ചോറും കറിയും കാണാനില്ല. നാട്ടില്‍നിന്ന് കൊണ്ടുവന്ന ബീഫായിരുന്നു സ്‌പെഷല്‍. പക്ഷേ, എല്ലാം കാലി.

കിച്ചണില്‍നിന്ന് പുറത്തിറങ്ങിയപ്പോള്‍ മൊയ്തു ഇരുന്ന് പത്രം വായിക്കുന്നു.
തലേന്നാള്‍ രാത്രി നാട്ടില്‍നിന്ന് എത്തിയ ഹൈദ്രോസ് കൊണ്ടുവന്നതായിരുന്നു ബീഫ്. ഹൈദ്രോസ് മാത്രമല്ല, ആ വിമാനത്തില്‍ വന്നവരില്‍ ഭൂരിഭാഗവും ബീഫേറ്റിയവരായിരുന്നു. കരിപ്പൂരില്‍നിന്ന് മടങ്ങുന്നവരോടൊപ്പം കുറേ പോത്തുകളും വിമാനം കയറുമെന്നാണ് പൊതുവെ പറയാറ്.

ഇക്കുറി ഹൈദ്രോസ് പതിവില്‍ കൂടുതല്‍ ബീഫ് കൊണ്ടുവന്നിരുന്നു. അതിനും കാരണമുണ്ട്.
ബലിപെരുന്നാള്‍ അവധിക്കു പോകുന്നതൊക്കെ കൊള്ളാം. വരുമ്പോള്‍ ഇഷ്ടം പോലെ ബീഫ് കൊണ്ടുവന്നേക്കണം -ഇതായിരുന്നു റൂമിലെ മറ്റുള്ളവരുടെ കല്‍പന.

ഹൈദ്രോസ് അതു കൃത്യമായി പാലിച്ചു. നാട്ടിലെത്തിയപ്പോള്‍  ബീഫ് തെണ്ടി നടക്കേണ്ടി വന്നതുമില്ല. ബലിപെരുന്നാളിന്റെ ഭാഗമായി പള്ളിക്കാരും പണക്കാരും അറുത്ത മാടുകളുടെ എണ്ണം കൂടിയപ്പോള്‍ ഹൈദ്രോസിന്റെ വീട്ടിലേക്കും ഇറച്ചി ഒഴുകി. അതിലൊരു പങ്ക് കൊണ്ടുപോകാന്‍ ഹൈദ്രോസ് ഉണ്ടായതുകൊണ്ട് വീട്ടുകാര്‍ക്കും സന്തോഷം. കാരണം ഫ്രിഡ്ജില്‍ ഇത്തിരി സ്ഥലം  കാലിയായി കിട്ടുമല്ലോ?

എയര്‍പോര്‍ട്ടിലെത്തിയപ്പോള്‍ പച്ച ഇറച്ചിയാണോ കൊണ്ടുപോകുന്നതെന്ന് കൗണ്ടറിലിരിക്കുന്നയാള്‍ക്കു സംശയം. അതുകൊണ്ട് അങ്ങേര്‍ക്ക് പെട്ടി അഴിച്ചു കാണണം.

നന്നായി വേവിച്ച് വാഴ ഇലയില്‍ പൊതിഞ്ഞുവെച്ചിരിക്കയാണ് ഇറച്ചിയും ലിവറും. അതി•േലാണ് വേവിക്കാത്ത പച്ച ഇറച്ചിയെന്ന ആരോപണം അടിച്ചേല്‍പിച്ചിരിക്കുന്നത്.
ആരെങ്കിലും വേവിക്കാതെ പച്ചയിറച്ചി അങ്ങോട്ട് കൊണ്ടു പോകുമോ മാഷേ? അവിടെ എത്തിയാല്‍ പിന്നെ എന്തിനു കൊള്ളും അത്. ഇറച്ചി പൊതിഞ്ഞ ഇല മാത്രമാണ് പച്ച. പിന്നെ ഞാനും ഒരു പച്ചയാണ്, ചോപ്പല്ല.

യുക്തി ബോധ്യമായതുകൊണ്ട് അയാള്‍  പത്തിമടക്കുകയും കെട്ടഴിക്കാതെ തന്നെ ഹൈദ്രോസിന്റെ പെട്ടി വിമാനം കയറുകയും ചെയ്തു.

ചോറിനു സമയം ആയിട്ടും കാണാത്തതിനാല്‍ മല്‍ബുവിനെ ഹൈദ്രോസ് ഫോണില്‍ വിളിച്ചിരുന്നു.
വേഗം വാ ഇഷ്ടാ നല്ല പോത്തുവരള റെഡിയാണ്.

വരാന്‍ പറ്റില്ലാന്നും ബ്രോസ്റ്റിനു പോയിട്ടുണ്ട് എന്നുമായിരുന്നു മല്‍ബുവിന്റെ മറുപടി.
മല്‍ബുവിന്റെ കമ്പനിയില്‍ അങ്ങനെയാണ്. കുറച്ചുനേരം അധികം പണിയെടുപ്പിച്ചാല്‍ മുതലാളിയുടെ വക അന്നു ബ്രോസ്റ്റുണ്ടാകും.

ബ്രോസ്റ്റ് കഴിച്ചോളൂ. എന്നാലും ഇവിടെ കുറച്ച് പോത്ത് വരള വെച്ചേക്കാമെന്ന് പറഞ്ഞാണ് ഹൈദ്രോസ് ഫോണ്‍ വെച്ചത്.

ആ ഇറച്ചിയാണ് ഇപ്പോള്‍ ചോറിനോടൊപ്പം അപ്രത്യക്ഷമായിരിക്കുന്നത്.
നഷ്ടപ്പെട്ടത് കിച്ചണില്‍നിന്നാണെങ്കില്‍ പ്രതി മൊയ്തുതന്നെ.

ഇതാ മുന്നിലിരുന്ന് പത്രം വായിക്കുന്നുണ്ട്. ഉച്ചമയക്കത്തനുശേഷം ഉണര്‍ന്നാല്‍ ടിയാന് ഒരു കിച്ചണില്‍ കയറ്റമുണ്ട്. ബാക്കി ചോറും കറിയും തട്ടാനുള്ള കയറ്റം. അതാണ് സംഭവിച്ചിരിക്കുന്നത്.

മൊയ്തൂ, കിച്ചണില്‍ ചോറും കറിയൊന്നും കാണാനില്ലല്ലോ.
അതു പിന്നെ നീ കമ്പനീന്ന് ബ്രോസ്റ്റ് കഴിച്ചതല്ലേ? ഇനിയാരും ഇല്ലാന്ന് കരുതി ഞാനങ്ങു തട്ടി.

