Pages

പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..

December 4, 2011

ഹൃദയത്തിന്റെ ചോപ്പ്


പത്രം താഴെ വെക്കണ്ടായോ. ചോപ്പന്‍.
ചോപ്പനെന്ന വിളി അത്ര രസിച്ചിട്ടില്ലെങ്കിലും മല്‍ബു സംയമനം പാലിച്ചു. ചിലര്‍ അങ്ങനെയാണ്. കേള്‍ക്കുന്നയാളെ അത് എങ്ങനെ ബാധിക്കുമെന്നൊന്നും ചിന്തിക്കില്ല. എന്തും വിളിച്ചു പറയും. ആത്മ സംഘര്‍ഷത്തിലകപ്പെട്ട ഒരാള്‍ക്ക് മുന്നില്‍ ഫലിതം വിളമ്പി സ്വയം പൊട്ടിച്ചിരിക്കും. 


കമ്യൂണിസ്റ്റുകാരനയതുകൊണ്ട് വന്നുചേര്‍ന്നതല്ല  ചോപ്പനെന്ന ഇരട്ടപ്പേര്. വിദേശ തൊഴിലാളികളെ നിലനിര്‍ത്തണമെങ്കില്‍ ഇനിയും സ്വദേശി അനുപാതം പൂര്‍ത്തീകരിക്കാത്ത സ്‌പോണ്‍സര്‍ക്ക് കീഴിലായതുകൊണ്ട് വന്നുചേര്‍ന്ന നാമമാണ്.
ജീവിതം ചുവന്ന ചുഴിയിലകപ്പെട്ട മല്‍ബുവിന്റെ മനസ്സിലിപ്പോള്‍ നാടും വീടും പ്ലസ് ടുവിനു പഠിക്കുന്ന മകളുമാണ്. പരമാവധി പിടിച്ചുനില്‍ക്കണമെന്ന ആഗ്രഹമാണ് പൊലിയാന്‍ പോകുന്നത്.
 

പ്രവാസ ജീവിതം തുടരാനും അവസാനിപ്പിക്കാനും വിധിക്കപ്പെട്ടവരുടെ നിറഭേദങ്ങള്‍ കംപ്യൂട്ടറിലുണ്ട്. അതു നോക്കി ചുകപ്പിലാണല്ലോ എന്നു മറ്റൊരു മല്‍ബു പറഞ്ഞതിനുശേഷം  ഉറങ്ങാന്‍ കഴിഞ്ഞിട്ടില്ല. കഫീല്‍ അതിനൊക്കെ വഴി കണ്ടെത്തുമെന്ന് മറ്റുള്ളവര്‍ ആശ്വാസം കൊള്ളുമ്പോഴും മാസം കണക്കാക്കി പണം എണ്ണിവാങ്ങുന്ന കൂലിക്കഫീലിനെ മല്‍ബുവിന് ഒട്ടും വിശ്വാസം പോരാ. ഇനി ചുകപ്പ് മറികടന്ന് പുതുക്കിക്കിട്ടിയാല്‍ പോലും ശമ്പളം മുഴുവന്‍ അയാള്‍ക്ക് നല്‍കേണ്ടി വരുമെന്ന് ഉറപ്പ്.
 

പത്രം അരിച്ചുപെറുക്കിയ മല്‍ബു നിരാശനായി. മലവെള്ളം പോലെ മുല്ലപ്പെരിയാര്‍ വാര്‍ത്തകളുണ്ടെങ്കിലും ഉറക്കമില്ലാ രാവുകള്‍ സമ്മാനിച്ചിരിക്കുന്ന ചോപ്പിനെ കുറിച്ച് ഒന്നുമില്ല. അതേക്കുറിച്ച് ആശങ്കപ്പെടേണ്ട പ്രവാസികളുടെ പോലും ആധി, പൊട്ടുമെന്നും പൊട്ടില്ലെന്നും പറഞ്ഞവര്‍ തന്നെ മാറ്റിപ്പറയുന്ന ഡാം.
 

