Pages

പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..

April 1, 2012

പാതിരാവില്‍ കാണാതായ ഡോളര്‍

തട്ടിപ്പറിക്കിരയാകുന്ന സംഭവങ്ങള്‍ മല്‍ബു കഥകളില്‍ പുതിയതല്ല. പട്ടാപ്പകല്‍ പോലും ഇഖാമയും പണവുമടങ്ങുന്ന പഴ്‌സുകള്‍ തട്ടിപ്പറിച്ചോടിയ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതും ചെയ്യാത്തതും നിരവധി. ഇത്തരം കള്ളന്മാരില്‍നിന്ന് രക്ഷപ്പെടാന്‍ മല്‍ബുകള്‍ ആവിഷ്കരിച്ച രീതികള്‍ പലതാണ്. അസമയത്ത് തനിച്ചുള്ള യാത്ര ഒഴിവാക്കുക ഇതില്‍ പ്രധാനം. അത്യാവശ്യത്തിനുള്ള റിയാല്‍ മാത്രം പോക്കറ്റില്‍ കരുതുക, അപരിചിതര്‍ വണ്ടി നിര്‍ത്തിയാല്‍ കഴിയുംവേഗം രക്ഷപ്പെടുക അങ്ങനെ നീണ്ടുപോകുന്നു രക്ഷാ ടിപ്പുകള്‍.

 എന്നാല്‍ കള്ളന്മാരെ ഇളിഭ്യരാക്കി അവരില്‍നിന്ന് തട്ടിപ്പറിച്ചോടി ഒരു മല്‍ബു ചരിത്രം കുറിച്ചിരിക്കുന്നു. അയ്യോ, മല്‍ബുവും തുടങ്ങിയോ തട്ടിപ്പറി, ഇന്ത്യക്കാര്‍ക്ക് അപമാനം എന്നൊക്കെ തോന്നാന്‍ വരട്ടെ, മുഴുവന്‍ കേട്ടാല്‍ മല്‍ബുവിന്റെ മനോധൈര്യമോര്‍ത്ത് എല്ലാവര്‍ക്കും അഭിമാനിക്കാം.
 സമയം അര്‍ധരാത്രിയോടടുക്കുന്നു. റോഡിലൂടെ വാഹനങ്ങള്‍ കുതിച്ചു പായുന്നുണ്ടെങ്കിലും കാല്‍നടക്കാര്‍ അപൂര്‍വം. ആരേയും കാണാത്തതിനാല്‍ സ്വാഭാവികമായ തിടുക്കത്തിലായിരുന്നു മല്‍ബു. കടല്‍ കടന്നെത്തിയിട്ട് അധികമായിട്ടില്ല. തനിച്ചുള്ള യാത്ര പാടില്ലെന്ന് പലരും പറഞ്ഞിരുന്നു. കുറ്റപ്പെടുത്താനൊന്നുമില്ല. നാട്ടിലാണെങ്കിലും അസമയത്ത് പുറത്തിറങ്ങരുതെന്ന് ആരും പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ?

ആളുകള്‍ക്ക് പറയാനെളുപ്പമാണെങ്കിലും പുറത്തിറങ്ങുമ്പോള്‍ എപ്പോഴും കൂട്ടിനൊരാളെ കണ്ടെത്തുകയെന്നത് എളുപ്പമല്ല. നേതാക്കന്മാര്‍ക്കു പോലും ഇപ്പോള്‍ കൂടെ കൊണ്ടുനടക്കാന്‍ ശിങ്കിടികളില്ല.

