Pages

പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..

May 27, 2012

ബൂമിനു നന്ദി, മല്‍ബു ഇന്‍
പത്തു മുപ്പതു വര്‍ഷം ഗള്‍ഫില്‍ എല്ലുനീരാക്കിയ മല്‍ബു വീടുവിട്ടിറങ്ങി പള്ളിയില്‍ അഭയം തേടിയപ്പോള്‍ പ്രചരിക്കാത്ത കഥകളില്ല. കൂടുതല്‍ കഥകളിലും മല്‍ബിയും കുട്ടികളുമാണ് പ്രതിസ്ഥാനത്ത്. കുട്ടികളെന്നു പറയുമ്പോള്‍ ജോലിയൊക്കെ നേടി വലിയ സ്ഥാനത്തെത്തിയ മക്കളാണ്. 


വീട്ടില്‍നിന്ന് പുറത്താക്കുന്നവര്‍ക്ക് രാപ്പാര്‍ക്കാനുള്ളതല്ല പള്ളിയെന്ന് ആളുകള്‍ പിറുപിറുത്തു തുടങ്ങി. വീട്ടിലിടമില്ലെങ്കില്‍ പോകാനുള്ള സ്ഥലമാണല്ലോ വൃദ്ധസദനമെന്ന് അവര്‍ പരസ്പരം പറഞ്ഞു. എങ്കിലും ജീവിതത്തിന്റെ സിംഹഭാഗവും മരുഭൂമിയില്‍ പോയി വിയര്‍പ്പൊഴുക്കി നാടണഞ്ഞയാള്‍ക്ക് വന്ന ദുര്‍ഗതിയില്‍ വേദനിക്കുന്നവരുമുണ്ടായിരുന്നു.


സ്വന്തം ഇഷ്ടത്തിന് വീടുവിട്ടിറങ്ങിയതാണെന്ന് കുടുംബക്കാര്‍ പറയുമ്പോള്‍ എന്താണ് കാരണമെന്ന് മല്‍ബു പറഞ്ഞുമില്ല. ആരോടും പരിഭവമില്ലാതെ അടുത്തുള്ള ഹോട്ടലില്‍നിന്ന് ഭക്ഷണവും കഴിച്ച് പള്ളിയില്‍ ചുരുണ്ടു കൂടി. 


ഖത്തീബ് ഉസ്താദിന് നാട്ടിലെ വീടുകളില്‍നിന്ന് പള്ളിയില്‍ എത്തിക്കുന്ന സ്വാദേറിയ ഭക്ഷണത്തില്‍നിന്ന് ഒരിക്കല്‍ പോലും മല്‍ബു കഴിച്ചിട്ടില്ല. ഉസ്താദ് നിര്‍ബന്ധിച്ചാല്‍ പറയും. ഞാനിപ്പം ഹോട്ടലീന്ന് കഴിച്ചതേയുള്ളൂ. 


പള്ളിയില്‍ ഉറങ്ങാന്‍ ഖത്തീബ് ഉസ്താദിന്റെ സപ്പോര്‍ട്ടാണ് മല്‍ബുവിനു തുണ. അയാള്‍ ഉസ്താദിന്റെ ആളാണെന്നു പറയുന്നവരും ആ ബന്ധത്തില്‍ എന്തോ ഉണ്ടെന്ന് സംശയിക്കുന്നവരുമുണ്ട്. അല്ലെങ്കില്‍ നാട്ടുകാരായ ചെറുപ്പക്കാരുടെയൊക്കെ പഴി ഏറ്റുവാങ്ങി ഖത്തീബ് ഉസ്താദ് എന്തിനു മല്‍ബുവിനെ പള്ളിയില്‍ കയറ്റി ഉറക്കണം. 