മല്‍ബു ഒരു പത്രവായനക്കാരനായിരുന്നില്ല. നാട്ടില്‍ പത്രം കിട്ടാഞ്ഞാല്‍ എരിപൊരി കൊണ്ട നാളുകള്‍ ഉണ്ടായിരുന്നുവെങ്കിലും പ്രവാസ ജീവിതത്തിലേക്ക് എടുത്തെറിയപ്പെട്ടപ്പോള്‍ പലതിനോടൊപ്പം  ആ ശീലവും ഉപേക്ഷിച്ചു.
 

പക്ഷേ, മല്‍ബുകളുടെ കൂട്ടത്തിലുള്ള ഒരു അന്തേവാസിയെന്ന നിലയില്‍ കൂട്ടുസംരംഭങ്ങള്‍ക്ക് എതിരു നിന്നിട്ടില്ല. രുചിഭേദമുണ്ടായിട്ടും മെസ്സില്‍ ചേര്‍ന്നു. 

മെസ്സ് ഫണ്ടില്‍ ഉള്‍പ്പെടുത്തി വാങ്ങുന്ന പത്രം അന്തേവാസികള്‍ എല്ലാവരും വായിക്കണമെന്നില്ല. വായിച്ചാലും ഇല്ലെങ്കിലും തക്കാളിയും ഖുബ്‌സും പോലെ പത്രച്ചെലവിന്റെ ഒരു വിഹിതവും കൊടുത്തേ മതിയാകൂ. വെറുതെ കിട്ടുന്ന ടി.വിയുണ്ടല്ലോ, പിന്നെന്തിനാ പത്രം എന്നൊന്നും പറയാനൊക്കൂല. 

ഇഷ്ടമുള്ളവര്‍ക്ക് വായിക്കാം. അല്ലാത്തവര്‍ക്ക് ടി.വിയില്‍ നോട്ടമിട്ടിരിക്കാം. അക്ഷരങ്ങളിലൂടെ കണ്ണ് പോലും ചലിപ്പിക്കാന്‍ ഇഷ്ടമില്ലാത്ത മടിയന്മാരായി മാറാം.
പത്രത്തിനുകൂടി ഷെയര്‍ നല്‍കുന്ന വായനക്കാരല്ലാത്തവര്‍ക്കും ദുഃഖിക്കാനില്ല. അങ്ങനെയുള്ളവര്‍ക്കും ലാഭമില്ലാതില്ലെന്നു വേണം പറയാന്‍. പത്രം തീന്‍മേശയില്‍ വിരിച്ച് ഭക്ഷണം കഴിക്കാം. ശേഷം ചുരുട്ടിക്കൂട്ടി വേസ്റ്റ് ബാസ്കറ്റിലിട്ടാല്‍ മേശ ക്ലീന്‍ ചെയ്യുന്ന സമയം ലാഭം. നടു മടങ്ങുകയും വേണ്ട. മന്തിച്ചോറ് വാങ്ങുമ്പോള്‍ കിട്ടുന്ന പ്ലാസ്റ്റിക്കില്‍ തട്ടി ഭക്ഷിച്ചാല്‍ പിന്നെയും ലാഭം. പാത്രം കഴുകാന്‍ കൂടി മിനക്കെടേണ്ട.
മുറിയില്‍ പത്രമുള്ളത് കൊണ്ടു വേറേയുമുണ്ട് മെച്ചം. സന്ദര്‍ശനാര്‍ഥം എത്തുന്ന ഗസ്റ്റുകളുടെ വസ്ത്രത്തില്‍ അഴുക്ക് പുരളാതെ നോക്കാം. ഗസ്റ്റ് വന്നിരുന്ന് മേശമേല്‍ കൈവെക്കുന്നതിനു മുമ്പ് പത്രം വിരിച്ചു കൊടുത്താല്‍ മതി.
ദേ ഒരു മിനിറ്റ്. ഇതൊന്നു വിരിച്ചോട്ടെ. ഇനി ധൈര്യായിട്ട് കൈ വെച്ചോളൂ. ഭക്ഷണോം കഴിച്ച് അവനിത് നേരാംവണ്ണം തുടക്കാതെയാ പോയത്. എത്ര പറഞ്ഞാലും ശരിയാവൂല. തൊട്ടുമുമ്പ് ഭക്ഷണം കഴിച്ചുപോയ സഹമുറിയനിട്ടൊരു താങ്ങ്.
 