 കഴിവതും നേരത്തെ ഫ്‌ളാറ്റണയാന്‍ ശ്രദ്ധിക്കാറുണ്ടെങ്കിലും അവധി ദിനത്തില്‍ അത് നടപ്പില്ല. നാട്ടുകാരെയും കൂട്ടുകാരെയുമൊക്കെ കണ്ട് തിരികെയെത്തുമ്പോള്‍ നേരം ഇരുട്ടിയതോ പാതിരാവായതോ അറിയില്ല. അങ്ങനെ മാസാന്ത്യം ലഭിച്ച അവധി ആഘോഷമാക്കി വന്നിറങ്ങിയതായിരുന്നു മല്‍ബു. ഇത്തിരി ദൂരയാത്ര ചെയ്ത് സുഹൃത്തുക്കളെയൊക്കെ കണ്ടു മടങ്ങിയതാണ്. വാഹനം ഇറങ്ങിയശേഷം ഹോട്ടലില്‍ കയറി ഭക്ഷണവും കഴിച്ചായിരുന്നു ഫ്‌ളാറ്റ് ലക്ഷ്യമാക്കിയുള്ള നടപ്പ്.

 എതിര്‍ദിശയില്‍നിന്ന് രണ്ടു പേര്‍ വരുന്നു. മുന്നിലുള്ളയാള്‍ ഫോണില്‍ സംസാരിക്കുന്നു. രണ്ടു മൂന്നടി പിറകിലാണ് രണ്ടാമന്‍. അവരെ നോക്കിക്കൊണ്ട് മുന്നോട്ടു നടക്കുന്നതിനിടയില്‍ ഫോണില്‍ സംസാരിക്കുന്നയാളുടെ കൈയില്‍നിന്ന് ഒരു ചെറിയ പൊതി താഴെ വീണു. പൊതിയിലേക്ക് നോക്കിയ മല്‍ബു അക്കാര്യം ശ്രദ്ധയില്‍ പെടുത്താന്‍ ശ്രമിച്ചെങ്കിലും ഫലിച്ചില്ല. ഫോണ്‍ ചെവിയില്‍നിന്നെടുക്കാതെ അയാള്‍ മുന്നോട്ടുനീങ്ങി. പിറകെ വന്നയാള്‍ കൊച്ചു പൊതി കൈക്കലാക്കി. അതില്‍ അഞ്ഞൂറിന്റെ നോട്ടുകളാണെന്ന് മല്‍ബുവിനു മനസ്സിലായി. നോട്ടുകള്‍ ചുരുട്ടി ചെറിയ പ്ലാസ്റ്റിക് കവറിലിട്ട് റബര്‍ ബാന്റിട്ടിരിക്കുന്നു.

 നടന്നുപോയ ആളെ കൈകൊട്ടി വിളിക്കാനാഞ്ഞ മല്‍ബുവിനെ പൊതി കൈക്കലാക്കിയ ആള്‍ തടഞ്ഞു. അയാള്‍ പോട്ടെ, ഇതു വീതിച്ചെടുക്കാം എന്നായിരുന്നു ടിയാന്റെ പക്ഷം. പക്ഷേ മല്‍ബുവിന്റെ മനസ്സു നൊന്തു. ഫോണില്‍ സംസാരിക്കുന്നതിനിടെ നോട്ട്‌കെട്ട് താഴെ വീണതു പാവം അറഞ്ഞില്ലല്ലോ? പപ്പാതിയാക്കാം എന്നു പറഞ്ഞയാളോട് ഇത്തിരി ധാര്‍മികരോഷവുമുണ്ട്. അത് അയാളുടെ കൈയില്‍നിന്ന് വീണതാണെന്നു പറഞ്ഞെങ്കിലും ടിയാനു കുലുക്കമില്ല. അയാള്‍ പൊതി പിറകിലേക്ക് പിടിച്ചു.

 മല്‍ബു എല്ലാ ശക്തിയുമെടുത്ത് കൈ കൊട്ടി. ആ ശബ്ദം ഫോണിനെ അതിജീവിച്ച് പണം കളഞ്ഞു പോയ ആളുടെ കാതിലെത്തി. നിങ്ങളുടെ കൈയില്‍നിന്ന് പൊതി വീണുവെന്ന മല്‍ബുവിന്റെ ആംഗ്യം കണ്ട് അയാള്‍ തിരിച്ചുവന്നു. പണപ്പൊതി താഴെ വീണുവെന്നും അത് ഇയാളുടെ കൈയിലുണ്ടെന്നും മല്‍ബു പറഞ്ഞപ്പോള്‍ വീതിക്കാന്‍ കാത്തുനിന്നയാള്‍ക്ക് മറ്റു വഴിയില്ലാതായി.