ബ്രോസ്റ്റ് കഴിച്ചാല്‍ ഊണ്‍ കഴിച്ചതു പോലെയാകുമോ?  പത്ത് ബ്രോസ്റ്റ് കഴിച്ചാലും ഉച്ചക്ക് ഊണു കഴിക്കാതെ എനിക്ക് ശരിയാകൂല്ല.

അതെന്താ അങ്ങനെ, ചോറിനേക്കാള്‍ ടേസ്റ്റും ഗുണവും ബ്രോസ്റ്റിനു തന്നെയാണ്.
അത് ചോറിന്റെ മാഹാത്മ്യം അറിയാത്തതുകൊണ്ടാ. അരിയാഹാരം ഭക്ഷിക്കുന്ന ആര്‍ക്കും എളുപ്പം പിടികിട്ടും ഊണിന്റെ ഗുണം.

ഊണിന് ഒരു മഹിമയും ഇല്ല. ഷുഗറും കൊളസ്‌ട്രോളും കൂടുമ്പോള്‍ വൈദ്യ•ാര്‍ ആദ്യം ഒഴിവാക്കാന്‍ പറയുന്നതെന്താ?
ചോറ്.

അതിപ്പോള്‍ ബ്രോസ്റ്റ് കഴിച്ചാലും ഷുഗര്‍ വരാതിരിക്കൊന്നുമില്ല. ഉച്ചഭക്ഷണം കേമായി തന്നെ കഴിക്കണം എന്നാണ് ഡോക്ടര്‍മാരായാലും ആയുര്‍വേദ വൈദ്യ•ാരായാലും പറയുക. ബ്രോസ്‌റ്റൊക്കെ ഒരു ഇടത്തട്ടായി മാത്രേ കണക്കാക്കാന്‍ പറ്റൂ. ഊണ്‍ എന്നു പറഞ്ഞാല്‍ പുഞ്ചിരി തൂകുന്ന സുന്ദരിമാരോടാണ് വിദ്വാ•ാര്‍ ഉപമിക്കാറുള്ളത്.
ഊണും സുന്ദരിയും പുഞ്ചിരിയും. മല്‍ബുവിനിതെന്തു പറ്റി. ചോറ് കിട്ടാഞ്ഞിട്ട് വട്ടായോ?
ഇലയില്‍ വിളമ്പിയ ചെറിയ അരിയുടെ ചോറ് കുറച്ചുനേരം നോക്കിക്കേ. കെട്ട്യോള്‍ കിടന്ന് ചിരിക്കുന്നതു പോലെ തോന്നും.

ശ്ശോ ഭയങ്കരംതന്നെ ഭാവന. അതിന് ഇന്നിവിടെ ഊണ്‍ അല്ലായിരുന്നു. നെയ്‌ച്ചോറും ബീഫും ആയിരുന്നു.

ഇന്നലേം കൂടി മനസ്സില്‍ വിചാരിച്ചതാ ബീഫും കൂട്ടി നെയ്‌ച്ചോറ് പിടിക്കണോന്ന്. ഭയങ്കര ചതിയായിപ്പോയി. മുതലാളീന്റെ കണ്ണൊന്നു തെറ്റീട്ട് വരാന്ന് വിചാരിച്ചിട്ടാ നേരം വൈകിയത്.


ഹൈദ്രോസിന്റെ ഉമ്മ ഉണ്ടാക്കിയ അച്ചാറ് കൂടി ഉണ്ടായിരുന്നു. പറയാതെ വയ്യ. എന്താ അതിന്റെ ഒരു സ്വാദ്. ഇഷ്ടം പോല തിന്നിട്ട് കിടന്നതാ ഞാന്‍. എണീച്ചപ്പോള്‍ അച്ചാറിന്റെ സ്വാദ് നാവീന്ന് പോയിട്ടില്ല. കിച്ചണില്‍ പോയി നോക്കിയപ്പോള്‍ ദേ നെയ്‌ച്ചോറ് പാത്രത്തില്‍ കിടന്ന് ചിരിക്കുന്നു. അതു കണ്ട് ബീഫും മാടിവിളിക്കുന്നു. മല്‍ബു ഇനി വരില്ലാന്നും തട്ടിക്കോന്ന് അച്ചാറും. പിന്നെ എനിക്ക് പിടിച്ചുനില്‍ക്കാനായില്ല. എല്ലാം കൂട്ടിക്കുഴച്ചങ്ങടിച്ചു. ബ്രോസ്റ്റും കഴിച്ച് ഓവര്‍ടൈം എടുക്കുന്ന നീ ചോറു തിന്നാനായി ഈ നേരത്ത് ഇങ്ങോട്ടെത്തുമെന്ന് ആരെങ്കിലും വിചാരിച്ചോ?


ചോറ് ചിരിക്കേം ബിഫ് വിളിക്കേം ഒന്നുംവേണ്ട. ഉറക്കം കഴിഞ്ഞാല്‍ നീ കിച്ചണില്‍ കയറുമെന്നും ബാക്കിയുള്ളത് അടിച്ചുമാറുമെന്നും ഇവിടെ എല്ലാവര്‍ക്കും അറിയാം.
ഇത്തിരി ബാക്കിവെച്ചാല്‍ നീ അത് അടിച്ചോളും. ആകെയുള്ള മെച്ചം അതു കഴിഞ്ഞാല്‍ പാത്രം കഴുകി വെച്ചോളും എന്നതാണ്.


അതു പിന്നെ അവസാനം കഴിക്കുന്നയാളാണല്ലോ പാത്രം കഴുകേണ്ടത്.
എന്നാല്‍ അതിനുവേണ്ടിയാണ് മറ്റുള്ളവര്‍ പാത്രത്തില്‍ ഇത്തിരി ബാക്കിവെക്കുന്നത്.നിന്നെ കൊണ്ട് കഴുകിക്കാന്‍.
അങ്ങനെയായിരിക്കുമോ?

നെയ്‌ച്ചോറും ബീഫും അച്ചാറും ചേര്‍ന്ന മണം കൈവിരലുളില്‍നിന്ന് ആവാഹിച്ച് മൊയ്തു ആലോചിച്ചു.

ഉം മണപ്പിച്ചോ മണപ്പിച്ചോ നിന്റെ ഒടുക്കത്തെ മണം എന്നുപറഞ്ഞുകൊണ്ട് മല്‍ബു മുറിയില്‍നിന്ന് ഇറങ്ങിപ്പോയി.

നിതാഖാത്ത് നെയ്യപ്പം



നാട്ടില്‍ പോകുന്നതു നീട്ടിവെച്ച മല്‍ബു പുതുതായി ഒത്തുകിട്ടിയ ഒരു കട ശരിപ്പെടുത്തുന്ന തിരക്കിലായിരുന്നു.

അതിരാവിലെ തന്നെ മല്‍ബി വിളിച്ചു ചോദിച്ചു.

