Pages

പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..

August 24, 2012

പെരുന്നാപ്പൈസ പത്ത് ലക്ഷം


മല്‍ബു കണക്കുകൂട്ടുകയായിരുന്നു. സാധാരണ കൂട്ടലല്ല. വലിയ തുക ആയതിനാല്‍ ശരിക്കും കാല്‍ക്കുലേഷന്‍ തന്നെ.
ദിവസം 35 റിയാല്‍. ഒരു മാസത്തേക്ക്  1050 റിയാല്‍. വര്‍ഷത്തേക്ക് 12600. അഞ്ച് വര്‍ഷമാകുമ്പോള്‍ 63,000 റിയാല്‍.
ഇന്ത്യന്‍ മണിയില്‍ ഇതെങ്ങനെ കൂട്ടും. ഇന്നലത്തെ 15 ഇന്നത്തെ 13 നാളത്തെ പത്ത് എന്നിങ്ങനെയാണല്ലോ അതിന്റെ പോക്ക്. അപ്പോള്‍ 15 വെച്ചു തന്നെ കൂട്ടാം. 63,000 പതിനഞ്ച്  കൊണ്ട് ഗുണിച്ചാല്‍  9,45,000.
ഇതാണ് രൂപയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ലാഭം. രൂപയുടെ മൂല്യം പത്തിലേക്ക് ഉയര്‍ന്നാല്‍ അത് 6,30,000 ആയി താഴുകയും ഇരുപതിലേക്ക് താണാല്‍ 12,60,000 രൂപയായി വര്‍ധിക്കുകയും ചെയ്യും.
ഒരു സാധാരണ തൊഴിലാളി അഞ്ച് വര്‍ഷം വിയര്‍പ്പൊഴുക്കിയാലേ ഇത്രയും തുക കിട്ടൂ. അതാണ് മല്‍ബുവിന് ഈസിയായി കിട്ടിയിരിക്കുന്നത്.
എങ്ങനെ കിട്ടിയെന്ന് ചോദിച്ചാലേ കുഴപ്പമുള്ളൂ. അപ്പോള്‍ അതൊരു സാങ്കല്‍പിക കണക്കായി മാറുന്നു.
വേറെ ഒരാളുടെ പോക്കറ്റില്‍നിന്ന് നമ്മുടെ പോക്കറ്റില്‍ വന്നു ചേരുന്നതാണല്ലോ ലാഭം.  വലിയ മണിമാളിക ഉണ്ടാക്കി അഞ്ച് കോടി വിലയുള്ള വസ്തുവിലാണ് താന്‍ ഉറങ്ങുന്നതെന്ന ഒരു സാദാ പ്രവാസിയുടെ സങ്കല്‍പത്തിന്റെ അത്ര പോലുമില്ല ഈ കാല്‍ക്കുലേഷനു യാഥാര്‍ഥ്യവുമായി ബന്ധം. പ്രോപ്പര്‍ട്ടി വില്‍ക്കാന്‍ സാധ്യതയുണ്ടെങ്കില്‍  അഞ്ചു കോടി പോക്കറ്റില്‍ വരുമെന്ന കാര്യത്തില്‍ സംശയമില്ല. അപ്പോള്‍ ചുറ്റും കൂടുന്ന പുതിയ കുടുംബക്കാരേയും കൂട്ടുകാരെയും ഒക്കെ ശ്രദ്ധിച്ചാല്‍ മതി.
പോക്കറ്റില്‍ വന്നു ചേരാത്ത ഒന്നിനെയാണ് ഇപ്പോള്‍ ലാഭമായി കൂട്ടിയിരിക്കുന്നതെന്ന് പറഞ്ഞാല്‍ മല്‍ബു വിട്ടുതരില്ല. പോക്കറ്റില്‍നിന്ന് വേറെ ഒരാളുടെ പോക്കറ്റിലേക്ക് പോകാത്തതിനാല്‍ ലാഭം തന്നെയാണെന്ന് വാശി പിടിക്കും.
ആയിക്കോട്ടെ, സമ്മതിച്ചു. ലാഭം തന്നെ. എന്നാല്‍ അത് എവിടെ എന്നു ചോദിച്ചാല്‍  ഭ ഭ ഭ.
മല്‍ബുവിന്റെ കൈയില്‍ പണം ബാക്കിനില്‍ക്കാനോ? അതൊക്കെ പുട്ടടിച്ചെന്നേ  തീര്‍ന്നു.
ലാഭം പ്രത്യക്ഷത്തില്‍ കാണാനില്ലെങ്കിലും അഞ്ചു വര്‍ഷമായി മല്‍ബുവിന് ഈ കാല്‍ക്കുലേഷനില്‍ ഒരു സുഖമുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ ഇമിഗ്രേഷന്‍ ഫണ്ടില്‍ കോടികള്‍ കുന്നു കൂടുന്നതു പോലെ ഒരു സുഖം.
