Pages

പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..

September 8, 2012

അരങ്ങേറ്റം


അരങ്ങേറ്റത്തെ പഴിച്ചിട്ടെന്തു കാര്യം. വരാനുള്ളത് വഴിയില്‍ തങ്ങില്ലല്ലോ?
കൃത്യം 15 വര്‍ഷം മുമ്പ് നടന്ന പുറപ്പാടാണ് മനസ്സില്‍. യുദ്ധം ചെയ്തു നേടിയെടുത്ത അരങ്ങേറ്റം.
ഇനി മടക്കമാണ്. മരണം പോലെ തന്നെ,
ഇങ്ങോട്ടൊരു തിരിച്ചുവരവില്ല.
മോനേ നീയും ഉറൂബായോ?
നാട്ടില്‍ വിളിച്ചപ്പോള്‍ ഉമ്മയുടെ ചോദ്യം.
അതെ, ഇനി ഉറൂബിന്റ നോവലുകള്‍ വായിച്ചിരിക്കാം.
മറുപടി ഉമ്മാക്ക് തിരിഞ്ഞില്ലെങ്കിലും തൊണ്ട ഇടറി, രണ്ടു പേര്‍ക്കും.
കാര്‍ണോരോട് പറഞ്ഞില്ലേ? എന്തേലും വഴി കാണിച്ചു തരില്ലേ?
ശവത്തിലാണ് കുത്തിയതെന്ന് ഉമ്മ അറിഞ്ഞില്ലെങ്കിലും മല്‍ബുവിന് ശരിക്കും നൊന്തു. അയാളുടെ പിന്നാലെ പോകുന്നതിനേക്കള്‍ ഭേദം മടക്കം തന്നെ. കാരണം അത്രമാത്രം അകന്നിരിക്കുന്നു. കാര്‍ണോരെന്ന് പറയുമ്പോള്‍ അമ്മാവനല്ല. കുടുംബനാഥനായിരുന്ന ജ്യേഷ്ഠന്‍ തന്നെ.
വഴി കാണിച്ചുതരുന്ന പടച്ചോനൊന്നുമല്ല കാര്‍ണോരെങ്കിലും അങ്ങനെയാണ് പൊതുവെ വെപ്പ്. ഉമ്മാക്ക് മാത്രമല്ല, നാട്ടുകാര്‍ക്കും.
എയര്‍ ഇന്ത്യക്ക് പോലും പേടിയാണ് ടിയാനെ.
വിമാനം വൈകിയില്‍, ടിക്കറ്റ് കിട്ടിയില്ലെങ്കില്‍ ആദ്യം കേന്ദ്രമന്ത്രിയെ വിളിച്ച് വഴിയുണ്ടാക്കുന്ന രക്ഷകന്‍.
കുട്ടത്തിലുണ്ടാകണേ എന്നു യാത്രക്കാരും ഉണ്ടാകരുതേ എന്നു എയര്‍ ഇന്ത്യ അധികൃതരും ആഗ്രഹിക്കുന്ന പ്രമുഖന്‍.
വിമാനം വൈകിയില്‍ യാത്രക്കാരെ ബാത്ത് റൂമും ഭക്ഷണവുമില്ലാത്ത പന്ന ഹോട്ടലുകളില്‍ കൊണ്ടു പോയി തള്ളാന്‍ കാര്‍ന്നോര്‍ ഒരു തടസ്സമാണ്. പറഞ്ഞിട്ടും കേള്‍ക്കുന്നില്ലെങ്കില്‍ സ്വാധീനം ഉപയോഗിക്കാന്‍ മടിക്കാത്തയാള്‍.
വിമാനം വരില്ലെന്ന് എല്ലാവരും ഉറപ്പിച്ച ഒരു ദിവസം ശൂന്യതയില്‍നിന്ന് വിമാനം വരുത്തി പറത്തിയിട്ടുണ്ട്, അതാണ് കാര്‍ണോര്‍.
ഉറൂബാകുന്ന ഹുറൂബില്‍നിന്ന് രക്ഷ നേടാന്‍ ഇനി മുട്ടാന്‍ വാതിലുകളൊന്നുമില്ല.
മന്ത്രിമാര്‍ വന്നു, സ്വീകരണങ്ങളും കൂടിക്കാഴ്ചകളും അരങ്ങേറി. പത്രങ്ങളില്‍ വെണ്ടക്ക പ്രഖ്യാപനങ്ങള്‍ വന്നു.
പക്ഷേ, അനേകായിരം ഹുറൂബുകാര്‍ ഇപ്പോഴും വഴി കാണാതെ നട്ടംതിരിയുന്നു.