അങ്ങനെയിരിക്കെയാണ് പുതിയ ഒരു കഥ നാട്ടില്‍ പരന്നത്. മല്‍ബു പള്ളിയില്‍ ഉറങ്ങാന്‍ തലയിണയായി ഉപയോഗിക്കുന്ന സഞ്ചി നിറയെ പണമാണെന്നായിരുന്നു കഥയുടെ ആകത്തുക. 


ആരു വിശ്വസിക്കാനാണ് ഇത്? വീട്ടില്‍നിന്ന് പുറത്താക്കിയ ഒരാള്‍ സഞ്ചിയില്‍ പണം നിറച്ച് തലയ്ക്കടിയില്‍ വെച്ച് ഉറങ്ങുമെന്നത് എങ്ങനെ വിശ്വസിക്കാന്‍ പറ്റും?
എന്നാല്‍ കഥയുടെ ഉറവിടം ഖത്തീബ് ഉസ്താദായതിനാല്‍ വിശ്വസിക്കാതിരിക്കാനും കഴിയില്ല. ഉസ്താദിന്റെ നാട്ടിലെ ഒരു അനാഥ പെണ്‍കുട്ടിയുടെ വിവാഹത്തിന് മല്‍ബു വലിയൊരു തുക നല്‍കി എന്ന വാര്‍ത്ത കൂടി പ്രചരിച്ചു. 


വിവാഹത്തിനു സഹായിച്ചു എന്ന വാര്‍ത്ത സ്ഥിരീകരിക്കാന്‍ മല്‍ബി മക്കളെ അന്നാട്ടിലേക്ക് അയച്ചു. വാര്‍ത്ത ശരിവെക്കുന്നതായിരുന്നു കിട്ടിയ വിവരങ്ങള്‍. ഒരു സാധാരണ യത്തീമിനു നല്‍കുന്ന സഹായം എന്നതിലുപരി അതില്‍ മറ്റൊന്നുമില്ലെന്നും ഖത്തീബ് ഉസ്താദിനെ സാക്ഷിയാക്കി അവര്‍ വിശ്വസിച്ചു. 


എന്നാലും ഇങ്ങനെ കൊടുക്കാന്‍  അങ്ങേരുടെ കൈയില്‍ പണമുണ്ടോ എന്ന മല്‍ബിയുടെ ചോദ്യത്തിന് 
ഖത്തീബ് ഉസ്താദൊന്ന് അമര്‍ത്തി മൂളുക മാത്രം ചെയ്തു.
നിങ്ങളുടെ കൂടെയാണല്ലോ കിടപ്പ്. അതോണ്ട് നിങ്ങള്‍ക്കറിയാലോ തലക്ക് വെക്കുന്ന സഞ്ചിയില്‍ പണമുണ്ടോ എന്ന്. കാണുമായിരിക്കും എന്നു പറഞ്ഞ് ഉസ്താദ് അവിടെ നിന്ന് രക്ഷപ്പെട്ടു. 


മല്‍ബു ഗള്‍ഫില്‍ പോയി സമ്പാദിച്ചതെല്ലാം തന്റെ പേരിലായിരുന്നുവെന്ന് മല്‍ബിക്കറിയാം. 30 വര്‍ഷത്തെ ഗള്‍ഫ് ജീവതത്തില്‍ 15 തവണയാണ് നാട്ടില്‍ വന്നത്. രണ്ടു വര്‍ഷം കൂടുമ്പോള്‍ ഒരു മാസത്തെ അവധി. അത് വേണമെങ്കില്‍ ഇങ്ങനെ കണക്കുകൂട്ടാം. 28 വര്‍ഷത്തെ പ്രവാസ ജീവിതവും ഒന്നേകാല്‍ വര്‍ഷത്തെ കുടുംബ ജീവിതവും. മല്‍ബുവിന് സ്വന്തമായി ബാങ്ക് അക്കൗണ്ട് പോലുമില്ലായിരുന്നു. എല്ലാ മാസവും പണമയക്കുന്നത് മല്‍ബിയുടെ അക്കൗണ്ടില്‍. വീടും പറമ്പും വാങ്ങിയത് മല്‍ബിയുടെ പേരില്‍. വരവും ചെലവുമൊക്കെ സൂക്ഷിച്ചത് മല്‍ബിയും മക്കളുമായിരുന്നു. 


