Pages

പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..

May 21, 2012

നാവുദോഷം അഥവാ നാലു കിലോ




നാട്ടുകാരനെന്ന ആനുകൂല്യം മല്‍ബുവിന് പലപ്പോഴും ലഭിച്ചിട്ടുണ്ട്. എന്നുവെച്ച് കബളിപ്പിക്കപ്പെടാതിരുന്നിട്ടുമില്ല. 
ടൂത്ത് പേസ്റ്റ് വാങ്ങാനാണെങ്കില്‍ പോലും ഒരു മല്‍ബു കട അല്ലെങ്കില്‍ മല്‍ബു സെയില്‍സ്മാന്‍ ഉള്ള ഷോപ്പ് നോക്കിപ്പോകുന്നവരാണ് കൂടുതലും. രണ്ടു നാട്ടു വര്‍ത്താനം പറയാമെന്നതിലുപരി ഒറിജിനല്‍ ഉല്‍പന്നം കിട്ടും, കഴുത്തറക്കില്ല, ഇത്തിരി ഇളവോടെ മിതമായ വില നല്‍കിയാല്‍ മതി തുടങ്ങി പല ഘടകങ്ങളാണ് ഇതിനു പിന്നില്‍. 


ചിലര്‍  പറയും, ഒരിക്കലും മല്‍ബു മണമുള്ളിടത്ത് പോകരുത്, ചിരിച്ചു പറ്റിക്കും പഹയ•ാര്‍ എന്നൊക്കെ. മറുനാട്ടുകാരനാണെങ്കില്‍ നല്ലവണ്ണം വിലപേശാമെന്നും മല്‍ബു നല്‍കുന്നതിനേക്കാള്‍ കുറഞ്ഞ വിലയ്ക്ക് സാധനം കിട്ടും എന്നൊക്കെ അവരുടെ ന്യായങ്ങള്‍. ദുരനുഭവങ്ങളായിരിക്കാം കാരണം. 


ബംഗാളി വിളിച്ചിട്ടും തിരിഞ്ഞുനോക്കാതെ മല്‍ബുവിന്റെ കട തേടി പോയി സാധനം വാങ്ങി വരുമ്പോഴായിരിക്കും കൈകൊട്ടി വിളിച്ചുള്ള ബംഗാളിയുടെ ചോദ്യം.  
എത്ര കൊടുത്തു? സംഖ്യ പറഞ്ഞാല്‍ അതിനേക്കാള്‍ പത്ത് റിയാല്‍ കുറച്ചു ഞാന്‍ തരുമായിരുന്നല്ലോ എന്നായിരിക്കും അടുത്ത ഡയലോഗ്. അങ്ങനെ മല്‍ബുവിന്റെ മനസ്സില്‍ വിഷം കോരിയിട്ടതാകാം ചിലപ്പോള്‍. 


സ്വന്തം നാട്ടുകാരുടെ കടകള്‍ അടുത്തുണ്ടായിട്ടും മല്‍ബുവിനെ തേടി പോകുന്ന ഒരു സോമാലിയുണ്ട്. നന്നായി ഇറച്ചി വെട്ടാനറിയാമെന്ന മല്‍ബുവിന്റെ ഗുണം മാത്രമല്ല, അയാളെ ആകര്‍ഷിച്ചത്. സാങ്കേതിക വിവരത്തില്‍ മിയമിയ എന്നു പറഞ്ഞു മല്‍ബുവിന് നൂറു മാര്‍ക്ക് കൊടുക്കും അയാള്‍. സമീപത്തെവിടെയെങ്കിലും ഇന്റര്‍നെറ്റ് കണക്ഷന്‍ ഉണ്ടെങ്കില്‍ അതു വയര്‍ലെസിലൂടെ മല്‍ബു പിടിച്ചെടുക്കുമെന്നതാണ് സോമാലിയെ ആകര്‍ഷിച്ച മല്‍ബുവിന്റെ സാങ്കേതിക വിജ്ഞാനം. അതുകൊണ്ടുതന്നെ മക്കളെ കംപ്യൂട്ടര്‍ പഠിപ്പിക്കാന്‍ ഏല്‍പിച്ചത് മല്‍ബുവിനെയാണ്. 


കടയില്‍ മല്‍ബുവാണെങ്കില്‍ ഒറിജിനല്‍ തന്നെയല്ലേ എന്നു കാതില്‍ ചോദിക്കാന്‍ ഒരു സുഖമുണ്ട്. രണ്ടാം നമ്പര്‍ ഞാന്‍ നിങ്ങള്‍ക്കു തരുമോ എന്ന മറുചോദ്യം മതി കസ്റ്റമറായ മല്‍ബുവിനു സന്തോഷമാകാന്‍. വിലപേശലിനു തടയിടാനും മല്‍ബു സെയില്‍സ്മാന് രണ്ട് വാക്കു മതി. ഇതു നിങ്ങള്‍ക്ക് മാത്രമുള്ള പ്രൈസാണ് കേട്ടോ. അതായത് ഇത് മല്‍ബു നല്‍കേണ്ട വില. മറ്റു രാജ്യക്കാരോട് ഇരട്ടിയാണ് പറയുക. അതോടെ ഒന്നുകൂടി അഡ്ജസ്റ്റ് ചെയ്യൂ എന്നു പറയാനുള്ള മല്‍ബുവിന്റെ കരുത്ത് ചോര്‍ന്നുപോകും. 