ഹുറൂബ് നീക്കാനുള്ള മല്‍ബുവിന്റെ ശ്രമങ്ങളെല്ലാം വെറുതെയായി.
എല്ലാം ചതിയായിരുന്നു, കൊടും ചതി.
മല്‍ബുവിനു ചതി പറ്റുമോ?
ശരിക്കും ചതിയാണോ അതോ ചതിക്കുള്ള മറുചതിയോ?
ചോദ്യത്തിന് ഉത്തരമറിയുന്നതിനു മുമ്പ് അരങ്ങേറ്റത്തിന്റെ പിന്നാമ്പുറമറിയണം. ഒന്നര പതിറ്റാണ്ട് മുമ്പ് ഉമ്മയുടെ സഹായത്തോടെ ഒരു ചെക്കന്‍ യുദ്ധം ചെയ്ത കഥ.
പത്താം ക്ലാസ് പാസായിട്ടും കംപ്യൂട്ടര്‍ കഴിഞ്ഞിട്ടും വിസ വൈകിയപ്പോള്‍ ചരിത്രത്തില്‍ എവിടെയും കാണാത്ത വിധം വിസക്കു വേണ്ടിയുള്ള യുദ്ധമുഖം തുറക്കുകയായിരുന്നു.
ആദ്യമൊക്കെ ദയാഹരജികളായിരുന്നു.
ഇന്നത്തെ പോലെ അല്ലായിരുന്നു അന്ന്. മൊബൈല്‍ ഫോണ്‍ വന്നു തുടങ്ങുന്നേയുള്ളൂ.  ഏതെങ്കിലും ഫോണ്‍ കാബിനു മുന്നില്‍ പോയി ക്യൂ നില്‍ക്കുകയോ ഫ്‌ളാറ്റുകള്‍ തേടി എത്തുന്ന കുഴല്‍ ഫോണ്‍ കാത്തിരിക്കുകയോ വേണമായിരുന്നു.
എപ്പോഴെങ്കിലും കാര്‍ന്നോരുടെ വിളി എത്തുമ്പോള്‍
ഉമ്മക്ക് മറ്റൊന്നും പറയാനുണ്ടായിരുന്നില്ല.
നീ എങ്ങനെയെങ്കിലും ഒരു കള്ളാസ് കൊടുക്ക് മോനേ.
കത്തുകള്‍ക്കു പുറമേയുള്ള ഉമ്മയുടെ ഈ നിവേദനം സമര്‍പ്പിക്കല്‍ കേള്‍ക്കുമ്പോള്‍ ചെക്കന്‍ അകത്തെ മുറിയില്‍ ഒളിച്ചിരുന്നു ചിരിച്ചു.
ബോംബെയില്‍ പോകുമെന്നും തിരിച്ചു വരില്ലെന്നും ഭീഷണി മുഴക്കി. വസ്ത്രങ്ങള്‍ നിറച്ച് ബാഗ് ഒരുക്കിവെച്ച് ഉമ്മയെ ഭയപ്പെടുത്തി.
കൂട്ടുകെട്ട് മോശാട്ടോ. വലിയൊക്കെ തുടങ്ങീട്ടുണ്ട്. ഇനീം ഇവിടെ നിര്‍ത്തിയാല്‍ ഓനെ നമുക്ക് നഷ്ടപ്പെടും.
അതിനിടയില്‍ മുക്കിലുണ്ടായ ഒരു അടിപിടിയെ കുറിച്ച് പത്രത്തല്‍ വാര്‍ത്ത വന്നപ്പോള്‍ ചെക്കന്‍ പ്രതിപ്പട്ടികയില്‍ ആറാമനായുണ്ട്.
ഇങ്ങനെ അങ്ങനെ കൂര്‍ത്തു മൂര്‍ത്ത ആയുധങ്ങളില്‍ ഏതോ ഒന്നു ഫലിക്കുകയും പത്താം ക്ലാസും കംപ്യൂട്ടറും പാസായ ചെക്കന്റ കാത്തിരിപ്പ് അവസാനിക്കുകയും ചെയ്തു.
ഓനെ കയറ്റിയതോണ്ട് നിനക്ക് ആയിരം സ്വര്‍ഗം ലഭിക്കും.
ഇതാണ് കാര്‍ന്നോര്‍ക്ക് ഉമ്മ നല്‍കിയ സര്‍ട്ടിഫിക്കറ്റ്.
പക്ഷേ ഈ സര്‍ട്ടിഫിക്കറ്റ് കിട്ടാന്‍ പെട്ടപാട് കാര്‍ന്നോര്‍ക്കല്ലേ അറിയൂ.
കാത്തുകാത്തിരുന്ന ചെക്കന്‍ ഒരു മല്‍ബുവായി മാറിയെങ്കിലും കലഹത്തിലേക്കുള്ള കവാടം കൂടിയായിരുന്നു ഈ അരങ്ങേറ്റം.
(തുടരും- സിഗരറ്റ് കുറ്റിയുടെ രഹസ്യം)

