Pages

പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..

October 30, 2011

കറുത്ത സുരേഷ് ഗോപി


അധികമൊന്നും കാത്തുനില്‍ക്കേണ്ടി വന്നില്ല. കുതിച്ചുവന്ന ബസ് ബ്രേക്കിട്ടു. ഫുട്പാത്തില്‍ കയറിയില്ലെന്നേയുള്ളൂ.
മല്‍ബു ഏന്തിവലിഞ്ഞു നോക്കി. ഡ്രൈവറല്ലാതെ മറ്റാരുമില്ല.  


ഡ്രൈവര്‍ കയറൂ എന്ന് ആംഗ്യം കാണിക്കുന്നുണ്ടെങ്കിലും മല്‍ബു പണ്ടത്തെ നവ വധുവിനെ പോലെ നോട്ടം ഭൂമിയിലോട്ടാക്കി. നമ്രമുഖന്‍.

കൈനീട്ടിയല്ല ബസ് നിര്‍ത്തിയതെങ്കിലും ആംഗ്യം മതിയാക്കി ഇപ്പോള്‍ അയാള്‍ ശബ്ദമുണ്ടാക്കിത്തുടങ്ങി. ഹയവാന്‍ എന്ന വാക്കില്‍ ഒരു വാചകം അവസാനിപ്പിച്ചപ്പോള്‍ ഒളികണ്ണിട്ടു നോക്കി. 

നോട്ടത്തില്‍ കേന്ദ്രീകരിച്ചുകൊണ്ടുതന്നെ ഒരുകാല്‍ നീട്ടിവെച്ച് ഓടാനുള്ള തയാറെടുപ്പും നടത്തി. കാരണം അയാള്‍ കറുത്ത സുരേഷ് ഗോപിയാണെങ്കില്‍ ഓടി രക്ഷപ്പെട്ടേ മതിയാകൂ. പക്ഷേ ഇതു വെളുത്തു തുടുത്തൊരു ഇന്ദ്രന്‍സ്.

കേട്ടതു തെറിയാണ്. എന്നാലും കേള്‍ക്കാനൊരു സുഖം. വിളിക്കുന്നവര്‍ക്കും കേള്‍ക്കുന്നവര്‍ക്കും  ഉചിതമായ ഏതു ജന്തുവിന്റെയും പേരു ചേര്‍ക്കാം. ബുദ്ധിയുള്ള ഒരു ഹയവാനാണല്ലോ മനുഷ്യനും.
 

സാരമില്ല ഈ തെറി.
കഠിനാധ്വാനം ചെയ്ത് ഒറ്റക്കു സിനിമ പിടിച്ച മലയാളത്തിന്റെ വാഗ്ദാനം സന്തോഷ് പണ്ഡിറ്റിന് ഒരു സംഘം ചെറുപ്പക്കാര്‍ ഫോണിലൂടെ നല്‍കുന്ന തെറി വെച്ചുനോക്കുമ്പോള്‍ ഇതൊക്കെ എന്തു തെറി.  പ്രിയപ്പെട്ടവനേ എന്നു തോന്നുകയില്ലേ കേട്ടാല്‍. എണ്ണ മാത്രമല്ല, ഇവിടെ തെറിയും സംസ്കരിക്കപ്പെടുന്നുണ്ട്.

ആംഗ്യവും തെറിയുമൊക്കെ നിര്‍ത്തി. വെളുത്ത ഇന്ദ്രന്‍സ് ബസെടുത്തു. ഫുട്പാത്തില്‍ കയറ്റി ഭയപ്പെടുത്തുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും അതുണ്ടായില്ല.
 

