Pages

പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..

September 19, 2011

കാക്ക ഇനിയും വരും



ഇത് അവസാനത്തെ മടക്കമാണെന്ന് മല്‍ബു ആണയിടുന്നു.
ലാസ്റ്റ് ഫൈനല്‍. പക്ഷേ ഈ ആണയിടല്‍ എത്ര കണ്ടതാണെന്ന് മുറിയിലുള്ളവര്‍.
ങ്ങള് സിഗരറ്റ് വലി നിര്‍ത്തുന്നതു പോലെ തന്നാ ഇതും. 

നിര്‍ത്താന്‍ എന്തെളുപ്പം.
ങ്ങള് തന്നെ എത്ര തവണ നിര്‍ത്തീതാ. മഅസ്സാലമ പറഞ്ഞ് എത്ര തവണ പോയി. ഓരോ തവണയും പോക്ക് റീ എന്‍ട്രിക്കായതു ങ്ങടെ ഭാഗ്യം. എക്‌സിറ്റിലായിരുന്നെങ്കില്‍ കാണായിരുന്നു. ഒരു കണക്കെടുത്തു നോക്കിയേ, സിഗരറ്റ് വലി നിര്‍ത്തിയതാണോ, നാട്ടിലേക്ക് മടങ്ങിയതാണോ കൂടുതല്‍?

എ.സി ഓണ്‍ ചെയ്തിട്ടുണ്ടെങ്കിലും തലയില്‍ കെട്ടിയിരുന്ന തോര്‍ത്തഴിച്ച് മല്‍ബു വീശിക്കൊണ്ടിരുന്നു.
തോര്‍ത്ത് വീശിയതുകൊണ്ട് തണുക്കുമോ മനസ്സിലെ ചൂട്.


ശരിയാണ്, ഇനിയിങ്ങോട്ടില്ലെന്ന് പറഞ്ഞ് പല തവണ മടങ്ങിയിട്ടുണ്ട്. 

എല്ലാം പൊരുത്തപ്പെടണമെന്ന് പറഞ്ഞ് ഓരോരുത്തരോടും യാത്ര പറയുമ്പോഴും തങ്ങളുടെ പ്രിയപ്പെട്ട കുക്ക് തിരിച്ചുവരുമെന്ന കാര്യത്തില്‍ ഫഌറ്റിലെ താമസക്കാരില്‍ ആര്‍ക്കും സംശയം ഉണ്ടായിരുന്നില്ല.

ങ്ങള് ധൈര്യായിട്ട് പോയി വാ കാക്കാ എന്നേ അവര്‍ പറയുകയുളളൂ.
അടുപ്പിലെ ചൂടറിയാതെ, മനസ്സിനു കുളര്‍മ നല്‍കിയത് ഇവരുടെയൊക്കെ സ്‌നേഹമായിരുന്നു.


