Pages

പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..

September 1, 2012

കരിനാക്ക്


കരിക്കട്ട ആയതുകൊണ്ടല്ല കരിമല്‍ബു ആയത്. ഒരു ക്രീമും തേക്കാതെ തന്നെ വെളുവെളുത്ത് ചൊങ്കനായ അബ്ദുല്‍ കരീമെന്ന മല്‍ബുവിനെ എല്ലാവരും വിളിച്ച് വിളിച്ച് കരി ആക്കിയതാണ്. മലബാരിയെ ഇഷ്ടത്തോടെ വിളിച്ച് മല്‍ബു ആയതു പോലെ. അല്ലെങ്കിലും മുഴുവന്‍ പേരു വിളിക്കാനൊക്കെ ആര്‍ക്കാ ഇവിടെ നേരം.
കരീന്നു പറയുമ്പോള്‍ ഒരു സാധാരണ കത്തി മല്‍ബു എന്നു പറയാം. മല്‍ബു ഹൗസില്‍ കരിക്ക് ശത്രുക്കളുമുണ്ട് മിത്രങ്ങളുമുണ്ട്. നാക്കുണ്ടെങ്കില്‍ നാലാളോട് പറയാന്‍ പറ്റുന്ന  വിദ്യാഭ്യാസ യോഗ്യതയൊന്നും ആവശ്യമില്ലെന്ന് കരിയുടെ പക്ഷം. എന്നാല്‍ പണിയെടുത്തു തളര്‍ന്നുവന്ന് ടി.വി കാണാനിരിക്കുന്ന ഞങ്ങളോട് വേണോ കരിക്കത്തിയെന്ന് ശത്രുക്കളുടെ ചോദ്യം. കറിക്കത്തി പോലെ തന്നെയാ കരിക്കത്തി.
 

നാക്കിട്ടടിച്ചും നാക്കു പിഴച്ചും ദിവസവും പത്രങ്ങളില്‍ ഇടം പിടിക്കുന്നവരൊക്കെ കരിയുടെ പിന്നില്‍ നില്‍ക്കണം. ആറാം തരം ബിയില്‍ വെച്ച് പഠനം നിര്‍ത്തി പിന്നെയും പത്ത് വര്‍ഷം കാത്തിരുന്നാണ് കരി കടലു കടന്നത്. ഇന്നിപ്പോള്‍ നാടുവിട്ട് കാല്‍ നൂറ്റാണ്ട് പിന്നിട്ടിരിക്കേ, പഠിപ്പും പത്രാസുമുള്ള ആരോടും കിടപിടിക്കാവുന്ന ലോക വിവരം തനിക്കുണ്ടെന്ന ആത്മവിശ്വാസമാണ്  കൈമുതല്‍. ആറാം തരത്തിലെ പപ്പന്‍ മാഷ് പറഞ്ഞതു പോലെ തന്നെ സംഭവിച്ചു. നാക്കു കൊണ്ട് കരി കയിച്ചിലായി.
 

ആറാം ക്ലാസില്‍ പോയിട്ടുണ്ടെന്ന ഗമയോ പിടിവാശിയോ ഇല്ല. ശരിയാണ്, സ്‌കൂളിലും കോളേജിലുമൊന്നും പോയിട്ടില്ല, പക്ഷേ കരിക്ക് ലോക വിവരോണ്ട്. അതു മതി എന്ന ആമുഖത്തോടെ മാത്രമേ കരി വര്‍ത്താനം തുടങ്ങൂ. അതു കേട്ടാല്‍ ഉറപ്പിക്കാം അസാധ്യമായതെന്തോ സാധിച്ചുകൊണ്ടാണ് കരി ഹാജരായിരിക്കുന്നതെന്ന്.
എന്താ ഉണ്ടായേ കരീന്നു ചോദിക്കാന്‍ ഒരാളുണ്ടായാല്‍ ബഹുജോറായി. ഇരുന്നു കൊടുക്കാന്‍ താല്‍പര്യമില്ലാത്തവര്‍ക്ക് അപ്പോള്‍ തന്നെ ബദല്‍ മാര്‍ഗം തേടാം.
 