സാഹചര്യങ്ങളാണല്ലോ മനുഷ്യനെ മാറ്റിമറിക്കുന്നത്.
ഇപ്പോള്‍ ആദ്യം പത്രം നോക്കുന്നത് മല്‍ബുവാണ്. കാരണം, തന്നെ പോലെ അനേകം പ്രവാസികളുടെ ജീവിതത്തിനുമേല്‍ വന്നുചേര്‍ന്നിരിക്കുന്ന നിറഭേദങ്ങളുടെ പരിണതി അറിഞ്ഞേ പറ്റൂ.25 comments:

khaadu.. said...

കൊള്ളാം... സ്വദേശി വല്കരണവും പോസ്റ്റി അല്ലെ... ഞാനും കേട്ടു മൂന്നു കളറുകളെ കുറിച്ച്,പക്ഷെ സംഗതി എന്തന്നു അറിയില്ല...

ആശംസകള്‍..

naushad kv said...

ന്‍റെ കമ്പനീം ലീഗായി..... :)

Noushad Koodaranhi said...

ലീഗുകാരുടെ നല്ല കാലം .....!

Naveen said...

എന്താണ് കളര്‍ എന്ന് മനസ്സിലായില്ല ..???

എം.അഷ്റഫ്. said...

@naveen
സ്വദേശിവത്കരണത്തിന് ആക്കം കൂട്ടുന്നതിന് സൗദി തൊഴില്‍ മന്ത്രാലയം കൊണ്ടുവന്ന ‘നിതാഖാത്’ പദ്ധതി ഉടന്‍ നടപ്പില്‍ വരുന്നതോടെ മലയാളികളടക്കം വലിയൊരു വിഭാഗം ഇന്ത്യക്കാര്‍ക്ക് തിരിച്ചുപോകേണ്ടിവരുമെന്നുറപ്പായി. തൊഴില്‍ മന്ത്രാലയം നിഷ്കര്‍ഷിച്ച അനുപാതത്തില്‍ സ്വദേശികളെ നിയമിക്കാത്ത ‘ചുകപ്പ്’ വിഭാഗത്തില്‍ പെടുന്ന തൊഴിലാളികളുടെ ‘വര്‍ക്പെര്‍മിറ്റ്’ (‘റുക്സത്തുല്‍ അമല്‍’ ) ഈ മാസം 26ന് ശേഷം പുതുക്കില്ല എന്ന് തൊഴില്‍ മന്ത്രാലയ വക്താവ് കഴിഞ്ഞദിവസം വെളിപ്പെടുത്തിയതോടെ പ്രവാസികളില്‍ ആശങ്ക പരന്നിരിക്കയാണ്. വര്‍ക്പെര്‍മിറ്റ് പുതുക്കാതെ ’ഇഖാമ’ (റസിഡന്‍റ് പെര്‍മിറ്റ്) പുതുക്കാന്‍ കഴിയില്ല എന്നിരിക്കെ നാട്ടിലേക്ക് വിമാനം കയറുകയേ നിര്‍വാഹമുള്ളൂ.
സൗദിയിലുടനീളം വലിയൊരു വിഭാഗം മലയാളികള്‍ ‘ഫൈനല്‍ എക്സിറ്റില്‍’ നാട്ടിലേക്ക് തിരിക്കാന്‍ മാനസികമായി തയാറെടുത്തു കഴിഞ്ഞു. ഓഫിസിലും ഹോട്ടലിലും താമസസ്ഥലത്തും ചന്തയിലുമെല്ലാം പ്രവാസികളുടെ മുഖ്യ ചര്‍ച്ചാവിഷയമിപ്പോള്‍ ‘നിതാഖാത്’ ആണ്. ഈ വിഷയത്തില്‍ സൗദി തൊഴില്‍ മന്ത്രാലയം വിട്ടുവീഴ്ചക്ക് സന്നദ്ധമല്ല എന്നാണ് അധികൃതരുടെ വെളിപ്പെടുത്തലുകളില്‍നിന്ന് മനസ്സിലാവുന്നത്.