ഏതു തിട്ടമേല്‍ കയറ്റാനും എങ്ങനേയും പോകാനും അധികാരമുള്ള ബസ് ആണിത്. രണ്ട് ഒറ്റനോട്ടുകള്‍ ചുരുട്ടി നിക്ഷേപിക്കാനുള്ള ഭണ്ഡാരമോ എ.സിയോ ഇല്ലാത്ത ചിന്ന ബസ്. ഇത്തിരി കാറ്റ് കിട്ടാന്‍ പഴഞ്ചന്‍ ബസിന്റെ ഗ്ലാസ് പോലും നീക്കാനാവില്ല. കണ്ടക്ടറോ ക്ലീനറോ ഇല്ല. കൂലി യാത്രക്കാര്‍ തന്നെ കൈമാറി കൈമാറിയാണ് ഡ്രൈവറുടെ കൈയില്‍ എത്തിക്കുക.
ബസ് കാത്തുനിന്ന മല്‍ബു, ബസ് നിര്‍ത്തി ഡ്രൈവര്‍ അഹ്‌ലന്‍ പറഞ്ഞിട്ടും എന്തുകൊണ്ട് കയറിയില്ല? അതൊരു കഥയാണ്.
റോഡരികില്‍ കാത്തുനില്‍ക്കുന്നവരെ കാറില്‍ കയറ്റിക്കൊണ്ടുപോയി പണം കവരുന്നവരുണ്ട്. കാറില്‍ നേരത്തെ തന്നെ നിലയുറപ്പിച്ചവരുടെ സഹായത്തോടെയായിരിക്കും ഇത്.  ചിലപ്പോള്‍ നൂറിന്റെയോ അഞ്ഞൂറിന്റെയോ നോട്ട് കാറിലിട്ട് യാത്രക്കാരന്റെ പഴ്‌സ് പുറത്തെടുപ്പിക്കുന്ന തന്ത്രമാകാം. അല്ലെങ്കില്‍ വിജനമായ പ്രദേശത്തു കൊണ്ടുപോയി കഴുത്തില്‍ മുണ്ട് മുറുക്കിയുള്ള അതിക്രമത്തിലൂടെയാകാം.
ഇതൊക്കെ അറിയാവുന്ന മല്‍ബു ഇരുട്ടിയ നേരത്തു വന്നുനിന്ന് ക്ഷണിച്ച ഒന്നു രണ്ടു കാറുകളില്‍ കയറിയില്ല.
ഒടുവില്‍ എത്തിച്ചേര്‍ന്ന ബസിലെ ഡ്രൈവറെ ശ്രദ്ധിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. സുരേഷ് ഗോപിയെ പോലൊരാള്‍. നിറം അത്ര വരില്ല. കറുത്ത സുരേഷ് ഗോപിയെന്നു പറയാം.
നിര്‍ത്തിയും വേഗം കൂട്ടിയും നീങ്ങിയ ബസില്‍നിന്ന് യാത്രക്കാരൊക്കെ ഇറങ്ങിക്കഴിഞ്ഞു. ഇപ്പോള്‍ ഡ്രൈവര്‍ക്ക് കൂട്ടായി മല്‍ബു മാത്രം. മല്‍ബുവിന് കൂട്ടായി ഇത്തിരി കൂടുതല്‍ ഹൃദയമിടിപ്പും.
മല്‍ബുവിനെ തൊട്ടടുത്ത സീറ്റിലേക്ക് വിളിച്ച് കുശലം പറഞ്ഞു തുടങ്ങി. അറബി വശമില്ലാത്തതിനാല്‍ തലയാട്ടുകയും ഐവ പറയുകയും ചെയ്തു. മുകളിലുള്ളവന്‍ ദയാപരനാണെന്നും ഇനിയും ആളുകള്‍ കയറുമെന്നും അയാള്‍ പറഞ്ഞത് ആംഗ്യഭാഷ കൂടി ഉപയോഗിച്ചായതിനാല്‍ പിടികിട്ടി.
 

പ്രവാസിയെ പോലെ തന്നെ,
പ്രതീക്ഷകള്‍ അവസാനിക്കുന്നില്ല
മല്‍ബുവിന്റെ മനസ്സിലേക്ക് കവിതയുടെ റീ എന്‍ട്രി.
കവിതയുടെ പേറ്റുനോവിനിടെ പൊടുന്നനെ ബസ് ~അതിവേഗത്തില്‍ ഒരു ഇടറോഡിലേക്ക് കയറ്റി. തൊട്ടടുത്ത നിമിഷം ബസ് നിര്‍ത്തി ഡ്രൈവര്‍ മല്‍ബുവിനുമേല്‍ പാഞ്ഞുവീണു. ഉള്ളതെല്ലാം പുറത്തെടുക്കാന്‍ പറഞ്ഞതോടൊപ്പം അരയില്‍നിന്ന് ഒരു കഠാര വലിച്ചൂരി. ഇപ്പോള്‍ കഠാര കഴുത്തിനു നേരെ, അയാളുടെ മറു കൈ മല്‍ബുവിന്റെ പോക്കറ്റിലും. ഒന്നനങ്ങിയാല്‍ കത്തി കഴുത്തില്‍ തറക്കും.
 

