Pages

പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..

February 19, 2012

പൊറോട്ട ലേപനം


ലേപനം ചെയ്യുകയായിരുന്ന വൈദ്യരുടെ കണ്ണുകളിലേക്ക് മല്‍ബു തുറിച്ചുനോക്കി. എവിടെയോ കണ്ടു മറന്ന മുഖം. പക്ഷേ ഓര്‍മ വരുന്നില്ല. ഫേസ് ബുക്കിലാണോ, യു ട്യൂബിലാണോ അതോ സാക്ഷാല്‍ സിനിമയില്‍ തന്നെയാണോ? പ്രായം കൂടിയതുകൊണ്ടു മാത്രമല്ല ഈ ഓര്‍മ്മക്കുറവ്. ഈ കുണ്ടാമണ്ടികളൊക്കെ അതിനൊരു കാരണമാണ്. ഒന്നും ഓര്‍മ്മിച്ചുവെക്കാന്‍ തോന്നാറില്ല. എല്ലാം ഗൂഗിള്‍ ചെയ്യാനാണ് താല്‍പര്യം. ഹൈസ്കൂളില്‍ പഠിക്കുമ്പോള്‍ ഹൈവേ വഴി പോകുന്ന എല്ലാ ബസുകളുടേയും നമ്പറും പേരും മനഃപാഠമായിരുന്നു. ഏതു ബസിന്റെ പേരു പറഞ്ഞാലും നമ്പര്‍ റെഡി. തിരിച്ചും. 

താങ്കളെ ഞാന്‍ എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്നു സാധാരണ ഗതിയില്‍ ചോദിച്ചാല്‍ മതി. പക്ഷേ അതിനും മനസ്സു വരുന്നില്ല. കിടത്തി ചികിത്സയും വലിയ ആശുപത്രിയും കാറും പത്രാസുമൊക്കെയുള്ള വൈദ്യരെ എങ്ങനെ അഭിസംബോധന ചെയ്യണമെന്നതില്‍ പോലും ആശയക്കുഴപ്പമാണ്. ഇത്ര വലിയ ഒരാളെ എങ്ങനെ വൈദ്യരെന്നു വിളിക്കും. പത്ത് മിനിറ്റിനിടയില്‍ സാര്‍, ഡോക്ടര്‍, ഗുരുക്കള്‍ എന്നിങ്ങനെ പല തവണ മാറിവിളിച്ചിട്ടുണ്ട്. എന്നിട്ടു വേണ്ടേ ഒന്നു വിശദമായി പരിചയപ്പെടാന്‍. 

അലോപ്പതി ഉപേക്ഷിച്ച് ആയുര്‍വേദത്തെ പ്രണയിച്ചു തുടങ്ങാന്‍ ഒരാള്‍ക്കു പലതാകാം കാരണം. മല്‍ബുവിനും അങ്ങനെ തന്നെയാണ്. കഴുത്ത് വേദനയുമായി പോയപ്പോള്‍ തേഞ്ഞുപോയെന്നു പറഞ്ഞ് പലവിധ ചികിത്സയും മരുന്നുമായി വട്ടം കറക്കിയ ഒരു അലോപ്പതി ഡോക്ടറുടെ ചതി മനസ്സിലാക്കിക്കൊടുത്തത് മറ്റൊരു ഡോക്ടറായിരുന്നു. തേയ്മാനമൊന്നുമല്ല, വെറും യൂറിക് ആസിഡിന്റെ പ്രോബ്ലമാണെന്നു പറഞ്ഞ് മൂന്ന് ഗുളിക കൊണ്ട് മാറ്റിയ രണ്ടാമത്തെ ഡോക്ടര്‍ മല്‍ബുവിന് കാണപ്പെട്ട ദൈവം പോലെയായി. അദ്ദേഹത്തിന്റെ മഹിമ പാടിനടക്കുമ്പോഴാണ് ടിയാന്‍ നല്‍കിയ മരുന്നു കഴിച്ച് ഒരാള്‍ തീരെ കിടപ്പിലായ കഥ കേള്‍ക്കുന്നത്. അതോടെ അദ്ദേഹത്തെയും മൊഴി ചൊല്ലി. അതിനു ശേഷം എന്തു രോഗം വന്നാലും ഒന്നിലേറെ ഡോക്ടര്‍മാരെ കണ്‍സള്‍ട്ട് ചെയ്യുകയെന്നത് മല്‍ബുവിന് നിര്‍ബന്ധമാണ്. 

