Pages

പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..

December 18, 2011

മല്‍ബിയുടെ ക്രൂരകൃത്യം

വീട്ടില്‍ അറിയിച്ചില്ലേ?
അനുശോചനം ഫോണില്‍ അറിയിക്കാന്‍ വിളിച്ചവരില്‍ ഒരാള്‍ അന്വേഷിച്ചു.
ഒരു മാസം സമയമുണ്ടല്ലോ? സാവകാശം പറയാം -മല്‍ബു മറുപടി നല്‍കി.

ഇവിടെ ആരും മരിച്ചിട്ടില്ല. വിടപറയുന്നത് ഒരാളുടെ പ്രവാസ ജീവിതമാണ്. അതും ഒരു കണക്കിനു മരണം തന്നെ. സ്വയം തെരഞ്ഞെടുത്തതോ അടിച്ചേല്‍പിച്ചതോ ആയ പ്രവാസ ജീവിതത്തില്‍നിന്ന് നാടന്‍ ജീവിതത്തിലേക്കുള്ള മടക്കം.

ഒരു മാസത്തിനകം തൊഴില്‍ നഷ്ടപ്പെടുമെന്നും മല്‍ബു നാട്ടില്‍ പോകേണ്ടിവരുമെന്നുമുള്ള വിവരം ലീക്കായതിനെ തുടര്‍ന്ന് നാട്ടുകാരും സുഹൃത്തുക്കളും ആശ്വസിപ്പിക്കാന്‍ വിളിക്കുന്നതാണ് അനുശോചനമായി ഫീല്‍ ചെയ്യുന്നത്. റീത്ത് കൊണ്ടുവരുന്നില്ലെന്നേയുള്ളൂ. സംഘടനകള്‍ അറിഞ്ഞാല്‍ യാത്രയയപ്പെന്ന പേരില്‍ അനുശോചന യോഗവും ചേരും.

എന്തു ചെയ്യാം. എല്ലാ പ്രവാസികളുടേയും അവസ്ഥ ഇതാണ്. ഏതു നിമിഷവും മടങ്ങേണ്ടിവരുമെന്ന ചിന്തയില്ലാതെ ജീവിക്കുന്നുവെന്നുമാത്രം.

രൂപയുടെ മൂല്യം കുറയുമ്പോള്‍ അയക്കുന്ന തുകയില്‍ അധികം കിട്ടുന്ന സംഖ്യയെ കുറിച്ച് എടുത്തു പറയാനാളുകളുണ്ട്. ഒരു വര്‍ഷം മുമ്പ് ആയിരം റിയാലിന് 11,000 രൂപ ലഭിച്ച സ്ഥാനത്ത് ഇപ്പോള്‍ ലഭിക്കുന്നതെത്രയാ... 14,000 രൂപ.

ഒരു വര്‍ഷം മുമ്പത്തെ തുക കൊണ്ട് ലഭിച്ചിരുന്ന വീട്ടുസാധനങ്ങള്‍ ആ തുകക്ക് ഇപ്പോള്‍ ലഭിക്കില്ലെന്ന കാര്യം എല്ലാവരും വിസ്മരിക്കുന്നു. എണ്ണയുടെയും പാചക വാതകത്തിന്റെയും വില മാത്രം നോക്കിയാല്‍ മതി ഈ മൂല്യവര്‍ധനയുടെ അര്‍ഥമില്ലായ്മ അറിയാന്‍.

പുതിയ സ്വദേശി പ്രസ്ഥാനത്തിന്റെ ഫലമായാണ് മല്‍ബുവിനു ദുര്‍വിധി. കമ്പനിയുടെ സ്ഥാനം പച്ച നിറത്തില്‍ നിലനിര്‍ത്താന്‍ സ്വദേശിയെ നിയമിക്കുന്നതിന് ഒഴിവു കണ്ടെത്താന്‍ രക്തസാക്ഷിയായി മല്‍ബു. പച്ചയില്‍ നിലനിര്‍ത്തിയാല്‍ മാത്രമേ കമ്പനിയുടെ കാര്യങ്ങള്‍ സുഗമമാകൂ. ചുകപ്പിലാണെങ്കില്‍ കട്ടപ്പൊക. നിറം തേടിയുള്ള പരക്കംപാച്ചിലില്‍ തലയുരുളുമെന്ന ആധിയില്‍ കഴിയുന്നവരാണ് ധാരാളം മല്‍ബുകള്‍.

