Pages

പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..

October 23, 2011

സൂപ്പര്‍ സേവര്‍


വിമാനം പോയി, ഇനി നാളെ വന്നോളൂ.
ഇല്ല സാര്‍, ഏഴ് യാത്രക്കാരുണ്ട്. വിമാനം പുറപ്പെടാന്‍ ഇനിയും സമയമുണ്ടല്ലോ? ഒന്ന് സഹായിക്കൂ, പ്ലീസ്.
കയ്യില്‍ വയര്‍ലെസ് പിടിച്ച ഓഫീസര്‍ സ്വരം കടുപ്പിക്കുന്നതുവരെ അറബി, ഇംഗ്ലീഷ് മിശ്രിതത്തില്‍ കെഞ്ചി നോക്കി.
ഏഴല്ല, 70 യാത്രക്കാരുണ്ടായിട്ടും കാര്യമില്ല. ഇതുവരെ നിങ്ങള്‍ എന്തെടുക്കാരുന്നു? സ്വരം കടുത്തുതുടങ്ങി.
എം.എല്‍.എ രാജേഷിനെ പോലെ പൊട്ടിക്കരയേണ്ട സന്ദര്‍ഭം. പരിവാരങ്ങളുടെ മുമ്പില്‍ എങ്ങനെ കരയും? കരഞ്ഞില്ലെങ്കിലും മുഖഭാവം രാജേഷിനു സമാനമായിരുന്നു. തനിച്ചായിരുന്നെങ്കില്‍ ഓഫീസറുടെ കരളലിയിപ്പിക്കുംവിധം കരഞ്ഞേനെ. ഒട്ടും സംശയമില്ല.
കൈയില്‍ കൊണ്ടുപോകാവുന്നതിന്റെ പരമാവധി ബാഗേജുമായി കുട്ടികളടങ്ങുന്ന സംഘം ഉദ്യോഗസ്ഥര്‍ ഹാജരുണ്ടായിരുന്ന എല്ലാ ഗേറ്റുകളിലും പരക്കം പാഞ്ഞു. ആ പാച്ചില്‍ കണ്ട് സമീപത്തെ കടയില്‍നിന്നിറങ്ങിവന്ന ഒരു മല്‍ബു മുഖപരിചയമുള്ള ഒരു ഓഫീസറോട് ശുപാര്‍ശ ചെയ്തു നോക്കി.
ഇനി രക്ഷയില്ല. വിമാനത്തിലേക്കുള്ള എല്ലാ ബസും പോയി. ഡോറും അടച്ചു കാണും.
പറയേണ്ട ആരേലും പറയാതെ ഇനി അതു തുറക്കില്ല. 
ആ സമയത്ത് എവിടെനിന്ന് ഒരു രക്ഷകന്‍ അവതരിക്കും?
കൈ നീട്ടിയിട്ടും നിര്‍ത്താതെ പോകുന്ന ബസിന്റെ പിറകില്‍ ഒരു ഉരുളന്‍ കല്ലെടുത്ത് എറിയാന്‍ തോന്നുകയെങ്കിലുമാകാം. ഇവിടെ ആ ചിന്തക്കുപോലും സ്‌കോപ്പില്ല.
എന്തിനാ വിഷമിക്കുന്നത്? മുകളില്‍ പോയി ടിക്കറ്റ് മാറ്റിയാല്‍ മതി. നാളെ പോകാം.
എല്ലാ വിമാനങ്ങളും ഫുള്‍ ആണെന്ന് അറിയാമായിരുന്നിട്ടും എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥനാണല്ലോ പറയുന്നത്, ബോര്‍ഡിംഗ് പാസെടുത്ത്, ഇമിഗ്രേഷനും കഴിഞ്ഞ ശേഷം വിമാനം മിസ്സായ സ്ഥിതിക്ക് എന്തേലും വഴി കാണുമെന്ന് കരുതി എയര്‍ലൈന്‍സ് ഓഫീസിലേക്ക് കുതിച്ചു.
ടോക്കണ്‍ എടുത്ത് കാത്തിരുന്ന് ഊഴമെത്തിയപ്പോള്‍ ബുക്കിംഗ് പോലും~ഒരു മാസം കഴിഞ്ഞു നോക്കിയാ മതീന്ന് മറുപടി.
ഇമിഗ്രേഷന്‍ പൂര്‍ത്തിയാക്കിയതാണ് സാര്‍. ലഗേജും പോയി. രാത്രി ഇവിടെ തന്നെ കഴിഞ്ഞോളാം. നാളേക്ക് എങ്ങനേലും ടിക്കറ്റ് ശരിയാക്കി തരണം.
എല്ലാ വാതിലുകളിലും മുട്ടണമെന്നാണല്ലോ.
മാനേജറെ കണ്ടപ്പോള്‍ ഇടിത്തീ പോലെ മറ്റൊരു മറുപടി.
ഏഴു ടിക്കറ്റും സൂപ്പര്‍ സേവറാണെന്നും അവ ഉപയോഗിച്ചതായി കണക്കാക്കുമെന്നും ഇനി ബുക്കിംഗ് വേണമെങ്കില്‍ പുതിയ ടിക്കറ്റെടുക്കണമെന്നും.
വെബ് സൈറ്റ് വഴി ലാഭത്തിലുള്ള ടിക്കറ്റെടുക്കാന്‍ തോന്നിയ നിമിഷത്തെ പഴിച്ചു.
എമിഗ്രേഷന്‍ കഴിഞ്ഞ് യഥാസമയം ലോഞ്ചിലെത്തിയിരുന്നുവെന്നും ബോര്‍ഡിഗ് പാസെടുത്ത യാത്രക്കാരെ ഒറ്റത്തവണ പോലും വിളിച്ചില്ലെന്നും പറഞ്ഞപ്പോള്‍, മറ്റു യാത്രക്കാരൊക്കെ എങ്ങനെ പോയി എന്നായിരുന്നു യുക്തിഭദ്രമായ മറുചോദ്യം.