18 comments:

Echmukutty said...

അപ്പോ സസ്പെന്‍സിലിട്ടിരിക്കയാണല്ലേ? എന്നാല്‍ പിന്നെ അടുത്ത പോസ്റ്റിനായി കാത്തിരിക്കാം......

മുകിൽ said...

ithu sariyaayilla! tv serialukareppole patippanalle pani. rasam pidichu vaayichu vannatha. sari appo aduthathil kanam.

Vp Ahmed said...

അടുത്തതില്‍ എഴുതിയാല്‍ പോരെ?

mini//മിനി said...

ഇതുപോലെ എഴുതിയത് വായിക്കുമ്പോൾ വളരെ സന്തോഷം തോന്നുന്നു. നന്നായി എഴുതുന്ന പലരും ബ്ലോഗെഴുത്ത് നിർത്തിയെങ്കിലും താങ്കളുടെ ബ്ലോഗ് ആ കുറവ് പരിഹരിക്കുന്നുണ്ട്. അരങ്ങേറ്റം തുടങ്ങിയത് നന്നായി, ഇനി അരങ്ങ് വാഴുക,

M. Ashraf said...

എച്മുക്കുട്ടി, മുകില്‍
ഒരു ശ്രമം നടത്തിനോക്കട്ടെന്നേ.
നിങ്ങളുടെ വരവ് തന്നെയാണ്
പ്രചോദനം.
എച്മുക്കുട്ടിയെ പോലെ വിഷയധാരാളിത്തമില്ലാത്തവരുടെ ഒരു അഭ്യാസമായി കണ്ടാല്‍ മതി.
സന്തോഷം.
അഹ്്മദ് ഭായിക്കും മിനിക്കും
പരിഗണനക്ക് നന്ദി.

ഷാജു അത്താണിക്കല്‍ said...

പഹയാ വേകം പറ, അല്ലെങ്കിൽ ഉണ്ടല്ലൊ ഹും

ente lokam said...