അങ്ങനെ ചിന്തിച്ചു കൊണ്ടിരിക്കുമ്പോഴാണ് മുന്നില്‍ ഒരു അപരിചിതന്‍ പ്രത്യക്ഷപ്പെട്ടത്.
എന്നെ മറന്നുപോയോ എന്നായിരുന്നു ആഗതന്റെ ചോദ്യം.
യാചകന്റേതെന്ന് തോന്നിക്കുന്ന മുഷിഞ്ഞ വേഷം. യാചകനാണെങ്കില്‍ എന്തെങ്കിലും തരൂ എന്നു പറയുമെന്നല്ലാതെ  എന്നെ മറന്നുപോയോ എന്നു ചോദിക്കാന്‍ ഒരു സാധ്യതയുമില്ല. ഇനിയിപ്പോള്‍ നാട്ടില്‍ പോയി വന്ന ആരെങ്കിലുമാണോ?
താടിയും മുടിയുമൊക്കെ ചായം പൂശി മൊഞ്ചനായി നാട്ടില്‍ പോയ മല്‍ബു തിരികെ വന്നപ്പോള്‍ കറുകറുത്ത് ആഫ്രിക്കക്കാരനെ പോലെ. എന്തു പറ്റിയെന്നു ചോദിച്ചാല്‍ കുറ്റം എല്‍നിനോക്ക്.
ഒരു തുള്ളി മഴയില്ല. വെയിലും പൊരിഞ്ഞ ചൂടും. പിന്നെ എങ്ങനെ നിറം മാറാതിരിക്കും.
കണ്ടു മറന്ന മുഖങ്ങളെ കുറിച്ച് ആലോചിച്ചു കൊണ്ടിരിക്കെ സ്തബ്ധനാക്കിക്കൊണ്ട് ആഗതന്റെ അടുത്ത ചോദ്യം.
എത്രയായി ലാഭം?
താന്‍ മനസ്സില്‍ കണക്കുകൂട്ടിയത് ഇയാള്‍  എങ്ങനെ അറിഞ്ഞു?  മല്‍ബു ഇരുന്നിടത്തുനിന്ന് ചാടിയെഴുന്നേറ്റു.
മനസ്സിലിരിപ്പ് പറഞ്ഞ രൂപത്തെ തുറിച്ചു നോക്കി.
നോക്കണ്ട, അഞ്ച് വര്‍ഷം മുമ്പ് നമ്മള്‍ മദീനയില്‍ വെച്ച് കണ്ടിട്ടുണ്ട്. ലാഭത്തിന്റെ വഴി തുറന്നത് ഞാനായിരുന്നു. എല്ലാവരും എല്ലാം മറക്കുന്നു, മറവി അതാണ് മനുഷ്യന്‍.
മല്‍ബുവിന്റെ മനസ്സിലേക്ക് മദീനയിലെ കുളിരുകോരിയിട്ട ആ സന്ധ്യയും പുകച്ചുരുളുകളും ആഗതന്റെ രൂപവും ഇന്നലെ കഴിഞ്ഞതു പോലെ കടന്നെത്തി.
അന്നൊരു പെരുന്നാളായിരുന്നു.
തിരുനബിയുടെ പള്ളിക്ക് പുറത്ത് തണുപ്പിനെ അതിജീവിക്കാന്‍ ഒന്നിനു പിറകെ ഒന്നായി സിഗരറ്റ് പുകച്ചു കൊണ്ടിരിക്കെയാണ് ഇയാള്‍ പ്രത്യക്ഷപ്പെട്ട്, ഭക്ഷണം കഴിക്കാന്‍ അഞ്ച് റിയാല്‍ ആവശ്യപ്പെട്ടത്.
മുഖം തിരിച്ചപ്പോള്‍ ഒരു പായ്ക്കറ്റ് സിഗരറ്റിന്റെ വില മാത്രമല്ലേ മകനേ ചോദിച്ചുള്ളൂ. നീ എത്രയെത്ര സിഗരറ്റുകള്‍ പുകച്ചു തള്ളുന്നു.
ദിവസം അഞ്ച് പായ്ക്കറ്റ് സിഗരറ്റിലൂടെ 35 റിയാല്‍ പുകച്ചിരുന്ന കാലത്ത്
പിച്ചക്കാരന്റെ യുക്തി ബോധിച്ചതുകൊണ്ടൊന്നുമല്ല അയാള്‍ക്ക് അഞ്ച് റിയാല്‍ നല്‍കിയത്. പക്ഷേ, പോകുന്നതിനുമുമ്പ് അയാള്‍ വിശുദ്ധ പള്ളിക്കു നേരെ തിരിഞ്ഞുനിന്ന് ഇങ്ങനെ  പ്രാര്‍ഥിച്ചു.
കരുണാമയനായ നാഥാ, നന്മ വറ്റാത്ത ഈ മോനേയും ഇവന്റെ മാതാപിതാക്കളേയും നീ നാളെ സ്വര്‍ഗത്തില്‍ ഒരുമിച്ചുകൂട്ടണേ.
അശ്രദ്ധ അകലുകയും ആ പ്രാര്‍ഥനക്ക് ആമീന്‍ പറയുകയും ചെയ്തപ്പോള്‍  ഉറ്റിവീണ കണ്ണീരില്‍ അകത്തെ മാത്രമല്ല, പുറത്തേയും പുകച്ചുരുളുകള്‍ അണയുകയായിരുന്നു. അന്നുമുതല്‍ ഇന്നുവരെ മല്‍ബു സിഗരറ്റ് തൊട്ടിട്ടില്ല.