വരല് നീട്ടി അല്ലേ. എത്രയോ പേരെ അവിടെ നിതാഖാത്ത് പിടിച്ച് നാട്ടിലേക്ക് വിടുന്നു. നിങ്ങളെ അതും പിടിക്കുന്നില്ലല്ലോ?

നീ ടീവീല് കാണുന്നതുപോലെ നിതാഖാത്തെന്നു പറഞ്ഞാല്‍ ആളുകളെ പിടിച്ചു വിഴുങ്ങുന്ന ജീവിയൊന്നുമല്ല. ശരിക്കും പറഞ്ഞാല്‍ നിതാഖാത്ത് ഒരു നെയ്യപ്പമാണ്. നെയ്യപ്പം തിന്നാല്‍ രണ്ടുണ്ട് കാര്യം എന്നു കേട്ടിട്ടില്ലേ. എനിക്ക് ആ നെയ്യപ്പം കൊണ്ട് രണ്ടല്ല, മൂന്നാണ് ഗുണം ഉണ്ടായിരിക്കുന്നത്.
നിങ്ങളുടെ ഒരു നെയ്യപ്പോം പിണ്ണാക്കും.
നീ മനസ്സിലാക്കിയതു പോലൊന്നുമല്ല നിതാഖാത്ത്. അത് നിറങ്ങളുടെ ഒരു കളിയാണ്. നിബന്ധനകളൊക്കെ പാലിച്ച് നല്ല കമ്പനിയായാല്‍ നല്ല നിറം. അല്ലെങ്കില്‍ നമ്മുടെ പിണറായീന്റെ നിറം. ചോപ്പ്. കട്ടപ്പൊക. ഡെയ്ഞ്ചര്‍.
ആളുകളെ പിടിച്ചു കയറ്റിവിടുന്നതൊന്നുമല്ല നിതാഖാത്ത്. ഇവിടെ നില്‍ക്കാന്‍ രേഖയൊന്നുമില്ലാത്തവരെയും മാറിപ്പണിയെടുക്കുന്നവരെയുമാണ് റെയ്ഡ് നടത്തി കണ്ടുപിടിച്ച് കയറ്റിവിടുന്നത്. കളറ് പരിപാടി വന്നതോടെ മാറിപ്പണിയെടുക്കലും മറ്റും പണ്ടേപ്പോലെ നടക്കുന്നില്ലാന്ന് മാത്രം.
നിറം മാറുന്ന ഓന്തോ, കഴുകനോ എന്തേലുമാകട്ടെ, നിങ്ങള്‍ നാട്ടില്‍ വരുന്നൂന്ന് പറഞ്ഞ് പറ്റിക്കാണല്ലോ?
അതേയ്, പറ്റിച്ചതൊന്നുമല്ല. ശരിക്കും നാട്ടില്‍ വരാന്‍ വിചാരിച്ചതാരുന്നു. അതിനിടയിലാണ് നെയ്യപ്പം കിട്ടിയത്. ഇവിടെ റെയ്ഡിനു കളമൊരുങ്ങിയപ്പോള്‍ ചുളുവിലൊരു കട ഒത്തുകിട്ടി. കുഞ്ഞിമൊയ്തീന്റെ കട. ഞാന്‍ പണ്ടേ നോട്ടമിട്ട മിനി മാര്‍ക്കറ്റാണിത്. ഒന്നേകാല്‍ ലക്ഷം റിയാല്‍ പറഞ്ഞിട്ടും തരാതിരുന്ന കട ഇപ്പോള്‍ എനിക്ക് കിട്ടിയത് കേട്ടാല്‍ നീ ഞെട്ടും. വെറും എഴുപതിനായിരം റിയാല്‍.

നിതാഖാത്ത് കൊണ്ടുവന്നു തന്നതാ ഇത്. പിന്നെ നിന്റെ ഭാഗ്യോം.

നിങ്ങള്‍ ഭാഗ്യോം കടയുടെ എണ്ണോം പറഞ്ഞോണ്ട് അവിടെതന്നെ നിന്നോ.
 പടച്ചോനേ, നിങ്ങളെ നിതാഖാത്ത് പിടിക്കണേ...

പിന്നേം നീ അതിനെ പറയാണോ? അത് ശരിക്കും എനിക്ക് ലോട്ടറിയാണ്. കുഞ്ഞിമൊയ്തീന്റെ കട മാത്രമല്ല, പിന്നേം ഉണ്ടായി ഭാഗ്യം.

ഞാനും പണിക്കാരും താമസിച്ചിരുന്ന ഫഌറ്റ് ഒഴിയേണ്ട വക്കിലെത്തിയിരുന്നു. വര്‍ഷത്തെ വാടകയില്‍ 5000 റിയാല്‍ കൂട്ടുമെന്ന് കഴിഞ്ഞ മാസം ബില്‍ഡിംഗ് ഓണര്‍ പറഞ്ഞതായിരുന്നു. പത്തു ദിവസം കൊണ്ട് ഒഴിഞ്ഞാളാന്നും പറഞ്ഞ് വേറെ ഫഌറ്റ് നോക്കി നടക്കാരുന്നു ഞാന്‍.

ഇന്നലെ രാവിലെയുണ്ട് പള്ളീന്ന് ഇറങ്ങിയപ്പോള്‍
പുറത്ത് ബില്‍ഡിംഗ് ഓണര്‍ എന്നേം കാത്തുനില്‍ക്കുന്നു.

വാടക തല്‍ക്കാലം കൂട്ടുന്നില്ലാന്നും ഒഴിയണ്ടാന്നും. പണി നഷ്ടപ്പെട്ടും ജോലി മാറിയും ആളുകളൊക്കെ പലയിടത്തു പോയതിനാല്‍ ഇഷ്ടം പോലെ ഫഌറ്റുകള്‍ ഒഴിഞ്ഞുകിടപ്പാണെന്നും ആളെ കിട്ടാനില്ലെന്നും നമ്മടെ മമ്മാലീനെ കൊണ്ട്
അയാളോട് പറയിപ്പിച്ചിരുന്നു.

കണ്ടോ  നിതാഖാത്ത് പിടിച്ചതിന്റെ ഫലം.
പിന്നേം ഉണ്ടായി നിതാഖാത്ത് ഗുണം. അറുപതിനായിരം റിയാല്‍ വില പറഞ്ഞിട്ടും കിട്ടാതിരുന്ന ഒരു വണ്ടി കഴിഞ്ഞ ദിവസം എന്നെത്തേടി വന്നത് അതിന്റെ പകുതി വിലയ്ക്കായിരുന്നു. ഇനി നീ പറ, നിതാഖാത്ത് ശരിക്കും നെയ്യപ്പം അല്ലേ...