എന്നിട്ടും അനാഥയെ സഹായിക്കാനും തലയിണയാക്കാനും മല്‍ബുവിന് എവിടെനിന്ന് പണം കിട്ടിയെന്നു  പിടികിട്ടുന്നില്ല. വേറെ പണിയൊന്നുമില്ലാത്ത നാട്ടുകാര്‍ കഥകള്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കെ ഒരു ദിവസം ഖത്തീബ് ഉസ്താദിന്റെ വായില്‍നിന്ന് അതു പുറത്തു വന്നു.


ഉച്ചയൂണിനു വന്നതായിരുന്നു ഉസ്താദ്. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ മല്‍ബി ചോദിച്ചു: 
ഓറ് നിങ്ങളുടെ കൂടെ ഭക്ഷണം കഴിക്കാറുണ്ടോ? 
ഓറെന്തിനാപ്പാ നാട്ടുകാരുടെ ചോറു തിന്നുന്നെ. ഇഷ്ടം പോലെ പണമില്ലേ. ഹോട്ടലില്‍നിന്ന് കഴിച്ചാ പോരേ? 
ഓര്‍ക്കേടുന്നാ നമ്മളറിയാത്ത പണം? സ്വത്തെല്ലാം എന്റെ പേരിലായതു കൊണ്ടല്ലേ ഓര്‍ ഇറങ്ങിപ്പോയത്?
അവിടേം ഇവിടേം കൊടുക്കാന്‍ പണം ചോദിച്ചു. ഞാന്‍ കൊടുത്തില്ല. ദേഷ്യം പിടിച്ച് ഇറങ്ങിപ്പോയി. അതാ ഉണ്ടായത്.
അവിടെയാ നിങ്ങള്‍ക്കു തെറ്റിയത് -ഖത്തീബ് ഉസ്താദ് അക്കഥ പറഞ്ഞു. 


മല്‍ബു എല്ലാമൊന്നും കുടുംബക്കാരുടെ പേരിലാക്കിയിട്ടില്ല. ഏതോ ഒരു കൂട്ടുകാരന്‍ മല്‍ബുവിന്റെ ഉപദേശ പ്രകാരം പട്ടണത്തില്‍ കണ്ണായ സ്ഥലത്ത് വാങ്ങിയ സ്ഥലവും കെട്ടിടവും സ്വന്തം പേരിലായിരുന്നു. പത്തിരുപത് വര്‍ഷം മുമ്പ് വാങ്ങിയ അതിന് ഇന്നു കോടികളാണ് വില. അതു വില്‍ക്കാന്‍ തീരുമാനിച്ചു വാങ്ങിയ അഡ്വാന്‍സാണ് മല്‍ബുവിന്റെ കൈയിലുള്ള സഞ്ചിയില്‍. 


ശരിക്കുമുള്ളതാണോ ഉസ്താദേ എന്നു ചോദിച്ചു മല്‍ബി. 
ഉസ്താദ് എന്തിനു കളവു പറയണം. 
മല്‍ബിയും മക്കളും വേറെ വഴിയിലും ഇക്കാര്യം സ്ഥിരീകരിച്ചു. മൊത്തത്തില്‍ നോക്കിയാല്‍ വലിയ നഷ്ടമാണ് വന്നുചേര്‍ന്നിരിക്കുന്നത്. കുടുംബത്തിന് അവകാശപ്പെട്ട കോടികളാണ് മല്‍ബു അമ്മാനമാടുന്നത്. 