ഇതാ ഒരു കരിങ്കാലി

കരിങ്കാലിയാവാന്‍ മല്‍ബുവിന് അധികനാളുകള്‍ വേണ്ടിവന്നില്ല. നാലാളറിഞ്ഞുകൊണ്ടു തന്നെയായിരുന്നു നാമകരണം. മെസ് ഹാളില്‍ ചിക്കന്‍ കടിച്ചുവലിച്ചു കൊണ്ടിരിക്കെ ആ കരിങ്കാലിയെ ആരെങ്കിലും കണ്ടോ എന്ന കാരണവരുടെ ചോദ്യത്തില്‍നിന്ന് അത് ഉത്ഭവിച്ചു. എങ്കിലും ചിക്കന്‍ തീര്‍ന്ന് കൈകഴുകി പല്ലില്‍ കുത്തി മടുക്കുന്നതുവരെ ചര്‍ച്ച തുടര്‍ന്നു. എല്ലാവരും സജീവമായി പങ്കെടുത്തു. കരിങ്കാലി വേണോ കുലംകുത്തിവേണോ എന്ന ചര്‍ച്ചയില്‍ ആദ്യത്തെ പേരിനാണ് മുന്‍തൂക്കം ലഭിച്ചത്. കരിങ്കാലിയോളം പഴക്കമുള്ള ഒരു വാക്കല്ല കുലംകുത്തി. അതുകൊണ്ടുതന്നെ അതു പുറന്തള്ളപ്പെടുക സ്വാഭാവികം. എല്ലാ പ്രവാസികളേയും പോലെ തന്നെ, ടെന്‍ഷനടിച്ച് കഷണ്ടി കയറി അവസാനം വെപ്പുമുടിയില്‍ അഭയം തേടിയ ഒരു സാധാരണ മല്‍ബു. കണ്ടാല്‍ ഇവനെയാണോ കരിങ്കാലീന്നു വിളിക്കുന്നത് എന്നു തോന്നിപ്പോകും.  അല്ലെങ്കിലും കരിങ്കാലി ഒരു കാഴ്ചയല്ല, മനോഭാവമാണ്.
സമരത്തില്‍ ചേരാത്തവരെയാണ് സാധാരണ കരിങ്കാലിയെന്നു വിളിക്കാറുള്ളതെങ്കിലും കൂട്ടുസംരംഭങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുന്നവരെ പൊതുവെ അങ്ങനെ വിളിക്കുന്നതില്‍ തെറ്റില്ല.  അതുവെച്ചുനോക്കുമ്പോള്‍ മല്‍ബു ആ പേരിന് അര്‍ഹനായതില്‍ അതിശയോക്തിയുമില്ല.
നോമ്പുകാലമായതിനാല്‍ ഫുഡിന്റെ കാര്യത്തില്‍ ഒരുതരത്തിലുള്ള പിശുക്കും പാടില്ലെന്ന് തത്ത്വത്തില്‍ തീരുമാനിച്ചപ്പോഴാണ് ഒരു മാസം മുമ്പ് മെസ് മെംബര്‍ഷിപ്പെടുത്ത മല്‍ബു കാലുമാറിയത്. നോമ്പിന് എനിക്കു മെസ് വേണ്ട എന്നു പറഞ്ഞപ്പോള്‍ കാരണവരുടെ പതിവുശൈലിയായിരുന്നെങ്കില്‍ ഒന്നുവെച്ചു കൊടുക്കുകയാണ് വേണ്ടിയിരുന്നത്. എന്തോ ടിയാന്‍ ക്ഷമിച്ചു.
നാലു ഭാഗത്തുമുള്ള പള്ളികളിലെ നോമ്പുതുറ വിഭവങ്ങളുടെ പ്രലോഭനമാണ് മല്‍ബുവിന്റെ വേലത്തരത്തിനു പിന്നിലെന്ന മുറുമുറുപ്പ് ശരിവെക്കുന്ന തരത്തിലായിരുന്നു മല്‍ബുവിന്റെ ഒരു പ്രസ്താവന.
നോമ്പുതുറ മാത്രമേ ഒഴിവാക്കുന്നുള്ളൂ. അത്താഴം കഴിച്ചോളാം-. മല്‍ബു ഇതു പറഞ്ഞപ്പോള്‍ മറ്റുള്ളവര്‍ ക്ഷുഭിതരായിരുന്നുവെങ്കിലും തല്‍ക്കാലം അടങ്ങി. അത്താഴം മെസ്സില്‍ തുടരാന്‍ അനുവദിച്ചത് കരിങ്കാലിയോടുള്ള ഔദാര്യമല്ല. ഒരു മെസ് നടത്തിക്കൊണ്ടുപോകണമെങ്കില്‍ ഇങ്ങനെ ചില വിട്ടുവീഴ്ചകളൊക്കെ വേണ്ടിവരുമെന്ന് കാരണവര്‍ മറ്റുള്ളവര്‍ക്ക് വിദ്യാഭ്യാസം നല്‍കി. വര്‍ഷങ്ങളായി പരിചയമുള്ള കൂട്ടുകാരെ ഒഴിവാക്കാനാവില്ലെന്നും അവര്‍ ഇഫ്താറിനായി തന്നെ കാത്തിരിക്കുമെന്നും ആയിരുന്നു മല്‍ബുവിന്റെ മറുപടി.
പള്ളികളിലെ ഇഫ്താര്‍ ഒരു അഭിമാനപ്രശ്‌നമായി കാണേണ്ട കാര്യമൊന്നുമല്ല. റമദാനില്‍ മാത്രമല്ല, എപ്പോഴും നോമ്പ് നോല്‍ക്കാന്‍ നിര്‍ബന്ധിതരായ പാവങ്ങള്‍ക്കു വേണ്ടിയുള്ളതല്ല  ഇക്കാലത്തെ ഇഫ്താറുകള്‍. ദരിദ്രരെ ഒഴിവാക്കി എല്ലാ നാളുകളിലും മൂക്കറ്റം തിന്നുന്നവരെ ഉള്‍പ്പെടുത്തിയ തീറ്റമേളകള്‍ മാത്രമാണ് എവിടേയും ഇഫ്താര്‍. അതുകൊണ്ടുതന്നെ പള്ളിയില്‍ പോയി നോമ്പു തുറക്കുന്നവരെ ആക്ഷേപിക്കേണ്ട ഒരു കാര്യവുമില്ല.
