Pages

പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..

May 14, 2012

ചിരിക്കാത്ത എയര്‍ഹോസ്റ്റസും വിറയലും
കൈയിലുള്ളത് ഒറിജിനല്‍ പാസ്‌പോര്‍ട്ട് തന്നെയാണ്. കസ്റ്റംസുകാരുടെ കണ്ണില്‍പെടാതിരിക്കാന്‍ ഒന്നും ഒളിപ്പിച്ചു വെച്ചിട്ടുമില്ല. എന്നാലും വിമാനം നാട്ടിലെ എയര്‍പോര്‍ട്ടില്‍ ഇറങ്ങാറായാല്‍ മല്‍ബുവിനു വിറയല്‍ തുടങ്ങും. എമിഗ്രേഷന്‍ കൗണ്ടറും കടന്ന് ലഗേജ് ശേഖരിച്ച് കസ്റ്റംസുകാരുടെ തുണ്ടു കടലാസും കൈമാറി പുറത്തു കാത്തുനില്‍ക്കുന്ന മല്‍ബിയേയും മക്കളേയും കണ്ടാലേ വിറയല്‍ അവസാനിക്കൂ. പിന്നെ സ്മാര്‍ട്ടാകും. 


പൂച്ചയെ കൊന്നവര്‍ക്കാണ് ഇതുപോലെ വിറയലുണ്ടാവുകയെന്ന് പഴമക്കാര്‍ പറയാറുണ്ട്. പക്ഷെ, പൂച്ചയെ പോയിട്ട് ഒരു എലിയെ പോലും കൊന്നിട്ടില്ല. പിന്നെയുള്ളത് വിറയല്‍ സമ്മാനിക്കുന്ന രോഗമാണ്. അതും വിദൂര സാധ്യത. 


നാട്ടിലെ എയര്‍പോര്‍ട്ടില്‍ മാത്രമെ ഈ പ്രശ്‌നമുള്ളൂ. ജോലി സ്ഥലത്തുനിന്ന് നാട്ടിലേക്ക് പോകാന്‍ വിമാനം കയറുമ്പോഴോ തിരിച്ച് ജോലി സ്ഥലത്തുള്ള എയര്‍പോര്‍ട്ടില്‍ ഇറങ്ങുമ്പോഴോ ഈ അസാധാരണ വിറയലില്ല. 


കുടുംബത്തെ കാണാനുള്ള ഓരോ അവധിക്കാല യാത്രയിലും വിമാനത്തില്‍വെച്ചാണ് ഇത് ആരംഭിക്കുക. എയര്‍ ഇന്ത്യ വിമാനമായാലും സൗദി എയര്‍ലൈന്‍സ് വിമാനമായാലും തഥൈവ. ഇടക്കാലത്ത് നാട്ടിലേക്കുള്ള സര്‍വീസ് നിര്‍ത്തിവെച്ച നാസ് എയറിലും വിറയലിനു ശമനമുണ്ടായിട്ടില്ല. 


വിമാനത്തില്‍ വിതരണം ചെയ്യുന്ന ഡിസ്എംബാര്‍ക്കേഷന്‍ ഫോം മല്‍ബു രണ്ടോ മൂന്നോ എണ്ണം വാങ്ങും. കൂടുതല്‍ ഫോം വാങ്ങിയതിന് ഒരിക്കല്‍ എയര്‍ഹോസ്റ്റസ് വഴക്കു പറഞ്ഞിട്ടുണ്ട്. ചിരിക്കാത്ത ഒരു എയര്‍ഹോസ്റ്റസായിരുന്നു അത്. 


അതില്‍പിന്നെ ഒന്നുവാങ്ങി സീറ്റിന്റെ പോക്കറ്റില്‍ വെച്ച ശേഷമേ മറ്റൊരു എയര്‍ ഹോസ്റ്റസിനുനേരെ കൈ നീട്ടാറുള്ളൂ. ചിരിക്കാത്ത മുഖമുള്ള എയര്‍ഹോസ്റ്റസാണെങ്കില്‍ പുഞ്ചിരി തൂകുന്ന മറ്റൊരു എയര്‍ ഹോസ്റ്റസ് വരുന്നതുവരെ കാത്തുനില്‍ക്കും. 