അയാള്‍ പൊതി കൈമാറി. തിരിച്ചും മറിച്ചും നോക്കി ഇതില്‍ ഡോളര്‍ കാണുന്നില്ലല്ലോ എന്നായി അയാള്‍. പൊതി തുറന്നിട്ടില്ലെന്ന് പറഞ്ഞുവെങ്കിലും അയാള്‍ സമ്മതിക്കുന്നില്ല. ഇരുവരുടേയും പോക്കറ്റും പഴ്‌സുകളും പരിശോധിക്കണം.

മല്‍ബു നോക്കി നില്‍ക്കെ, ആയിക്കോട്ടെ എന്നു പറഞ്ഞു മറ്റെയാള്‍ പഴ്‌സെടുത്തു നല്‍കി. അത് പരിശോധിച്ച് ഡോളര്‍ ഇല്ലെന്ന് ഉറപ്പു വരുത്തി തിരിച്ചുനല്‍കിയ ശേഷം മല്‍ബുവിനു നേരെ കൈ നീട്ടി. താന്‍ പൊതിയെടുത്തിട്ടില്ലെന്നും തന്റെ പഴ്‌സ് പരിശോധിക്കേണ്ട കാര്യമില്ലെന്നും മല്‍ബു പറഞ്ഞെങ്കിലും വഴങ്ങുന്നില്ല. ഇപ്പോള്‍ നോക്കിയതുപോലെ നോക്കി തിരികെ തരില്ലേ, എന്തു കൊണ്ടു തന്നുകൂടാ? അതേ, കൊടുത്തേക്കൂ, നോക്കിയിട്ട് തന്നോളുമെന്ന് മറ്റെയാളും.

മനസ്സില്ലാ മനസ്സോടെ മല്‍ബു പഴ്‌സ് പുറത്തെടുത്തു. എന്തോ പന്തികേട് മണക്കുന്നുണ്ട്. അടുത്തൊന്നും ആരുമില്ല. ചങ്കിടിപ്പ് കൂടിയെങ്കിലും മല്‍ബു പഴ്‌സിന്റെ അകം കാണിച്ചു, ഇതില്‍ ഡോളറില്ല എന്നു പറഞ്ഞെങ്കിലും അയാള്‍ പഴ്‌സ് പിടിച്ചുവാങ്ങി. ആദ്യം കിട്ടിയത് 200 റിയാലായിരുന്നു. ഓ ഇത് റിയാലാണെന്ന് പറഞ്ഞു മല്‍ബുവിനെ ഏല്‍പിച്ചശേഷം പരിശോധന തടുര്‍ന്നു. പഴ്‌സിനകത്ത് ഇഖാമയും എ.ടി.എം കാര്‍ഡുമൊക്കെയുണ്ട്. ഇഖാമയും പഴസും തട്ടിപ്പറിച്ചോടുന്ന സംഭവങ്ങള്‍ കേട്ടറിവുള്ള മല്‍ബു പഴ്‌സിന്റെ ഒരറ്റത്തു പിടിത്തമിട്ടു. അടുത്ത നിമിഷത്തില്‍ സര്‍വശക്തിയുമെടുത്ത് അത് കൈക്കലാക്കി. ഇതില്‍ ഡോളറൊന്നുമില്ലെന്ന് പറഞ്ഞു ഓട്ടമോ നടത്തമോ എന്നു നിശ്ചയമില്ലാത്തവിധം അവിടെനിന്നു രക്ഷപ്പെട്ടു. പിന്നെ തിരിഞ്ഞു നോക്കിയപ്പോള്‍ അവര്‍ രണ്ടു പേരും കൂട്ടുകാരെ പോലെ വണ്ടിയില്‍ കയറി പോകുന്നു. ഫഌറ്റിലെത്തി സംഭവം പറഞ്ഞപ്പോഴാണ് നോട്ട് താഴെയിട്ടുള്ള തട്ടിപ്പ് സംഘത്തില്‍നിന്നാണ് താന്‍ രക്ഷപ്പെട്ടതെന്ന് മല്‍ബുവിനു മനസ്സിലായത്. ഇതുപോലുള്ള തട്ടിപ്പ് കണ്ടും കേട്ടും അറിവുള്ളവരാണ് ചുറ്റുമുള്ള മല്‍ബുകള്‍.