രണ്ടാമത്തെ കുടുംബത്തിന്റെ എമിഗ്രേഷന്‍ അല്‍പം വൈകിയിരുന്നുവെങ്കിലും ബോര്‍ഡിംഗ് തുടങ്ങേണ്ട സമയത്തു തന്നെ ഗേറ്റില്‍ എത്തിയിരുന്നു.
ഗേറ്റ് ഓപ്പണ്‍ എന്നെഴുതി വെച്ചിരുന്നുവെങ്കിലും അവിടെ ബോര്‍ഡിംഗ് പാസ് കീറിയെടുത്ത് കമ്പ്യൂട്ടറില്‍ എന്റര്‍ ചെയ്യണ്ടേ ഓഫീസര്‍ ഉണ്ടായിരുന്നില്ല.
ബോര്‍ഡിംഗ് തുടങ്ങിക്കാണില്ലെന്ന നിഗമനത്തില്‍ കിട്ടിയ ഇരിപ്പിടത്തില്‍ കാത്തിരുന്ന് മിനിറ്റുകള്‍ക്ക് ശേഷം എന്തേ ഇതു തുടങ്ങുന്നില്ലെന്ന് അന്വേഷിച്ചപ്പോഴാണ് യാത്രക്കാരൊക്കെ ഇറങ്ങിയെന്നും വിമാനത്തിലേക്കുള്ള ബസ് പോയെന്നുമുള്ള മറുപടി ലഭിച്ചത്.
കറാച്ചി, കറാച്ചി എന്നു വിളിച്ചുകൊണ്ട് യാത്രക്കാര്‍ക്കായി തലങ്ങും വിലങ്ങും പാഞ്ഞ ജോലിക്കാരില്‍ ആരും ഏഴു യാത്രക്കാര്‍ മിസ്സായിട്ടും കാലിക്കറ്റെന്നോ കൊല്‍ക്കത്തയെന്നോ ഒരു തവണ പോലും ഉച്ചരിച്ചില്ല.
ടിക്കറ്റും ഇനി ഉപയോഗിക്കാനാവില്ലെന്ന സത്യത്തിനുപിന്നില്‍ എല്ലാം പോയെന്നു പിറുപിറുക്കുമ്പോഴും എമിഗ്രേഷന്‍ കാന്‍സല്‍ ചെയ്ത് എങ്ങനെ പുറത്തു കടക്കും, അങ്ങനെ പോയാല്‍ അടുത്ത യാത്രക്ക് വീണ്ടും റീ എന്‍ട്രി വേണ്ടിവരുമോ എന്നൊക്കെയായിരുന്നു ചിന്ത.
ടിക്കറ്റ് ശരിയാക്കി വന്നോളൂ. നാളെ ഇതേ റീഎന്‍ട്രിയില്‍ പോകാമെന്നു പറഞ്ഞ് ചെറുപ്പക്കാരനായ ഒരു പാസ്‌പോര്‍ട്ട് ഓഫീസര്‍ ബാക്കി കാര്യങ്ങള്‍ ചെയ്തുതന്നു. ആശ്വസിപ്പിക്കാന്‍ കൂട്ടത്തില്‍ അങ്ങനെയും ചിലര്‍.
ആളില്ലാ ലഗേജ് അയക്കുന്നത് ചട്ട വിരുദ്ധമായിട്ടും യഥാസമയം കോഴിക്കോട്ട് എത്തിയ ലഗേജ് അവിടെതന്നെ വെക്കാന്‍ സന്ദേശമയച്ചു.
പുലര്‍ച്ചയോടെ വീടണഞ്ഞ ശേഷം അടുത്ത ഏതെങ്കിലും വിമാനത്തില്‍ ടിക്കറ്റ് തേടിയുള്ള നെട്ടോട്ടം. രണ്ടാഴ്ചത്തേക്ക് നോക്കേണ്ട. വിമാന കമ്പനികളുടെ സൈറ്റുകളില്‍ തെരഞ്ഞും ഫോണ്‍വിളിച്ചും ആ ദിവസം അവസാനിക്കാറായപ്പോള്‍ സൂപ്പര്‍ സേവറായി ഒരു മല്‍ബു അവതരിച്ചു. ഫോണിനു വിശ്രമമില്ലാതെ വായും കൈയും ചലിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു മല്‍ബു. ജോലി വിമാനത്തിലല്ലെങ്കിലും വിമാന സര്‍വീസുകളെ കുറിച്ചെല്ലാം അറിയുന്ന ഒരാള്‍.
നഷ്ടപ്പെട്ടെന്ന് കരുതിയ അതേ സൂപ്പര്‍ സേവര്‍ ടിക്കറ്റിന് രക്ഷകന്‍ മല്‍ബു ജീവന്‍ വെപ്പിച്ചു.  പോക്കറ്റില്‍നിന്ന് 500 റിയാല്‍ വീതം ടിക്കറ്റൊന്നിനു ടിയാന്റെ പോക്കറ്റിലേക്ക് പറന്നുവെങ്കിലും അത്ഭുതമായിരുന്നു ആ രക്ഷകന്റെ കരുനീക്കങ്ങള്‍.
വരാനുള്ളത് വഴിയില്‍ തങ്ങില്ലെന്നും ഏതെങ്കിലും വിപത്തില്‍നിന്ന് മുകളിലുള്ളവന്‍ രക്ഷിച്ചതാകാമെന്നും സൂപ്പര്‍ സേവര്‍ പറയുമ്പോള്‍ കടം വാങ്ങിയതാണെന്ന കാര്യമൊക്കെ മറന്ന് ആ അഞ്ഞൂറിന്റെ നോട്ടുകള്‍ പോക്കറ്റില്‍ കിടന്നു പുഞ്ചിരിച്ചു.