ബുദ്ധി പ്രവര്‍ത്തിച്ചതോ യാദൃച്ഛികമായി സംഭവിച്ചതോയെന്നു നിശ്ചയമില്ല. പോക്കറ്റ് അയാളുടെ കൈയിലേക്ക് കീറിപ്പോയതും മല്‍ബു ബസിനു പുറത്തേക്ക് ചാടിയതും ഒരു നിമിഷത്തില്‍.
വിജനമായ സ്ഥലത്ത് മല്‍ബു ജീവനുംകൊണ്ട് പാഞ്ഞു. 


അധികൃതര്‍ പിടിക്കാന്‍ വരുമ്പോള്‍ അനധികൃത താമസക്കാര്‍ പച്ചക്കറി വണ്ടി ഉപേക്ഷിച്ച് ഓടുന്നതുപോലെയല്ല. ഇതു ജീവനും കൊണ്ടുള്ള ഓട്ടമാണ്. ആശുപത്രിയിലെത്തി മുറിവുകള്‍ കരിഞ്ഞെങ്കിലും ഇപ്പോഴും പാടുകള്‍ ബാക്കി.
 

ബസ് കാണുമ്പോള്‍ ഇപ്പോള്‍ ആ പാടുകളില്‍ തടവി മല്‍ബു ഒന്നറച്ചുനില്‍ക്കും. ആദ്യം നോക്കുക, ഡ്രൈവറുടെ സീറ്റില്‍ ആ കറുത്ത സുരേഷ് ഗോപിയാണോ എന്നാണ്. പിന്നെ ബസില്‍ എത്ര പേരുണ്ടെന്നും. കയറിക്കഴിഞ്ഞാല്‍ അതു കാലിയാക്കപ്പെടുന്നതിനു മുമ്പ് അവസാനത്തെ യാത്രക്കാരനോടൊപ്പം ഇറങ്ങും.

24 comments:

a.rahim said...

ഇത്തരമൊരു കഥയില്‍ അത്ഭുതം തോന്നുന്നു. ഈ യാത്രാവണ്ടിക്കാരെ പറ്റി വണ്ടി ആവശ്യമുള്ളിടത്ത് നിര്‍ത്തില്ല, നമ്മള്‍ കയറിയ സ്ഥലത്തെത്തുന്നതിനു മുമ്പ് ആളൊഴിഞ്ഞാല്‍ ചിലപ്പോള്‍ അവസാനത്തെ ആളെ സ്ഥലമെത്തുന്നതിനു മുമ്പ് ഇറക്കിവിടും.... വളരെ മോശമായ രീതിയില്‍ പദപ്രയോഗം നടത്തും... ഭയപ്പെടുത്തുന്ന രീതിയില്‍ വണ്ടി ഓടിക്കും.....ഇങ്ങിനെയുള്ള പലതും കേള്‍ക്കാറുണ്ട്. പക്ഷേ ആളുകളെല്ലാം ഇറങ്ങി ഒരാള്‍ മാത്രമായപ്പോള്‍ വണ്ടി ഒരി ഇടവഴിയിലേക്കു വിട്ട് കത്തികാട്ടി ഭീഷണിപ്പെടുത്തി പണം തട്ടി എന്നൊക്കെ പറയുമ്പോള്‍ വിശ്വസിക്കാനൊരു ചെറിയ പ്രയാസം......
ഉണ്ടായെന്ന് മല്‍ബുവിനോട് മ്‌റ്റൊരു മല്‍ബു പറഞ്ഞെന്ന് മല്‍ബു പറയുന്നു.. മല്‍ബുവെങ്ങിനെ വിശ്വസിക്കാതിരിക്കും... വിശ്വസിക്കുന്നു......

A. Rahim

എം.അഷ്റഫ്. said...