ജോലി നഷ്ടപ്പെട്ട മല്‍ബു നാട്ടിലേക്ക് മടങ്ങാനുള്ള നാളുകളെണ്ണുകയാണ്. സ്ഥാനമേറ്റെടുക്കാനെത്തിയ പുതിയ ആള്‍ക്ക് കഴിയുംവേഗം പണി പഠിപ്പിക്കണം. പക്ഷേ, അതിപ്പോള്‍ ഇരട്ടിപ്പണിയായിരിക്കുന്നു. ജോലി സമയം തീരുന്നതിനിടയില്‍ ഒരിക്കല്‍പോലും ഇരിക്കാനാവാത്തതാണ് മല്‍ബുവിന്റെ പണി. കാഷ്യര്‍പ്പണി. ഒട്ടും നിന്നു ശീലമുള്ളയാളല്ല പണി പഠിക്കാനെത്തിയ ആള്‍. ഇരിക്കാന്‍ തോന്നുമ്പോള്‍ അയാള്‍ ഇറങ്ങും. തടയാന്‍ പറ്റാത്ത സ്ഥലത്തേക്കാണ് ഇരിപ്പിനായുള്ള ആ യാത്ര. ഇങ്ങനെ പോയാല്‍ ഇയാള്‍ പണി പഠിച്ചതു തന്നെയെന്ന് പലരും പറഞ്ഞു തുടങ്ങി.
എല്ലാം ഉറപ്പായ ശേഷം മല്‍ബിയേയും മക്കളേയും അറിയിച്ചാല്‍ മതിയെന്ന തീരുമാനത്തിലെത്താന്‍ മല്‍ബുവിനെ പ്രേരിപ്പിച്ച കാരണങ്ങള്‍ പലതാണ്.

ഗള്‍ഫില്‍ പരമാവധി പിടിച്ചുനില്‍ക്കണമെന്ന പക്ഷക്കാരിയാണ് മല്‍ബി. നാട്ടില്‍ വന്നാല്‍ മക്കളുടെ പഠനം പോലും വഴിമുട്ടുമെന്നും സാധനങ്ങളുടെ തീവിലയില്‍ കരിഞ്ഞുപോകുമെന്നുമാണ് അവരുടെ അഭിപ്രായം.
ഇരിക്കാന്‍ സ്വാതന്ത്ര്യമില്ലാത്ത ജോലിക്കിടെ ഒരു ദിവസം കാലുവേദന കൊണ്ട് പുളഞ്ഞപ്പോള്‍ മല്‍ബിയോട് വിളിച്ചു പറഞ്ഞു.

വയ്യ, ഇനി വയ്യ, ഞാന്‍ അങ്ങോട്ടു വരികയാണ്. അവിടെ എന്തേലും ചെയ്തു ജീവിക്കാം.
നിങ്ങള്‍ ഇങ്ങോട്ടുവന്നാല്‍ എല്ലാവരും കൂടി ഒരുമിച്ചു മരിക്കേണ്ടിവരും. ഇവിടെ  സമ്പാദിച്ചുവെച്ചിട്ടൊന്നുമില്ലല്ലോ. പരമാവധി അവിടെ തന്നെ പിടിച്ചുനില്‍ക്കണം- അതായിരുന്നു മല്‍ബിയുടെ മറുപടി.

