Pages

പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..

April 30, 2013

കാണാതായ ഫോണ്‍
കവലയിലെ ചതുരപ്പെട്ടിയില്‍ നിറഞ്ഞ പ്ലാസ്റ്റിക് സഞ്ചികള്‍ക്കിടയില്‍ നീളമുള്ള വടി കൊണ്ട് കുത്തിത്തിരയുകയായിരുന്നു ഹൈദ്രോസ് മല്‍ബു. കൂട്ടുവന്നയാള്‍ മാത്രമല്ല, വേറെയുമുണ്ട് കാഴ്ചക്കാര്‍

മാലിന്യക്കൂമ്പാരത്തില്‍നിന്ന് ജീവിതം കണ്ടെത്തുന്ന ഒടിഞ്ഞുകുത്തി വീഴാറായ സ്ത്രീയുടെ കണ്ണുകളില്‍ പുതുമുഖത്തെ കണ്ട വിസ്മയം. ഇയാളൊന്ന് മാറിയിട്ടുവേണം അവര്‍ക്ക് പെപ്‌സി കാനുകള്‍ തപ്പിയെടുത്ത് അടുത്ത പെട്ടി ലക്ഷ്യമാക്കി നീങ്ങാന്‍. അവരുടെ ഭാണ്ഡത്തില്‍ കിടന്ന് കുഞ്ഞ് കരയുന്നുമുണ്ട്.

മാലിന്യ സഞ്ചികളെ നോവിക്കാതെ സാത്വിക ഭാവത്തോടെ ഓരോന്നിലും കുത്തി നോക്കുന്ന വി.ഐ.പിക്ക് വിലപിടിച്ചതെന്തോ നഷ്ടപ്പെട്ടിരിക്കുന്നുവെന്ന് പിടികിട്ടിയ സമീപത്തെ ഫ്‌ളാറ്റിലെ കാവല്‍ക്കാരനും കണ്ണെടുക്കാതെ നോക്കുന്നുണ്ട്. അയാളൊരു മല്‍ബു അല്ലാത്തതുകൊണ്ട് അടുത്തെത്തി ഇടപെട്ടില്ലെന്നേയുള്ളൂ.

പണ്ടൊരു മല്‍ബുവിന് കളഞ്ഞുപോയ അഞ്ച് പവന്‍ സ്വര്‍ണമാല ഇതുപോലൊരു മാലിന്യപ്പെട്ടി തിരികെ സമ്മാനിച്ചപ്പോള്‍ ബ്രോസ്റ്റ് വാങ്ങി ആഘോഷിച്ച കഥ മല്‍ബു പാട്ടുകളിലൊന്നാണ്. നാട്ടില്‍ പോകാനുള്ള പെട്ടി കെട്ടുന്നതിനിടയിലാണ് സാധനങ്ങളുടെ കവറുകള്‍ വാരിക്കെട്ടി കളഞ്ഞപ്പോള്‍ മല്‍ബിക്കായി വാങ്ങിയ മാല അതില്‍പെട്ടത്. മാലിന്യപ്പെട്ടിയുടെ സ്ഥിരം അവകാശികള്‍ എത്തുന്നതിനുമുമ്പ് തന്നെ മല്‍ബു ചാടിപ്പോയി മറ്റൊന്നും ആലോചിക്കാതെ കൈയിട്ട് തെരഞ്ഞതു കൊണ്ടാണ് കൂട്ടുകാര്‍ക്ക് ബ്രോസ്റ്റ് വാങ്ങിക്കൊടുക്കാന്‍ വിധിയുണ്ടായത്.
ഇയാളിതിങ്ങനെ സഞ്ചിക്ക് നോവാതെ വടി കൊണ്ടു കുത്തിയാല്‍ എങ്ങനെ കളഞ്ഞുപോയ സാധനം  കിട്ടുമെന്ന് ആലോചിക്കുകയായിരുന്നു കൂട്ടുവന്ന നാണി മല്‍ബുവും അതുപോലെ കാഴ്ച കാണുകയായിരുന്ന കാവല്‍ക്കാരനും.