പല ആശുപത്രികള്‍ കയറിയിറങ്ങിയിട്ടും ഒരു തീരുമാനമെടുക്കാന്‍ പറ്റിയിരുന്നില്ല. വെച്ചുതാമസിപ്പിക്കുന്നതുകൊണ്ട് ആളുകള്‍ പറഞ്ഞു തുടങ്ങിയിട്ടുണ്ട്. കാലിന്റെ വേദന സഹിക്കുന്നതിലും കഷ്ടമാണ് ആളുകളുടെ ഈ ചോദ്യങ്ങള്‍. ഇത്തിരി സന്മസ്സും അലിവുമുള്ളയാളെന്നു തോന്നിയ ഒരു ഡോക്ടറെ പല തവണ കണ്ടു. ചെയ്യണോ ഡോക്ടര്‍, ഇവിടെ തന്നെ വേണോ സാര്‍, നാട്ടില്‍ പോയിട്ടു ചെയ്താല്‍ പോരേ തുടങ്ങിയ ചോദ്യങ്ങളുമായി സൈ്വരം കെടുത്തിയപ്പോള്‍ നാണിയെ പോലെ ആകരുതെന്നു പറഞ്ഞ് ഡോക്ടര്‍ കളിയാക്കിയിട്ടുണ്ട്.
അമിത വണ്ണത്തിന്റെ അസ്വസ്ഥതകളുമായി ഡോക്ടറെ സമീപിച്ച നാണിക്ക് ഇത്തിരി ഭക്ഷണ നിയന്ത്രണം നിര്‍ദേശിച്ചതായിരുന്നു ഡോക്ടര്‍. രാവിലെ രണ്ട് ഇഡ്ഡലി, ഉച്ചക്ക് ഒരു കപ്പ് ചോര്‍, രാത്രി രണ്ട് തവി കഞ്ഞി. തീറ്റപ്രിയനായ നാണി അതൊന്നു കൂടി ഉറപ്പു വരുത്താന്‍ കണ്‍സള്‍ട്ടിംഗ് റൂമിന്റെ വാതില്‍ തള്ളിത്തുറന്ന് ചോദിച്ചുവത്രേ. ഇതൊക്കെ ഭക്ഷണത്തിനു മുമ്പാണോ ശേഷമാണോ ഡോക്ടര്‍. 
മല്‍ബുവിന്റെ ഡോക്ടറെ കുറ്റം പറയാനാവില്ല. അദ്ദേഹം ശരിക്കും കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്. സ്വന്തം നാട്ടുകാരനെന്ന നിലയിലായിരുന്നു ഈ പരിഗണന. 

വിടാതെ പിടികൂടിയിരിക്കുന്ന കാലിലെ ഈ വേദന മാറ്റാന്‍ ഓപറേഷനല്ലാതെ വേറെ വഴിയില്ല. അത് ഗള്‍ഫില്‍ വെച്ചു ചെയ്യണോ നാട്ടില്‍ വെച്ചാകണോ എന്നു തീരുമാനിക്കേണ്ടത് മല്‍ബുവാണ്. പിന്നെയും പറഞ്ഞുകൊടുത്തിരുന്നു. അത്യാധുനിക സാമഗ്രികളും സംവിധാനങ്ങളും ഇവിടെയാണ് കൂടുതല്‍. പക്ഷേ അതു വിദഗ്ധമായി ഉപയോഗിക്കാനറിയാവുന്ന ഡോക്ടര്‍മാര്‍ നാട്ടിലാണ്. പരമാവധി ശസ്ത്രക്രിയകള്‍ നേടിയെടുക്കാന്‍ ബാധ്യസ്ഥനായ ഒരു ഡോക്ടര്‍ ഇതിലപ്പുറം എന്തു സൂചന നല്‍കണം. ഇതു തന്നെ ആശുപത്രി മാനേജ്‌മെന്റിന്റെ ചെവിയിലെത്തിയാല്‍ പാരമുദ്ര കുത്തി ചവിട്ടിപ്പുറത്താക്കില്ലേ?

