Pages

പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..

October 16, 2011

മൂന്നാം കണ്ണിലെ കരട്


പണി പോയാ പോയതു തന്നാ. 
സ്വദേശികള്‍ക്ക് പണി കണ്ടെത്താന്‍ അടവുകള്‍ പലതും പയറ്റുന്ന ഇക്കാലത്ത് വിശേഷിച്ചും. 
പണിയെടുപ്പിച്ചില്ലേലും പേരിനൊരു സ്വദേശിയെ വെക്കാതെ എവിടെയും തരമില്ലാതായിട്ടുണ്ട്.  കിട്ടിയ പണി കണ്ണിലെ കൃഷ്ണമണിപോലെ കാക്കണമെന്ന് പ്രത്യേകം പറയേണ്ടതില്ല.
 

പക്ഷേ, മല്‍ബുവിന് പണിപോയതൊരു കഥയാണ്.
അനാദിക്കടയില്‍ പണിക്ക് നില്‍ക്കാനൊന്നും വന്നതല്ല മല്‍ബു.
പക്ഷേ, അതായിരുന്നു നിയോഗം.
 

വലിയ പ്രമാണിയുടെ മകന്‍. നാട്ടില്‍ ഇത്തിരി രാഷ്ട്രീയമൊക്കെ പയറ്റിത്തുടങ്ങിയ കാലം. പിതാവ് മുഴുവന്‍ പണവും മുതലിറക്കി തുടങ്ങിക്കൊടുത്ത ലോഡ്ജ് പൊളിഞ്ഞുപാളീസായി. അതുകൊണ്ടു മാത്രം വിമാനം കയറിയെന്നു പറയാന്‍ പറ്റില്ല. ഭൂമി കുലുങ്ങിയാണ് ലോഡ്ജ് പൊട്ടിപ്പൊളിഞ്ഞതെങ്കില്‍ ഈ ഗതി വരുമായിരുന്നില്ല. 
നാട്ടില്‍ നില്‍ക്കാന്‍ പറ്റാത്തത്രയും പേരുദോഷം ലോഡ്ജ് വരുത്തിവെച്ചു. ലോഡ്ജ് പൂട്ടിയ ദിവസം തന്നെ ഒരു വിസ തരപ്പെടുത്തി കഥാനായകനെ ഗള്‍ഫിലേക്കയക്കാന്‍ എക്‌സ് പ്രവാസിയായ പിതാവ് നിര്‍ബന്ധിതനായി. 


അതൊരു രാഷ്ട്രീയ വൈരാഗ്യത്തിന്റെ കഥയാണെന്ന് മല്‍ബു പറയുമെങ്കിലും വിശ്വസിക്കാന്‍ ആളെ കിട്ടിയില്ല. പിതാവിനെ പോലും.
ലോഡ്ജ് റെയ്ഡില്‍  പോലീസ് പിടിയിലായ ഒരു നാരീജനം പറഞ്ഞത് മല്‍ബുവിന്റെ പേര്. അതിലൂടെ തകര്‍ന്നത് ലോഡ്ജിന്റെ പേരു മാത്രമല്ല, കുടുംബ മഹിമ കൂടിയായിരുന്നു. തന്റെ രാഷ്ട്രീയ ഭാവി തകര്‍ക്കാന്‍ സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ ഒപ്പിച്ച വേലയായിരുന്നു അതെന്ന് മല്‍ബു തറപ്പിച്ചു പറയുന്നു.
 

ഗള്‍ഫിലെ അനാദിക്കടയിലെ ജോലിക്ക് ഇതൊക്കെ ഒരു തടസ്സമാണോ. 
അല്ലേയല്ല. പ്രവാസ ജീവിതം തുടങ്ങിയിട്ട് എത്രവര്‍ഷമായി എന്നു പോലും മറന്നുപോകുന്ന മല്‍ബുകള്‍ക്ക് എന്തു ജീവചരിത്രം.
 

അടുത്ത കാലംവരെ  സത്യസന്ധന്മാരെ തേടി കടക്കാര്‍ അലഞ്ഞിരുന്നു. ഇപ്പോഴാകട്ടെ സത്യസന്ധരല്ലാത്തവരെ പോലും കടയിലെ പണിക്ക് കിട്ടാനില്ല. 12 മണിക്കൂറോളം ജോലിക്കിടയില്‍ ഫ്‌ളാറ്റുകളില്‍ സാധനങ്ങള്‍ എത്തിക്കുന്നതിന് ഏണിപ്പടികള്‍ കയറി തളരാന്‍ ആരെ കിട്ടും. അതിനുമാത്രം ഉലുവാ കൊടുക്കുന്നുമില്ല. 