മല്‍ബുവിനെ എങ്ങനെയെങ്കിലും തിരികെ വീട്ടിലെത്തിക്കാനായ ആലോചന. 
അങ്ങനെ മാധ്യസ്ഥ്യത്തിനായി ഉസ്താദിന്റെ സഹായം തേടി. 
വീട്ടിലേക്ക് മടങ്ങാന്‍ മല്‍ബു ഒറ്റ ഡിമാന്റേ വെച്ചുള്ളൂ.
എല്ലാ സ്വത്തുക്കളും എന്റെ പേരിലേക്ക് മാറ്റണം.
മല്‍ബിയും മക്കളും കൂടിയാലോചിച്ചു. കൂട്ടിക്കിഴിച്ചപ്പോള്‍ പട്ടണത്തിലെ വസ്തു വിറ്റു കിട്ടുന്ന കോടികള്‍ തന്നെയാണ് കൂടുതല്‍. 
ബുദ്ധിമതിയായ മല്‍ബി എല്ലാ സ്വത്തുക്കളും ഭര്‍ത്താവിന്റെ പേരിലേക്ക് മാറ്റി എഴുതി. റിയല്‍ എസ്റ്റേറ്റ് ബൂമിനു നന്ദി പറഞ്ഞു കൊണ്ടു മല്‍ബു വീട്ടിലേക്ക് മടങ്ങുകയും ചെയ്തു.


24 comments:

mini//മിനി said...

കലക്കിയിട്ടുണ്ട്,,,

.ഒരു കുഞ്ഞുമയില്‍പീലി said...

റിയല്‍ എസ്റ്റേറ്റ്‌റ്റിന്റെ കൈകള്‍ പിടിമുറുക്കട്ടെ ,ജീവിതം തിളങ്ങട്ടെ ഇന്നിന്റെ നേര്‍കാഴ്ച .ആശംസകള്‍

ajith said...

എങ്ങിനെയായാലും ഇന്‍ ആയല്ലോ. പിന്നേം ഔട്ട് ആകാതെ ഇരുന്നാല്‍ മതിയാരുന്നു. (ഇത് വെറും ഭാവനയോ റിയല്‍ സ്റ്റോറിയോ?)

Nasar Mahin said...

അഷ്‌റഫ്‌ ഭായ്...സാമൂഹ്യ വിപത്തായി മാറികൊണ്ടിരിക്കുന്ന ഒരു ആനുകാലിക വിഷയത്തെ നര്‍മം കലര്‍ത്തി നന്നായി അവതരിപ്പിച്ചിരിക്കുന്നു! കുറച്ച്‌ കൂടി പൊടിപ്പും തൊങ്ങലും ചേര്‍ത്ത് ഇനിയും ആകര്‍ഷണീയ മാക്കാമായിരുന്നു. പര്യവസാനത്തിന് കുറച്ച്‌ കൂടി ക്ലൈമാക്സ്‌ ആകാമായിരുന്നു.

anupama said...

പ്രിയപ്പെട്ട അഷ്‌റഫ്‌,
പണമില്ലാത്തവന്‍ പിണം എന്ന സത്യം ഈ പോസ്റ്റിലൂടെ വീണ്ടും തെളിയുന്നു.
നന്നായി എഴുതി....! പ്രിയതമയായാലും മക്കളായാലും സ്വന്തം പേരില്‍ ഒന്നും സമ്പാദിക്കാതെ, ധനം കൊടുക്കരുത്. നേരിന്റെ ഈ നേര്‍ക്കാഴ്ച സമൂഹത്തില്‍ പതിവാണ്.
ആശംസകള്‍ !
സസ്നേഹം,
അനു

തിര said...

നഷ്ടപ്പെട്ടത് തിരിച്ചു കിട്ടി.....ഇനി സൂക്ഷിച്ചോ?
ആശംസകള്‍ ....

മുകിൽ said...

അപ്പോ മല്‍ബുവിനു ബുദ്ധിയുമുണ്ടല്ലേ!

ജിത്തു said...

