Pages

പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..

March 27, 2011

ബോണസ് പാട്ട് അഥവാ പ്രവാസിക്കൊരു താരാട്ട്

ആന കൊടുത്താലും കിളിയേ ആശ കൊടുക്കാമോ?
പാട്ടും പാടിയാണല്ലോ വരവ്.
എന്തു പറ്റി മല്‍ബൂ?
സ്ഥാനാര്‍ഥിക്കുപ്പായം തുന്നി നിരാശരായവര്‍ പാടേണ്ട പാട്ടാണല്ലോ?
ഇനിയെന്തു പറ്റാനാ മാഷേ.. നാട്ടില്‍നിന്നിതാ ഇപ്പോ വിളിച്ചുവെച്ചതേയുള്ളൂ.
പെങ്ങളെ കെട്ടിച്ചയച്ചപ്പോള്‍ കൊടുക്കാന്‍ ബാക്കിയുള്ള സ്വര്‍ണം ഇപ്പോള്‍ കൊടുക്കണമെന്നാ ആവശ്യം.
ഫാമിലി വിസയെടുക്കാന്‍ ചെലവായ കാശ് പോലും ഇനിയും  കൊടുത്തുതീര്‍ന്നിട്ടില്ല.
വേറെ എത്ര വാര്‍ത്തകളുണ്ട് നാട്ടില്‍ പ്രചരിപ്പിക്കാന്‍. ഇതു തന്നെ വേണായിരുന്നോ?
ജോലി ചെയ്യാനോ നാട്ടില്‍ പോകാനോ പറ്റാതെ കഷ്ടപ്പെടുന്ന എത്രെയത്ര ഹുറൂബുകാരുണ്ട്. അവരെ കുറിച്ച് ഒരക്ഷരം ഇവരൊന്നും അച്ചടിക്കുന്നില്ല. ടെലിവിഷനില്‍ വെച്ചു കാച്ചുന്നില്ല.
ഇതിപ്പോള്‍ സൗദി അറേബ്യയില്‍ തൊഴിലെടുക്കുന്നവര്‍ക്ക് രണ്ട് മാസത്തെ ശമ്പളം ബോണസ് കിട്ടുമെന്നതാണ് മുഖ്യ വാര്‍ത്ത.
വീട്ടുകാരെയും കുറ്റപ്പെടുത്താനാവില്ല. കിട്ടില്ല എന്നു പറഞ്ഞപ്പോള്‍ കിട്ടാത്ത കാര്യം പത്രങ്ങളിലും ടി.വിയിലും വരുമോ എന്ന അവരുടെ ചോദ്യം ന്യായം.
ആരെയും കുറ്റപ്പെടുത്താന്‍ കഴിയില്ല. പ്രഖ്യാപനത്തിന്റെ നിജസ്ഥിതി അറിയുന്നതിനു മുമ്പേ അതുകൊണ്ട് എന്തു ചെയ്യണമെന്ന് മല്‍ബിയും പ്ലാനിട്ടിരുന്നു. നാട്ടില്‍ ഇങ്ങനെയൊരു സ്വര്‍ണക്കടം ബാക്കി കിടപ്പുണ്ടെന്ന കാര്യമൊന്നും അവള്‍ക്കറിയില്ലല്ലോ?
വിലയൊന്നും നോക്കേണ്ട, അറിയാതെ കിട്ടുന്നതല്ലേ, സ്വര്‍ണം വാങ്ങിവെക്കാം. അതായിരുന്നു മല്‍ബിയുടെ പ്ലാന്‍.
അപ്രതീക്ഷിത ബോണസിനെ കുറിച്ച് മല്‍ബു പറയുന്നതിനു മുമ്പ് തന്നെ കൂട്ടുകാരി വിളിച്ചറിയിച്ചിരുന്നു. അതൊന്നാഘോഷിക്കാന്‍ പാര്‍ട്ടി ഏര്‍പ്പാടാക്കുകയും ചെയ്തു.
എന്നിട്ടിപ്പോള്‍ മല്‍ബുവിന് എന്തു സംഭവിച്ചു? അതു പറ.
എന്തു സംഭവിക്കാന്‍. രണ്ടു മാസത്തെ പോയിട്ട് രണ്ട് ദിവസത്തെ ശമ്പളം പോലും ബോണസായി ലഭിക്കില്ല. അതു തന്നെ.
അപ്പോള്‍ പിന്നെ ബാലചന്ദ്രമേനോന്റെ ഈ പാട്ട് തന്നെയല്ലേ പാടേണ്ടത്.
കിട്ടിയോ?
വലിയ പ്രതീക്ഷയില്ല.
ഈയടുത്ത ദിവസങ്ങളില്‍ ഒരു മല്‍ബു മറ്റൊരു മല്‍ബുവിനെ കണ്ടാല്‍ കുശലാന്വേഷണത്തിനു മുമ്പേ ഉയരുന്ന ചോദ്യവും ഉത്തരവുമാണിത്.