എന്തൊക്കെ പറഞ്ഞാലും കരി വന്ന ശേഷമാണ് മല്‍ബു ഹൗസിന് ഐശ്വര്യമുണ്ടായതെന്ന് ശത്രുക്കള്‍ പോലും സമ്മതിക്കും.
 

വിശ്വസിച്ചാലും ഇല്ലെങ്കിലും എന്നതു പോലെയാണ് പലപ്പോഴും കരികഥനങ്ങള്‍. മുംബൈ എയര്‍പോര്‍ട്ടിലെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥനെ ഭാഷ കൊണ്ടു തോല്‍പിച്ച് ഡിസ്‌കൗണ്ട് വാങ്ങിയതാണ് അതിലൊരു ക്ലാസിക്.
നിങ്ങളുടെ അത്ര വിവരോം വിദ്യാഭ്യാസോം ഇല്ല. പക്ഷേങ്കില്‍ കരി കാര്യം നേടും. എങ്ങനെ? ഇഗ്ലീഷ് വേണോ ഇംഗ്ലീഷ്, ഹിന്ദി വേണോ ഹിന്ദി, അറബി വേണോ അറബി വേണ്ടിടത്ത് വേണ്ടതു കാച്ചും. 
വിമാനത്തില്‍വെച്ച് കരിയുടെ എംബാര്‍ക്കേഷന്‍ ഫോറം പൂരിപ്പിച്ചത് കോട്ടിട്ട ഒരാളായിരുന്നു. ആറാം തരം ബിയില്‍ പഠിച്ചിട്ടുണ്ടെങ്കിലും ഒരു കോട്ടുകാരന്‍ എഴുതുന്നതിന് അതിന്റേതായ ഒരു സുഖമുണ്ട്. സ്വയം ചെയ്യാവുന്ന കാര്യങ്ങള്‍ മറ്റുള്ളവരെക്കൊണ്ട് ചെയ്യിക്കുന്നതാണല്ലോ മല്‍ബു സ്റ്റൈല്‍. സീറ്റില്‍ തൊട്ടടുത്ത് ഒരു മാന്യനുണ്ടായിരുന്നുവെങ്കിലും  വിമാനം ലാന്റ് ചെയ്യുന്നതുവരെ അയാളുടെ അടുത്ത് നിരക്ഷരനായി ഇരിക്കുന്നതിലെ നാണക്കേടോര്‍ത്താണ് രണ്ട് സീറ്റപ്പുറത്ത് നീണ്ടുനിവര്‍ന്നിരിക്കുന്ന കോട്ടുകാരനെ സമീപിച്ചത്. രണ്ടു മിനിറ്റെടുക്കാതെ അയാളത് പൂരിപ്പിച്ചു നല്‍കിയെങ്കിലും അബ്ദുല്‍ കരീമെന്ന പേരില്‍ എല്ലില്ലെന്ന കാര്യം അടുത്തിരുന്നയാളാണ് ചൂണ്ടിക്കാണിച്ചത്.
 

കൗണ്ടറിലെത്തിയപ്പോള്‍ പേരില്‍ ആകെയുള്ള ഒരു എല്ല് വിട്ടുപോയത് എമിഗ്രേഷന്‍ ഉദ്യോഗസ്ഥന്‍ കണ്ടില്ലെങ്കിലും കരി അതു മറച്ചുവെച്ചില്ല. കരിയുടെ കാര്യഗൗരവം ബോധ്യപ്പെട്ട ഉദ്യോഗസ്ഥന്‍ പക്ഷേ അതിനു 800 റിയാല്‍ പിഴ ആവശ്യപ്പെട്ടു. കരി വിട്ടുകൊടുക്കുമോ, ഇംഗ്ലീഷിലും ഹിന്ദിയിലും വാദിച്ച് അത് 400 റിയാലാക്കി ചുരുക്കി പോലും.
 

എയര്‍പോര്‍ട്ടില്‍ കരി കയിച്ചിലായ ഇക്കഥ വിശ്വസിക്കുന്നവര്‍ മിത്രങ്ങളും വിശ്വസിക്കാത്തവര്‍ ശത്രുക്കളുമാണ്.
വിസ്തരിച്ചൊരു വര്‍ത്താനത്തിന് കരി മുതിരുമ്പോഴേക്കും ശത്രുക്കളില്‍ പെടുന്ന കുഞ്ഞാമന്‍ മല്‍ബു മെല്ലെ അകത്തെ മുറിയിലെ കംപ്യൂട്ടറിനു മുന്നിലേക്ക് വലിഞ്ഞു. കരിനാക്കേറ്റു പിടയുന്നതിലും ഭേദം ഫേസ് ബുക്കില്‍ രണ്ട് ലൈക്കടിച്ച് തിരിച്ച് രണ്ട് ലൈക്ക് നേടുകയാണ്.
 