സഹികെട്ട കാവല്‍ക്കാരന്‍ അടുത്തുവന്ന് ചോദിച്ചു.
എന്താ കളഞ്ഞുപോയത്?
ഫോണ്‍.

അതിനാണോ ഇങ്ങനെ കുത്തിമലര്‍ത്തുന്നത്. മുറിയില്‍ പോയി വേറൊരു ഫോണില്‍നിന്ന് അടിച്ചു നോക്കൂ. ഇവിടെ ഉണ്ടോയെന്ന് അപ്പോള്‍ അറിയാം. അയാള്‍ വിജ്ഞാനം വിളമ്പി.

നാണി മല്‍ബുവിന് അപ്പോഴൊരു സംശയം. അതെന്തിനാ റൂമില്‍ പോയി തന്നെ വേറൊരു മൊബൈലില്‍നിന്ന് അടിക്കുന്നത്. റിംഗ് ചെയ്യുമ്പോള്‍ ഇയാള്‍ക്ക് അടിച്ചുമാറ്റാനായിരിക്കും. രണ്ടു മുഴം അപ്പുറത്ത് ചിന്തിക്കാന്‍ ശേഷിയുള്ള അയാള്‍ സ്വന്തം ഫോണെടുത്ത് നീട്ടി.
ഇതാ ഇതീന്ന് ഡയല്‍ ചെയ്തു നോക്കൂ.
ഡയല്‍ ചെയ്തപ്പോള്‍ റിംഗ് ചെയ്യുന്നുണ്ട്.
മൂവരും ചതുരപ്പെട്ടിയിലേക്ക് കാതോര്‍ത്തു. റിംഗ് ചെയ്യുന്നുണ്ടെങ്കിലും ശബ്ദം കേള്‍ക്കുന്നില്ല. ഒന്നുകൂടി ചെവിവട്ടം പിടിച്ച കാവല്‍ക്കാരന്‍ പറഞ്ഞു.
ഇതിലില്ല. ഉറപ്പാണ്.

പിന്നെയും പിന്നെയും ഡയല്‍ ചെയ്തപ്പോള്‍ അങ്ങേത്തലക്കല്‍ ഒരാള്‍ ഉറക്കച്ചടവില്‍ ഫോണെടുത്തെങ്കിലും കാര്യം പറയുംമുമ്പേ ഫോണ്‍ കട്ടായി.
ഇതോടെ രണ്ടു കാര്യങ്ങള്‍ ഉറപ്പായി.

ആളുകള്‍ പറഞ്ഞതു പോലെ ഹൈദ്രോസ് മല്‍ബു ഫോണ്‍ എവിടെയെങ്കിലും കൊണ്ടുവെച്ചിട്ടില്ല, ഭക്ഷണം കഴിക്കുന്ന സ്ഥലത്തുവെച്ച ഫോണ്‍ ചുരുട്ടിക്കൂട്ടി വേസ്റ്റ് സഞ്ചിയില്‍ തിരുകിയിട്ടില്ല.
ആരോ ഫോണ്‍ അടിച്ചുമാറ്റിയിരിക്കുന്നുവെന്നാണ് സ്ഥിരീകരിക്കപ്പെട്ടത്. പക്ഷേ, കള്ളനാണെങ്കില്‍ ഫോണ്‍ ഓഫ് ചെയ്യേണ്ട സമയം കഴിഞ്ഞിരിക്കുന്നു. പക്ഷേ ഇത് ഇപ്പോഴും റിംഗ് ചെയ്തു കൊണ്ടേയിരിക്കുന്നു.