നിങ്ങള്‍ അതുമിതും ഒക്കെ പറഞ്ഞോ. അമ്മോന്റെ മോനെ നിതാഖാത്തത് പിടിച്ചതോണ്ടാ നാട്ടിലെത്തിയതെന്ന് ഓന്റെ ഓള് എന്നോടു പറഞ്ഞത്.കടയും വേണ്ട കാറും വേണ്ട. നിങ്ങളേം വേഗം നിതാഖാത്ത് പിടിച്ചാ മതി. എന്നാലെങ്കിലും ആര്‍ത്തി മതിയാക്കി നാട്ടിലെത്തുമല്ലോ?

എന്നാ കേട്ടോ. ഞാന്‍ അങ്ങോട്ട് വരുന്നില്ല. ഫാമിലി വിസ ശരിയാകുന്നു. അടുത്ത മാസം നിതാഖാത്തിനെ നേരിട്ട് കാണാന്‍ നീയും മക്കളും ഇങ്ങെത്തും. എന്താ പോരേ? ഹാപ്പി ആയില്ലേ?

ഉം...…

March 15, 2014

ഒരു കെട്ടുകഥ




പത്താം തരം  പാസായതിനുശേഷം കംപ്യൂട്ടര്‍ പോലും പഠിക്കാന്‍ നില്‍ക്കാതെ കടല്‍ കടന്ന മല്‍ബു നാട്ടില്‍ ഡോക്ടറാകാന്‍ പഠിക്കുന്ന പെണ്ണിനെ കല്യാണം ആലോചിച്ചത് ചരിത്ര സംഭവമായി.
പണമുണ്ടെങ്കില്‍ എന്തും ആകാമെന്ന് ചിലര്‍ വ്യാഖ്യാനിച്ചു തുടങ്ങുമ്പോഴേക്കും സംഗതി മാറിമറിയുകയും ചെയ്തു.

പേരുകേട്ട തറവാട്ടിലെ സിമന്റും കമ്പിയും വില്‍ക്കുന്ന മൊയ്തു മുതലാളിയുടെ ഏക മകളെ ചോദിക്കാനാണ് ഗള്‍ഫ് പണത്തിന്റെ പത്രാസില്‍ മല്‍ബു ബ്രോക്കറെ വിട്ടത്.

ആലോചനക്കു പോകുന്നതിനു മുമ്പുതന്നെ ബ്രോക്കര്‍ക്ക് നല്‍കിയത് ആയിരത്തഞ്ഞൂറ് രൂപയും ഒരു ടീ ഷര്‍ട്ടും പിന്നെ മുല്ലപ്പൂവിന്റെ മണമുള്ള ഒരു സ്‌പ്രേയും. കല്യാണം ഉറപ്പിച്ചാല്‍ ഇനി എന്താകും കിട്ടുകയെന്ന് ഊഹിച്ചും കൈക്കടിച്ച സ്‌പ്രേയുടെ മണം പോയോന്ന് ഇടക്കിടെ നോക്കിയുമാണ് ബ്രോക്കര്‍ അദ്ദ്‌ള മൊയ്തു മൊതലാളിയുടെ കടയില്‍ ചെന്നു കയറിയത്.

സാധാരണ നിന്നുതിരിയാന്‍ ഇടമില്ലാത്ത കടയില്‍ ആളുകള്‍ പേരിനുമാത്രം.
ഇതെന്താ കച്ചോടൊക്കെ കുറഞ്ഞോ?

 ആളുകളൊക്കെ പെരപ്പണി നിര്‍ത്തിയോ മൊയ്തുക്കാ?

ബ്രോക്കര്‍ അദ്ദ്‌ളയുടെ ചോദ്യങ്ങള്‍ മൊയ്തു മുതലാളിക്ക് അത്ര രസിച്ചില്ല. ആരോട്, എന്ത്, എപ്പോള്‍ പറയണമെന്ന് ഒരു നിശ്ചയവുമില്ലാത്തയാളാണ് അദ്ദ്‌ള. അതിനെ കുറിച്ച് ആരെങ്കിലും പറഞ്ഞാല്‍ അദ്ദ്‌ള പറയും- അതോണ്ടല്ലേന്നു നമ്മള്‍ ബ്രോക്കറായത്?
നീരസമുണ്ടായെങ്കിലും അതു പുറത്തു പ്രകടിപ്പിക്കാതെ മൊയ്തു മൊതലാളി സുഖവിവരങ്ങള്‍ ചോദിച്ചു.

എന്താ അദ്ദ്‌ളാ വിശേഷങ്ങള്‍? നിതാഖാത്തില്‍ കമ്പിക്കച്ചോടം കുറഞ്ഞതു പോലെ നിക്കാഹും കുറഞ്ഞിട്ടുണ്ടോ?

രണ്ടും കുറയൂല്ല മൊയ്തുക്കാ. പെരപ്പണീം നിക്കാഹും ഇല്ലാത്ത ഒരു കാലം ഉണ്ടാകുമോ? 50 പെണ്ണുങ്ങള്‍ക്ക് ഒരാണ് മാത്രം ഉണ്ടാകുന്ന കാലം വരുമെന്നാ ഉസ്താദ് പറയുന്നത്. അയിലൊന്നും ഒരു കാര്യോമില്ല.

ഇങ്ങക്ക് നല്ലോരു കോളും കൊണ്ടാണ് ഇപ്പോ അദ്ദ്‌ള വന്നിരിക്കുന്നത്. തെക്കേപ്പാടത്ത് മൂന്ന് കോടീന്റെ വീടെടുക്കുന്ന അമ്മദിന്റെ മോന്‍ സൗദീന്ന് വന്ന ചെക്കനാണ് നമ്മളെ ഇങ്ങോട്ട് പറഞ്ഞയച്ചത്.

ആ പഹയന്മാര്‍ കമ്പീം സിമന്റും ഒക്കെ എടുത്തത് ഹാജീന്റെ കടയില്‍നിന്നാണ്. ഓര്‍ഡര്‍ പിടിക്കാന്‍ നമ്മളാരേം അങ്ങോട്ട് വിട്ടതുമില്ല. ഹാജിക്ക് നല്ല കോളു തന്നെയാ കിട്ടീത്. എന്താ നിനക്ക് വല്ല ഓര്‍ഡറും കിട്ടിയോ?

സിമന്റൊന്നും അല്ല മൊയ്തുക്കാ. ഇത് കല്യാണത്തിന്റെ കാര്യാണ്. ചെക്കന്‍ ചോദിക്കുന്നത് നിങ്ങളെ മോളെയാണ്. ഓന് സൗദീല് വല്യ ഹോസ്പിറ്റലുണ്ട്. അടുത്ത മാസം നാട്ടിലും ആശുപത്രി തുടങ്ങുന്നുണ്ട്. അതോണ്ട് നിങ്ങളെ മോള് സൈറേനെ കെട്ടിയാല്‍ ഓന് പലേ കാര്യവുമുണ്ട്. ഓളെ പഠിത്തം കഴിഞ്ഞൂന്നും ഇപ്പോ എന്താ ഹൗസ് സര്‍ജന്റാന്നും ഒക്കെ ഓന് അറിയാം.