എന്നാല്‍ തങ്ങള്‍ കരിങ്കാലിയെന്നു വിളിച്ച് ആക്ഷേപിച്ച മല്‍ബു യഥാര്‍ഥത്തില്‍ ആ പേരിനു അര്‍ഹനല്ലെന്ന് അന്തേവാസികള്‍ തിരിച്ചറിഞ്ഞ ഒരു സംഭവമുണ്ടായി.
മെസ് കാരണവര്‍ തന്നെയാണ് അതു കണ്ടെത്തിയത്. 
ഫ്‌ളാറ്റില്‍ വെള്ളം മുടങ്ങിയതിനെ തുടര്‍ന്ന് മെസ് പ്രവര്‍ത്തിക്കാത്ത ഒരു ദിവസം കാരണവര്‍ നോമ്പ് തുറക്കാനായി  പള്ളിയിലെത്തി. നാലാളു കാണരുതെന്ന് നിര്‍ബന്ധമുള്ളതിനാല്‍ കുറച്ചുദൂരെയുള്ള പള്ളിയാണ് തെരഞ്ഞെടുത്തത്. പള്ളിക്കു പുറത്ത് വിഭവങ്ങള്‍ക്കു മുന്നില്‍ നിരന്നിരിക്കുന്നവരുടെ ഇടയില്‍ അതാ കരിങ്കാലി.
ഈ പഹയന്‍ ഇവിടെയാണോ എന്നു ചിന്തിക്കുന്നതിനു മുമ്പ് തൊട്ടടുത്ത് ഇരിപ്പിടമൊരുക്കി കരിങ്കാലി മലര്‍ക്കെ ചിരിച്ചു.
നിരത്തിവെച്ച വിഭവങ്ങളുടെ കൂട്ടത്തില്‍ കരിങ്കാലിയുടെ മുന്നില്‍ പ്രത്യേകമായി ഒരു പാക്കറ്റ് ഖുബ്‌സും തൈരും.  കാരണവര്‍ അതിലേക്ക് തുറിച്ച് നോക്കുന്നതു കണ്ടപ്പോള്‍ കരിങ്കാലി പറഞ്ഞു.
ഇവിടെ ഇഷ്ടം പോലെ ജ്യൂസും ചോറുമൊക്കെ ഉണ്ടെങ്കിലും ഈ ഖുബ്‌സും തൈരുമാണ് എന്റെ ഇഫ്താര്‍. ഒരു റിയാല്‍ കൊടുത്ത് ഖുബ്‌സ് വാങ്ങിയാല്‍ നാലാള്‍ക്ക് കൊടുക്കുകയും ചെയ്യാം.
അവിടെയും നിന്നില്ല കരിങ്കാലി മല്‍ബുവിന്റെ കൃത്യങ്ങള്‍. നോമ്പ് തുറക്കാന്‍ ഒന്നും കിട്ടാതെ ദൂരെ മാറിനിന്ന രണ്ട് സ്ത്രീകള്‍ക്ക് ഈത്തപ്പഴവും ജ്യൂസും തരപ്പെടുത്തി കൊടുത്തു.   വീണ്ടും വന്നിരുന്നപ്പോള്‍ കാരണവര്‍ ചോദിച്ചു.
എവിടെ നോമ്പ് തുറക്കാന്‍ കൂട്ടിനുണ്ടാകുമെന്നു പറഞ്ഞ കൂട്ടുകാര്‍ ?
അവരൊക്കെ പലയിടത്തായി കാത്തിരിപ്പുണ്ടാവും. പാന്റ്‌സിന്റെ പോക്കറ്റില്‍നിന്ന് ഒരു വലിയ സഞ്ചി പുറത്തെടുത്തു കൊണ്ട് മല്‍ബു പറഞ്ഞു.
അപ്പോള്‍ ഇതായിരിക്കും പഹയന്റെ പരിപാടി. തൊട്ടു മുന്നില്‍ ജ്യൂസും ഈത്തപ്പഴവും വെള്ളവുമൊക്കെ ഒരാള്‍ സഞ്ചിയില്‍  നിറക്കുന്നതു നോക്കി കാരണവര്‍ ആലോചിച്ചു. സഞ്ചിയില്‍ നിറച്ചു കൊണ്ടുപോയി കൂട്ടുകാരോടൊപ്പം ലാവിഷ് ആക്കാമല്ലോ.
എന്താ ഒന്നും എടുക്കുന്നില്ലേ?
അതു പിന്നെ എല്ലാവരും തിന്നു കഴിഞ്ഞിട്ട് എടുത്താല്‍ മതി.
നോമ്പു തുറന്ന് ആളുകള്‍ എഴുന്നേറ്റപ്പോള്‍ കരിങ്കാലി പണി തുടങ്ങി. കടിച്ചുവലിച്ച ഇറച്ചിയില്‍ അവശേഷിച്ച എല്ലുകള്‍  മുഴുവന്‍ സഞ്ചിയിലാക്കി ഭദ്രമായി ഒരു സ്ഥലത്തു വെച്ചു.
കൂട്ടുകാര്‍ക്ക് ഇന്ന് നല്ലോണം കോളുണ്ട്- മല്‍ബു പറഞ്ഞുതീരുന്നതിനുമുമ്പേ ആകാശത്തുനിന്ന് പൊട്ടിവീണതുപോലെ വെളുത്ത ഉടലും കരിങ്കാലുകളുമുള്ള ഒരു പൂച്ച അവിടെ പ്രത്യക്ഷപ്പെടുകയും കാരണവരെ മൈന്റ് ചെയ്യാതെ നേരെ ഓടി മല്‍ബുവിന്റെ അടുത്തെത്തി കാലിലിരുമ്മി മുരളുകയും ചെയ്തു.