അതു നിങ്ങള്‍ എടുക്കേണ്ട എന്ന് ഒരു മല്‍ബു സെയില്‍സ്മാന്‍ പറഞ്ഞാല്‍ അതു ഉപയോഗിക്കാന്‍ കൊള്ളില്ല, അല്ലെങ്കില്‍ വേഗം കേടാകുമെന്നാണ് അര്‍ഥം. അയാള്‍ക്ക് കമ്മീഷന്‍ കിട്ടുന്ന വേറെ കമ്പനിയുടെ സാധനം വില്‍ക്കാനാണെന്ന് ദോഷൈകദൃക്കുകളായ ചില മല്‍ബുകള്‍ ചിന്തിക്കാതിരിക്കില്ല. എന്തും വിമര്‍ശന ബുദ്ധിയോടെ കാണുന്ന ഇക്കൂട്ടര്‍ നാട്ടുകാരാണെന്ന കാരണത്താല്‍ മാത്രം ഒരിക്കലും പഞ്ചാര വാക്കുകളില്‍ വീഴില്ല. 


ഒരിക്കല്‍ മരുന്നു വാങ്ങാന്‍ മെഡിക്കല്‍ ഷോപ്പില്‍ ചെന്ന മല്‍ബുവിനെ ശരിക്കും അത്ഭുതപ്പെടുത്തിക്കളഞ്ഞു അവിടത്തെ സെയില്‍സ്മാന്‍. 
ഈ മരുന്ന് ഇവിടെനിന്നു വാങ്ങാന്‍ 300 റിയാല്‍ കൊടുക്കണം. ഇതേ മരുന്ന് വേറെ കമ്പനിയുടേത് 100 റിയാലിനു കിട്ടും. ദാ നേരെ ആ കടയില്‍ പോയാല്‍ മതി.
സെയില്‍സ്മാന്‍ കൈ ചൂണ്ടിയപ്പോള്‍, നാട്ടുകാരനോടുള്ള സ്‌നേഹമല്ല, മല്‍ബുവിനെ അത്ഭുതപ്പെടുത്തിയത്. 
അറിഞ്ഞുനോക്കിയപ്പോള്‍, നാട്ടുകാരന് രണ്ടു മുക്കാല്‍ ലാഭമുണ്ടായിക്കോട്ടെ എന്നതായിരുന്നില്ല ആ സുമനസ്സിനു പിന്നില്‍. ശമ്പളം കൂട്ടി നല്‍കാതെയും സമയത്തു നല്‍കാതെയും പീഡിപ്പിക്കുന്ന തൊഴിലുടമയോടുള്ള പ്രതിഷേധമായിരുന്നു കാരണം. അത്രയൊക്കെയല്ലേ ചെയ്യാന്‍ പറ്റൂ എന്ന ആത്മഗതവും.


മല്‍ബുകളുടെ കൂട്ടത്തില്‍ കണ്ണില്‍ ചോരയില്ലാത്തവരുമുണ്ട് എന്നു പറയും ചിലര്‍. ഈ പറച്ചില്‍ പരസ്യമായി പറഞ്ഞതിന് ഒരിക്കല്‍ മല്‍ബു അനുഭവിച്ചിട്ടുണ്ട്. 


സ്വന്തം വിമാനമായ എയര്‍ഇന്ത്യയില്‍ കയറാന്‍ എയര്‍പോര്‍ട്ടില്‍ എത്തിയതായിരുന്നു മല്‍ബു. അനുവദിക്കപ്പെട്ട 40 കിലോ ലഗേജില്‍ ഇത്തിരി കൂടുതലുണ്ട്. അവസാനം കിട്ടിയ പഞ്ഞിയാണ് കണക്കുകൂട്ടല്‍ തെറ്റിച്ചത്. ഒഴിവാക്കാന്‍ പറ്റാത്തതായിരുന്നു അത്. നാല് കിലോ അല്ലേ, അതങ്ങു വിട്ടോളും. ഇല്ലെങ്കില്‍ എന്നെ വിളിച്ചാല്‍ മതി. ഞാന്‍ ശരിയാക്കിക്കോളാം എന്നും പറഞ്ഞു ഇത്തിരി പിടിപാടൊക്കെയുള്ള പഞ്ഞിയുടമ. 
ലഗേജ് തൂക്കിയ ശേഷം നാല് കിലോ കൂടുതല്‍ ഉണ്ടല്ലോ എന്ന് കൗണ്ടറിലിരിക്കുന്ന മല്‍ബു. തുക അടയ്ക്കണം എന്നൊന്നും പറഞ്ഞില്ല, അതിനു മുമ്പേ മല്‍ബു ഫോണെടുത്ത് പഞ്ഞിയുടമയോട് പറഞ്ഞു:


