കുഞ്ഞിക്കൂനനായി ഇങ്ങനെ ഇരുന്നോ? രാവിലെ രണ്ട് റൗണ്ട് നടന്നാല്‍ നിങ്ങള്‍ക്കുമാകാം ഹൈദ്രോസ്.
നടന്നു നടന്ന് വയറു കുറച്ച ഹൈദ്രോസ് ഇന്ന് തരുണികള്‍ക്കിടയില്‍ മാത്രമല്ല കുപ്പായത്തിനുള്ളില്‍ ഫുട്ബാളുമായി നടക്കുന്ന പുരുഷ•ാര്‍ക്കിടയിലും സംസാര വിഷയമാണ്.
അതിരാവിലെ പ്രഭാതകൃത്യങ്ങള്‍ പോലും മറന്ന് കൂനിയിരിപ്പ് തുടങ്ങിയ മല്‍ബു ഹൈദ്രോസെന്ന്് കേട്ടപ്പോള്‍ തല ഉയര്‍ത്തി.
ഒടുക്കത്തെ ഒരു ഹൈദ്രോസ്. അവന്‍ എന്തിനാ നടക്കൂന്നേന്ന് അറിയോ?
അത് നിങ്ങള്‍ പറയാറുണ്ടല്ലോ? സ്മാര്‍ട്ടികളെ കാണാന്‍ തന്നെ. അതെങ്കിലുമുണ്ടല്ലോ നിങ്ങള്‍ ആണുങ്ങള്‍ക്ക് ഞങ്ങളെക്കൊണ്ടൊരു ഗുണം.
അതൊന്നുമല്ല, അവന്റെ ഷുഗര്‍ 450 ആണ്. ഇനീം നടന്നില്ലെങ്കില്‍ അവനു പിന്നെ നടക്കേണ്ടി വരില്ല.
നിങ്ങള്‍ക്കാണോ ഷുഗറില്ലാത്തത്. ഇപ്പോ നടക്കാന്‍ തുടങ്ങിയാല്‍ ആശുപത്രിയില്‍ പോയി ജീവിതം ഇരുന്നു തുലക്കേണ്ടി വരില്ല.
ഷൂ നിലത്തമര്‍ത്തി ഒച്ചയുണ്ടാക്കി മല്‍ബി ഇറങ്ങി. മല്‍ബുവാകട്ടെ വാട്ട്‌സപ്പിലെ ലിംഗ സമത്വ ചര്‍ച്ചക്ക് സൂപ്പര്‍ മറുപടി കൊടുത്തുവെന്ന ആഹ്ലാദത്തിലേക്ക് ഊളിയിട്ടു.
മല്‍ബി പറയുന്നതിലും കാര്യമില്ലാതില്ല.
വെറും വ്യായാമം മാത്രമല്ല, ഹൈദ്രോസിനെ ഹീറോ ആക്കിയത്. ഫേസ് ബുക്കേ വിട, വാട്ട്‌സപ്പേ വിട എന്ന പരസ്യവാചകം സമ്മാനിച്ചുകൊണ്ടായിരുന്നു ഹൈദ്രോസിന്റെ മാറ്റത്തിന്റെ തുടക്കം. കുടുംബത്തെ പോലും മറന്നുകൊണ്ടുള്ള വാട്ട്‌സപ്പ് പിരാന്തനായിരുന്നു ഹൈദ്രോസും ഒരിക്കല്‍. പിന്നീടാണ് അവന്‍ പുതിയ ഗ്രൂപ്പുണ്ടാക്കിയത്.
വാട്ട്‌സപ്പ് വിരുദ്ധ കൂട്ടായ്മ.
സ്മാര്‍ട്ട് ഫോണില്‍ കുത്തിക്കൊണ്ടുള്ള ഇരിപ്പ് മാസാമാസം റിയാല്‍ ലഭിക്കുന്ന ജോലിയിലെ പെര്‍ഫോമന്‍സിനേയും വീട്ടിലെ സമാധാനത്തേയും ബാധിച്ചു തുടങ്ങിയെന്ന തിരിച്ചറിവിനെ തുടര്‍ന്നായിരുന്നു ഹൈദ്രോസിന്റെ ഐഡിയ.
ഇതേ പേരില്‍ വാട്ട്‌സപ്പില്‍ ഒരു ഗ്രൂപ്പ് കൂടി വന്നപ്പോള്‍ മല്‍ബുവും നാണിയുമൊക്കെ കളിയാക്കിയിരുന്നു.
വാട്ട്‌സപ്പ് വിരുദ്ധര്‍ക്കും ഗ്രൂപ്പ് വാട്ട്‌സപ്പില്‍ തന്നെ.
അതില്‍ തെറ്റില്ലെന്നാണ് ഹൈദ്രോസിന്റെ പക്ഷം.
ടെക്‌നോളജിയുടെ ദൂഷ്യവശങ്ങളെ ചെറുക്കാന്‍ അതേ ടെക്‌നോളജിയെ തന്നെ ഉപയോഗിക്കാം. അതിന് ലോക ചരിത്രത്തില്‍ ധാരാളം ഉദാഹരണങ്ങളുണ്ട്. ആളുകള്‍ കളിയാക്കിയപ്പോഴും നന്നായി ഇക്കായെന്നു പറയാന്‍ ഒരാളെ ഉണ്ടായിരുന്നുള്ളൂ മിസിസ് ഹൈദ്രോസ്.
ഐഡിയ പെട്ടെന്ന് ക്ലിക്കായി. ഫേസ്ബുക്കില്‍ ചാത്തനെന്ന പേരില്‍ ലോറിക്കണക്കിന് ലൈക്കുകള്‍ നേടിയ കുമാരനും അതില്‍ അസൂയ പൂണ്ടിരുന്ന ചക്കിപ്പൂച്ചയെന്ന മേനോനും മൂവരുടേയും കൂട്ടുകാരനായ ഖുബ്ബൂസ് എന്ന ഹംസയും ഒപ്പം കൂടി.