August 4, 2012

രക്തവര്‍ണമുള്ള കോഴിമുട്ട




അര്‍ധരാത്രിയായിട്ടും തലവേദനക്ക് ഒട്ടും ശമനമില്ല. ഡോക്ടര്‍ പറഞ്ഞതിനേക്കാളും ഒരു ഗുളിക അധികം കഴിച്ചിട്ടും കൂടുന്നതല്ലാതെ കുറയുന്നില്ല. മല്‍ബു തിരിഞ്ഞും മറിഞ്ഞും കിടന്നു. ഗുളികകളൊക്കെ ഡ്യൂപ്ലിക്കേറ്റാണെന്ന് കഴിഞ്ഞ ദിവസം ആരോ പറഞ്ഞിരുന്നു. നല്ല ക്ഷീണവുമുണ്ട്. ഇങ്ങനെ ഉറങ്ങാതിരുന്നാല്‍ നാളെ രാവിലെ എങ്ങനെ ഓഫീസില്‍ പോകുമെന്ന ചിന്ത കൂടിയായി. ആകെ കട്ടപ്പൊക. 


അഭിമുഖമുള്ള കട്ടിലില്‍ ആരുമില്ല. ഇന്നലെയാണ് അതിലെ അന്തേവാസി മുറി മാറിപ്പോയത്. ഒരാള്‍ ഇല്ലാത്തതിന്റെ വിഷമം കൂടി അറിയുകയായിരുന്നു മല്‍ബു. എന്തൊക്കെ പറഞ്ഞാലും ഒരാള്‍ മിണ്ടാനും പറയാനും ഉണ്ടാവുകയെന്നു പറഞ്ഞാല്‍ അതിനൊരു സുഖം വേറെ തന്നെയാണ്. 


തനിച്ച് താമസിക്കരുതെന്ന് നാട്ടില്‍ വിളിക്കുമ്പോഴൊക്കെ മല്‍ബി പറയും. തലവേദനയെന്നു പറഞ്ഞതില്‍ പിന്നെ മിസ്ഡ് കോള്‍ നിലച്ചിട്ടില്ല. 


മല്‍ബിയുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് ഡോക്ടറെ കാണാന്‍ പോയതുതന്നെ. പ്രവാസ ജീവിതത്തില്‍ തലവേദന സാധാരണമാണെന്ന പക്ഷക്കാരനായിരുന്നു മല്‍ബു. തലവേദന വരും പോകും. പ്രവാസം മുന്നോട്ടു പോകാതെ നിവൃത്തിയില്ലല്ലോ. 
മുറി പങ്കിടുന്നയാളെ പറഞ്ഞുവിട്ടത് മല്‍ബിക്ക് ഒട്ടു ഇഷ്ടപ്പെട്ടിട്ടില്ല. മുഷിഞ്ഞാണ് അയാള്‍ പോയതെങ്കിലും പറഞ്ഞുവിടാതെ നിവൃത്തി ഇല്ലായിരുന്നു. ആരെയെങ്കിലും ഒരാളെ കൂട്ടിനു കണ്ടുപിടിക്കുമെന്ന് ഉറപ്പു നല്‍കിയ ശേഷമാണ് അവസാനം മല്‍ബി ഫോണ്‍ വെച്ചത്. 


കിച്ചണില്‍ പോയി ഫ്രിഡ്ജ് തുറന്ന് തണുത്ത വെള്ളം കുടിച്ച് മല്‍ബു കിടപ്പുമുറിയില്‍ എത്തിയപ്പോഴേക്കും ട്യൂബ് ലൈറ്റ് അണഞ്ഞു. മുറിക്കു പുറത്ത് ബള്‍ബ് കത്തുന്നുണ്ടെങ്കിലും അകത്ത് വെളിച്ചമെത്തുന്നില്ല. കറന്റ് പോയതാകുമെന്നാണ് ആദ്യം കരുതിയത്. കൊടുംചൂടില്‍ ഇതിപ്പോ കറന്റ് പോക്ക് നാട്ടിലെ പോലെ ഇവിടെയും പതിവായിട്ടുണ്ട്. പോയാല്‍ മൂന്നൂം നാലും മണിക്കൂറാകും ചിലപ്പോള്‍ തിരിച്ചുവരാന്‍. ഇന്നലെ കറന്റിനു കാത്തിരിക്കുമ്പോള്‍ ബില്‍ഡിംഗ് ഉടമ ചോദിച്ചു. ഇന്ത്യയില്‍ കറന്റ് മിയ മിയ ആണല്ലോ എന്ന്. നാട്ടിലെ കഥയൊന്നും വിശദീകരിക്കാന്‍ പോയില്ല. ഹിന്ദിയെന്നു കേള്‍ക്കുമ്പോള്‍ നമ്മെക്കാളും അഭിമാനപൂരിതമാകുന്ന ടിയാന്റെ അന്തരംഗം എന്തിനു കേടുവരുത്തണം. ചാര്‍ജ് വര്‍ധനയും പവര്‍കട്ടുമൊക്കെ നമ്മള്‍ അനുഭവിച്ചാല്‍ മതിയല്ലോ?