സത്യസന്ധത ഇപ്പോള്‍ ഒരു ഗുണമേ അല്ല. അതൊരു ഉപാധിയാക്കേണ്ടതുമില്ല. പണം മേശയില്‍ തന്നെ വീഴുന്നുവെന്ന് ഉറപ്പുവരുത്താന്‍ ഉടമകള്‍ കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്ന ആസ്ത്മയുടെ കാലം അസ്തമിച്ചു. മേശയിലിടാതെ പണിക്കാര്‍ സ്വന്തം പോക്കറ്റിലേക്ക് പണം വലിക്കുന്നതാണ് വലിവ് അഥവാ ആസ്ത്മ. ഇപ്പോള്‍ പണിക്കാരെയാക്കി കടക്കാരന് മുറിയില്‍ സമാധാനത്തോടെ വിശ്രമിക്കാം. അവിടത്തെ ഓരോ ചലനങ്ങളും ഒപ്പിയെടുത്ത് മുന്നിലെത്തിക്കാന്‍ ക്യാമറ റെഡി. ഏതു ദിവസത്തെ ചലനങ്ങളും സസൂക്ഷ്മം വീക്ഷിക്കാം. വീണ്ടും വീണ്ടും നോക്കാം.
 

മല്‍ബുവിന് ജോലി ലഭിച്ചതൊരു പഴഞ്ചന്‍ കടയിലായിരുന്നു. മൂന്നാം കണ്ണില്ലാതെ ഉടമ തന്നെ കണ്ണു തുറന്നുവെച്ച ഒരു കട. മല്‍ബുവിന് മുതലാളിയേയും മുതലാളിക്ക് മല്‍ബുവിനേയും വിശ്വാസത്തിലായി ജീവിതകഥ തുടരുകയായിരുന്നു.
മല്‍ബു ഒരു കോട്ടവും വരുത്തിയില്ല. വിശ്വാസമല്ലേ എല്ലാം.
 

ഒരു ദിവസം മുതലാളി മല്‍ബുവിനൊരു കഥ പറഞ്ഞുകൊടുത്തു.
അനാദിക്കടയില്‍ വിശ്വസ്തനായൊരു മല്‍ബുവിനെ അറബി പണിക്കുവെച്ചു. രാവും പകലും പണി. രാത്രിയായാല്‍ മല്‍ബു പണമൊക്കെ എണ്ണിത്തിട്ടപ്പെടുത്തി അറബിക്ക് എത്തിക്കും. കൊടുക്കുമ്പോള്‍ മല്‍ബു പറയും- നൂറ് ഞാനെടുത്ത്ക്ക്.
ശമ്പളത്തിനു പുറമെ, നൂറ് റിയാല്‍  എല്ലുമുറിയെ പണിയെടുക്കുന്ന തനിക്ക് അര്‍ഹമായതാണെന്ന് ഉറച്ചുവിശ്വസിക്കുന്ന മല്‍ബു മുതലാളി അറിഞ്ഞാണ് അത് എടുക്കുന്നതെന്ന് മനഃസാക്ഷിയെ ബോധ്യപ്പെടുത്താനാണത്രെ ഈ അടവ് സ്വീകരിച്ചത്.
 

ഒടുവില്‍ ടിയാന്‍ നാട്ടില്‍ പോയപ്പോള്‍ പകരക്കാരനായെത്തിയ മല്‍ബു ഈ നൂറെടുത്ത്ക്ക് പറയാതായതോടെയാണ് അറബിക്ക് സംഗതി പിടി കിട്ടിയത്.
 

ഇക്കഥ തന്നോട് എന്തിനു പറഞ്ഞുവെന്ന ചിന്ത നമ്മുടെ മല്‍ബുവിന്റെ ഉറക്കം നഷ്ടപ്പെടുത്തിയിരിക്കെയാണ് ഒരു ദിവസം തലക്കു മുകളില്‍ അത് പ്രത്യക്ഷപ്പെട്ടത്. മൂന്നാം കണ്ണ്. ആ ദിവസം മുഴുവന്‍ മുതലാളി വന്നതുമില്ല. മുറിയിലിരുന്ന് ക്യാമറയില്‍ ദൃശ്യങ്ങള്‍ ആസ്വദിച്ചു.
അടുത്ത ദിവസം പുലര്‍ച്ചെ തന്നെ മല്‍ബു മുതലാളിയെ കണ്ടു പറഞ്ഞു.
വേറെ ആളെ നോക്കിക്കോ. വിശ്വാസമാണ് എല്ലാം.
 