അതിനുശേഷം മല്‍ബു അക്കാര്യം ചിന്തിച്ചിട്ടേയില്ല. താനായിട്ട് ജോലി രാജിവെച്ചു പോകില്ല. പറഞ്ഞുവിട്ടാല്‍ പോകാം. അല്ലെങ്കില്‍ ഇവിടെ തന്നെ അങ്ങു തീരണം. ജോലി കളഞ്ഞു പോയാല്‍ നാട്ടിലെ കഷ്ടപ്പാടുകള്‍ക്കിടിയില്‍ മല്‍ബി മാത്രമല്ല, സ്വന്തം മനഃസാക്ഷിയും കുറ്റപ്പെടുത്താനുണ്ടാകും. ഓരോ മാസമടുക്കുമ്പോഴും റിയാലിലുളള ശമ്പളത്തുക കൂട്ടി ദുഃഖം കടിച്ചമര്‍ത്തേണ്ടി വരും.

പണി പോയി നാട്ടിലേക്ക്് മടങ്ങുന്നുവെന്ന കാര്യം എങ്ങനെ പറയുമെന്ന് ആലോചിച്ച് തലപുണ്ണാക്കുന്നതിനിടെയാണ് ഒരു ദിവസം മല്‍ബിയുടെ വിളി.

ജോലി പോയി മടങ്ങുന്ന കാര്യം അയലത്തെ മജീദ് വിളിച്ചു പറഞ്ഞു. എന്താ എന്നോട് പറയാതിരുന്നത്. സ്‌നേഹം ഇല്ലാതായി അല്ലേ. ഒന്നിനും വിഷമിക്കേണ്ട. എല്ലാത്തിനും വഴിയുണ്ടാക്കാം. നിങ്ങളിങ്ങു വന്നാല്‍ മതി.

ഈ വാക്കുകള്‍ മല്‍ബുവിനു പകര്‍ന്നു നല്‍കിയ സന്തോഷത്തിന് അതിരില്ലായിരുന്നു. വര്‍ഷങ്ങളായി കൊണ്ടുനടക്കുന്ന സ്വപ്നമാണ് എന്തേലുമൊക്കെ ചെയ്ത് കുടുംബത്തോടൊപ്പമുള്ള ജീവിതം. നഷ്ടപ്പെട്ട ഉന്മേഷം വീണ്ടുകിട്ടി. പക്ഷേ, മുന്നിലൊരു പുല്ലുവണ്ടി പോലെ പരിശീലനം കിടക്കുന്നു. അയാളെ ഒന്നു നേരെയാക്കാതെ എക്‌സിറ്റടിച്ച പാസ്‌പോര്‍ട്ട് കയ്യില്‍ കിട്ടില്ലെന്നുറപ്പ്. ഇന്നു പോകാം, നാളെ പോകാമെന്നു കരുതി നാളുകളെണ്ണി മാസം ഒന്നു പിന്നിട്ടു.

കാശയച്ചു കാശയച്ചു എന്നു പറഞ്ഞ് പറ്റിക്കുന്നതുപോലെ തന്നെ ഇത് നിങ്ങള് വരുന്നു, വരുന്നു എന്നു പറഞ്ഞ് പറ്റിക്കുകാണോ എന്ന് മൂത്ത മകള്‍.
മടക്കയാത്ര നീണ്ടുനീണ്ടു പോയപ്പോള്‍ മല്‍ബി ആ സസ്‌പെന്‍സ് പൊട്ടിച്ചു. അതാകട്ടെ, മല്‍ബിയുടെ മനംമാറ്റത്തിലും സ്‌നേഹത്തിലും മതിമറന്ന മല്‍ബുവിനു ഫീല്‍ ചെയ്തത് ഒരു ക്രൂരകൃത്യമായാണ്.
ഇതായിരുന്നു കരള്‍ പിളര്‍ത്തിയ ആ സന്ദേശം.

ഒരാഴ്ച കൂടിയേ ആങ്ങള കാത്തുനില്‍ക്കൂ. അതിനു മുമ്പ് വന്നില്ലെങ്കില്‍ നിങ്ങള്‍ക്കായി ഞാന്‍ പറഞ്ഞുറപ്പിച്ച ആ ബ്രൂണെ വിസ ആങ്ങള അങ്ങേതിലെ അമ്മതിനു കൊടുക്കും.



34 comments:

പട്ടേപ്പാടം റാംജി said...