മൊബൈല്‍ തപ്പിയെടുത്ത് ഇരുന്നത് അന്തേവാസി ഒഴിഞ്ഞുപോയ കട്ടിലിലായിരുന്നു. മൊബൈലില്‍നിന്നുള്ള അരണ്ട വെളിച്ചം മാത്രമേയുള്ളൂ.
 അപ്പോഴാണ് അതു കണ്ടത്. തന്റെ കട്ടിലിനടിയില്‍ രക്തവര്‍ണമുള്ള ഒരു കോഴിമുട്ട. തൊട്ടടുത്ത് തന്നെ ഒരു ചുകപ്പ് ശീലയും. കട്ടിലിനടിയില്‍ ഈ കോഴിമുട്ട എങ്ങനെ വന്നു? ഒരു മാസമായി ഫ്‌ളാറ്റിലേക്ക് മുട്ട വാങ്ങിയിട്ടില്ല. ആലോചിക്കുംതോറും ഭയം ഇരട്ടിച്ചു.


അതു അതുപോലെ തന്നെ കിടക്കട്ടെ, പ്രതിക്രിയ ചെയ്യാതെ തൊടണ്ട, പറ്റുമെങ്കില്‍ അടുത്ത മുറിയില്‍ പോയി കിടന്നോളൂ-കട്ടിലിനടിയിലെ അത്ഭുതം അറിയിച്ചപ്പോള്‍ കൂട്ടുകാരനും ക്രിയാപ്രതിക്രിയകളില്‍ നല്ലപിടിപാടുമുള്ള ഉസ്താദ് ഉപദേശിച്ചു. 
ഇതേ കാര്യം മല്‍ബിയോട് പറഞ്ഞതാകട്ടെ, തലവേദനയുടെ ഗുട്ടന്‍സ് പിടികിട്ടിയെന്നായിരുന്നു. മുറിയില്‍നിന്ന് പുറത്താക്കിയവന്‍ ചെയ്തിട്ടുപോയി എന്നു പറഞ്ഞപ്പോള്‍ എന്‍ജിനീയറായ മല്‍ബിക്ക് ചിരിയാണ് വന്നത്. കോഴിമുട്ടയും ചെയ്യലുമൊക്കെ നാട്ടിലല്ലേ? അന്ധവിശ്വാസങ്ങളില്ലാത്ത നാട്ടില്‍ അതൊക്കെ നടക്കുമോ? മല്‍ബി അത്ഭുതം കൂറിയപ്പോള്‍ നിന്റെ ഒരു എന്‍ജിനീയറിംഗ് എന്നു പറഞ്ഞാണ് മല്‍ബു ഫോണ്‍ കട്ടാക്കിയത്. 


മല്‍ബിയേക്കാളും ദൈവത്തേക്കാളും വിശ്വാസമാണ് മല്‍ബുവിന് കൂട്ടുകാരനായ ഉസ്താദിനെ. വേറെ ആര് എന്തു പറഞ്ഞാലും ഉസ്താദിനോളമെത്തില്ല. അപ്പറയുന്നതൊന്നും കേള്‍ക്കാന്‍ പോലും മെനക്കെടാത്ത മല്‍ബു ബെഡ്ഷീറ്റും ബ്ലാങ്കറ്റുമെടുത്ത് അടുത്ത മുറിയിലേക്ക് ചാടിക്കയറി. വെപ്രളത്തോടെ അവിടെയുള്ളവരോട് കാര്യം പറഞ്ഞു. ആരും മുറിയിലേക്ക് പോകരുതെന്നും പ്രതിക്രിയ ആവശ്യമാണെന്നും. 


രക്തനിറമുള്ള മുട്ടയെന്ന് കേട്ടപ്പോള്‍ ധീരനായ അയമു മല്‍ബുവിന് നില്‍പുറച്ചില്ല. പതുങ്ങിപ്പോയി കട്ടിലിനടിയില്‍ നൂണ് മുട്ടയില്‍ തൊട്ടപ്പോള്‍ ഒട്ടും ഞെട്ടിയില്ല അതൊരു വ്യാജമുട്ടയായിരുന്നു. പ്ലാസ്റ്റിക്ക്. ശീലകൊണ്ടുള്ള ഒരു മൊബൈല്‍ കവറായിരുന്നു തൊട്ടടുത്ത്. അതിന്റെ ചുകപ്പ് നിറം പ്രതിഫലിച്ചപ്പോഴാണ് അരണ്ട വെളിച്ചത്തില്‍ രക്തനിറമുള്ള കോഴിമുട്ടയായി മാറിയത്.  


മുറി മാറിപ്പോയ വിദ്വാന്‍ തന്നെയായിരുന്നു മുട്ട വെച്ചത്. അതുപക്ഷേ  താമസം മാറുന്ന തിരക്കില്‍ ഉള്ള സാധനങ്ങളൊക്കെ പെറുക്കിക്കെട്ടുമ്പോള്‍ ഉരുണ്ടു പോയതാണെന്നു മാത്രം. ഒരു ദിവസം അയാള്‍ മണമുള്ള അഞ്ചാറ് പ്ലാസ്റ്റിക്ക് കോഴിമുട്ടകള്‍ കൊണ്ടുവന്നതും മണപ്പിക്കാന്‍ കൊടുത്തതും അയമുവിന് ഓര്‍മവന്നു. 


