Pages

പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..

October 2, 2011

പെട്ടി നിറക്കും മുമ്പ്

പെട്ടിയെന്നു പറയുമ്പോള്‍ പല തരമുണ്ടെങ്കിലും മല്‍ബുവിന് രണ്ട് പെട്ടികള്‍ ഒഴിവാക്കാനാവില്ല.
പെട്ടിക്കെത്രയാ റേറ്റ് എന്നു ചോദിക്കുന്നതു കേട്ടാല്‍ നാട്ടിലേക്ക് കൊണ്ടുപോകാന്‍ സാധനങ്ങള്‍ കുത്തിനിറക്കുന്ന പെട്ടിയുടെ വിലയല്ല. മറിച്ച് ഒരു ലക്ഷം രൂപ നാട്ടിലെത്തിക്കാനുള്ള ഹുണ്ടിയുടെ നിരക്കാണ് ഉദ്ദേശിക്കുന്നതെന്ന് അറിയാത്തവരുണ്ടാകാന്‍ വഴിയില്ല.
വിനിമയ നിരക്ക് കുത്തനെ കുറഞ്ഞതോടെ എല്ലാവരും പരമാവധി രൂപ നാട്ടിലെത്തിക്കാനുള്ള തത്രപ്പാടിലായിരുന്നു. സ്വരൂപിച്ചതും കടം വാങ്ങിയതും ചിട്ടി പിടിച്ചതുമൊക്കെ നാട്ടിലേക്ക് ചവിട്ടാനുള്ള നെട്ടോട്ടം.
ബാങ്ക് വഴി അല്ലേ അയക്കാവൂ, ഹുണ്ടിയെന്ന ഹവാല പാടില്ലല്ലോ എന്നു ചോദിക്കരുത്.
എന്‍ജിനീയറാണ് ഇത്രമാത്രം ശമ്പളമുണ്ട് എന്നു പറഞ്ഞ് ലക്ഷങ്ങള്‍ അയക്കാന്‍ മണി ട്രാന്‍സ്ഫര്‍ ഏജന്‍സികളില്‍ പോയാല്‍ ഇഖാമ ചോദിക്കുമ്പോള്‍ അതില്‍ പ്രൊഫഷന്‍ ലേബറായിരിക്കും. ഒരു ലേബര്‍ക്ക് മാസം പരമാവധി അയക്കാന്‍ സാധിക്കുന്ന തുക അമ്പതിനായിരം ഇന്ത്യന്‍ രൂപയാണ്. മികച്ച ജോലിയും തക്ക ശമ്പളവുമുണ്ടെങ്കിലും ഇഖാമയിലെ പ്രൊഫഷന്‍ മാറിയില്ലെങ്കില്‍ പിന്നെ ആശ്രയം ഹുണ്ടി തന്നെ.
നിരക്ക് കുറഞ്ഞിരിക്കെ, നാട്ടിലെത്തിക്കാന്‍ പരമാവധി തുക സ്വരൂപിച്ച് കൊടുത്തവരെ കണ്ണീരിലാക്കി ഹുണ്ടി ഏജന്റുമാര്‍ മുങ്ങിയ അനുഭവങ്ങളും നിരക്കിടിവിന്റെ ആഘോഷത്തിനിടയില്‍ അങ്ങിങ്ങായുണ്ട്.
രണ്ടാമത്തെ പെട്ടി സാക്ഷാല്‍ പെട്ടി തന്നെയാണ്. നാട്ടില്‍ പോകുമ്പോള്‍ ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും അവകാശങ്ങള്‍ മാനിക്കുന്നതിന് മല്‍ബു സാധനങ്ങള്‍ കുത്തിനിറക്കുന്ന പെട്ടി. നിറയുന്നതുവരെ മനസ്സമാധാനമില്ലാത്ത പെട്ടി.
മുംബൈയിലേയും ബാംഗ്ലൂരിലേയും നാടന്‍ പ്രവാസികളെ പെട്ടി നോക്കി തിരിച്ചറിയാമെന്ന് പറയാറുണ്ട്. ഒരു പെട്ടിയും തൂക്കിയാണ് വരുന്നതെങ്കില്‍ മലപ്പുറം. പെട്ടി രണ്ടാണെങ്കില്‍ കണ്ണൂര്‍. എയര്‍പോര്‍ട്ടില്‍ പെട്ടികളുടെ ഭാരം കുറക്കുന്നതിന് രണ്ടു പെട്ടികളാക്കണമെന്ന നിബന്ധന വന്നപ്പോള്‍ അതില്‍ മനസ്സാ സന്തോഷിക്കുന്നവര്‍ കണ്ണൂരില്‍നിന്നുള്ള മല്‍ബുകളായിരിക്കും.
കൂടിയാല്‍ ഒരു പെട്ടിക്ക് 32 കിലോ ഭാരം മാത്രമേ പാടുള്ളൂ എന്ന നിബന്ധന ലംഘിക്കാന്‍ മല്‍ബുവിന് കഴിഞ്ഞിട്ടില്ല.
വേണമെങ്കില്‍ 32 കിലോ മാത്രമുള്ള ഒരു പെട്ടിയുമായി പോകാം. പക്ഷേ ഇത്രയേറെ ദ്രോഹിക്കുന്ന എയര്‍ ഇന്ത്യയെ എന്തിനു സഹായിക്കണം. കല്ലു നിറച്ചായാലും 40 കിലോ തന്നെ കൊണ്ടുപോകണമെന്നത് മല്‍ബുവിന് നിര്‍ബന്ധം.
കാര്‍ട്ടണുകള്‍ റാപ്പ് ചെയ്യണമെന്ന് നിര്‍ബന്ധമില്ലെന്ന് വലിയ ബോര്‍ഡ് സ്ഥാപിച്ച് കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ അതിനായുള്ള മെഷീന്‍ വെച്ച് ഇരിക്കുന്നവരുടെ വയറ്റത്തടിച്ചിട്ടുണ്ടെങ്കിലും ഇവിടെ റാപ്പ് ചെയ്യുക നിര്‍ബന്ധമാണെന്നാണ് വെപ്പ്. അതല്ലെങ്കില്‍ എയര്‍പോര്‍ട്ടില്‍ കാല് കുത്തിയാല്‍ അതുറപ്പിക്കാന്‍ ആളുകളുണ്ട്.
അവരുടെ കണ്ണ് വെട്ടിക്കാന്‍ കഴിയില്ലെന്നുറപ്പായ മല്‍ബു കണ്ടെത്തിയ വഴികള്‍ വേറെയാണ്.
ആ മെഷീനില്‍ തിരിക്കാനിട്ട് കൊടുത്ത് ചുരുങ്ങിയത് 25 റിയാല്‍ കൊടുക്കുന്നതിനു പകരം വീട്ടില്‍വെച്ചു തന്നെ പ്ലാസ്റ്റിക് പൊതിഞ്ഞാല്‍ പോരേ?  സൂപ്പര്‍ മാര്‍ക്കറ്റില്‍ പോയും അല്ലാതെയും പ്ലാസ്റ്റിക് വാങ്ങി മല്‍ബു തന്നെയങ്ങു ചുറ്റി.
വേറെ ചില മല്‍ബുകള്‍ കാര്‍ട്ടണിനോട് വിട ചൊല്ലി രണ്ടു പെട്ടികള്‍ വാങ്ങി. രണ്ടു തവണ നാട്ടിലേക്ക് പോകുമ്പോള്‍ കാര്‍ട്ടണ്‍ ചുറ്റാന്‍ കൊടുക്കുന്ന തുകയുണ്ടെങ്കില്‍ സ്വന്തമായി പെട്ടി വാങ്ങാം.
രണ്ടു പെട്ടികളുമായി സന്തോഷത്തോടെ പോകുന്നവന്‍ കണ്ണൂര്‍ മല്‍ബുവായിരിക്കും എന്നു പറയാന്‍ കാരണമെന്തായിരിക്കും?
മറ്റൊന്നുമല്ല. ഒരു പെട്ടി മല്‍ബുവിന്റെ സ്വന്തം വീട്ടിലേക്ക്. മറ്റേത് മണിയറയൊരുക്കി മല്‍ബി കാത്തിരിക്കുന്ന  ഭാര്യാഗൃഹത്തിലേക്ക്. മണിയറയില്‍ വെക്കാനുള്ള അലങ്കര വസ്തുക്കളും നാടാകെ സുഗന്ധ പൂരിതമാക്കാനുള്ള മേത്തരം അത്തറുകളും ഈ പെട്ടിയിലാണല്ലോ.