മൊയ്തു മുതലാളിയുടെ തൊട്ടടുത്തിരുന്ന് കണക്കെഴുതിക്കൊണ്ടിരുന്ന കുമാരന്‍ ഇതുകേട്ട് പൊട്ടിച്ചിരിച്ചു.

അതെന്താടോ കുമാരാ നീ ചിരിക്കണത്.
ഓന്‍ എന്റൊപ്പരം പഠിച്ചതാ. പത്താം ക്ലാസ് കഷ്ടി പാസായി നാടുവിട്ടതാ. ഓനെങ്ങനെയാ ഡോക്ടറെ കെട്ടുക. കുപ്പോക്കൂല.
കുപ്പല്ല കുമാരാ കുഫ്‌വ്.

മൊയ്തുക്ക ഇടപെട്ടു.
കുമാരന്‍ പറഞ്ഞത് ശരിയാ അദ്ദ്‌ളാ.

ഡോക്ടര്‍ക്ക് പത്താം ക്ലാസുകാരന്‍ ഒരിക്കലും ചേരൂല്ല. മൂന്ന് കോടീന്റെ വീടെടുക്കുന്നതും ഫോറിന്‍ കാറില്‍ ഓടുന്നതുകൊണ്ടൊന്നും കാര്യമില്ല. വിദ്യാഭ്യാസം വേണം. രണ്ടാളും രണ്ടറ്റത്തായി പോകും.

അവിടെ പോയി പറ്റൂലാന്നൊന്നും നീ പറയണ്ട. ആലോചിച്ചിട്ട് പറയാന്ന് പറ. എന്നിട്ട് നീ മെല്ലെ കുറച്ച് ഗ്രാനൈറ്റിന്റെ ഓര്‍ഡര്‍ കിട്ടുമോന്ന് നോക്ക്. അതെങ്കിലും നടക്കട്ടെ. നിനക്ക് കമ്മീഷനും തരാം.

മല്‍ബൂന്റടുത്ത് തിരിച്ചെത്തിയ ബ്രോക്കര്‍ അദ്ദ്‌ള ആദ്യം പറയാന്‍ മടിച്ചെങ്കിലും ഗ്രാനൈറ്റൊന്നും വാങ്ങാന്‍ ഇടയില്ലെന്ന് ഉറപ്പാക്കിയ ശേഷം സംഗതി വെട്ടിത്തുറന്നങ്ങു പറഞ്ഞു.

പത്താം ക്ലാസുകാരന് ഡോക്ടറെ തരൂല്ല. ആ കുമാരനാണ് നിങ്ങളെ പഠിപ്പ് അവിടെ എടുത്തിട്ടത്. പത്താം തരം പാസായി നാടുവിട്ടതല്ലേ?
പിന്നെ മുതലാളീം പറഞ്ഞു, നടക്കൂലാന്ന്.

അതേതാ കുമാരന്‍. അവിടത്തെ പണിക്കാരനാണോ?
കുമാരന്‍ നമ്മുടെ മീത്തലെ കുഞ്ഞമ്പൂന്റെ മോനല്ലേ? അവനാണ് മൊയ്തു മുതലാളിയുടെ സകല കാര്യങ്ങളും നോക്കുന്നയാള്‍.

ങാ,  ആ കുമാരനാണോ? അവന്‍ എന്റെ ക്ലാസ്‌മേറ്റാണല്ലോ?
മുതലാളി പറയുന്നതിനു മുന്നേ അവനാണ് അഭിപ്രായം പറഞ്ഞത്.

ഏതായാലും അദ്ദ്‌ളക്ക അതിലൂടെ പോകുമ്പോള്‍ കുമാരനോട് ഒന്നിത്രടം വരെ വരാന്‍ പറ.
ഒരു അഞ്ഞൂറിന്റെ പിടക്കുന്ന നോട്ട് കൂടി കൊടുത്ത് മല്‍ബു ബ്രോക്കറെ പറഞ്ഞുവിട്ടു.

വൈകുന്നേരം ആയപ്പോള്‍ പുറത്ത് തൊണ്ടയനക്കിക്കൊണ്ട് കുമാരന്‍ നില്‍ക്കുന്നു.
എടാ കുമാരാ, നീ പണ്ട് എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ പെന്‍സിലുകൊണ്ട് കുത്തിയ അടയാളം കണ്ടോടാ എന്നു പറഞ്ഞുകൊണ്ടാണ് മല്‍ബു കുമാരനെ ചേര്‍ത്തു പിടിച്ചത്. പിന്നെ തിന്നിട്ടും തിന്നിട്ടും തീരാത്ത പലഹാരങ്ങള്‍ നിരത്തിയുള്ള ഒരു ചായകുടി.
കുറേ വര്‍ഷായോ മൊയ്തുക്കാന്റെ കൂടെ കൂടീട്ട്?

അഞ്ചാറ് വര്‍ഷായി. ഇക്കുറി കല്യാണം ഉണ്ടാകും അല്ലേ?
ഉം നോക്കുന്നുണ്ട്.

മൊയ്തുക്കാന്റെ മോളെയാണ് നോട്ടം അല്ലേ. പഠിപ്പ് കൊണ്ട് ശരിയാകൂല്ലാന്നാ മുതലാളി പറയുന്നത്. അദ്ദേഹം ഒരു എം.ബി.എക്കാരനെയാണ് നോക്കുന്നത്.
ങ്ഹാ ..അപ്പോ എളുപ്പായല്ലോ. മാര്‍ക്കറ്റിംഗ് എം.ബി.എക്കാരനാണ് ഞാന്‍.
ചുമ്മാ പറയുന്നതല്ലേ. പത്താം ക്ലാസ് കഴിഞ്ഞ് പോയ നിങ്ങള്‍ക്കെവിടന്നാ എം.ബി.എ.

അല്ല, കുമാരാ. ഗള്‍ഫില്‍ പോയി ജോലി ചെയ്യുമ്പോള്‍ ഞാന്‍ പഠിത്തം തുടര്‍ന്നു. ആദ്യം ഇഗ്നോ ഡിഗ്രിയെടുത്തു. പിന്നെ ബ്രിട്ടീഷ് എം.ബി.എ.

അമ്പരന്നുപോയ കുമാരന്‍ പേനയും സ്‌പ്രേയും അടങ്ങിയ സമ്മാനപ്പൊതിയും വാങ്ങിയാണ് മടങ്ങിയത്.

പിന്നീട് കാര്യങ്ങള്‍ നീക്കിയത് കുമാരനായിരുന്നു.
ഇനിയൊന്നും നോക്കാനില്ലാന്ന് മുതലാളിയെ കുമാരന്‍ ധരിപ്പിച്ചു.

അങ്ങനെ, മൊയ്തുക്കായുടെ ഡോക്ടര്‍ മോളെ മല്‍ബു കെട്ടി.