ഇതൊക്ക ആയപ്പോള്‍ മല്‍ബുവും ചിരിച്ചെങ്കിലും പ്രതിക്രിയാ മനസ്സില്‍നിന്ന് മോചിതനാകാത്ത ഒരുതരം ചിരിയായിരുന്നു അത്.    



ഓട്‌സിനു പോയി ഷാംപുവായി




പാലു വാങ്ങാന്‍ പോയി ആടായി എന്നു വടക്കന്‍ മല്‍ബുകള്‍ പറയുന്നതു പോലെയല്ല ഇത്. പാലിനു പോയയാള്‍ മടങ്ങിയെത്താന്‍ വൈകിയതിലുള്ള നീരസമാണ് അവന്‍ അവിടത്തന്നെ ആയി എന്ന ആടായി പ്രയോഗം.

ഇവിടെ ഓട്‌സ് വാങ്ങാന്‍ പോയ മല്‍ബു ഷാംപുവുമായി മടങ്ങിയ ദുരന്തകഥയുടെ വിവരണമാണ്.
ദുരന്തമെന്നു തന്നെ പറയാം. കാരണം നോമ്പു കാലമായതു കൊണ്ടു മാത്രമാണ് മല്‍ബിയുടെ പഴിയില്‍നിന്നു രക്ഷപ്പെട്ടത്. അത്യാവശ്യം വേണ്ട സാധനത്തിനു പകരം ഒട്ടും ആവശ്യമില്ലാത്ത സാധനം ഒരു ഡസന്‍ വാങ്ങി വന്നാല്‍ ഉപഭോക്തൃശാസ്ത്രത്തില്‍ ഒട്ടും വിവരമില്ലാത്ത മല്‍ബി പോലും വെറുതെ വിടില്ല.