അനിശ്ചിതത്വം അവസാനിച്ചതു യാദൃഛികമായിട്ടായിരുന്നു. ഇവിടെ തന്നെ ഓപറേഷന്‍ നടത്താനുള്ള തീരുമാനവുമായി വലിയ ആശുപത്രി കവാടത്തിലെത്തിയപ്പോള്‍ മല്‍ബു ഒരാളെ വീല്‍ ചെയറില്‍ കണ്ടു. വിവരങ്ങള്‍ പറഞ്ഞപ്പോള്‍ അയാള്‍ പറഞ്ഞു. മോനേ, വേദന കൊണ്ട് പുളഞ്ഞു നാളുകള്‍ നീക്കിയാലും ഇവിടെ വെച്ചു മുറിച്ചേക്കല്ലേ, പിന്നെ ഇതാ എന്നെ പോലെ ഈ വീല്‍ ചെയറില്‍നിന്ന് എഴുന്നേല്‍ക്കാന്‍ പറ്റില്ല.
അങ്ങനെ ഭാഗ്യത്തിനു രക്ഷപ്പെട്ടുവെന്ന ആശ്വാസവുമായി വിമാനം കയറിയ മല്‍ബു ഇപ്പോള്‍ പലരും മഹിമ പറയുന്ന പാരമ്പര്യ വൈദ്യന്റെ ലേപനത്തിനു വിധേയനായിക്കൊണ്ടിരിക്കുമ്പോഴാണ് കണ്ടു മറന്ന മുഖം അലട്ടിക്കൊണ്ടിരിക്കുന്നത്. നാക്കിന്റെ തുമ്പത്തു വരെ വരുന്നു എന്നൊക്കെ പറയുന്നതു പോലെ, ഇത് ചോദിക്കാതെ പോയാല്‍ അതു ചിന്തിച്ചു ചിന്തിച്ചു മല്‍ബു മരിച്ചു പോകാന്‍ വരെ സാധ്യതയുണ്ട്. 

കാലില്‍ തടവുന്നതിന്റെ സുഖം ആസ്വദിച്ചുകൊണ്ട് മല്‍ബു ഒരിക്കല്‍ കൂടി വൈദ്യരുടെ കണ്ണിലേക്ക് തുറിച്ചു നോക്കി രണ്ടു കല്‍പിച്ചു ചോദിച്ചു. 
സാര്‍ പുറത്തായിരുന്നു അല്ലേ? 
മനസ്സിലായില്ല.
അല്ല ഗുരുക്കള്‍ ഗള്‍ഫിലുണ്ടായിരുന്നോ എന്നാ ചോദിച്ചത്?
അതെ, അഞ്ച് വര്‍ഷം ഗള്‍ഫിലായിരുന്നു.
അവിടെ ആയുര്‍വേദ ചികിത്സ തന്നെയായിരുന്നോ?
അവിടെ എന്ത് ആയുര്‍വേദം? പല ജോലികളായിരുന്നു. 
ജിദ്ദയില്‍ ഉണ്ടായിരുന്നു അല്ലേ? ഫൈസലിയയില്‍ ?
അതെ ഉണ്ടായിരുന്നു. അധികം സംസാരത്തിനു നില്‍ക്കാതെ വൈദ്യര്‍ കര്‍മത്തില്‍ മുഴുകിയപ്പോള്‍
മല്‍ബുവിന്റെ മനസ്സില്‍ ആ ചിത്രം തെളിഞ്ഞു വന്നു. മരുഭൂമിയില്‍ പ്രവാസ ജീവിതത്തിന്റെ ചൂട് ശരിക്കും അറിഞ്ഞയാളാണ് തന്നെ ചികിത്സിച്ചുകൊണ്ടിരിക്കുന്നത്. ചുട്ടുപൊള്ളുന്ന ഓടിനു മുന്നില്‍നിന്ന് വിയര്‍ത്തുകുളിച്ച് ഇദ്ദേഹം മേക്ക് ചെയ്ത പൊറോട്ടയുടെ രുചി ഒന്നു വേറെ തന്നെയായിരുന്നു. ആ പൊറോട്ടയുടെ കൈപ്പുണ്യം ഇപ്പോള്‍ ലേപനത്തിലുമുണ്ട്. കാലിലെ വേദന കുറഞ്ഞുതുടങ്ങിയത് പ്രതീക്ഷക്കപ്പുറത്തുള്ള വേഗത്തിലായിരുന്നു. 






27 comments:

A.R.Nassar Mampala said...

കൊള്ളാം ഇവിടെ പോരാട്ട ഇടുന്നവര്‍ക്ക് ഒക്കെ നാട്ടിലെ റിസോര്‍ട്ടുകളില്‍ നല്ല ടിമാണ്ടയിരിക്കും അല്ലെ

അനശ്വര said...