ഓനൊക്കെ നെറ്റും കംപ്യൂട്ടറും ഉണ്ടായിട്ടെന്താ കാര്യം. 
കോഴിക്ക് ഡയപ്പര്‍ കണ്ടുപിടിച്ചത് ഈ കരിക്കേ അറിയൂ.
അമേരിക്കയില്‍ ഒരു പെണ്ണുംപിള്ള കോഴികള്‍ക്ക് ഉപയോഗിക്കാവുന്ന നാപ്പീസ് കണ്ടുപിടിച്ചതും അതു വില്‍ക്കാന്‍ ചിക്കന്‍ഡയപ്പേഴ്‌സ് ഡോട് കോം ആരംഭിച്ചതും കരിയുടെ വായീന്നു കേട്ടപ്പോള്‍ കിച്ചണില്‍ വരെ ലാപ്‌ടോപ്പുമായി പോകുന്ന ഓര്‍ക്കുട്ട് നാണി പോലും നാണിച്ചുപോയി.

13 comments:

ajith said...

കരി കലക്കി

mini//മിനി said...

അത് പോലുള്ള ഒരാൾ ഇവിടെയുണ്ട്,, സ്ക്കൂളിന്റെ വരാന്തപോലും കാണാത്ത അവന് ആറ് ഭാഷകൾ അറിയാം.

Vp Ahmed said...

പഠിത്തം ഒന്നും ഇന്നൊരു അളവുകോല്‍ അല്ല. അത്ര തന്നെ.
കഥകളെല്ലാം വായിച്ചു, ആസ്വദിച്ചു.

ente lokam said...

കറി (അല്ല കരി) കൊള്ളാമല്ലോ..പട്ടണത്തില്‍ ചെന്ന്
കെട്ടിടങ്ങളുടെ നില എണ്ണി നോക്കിയപ്പോള്‍ കാശ് ചോദിച്ചവനോട്
ഞാന്‍ എണ്ണിയത് പകുതി മാത്രമേ ആയിട്ടുള്ളൂ എന്ന് പറഞ്ഞു
discount വാങ്ങിയ ബുദ്ധി പോലെ..അല്ലെ?.

Mohamedkutty മുഹമ്മദുകുട്ടി said...

ചിലപ്പൊ തോന്നും ഈ മല്‍ബു ബുദ്ധിമാനാണെന്നു,ചിലപ്പോള്‍ തനി പൊട്ടനും...!

Echmukutty said...

അതു കൊള്ളാലോ....

Jefu Jailaf said...

നാട്ടില്‍ സ്ഥിരമാകേണ്ടവന്‍ ആണീ കരി, ഒരു നല്ല മന്ത്രിയെ കിട്ടും..

തിര said...

മല്‍ബുവിന്റെ ഒരു കാര്യം

ചന്തു നായർ said...

പഠിത്തം,കല്ല്യാണ മാർക്കറ്റിലും,ചിലപ്പോൾ സർക്കാർ ഉദ്യോഗത്തിനും മാത്രം ഉപയോഗിക്കുന്ന ഒരു അത്യാവശ്യ ഘടകം മാത്രം...വിവരവും,വിദ്യാഭ്യാസവും രണ്ടാണ്..

Vinodkumar Thallasseri said...

കരിയുടെ നാക്ക്‌ കൊള്ളാം.

Mubi said...

കരിനാക്ക് കൊള്ളാം...

MyDreams said...

ഒരു ശുദ്ധന്‍ പത്തു ശത്രുവിന്റെ ഫലം ചെയ്യും

പ്രവീണ്‍ ശേഖര്‍ said...

ഇതാണ് ഈ കരിനാക്കുള്ളവരുടെ കുഴപ്പം. പാവങ്ങള്‍

Related Posts Plugin for WordPress, Blogger...