സംഭവം സംഭവം തന്നാ. സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട. പൊരിയുന്ന ചൂടില്‍ വണ്ടി ഓടിക്കുന്നവരുടെ മനസ്സിലേക്ക് എപ്പോഴാണ് ഇത്തരം ചിന്തകള്‍ കടന്നുവരികയെന്നറിയില്ല.
വായനക്കും അഭിപ്രായത്തിനും നന്ദി റഹീമേ.

khaadu.. said...

ഇരന്നു തിന്നുന്നവരെ തുരന്നു തിന്നാന്‍ ഇങ്ങനെയും ചിലര്‍...

ആശംസകള്‍...

അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ said...

ആശംസകള്‍

K@nn(())raan*കണ്ണൂരാന്‍! said...

ഇപ്പോഴാ ഈ മല്‍ബു ആരെന്നു പിടികിട്ടിയത്.
സമയനഷ്ട്ടമുണ്ടാക്കാത്ത വായന തന്നതിന് നന്ദി അശ്രൂ.

ഇനിയും വരും!

അശ്രഫ് ഉണ്ണീന്‍ said...

"വിജനമായ സ്ഥലത്ത് മല്‍ബു ജീവനുംകൊണ്ട് പാഞ്ഞു".... അത് നന്നായി... കൊല്ലാതെ വിട്ടല്ലോ. എല്ലാ മല്ബുകള്‍ക്കും ഈ പോസ്ടിങ്ങില്‍ ഗുണ പാഠം ഉണ്ട്. 1. stay fit 2. for safety's sake travel in pairs always.. മല്‍ബു വായനക്കാരുടെ ആവേശമായി മാറിയ താങ്കളുടെ മല്‍ബു പംക്തി ഇനിയും വിജയ ഭേരി മുഴക്കി മുന്നോട്ടു മുന്നോട്ടു ഗമിക്കട്ടെ..എല്ലാ ആശംസകളും

kARNOr(കാര്‍ന്നോര്) said...

ആശംസകള്‍...

BREAKTHROUGH said...

മല്‍ബു വായനക്കാരുടെ ആവേശമായി ആശംസകള്‍...

faizal madayi said...

വേറിട്ട ചിന്ത ഇഷ്ടപ്പെട്ടു. ആശംസകള്‍

തെച്ചിക്കോടന്‍ said...

അങ്ങിനെ എന്തെല്ലാം സഹിച്ചിട്ടാണ് ഒരു മലയാളി മല്ബുവാകുന്നത്!

Shukoor said...

സംഭവം നടന്നത് തന്നെയാണെങ്കില്‍ കാര്യം കുറച്ചു കടുപ്പമാണ്. നടക്കുമ്പോള്‍ കുറച്ചു സൂക്ഷിക്കേണ്ടിയിരിക്കുന്നു. നല്ല അവതരണം.

കൊമ്പന്‍ said...

സാധാരണ മല്‍ ബു കഥകള്‍ എല്ലാം ചിരിക്കാന്‍ ആണ് വക ഉണ്ടാവല്‍
പക്ഷെ ഇത് വായിച്ചിട്ട് ചിരി വരുന്നില്ല
കാരണം നമ്മുടെ ഇടയില്‍ ഒരു പാട് പേര്‍ അനുഭവിച്ച ഒരു അനുഭവം ആണിത്

naushad kv said...

തീര്‍ച്ചയായും സംഭവിക്കാവുന്ന കാര്യങ്ങള്‍....

SHANAVAS said...

കൊള്ളാം,ഭായ്..അപ്പോള്‍ ഇതും ഒക്കെ അവിടെ ഉണ്ട് അല്ലെ..ഞാന്‍ വിചാരിച്ചു ഇതെല്ലാം നമ്മുടെ മാത്രം കുത്തക ആണെന്ന്..ആശംസകള്‍..