ജോലിസ്ഥലത്തുനിന്നു ലഭിച്ച പെര്‍ഫോമന്‍സ് റിപ്പോര്‍ട്ട് വഴി ഇന്‍ക്രിമെന്റ് തടയപ്പെട്ടതും വാട്ട്‌സപ്പും ഫേസ്ബുക്കും കൊണ്ട് തോറ്റു എന്ന മിസിസ് ഹൈദ്രോസിന്റെയും മക്കളുടേയും പഴി മാത്രമല്ല, ഹൈദ്രോസിനെ ധീരമായ തീരുമാനത്തിലേക്ക് നയിച്ചത്. അതിനുവേറെയും കാരണങ്ങളുണ്ട്.
മേലില്‍ ഓഫീസ് സമയത്ത് വാട്ട്‌സപ്പ് ഉപയോഗിക്കരുതെന്ന ബോസിന്റെ വാണിംഗോടെയായിരുന്നു തുടക്കം. വാട്ട്‌സപ്പ് ഉപയോഗിക്കുന്ന കാര്യം ബോസ് എങ്ങനെ അറിഞ്ഞുവെന്ന് മനസ്സിലാകാന്‍ പിന്നെയും സമയമെടുത്തു. മലയാളത്തിലുള്ള ടെക്‌സ്റ്റുകളും ഓഡിയോ ക്ലിപ്പുകളും അറബി മാത്രമറിയുന്ന ബോസിന്റെ വാട്ട്‌സപ്പിലേക്ക് തുടര്‍ച്ചയായി പോയപ്പോഴായിരുന്നു ആ വാണിംഗ്. കുടുംബക്കാരുടെ ഗ്രൂപ്പ് ഉണ്ടാക്കിയപ്പോള്‍ ഹൈദ്രോസ് ബോസിനേയും അറിയാതെ അതില്‍ ചേര്‍ക്കുകയായിരുന്നു. കാര്യങ്ങള്‍ അറിയാമല്ലോ എന്നു കരുതി ബോസ് ഗ്രൂപ്പ് വിട്ടുപോയതുമില്ല.
കുടുംബക്കാര്‍ പൊങ്കാലയിട്ടതായിരുന്നു മറ്റൊരു സംഭവം. നാട്ടില്‍നിന്നൊരാള്‍ അകന്ന ബന്ധത്തിലുള്ള ഒരു സ്ത്രീയുടെ ഫോട്ടോ ഗ്രൂപ്പിലിട്ടു. മരിച്ചതാകുമെന്ന് കരുതി ഹൈദ്രോസ് അതിനു താഴെ ദൈവത്തിലേക്ക് തന്നെ എല്ലാവരുടേയും മടക്കമെന്ന ഇന്നാ ലില്ലാഹി അടിച്ചു. നാട്ടില്‍നിന്ന് ഫോട്ടോ ഇട്ട വിദ്വാന് നെറ്റ് കണക്്ഷന്‍ പോയതിനാല്‍ മറ്റൊരു വിവരവും പോസ്റ്റ് ചെയ്യാന്‍ സാധിക്കാതിരുന്നതാണെന്ന കാര്യമറിയാതെ ഗ്രൂപ്പിലുള്ളവരെല്ലാം ഹൈദ്രോസിനു പിന്നാലെ കൂട്ടം കൂട്ടമായി മരിക്കാത്ത സ്ത്രീക്ക് പ്രാര്‍ഥന നേര്‍ന്നു. ആമീന്‍ കൊണ്ടുള്ള പ്രളയം.
പിന്നൊരിക്കല്‍ അതിരാവിലെ ഫോര്‍വേഡ് ചെയ്ത ഒരു ഓഡിയോ ക്ലിപ്പ് കേട്ട ഒരാള്‍ വിളിച്ചു. എന്താ ആ ക്ലിപ്പിലുള്ളതെന്നറിയാമോ എന്നു ചോദിച്ചപ്പോള്‍ ഹൈദ്രോസിനു കുറ്റസമ്മതം നടത്താതെ നിര്‍വാഹമില്ലായിരുന്നു. അയ്യോ, ഞാനത് കേള്‍ക്കാതെയാണ് അയച്ചത്. ഉടന്‍തന്നെ പരാതിക്കാരന്‍ ഗ്രൂപ്പില്‍നിന്ന് ലെഫ്റ്റടിച്ചു.
മിസിസ് ഹൈദ്രോസിന്റെ ശക്തമായ താക്കീതിനും ഹൈദ്രോസിന്റെ ചരിത്രപരമായ തീരുമാനത്തിലേക്കും നയിച്ച അവസാനത്തെ സംഭവം ഇങ്ങനെയായിരുന്നു. മൊബൈലില്‍ ഫേസ് ബുക്ക് നോക്കുന്നതിനിടയില്‍ ഒരു വെബ് പോര്‍ട്ടലില്‍വന്ന വൃത്തികെട്ട ചിത്രത്തിനും അതോടൊപ്പമുള്ള കുറിപ്പിനും ഹൈദ്രോസ് അറിയാതെ ലൈക്കടിച്ചു പോയി. അക്കഥ കുടുംബ ഗ്രൂപ്പില്‍ അഭിനവ പാണന്‍മാര്‍ പറപ്പിച്ചപ്പോള്‍ മിസിസ് ഹൈദ്രോസ് തീര്‍ത്തു പറഞ്ഞു. ഇനി ഇപ്പണി വേണ്ട.

No comments:
Post a Comment