Pages

പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..

March 6, 2011

ബാങ്ക് ഓഫ് അയമീച്ച

അതിശയപ്പെടേണ്ട. വേറെ രാജ്യക്കാരനൊന്നുമല്ല. ഒരു സാദാ മല്‍ബു തന്നെ. സാദാ എന്നു പറയാന്‍ പറ്റില്ല,  സ്വപ്‌നങ്ങളും പ്രതീക്ഷകളുമായി വിമാനം കയറി സ്വന്തം വഴി തെരഞ്ഞെടുത്ത ഒരു അത്യുത്തര ദേശക്കാരന്‍. പേരു വിളിക്കുന്നതില്‍ പോലും ആദരവ് പ്രകടിപ്പിക്കുന്നവരാണ് ഉത്തര ദേശക്കാര്‍. അഹമ്മദ് എന്ന പേര് ലോപിച്ച് അയമദും പിന്നീട് അതു അയമീച്ചയായും മാറുന്നു.
അയമീച്ചക്കും അഹമ്മദായ ഒരു കാലമുണ്ടായിരുന്നു. എല്ലാവരേയും പോലെ വിസക്കായി കാത്തിരുന്ന കാലം. ജോലിക്കു പോകുന്നതിനേക്കാള്‍ ഇഷ്ടം ഈ കാത്തിരിപ്പിലായിരുന്നു.
പണിക്കൊന്നും പോകാറില്ലേ എന്നു ചോദിക്കുമ്പോള്‍ വിനയം കലര്‍ത്തിപ്പറയും: "ഇനിയിപ്പോ ഒന്നോ രണ്ടോ ആഴ്ച കൊണ്ട് വിസയിങ്ങെത്തും. അതിനിടയില്‍ ഒരു ജോലിക്കൊക്ക കയറിയിട്ടെന്താ?'
മുംബൈയിലും പിന്നെ മംഗലാപുരത്തും ഇറങ്ങുന്ന ഫാഷനുകള്‍  താമസംവിനാ ഉത്തരദേശത്തും എത്തിക്കുന്നതിനാണ് പഠനം നിര്‍ത്തി വിസക്കുവേണ്ടിയുള്ള കാത്തിരിപ്പിന്റെ ഈ കാലം.
ഗള്‍ഫ് മോഹിക്കുന്ന അത്യുത്തര ദേശക്കാര്‍ക്ക് രണ്ട് പാസ്‌പോര്‍ട്ടുണ്ടാകുമെന്ന് പ്രചരിച്ച ഒരു കഥയുണ്ട്. പോകാനുദ്ദേശിക്കുന്നുണ്ടെങ്കില്‍ ഇരട്ട പാസ്‌പോര്‍ട്ടെങ്കിലും വേണമെന്ന് മുതിര്‍ന്ന പ്രവാസികള്‍ ചെറുപ്പക്കാരെ ഉപദേശിക്കാറുണ്ടത്രെ. എന്നാല്‍ ഈ കഥ വിശ്വസിക്കാന്‍ വസ്തുതകള്‍ ലഭ്യമല്ല. നേര്‍വിപരീതമാണ് അനുഭവം. പല കാരണങ്ങള്‍കൊണ്ട് പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ട് അന്യന്റെ പാസ്‌പോര്‍ട്ടില്‍ തല മാറ്റി വന്നു കരിപ്പൂര്‍, നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ പിടിയിലാകുന്നവരില്‍ അത്യുത്തര ദേശക്കാരുമുണ്ട്.
ഒന്നോ രണ്ടോ അനുഭവങ്ങളെ സാമാന്യവല്‍ക്കരിക്കുമ്പോള്‍ എന്തൊക്കെ അബദ്ധങ്ങള്‍ സംഭവിക്കുന്നു. യാഥാര്‍ഥ്യങ്ങള്‍ക്കുനേരെ കൊഞ്ഞനം കുത്തുന്ന നോവലുകളും സിനിമകളുംവരെ ഉണ്ടാകുന്നു.
നമ്മുടെ കഥാനായകന്‍ മല്‍ബു ഗള്‍ഫിലെത്തി അയമീച്ചയാകുന്നതിനു മുമ്പ് വേറെയുമുണ്ടായി കഥകള്‍. ജോലിയൊന്നുമില്ലാതെ മുറിയില്‍ കുത്തിയിരുന്ന മല്‍ബുവിനെ ബന്ധുക്കള്‍ ചേര്‍ന്ന് ഒരു പാക്കിസ്ഥാനിയുടെ ഹോട്ടലില്‍ കൊണ്ടുചെന്നാക്കി. സപ്ലൈ ആയിരുന്നു ജോലി. ആദ്യത്തെ ദിവസം തന്നെ മല്‍ബുവിന്റെ അഭിമാനം ചവിട്ടിയരക്കപ്പെട്ട സംഭവമുണ്ടായി. വീട്ടില്‍നിന്ന് കുട്ടികള്‍ക്കുപോലും ചോറ് വാരിക്കൊടുക്കാത്ത മല്‍ബുവിനോട് ഹോട്ടലിലെ കാഷ്യര്‍ കല്‍പിച്ചു:
ദാ അബ്‌ടെ ചാവല്‍ ബാരിക്കൊടുക്ക്.
ദേഷ്യം വന്ന മല്‍ബു കാഷ്യറെയിട്ടു പെരുമാറിയില്ലെന്നേയുള്ളൂ. ചെറിയ കുട്ടിയാണെങ്കില്‍ ചോറു വാരിക്കൊടുക്കാന്‍ പറഞ്ഞത് ക്ഷമിക്കാം. ഇതു ആജാനബാഹുവായ ഒരു പാക്കിസ്ഥാനിക്ക് ചോറു വാരിക്കൊടുക്കാന്‍ കല്‍പിക്കുക. എന്താ കഥ?
ബാരിക് ചാവല്‍ അഥവാ പച്ചരിച്ചോറ് കൊടുക്കാനാണ് കാഷ്യര്‍ ആവശ്യപ്പെട്ടത്. ബാരിക് കൊടുക്കാന്‍ പറഞ്ഞത് ബാരിക്കൊടുക്കാനായി. ഉത്തര ദേശക്കാര്‍ പൊതുവെ ഉപയോഗിക്കുന്നതാണ് ഈ ബാരല്‍. സ്‌നേഹം ബാരിക്കോരി കൊടുക്കുന്നവരാണ് അവര്‍.
ഈ കഥ കെട്ടിയേല്‍പിച്ചതായാലും അല്ലെങ്കിലും മല്‍ബു ഹോട്ടലില്‍നിന്നിറങ്ങി. പിന്നെ പുതിയ മേച്ചില്‍പുറങ്ങള്‍ തേടി അവസാനം സ്വന്തം പേരില്‍ ഒരു ബാങ്കായി.
ഹോട്ടല്‍ ജോലി മതിയാക്കിയ മല്‍ബു അല്ലറ ചില്ലറ ജോലി ചെയ്തിരുന്നു. പിന്നീടാണ് ഉള്ളവന്‍ ഇല്ലാത്തവന്റെ കഴിവുകേടിനെ അന്യായമായി ചൂഷണം ചെയ്യുന്നുവെന്ന് അസൂയാലുക്കള്‍ പറയുന്ന തൊഴിലില്‍ പ്രവേശിച്ചത്. വിശദീകരിച്ചു പറയാനൊന്നുമില്ല. എല്ലാ സ്ഥലത്തും ഇങ്ങനെ ഒരു മല്‍ബുവിനെ കണ്ടെത്താം.
ബാങ്ക് വഴിയല്ലാതെ നാട്ടില്‍ ബന്ധുക്കള്‍ക്ക് പണം എത്തിച്ചു കൊടുക്കുന്ന നിരുപദ്രവമായ ഇടപാടാണ് ജോലി. പക്ഷേ, അങ്ങനെ നിരുപദ്രവമായ ഹവാലയെന്ന ഹുണ്ടികയിലല്ല അയമീച്ച നോട്ടമിട്ടത്.
നാട്ടില്‍ അത്യാവശ്യ കാര്യങ്ങള്‍ക്ക് പണമില്ലാതെ നട്ടം തിരിയുന്ന  മല്‍ബിക്ക് പണമയക്കാന്‍ വഴി കാണാതെ താടിക്ക് കൈയും വെച്ചിരിക്കുന്ന മല്‍ബുകളെ തേടിയായിരുന്നു അയമീച്ചയുടെ യാത്ര. പതിനായിരം രൂപ വീട്ടിലെത്തിച്ചാല്‍ അടുത്ത മാസം ശമ്പളം കിട്ടിയാല്‍ അതിനുള്ള റിയാലും അതോടൊപ്പം 50 റിയാല്‍കൂടി ചേര്‍ത്തു കൊടുത്താല്‍ മതി. പ്രയാസപ്പെടുന്നവര്‍ അയമീച്ചയെ തേടി വന്നപ്പോള്‍ ബാങ്ക് ഓഫ് അയമീച്ചയുടെ പ്രചാരമേറി.
പലിശക്കാരന്‍ നാളെ പരലോകത്ത് രക്തപ്പുഴയില്‍ നീന്തേണ്ടിവരുമെന്നും അന്യരുടെ ധനത്തില്‍ ആര്‍ത്തി പൂണ്ടവരുടെ വായിലേക്ക് കല്ലുകള്‍ എറിയപ്പെടുമെന്നല്ലേ മുത്തുനബി ഉണര്‍ത്തിയതെന്നു പറയുമ്പോള്‍ അയമീച്ച പറയും:
"പതിനായിരം അയക്കാന്‍ എല്ലാവരും നൂറാണ് വാങ്ങുന്നത്. ഞാന്‍ അമ്പതല്ലേ അധികം വാങ്ങുന്നുള്ളൂ.'
ചോദിക്കട്ടെ, നിങ്ങളുടെ ചുറ്റുവട്ടത്ത് എത്ര അയമീച്ചമാരുണ്ട്? 