ജോലി വലിച്ചെറിഞ്ഞെന്നു മല്‍ബുവും ക്യാമറയെ ഭയപ്പെടുന്ന അവനെ പറഞ്ഞുവിട്ടെന്നു മുതലാളിയും പറയുന്നു. പാര്‍ട്ടി വിട്ടെന്ന് വിട്ടയാളും പുറത്താക്കിയതാണെന്ന് ബാക്കിയുള്ളവരും പറയുന്നതു പോലെ.

20 comments:

എം.അഷ്റഫ്. said...

സ്വന്തം പാര്‍ട്ടിക്കാരുടെ പാര കാരണം നാടുവിടേണ്ടി വന്ന മല്‍ബുവിന് പ്രവാസ ലോകത്തും ദുരനുഭവം.

Nasar Mahin said...

അഷ്‌റഫ്‌ ഭായ്.. ഇന്ന് നേരത്തെ തന്നെ പ്രിന്റെഡ്‌ പേപ്പര്‍ നോക്കിയിരുന്നു. ഇത് വായിച്ചു. കാശ് എടുത്തിട്ടുണ്ടെന്ന് കഫീലിനോട് പറയുന്ന ആ ചൊല്ല് കുറെ കാലമായി കേള്‍ക്കുന്നതാ.. എന്തായാലും തരക്കേടില്ല. തുടക്കം മുതല്‍ പകുതി വരെ വായിച്ചപ്പോ നല്ല ഒരു ക്ലൈമാക്സില്‍ എത്തുമെന്ന് കരുതിയിരുന്നു.. ഈ ചൊല്ല് കേട്ട്‌ ശീലിക്കാത്തവര്‍ക്ക് നല്ല രസം തോന്നും.

khaadu.. said...

ആസ്തമ എനിക്ക് പുതിയ അറിവാണ്....
പിന്നെ നൂരെടുതുക്ക് കേട്ടിട്ടുണ്ട്... എന്നാലും ഇവിടെ അറബി പറയുന്ന കഥയായത് കൊണ്ട് കുഴപ്പമില്ല....
പിന്നെ അവസാനത്തെ പാരഗ്രഫ് എനിക്കിഷ്ടപെട്ടു......


എല്ലാ ആശംസകളും....

Anonymous said...

മല്‍ബു നന്നായിട്ടുണ്ട്

മൂന്നാം കണ്ണിലെ കരട് വായിക്കുന്നവര്‍ക്ക് രണ്ടു കണ്ണിലും കരടായോ എന്നു മല്‍ബുമാര്‍ സംശയിച്ചു പോയാല്‍ കുറ്റം പറയാനാവുമോ.

ഈ നൂറെടുത്ത കഥ എന്റെ ചെറുപ്പത്തില്‍ കേള്‍ക്കാന്‍ തുടങ്ങിയതാണെന്ന് 35 വയസ് കഴിഞ്ഞ ഒരു മല്‍ബു പറയുന്നതു കേട്ടു. അവരെയും കുറ്റം പറയാന്‍ പറ്റില്ലല്ലോ.
പക്ഷേ അവര്‍ പറഞ്ഞു തന്ന കഥയും ഈ നൂറെടുത്തക്കണൂ കഥയും ചെറിയൊരു വ്യത്യാസം...

അവര്‍ പറഞ്ഞത് ഒരു മല്‍ബു നൂറെടുക്കും ദിവസവും എന്നിട്ട് അറബി മുതലാളിയോട് കടയടച്ച് കഴിഞ്ഞ് പറയും നൂറ്ട്ത്തക്കണ് മഅസ്സലാമാ.... എന്ന്..

മുതലാളിയും എന്നും മഅസ്സലാം പറയും... പിന്നെ എന്നും മുന്നില്‍ ഉപയോഗിക്കുന്ന സലാമക്കു മുമ്പിലുള്ള നൂറ്ട്ത്തക്കണ് എന്ന വാക്കിന്റെ അര്‍ത്ഥം അറിയാനുള്ള ആകാംശകൊണ്ട് മറ്റൊരു മലയാളിയോട് "നൂറുറ്റ"ക്കുണു മഅസ്സലാമാ എന്നതിന്റെ അര്‍ത്ഥം എന്നാണെന്ന് ചോദിച്ചു...... മല്‍ബുവിന് കാര്യം പിടികിട്ടി... ഇനിപറയുമ്പോള്‍ നൂറിക്കണ്ട മഅസ്സലാമാ എന്നു തിരിച്ചു പറയാന്‍ പറഞ്ഞു.... അങ്ങിനെ ആ കഥ അവസാനിച്ചൂ എന്നു പറയാന്‍ പറ്റില്ല.. കാരണം ആ കഥ തന്നെ വേറെ ആള്‍ കേട്ടത് വേറെ രീതിയിലാണല്ലോ...മല്‍ബൂ പിന്നോട്ടു നടക്കാതിരിക്കുക.. മൂന്നോട്ടു മൂന്നോട്ടു നടന്ന് ഇനിയും രസിപ്പിക്കുക.... ചിന്തിപ്പിക്കുക.......
നന്ദി സാര്‍.........നന്ദി....
rahimon

Anonymous said...
This comment has been removed by a blog administrator.
mini//മിനി said...