എന്നാലും മല്‍ബു അതെങ്ങനെ സാധിച്ചുവെന്നോര്‍ത്ത് തല പുണ്ണാക്കുന്നവര്‍ക്ക് ഒരു ചെറിയ സൂചന. ബന്ധങ്ങള്‍ സമര്‍ഥമായി ഉപയോഗപ്പെടുത്താന്‍ പഠിക്കണം. പക്ഷേ, അതു ചിലര്‍ക്കു മാത്രമേ കഴിയൂ എന്ന കാര്യവും വിസ്മരിക്കരുത്.


16 comments:

M. Ashraf said...

എന്നാലും മല്‍ബു അതെങ്ങനെ സാധിച്ചുവെന്നോര്‍ത്ത് തല പുണ്ണാക്കുന്നവര്‍ക്ക് ഒരു ചെറിയ സൂചന. ബന്ധങ്ങള്‍ സമര്‍ഥമായി ഉപയോഗപ്പെടുത്താന്‍ പഠിക്കണം. പക്ഷേ, അതു ചിലര്‍ക്കു മാത്രമേ കഴിയൂ എന്ന കാര്യവും വിസ്മരിക്കരുത്

Arunlal Mathew || ലുട്ടുമോന്‍ said...

നമ്മടെ മല്‍ബു അല്ലെ ഇതും ഇതിലപ്പുറവും നടക്കും..... :P

SHANAVAS said...