 അപ്പോള്‍ രസികനായ മറ്റൊരു മല്‍ബുവിന്റെ കമന്റ്. മല്‍ബു സ്വന്തം പഴസ് തട്ടിപ്പറിച്ചോടിയപ്പോള്‍ കള്ളന്മാര്‍ വല്ലതും നഷ്ടപ്പെട്ടുവോ എന്നറിയാന്‍ അവരുടെ പോക്കറ്റുകള്‍ തപ്പുന്നുണ്ടായിരുന്നു.

24 comments:

Pheonix said...

അവസാനത്തെ ട്വിസ്റ്റ്‌ ലൈന്‍ വളരെ ഇഷ്ടപ്പെട്ടു.

grkaviyoor said...

നല്ല രസകരമായി അവതരിപ്പിച്ചു

Unknown said...

....രസിച്ചു....കള്ളനും കാര്യം പിടികിട്ടിത്തുടങ്ങി അല്ലെ...

പട്ടേപ്പാടം റാംജി said...

ഇപ്പോള്‍ എല്ലായിടത്തും ഈ രീതിയാണ് നടക്കുന്നത്. അതും മാറി ഒറ്റയ്ക്ക് കിട്ടുന്ന ആളെ തട്ടിക്കൊണ്ടു പോയി കയ്യിലുള്ളത് വാങ്ങിയെടുത്ത് തള്ളിവിടുന്നതാണ് ഇപ്പോഴത്തെ രീതി എന്ന് തോന്നുന്നു.
ഇവിടെ ഇതുപോലെ ഒരുവന്‍ പേഴ്സ് താഴെ ഇട്ടത് ഒരു ബങ്കാളി എടുത്ത്‌ ഒരു പാക്കിസ്ഥാനി ഡ്രൈവര്‍ക്ക്‌ കൊടുത്ത സംഭവം ഉണ്ടായി. അതിന്റെ യഥാര്‍ത്ഥ അവകാശികളായ രണ്ടു അറബ് വംശജര്‍ പാക്കിസ്ഥാനിയെ സമീപിച്ചപ്പോള്‍ അയാള്‍ കാറിലെ ലിവര്‍ വലിച്ചെടുത്ത്‌ ഒരുത്തനിട്ട് ഒന്ന് കൊടുത്തു. പിന്നെ അവര്‍ നിന്നില്ല.

ഇതിലെ അവസാനം ഉഷാറായി.

നാട്ടില്‍ നിന്ന് എന്നെത്തി?

ente lokam said...

കൊള്ളാം ..അപ്പൊ മല്ബു നാട്ടില്‍
ആയിരുന്നു അല്ലെ?
ഞാന്‍ കരുതി ആരെങ്കിലും തട്ടിക്കൊണ്ടു
പോയി എന്ന്...
റിയാല്‍ തരികെ കൊടുത്തിട്ട് പത്താക്ക
വാങ്ങി കള്ളന്മാര്‍ക്ക് അത് കൊണ്ടു
എന്താണ് കാര്യം?

khaadu.. said...

അപ്പോള്‍ രസികനായ മറ്റൊരു മല്‍ബുവിന്റെ കമന്റ്. മല്‍ബു സ്വന്തം പഴസ് തട്ടിപ്പറിച്ചോടിയപ്പോള്‍ കള്ളന്മാര്‍ വല്ലതും നഷ്ടപ്പെട്ടുവോ എന്നറിയാന്‍ അവരുടെ പോക്കറ്റുകള്‍ തപ്പുന്നുണ്ടായിരുന്നു.

:)

ഒരു കുഞ്ഞുമയിൽപീലി said...

രസകരമായ വായന ആശംസകള്‍ മല്‍ബു ...അടുത്ത അനുഭവങ്ങള്‍ക്കായ്‌ കാത്തിരിക്കുന്നു

ഷാജി പരപ്പനാടൻ said...