ഓ അതങ്ങു വാങ്ങി. അതിനിപ്പോ കൊല്ലുകയൊന്നുമില്ലല്ലോ? എന്ന് മല്‍ബു ആശ്വസിച്ചതു പോലെ കലഹമൊന്നുമുണ്ടായില്ല.
നോമ്പുകാലത്ത് താളിപ്പു പോലെ പ്രധാനമാണ് ഓട്‌സും. താളിപ്പു മലപ്പുറത്തുകാര്‍ക്കല്ലേ പ്രധാനമെന്ന് ആരെങ്കിലും പറഞ്ഞാല്‍ അതു വെറുമൊരു തര്‍ക്ക വിഷയം മാത്രമാണ്. തര്‍ക്കവിതര്‍ക്കങ്ങള്‍ ഒട്ടും പാടില്ല വ്രതമാസത്തില്‍. ഹോട്ടലുകളിലും അതുപോലെ ബാച്ചിലേഴ്‌സ് കൂട്ടമായി താമസിക്കുന്ന മല്‍ബുമെസ്സുകളിലും അനിവാര്യ വിഭവമാണ് ആരോഗ്യത്തിനു ഒരു തരത്തിലുമുള്ള ഭീഷണിയുമുണ്ടാക്കാത്ത താളിപ്പ്. വ്രതം ആരംഭിക്കുന്നതനു മുമ്പുള്ള അത്താഴത്തോടൊപ്പം വയറിനു സുഖമേകുന്ന എരിവും പുളിയുമില്ലാത്ത മിശ്രിതം.
താളിപ്പു വിരുദ്ധര്‍ എത്ര ഉണ്ടായിട്ടും കാര്യമില്ല, മലപ്പുറത്തുകാരില്ലാത്ത മെസ്സ് കണ്ടെത്താനാവില്ല എന്നതാണ് എന്തുകൊണ്ട് അനിവാര്യമെന്ന ചോദ്യത്തിന്റെ ഉത്തരം.
താളിപ്പ് ഒരു ശുദ്ധ മല്‍ബു കൂട്ടാണെങ്കില്‍ ഓട്‌സ് ഒരു രാജ്യാന്തര സാധനമാണ്. അതുകൊണ്ടാണല്ലോ എല്ലാ വാണിജ്യ കേന്ദ്രങ്ങളിലും ഇത്രമാതം ഓട്‌സിറക്കി റമദാനെ വരവേല്‍ക്കുന്നത്. ഡിസ്‌കൗണ്ട് പ്രഖ്യാപിച്ച് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതില്‍ ഓട്‌സിനുമുണ്ട് ചെറുതല്ലാത്ത സ്ഥാനം.
എന്നാല്‍ എന്തുകൊണ്ട് നമ്മുടെ താളിപ്പിന്റെ രസക്കൂട്ടായ കഞ്ഞിവെള്ളത്തിന്റെ വ്യാപാര സാധ്യത ഇനിയും മല്‍ബു കണ്ടെത്തിയില്ല എന്നത് ഒരു ചിന്താവിഷയമാണ്. വസ്ത്രങ്ങള്‍ മുക്കാന്‍ ആവശ്യമായ കഞ്ഞി കേരളത്തിലെ ഖാദിബോര്‍ഡടക്കം ധാരാളം കമ്പനികള്‍ വിപണിയിലിറക്കുന്നുണ്ട്. അതുപോലെ താളിപ്പില്‍ ചേര്‍ക്കാന്‍ സിന്തറ്റിക് സ്റ്റാര്‍ച്ച് അഥവാ രാസകഞ്ഞിക്കട്ട വരുന്ന കാലം അതിവിദൂരമല്ല.
കൃത്യമായ കണക്കുകൂട്ടലോടെയാണ് മല്‍ബുവിനെ ചെക്കന്‍ സഹിതം മല്‍ബി സൂപ്പര്‍ മാര്‍ക്കറ്റിലേക്കയച്ചത്.  ഓട്‌സ് ഓഫറിനു പിന്നാലെ ആളുകള്‍ കൂടിയപ്പോള്‍ പതിവു പോലെ സൂപ്പര്‍മാര്‍ക്കറ്റുകാര്‍ നിയന്ത്രണം വെച്ചു. ഹോള്‍സെയില്‍ പര്‍ച്ചേസില്ല, ഒരാള്‍ക്ക് രണ്ടെണ്ണം മാത്രം. അതും ബില്‍ പേ ചെയ്യുമ്പോള്‍ കൗണ്ടറില്‍നിന്നു കിട്ടും. ചൈനീസ് മാതൃകയില്‍ ഒരാള്‍ക്ക് ഒന്നെന്ന വ്യവസ്ഥ വേറെ പല സാധനങ്ങള്‍ക്കുമുണ്ട്. സ്റ്റോക്ക് തീരുന്നതുവരെ എന്ന കണ്ടീഷന്‍ ഉള്ളതുകൊണ്ട് എപ്പോള്‍ വേണമെങ്കിലും ഈ ഓഫര്‍ തനിയെ ഇല്ലാതാകാം.
സൂപ്പര്‍ മാര്‍ക്കറ്റില്‍ എത്തിയപ്പോള്‍ മല്‍ബുവല്ലേ കക്ഷി, എന്തെങ്കിലുമൊക്കെ വാങ്ങാതെ എങ്ങനെ കൗണ്ടറില്‍ പോയി ഓട്‌സ് ചോദിക്കുമെന്ന അഭിമാന പ്രശ്‌നം ഉയര്‍ന്നുവന്നു.
വേറെ സാധനങ്ങളൊന്നും വാങ്ങാന്‍ മല്‍ബി ഏല്‍പിച്ചിട്ടുമില്ല. എന്തെങ്കിലും ഓഫറുള്ള സാധാനം വാങ്ങാമെന്ന നിശ്ചയത്തില്‍ മല്‍ബു ഒരു കറക്കം കറങ്ങിയപ്പോള്‍ കണ്ടത് ചുളുവിലയിട്ടുവെച്ചിരിക്കുന്ന ഷാംപു. അധികമൊന്നും ചിന്തിക്കാതെ മല്‍ബുവും കൊച്ചനും അരഡസന്‍ വീതം വാങ്ങി കൗണ്ടറിലെത്തി. ബില്ലൊക്കെ അടിക്കുന്നതുവരെ അലസമായിനിന്നു. അതാണല്ലോ മല്‍ബു സ്‌റ്റൈല്‍, രണ്ട് ഓട്‌സിനായി വന്നതാണെന്ന് കൗണ്ടറിലിരിക്കുന്നയാള്‍ക്ക് തോന്നാന്‍ പാടില്ല.
രണ്ട് ഓട്‌സ് കൂടി തന്നേക്കൂ
കാഷ്യറുടെ മുഖത്തു നോക്കാതെ ആവശ്യപ്പെട്ടപ്പോഴാണ് അയാളുടെ വായില്‍നിന്നു പുറത്തുവന്നത്.
അയ്യോ തീര്‍ന്നു പോയല്ലോ?
ബില്ലടിച്ച ഷാംപു ഇനിയെങ്ങനെ തിരിച്ചു നല്‍കും. ഉപഭോക്താവാണ് രാജാവ് എന്നൊക്കെ പറയാന്‍ കൊള്ളാം. ആവശ്യമുണ്ടായിട്ട് വാങ്ങിയതല്ലെങ്കില്‍ പോലും അങ്ങനെ വാങ്ങിയ സാധനം മടക്കി നല്‍കുന്നത്് മല്‍ബുവിന്റെ സംസ്‌കാരത്തിനു നിരക്കുന്നതല്ലല്ലോ?
ഓട്‌സിനു പോയയാള്‍ കൈ നിറയെ ഷാംപുവുമായി മടങ്ങിയതു കണ്ട് മിഴിച്ചുനോക്കിയ മല്‍ബിയോട് വേണ്ടെങ്കില്‍ നാട്ടില്‍ കൊണ്ടു പോകാം ചുളുവിലയേയുള്ളൂ എന്നായിരുന്നു മറുപടി.
നാട്ടീന്നു കൊണ്ടുവന്ന താളിയും ചെറുപയര്‍പൊടിയുമൊക്കെ അതു പോലെ കിടക്കുമ്പോഴാണ് ഷാംപുവിന്റെ മൊത്തക്കച്ചവടം. നാട്ടില്‍ കൊണ്ടു പോകാമെന്നു പറഞ്ഞാലും തീരുന്നതല്ല പ്രശ്‌നം. ഓസിനു കിട്ടിയാല്‍ മല്‍ബു ആസിഡും കുടിക്കുമെന്ന പ്രമാണത്തില്‍ വിശ്വാസമര്‍പ്പിക്കാന്‍ നിവൃത്തിയില്ല.
ഈ ഷാംപുവുമായി നാട്ടില്‍ ചെന്നാല്‍ ഗള്‍ഫീന്നു കൊണ്ടുവന്നതല്ലേ എന്നു കരുതിപ്പോലും ആരും ഉപയോഗിക്കില്ല. കാരണം ഹാനികരമായ രാസവസ്തുക്കള്‍ ചേര്‍ന്നതെന്ന് മുദ്ര കൂത്തി ഇത് നാട്ടില്‍ എന്നോ നിരോധിച്ചിരിക്കുന്നു.  


Related Posts Plugin for WordPress, Blogger...