ഇത് വെറും കഥ മാത്രമാകാന്‍ വഴിയില്ല
ഇതുപോലൊരു സംഭവം ഈ അടുത്തകാലത്ത്
ഞങ്ങളുടെ നാട്ടില്‍ നടന്നിരുന്നു , മുപ്പത്തിയഞ്ചു വര്‍ഷത്തെ
പ്രവാസജീവിതത്തില്‍ സംഭാദിച്ചത് ഒക്കെ തന്റെ മല്‍ബിയുടെ
പേരില്‍ ഒടുവില്‍ പ്രവാസ ജീവിതം അവസാനിപ്പിച്ച്
നാട്ടിലെത്തിയ മല്‍ബുവിന് പുല്ലുവില
ഒടുവില്‍ കോടതിയുടെ സഹായം തേടേണ്ടി വന്നു മല്‍ബുവിന്

ഇപ്പോള്‍ ഈ മല്‍ബു തന്നെ വഞ്ചിച്ച മല്‍ബിയെ മൊഴി ചൊല്ലി
മറ്റൊരു നിക്കാഹ് കഴിച്ച് സ്വസ്തമായ വാര്‍ദ്ധ്യക്ക്യ ജീവിതം നയിക്കുന്നു

പ്രഭന്‍ ക്യഷ്ണന്‍ said...

ഈ മല്‍ബുക്കഥ ഇഷ്ട്ടായീട്ടോ.
ഹിതുപോലെ, തിരിച്ചുപിടിക്കാന്‍ നമുക്കൊന്നുമില്ലല്ലോ എന്നോര്‍ക്കുമ്പളാ..ഒരു വിഷമം..!
ആശംസകളോടെ..പുലരി

subanvengara-സുബാന്‍വേങ്ങര said...

കാര്യമാത്ര പ്രസക്തം

sameer thikkodi said...

TRUE !!!

MyDreams said...

ഒന്ന്‍ ഒന്നര പുദ്ധി ..സമതികണം

ente lokam said...

മല്ബുവിന്റെ പിടി വള്ളി..!!!
ഒരു തരത്തില്‍ രക്ഷപ്പെട്ടു അല്ലെ??

ഇതൊരു പാഠം ആണ്..പലരും പഠിക്കാന്‍
മറന്ന പാഠം...നന്നായി എഴുതി..അഭിനന്ദനങ്ങള്‍..

ഷാജു അത്താണിക്കല്‍ said...

ഈ മൽബുവിന്റെ ഒരു കാര്യം

a.rahim said...

ശരിയാണ് ഇങ്ങിനെ പുറത്തായ കഥകള്‍ എല്ലാ നാട്ടിലും ഉണ്ടാവും. എനിക്കും നേരിട്ടു തന്നെ അറിയാം......... വര്‍ഷങ്ങളുടെ പ്രവാസ ജീവിതത്തിലെ സമ്പാദ്യവും വീടടക്കം മല്‍ബിയുടെ പേരില്‍ എഴുതിക്കൊടുത്ത പ്രവാസിയുടെ ചരിത്രം. പക്ഷേ എന്റെ നാട്ടിലെ ചരിത്രത്തിലെ വ്യത്യാസം അവസാനം ഇന്‍ ആയി... അത് ഇതിലെ മല്‍ബുവിനെ പോലെ രാജാവായല്ല...... മല്‍ബിയുടെ അടിയും കാലും പിടിച്ച് വീട്ടിലേക്കു കയറിപ്പറ്റുകയായിരുന്നു............. കൈയില്‍ വില്‍ക്കാന്‍ പീടിക റൂമുകളൊന്നും ഉണ്ടായിരുന്നില്ല അയാള്‍ക്ക്............

സത്യം പച്ചത്തത്ത പോലെയുള്ള സത്യം.................
ഈ മല്‍ബിച്ചിമാരുടെ ഒരു കാര്യം.

Mohamedkutty മുഹമ്മദുകുട്ടി said...