എന്തിനാ രണ്ടുമൂന്നെണ്ണം വാങ്ങിവെക്കുന്നതെന്ന് അടുത്തിരിക്കുന്ന യാത്രക്കാര്‍ പലപ്പോഴും ചോദിച്ചിട്ടുണ്ട്. വാങ്ങാത്തോരുണ്ടെങ്കില്‍ കൊടുക്കാലോ എന്ന മറുപടിയിലെ സേവന മനഃസ്ഥിതിയില്‍ അവര്‍ നിശ്ശബ്ദരാകും. കൈവിറയലുള്ളതിനാല്‍ മാറ്റി എഴുതാനാണ് കൂടുതല്‍ വാങ്ങുന്നതെന്ന് പറയാനൊക്കില്ലല്ലോ. 


നാട്ടിലേക്കുള്ള വിമാനങ്ങളും എയര്‍പോര്‍ട്ടും എന്നും മല്‍ബുവിന്റെ ശാപത്തിനു കാരണമായിട്ടുണ്ട്. തിരിച്ചുള്ള വിമാനമോ ജോലിസ്ഥലത്തെ എയര്‍പോര്‍ട്ടോ ഒരിക്കലും മല്‍ബുവിനു വിറയല്‍ സമ്മാനിക്കുന്നില്ല. 


തികച്ചും അസാധാരണമെന്നു തോന്നാം. മല്‍ബിയേയും മക്കളേയും കാണാനുള്ള സന്തോഷ യാത്രയിലാണ് കുഴപ്പം. തിരിച്ച് തൊഴിലുടമയുടെ ആട്ടും തുപ്പും സഹിക്കാനെത്തുമ്പോള്‍ കൈവിറയലില്ല, ഒരു കുഴപ്പവുമില്ല. 


വിമാനത്തിനോ എയര്‍പോര്‍ട്ടിനോ എയര്‍ഹോസ്റ്റസിനോ ഒന്നുമല്ല കുറ്റം. 
ഗള്‍ഫിലെ എയര്‍പോര്‍ട്ടില്‍ ഇറങ്ങാനോ വിമാനത്തില്‍ കയറാനോ നിര്‍ബന്ധമില്ലാത്തതും എന്നാല്‍ നാട്ടിലെ എയര്‍പോര്‍ട്ടില്‍ ഇതു രണ്ടിനും ഒഴിച്ചുകൂടാന്‍ പറ്റാത്തതുമായ എംബാര്‍ക്കേഷന്‍ ഫോമാണ് യഥാര്‍ഥ വില്ലന്‍. കുറേക്കൂടി കൃത്യമായി പറഞ്ഞാല്‍, ഫോമല്ല, അതില്‍ ഇടുന്ന ഒപ്പാണ് മല്‍ബുവിന് വിറയല്‍ സമ്മാനിക്കുന്നത്. കാരണം ആ തുണ്ടുകടലാസില്‍ ചാര്‍ത്തുന്നത് മല്‍ബുവിന്റെ സ്വന്തം ഒപ്പല്ല. 


കാല്‍നൂറ്റാണ്ട് മുമ്പെടുത്ത പാസ്‌പോര്‍ട്ട് അപേക്ഷയില്‍ ആരോ ഇട്ട ഒപ്പാണ് മല്‍ബു ഇപ്പോഴും നോക്കി വരക്കുന്നത്. പാസ്‌പോര്‍ട്ട് നോക്കി ഒപ്പ് പകര്‍ത്തി കാലമേറെ പിന്നിട്ടു.  പാസ്‌പോര്‍ട്ട് രണ്ടു തവണ പുതുക്കി. എന്നിട്ടും ഒപ്പ് ശരിയായോ എന്ന ശങ്ക അവസാനിച്ചിട്ടില്ല. ആദ്യ പാസ്‌പോര്‍ട്ടിലെ ഒപ്പ് നോക്കി വരച്ച ഒപ്പാണ് പുതിയ പാസ്‌പോര്‍ട്ടിലുള്ളതെങ്കിലും മനസ്സ് ഇനിയും അത് പൂര്‍ണമായും ഉള്‍ക്കൊണ്ടിട്ടില്ല. 