അങ്ങനെ ഒരു "ഡീല്‍" ഉറപ്പിച്ചു രക്ഷപ്പെട്ടു അല്ലെ??നേരെ വഴിക്ക് ഒന്നും നടക്കാത്ത കാലത്ത് ഇതൊക്കെ തന്നെയേ വഴിയുള്ളൂ..ആശംസകള്‍..

khaadu.. said...

കാണേണ്ട പോലെ കാണാന്‍...നമ്മള്‍ മലയാളികളെ ആരെങ്കിലും പഠിപ്പിക്കണോ...

മല്ബുവിനു ആശംസകള്‍...

Chundakkadan said...

ചുരുക്കിപ്പറഞ്ഞാല്‍ കയ്കൂലി കൊടുത്തു രക്ഷപ്പെടെണ്ടി വന്നു. ഇം ഇം ........... ഇനി ആര്‍കും ഇങ്ങിനെ ഒരനുഭവം ഉണ്ടാവാതിരിക്കട്ടെ.

Naushu said...

മല്‍ബുവിന്‍റടുത്താ കളി..... :)

ശിഖണ്ഡി said...

ആവനാഴിയിലെ അവസാനത്തെ അമ്പ്‌...

Unknown said...

നമ്മുടെ സ്വന്തം വിമാനം വൈകും എന്നുറപ്പിച്ചു യാത്ര അവസാനനിമിഷത്തെക്ക് വച്ചു അല്ലേ?
കൈകൂലി കാത്തു! :)

a.rahim said...

ആലോചിച്ചിട്ടു ചിരിയാണ് വന്നത്. ചിരിക്കുകയും ചെയ്തു.

200 ല്‍ അധികം യാത്രക്കാര്‍ ഒരു വിമാനത്തിലേക്ക് കയറി പോകുന്നതു കണ്ടില്ല എന്നു പറയുന്നതിലും അത്ഭുതം തോന്നുന്നു... അതോ ബന്ധങ്ങള്‍ സമര്‍ത്ഥമായി ഉപയോഗിച്ചപ്പോള്‍ വന്ന പിശകാണോ യാത്ര മുടങ്ങാന്‍ കാരണമെന്നും സംശയിക്കുന്നു......

Anonymous said...

വൈകിയതിന്റെ വിശദാംശങ്ങള്‍ കണ്ടില്ല..........
നാസര്‍

Lipi Ranju said...

ബോര്‍ഡിംഗ് പാസെടുത്ത്, ഇമിഗ്രേഷനും കഴിഞ്ഞ ശേഷം വിമാനം മിസ്സായെന്നോ ! വല്ലാത്തൊരു അവസ്ഥയാണല്ലോ !!

ജയരാജ്‌മുരുക്കുംപുഴ said...

rasakaramayittundu.......... aashamsakal.........

ആസാദ്‌ said...

ശരിയാണ് ഭായീ..
ബന്ധങ്ങള്‍ തന്നെയാണ് വലുത്.. അത് ശരിയായി കൈകാര്യം ചെയ്യുന്നവര്‍ക്ക്.. അല്ലാത്തവര്‍ക്ക് ബന്ധങ്ങള്‍ തന്നെയല്ലയോ ഈ പാരിലെ മഹാ പാര.
നന്നായിട്ടുണ്ട് പോസ്റ്റ്..

റഷീദ് പുത്തൂര്‍ ഇപ്പോഴും മലയാളം ന്യൂസിലുണ്ടോ? എന്റെ കയ്യില്‍ നിന്നാ ചങ്ങാതിയുടെ നമ്പര്‍ മിസ്സായി..

M. Ashraf said...

ആസാദ്, ജയരാജ്, ലിപി, നാസര്‍, റഹീം, തെച്ചിക്കോടന്‍, ശിഖ, നൗഷു, ചുണ്ടക്കാടന്‍.ഖാദു, ഷാനവാസ്, അരുണ്‍ ലുട്ടു, അങ്ങനെ വന്നവര്‍ക്കും എന്തേലുമൊക്കെ കുറിച്ചവര്‍ക്കും ഒരു പാട് നന്ദി.

mayflowers said...

ഫുലൂസ്‌ കിട്ടുമെങ്കില്‍ പിന്നെ ആരും എന്തും ചെയ്തു തരും.
കേട്ടിട്ടില്ലേ,'പണത്തിനു മേല്‍.....'

Anil cheleri kumaran said...

മൂപ്പരു അതെങ്ങനെ സാധിച്ചു..!

Related Posts Plugin for WordPress, Blogger...