February 8, 2014

ബച്ചന്‍ മൊയ്തുവിന്റെ പല്ല്



മല്‍ബുകള്‍ക്കിടയില്‍ ഗ്ലാമര്‍ താരമാണ് ബച്ചന്‍ മൊയ്തു. നീണ്ട ശരീരം കടല്‍ കടന്നശേഷം വെളുത്തു തുടുത്തപ്പോള്‍ ആളുകളിട്ട പേരാണ് ബച്ചന്‍. ലുക്കില്‍ മാത്രമല്ല മൊയ്തുവിന് ഗ്ലാമറെന്ന് ആരും സമ്മതിക്കും.

പതിനഞ്ച് വര്‍ഷത്തെ പ്രവാസം സമര്‍ഥമായി ഉപയോഗിച്ചയാള്‍ എന്നതാണ് മൊയ്തുവിന്റെ ഗ്ലാമര്‍ പ്ലസ്.

കാണുന്നവരോടൊക്കെ മൊയ്തു പറയും. നമ്മള്‍ മടങ്ങിപ്പോകേണ്ടവരാണ്, എന്തേലും സേവ് ചെയ്യണം കേട്ടോ?

എന്തു സേവ് ചെയ്യാന്‍?

ഒന്നിനും തികയുന്നില്ലെന്ന് പറഞ്ഞ് ആളുകള്‍ അവഗണിക്കുമെങ്കിലും ഒരു നിയോഗം പോലെ മൊയ്തു അത് ആവര്‍ത്തിച്ചുകൊണ്ടിരിക്കും.

അങ്ങനെ വ്യത്യസ്തനായി മാറിയ മൊയ്തു പൊടുന്നനെ കഷ്ടത്തിലായി. പലരേയും പോലെ പദവി ശരിയാക്കാനുള്ള ശ്രമത്തിലേര്‍പ്പെട്ട മൊയ്തു ചതിക്കപ്പെട്ടു.
ചതിച്ചത് മറ്റാരുമല്ല, കഫീല്‍ തന്നെ.

ഇളവ് പ്രയോജനപ്പെടുത്തി സ്‌പോണ്‍സര്‍ഷിപ്പ് മാറ്റാനുള്ള നടപടികളിലായിരുന്നു അയാള്‍. പുതിയ കമ്പനി കണ്ടെത്തി പഴയ കഫീലിന്  ഡിമാന്റ്  ലെറ്റര്‍ നല്‍കി പാസ്‌പോര്‍ട്ടും മറ്റും കൈപ്പറ്റിയിരുന്നു.

നടപടികള്‍ മുന്നോട്ടു പോയപ്പോഴാണ്   മൊയ്തു ഹുറൂബാക്കപ്പെട്ട വിവരം അറിയുന്നത്.
അപ്രതീക്ഷിതമായിരുന്നു ഈ ചതി. ഇളവ് കാലത്ത് ഹുറൂബായാല്‍ ഒരുതരത്തിലുള്ള ഇളവുമില്ല. കഫീലിനെ പരതിയും വിളിച്ചും മടുത്ത മൊയ്തു പയറ്റാത്ത അടവുകളില്ല.
സഹായിക്കാന്‍ ഒരു വഴിയും ഇല്ലല്ലോ എന്ന് പലരും സഹതപിക്കുന്നതിനിടയിലായിരുന്നു ആ ലുങ്കി ന്യൂസ്.

കേട്ടവര്‍ കേട്ടവര്‍ ഞെട്ടി.
മൊയ്തുവിന്റെ പല്ല് പൊട്ടി.

എന്റെ കാര്യത്തില്‍ എന്തെങ്കിലും സംഭവിക്കും കണ്ടോ എന്ന് മൊയ്തു  ഒന്നു രണ്ടു പേരോട് പറഞ്ഞിരുന്നു. അതാകട്ടെ അളമുട്ടിയാല്‍ ചേരയും കടിക്കും എന്ന മുഖവുരയോടെ ആയിരുന്നു താനും.

കഷ്ടത്തിലായ മൊയ്തുവിന്റെ പല്ല് പൊട്ടി എന്നു കേട്ടപ്പോള്‍ മല്‍ബു കരുതി.

കഫീലിനെ കണ്ടു, മൊയ്തു പറയാറുള്ള എന്തോ സംഭവമുണ്ടായി.
പല്ല് പോയ മൊയ്തുവിനെ കാണാന്‍ മല്‍ബു എത്തിയപ്പോള്‍ മുഴുവന്‍ പല്ലുകളും കാട്ടി മൊയ്തു അതാ മുന്നില്‍.

ഏതു സങ്കടത്തിലും ചിരിക്കാന്‍ കഴിയുന്ന പ്രവാസിയുടെ തനിരൂപമാണ് മൊയ്തു.
അല്ല, നിങ്ങടെ പല്ലൊക്കെ പൊട്ടി എന്നു കേട്ടല്ലോ? ഇത്രവേഗം വെച്ചോ?
പല്ല് പൊട്ടീന്നോ? എന്റേതോ?

മൊയ്തു ഒന്നു കൂടി ചിരിച്ചപ്പോള്‍ വെളുവെളാ വെളുത്ത പല്ലുകള്‍.
ലുങ്കി ന്യൂസുകളുടെ ഒരു പോക്കേയ്. നിങ്ങള്‍ കഫീലിനെ കണ്ടൂന്നും വല്ലതും സംഭവിച്ചൂന്നും ഒക്കെയാണ് ഞാന്‍ വിചാരിച്ചത്- മല്‍ബു പറഞ്ഞു.

ഒരു മിനിറ്റ് നെറ്റിയില്‍ വിരല്‍ വെച്ച് ആലോചിച്ചപ്പോള്‍ മൊയ്തുവിന് കാര്യം പിടികിട്ടി.
പൊട്ടിയത് പല്ലല്ല, പുല്ലാണ്.

പുല്ല് പൊട്ടാനോ? മല്‍ബുവിന് വിശ്വസിക്കാനായില്ല.
അതെ, പുല്ല് തന്നെ.

ഞാനും കുറേയാളുകളും പുല്ല് കൃഷിയില്‍ കുടുങ്ങി. അതിന്റെ ആളുകള്‍ വെബ്‌സൈറ്റും പൂട്ടി മുങ്ങിക്കളഞ്ഞു.

എന്ത്, വെബ്‌സൈറ്റ് വഴി പുല്‍കൃഷിയോ?

വെബ്‌സൈറ്റിലൂടെ പുല്‍കൃഷിയല്ല. പുല്‍കൃഷിയുടെ വിശ്വാസ്യത കൂട്ടാന്‍ ആരംഭിച്ച വെബ്‌സൈറ്റ്.
എന്റേത് മാത്രമല്ല ഞാന്‍ സേവ് ചെയ്യാനും ഇന്‍വെസ്റ്റ് ചെയ്യാനും നിര്‍ബന്ധിച്ച പലരുടേയും കാശ് പോയി.