‘ഫ്രീ വിസ’ എന്ന പ്രലോഭനത്തില്‍പെട്ട് കൂലി കഫീലിന്‍െറ സ്പോണ്‍സര്‍ഷിപ്പില്‍ ജോലി ചെയ്യുന്നവരാണ് ‘നിതാഖാത്തിന്‍െറ’ കെണിയില്‍ എളുപ്പത്തില്‍ കുടുങ്ങാന്‍ പോകുന്നത് . ഇതില്‍ തൊഴിലാളികള്‍ മാത്രമല്ല, ചെറുകിട കച്ചവടക്കാരും ഇടത്തരം സ്ഥാപനങ്ങള്‍ നടത്തുന്നവരുമൊക്കെയുണ്ട്. ഈ വിഭാഗത്തില്‍ പെടുന്ന സ്പോണ്‍സര്‍മാര്‍ക്ക് തൊഴില്‍ മന്ത്രാലയം നിഷ്കര്‍ഷിക്കുന്ന തോതില്‍ സ്വദേശികളെ ജോലിക്ക് വെക്കാനോ ഇന്‍ഷുറന്‍സ് പ്രീമിയം അടക്കാനോ സാധിക്കില്ല എന്നതാണ് പ്രശ്നത്തിന്‍െറ കാതല്‍.
കമ്പനികളും വന്‍കിട സ്ഥാപനങ്ങളുമാവട്ടെ വരുന്നിടത്ത് വെച്ച് കാണാമെന്ന നിലപാടില്‍ തൊഴിലാളികളെ സമാധാനിപ്പിച്ചിരുത്തിയിരിക്കകയാണ്. ‘നിതാഖാത്’ വ്യവസ്ഥകള്‍ അട്ടിമറിക്കാനുള്ള എല്ലാ സാധ്യതകളും അടച്ചുകൊണ്ടാണ് തൊഴില്‍മന്ത്രാലയം മുന്നോട്ട് നീങ്ങുന്നത്.
സൗദി യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ ജൂണിലാണ് തൊഴില്‍ മന്ത്രാലയം നിതാഖാത് സമ്പ്രദായം നടപ്പാക്കാന്‍ തുടങ്ങിയത്. സ്ഥാപനങ്ങളെയും കമ്പനികളെയും സ്വദേശിവത്കരണത്തിന്‍െറ തോതനുസരിച്ച് ട്രാഫിക് സിഗ്നലുകളുടെ നിറം കൊടുത്ത് ചുകപ്പ്, മഞ്ഞ, പച്ച, വെള്ള എന്നിങ്ങനെ നാലായി തിരിച്ചപ്പോള്‍ തന്നെ സൗദിയില്‍ ജോലി ചെയ്യുന്ന എണ്‍പത് ലക്ഷത്തോളം പ്രവാസികളെ അത് സാരമായി ബാധിക്കുമെന്ന് പലരും മുന്നറിയിപ്പ് നല്‍കിയതാണ്.
സ്വദേശിവത്കരത്തില്‍ തൃപ്തികരമായ അനുപാതത്തിനടുത്ത് നില്‍ക്കുന്ന സ്ഥാപനങ്ങളെ മഞ്ഞ ഗണത്തിലാണ് പെടുത്തിയിരിക്കുന്നത്. ആവശ്യമായത്ര സൗദികളെ നിയമിക്കാന്‍ ഈ വിഭാഗത്തിന് 1433റബീഉല്‍ ആഖിര്‍ 30 (2012 ഫെബ്രുവരി 23 ) വരെയാണ് സാവകാശം നല്‍കിയിരിക്കുന്നത്. അതിനുശേഷം ഈ വിഭാഗത്തില്‍പ്പെട്ടവരുടെ ഇഖാമയും പുതുക്കി നല്‍കില്ല.
രാജ്യത്തിന്‍െറ നാനാ ഭാഗങ്ങളില്‍നിന്ന് ഈ വിഷയത്തില്‍ തങ്ങള്‍ എന്തുചെയ്യണമെന്ന് ചോദിച്ച് കോണ്‍സുലേറ്റിലേക്കും പത്രമാപ്പീസുകളിലേക്കും അന്വേഷണങ്ങള്‍ ഒഴുകുകയാണ്. ജിദ്ദയുടെ പരിസര പ്രദേശങ്ങളില്‍നിന്ന് ഇതിനകം നിരവധി മലയാളി നഴ്സുമാര്‍ തിരിച്ചുപോയി കഴിഞ്ഞു. വരുന്ന മൂന്നുമാസത്തിനുള്ളില്‍ സൗദി തൊഴില്‍ മന്ത്രാലയം നിലപാട് മാറ്റുന്നില്ളെങ്കില്‍ കേരളത്തിലേക്ക് വന്‍ തോതില്‍ തിരിച്ചുപോക്കുണ്ടാകുമെന്നാണ് വിവിധ ഭാഗങ്ങളില്‍നിന്ന് കിട്ടുന്ന റിപ്പോര്‍ട്ട്.