രണ്ടോ മൂന്നോ മാസം കഴിഞ്ഞ്, കൂടിയാല്‍ ആറു മാസം കഴിഞ്ഞ് തിരികെ ചെന്നാലും ജോലി ഉണ്ടെങ്കിലും ഇല്ലെങ്കിലും കിടക്കാനൊരിടം അവര്‍ നല്‍കും.
പുകവലി മാത്രമാണ് കാക്കയില്‍ അവര്‍ കണ്ട ദോഷം.
അതുകൊണ്ടു തന്നെ ചോറിന് അരിയിട്ട ശേഷം ഡോര്‍ തുറന്ന് പുറത്തിറങ്ങി വലിച്ചു തീര്‍ക്കുകയെന്ന നിയോഗം കാക്ക വേഗം പൂര്‍ത്തിയാക്കും. സിഗരറ്റിന്റെ മണമില്ലെന്ന ആത്മവിശ്വാസത്തോടെ വീണ്ടും അടുക്കളയില്‍.
ദേ വയസ്സ് കൂടി വരികാട്ടോ. ഇപ്പോള്‍ തന്നെ എല്ലാ അസുഖങ്ങളുമുണ്ട്. ഇനിയെങ്കിലും അങ്ങട്ട് നിര്‍ത്താന്‍ നോക്ക്.
സ്‌നേഹത്തോടെ അവര്‍ ഉപദേശിക്കും.
ആണ്‍മക്കളില്ലാത്ത മല്‍ബൂന് ഇവരൊക്കെയും മക്കളാണ്. ചിലപ്പോള്‍ മക്കളേക്കാളും കുടുംബക്കാരേക്കാളും ഇവരുടേതാണ് സ്‌നേഹം. പ്രായമേറിയെങ്കിലും അതിന്റെ അവശതകളൊക്കെ ഉണ്ടെങ്കിലും ഇവരൊടൊപ്പം കഴിയുമ്പോള്‍ അവരിലൊരാളെ പോലെ ചെറുപ്പക്കാരനാകും.
ഇനിയില്ലാട്ടോ, ഇതു ശരിക്കുമുള്ള പോക്കാണ്. പടച്ചോനാണെ സത്യം.
അതെന്താ. പെന്‍ഷന്‍ കിട്ടൂന്ന് ഉറപ്പായതുകൊണ്ടാണോ പറച്ചിലിനു ഇത്ര കടുപ്പം. പെന്‍ഷന്‍ പാവങ്ങള്‍ക്ക് മാത്രമേ കിട്ടൂ എന്ന കാര്യം മറക്കണ്ട. എന്‍ജിനീയറിംഗിനു പഠിക്കുന്ന മക്കളുള്ള ങ്ങളൊന്നും പാവാകൂല്ല. പ്രവാസികളെ വേര്‍തിരിക്കുന്ന പുതിയ ദാരിദ്ര്യ രേഖ ഇനിയും കണ്ടെത്തിയിട്ടുവേണം.
പ്രായം 65 കഴിഞ്ഞതിനാല്‍ മല്‍ബൂന് പെന്‍ഷനുളള ഒരു ഉപാധി കഴിഞ്ഞുകിട്ടി. 60 കഴിഞ്ഞ പാവം പ്രവാസികള്‍ക്ക് പെന്‍ഷന്‍ എന്നാണല്ലോ വെപ്പ്. എന്നാലും ക്ഷേമ ബോര്‍ഡില്‍ ഇത്തിരിയെങ്കിലും അടപ്പിക്കാതെ നോര്‍ക്ക നല്‍കുമോ പെന്‍ഷന്‍.
അറിയാന്‍ പാടില്ല. പ്രഖ്യാപനങ്ങള്‍ ആഘോഷമാക്കാം. യാഥാര്‍ഥ്യം തിരിഞ്ഞുകുത്തുമ്പോള്‍ സങ്കടപ്പെടുകയും ആകാമല്ലോ. പ്രഖ്യാപനാഘോഷം കൂടുതല്‍ കൂടുതല്‍ കേമമാക്കാന്‍ സ്വാഗതം ചെയ്യാം, കൂടുതല്‍ കൂടുതല്‍ നേതാക്കളെ ഇങ്ങോട്ട്.
എന്തു പെന്‍ഷന്‍ മക്കളേ. ആയിരം ഉലുവാ കിട്ടുമായിരിക്കും. അതു വാങ്ങാന്‍ രണ്ടു തവണ പോകേണ്ടി വന്നാല്‍ വണ്ടിക്കൂലിക്ക് തികയില്ല.
നാലു പെണ്‍മക്കളില്‍ ഒരാളുടെയെങ്കിലും കൈ പിടിച്ചയച്ച ശേഷമാകാം എക്‌സിറ്റെന്ന തോന്നലാണ് രോഗങ്ങള്‍ക്കും അവശതക്കുമിടയിലും അടുപ്പിന്റെ ചൂടിലേക്ക് മല്‍ബൂനെ ആനയിച്ചുകൊണ്ടുവന്നിരുന്നത്. 