6 comments:

ANSAR NILMBUR said...

ശരിയാണ് അയമീച്ചക്ക് രക്ത പ്പുഴയുടെ സാന്ദ്രതയും കല്ലുകളുടെ വലിപ്പവും കുറക്കപ്പെടും .
അങ്ങനെ അയമീച്ചക്കും ഒരു ന്യായമായി .ന്യായങ്ങള്‍ക്ക് ഏതായാലും മുട്ടില്ല .പ്രത്യേകിച്ച് ഉത്തര ദേശക്കാര്‍ക്ക് ...ഹ ഹ ഹ ..നന്ദി .

അലി said...

മൽബു എന്ന സ്ഥിരം പാറ്റേണില്ലാതെ ഒന്നു മാറ്റിപിടിച്ചുകൂടെ... ഏതു കഥ വായിച്ചാലും മൽബു മൽബു... എനിക്ക് തീരെ ഇഷ്ടമായില്ല ഈ വാക്ക്.

ക്ഷമിക്കണം എന്റെ മാത്രം തോന്നലാവാം. നിങ്ങൾക്ക് നന്നായി എഴുതാൻ അറിയാം. പക്ഷെ ഇവിടെ ആരും വരാത്തതിന്റെ കാരണം ഈ സ്ഥിരം ശൈലി കൊണ്ടാണെന്ന് കരുതുന്നു.

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ആദ്യമായാണ്‌ എന്ന് തോന്നുന്നു ഇവിടെ.2007 മുതല്‍ എഴുതിത്തുടങ്ങിയ താന്കള്‍ ഇതുവരെ ഏതെന്കിലും കമന്റ് വ്ഴിപോലും ഒരു ബ്ലോഗിലും പ്രത്യക്ഷപ്പെട്ടതായി കണ്ടില്ല. അതുകൊണ്ടായിരിക്കാം ഇവിടെ എത്താന്‍ വൈകിയത്!

സരസമായ ശൈലിയില്‍ അവതരിപ്പിച്ചു എങ്കിലും കേട്ടുപഴകിയ 'ബാരിക്' പ്രയോഗങ്ങള്‍ മടുപ്പ് ഉളവാക്കി. അത് അറിയാത്ത മലയാളി (താങ്കളുടെ ഭാഷയില്‍ 'മല്ബൂ') ഉണ്ടാവില്ല.

M. Ashraf said...

അന്‍സാര്‍ അലി, അലി, ഇസ്്മായില്‍.. വായിച്ച എല്ലാവര്‍ക്കും നന്ദി. ഈ ബ്ലോഗില്‍ ഞാന്‍ പോസ്റ്റ് ചെയ്യുന്നത് എല്ലാ ഞായറാഴ്ചയും മലയാളം ന്യുസില്‍ പ്രസിദ്ധീകരിക്കുന്ന എന്റെ കോളമാണ്. പ്രവാസികളെ മാത്രം കേന്ദ്രീകരിച്ചെഴുതുന്ന ഇത്തരം കുറിപ്പുകളില്‍ എല്ലാം നന്നായിക്കൊള്ളണമെന്നില്ല. നല്ല വിഷയങ്ങള്‍ ശ്രദ്ധയില്‍വരുമ്പോള്‍ അതു നന്നായി അവതരിപ്പിക്കാന്‍ കഴിയും. പിന്നെ ബ്ലോഗിനു പ്രചാരണം കിട്ടാന്‍ അതിന്റെ പിന്നാലെ കൂടിയേ പറ്റൂ. എനിക്ക് ബ്ലോഗുകള്‍ വായിക്കാന്‍ സമയം കിട്ടാറില്ല. അതിന്റെ ഒരു പരിമിതിയുണ്ട്.
നിര്‍ദേശങ്ങള്‍ക്കു ഒരായിരം നന്ദി.

കെ.എം. റഷീദ് said...

മല്‍ബു മാര്‍ ഒരുപാടുണ്ട്
ചിലര്‍ അലസതകൊണ്ടാ ണെങ്കില്‍ മറ്റു ചിലര്‍ ആര്‍ത്തികൊണ്ടാണ്‌ ഇങ്ങനെ ആകുന്നതു

കൂതറHashimܓ said...

:)

Related Posts Plugin for WordPress, Blogger...