SHANAVAS said...

വല്ലാത്ത വിഷമം ഉണര്‍ത്തുന്ന പോസ്റ്റ്‌..തമാശയില്‍ ആണെങ്കിലും വളരെ ഗൌരവം ഉള്ള ഒരു വിഷയമാണ് ഇത്..നല്ലത് വരട്ടെ...

മുകിൽ said...

മൊത്തത്തില്‍ എല്ലാ പോസ്റ്റുകളും ഒന്നു വായിച്ചു. നല്ല എഴുത്താണു.
(വരയും സ്വന്തമാണോ? നല്ലതാണു.)

Vp Ahmed said...

വളരെ സന്ദര്‍ഭോചിതമായി, ഈ പോസ്റ്റ്‌. പ്രവാസികള്‍ എന്നും ഉത്കണ്ഠയുടെ പുറത്താണ് കിടന്നുറങ്ങുന്നത്.

സാക്ഷ said...

അശാന്തമായ തൊഴില്‍ മേഖലകള്‍ കരളിലേക്ക് പായിക്കുന്ന അമ്പുകള്‍ ചില്ലറയല്ല, പഠിത്തം കഴിഞ്ഞു നാട്ടില്‍ തെണ്ടി നടന്ന ആ കാലത്തിലേക്ക് പെട്ടെന്ന് എടുത്തെറിയപ്പെട്ടാലുള്ള അവസ്ഥ എന്ത് ഭീകരമായിരിക്കും. ഇന്നവന്‍ അന്നത്തെപ്പോലെ തനിയെയുമല്ല... മക്കള്‍, ഭാര്യ, അച്ഛന്‍, അമ്മ.... എത്രവയറുകളുടെ കാവല്‍ക്കാരനാണ്‌ നീ.... ചുകപ്പാ...
നമ്മുടെ ഭരണകൂടംപോലും നമുക്കൊപ്പമില്ലല്ലോ...
പ്രിയ സ്നേഹിതാ..
ഉശിരന്‍ എഴുത്ത്...
നന്മകള്‍ നേരുന്നു

ഷാജു അത്താണിക്കല്‍ said...

നുമ്മാ കമ്പനി മഞ്ഞ

പട്ടേപ്പാടം റാംജി said...