വിദ്യാഭ്യാസവും പ്രായവും കൂടിയതിനാല്‍ പുരനിറഞ്ഞു നില്‍ക്കുകയാണ് മക്കള്‍. എല്ലാവര്‍ക്കും വേണ്ടത് പതിനെട്ടും ഇരുപതും വയസ്സും സ്വര്‍ണവുമാണ്. വിദ്യാഭ്യാസവും പക്വതയുമൊക്കെ ആര്‍ക്കു വേണം.
ഓരോ തവണ ചെന്നാലും മല്‍ബി സ്‌നേഹത്തോടെ നിര്‍ബന്ധിക്കും.


ഒരു തവണ കൂടി പോണം. ഗള്‍ഫുകാരന്റെ മക്കളാന്ന് പറഞ്ഞാലേ ആരെങ്കിലും ഈ വഴി തിരിഞ്ഞുനോക്കുകയെങ്കിലും ചെയ്യൂ. മൂത്തോളെയെങ്കിലും കഴിഞ്ഞു കിട്ടിയാല്‍ ഭാഗ്യായല്ലോ. അങ്ങനെയാണ് മനസ്സിലെ എക്‌സിറ്റ് വീണ്ടും റീ എന്‍ട്രിയാകുന്നത്. ഇതു മല്‍ബുവിന് മാത്രം അറിയാവുന്ന രഹസ്യം.

ശ്രമിക്കാഞ്ഞിട്ടല്ല, എന്‍ജിനീയറിംഗ് കഴിഞ്ഞ മൂത്ത മോള്‍ക്ക് പത്രാസുള്ള ഒരു ഗള്‍ഫുകാരനെ കണ്ടെത്തിയതുമാണ്. വില കൂടിയ കാറും കോട്ടും ടൈയുമൊക്കെയുള്ള ഒത്ത ഒരു ചെറുപ്പക്കാരന്‍.


പഠനം കഴിയട്ടെ എന്നു പറഞ്ഞുകൊണ്ട് നിക്കാഹ് നീട്ടിക്കൊണ്ടു പോയ മകള്‍, ഒരു ദിവസം അതങ്ങു തുറന്നു പറഞ്ഞു.


എനിക്ക് ഗള്‍ഫുകാരനെ വേണ്ട, നാട്ടുകാരനെ മതി.


എന്താടി ഗള്‍ഫുകാരന് ഒരു കുഴപ്പം. 

ഇത്രേം കാലം ഒരു ഗള്‍ഫുകാരനായതുകൊണ്ടാ നിനക്കൊക്കെ ഇത്രയും പഠിക്കാനായത്. അവിടെ അടുപ്പ് കത്തിച്ചതിന്റെ ഫലമാ നിന്റെ എന്‍ജിനീയറിംഗ്.
ഉം, അതൊക്കെ ടി.വിയില്‍ കാണുന്നുണ്ട്.
അതെന്താ, നീ അയാളെ ടി.വിയില്‍ കണ്ടോ. എന്താ അയാള്‍ക്കൊരു കുഴപ്പം.
അയാളെ കണ്ടൂന്നല്ല.


ഇത്രമാത്രം ദുരിതങ്ങളുള്ള ഒരു വിഭാഗം ലോകത്ത് വേറെ എവിടെയുമില്ല. ടി.വി തുറക്കാനും വയ്യ, പത്രം വായിക്കാനും വയ്യ. പ്രവാസിയുടെ പ്രയാസങ്ങള്‍.


അങ്ങനെ കാക്ക രഹസ്യങ്ങളുടെ കനലുകള്‍ തോര്‍ത്ത് കൊണ്ട് വീശിത്തണുപ്പിക്കുമ്പോഴും അവര്‍ പറയും.


ലാസ്റ്റ് ഫൈനല്‍ എന്നൊക്കെ പറഞ്ഞോട്ടെ, കാക്ക ഇനിയും വരും.


15 comments:

Anonymous said...