പൊറോട്ട ലേപനം കൊള്ളാമല്ലൊ. ശരിക്കും പ്രവാസജീവിതത്തിന്റെ 'ചൂട്' അറിഞ്ഞ് ആളായത് കൊണ്ട് എത്രവേഗാണ്‌ രോഗശാന്തി കിട്ടിയത് അല്ലെ?

Unknown said...

ഹ ഹ ഹ ......പൊറോട്ട മക്കെര്‍ ആയാല്‍ മതി അല്ലെ .....അതിലും നന്നായി മസാജ് എവിടെ കിട്ടാനാ മല്‍ബു ...കലക്കി ,

തിര said...

പോറാട്ട മസ്സാജ് നമുക്ക് ടൂറിസത്തില്‍ ഉപയോഗിച്ചാലോ ....മരുഭൂമിയില്‍ പ്രവാസ ജീവിതത്തിന്റെ ചൂട് ശരിക്കും അറിഞ്ഞയാളാണ് മല്‍ബൂ ...തിരയുടെ ആശംസകള്‍

ente lokam said...

ഹ..ഹ..എങ്ങനെ ചിരിക്കാതിരിക്കും...പാവം
മല്‍ബു ...

എന്തായാലും വിശ്വസിച്ചു തടവിക്കാം..കാരണം പ്രവാസിയല്ലേ...എത്ര വേദനകള്‍ കണ്ട അറിഞ്ഞ കണ്ണുകള്‍ ആണ്..
ആ കൈ കൊണ്ടുള്ള തടവ്‌ തീര്‍ച്ച ആയും
ആശ്വാസം തരാതിരിക്കില്ല...പറാട്ട ലേപനം ഇഷ്ടപ്പെട്ടു മാഷെ..കുറെ ചിരിയും നല്ല കുറെ ചിന്തകളും തന്നു ഈ വായന...
അഭിനന്ദനങ്ങള്‍..

ചന്തു നായർ said...

നന്നായി.....നല്ല രചനാ രീതി...അവസാനം നന്നായി ചിരിച്ചൂ....

khaadu.. said...

അപ്പൊ ലതാണ് കാര്യം..ല്ലേ... ചവിട്ടി തിരുമ്മലും ഉണ്ടാകും...ല്ലേ...
നന്നായിട്ടോ...

Elayoden said...

പൊറാട്ട ലേപനം നന്നായി, മല്ലുവിന്റെ ഓരോരോ വിധികള്‍..ആശംസകള്‍

grkaviyoor said...

ഓയില്‍ ബാത്ത് സ്ടീം ബാത്ത് ,ഇപ്പോള്‍ കൊള്ളാമല്ലോ പൊറോട്ടാ മസ്സാജും ഹ ഹ ഹ

MINI.M.B said...

നന്നായി, രസിച്ചു വായിച്ചു, പതിവുപോലെ.

Vinodkumar Thallasseri said...

കൈപ്പുണ്യമുണ്ടെങ്കില്‍ പൊറൊട്ട ചുടുന്നതുപോലെ തന്നെയാണ്‌ ചികിത്സയും എന്ന്‌ ഇപ്പോള്‍ മനസ്സിലായില്ലേ? ഇതാണ്‌ നല്ല കാലത്ത്‌ ഗള്‍ഫില്‍ പോയാലുള്ള അവസ്ഥ. നാട്ടില്‍ ഏത്‌ കുട്ടിയ്ക്കു പോലും അറിയുന്ന ഇങ്ങനെയുള്ള നുറുങ്ങുസത്യങ്ങള്‍ പോലും മരുപ്പച്ച പോലെയാവും.

സേതുലക്ഷ്മി said...

എന്തായാലും നാട്ടിലെ തിരുമ്മുകാരെക്കാള്‍ ഭേദമായിരിക്കും. അറ്റ്‌ ലീസ്റ്റ്‌ പൊറോട്ടയ്ക്ക് കുഴച്ചു പരിചയമുണ്ടല്ലോ.

പട്ടേപ്പാടം റാംജി said...

ഗള്‍ഫിലെ ജോലി എന്നത് ഭാഗ്യമാണ്. നാട്ടില്‍ ജോലി അറിയണം എന്ന മാറ്റമുണ്ട്. എന്തായാലും പൊറോട്ട തിരുമ്മല്‍ നന്നായി.
അല്ലെങ്കിലും ഇപ്പോള്‍ എല്ലാരും ആയുര്‍വേദത്തിലേക്ക് തിരിയുന്നതാണ് നാട്ടിലും കാണുന്നത്. അതിനു പല കാരണങ്ങളും ഉണ്ട്. പ്രധാനമായത്‌ ഒന്നിന് ചികിത്സിക്കുമ്പോള്‍ മറ്റൊരു രോഗം വരില്ലല്ലോ എന്നത് തന്നെ.
നന്നായി.