11 comments:

കൊമ്പന്‍ said...

മല്‍ ബു ഇത് കുല്‍ ബാക്കി ആക്ഷേപ ഹാസ്യം നേരിന്റെ നിറവോടെ

Naushu said...

പെട്ടിയില്ലാതെന്തു മല്‍ബു .... :)

അഭിഷേക് said...

malboo in suit case ha ha ha....
aasamsakal

Ismail Kannambath said...

അതുകൊണ്ടായിരുക്കും ഇപ്രാവശ്യം മല്‍ബു അര ഡസന്‍ പെട്ടി വാങ്ങിയത് :)

Nasar Mahin said...

കണ്ണൂര്‍ പ്രവാസികളുടെ ഈ രണ്ട് യാത്രാ പെട്ടികളെ കുറിച്ചുള്ള അറിവ് പുതിയതാട്ടൊ. കാര്‍ഗോ വഴി വേറെയും കുറെ പെട്ടികള്‍ പോവുന്നുണ്ടാവില്ലേ? ആനുകാലിക സംഭവങ്ങളെ കോര്‍ത്തിണക്കി നര്‍മ്മ ബോധത്തോടെയുള്ള അവതരണം നന്നായിട്ടുണ്ട്.

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

കണ്ണൂർ മൽബൂസിന്റെ ബുദ്ധി അപാരം തന്നെ..!

ജിമ്മി ജോൺ said...

2 പെട്ടികളും കണ്ണൂർ മൽബൂസും തമ്മില്ലുള്ള ഈ അവിഹിതബന്ധം പുതിയ അറിവാണേ..

ഒരു കണ്ണൂർ മൽബു ആയതുകൊണ്ടാണോ എന്തോ, ഇതുവരെ പോയ എല്ലാ അവധിക്കാല യാത്രകളിലും 2 പെട്ടികൾ കൂട്ടിനുണ്ടായിരുന്നു.. :)

khaadu.. said...

അവസാനത്തെ പാരഗ്രഫില്‍ പറഞ്ഞത് സത്യം.... ... പുതിയാപ്ല സംസ്കാരം...

ഞാനും കന്നൂരാനാണെ....

Echmukutty said...

എന്തൊരു ബുദ്ധിയാ!

നിശാസുരഭി said...

കണ്ണൂര്‍ മല്‍ബൂനെന്താ ഗൊമ്പുണ്ടോ?

Suneer.A.M said...

I like the Last paragraph about the "Puthiyappla Samkaaram"...Its 100% true....
Its the first time i read your writings...I enjoyed a lot..Thanks

Related Posts Plugin for WordPress, Blogger...