ദിവസങ്ങള്‍ കഴിയുംതോറും ചോദ്യത്തിലുള്ള ആവേശം കുറയുകയും പ്രതീക്ഷ അസ്തമിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു.
പാര്‍ട്ടിക്ക് സീറ്റു കിട്ടിയോ, സുഹൃത്തായ നേതാവിന് മണ്ഡലം കിട്ടിയോ തുടങ്ങിയ ആകാംക്ഷകളോടൊപ്പം തന്നെയാണ് മറ്റൊരു കിട്ടിയോ ചോദ്യത്തിലും മല്‍ബു തളച്ചിടപ്പെട്ടത്.
പാര്‍ട്ടികളുടെ സീറ്റും നേതാക്കളുടെ മണ്ഡലങ്ങളും തീര്‍ച്ചപ്പെടുത്തിക്കഴിഞ്ഞു. കിട്ടിയവര്‍ പ്രചാരണത്തിലും കിട്ടാത്തവര്‍ തെരുവിലുമിറങ്ങി. പാര്‍ട്ടിയോടും നേതാവിനോടുമുള്ള പ്രതികാര ചിന്തകള്‍ കടലിനിക്കരെയുള്ള മല്‍ബുകളിലും ഉയര്‍ന്നു കഴിഞ്ഞു. ചിലര്‍ നിഷ്ക്രിയരായി. വഞ്ചകക്കൂട്ടത്തിനുവേണ്ടി എന്തിനു മെനക്കെടണമെന്ന നിരാശ ചാലിച്ച മുഖഭാവങ്ങള്‍.
എങ്കിലും ആദ്യം പറഞ്ഞ കിട്ടിയോ ചോദ്യത്തില്‍നിന്ന് മല്‍ബു മുക്തനായിട്ടില്ല. പൊതുമേഖലക്കു പുറമെ സ്വകാര്യ മേഖലയിലെ ചില കമ്പനികളും ജീവനക്കാര്‍ക്ക് അപ്രതീക്ഷിതമായി രണ്ടു മാസത്തെ ശമ്പളം ബോണസ് പ്രഖ്യാപിച്ചതാണ് പുതിയ കുശലാന്വേഷണമായി പരിണമിച്ചത്.
പ്രതീക്ഷ വാനോളമുയര്‍ന്നു. പ്രഖ്യാപനത്തിനു പ്രതീക്ഷിക്കുന്നവരും  പ്രഖ്യാപനം പ്രാവര്‍ത്തികമാകാന്‍ കാത്തുനില്‍ക്കുന്നവരുമുണ്ട്.
ചില കമ്പനികളിലൊക്കെ തീരുമാനമായിക്കഴിഞ്ഞു. ബോണസ് സ്വദേശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയ കമ്പനികള്‍ മുതല്‍ സ്വദേശികളല്ലാത്തവര്‍ക്ക് രണ്ട് മാസത്തെ ശമ്പളത്തിനു പകരം രണ്ടു ദിവസത്തെ വേതനമാക്കി പരിമിതപ്പെടുത്തിയ കമ്പനികളുമുണ്ട്.
കിട്ടുമെന്നുറപ്പായവര്‍ കിട്ടാനിടയില്ലാത്തവരെ സങ്കടപ്പെടുത്താതിരിക്കാന്‍ അതു രഹസ്യമാക്കിവെക്കുന്നു.
അല്ലെങ്കിലും ഇതെന്തു വിളിച്ചുകൂവാനാണ്. രണ്ടു മാസത്തെ അടിസ്ഥാന ശമ്പളം കൂടുതല്‍ കിട്ടിയിട്ട് ഇവിടെ എന്താകാനാണ്. തീവിലകള്‍ക്കിടയില്‍ അതു രണ്ടു ദിവസം പോലും കൈയില്‍ നില്‍ക്കില്ലെന്നു പറഞ്ഞ് ആശ്വസിപ്പിക്കുന്നവരുമുണ്ട്. കിട്ടാത്ത മുന്തിരി പുളിക്കുന്നതു പോലെ.
കടം ചോദിക്കുന്നത് ഒഴിവാക്കാന്‍ രഹസ്യമാക്കി സൂക്ഷിക്കുന്ന മല്‍ബുവിനെയും കാണാം.
കിട്ടുമോ, കിട്ടില്ലേ എന്ന വേവലാതിയില്‍ ഉറക്കം നഷ്ടപ്പെട്ടവരാണ് പ്രഖ്യാപനം വന്നിട്ടും അതില്‍ ഉള്‍പ്പെടുമോ എന്നറിയാത്തവര്‍.
പാട്ട് പാടൂ സുഖമായുറങ്ങൂ.
ആന കൊടുത്താലും കിളിയേ ആശ കൊടുക്കാമോ.