വിശ്വാസം അതല്ലെ എല്ലാം,

faisalbabu said...

പതിവ് മല്‍ബു കഥകളില്‍ നിന്നും രസിപ്പിച്ച മറ്റൊരു കഥ !!
ജോലി വലിച്ചെറിഞ്ഞെന്നു മല്‍ബുവും ക്യാമറയെ ഭയപ്പെടുന്ന അവനെ പറഞ്ഞുവിട്ടെന്നു മുതലാളിയും പറയുന്നു. പാര്‍ട്ടി വിട്ടെന്ന് വിട്ടയാളും പുറത്താക്കിയതാണെന്ന് ബാക്കിയുള്ളവരും പറയുന്നതു പോലെ.
ഈ വരികള്‍ സൂപ്പര്‍ ,,,,,!!
(അനുവാദമില്ലാതെ തന്നെ ഇത് ഞാന്‍ നാലാള്‍ക്കു ഫോര്‍വേര്‍ഡ്‌ ചെയ്യട്ടെ !!)

എം.അഷ്റഫ്. said...

പണ്ടൊരു മല്‍ബു കടയില്‍നിന്ന് പണം തട്ടിയെന്ന പ്രചുരപ്രചാര കഥ മുതലാളി പറഞ്ഞത് ദുരുദ്ദേശ്യത്തോടെയാണെന്ന സംശയമാണല്ലോ ക്യാമറ സ്ഥാപിച്ചത് തന്നെ വിശ്വാസമില്ലാത്തതു കൊണ്ടാണെന്ന നിഗമനത്തില്‍ മല്‍ബുവിനെ എത്തിച്ചത്.
നാസര്‍, ഖാദു, റഹിമോന്‍, മിനിടീച്ചര്‍, ഫൈസല്‍ബാബു വന്നു കണ്ട എല്ലാവര്‍ക്കും നന്ദി

Jefu Jailaf said...

അവസാന വരികള്‍ അസ്സലായി..

emadhyamam.com said...
This comment has been removed by the author.
സ്വലാഹ് said...

Thanks,

kochumol(കുങ്കുമം) said...

പാര്‍ട്ടി വിട്ടെന്ന് വിട്ടയാളും പുറത്താക്കിയതാണെന്ന് ബാക്കിയുള്ളവരും പറയുന്നതു പോലെ.........കാലുമാറുന്ന പാര്‍ട്ടിക്കാര്‍ ഒക്കെ ഇതന്നെ പറയുന്നത് അല്ലെ .....

yousufpa said...

കൊള്ളാം മല്ബു.

കുമാരന്‍ | kumaran said...

ഒരു പരസ്പര വിശ്വാസമൊക്കെ വേണ്ടേ..:)

എം.അഷ്റഫ്. said...

കുമാരന്‍, യൂസുഫ്, സ്വലാഹ്, ജെഫു.. വായനക്കും കുറിപ്പിനും നന്ദി.

SHANAVAS said...

വളരെ നല്ല ഒരു വായനാനുഭവം തന്നു ഈ കഥ..ആശംസകള്‍..

കൊമ്പന്‍ said...

സാധാരണ മല്‍ ബു കഥ പോലെ തന്നെ നന്നായിരിക്കുന്നു

Akbar said...

കഥ നന്നായി അഷ്‌റഫ്‌ ഭായി. ആസ്ത്മയെ പറ്റി ഒരു കഥ ഞാനും എഴുതിയിരുന്നു. ഇവിടെ വായിക്കാം

എം.അഷ്റഫ്. said...

അക്ബര്‍, കൊമ്പന്‍, ഷാനവാസ്.. വന്നതിനും കുറിച്ചതിനും നന്ദി സന്തോഷം.

Lipi Ranju said...

"പാര്‍ട്ടി വിട്ടെന്ന് വിട്ടയാളും പുറത്താക്കിയതാണെന്ന് ബാക്കിയുള്ളവരും പറയുന്നതു പോലെ.... " കലക്കിട്ടോ :)

Related Posts Plugin for WordPress, Blogger...