സസ്‌പെന്‍സ് അധികനേരം നീണ്ടുപോയില്ല.
മെസ് ഹാളില്‍നിന്ന് മാലിന്യക്കൂമ്പാരങ്ങളിലേക്ക് നീണ്ടുപോയ തെരച്ചിലിനും സംശയങ്ങള്‍ക്കും പരിഹാരമുണ്ടാക്കി ഒരു വിദ്വാന്‍ പ്രത്യക്ഷപ്പെട്ടു.
മൊയ്തു.
കളഞ്ഞുപോയ ഫോണ്‍ അയാളുടെ കൈയിലുണ്ട്.
പതിവുപോലെ മെസ് ഹാളില്‍നിന്ന് ഭക്ഷണം കഴിച്ചുപോയ മൊയ്തു ഉറങ്ങാന്‍ കിടന്നതായിരുന്നു. നിദ്രയിലാണ്ട അയാള്‍ക്കു സമീപം ഫോണ്‍ റിംഗ് ചെയ്തപ്പോള്‍ സഹമുറിയനായ മല്‍ബു അതെടുത്ത് സൈലന്റാക്കി.

ഹൈദ്രോസ് മല്‍ബു മറ്റൊരാളുടെ ഫോണില്‍നിന്ന് വീണ്ടും വീണ്ടും റിംഗ് ചെയ്തു.
ഉറക്കമുണര്‍ന്ന മൊയ്തു ഫോണില്‍ താന്‍ ഫീഡ് ചെയ്തതു പോലെയല്ലല്ലോ  പേരു കാണിക്കുന്നതെന്ന് ആലോചിച്ച് കണ്ണുകള്‍ ഒന്നകൂടി തിരുമ്മി.

കോണ്‍ടാക്ട് ലിസ്റ്റില്‍ ഒരേ പേരുതന്നെ പലവിധമാണ് പലരും സേവ് ചെയ്യുക. മുഹമ്മദ് കുഞ്ഞി എന്ന പേരിനു പകരം കുഞ്ഞി മതി. ബഹുമാനം പ്രകടപ്പിക്കണമെങ്കില്‍ കുഞ്ഞിക്ക എന്നാക്കാം. കുഞ്ഞും ഇക്കയും വിരുദ്ധമാണെങ്കിലും കുഞ്ഞിക്ക കേള്‍ക്കാനും രസം. മുഹമ്മദിനു ശേഷം കുഞ്ഞി എന്നുള്ളതിനാല്‍ പഴഞ്ചന്‍ പേരായോ എന്ന് സംശയിച്ച ഒരാള്‍ കുഞ്ഞിയെ അറബിവല്‍ക്കരിച്ച് സഗീര്‍ എന്നാക്കിയ കഥയുണ്ട്.

മൊയ്തു പേരിലെ മറിമായത്തെ കുറിച്ച് ആലോചിക്കുമ്പോഴാണ് മെസ് ഹാളില്‍നിന്ന് ഹൈദ്രോസിന്റെ ഫോണ്‍ നഷ്ടപ്പെട്ട വാര്‍ത്തയുമായി കൂട്ടുകാരന്‍ എത്തിയത്. നോക്കിയപ്പോള്‍ മൊയ്തുവിന്റെ കയ്യിലുള്ളതുപോലെ മറ്റൊരു ഫോണ്‍ തൊട്ടപ്പുറത്ത് വിശ്രമിക്കുന്നു.
ആരേയും പഴിക്കേണ്ട. ഫോണ്‍ എടുക്കാതെ ഭക്ഷണത്തിനുപോയ മൊയ്തു തന്റേതാണെന്ന് കരുതി അവിടെ കിടന്നിരുന്ന ഫോണ്‍ എടുത്തു മടങ്ങിയതായിരുന്നു.

ഫോണിനുവേണ്ടി മാലിന്യപ്പെട്ടി തപ്പാന്‍ പോയ ഹൈദ്രോസിനെ പെട്ടിയുടെ അവകാശിയായ ഒരു സ്ത്രീ  വിരട്ടിയെന്നത് നാട്ടിലെ നോക്കുകൂലിക്ക് സമാനമായി  കൂട്ടുകാര്‍ പ്രചരിപ്പിച്ച മറ്റൊരു കഥ.