മല്‍ബു ‍ ചുവടു ഒന്ന് മാറ്റി
ചവുട്ടുകയാണ് അല്ലെ?കൊള്ളാം
ഇങ്ങനെ പോരട്ടെ..ആശംസകള്‍...

Prabhan Krishnan said...

ഉം..കൊള്ളാം,
തുടരട്ടെ,,!
ആശംസകളോടെ..,പുലരി

a.rahim said...
This comment has been removed by the author.
a.rahim said...

മുടങ്ങാതെ മല്‍ബു എഴുതുന്ന അഷ്‌റഫ് പുതിയ
വിഷയങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുന്നതു പോലെ തന്നെ
പ്രസിദ്ധീകരണ ശൈലിയിലും മാറ്റം വരുത്തി പാരഗ്രാഫുകള്‍ കൂട്ടി വയനാ സുഖം നല്‍കുന്നുതോടൊപ്പം
അടുത്ത ആഴ്ചയ വരെ (അടുത്ത ദിവസത്തെ കണ്ണീര്‍ സീരിയലിന്റെ ആകാംക്ഷയുള്ള ഭാഗം കാണാന്‍ പെട്ടെന്ന് ഉറങ്ങി മണിക്കൂറിനെ കുറക്കാന്‍
ശ്രമിക്കുന്ന വീട്ടമ്മമാരെ പോലെ)
ആകാംക്ഷയോടെ കാത്തിരുത്തുന്നു എന്നതൊക്കെയും തന്റെ വായനക്കാരനോട് നീതി
പുലര്‍ത്തുന്നുതിന്റെ ഭാഗമാണെന്നു കരുതാം..............

മുസാഫിര്‍ said...

മല്‍ബുവിന്റെ എഴുത്ത്‌ എന്നും ഒരു നൊസ്റ്റാള്‍ജിക്‌ ഫീലിംഗ് നല്‍കുന്നവയാണ്..
പ്രത്യേകിച്ച് പ്രവാസികള്‍ അഥവാ പ്രയാസികള്‍ക്ക്..
മല്‍ബുവിന്റെ ഈ അനുഭവങ്ങളെല്ലാം ഒരിക്കലെങ്കിലും ഓരോ പ്രവാസിയും അനുഭവിച്ചതാണ്..
അല്ലെങ്കില്‍ ഇന്നോ നാളെയോ അനുഭവിക്കാനുള്ളതാണ്..

ഏതായാലും ഈ അരങ്ങേറ്റവും പതിവ് പോലെ
കലക്കി..
കാത്തിരിക്കുന്നു അടുത്ത എപ്പിസോഡിനായി..!

ഹൃദ്യാശംസകള്‍...

സേതുലക്ഷ്മി said...

ദെന്താ പതിവില്ലാതെ ഇങ്ങനെ പകുതിക്ക് നിര്തീത്...?

Jefu Jailaf said...

സിഗരട്ട് കുറ്റി വരട്ടെ എന്നിട്ടാകാം കയ്യടിക്കല്‍..

ജന്മസുകൃതം said...

kathirikkanam ennalle...?koodaathe pattillallo.athramelishtayippoyille...congra....

Nena Sidheek said...

അപ്പൊ തുടരുമ്പോള്‍ കാണാം

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

ചടുലമായ ഭാഷ കഥക്ക് വേറിട്ടൊരു വായനാസുഖം നല്‍കുന്നുണ്ട്.തുടരുക.

അക്ഷരപകര്‍ച്ചകള്‍. said...

പാതി വഴി പിന്നിട്ടു നില്‍ക്കുകയാണല്ലേ .....യാത്ര തുടരൂ....നല്ല എഴുത്ത്....ആശംസകള്‍. ....

karakadan said...

ഉറൂബ് ഒക്കെ പറഞ്ഞു വെര്‍തെ ആളെ പേടിപ്പിക്കല്ലേ ......

Related Posts Plugin for WordPress, Blogger...