6 comments:

കുമാരന്‍ | kumaran said...

ബോണസ് എവിടായാലും കൊതിപ്പിക്കുന്നത് തന്നെ അല്ലേ.

എം.അഷ്റഫ്. said...

അതേ, കുമാരന്‍
നാട്ടില്‍ പണിയെടുത്ത് ഇവിടെ വന്ന് കയിലു കുത്തുന്നവരില്‍ ഭൂരിഭാഗത്തിനും നൊസ്റ്റാള്‍ജിക് ഓര്‍മയാണത്. എന്നാലും ചില കമ്പനികളൊക്കെ ബോണസ് കൃത്യമായി കൊടുക്കും കേട്ടോ. അതു കൂടാതെ ആഘോഷാവസരങ്ങളില്‍ വാരിക്കോരി കൊടുക്കുന്ന കമ്പനികളും ധാരാളം. കൊടുത്താല്‍ കൂടും എന്നവര്‍ക്ക് അറിയാം.

sheebarnair said...

"ജോലി ചെയ്യാനോ നാട്ടില്‍ പോകാനോ പറ്റാതെ കഷ്ടപ്പെടുന്ന എത്രെയത്ര ഹുറൂബുകാരുണ്ട്. അവരെ കുറിച്ച് ഒരക്ഷരം ഇവരൊന്നും അച്ചടിക്കുന്നില്ല. ടെലിവിഷനില്‍ വെച്ചു കാച്ചുന്നില്ല.
ഇതിപ്പോള്‍ സൗദി അറേബ്യയില്‍ തൊഴിലെടുക്കുന്നവര്‍ക്ക് രണ്ട് മാസത്തെ ശമ്പളം ബോണസ് കിട്ടുമെന്നതാണ് മുഖ്യ വാര്‍ത്ത"....
ha ha ha..
നന്നായിരിക്കുന്നു....
നന്മകള്‍..

vimala johny said...

Appol..Ashraf nte kaaryam enginaa?
kittumo..? illiyo?

subair said...

enikkum kittanam ente bonus

engane undente............

അതിരുകള്‍/പുളിക്കല്‍ said...

ആശകൊടുത്താലും കിളിയെ ആന കൊടുക്കരുത് (വംശനാശം വന്നുപോകും)

Related Posts Plugin for WordPress, Blogger...