ആ ഫോം കാണുമ്പോള്‍ ഹൃദയമിടിപ്പ് കൂടും. ഒന്നിലേറെ ഫോം വാങ്ങി പൂരിപ്പിക്കുന്നതും  പൂരിപ്പിക്കുമ്പോള്‍ കൈ വിറയല്‍ തുടങ്ങുന്നതും അതുകൊണ്ടാണ്. 


പാസ്‌പോര്‍ട്ടിലേയും എംബാര്‍ക്കേഷന്‍ ഫോമിലേയും ഒപ്പിലെ വ്യത്യാസം എമിഗ്രേഷന്‍ ഉദ്യോഗസ്ഥന്‍ കണ്ടുപിടിക്കുമോ എന്ന ഭീതിയാണ് ഈ വിറയലിന് ആധാരം. ഉദ്യോഗസ്ഥനു മുന്നില്‍ നേരെ നോക്കാതെ നില്‍ക്കും. 


ഓരോ യാത്രയിലും ആരാന്റെ ഒപ്പിന്റെ പേരിലുള്ള ഈ നെഞ്ചിടിപ്പ് സമ്മാനിച്ചത് പണ്ട് പാസ്‌പോര്‍ട്ട് എടുക്കാന്‍ ഏല്‍പിച്ച ഏജന്റ് കാണിച്ച ചതിയായിരുന്നു. താന്‍ ഒപ്പിട്ടു കൊടുത്ത ഫോമിനു പകരം ഏജന്റ് എന്തിനു സ്വന്തം ഒപ്പിട്ടു പാസ്‌പോര്‍ട്ട് അപേക്ഷ നല്‍കിയെന്നത് മല്‍ബുവിന് ഇപ്പോഴും പ്രഹേളിക. 


പാസ്‌പോര്‍ട്ട് കിട്ടിയില്ലേ? അതൊക്കെ വേണ്ടിവന്നു എന്നു മാത്രമായിരുന്നു ഒരിക്കല്‍ പണ്ടത്തെ ഏജന്റിനെ  പിടിച്ചുവെച്ചു ചോദിച്ചപ്പോള്‍ ലഭിച്ച മറുപടി.  

26 comments:

mini//മിനി said...

യാത്രക്ക് മുൻപ് ഒപ്പ് നോക്കിയിട്ട് കോപ്പിയടിക്കാൻ പഠിക്കട്ടെ,,,നല്ലൊരു വിറയൽ

ജോസെലെറ്റ്‌ എം ജോസഫ്‌ said...

അപ്പോള്‍ അതിലും കാര്യമുണ്ടോ?
കാലു നിലത്തിരയ്ക്കാതെ സ്ട്രക്ചറില്‍ എടുക്കുന്ന ചില അച്ചായന്മ്മാരുടെയൊക്കെ ഒപ്പ്‌ വിറച്ചോ വിറക്കാതെയോ ആണോ എന്ന് ആര്‍ക്കറിയാം.
അതിപ്പം ഫ്ലൈറ്റ് ഇറങ്ങുമ്പോള്‍ ഇത്തിരി അടിമുടി വിറചാലും പേടികൊണ്ടാണ് എന്നാരും തെറ്റിധരിക്കയില്ല അല്ലേ!

sameer thikkodi said...

:)

ente lokam said...

ഉവ്വ് കൈയും കാലും ഒക്കെ വിറയ്ക്കാന്‍ ഓരോ കാരണങ്ങള്‍..എന്നാലും ഈ ഒപ്പിടീല്‍ പല
സ്ഥലത്തും നടക്കുന്ന തരികട ആണ്..അത്യാവശ്യതിനു കാര്യവും നടക്കും..പലപ്പോഴും അതാവും എളുപ്പവും..പിന്നെ വരുന്ന ഓരോ പൊല്ലാപ്പ് ഇങ്ങനെയും...അറിന്ജിരിക്കേണ്ട കാര്യങ്ങള്‍
തന്നെ നര്‍മത്തിലൂടെ അറിഞ്ഞു...ആശംസകള്‍..

ജീ . ആര്‍ . കവിയൂര്‍ said...