പതിനായിരം റിയാലിന് മാസം ചുരുങ്ങിയത് 500 റിയാല്‍ ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. നിക്ഷേപം പൂര്‍ത്തിയായപ്പോള്‍ വെബ് സൈറ്റൊക്കെ മായ്ച്ച് കളഞ്ഞ് അവര്‍ മുങ്ങി. ആട് തേക്ക് മാഞ്ചിയം പോലെ ഒരു തട്ടിപ്പായിരുന്നു അതെന്ന് ഇപ്പോഴാ ബോധ്യായത്.

നമ്മുടെ ആളുകളേം വെബ് സൈറ്റുമൊക്കെ കണ്ടപ്പോള്‍ ഞാനങ്ങ് വിശ്വസിച്ചു.
എന്തെങ്കിലും വരുമാനം ആയിക്കോട്ടെ എന്നു കരുതിയാണ് പല കൂട്ടുകാരെയും പദ്ധതിയില്‍ ചേരാന്‍ നിര്‍ബന്ധിച്ചത്. പതിനായിരം മുതല്‍ അരലക്ഷം  റിയാല്‍ വരെ നിക്ഷേപിച്ചവരുണ്ട്.

കഫീലിന്റെ ചതീനേക്കാളും വലിയ ചതിയായിപ്പോയി ഇത്. ഞാന്‍ വഴി കാശ് കൊടുത്തവരൊക്കെ വിളിച്ചുതുടങ്ങി. ഗ്യാരണ്ടിനിന്ന് കാശ് മുടക്കിയവര്‍ക്ക് മടക്കിക്കൊടുക്കണമെങ്കില്‍ നാട്ടില്‍ ആകെയുള്ള വീട് വില്‍ക്കേണ്ടിവരും.

അതിരിക്കട്ടെ, കഫീലിനെ കുറിച്ച് വല്ല വിവരോം ഉണ്ടോ?

ഇനിയും നിന്നാല്‍ മൊയ്തു കരയുമെന്ന് തോന്നിയ മല്‍ബു വിഷയം മാറ്റാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

മൊയ്തു പുല്‍കൃഷിക്കാരെ ശപിച്ചുകൊണ്ടേയിരുന്നു.


February 1, 2014

സുനിയുടെ വിളി





ഫോണ്‍ എടുക്കൂലെങ്കില്‍ സൈലന്റാക്കി വെച്ചിട്ട് വേണം ഉറങ്ങാന്‍ കിടക്കാന്‍.
കട്ടിലില്‍നിന്ന് ചാടിയെഴുന്നേറ്റ മൊയ്തുവിന്റെ വരവും പിടിച്ചൊരുതള്ളും ഒന്നിച്ചായിരുന്നു.

ആ തള്ളില്‍ ഉണരാത്ത ഉറക്കക്കാരനുണ്ടാവില്ല.

പുലര്‍ച്ചെ നാല് മണിയേ ആയിട്ടുള്ളൂ. ഫോണ്‍ നോക്കിയപ്പോള്‍ മൂന്നു നാല് മിസ്ഡ് കോള്‍ കിടക്കുന്നു.

അയ്യോ ഇത്രേം അടിച്ചോ. ഞാന്‍ ഒന്നും കേട്ടില്ലല്ലോ?

എങ്ങനെ കേക്കും. അമ്മാതിരിയല്ലേ ഉറക്കം. റോഡില്‍ കേള്‍ക്കുന്ന കൂര്‍ക്കം വലിയുണ്ട്. അതിനു പുറമേയാണ് ഫോണില്‍ ബല്ലേ ബല്ലേ.

മൊയ്തുക്കാ. ഒന്നു ക്ഷമീര്. സൈലന്റാക്കാന്‍ മറന്നുപോയതാണ്.

ഉറങ്ങുന്ന എന്നെ ഉരുട്ടണോ? ഫോണ്‍ എടുത്ത് ഒന്നു സൈലന്റാക്കിയാല്‍ പോരായിരുന്നോ? ഇന്നലെ ആ ശ്വേതേന്റെ വാര്‍ത്ത കണ്ടിട്ട് എപ്പോഴാ ഉറങ്ങീത്.

ഇപ്പോ, ഉണര്‍ത്തിയതിനായി കുറ്റം. നിന്റെ ഫോണ്‍ കേട്ടിട്ടാ എന്റെ ഉറക്കം പോയത്. രാവിലെ ഏഴ് മണിക്ക് ഡ്യൂട്ടിക്ക് പോകാനുള്ളതാണ്.
മൊയ്തു ലൈറ്റ് ഓഫ് ചെയ്തു.

കൂടുതല്‍ വാക്കിനു നില്‍ക്കാതെ മല്‍ബു ബ്ലാങ്കറ്റ് വലിച്ചുമൂടി ഒന്ന് കൂടി ഉറങ്ങാന്‍ ശ്രമിച്ചു. പക്ഷേ ഉറക്കം വന്നില്ല. കുറച്ചുനേരം തിരിഞ്ഞും മറിഞ്ഞും കിടന്നു. മൊയ്തുവിന്റെ കൂര്‍ക്കംവലി കേട്ടതോടെ മല്‍ബു ശബ്ദമുണ്ടാക്കാതെ സെന്‍ട്രല്‍ ഹാളിലേക്ക് നടന്നു.

നിതാഖാത്ത് എന്തായീന്നറിയാന്‍ ടി.വി തുറന്നു.
ഫോണിലെ മിസ്ഡ് കോളിലേക്ക് ഒന്നുകൂടി നോക്കി.

ആരാ ഇത്ര രാവിലെ നാട്ടീന്ന് വിളിക്കാന്‍.

457-ല്‍ അവസാനിക്കുന്ന നമ്പറാണ്. പരിചയമുള്ള നമ്പര്‍ തന്നെ. മല്‍ബു ഒന്നുകൂടി ആലോചിച്ചു നോക്കി.

പിടികിട്ടി. ആറു മാസം മുമ്പ് നാട്ടില്‍ പോയപ്പോള്‍ ഒരു നൂറു തവണയെങ്കിലും ഞെക്കിയ നമ്പറാണിത്. അതു ആലോചിക്കാന്‍ പോലും വയ്യ. ആകെ മടുപ്പുണ്ടാക്കിയ അവധിക്കാലമായിരുന്നു അത്. സാധാരണ ഒരു മാസമേ കിട്ടാറുള്ളൂവെങ്കിലും മാനേജറുടെ കൈയും കാലും പിടിച്ച് രണ്ടു മാസം സംഘടിപ്പിച്ച് പോയതാ.
പക്ഷേ, ഒറ്റ ദിവസം പോലും സ്വസ്ഥത ഉണ്ടായിരുന്നില്ല. മല്‍ബീനേം പിള്ളാരേം കൂട്ടി നേരാംവണ്ണം ഒന്നു പുറത്തിറങ്ങാന്‍ പോലും പറ്റിയിരുന്നില്ല.