Mohamedkutty മുഹമ്മദുകുട്ടി said...

അപ്പോ മല്‍ബുവിനെ ശരിക്കും വീശിയെറിഞ്ഞിട്ടുണ്ടാവും,പൊറോട്ടയല്ലെ?....

ഷാജു അത്താണിക്കല്‍ said...

പൊറോട്ട ലേബനം ഹൊഹൊഹൊഹൊ

Mohiyudheen MP said...

പൊറോട്ട കുഴക്കുന്ന പരുവത്തിലാകുമല്ലേ കാല്‌ കുഴക്കുന്നത്‌ (തിരുമ്മുന്നത്‌) - ചില യാഥാര്‍ത്ഥ്യങ്ങളിലൂടെയെല്ലാം കണ്ണോടിച്ചിട്ടുണ്‌ട്‌ കെട്ടോ ഭായ്‌. ആശംസകള്‍ ! ഒന്നിലേറെ ഡോക്റ്റേഴ്സിനെ കണ്‍സള്‍ട്ട്‌ ചെയ്താലെ ഇപ്പോള്‍ രോഗമെന്തെന്നറിയൂ. മല്‍ബൂനെ കുറ്റം പറയാനും കഴിയില്ല :)

Echmukutty said...

ഇത് കലക്കീ......ഇഷ്ടപ്പെട്ടൂ.

വേണുഗോപാല്‍ said...

മല്ബുവിന്റെ പോസ്റ്റ്‌ കിടിലന്‍ ..
അതി ജീവന പ്രശ്നം മനുഷ്യനെ പല വേഷവും കെട്ടിക്കും . അത് ചിലപ്പോള്‍ പൊറോട്ടക്കാരനെ തിരുമ്മുകാരനാക്കും ..
ഉദരനിമിത്തം ബഹുകൃത വേഷം എന്നാണല്ലോ!!!

Vishnu N V said...

ഹ ഹ ഹ കൊള്ളാം നന്നായി ചിരിച്ചൂ

Joselet Joseph said...

നാട്ടിലെ മുറിവദ്യന്മ്മാര്‍ക്ക് ഗള്‍ഫിലെ ചാകര അറിയാമെന്കില്‍ സകലമാന അവന്മാരും ഇവിടെ കട തുറന്നേനെ എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.....
ഗള്‍ഫിലെ ആശുപത്രി സെറ്റപ്പ് വിവരിച്ച രീതി ഇഷ്ടപ്പെട്ടു.
സംഗതി കൊള്ളാം,
ആശംസകള്‍!

Vp Ahmed said...

ഗള്‍ഫില്‍ എമ്മോഎച് എങ്കിലും വേണം. നാട്ടിലാണേല്‍ അതും വേണ്ട. കലക്കി.

Anurag said...

ആശംസകള്‍

കൊമ്പന്‍ said...

ഹഹാഹ് സൂപ്പെര്‍ പറ്റിപ്പ്‌

ഒരു കുഞ്ഞുമയിൽപീലി said...

പൊറാട്ട നന്നായി കേട്ടോ എല്ലാ ആശംസകളും നേരുന്നു ഈ കുഞ്ഞുമയില്‍പീലി

Anonymous said...

പ്രിയപ്പെട്ട അഷ്‌റഫ്‌ ,
വളരെ നന്നായി ചിരിക്കാന്‍ പുരട്ടിയ ലേപനം
നല്ല ചിന്തകള്‍ .ഇനിയും വരുമല്ലോ

Unknown said...

ഹ ഹ ഹ
കൊള്ളാം കൊള്ളാം :)
പ്രവാസത്തിലെ ജീവിതം ഏതൊക്കെ വീഥിയിലൂടെന്ന് പടച്ചോന് മാത്രേ അറിയൂ‍ൂ!

Muralee Mukundan , ബിലാത്തിപട്ടണം said...

അപ്പോൾ ശരിക്കും കൊഴച്ച് തിരുമ്പിക്കാണുമല്ലോ അല്ലേ ഭായ്

Related Posts Plugin for WordPress, Blogger...