ഇത് വലിയ മാനസ്സിക പ്രശന്മാനല്ലോ ഉടനടി ഒരു മന്സത്ര വിദ്ധക്തനെ കാണുക തന്നെ
ചിലപ്പോള്‍ ഇത് വല്ല സിണ്ട്രോം എന്നൊക്കെ അവര് പറഞ്ഞു ഒപ്പിക്കുമോ ഏതായാലും
കൊള്ളാം ഈ വിറയല്‍

Suban Vengara said...

അപ്പൊ വിറയലാണ് പ്രശ്നം , സംഭ്രമം!!!

SHANAVAS said...

അത് ശരി.. വിറയല്‍ ഇപ്പോഴും ഉണ്ടല്ലേ??? ഇനി അത് മാറിക്കൊള്ളും.. ആശംസകളോടെ...

രമേശ്‌ അരൂര്‍ said...

വിറയല്‍ മാറാനുള്ള പാനീയം ഫ്ലൈറ്റില്‍ കിട്ടുമല്ലോ ..:)

കുമാരന്‍ | kumaaran said...

രമേശ് അരൂർ പറഞ്ഞത് പോലെ :)

Jefu Jailaf said...

അന്നേ പറഞ്ഞത് വിരല്‍ മുക്കി പതിച്ചാ മതീന്ന്.. ഇപ്പൊ എന്തായി..:) നന്നായിട്ടുണ്ട്..

ajith said...

മല്‍ബൂ, എന്നാപ്പിന്നെ പാസ്പോര്‍ട്ടിലെ ആരാന്റെ ഒപ്പ് അങ്ങോട്ട് സ്വന്തമാക്കിയാലെന്താ..?

ഷാജു അത്താണിക്കല്‍ said...

പ്യാവം മൽബു, ഇനി പുതിയ പാസ്പോർട്ട് എടിമൊമ്പോൾ ഒപ്പ് മാറ്റാൻ പറ്റൊ എന്നന്വഷികേണ്ടതാണ്

ഹിഹിഹി

പട്ടേപ്പാടം റാംജി said...

ഇതാണ് സ്വന്തമായി ഓരോപ്പില്ലാത്തത്തിന്റെ കുഴപ്പം.

ഐക്കരപ്പടിയന്‍ said...

ഏതു കഫീലിന്റെയും ഓഫീസറുടെയും ഒപ്പുകള്‍ ഒറിജിനലിനെ വെല്ലുന്ന രീതിയില്‍ ചെയ്തു കൊടുക്കുന്ന ശരഫിയ കുബ്രി കെ നിചേ പാസ്പോര്‍ട്ട്‌ അതോറിട്ടിയുടെ കീഴില്‍ രണ്ടു മാസത്തെ കോര്‍സ് എടുക്കൂ....അല്ല പിന്നെ...

Mohamedkutty മുഹമ്മദുകുട്ടി said...

മബുവിന്റെ വിറയല്‍ കൊള്ളാം. സരസമായി പറഞ്ഞ ഇക്കാര്യത്തില്‍ ഗുണ പാഠം ഇല്ലാതില്ല.നമ്മുടെ ഒപ്പു തന്നെ ചിലപ്പോള്‍ പഴയ പോലെ ആവാന്‍ വിഷമിക്കാറുണ്ട്,പ്രത്യേകിച്ച് വല്ലപ്പോഴും മാത്രം ഒപ്പിടേണ്ടി വരുമ്പോള്‍. പിന്നെ പോസ്റ്റില്‍ ചില വാചകങ്ങള്‍ വല്ലാതെ ആവര്‍ത്തിക്കുന്ന പോലെ തോന്നി?.....

Mohamedkutty മുഹമ്മദുകുട്ടി said...

മല്‍ബുവിന്റെ ഒരു എല്ലു എഴുതിയപ്പോള്‍ വിട്ടു പോയതാണ്,മനപൂര്‍വ്വമല്ല.ക്ഷമിക്കണം.

‍ആയിരങ്ങളില്‍ ഒരുവന്‍ said...

പാസ്പോർട്ടിലെ ഒപ്പിന്റെ ഒരു സീൽ ഉണ്ടാക്കി കൈയ്യിൽ വച്ചിരുന്നാൽ പോരെ.. ബുദ്ധിയില്ലാത്ത മൽബു..!!

(പേര് പിന്നെ പറയാം) said...