ഇപ്പച്ചി ഇങ്ങനാണേല്‍ വരേണ്ടിയിരുന്നില്ലാന്ന് മുഖത്തുനോക്കി പറഞ്ഞു മോള്.
എല്ലാ ദിവസവും രാത്രി പ്രാര്‍ഥിക്കുന്നതു പോലെയായിരുന്നു ഈ 457-ാം നമ്പര്‍ ഞെക്കലും വിളിയും. എന്നിട്ട് ഉറപ്പിക്കും അപ്പോള്‍ രാവിലെ ഏഴിന് കാണാം.

അതേ, രാവിലെ തന്നെ ഞാന്‍ അങ്ങെത്തിയേക്കാം. എന്നാലും രാവിലെ ആറു കഴിഞ്ഞാല്‍ ഒരു മിസ്ഡ് കോള്‍ വിട്ടേക്കണം.

കൃത്യം ആറിനു അലാറം വെക്കും. ഇനിയിപ്പോ മിസ്ഡ് കോള്‍ ചെല്ലാഞ്ഞിട്ട് മുടങ്ങിയാലോ?
അഞ്ചരക്ക് ഉണര്‍ന്ന് ആറ് വരെ കാത്തിരിക്കും. അതിനു മുമ്പ് വിളിക്കില്ല. അയാള്‍ക്ക് അലോഹ്യം തോന്നിയാലോ. 6.02-ന് വീണ്ടും ഞെക്കും. രണ്ട് മൂന്ന് തവണ റിംഗ് ചെയ്ത ശേഷം വെക്കും. എന്നിട്ട് കാത്തിരിപ്പ് തുടങ്ങും. ഏഴും എട്ടും ഒമ്പതും പത്തും മണി വരെ. ഇടക്കിടെ ഫോണ്‍ വിളിച്ചുനോക്കും. റിംഗ് ചെയ്യുമെങ്കിലും എടുക്കില്ല.

അങ്ങനെ വെക്കേഷന്‍ മുഴുവന്‍ കുളമാക്കിയ നമ്പറാ ഈ 457.


ഏതായാലും തിരിച്ചുവിളിക്കുന്നതിനു മുമ്പ് മല്‍ബിയെ വിളിച്ചു നോക്കാം. എന്താ അവിടെ നടന്നതെന്ന് അറിയണമല്ലോ?


രണ്ടു തവണ വിളിച്ചിട്ടും മല്‍ബി എടുക്കുന്നില്ല. നേരം പുലര്‍ന്നല്ലേയുള്ളൂ. ടി.വിക്കു മുന്നില്‍ ഇരിപ്പു തുടങ്ങിയോ?

ടിവീല് പരസ്യത്തിന്റെ നേരായിരിക്കണേ  എന്ന പ്രാര്‍ഥനയോടെ ഒന്നൂടി ഞെക്കി. നോ റസ്‌പോണ്‍സ്.

പരസ്യം ആയാലേ ഫോണ്‍ എടുക്കൂ എന്നായിട്ടുണ്ട്. ടീവീല് പരസ്യം ചെയ്യുന്നവര്‍ കൂടിയാലേ നാടുവിട്ട മല്‍ബുകള്‍ക്ക് രക്ഷയുള്ളൂ.

നാലാം തവണ വിളിച്ചപ്പോള്‍ അങ്ങേത്തലയ്ക്കല്‍ മല്‍ബി ഹാജര്‍.
ടി.വിക്കു മുമ്പിലായിരിക്കും അല്ലേ?

അതു പിന്നെ,  ഫോണ്‍ കിച്ചണിലായിരുന്നു.

നമ്മുടെ കൊടി സുനി ഇന്ന് രണ്ടു മൂന്ന് തവണ മിസ് കോള്‍ വിട്ടു.
എന്താണാവോ കാര്യം.

കൊടി സുനിയോ..ങാ.. നമ്മുടെ വാര്‍പ്പ് സുനിയല്ലേ. ഞാനത് പറയാന്‍ മറന്നതാ. മൂന്നാലു ദിവസായി ഇവിടെ വന്നു പോകുന്നു. ഞാനാ പറഞ്ഞത് ഇക്കാനെ വിളിച്ചു ചോദിക്കാന്‍.

എന്താ കാര്യം?

അത് നമ്മുടെ മേലേ വാര്‍ക്കുന്നോ എന്നു ചോദിച്ചിട്ടാ വരവ്.
സിമന്റിനും കമ്പിക്കുമൊക്കെ വില കുറഞ്ഞൂത്രേ. പിന്നെ പണിക്കാരേം കിട്ടാനുണ്ടെന്ന്. വേഗം പണി തീര്‍ത്തു തരാന്നും പറഞ്ഞു.

ങ്ഹാ.. അതാണല്ലേ കാര്യം. അവന്റെ പിന്നാലെ നടന്ന് എന്റെ ചെരിപ്പ് മുഴുവന്‍ തേഞ്ഞതാ. ഇപ്പോ ഇതാ ഇങ്ങോട്ട് വിളിക്കുന്നു. പണിയുണ്ടോന്നും ചോദിച്ച്. കാലത്തിന്റെ ഒരു പോക്ക്.

അതേന്ന്, ഇവിടെ പണിക്കാര്‍ തലങ്ങും വിലങ്ങും നടക്കുവാ. പണി ഉണ്ടോന്നും ചോദിച്ച്.

ഇന്നലെ ഞാന്‍ നമ്മുടെ മതിലിന്റെ മൂല പൊട്ടിയതു തേക്കാന്‍ ഒരു പണിക്കാരനെ വിടണേന്ന് മേസ്ത്രി കുഞ്ഞിരാമനോട് പറഞ്ഞു. അയാള് പറയാ ഞാന്‍ തന്നെ ഇപ്പോ വന്ന് തേച്ചോളാന്ന്.

നിതാഖാതാണെന്നാ എല്ലാരും പറയുന്നത്.
അതും ഒരു കാരണമാണ്. സ്ഥലങ്ങളൊന്നും വിറ്റു പോകുന്നില്ല. കെട്ടിട നിര്‍മാണവും നല്ലോണം കുറഞ്ഞു.

ഇനീപ്പോ ഞാന്‍ വാര്‍പ്പ് സുനീനെ വിളിക്കുന്നില്ല.

ഇനി ചോദിച്ചു വന്നാല്‍ ഇപ്പോള്‍ വാര്‍ക്കുന്നില്ലാന്ന് പറഞ്ഞേക്ക്. നിതാഖാത്തൊക്കെ ഒരു വഴിക്കാകട്ടെ.


Related Posts Plugin for WordPress, Blogger...