പ്രവാസി എപ്പോഴും അങ്ങിനെതാന്നെ. പെട്ടാല്‍ പിന്നെ രക്ഷയില്ല. നമ്മള്‍ ഇവിടെ ആകുമ്പോഴും നമ്മുടെ മാസങ്ങള്‍ ഓരോന്നും അവിടെ കണക്ക്‌ കൂട്ടി കാര്യങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നു. അപ്പോള്‍ നമ്മള്‍ ഇവിടെ നിന്ന് എങ്ങിനെ രക്ഷപ്പെടും....വളരെ നന്നായിരിക്കുന്നു. അവസാനം കേമമായി.

a.rahim said...

പ്രവാസിയുടെ ഭാര്യമാര്‍ പത്തിരുപത്തഞ്ച് വര്‍ഷത്തെ സ്വതന്ത്ര്യ തീരുമാനത്തിനു മേല്‍ വര്‍ഷങ്ങള്‍ക്കു ശേഷം ഭര്‍ത്താവിന്റെ അധികാരം വരുമെന്ന് ഭയപ്പെടുന്നവരായി മാറിയിരിക്കുന്നു. നീണ്ട പ്രവാസം മല്‍ബികളെ അങ്ങിനെ മാറ്റിയിരിക്കുന്നു. ഇന്നുകള്‍ വിട്ട് നാളെകളെ പിടിക്കാന്‍ നടക്കുന്ന മഹാന്മാരായ വിഡ്ഢികളല്ലേ പ്രവാസികള്‍. എന്നാല്‍ 98 ശതമാനത്തിനും ഇന്നും നാളെയും നഷ്ടമാണുതാനും.
മല്‍ബു നന്നായി. റാംജി പറഞ്ഞതു പോലെ അവസാനം വായിച്ചപ്പോള്‍ പൊട്ടിച്ചിരിച്ചു പോയി.

നിതാഖാത്ത് പല മല്‍ബുമാര്‍ക്കും ആശ്വാസമാണെങ്കില്‍ ബ്രൂണെ എല്ലാ മല്‍ബിക്കും ആശ്വാസമാണ്.

Anonymous said...

നാസറിന്റെ വര അപാരം പ്രത്യേക അഭിനന്ദനം മലയാളി മനസ് ഇത്രമേല്‍ അനാവരണം ചെയ്യുന്ന ആശരഫിന്‍ ഒരായിരം നന്ദി

sm sadique said...

കഷ്ട്ടപെടാൻ മാത്രം വിധിക്കപെട്ടപ്രവാസി.“എന്തായാലും നാട് സമൃദ്ധമായല്ലേ“. അഞ്ഞൂറിന്റെ നോട്ട് കൊടുത്താലും പോച്ച(പുല്ല്)ചെത്താൻ പോലും ആളെ കിട്ടാതായി.എല്ലാവരും പ്രവാസികളായി.എന്തായാലും കഥ എനിക്കിഷ്ട്ടായിട്ടോ.

കെ.എം. റഷീദ് said...

പ്രവാസ ലോകത്തിലെ ജീവിതം മടുത്ത ഒരു സുഹൃത്ത് പറഞ്ഞു " ഒരു യുദ്ധമുണ്ടായെങ്കില്‍ ആ പേരും പറഞ്ഞു തിരിച്ചുപോകാംആയിരുന്നു.
നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും വേണ്ടാത്ത ചരക്കായി പ്രവാസി മാറുന്നു . മിക്കവരുടെയും പ്രവാസം അവസ്സനിക്കുന്നത് മൂന്നുകണ്ടം തുണിയിട്ട് കൂട്ടി കെട്ടുമ്പോള്‍ ആണ്

Sameer Thikkodi said...

പ്രവാസത്തിന്റെ പ്രയാസം...

അൽപ്പം അതിശയോക്തി കൂടിപ്പോയി എന്നൊരു സംശയം.... സ്നേഹം സമ്പത്തിനോടാണെങ്കിലും ശാരീരിക പ്രയാസങ്ങളോട് മുഖം തിരിക്കുന്ന ഭാര്യമാരും ഉണ്ടാവുമോ..(ഉണ്ട് ; ഉണ്ടായിരിക്കാം.... )

khaadu.. said...