ഇത് പോലെ ലിമോസിനില്‍ നടത്തുന്ന ഒരു തട്ടിപ്പ് ഓര്‍മ്മ വന്നു...നന്നായിട്ടുണ്ട് ആശംസകള്‍

Mohamedkutty മുഹമ്മദുകുട്ടി said...

മല്‍ബൂസ് കലക്കുന്നുണ്ട്, ഇനിയും പോരട്ടെ. അഭിനന്ദനങ്ങള്‍!.

MINI.M.B said...

രസകരമായി. വായനാസുഖം ഉണ്ട്.

Jefu Jailaf said...

അവസാന പഞ്ച് കലക്കന്‍..

ചന്തു നായർ said...

ചിരിയിലൂടെ ചിന്തിപ്പിക്കുന്നൂ...പിന്നെ മിന്നറിയിപ്പും...എല്ലാ ഭാവുകങ്ങളും.

കൊമ്പന്‍ said...

ഹഹാഹ് കലക്കി മല്‍ബു
മല്ബൂനോടാ ഒലെ കളി

Appu Adyakshari said...

അറിഞ്ഞീരിക്കേണ്ട പാഠം.

ഷാജു അത്താണിക്കല്‍ said...

ഹഹ്ഹഹാ
മൽബൂ ആള് കൊള്ളാം

വീകെ said...

സംഗതി കലക്കിയെങ്കിലും, പണിയെടുത്താലും കാര്യമായിട്ടൊന്നും ‘ഈ കഞ്ഞി മൽബു’വിൽ നിന്നും തടയില്ലെന്നു ബോദ്ധ്യമായതു കൊണ്ട് അവർ വിട്ടുകളഞ്ഞതല്ലെ..!
അവർ രണ്ടു പേരും വിചാരിച്ചിരുന്നെങ്കിൽ മൽബുവിന്റെ കഥ മറ്റൊന്നായേനെ...!!
അത് മൽബുവിന്റെ മിടുക്ക് ആയി കൂട്ടണോ...?

ആശംസകൾ....

ഒരു ദുബായിക്കാരന്‍ said...

മല്‍ബു സ്വന്തം പഴസ് തട്ടിപ്പറിച്ചോടിയപ്പോള്‍ കള്ളന്മാര്‍ വല്ലതും നഷ്ടപ്പെട്ടുവോ എന്നറിയാന്‍ അവരുടെ പോക്കറ്റുകള്‍ തപ്പുന്നുണ്ടായിരുന്നു. ഇത് കലക്കി :-)

kochumol(കുങ്കുമം) said...

ഹഹഹ നല്ല രസകരമായി അവതരിപ്പിച്ചു....!!

Kattil Abdul Nissar said...

രസകരമായ അനുഭവം

Unknown said...

:)

Vinodkumar Thallasseri said...

Good. Short but effective narration.

Unknown said...

:))
ഇത്തരം തട്ടിപ്പുകള്‍ വായിച്ചറിവുണ്ട് ട്ടാ!!

Echmukutty said...

അയ്യോ! മൽബുവേ! ഒരു വിധത്തിൽ തടീം കൊണ്ടു പോന്നു എന്ന് അല്ലേ?

Muralee Mukundan , ബിലാത്തിപട്ടണം said...

അപ്പോള്‍ രസികനായ മറ്റൊരു മല്‍ബുവിന്റെ കമന്റ്. മല്‍ബു സ്വന്തം പഴസ് തട്ടിപ്പറിച്ചോടിയപ്പോള്‍ കള്ളന്മാര്‍ വല്ലതും നഷ്ടപ്പെട്ടുവോ എന്നറിയാന്‍ അവരുടെ പോക്കറ്റുകള്‍ തപ്പുന്നുണ്ടായിരുന്നു.

അല്ലാ അവന്മാരുടെ കൈയ്യിൽ നിന്നും വല്ലതും തടഞ്ഞുവോ ഭായ്..?

Related Posts Plugin for WordPress, Blogger...