ഞാനും മഞ്ഞയില്‍ ആണത്രേ..
നല്ല സുഖമുള്ള എഴുത്ത്.
ചിത്രം സ്വന്തം വരയാണോ? നന്നായിരിക്കുന്നു. ചിത്രം തന്നെ കഥ പറയുന്നുണ്ട്.

faisalbabu said...

ഒരു വലിയ ഭാഗം പ്രവാസികളും ആശങ്കയുടെ നിഴലില്‍ നിര്‍ത്തുന്ന ഈ നിയമം ആകുലതകളോടെയാണ് സൌദിയിലെ പ്രവാസികള്‍ നോക്കിക്കാണുന്നത് !!!
-----------------------
നര്‍മ്മത്തില്‍ കൂടിയാണ് പറഞെതെങ്കിലും ഈ നിയമം വന്നതിനു ശേഷം ഭൂരിഭാഗം മല്‍ബുകളും പത്രവും ഇന്റെര്‍നെറ്റും വായിക്കുന്നത് കൂടി എന്നത് സത്യം തന്നെ !!

Mohamedkutty മുഹമ്മദുകുട്ടി said...

സാധാരണ പോലെ വായിച്ചു ചിരിക്കാന്‍ വന്ന് ‘നിതാഖാത്’ എന്ന വാക്കും പഠിച്ചു മടങ്ങേണ്ടി വന്നു. മല്‍ബുമാരെയും മല്‍ബികളെയും രക്ഷിക്കണേ പടച്ചോനേ!.

പ്രഭന്‍ ക്യഷ്ണന്‍ said...

നല്ല എഴുത്ത്..!
ഒരു സാധാരണ പ്രവാസിയെ ശരിക്കുംവരച്ചുകാട്ടി.
‘ലോക്കലൈസേഷന്‍’ എന്ന സാധനം ഇത്ര ഭീകരനാണല്ലേ..!
തീരുമാനങ്ങള്‍ക്ക് മാറ്റമുണ്ടാവാന്‍ പ്രാര്‍ത്ഥിക്കാം
അല്ലാതെന്തു ചെയ്യാന്‍..!
ആശംസകളോടെ....പുലരി

Varun Aroli said...

നല്ല എഴുത്ത് നല്ല വര. വീണ്ടും വരാം. ആശംസകള്‍.

Jefu Jailaf said...

സാധാരണക്കാരന്റെ ഉത്കണ്ട ശരിക്കും എഴുതി. ചോപ്പിനെ കുറിച്ചു തുടങ്ങി പത്രത്തിനെ കുറിച്ചുള്ള കാര്യങ്ങളാണ് കൂടുതലും പ്രതിപാദിച്ചത്. ഇവിടെ ചോപ്പും മറ്റു കളറുകളും എന്താണെന്ന് വായനാകരില്‍ പലര്‍ക്കും അറിയാതെ പോകുന്നു.
ഗള്‍ഫുനാടുകളില്‍ ജീവിക്കുന്നവരുടെ മനസ്സ് എല്ലാവര്ക്കും പരസ്പരം അറിയാവുന്നത് കൊണ്ട് തന്നെ പ്രാര്‍ഥിക്കുന്നു നല്ലത് മാത്രം സംഭവിക്കണേ എന്ന്.

kochumol(കുങ്കുമം) said...

നല്ല എഴുത്ത്..ഗൌരവം ഉള്ള ഒരു വിഷയം തന്നെ ...അഭിനന്ദനങ്ങള്‍...

Sandeep.A.K said...

ഇപ്പോഴത്തെ പത്ര വാര്‍ത്തകള്‍ പലതും വായിക്കുമ്പോള്‍ തോന്നാറുണ്ട്.. ഇവിടെ പറഞ്ഞ കാര്യങ്ങള്‍ക്കെ അവ കൊള്ളത്തുള്ളൂ എന്ന്..
നന്നായി എഴുതി... ജീവിതത്തിന്റെ ഉള്‍ചൂടിലും ലളിതമായ ഫലിതങ്ങള്‍ കനുന്നവനായിരുന്നു ബഷീര്‍ .. ആ മഹാനായ എഴുത്തുകാരനെ അനുസ്മരിച്ചു കൊണ്ട് ശുഭരാത്രി നേരുന്നു..