ലാസ്റ്റ് ഫൈനല്‍,അക്ഷരാര്‍ഥത്തില്‍ ശരിയാണ് ഒടുക്കം നാം കളിയില്‍ പരാജയപെടുന്നു വീണ്ടും പ്രവാസമെന്ന കളത്തിലിറങ്ങുന്നു കളിക്കുന്നു, നല്ല അവതരണം ഭാവുകങ്ങള്‍ നേരുന്നു

വീണ്ടും എഴുതണം പ്രവാസിയായല്ല നാളികേരത്തിന്റെ നാട്ടുകാരനായ് വിവേകാനന്ദന്റെ ഭ്രാന്താലയത്തിലേ അന്തോവാസിയായ് ദൈവത്തിന്റെ സ്വന്തം നാട്ടിലിരുന്ന് എഴുതുക ആശംസകള്‍

mini//മിനി said...

അതാണ് ജീവിതം,,,

എം.അഷ്റഫ്. said...

ആരാണാവോ ഈ അനോണി. എന്നോട് പ്രവാസം അവസാനിപ്പിക്കാന്‍ ആവശ്യപ്പെടുന്ന ഈ അനോണിയെ അറിഞ്ഞാല്‍ കൊള്ളാം.
വായനക്ക് നന്ദി. അതുപോലെ ടീച്ചര്‍ക്കും.

kARNOr(കാര്‍ന്നോര്) said...

കാക്ക ഇനിയും വരും

രമേശ്‌ അരൂര്‍ said...

ഇനിയും വരാതെ കാക്ക പിന്നെ എവിടെ പോകാനാണ് ??????
ഒരു കിലോ അരിക്ക് മുപ്പത്തഞ്ചും നാലപ്പതും രൂപാ വിലയുള്ള ,ഒരു കാലിച്ചായയ്ക്ക് അഞ്ചു രൂപയെങ്കിലും കൊടുക്കേണ്ടി വരുന്ന പൂവര്‍ മല്ലൂസിന്റെ നാട്ടില്‍ ഒരു മല്‍ബുവിനും പിടിച്ചു നില്‍ക്കാന്‍ പറ്റില്ല കാക്കാ , മല്‍ബിയും മക്കളും ഒടുവില്‍ സ്നേഹത്തോടെയായിരിക്കില്ല ഒന്ന് കൂടി പോയിട്ട് വന്നാലെന്താ ഇങ്ങക്ക് ?? എന്ന് ചോദിക്കുന്നത് !!

ഷാജു അത്താണിക്കല്‍ said...

സത്യം തിരിച്ചു പോകില്ലാത്ത ഒരു ലോകം, അതാണ് പ്രവാസം

ഞാന്‍ ഇപ്പോള്‍ താമസിക്കുന്ന ജിദ്ദയിലും ഉണ്ട് ഇത് പോലെ, ഞ്ഞാന്‍ ഇവരെ കണ്ടാല്‍ കൂടുതല്‍ സംസാരിക്കും ഇവര്‍ വന്നത് അവരുടെ ജീവിതം, ചില ആളുകളുടെ സംസാരം നമ്മെ വല്ലാതെ വേദനിപ്പിക്കും, അപ്പോഴൊക്കെ ഞാനും ഇവിടെയാണല്ലൊ എന്ന എന്നിലെ ഒരു ചെറു പേടിയുമുണ്ട്

moideen angadimugar said...

എന്തു പെന്‍ഷന്‍ മക്കളേ. ആയിരം ഉലുവാ കിട്ടുമായിരിക്കും. അതു വാങ്ങാന്‍ രണ്ടു തവണ പോകേണ്ടി വന്നാല്‍ വണ്ടിക്കൂലിക്ക് തികയില്ല.

ശരിയാ...

Nasar Mahin said...

"ഇത്രമാത്രം ദുരിതങ്ങളുള്ള ഒരു വിഭാഗം ലോകത്ത് വേറെ എവിടെയുമില്ല. ടി.വി തുറക്കാനും വയ്യ, പത്രം വായിക്കാനും വയ്യ. പ്രവാസിയുടെ പ്രയാസങ്ങള്‍."