14 comments:

ajith said...

എന്തായാലും ഫോണ്‍ കിട്ടീല്ലോ

കുഞ്ഞൂസ്(Kunjuss) said...

മിക്കവാറും എല്ലാവർക്കും സംഭവിക്കുന്ന ഈ മണ്ടത്തരം നന്നായി അവതരിപ്പിച്ചു...

Mohamedkutty മുഹമ്മദുകുട്ടി said...

തികച്ചും സ്വാഭാവികം,സംഭവിക്കാവുന്നതു തന്നെ. ഇവിടെ നാട്ടിലായാലും...

Vp Ahmed said...

മണ്ടത്തരം

mini//മിനി said...

kannur കലക്ട്രേറ്റിൽ ജോലി ചെയ്യുന്ന എന്റെ ബന്ധുവിന്റെ മൊബൈൽ കാന്റീനിൽ അശ്രദ്ധമായി വെച്ചത് കണ്ടപ്പോൾ ഒരു സഹപ്രവർത്തകൻ എടുത്ത് ഒളീപ്പിച്ചു. ചായകുടിച്ച് പോകാൻ നേരത്ത് സ്വന്തം മൊബൈൽ കാണാതെ അന്വേഷണമായി, പരാതിയായി. അങ്ങനെ അവിടെയുള്ള പോലീസുകാർ വന്ന് കലക്ട്രേറ്റ് വളപ്പിൽ കൂലിപ്പണി എടുക്കുന്ന അന്യസംസ്ഥാന തൊഴിലാളികളെ വെയിലത്ത് നിർത്തി പരിശോധന ആയി. സംഗതി കൈവിട്ടുപോയി എന്ന് മനസ്സിലാക്കിയ സുഹൃത്ത് മൊബൈൽ ഉടമയുടെ മേശപ്പുറത്ത് മറ്റാരും കാണാതെ വെച്ചു. ഒരു വർഷം മുന്ന്പ് നടന്നത്,,

കൊമ്പന്‍ said...

ബാച്ചിലേര്‍സ് നു ഇടയിലെ പതിവ് മണ്ടത്തരം ഹഹഹ്

ഷാജു അത്താണിക്കല്‍ said...

ഹിഹി ഈ മൽബുവിന്റെ ഒരു കാര്യം...............

Echmukutty said...

മല്‍ബുവേ..കാര്യം കഷ്ടമാണല്ലോ...

mydreams. Tly said...
This comment has been removed by the author.
mydreams. Tly said...

athra kandu angu eshiyilla

ente lokam said...

The truth alle??!!!

a.rahim said...

പെട്ടിയുടെ അവകാശിയുടെ സമയം നഷ്ടപ്പെടുത്തിയതിനും തന്റെ സാമ്രാജ്യം മറ്റൊരാള്‍ പിടിച്ചടക്കിയോ എന്ന കുറച്ചു നേത്തെ ബേജാറിനും എല്ലാത്തിനും കൂടെ ഹൈദ്രോസ് ഒരു സംഖ്യ നഷ്ടപരിഹാരം സ്ത്രീക്ക് കൊടുത്ത് തടികേടാവാതെ രക്ഷപെട്ടെന്നും വാര്‍ത്ത.

Akbar said...

ഫോണ്‍ പോയാൽ മാലിന്യ പെട്ടിയിലും തപ്പും മൽബു :)

പോസ്റ്റിലെ നർമ്മം ആസ്വദിക്കുമ്പോഴും ഇതിലെ ഇത്തിരി കാര്യങ്ങൾ കാണാതെ പോകുന്നില്ല.

രസകരമായ അവതരണം

kochumol(കുങ്കുമം) said...

മിക്കവാറും പറ്റുന്ന അബദ്ധം ..:)

Related Posts Plugin for WordPress, Blogger...