സ്നേഹപൂര്‍വ്വം

majeedalloor said...

പ്രവാസിയുടെ പ്രയാസങ്ങള്‍ക്ക് അവസാനമില്ല.. അല്ലേ..?!
നന്നായി പറഞ്ഞു.. ഭാവുകങ്ങള്‍..

ഇസ്മയില്‍ അത്തോളി അത്തോളിക്കഥകള്‍ said...

നര്‍മത്തില്‍ ചാലിച്ച ഹൃദയത്തിലെ ചോപ്പ് വല്ലാത്ത നൊമ്പരമായി ..........പ്രവാസിയല്ലെങ്കിലും മുക്കാലും പ്രവാസികളായ കുടുംബത്തില്‍ നിന്നും വരുന്ന ഈയുള്ളവന് താങ്കള്‍ എഴുതിയ കറുത്ത ഹാസ്യം പെട്ടെന്ന് ഉള്‍കൊള്ളാന്‍ കഴിഞ്ഞു.....
നന്ദി .............

ഒരു കുഞ്ഞുമയില്‍പീലി said...

അക്ഷരങ്ങളിലൂടെ ..പറയാനുള്ളത് പറഞ്ഞു ...എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

a.rahim said...

പ്രവാസിയുടെ വ്യാകുലതകള്‍ ആദ്യ പ്രവാസിയുടെ കാലം തൊട്ട് തുടങ്ങിയതാണ്.. അതിന് ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായിട്ടുണ്ടെന്നു മാത്രം.... 15 ലക്ഷത്തോളം സ്വദേശികള്‍ക്ക് തൊഴില്‍.. അതില്‍ ഒരു 80 ശതമാനത്തിന് തൊഴില്‍ ലഭിച്ചാല്‍ വീണ്ടും പ്രവാസികള്‍ പഴയ രീതിയിലേക്ക് തിരിച്ചുവരും... ഒരുപക്ഷേ ശേഷം തൊഴിലവസരങ്ങള്‍ അതിലും കൂടുതല്‍ ഉണ്ടായെന്നും വരും.... ഗള്‍ഫ് രാജ്യത്ത് ഏറ്റവും കൂടുതല്‍ വിദേശ തൊഴിലാളികളുള്ളത് സൗദിയിലാണെന്ന് തോന്നുന്നു... അത് ഇന്ത്യക്കാര്‍ മാത്രമല്ല. എല്ലാ രാജ്യക്കാരുമുണ്ട്.
നല്ലത് പ്രതീക്ഷിക്കാം.....
എഴുതുന്ന മല്‍ബുവിന്റെ ബേജാറ് ആറും കണ്ടെല്ലെന്നു നടിച്ചതാണോ....
കുട്ടിക്ക ദൈവത്തെ വിളിച്ച് പ്രാര്‍ത്ഥിച്ചിരിക്കുന്നു.. എന്തെങ്കിലുമൊക്കെ നടക്കും.


റഹീം

Lipi Ranju said...

ഇങ്ങനൊരു പുലിവാല്‍ ഉണ്ടല്ലേ! ഇപ്പോഴാണ്‌ട്ടോ അറിഞ്ഞത്.. പുലരി പറഞ്ഞപോലെ തീരുമാനങ്ങള്‍ക്ക് മാറ്റമുണ്ടാവാന്‍ പ്രാര്‍ഥിക്കാം...

സുസ്മേഷ് ചന്ത്രോത്ത് said...

ലളിതമായി അവതരിപ്പിച്ച ഗൌരവമേറിയ വിഷയത്തെ ഉള്‍ക്കൊള്ളാനായി.
നല്ല ശൈലി.ആശംസകള്‍.

Echmukutty said...

തമാശയാക്കാൻ നോക്കിയാലും അതങ്ങനെ ആവൂലല്ലോ.....

Related Posts Plugin for WordPress, Blogger...