ഇതൊരു പാഠമാവട്ടെ,എല്ലാ മല്‍ബുമാര്‍ക്കും.ജീവിതത്തില്‍ സമ്പാദിച്ചതൊക്കെയും നാട്ടിലയച്ച് തിരിച്ചു വന്ന് ചുറ്റിത്തിരിയുന്ന മല്‍ബുമാരെയും കണ്ടിട്ടുണ്ട്.ഇത്രത്തോളമില്ലെങ്കിലും അല്പമെന്തെങ്കിലും കരുതി വെക്കുന്നത് നല്ലതാണ്, വാര്‍ദ്ധക്യത്തില്‍ ഉപകരിച്ചേക്കും.ഞാനിതിനെ വെറും മല്‍ബുക്കഥയായി തള്ളുന്നില്ല.

ഫൈസല്‍ ബാബു said...

. അത് വേണമെങ്കില്‍ ഇങ്ങനെ കണക്കുകൂട്ടാം. 28 വര്‍ഷത്തെ പ്രവാസ ജീവിതവും ഒന്നേകാല്‍ വര്‍ഷത്തെ കുടുംബ ജീവിതവും.....
-----------------------
ഒരു കണക്കെടുപ്പ് നടത്തിയാല്‍ ഇത് തന്നെ എല്ലാവരുടെയും സ്ഥിതി ....

മുസാഫിര്‍ said...

മല്‍ബു ആള് കൊള്ളാമല്ലോ...!
മല്ബിയും..!!

കുമാരന്‍ | kumaaran said...

മൽബു പുലിയായിരുന്നല്ലേ.. :)

SHANAVAS said...

സത്യം പറഞ്ഞാല്‍ എല്ലാ പ്രവാസികളും ശ്രദ്ധിക്കേണ്ട ഒരു കാര്യം ആണ് മല്ബു ചെയ്തത്.. കലക്കി..

Raihana said...

റിയല്‍ ആണോ ഏതായാലും നന്നായിട്ടുണ്ട്

എം.അഷ്റഫ്. said...

ഇതൊരു റിയല്‍ സംഭവം തന്നെയാണ്.
ഒട്ടുമിക്ക മല്‍ബുകഥകളിലും അനുഭവങ്ങളുടെ സാക്ഷ്യമുണ്ട്. ഓരോ മല്‍ബുവും ഒരായിരം അനുഭവങ്ങള്‍ പേറിയാണ് ഈ മണല്‍ക്കാടുകളില്‍ കഴിയുന്നത്.
ചിലരത് പങ്കുവെക്കന്നു, മറ്റുള്ളവര്‍ കടിച്ചമര്‍ത്തുന്നു.
കാണാനെത്തിയ എല്ലാവര്‍ക്കും നന്ദി.
മിനി, മയില്‍പീലി, അജിത്ത്, നാസര്‍, അനുപമ, തിര,മുകില്‍, ജിത്തു, പ്രഭന്‍,സുബാന്‍വേങ്ങര, സമീര്‍, മൈ ഡ്രീംസ്, എന്റെ ലോകം, ഷാജു, റഹീം, മുഹമ്മദ് കുട്ടി, ഫൈസല്‍ ബാബു, മുസാഫിര്‍, കുമാരന്‍, ഷാനവാസ, റെയ്ഹാന- നിങ്ങളുടെയൊക്കെ നിര്‍ദേശങ്ങള്‍ക്കും കമന്റ്‌സിനും ഒത്തിരിയൊത്തിരി നന്ദി.
സ്‌നേഹത്തോടെ
അഷ്‌റഫ്

ശ്രീജിത്ത് മൂത്തേടത്ത് said...

നന്നായി അഷ്റഫ്...
മല്‍ബു ഇന്‍....

MINI.M.B said...

ഒട്ടും നിരാശപ്പെടുത്തിയില്ല...

Related Posts Plugin for WordPress, Blogger...