Arafath Kochipally said...

good lesson for all malbus..ഇ അടുത്ത് ദുബൈയില്‍ നിന്നും ജിദ്ദയില്‍ ജോലി മാറി വന്ന ഒരു സുഹുര്ത്തിന്റെ വണ്ടിക്ക് പിറകില്‍ ഒരു അലജം ബസ്സ് വന്ന് തട്ടി..അദ്ദേഹം പുറത്തിറങ്ങി മാന്യമായി ഡ്രൈവറുടെ അടുത്ത് ചെന്ന്നു. ഇംഗ്ലീഷില്‍ "what happened" എന്ന് ചോദിച്ചു അയാള്‍ ചാടി ഇറങ്ങി "യാ..ഹിമാര്‍ എന്നും പറഞ്ഞു,," സുഹുര്തിന്റെ ടൈ പിടിച്ചു താഴോട്ടും മേലോട്ടും ഇടതും വലതും പിടിച്ചു കറക്കി.. ഒറ്റ തള്ളു...അല്ജം ബസ്സ് കാരോട് ഒരികലും ഇംഗ്ലീഷ് പറയാതിരിക്കുക..അറബി അറിയില്ലെങ്കില്‍ മൌനിക്കുക..

sm sadique said...

ഒന്നും നമ്മുടെ കുത്തകയല്ലല്ലേ. ഗൊള്ളാം.

Shikandi said...

മല്ലു... ജയ്...
ആശംസകള്‍...

എം.അഷ്റഫ്. said...

മല്‍ബുവിന്റെ ദുരനുഭവം കണ്ടു പോയ എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി

mottamanoj said...

നല്ല വായന

Aijaz hassan said...

ചില കള്ള ടാക്‌സിക്കാരുടെ അവസ്ഥയും ഇതു തന്നെ.... കാശ് കൊടുക്കേം വേണം... ചീത്ത കേള്‍ക്കേം വേണം... കാശ് കൊടുത്ത് കടിക്കുന്ന പട്ടിയെ വാങ്ങുന്നതു പോലെ....

Nasar Mahin said...

ജിദ്ദയില്‍ പല തരത്തിലുള്ള തട്ടിപ്പുകളും പിടിച്ച്പറികളും കേട്ടിട്ടുണ്ട്. അലജം (വാക്കര്‍ത്ഥം "വശത്തേക്ക്") അഥവാ കുട്ടി ബസുകളില്‍ നിന്നും ഇത്തരം അനുഭവം ആദ്യമായാ കേള്‍ക്കുന്നത്; വിശ്വസിക്കാന്‍ കഴിയുന്നില്ല! അനവധി കാലമായി ഇത്തരം ബസുകളില്‍ ഞാന്‍ യാത്ര ചെയ്യുന്നു. ഇത്രക്ക് തരം താണ ഒരു പൊതു ഗതാഗത വ്യവസ്ഥ ലോകത്ത് മറ്റെവിടെയും ഉണ്ടാവാന്‍ തരമില്ല. പലപ്പോഴായി, ഇതിന്റെ ശോചനീയാവസ്ഥയെ കുറിച് പ്രാദേശിക പത്രങ്ങളില്‍ വാര്‍ത്ത വന്നിട്ടുണ്ട്; ഏറെകുറെ മുഴുവന്‍ ഉപഭോക്താകളും വിദേശികള്‍ ആയത് കാരണമാവണം അധികാരികള്‍ അതിന് നേരെ ഇനിയും കണ്ണ് തുറന്നിട്ടില്ല!

Anonymous said...

ഇത്രക്ക് തരം താണ ഒരു പൊതു ഗതാഗത വ്യവസ്ഥ ലോകത്ത് മറ്റെവിടെയും ഉണ്ടാവാന്‍ തരമില്ല. പലപ്പോഴായി, ഇതിന്റെ ശോചനീയാവസ്ഥയെ കുറിച് പ്രാദേശിക പത്രങ്ങളില്‍ വാര്‍ത്ത വന്നിട്ടുണ്ട്; ഏറെകുറെ മുഴുവന്‍ ഉപഭോക്താകളും വിദേശികള്‍ ആയത് കാരണമാവണം അധികാരികള്‍ അതിന് നേരെ ഇനിയും കണ്ണ് തുറന്നിട്ടില്ല!

yes this is saudi!!!!

സിയാഫ് അബ്ദുള്‍ഖാദര്‍ said...

മല്ബുവിനു ഒരു മല്ലുവിന്റെ ആശംസകള്‍ ...

Mohamedkutty മുഹമ്മദുകുട്ടി said...

എല്ലാ മല്‍ബുമാര്‍ക്കും ഈ ഗതി തന്നെയോ? മല്ലൂസ് ഭാഗ്യവാന്മാര്‍!.

Related Posts Plugin for WordPress, Blogger...