രക്ഷയില്ലാട്ടോ, ഇവിടെ കൗണ്ടറില്‍ കണ്ണില്‍ ചോരയില്ലാത്ത ഒരു മല്‍ബുവാണ്...
ഇതുകേട്ട് കൗണ്ടറില്‍ ഇരിക്കുന്നയാള്‍ മാത്രമല്ല, യാത്രയയക്കാന്‍ കൂടെ വന്നയാളും ഞെട്ടിപ്പോയി. സോറി പറഞ്ഞുനോക്കിയെങ്കിലും കൗണ്ടറിലെ മല്‍ബു ശരിക്കും കണ്ണില്‍ ചോരയില്ലാത്തവനായി മാറുകയായിരുന്നു.





15 comments:

ajith said...

കണ്ണില്‍ ചോരയില്ലാത്ത ഈ മല്‍ബു എന്തൊക്കെയാണ് പാവം മല്‍ബുക്കളെപ്പറ്റി എഴുതിയിരിക്കുന്നത്...!! ഞാന്‍ ശക്തിയായി യോജിക്കുന്നു

M. Ashraf said...

അജിത് ജീ..
വാസ്തവം പറയാന്‍ ഒരു മല്‍ബുവിനേം പേടിക്കേണ്ട. അല്ലേ..
വായനക്ക് നന്ദി..

വീകെ said...

മൽബുവായാലും ബൊംഗാളിയായാലും ‘വിശ്വാസം അതാണല്ലൊ എല്ലാം..!!’

പട്ടേപ്പാടം റാംജി said...

വിശ്വാസവഞ്ചനക്ക് എളുപ്പവഴികള്‍ ...
ഇഷ്ടം പോലെ പെട്ടിട്ടുണ്ട്.

M. Ashraf said...

പ്രിയ വീ.കെ, റാംജി
പെടാത്ത മല്‍ബുകള്‍ ആരുണ്ട്...
ഒക്കെ അനുഭവിച്ചു തീര്‍ക്കാതെ എങ്ങനെ ഒരു പ്രവാസി ഉണ്ടാകും.

ente lokam said...

ദുഷ്ടന്മാര്‍ അല്ലെ ഈ മല്ബുക്കള്‍
അല്ലെ??
ഇത്തവണ പാവം മല്ബുവിന്റെ
നാക്ക് പെട്ട് പോയല്ലോ?
കാശ് പോയിക്കിട്ടി അല്ലെ?

Mohamedkutty മുഹമ്മദുകുട്ടി said...

കൂടുതല്‍ പ്രതീക്ഷിച്ചു, എന്നാല്‍ അത്രക്കൊന്നും കിട്ടിയില്ല. ഇനി അടുത്ത പോസ്റ്റ് വരട്ടെ.

രമേശ്‌ അരൂര്‍ said...

@@മുഹമ്മദ്‌ കുട്ടിക്കാ ..കഞ്ഞി പോലും വച്ച് നല്‍കാത്ത മല്‍ബു ബിരിയാണി സദ്യ തരുന്നയാളെ
കുറ്റം പറയുന്നത് പോലുണ്ട് :))))

ഉഷശ്രീ (കിലുക്കാംപെട്ടി) said...

എനിക്കു എന്നും മലയാളിയേ ഇഷ്ടം.
നന്നായി എഴുതി. എഴുതിയത് സത്യം തന്നെ.മലയാളി കണ്ണിൽചോര ഇല്ലാത്തവരല്ല, മലായാളിതന്നെ ആ ഒരു അവസ്ഥയിലേക്കു നമ്മളെ മാറ്റുന്നു എന്ന സത്യം ഇവിടെ പറഞ്ഞതിന്ന് ഒത്തിരി നന്ദി.

ആസംസകൾ.....

Echmukutty said...

ഇതെല്ലാവർക്കും പറ്റാറുള്ളതു തന്നെ....നന്നായി എഴുതി, അഭിനന്ദനങ്ങൾ.

മുകിൽ said...

nalla ezhuthu.
(appo inganeyokkeyaanalle malbukal!)

ഒരു ദുബായിക്കാരന്‍ said...

മല്‍ബൂ റോക്ക്സ് !!

majeed alloor said...

വിവരമുള്ള മല്‍ബു എയര്‍ഇന്ത്യയില്‍ കയറുമോ..?

Jefu Jailaf said...

വികാരം വരമ്പോള്‍ പരിസരം മറക്കുന്നു മല്‍ബു.. :)

anupama said...

പ്രിയപ്പെട്ട അഷറഫ്,
നാക്കിനു കണ്ട്രോള്‍ പോയാല്‍ ഇതൊക്കെ സംഭവിക്കും.ആയുധത്തിനേക്കാള്‍ മൂര്‍ച്ചയുണ്ട്‌, വാക്കുകള്‍ക്കു. മറക്കരുത്. അനുഭവമാണല്ലോ,ഗുരു! നന്നായി എഴുതി.
സസ്നേഹം,
അനു

Related Posts Plugin for WordPress, Blogger...