ഒപ്പിടലാണോ കുപ്പിയാണോ വിറയലിന്റെ യഥാര്‍ത്ഥ കാരണം എന്ന എന്റെ സംശയം ഇനിയും മാറിയിട്ടില്ലല്ലോ...??? :)
ha ha

ഓക്കേ കോട്ടക്കല്‍ said...

വിറയില്ലാതെ ഒരൊപ്പ്..

a.rahim said...

നാട്ടിലെ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വെട്ട് പോത്തിനെ പോലുള്ള നോട്ടം കണ്ടാല്‍ ഏത് മല്‍ബുവും കരുതും ഇത് ഞാന്‍ തന്നെയല്ലേ എന്ന്....... ഏതോ ക്രിമിനല്‍ കേരളത്തിലേക്ക് വരുന്നതു പോലെയാണ് അവരുടെ സമീപനം.....

പിന്നെ മുഹമ്മദ് കാ.........

ഒരെല്ല് കുറഞ്ഞാലും കുഴപ്പമില്ല.... മല്‍ബുവിന് മുമ്പേ ഒരെല്ല് കൂടുതലാണ്....

നിങ്ങള്‍ കോട്ടക്കല്‍ കാര്‍ അല്ലെങ്കിലും എല്ലൂരി കോല് കളിക്കും എന്ന മുദ്രാവാക്യക്കാരാണ്.............


പിന്നെ കൂടുതലും ദുബായ് യാത്രക്കാരുടെ കൈ വിറക്കുന്നതാണ് കാണാറ്........

അതിനു കാരണമെന്താണ് സാര്‍..............

ഒരു ദുബായിക്കാരന്‍ said...

പാസ്‌പോര്‍ട്ടിലെ ഒപ്പ് എന്നെയും വലച്ചിട്ടുണ്ട്..എയര്‍ പോര്‍ട്ടില്‍ അല്ല...ബാങ്കില്‍ ആണെന്ന് മാത്രം...

സഹയാത്രികന്‍ I majeedalloor said...

ഒപ്പ് മാത്രമല്ല, നാട്ടിലേക്കൂള്ള വിമാനം തന്നെ (എയര്‍ ഇന്ത്യ) വിറച്ചുകൊണ്ടാണ്‌ (jerking)പറക്കുന്നത് ആ വിറയല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് പുറത്തിറങ്ങിയാലേ മാറൂ..!

MINI.M.B said...

രസകരമായി ഒപ്പിന്റെ കഥ!

Sidheek Thozhiyoor said...

കാര്യമായോരിടത്ത് ഒപ്പിടുമ്പോള്‍ ചെറിയൊരു വിറ എനിക്കും അനുഭവപ്പെടാറുണ്ട്, കാര്യങ്ങള്‍ സരസമായി പറഞ്ഞു മല്‍ബൂ

kochumol(കുങ്കുമം) said...

ഈ വിറയല്‍ കൊള്ളാം ...:))

എം.അഷ്റഫ്. said...

മല്‍ബുവിന്റെ വിറയല്‍ കാണാനെത്തിയ
മിനി, ജോസെലൈറ്റ്, സമീര്‍, എന്റെ ലോകം, ജി.ആര്‍. കവിയൂര്‍, സുബന്‍ വെങ്ങര, ഷാനവാസ്, രമേശ് അരൂര്‍, കുമാരന്‍, ജെഫു, അജീത്, ഷാജു അത്താണിക്കല്‍, റാംജി, ഐക്കരപ്പടിയന്‍, മുഹമ്മദ് കുട്ടി, ആയിരങ്ങളില്‍ ഒരുവന്‍, പേര് പിന്നെ പറയാം, ഓക്കേ കോട്ടക്കല്‍, എ. റഹീം, ഒരു ദുബായിക്കാരന്‍, സഹയാത്രികന്‍, മിനി എം.ബി, സിദ്ദീഖ് തൊഴിയൂര്‍, കുങ്കുമം അങ്ങനെ കമന്റ് എഴുതിയവര്‍ക്കും എഴുതാത്തവര്‍ക്കുമൊക്കെ നന്ദി.
സ്‌നേഹാദരവോടെ
മല്‍ബുകളില്‍ ഒരുവന്‍.

Related Posts Plugin for WordPress, Blogger...