നാടിനെ ഈ കോലത്തില്‍ മാറ്റി മറിക്കാന്‍ (സാമ്പത്തികാഭിവൃദ്ധിയോടനുബന്ധമായി വന്ന സാമൂഹിക/വിദ്യാഭ്യാസ/ആരോഗ്യ/സാംസ്ക്കാരിക രംഗങ്ങളില്‍ വന്ന നേട്ടം)കാരണമായ ഗള്‍ഫിനെ/ഗള്‍ഫുക്കാരനെ കുറിച്ച് എല്ലാരും എപ്പോയും നിഷേധ സ്വരത്തില്‍ തന്നെ സംസാരിച്ച് കൊണ്ടിരിക്കുന്നു!!!

ബാവ രാമപുരം said...

പടച്ചോനെ ! മൂന്നു പെണ്മക്കള്‍ ! മൂത്തവള്‍ ഡിഗ്രിക്ക് പഠിക്കുന്നു. പഠനം കഴിഞ്ഞു മതി കല്യാണം എന്നാ വാശി. ഞാന്‍ ഇനി എത്ര തവണ നാട്ടില്‍ പോയി തിരിച്ചു വരേണ്ടി വരും ?

SHAHANA said...

പ്രാവസികള്‍ക്ക് (സൗദിക്കാര്‍ക്ക്) എന്നും EXIT ഇപ്പോഴും REENTRY ആണല്ലോ...!!!! :(

മുല്ല said...

പ്രവാസത്തിന്റെ വിഷമങ്ങൾ ,നിസ്സഹായത,എത്ര പറഞ്ഞാലും തീരില്ല അല്ലേ..?

നാട്ടിലെ സ്ഥിതിയും വല്ല്യ മെച്ചമൊന്നുമില്ല. പിന്നെ ഉള്ള കഞ്ഞീം കുടിച്ച് എല്ലാർക്കും കൂടി ഒരുമിച്ച് കഴിയാന്ന് മാത്രം.

ആശംസകളോടെ...

Umerguru umer said...

താങ്കള്‍ വളരെ പ്രഗല്ഭന്‍ ആണ് എഴുത്തിന്റെ മേഖലയില്‍ , മല്‍ഭു ഞാന്‍ ശ്രദ്ധിക്കാറുണ്ട് . പിന്നെ അവിടെ വരാത്തത് , എഴുതി തെളിഞ്ഞവരുടെ ബ്ലോഗില്‍ വരാറില്ല എന്ന ശീലം കാരണം ആണ് . അങ്ക ക്കോഴിയെ കൂവാന്‍ പഠിപ്പിക്കേണ്ടത് ഇല്ല എന്ന ന്യായം വച്ചു തന്നെയാണത് ,പിന്നെ എനിക്ക് താങ്കളെ പോലെ ഒരാളുടെ കുറിപ്പു കള്‍ക്ക് താഴെ എന്റെ വികടവാക്യങ്ങള്‍ കുറിക്കാന്‍ ഒരല്പം ധൈര്യ ക്കുരവും ഉണ്ട് , ആശംസകളോടെ ..

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

ഒരു തവണ കൂടി പോണം....?
ഗള്‍ഫുകാരന്റെ മക്കളാന്ന് പറഞ്ഞാലേ ആരെങ്കിലും ഈ വഴി തിരിഞ്ഞുനോക്കുകയെങ്കിലും ചെയ്യൂ...
മൂത്തോളെയെങ്കിലും കഴിഞ്ഞു കിട്ടിയാല്‍ ഭാഗ്യായല്ലോ. അങ്ങനെയാണ് മനസ്സിലെ എക്‌സിറ്റ് വീണ്ടും റീ എന്‍ട്രിയാകുന്നത്.

ഇതു മല്‍ബുവിന് മാത്രം അറിയാവുന്ന രഹസ്യം !

Echmukutty said...

ഇനീം വരികയല്ലാതെ വേറെ എന്തു വഴി അല്ലേ?
ഇങ്ങനെയും ജീവിതം.

നിശാസുരഭി said...

എവ്ടെ പോകാനാ.. ഇങ്ങട്ട് വരാതെ..

Related Posts Plugin for WordPress, Blogger...