ഇക്ക... നന്നായി എഴുതി... ഈ അടുത്ത കാലത്ത് നിങ്ങള്‍ എഴുതിയതില്‍ ഏറ്റവും നല്ലതെന്നു എനിക്ക് തോന്നുന്നു...
മല്ബുവിന്റെയും മല്ബിയുടെയും മനസ് വായിച്ചുള്ള എഴുത്ത്.. പ്രവാസത്തെ കുറിച്ച് ഞാന്‍ ഒന്നും പറയുന്നില്ല... മുകളില്‍ പറഞ്ഞതൊക്കെ തന്നെയാ എനിക്ക് പറയാനുള്ളത്... പ്രവാസത്തെ കുറിച്ച് പറഞ്ഞാല്‍ തീരുകയുമില്ല....

അഭിനന്ദനങ്ങള്‍...

ente lokam said...

എന്നാലും മല്ബി അത് വല്ലാത്ത ഒരു
പണി ആയിപ്പോയി...പണി പോയി
അങ്ങോട്ട്‌ വരാന്‍ ഇരുന്ന വന്ന പാവം
മല്ബുവിനിട്ടു.....
നന്നായി എഴുത്ത്...

Mizhiyoram said...

പ്രവാസി അഥവ പ്രയാസങ്ങളില്‍ വസിക്കുന്നവന്‍.
ഈ നല്ല കുറിപ്പിന് എന്‍റെ ആശംസകള്‍.

Prabhan Krishnan said...

എഴുത്ത് വളരെയിഷ്ട്ടമായി.
തിരിച്ചുപോക്കിനേക്കുറിച്ചാലോചിക്കുമ്പോള്‍ ശരിക്കും പേടിയാകുന്നു..!!

ആശംസകളോടെ..പുലരി

തിര said...

നന്നായിട്ടുണ്ട് ആശംസകള്‍

തിര

keraladasanunni said...

ഒരാഴ്ച കൂടിയേ ആങ്ങള കാത്തുനില്‍ക്കൂ. അതിനു മുമ്പ് വന്നില്ലെങ്കില്‍ നിങ്ങള്‍ക്കായി ഞാന്‍ പറഞ്ഞുറപ്പിച്ച ആ ബ്രൂണെ വിസ ആങ്ങള അങ്ങേതിലെ അമ്മതിനു കൊടുക്കും.

അപ്പോള്‍ അതാണ് കാര്യം. നല്ല എഴുത്ത്.

വേണുഗോപാല്‍ said...

ഞങ്ങടെ പ്രവാസം ഇന്ത്യക്കകത്തു തന്നെ ആയതിനാല്‍ ഇഷ്ടമുള്ള സമയത്ത് നമുക്ക് നാടണയാം, വീടണയാം..
ഗള്‍ഫ്‌ രാജ്യങ്ങളിലെ പ്രവാസ ജീവിതം പറഞ്ഞു കേട്ട അറിവ് വെച്ച് നോക്കുമ്പോള്‍ വേദന തരുന്നവയാണ് .
പക്ഷെ ഇത്തരം ഭാര്യയും കുടുംബക്കാരും ഒരു ചുരുങ്ങിയ ശതമാനം മാത്രമായിക്കും എന്ന് തോന്നുന്നു .
പ്രവാസിയായ മല്ബുവിന്റെ മാനസിക പിരിമുറുക്കങ്ങള്‍ അഷ്‌റഫ്‌ നന്നായി വരച്ചു കാട്ടി .

സേതുലക്ഷ്മി said...

അവസാനം അയാളുടെ പ്രതീക്ഷയൊക്കെ തകർന്നു പോയല്ലോ.
ഭർത്താവ് അവധി നീട്ടുന്നതിൽ പോലും അസഹ്യത കാട്ടുന്ന ഗൽഫ് ഭാര്യമാരെ കണ്ടിട്ടുണ്ട്.
നന്നായി എഴുതി,അഷ്രഫ്.

ഫൈസല്‍ ബാബു said...

വിടപറയുന്നത് ഒരാളുടെ പ്രവാസ ജീവിതമാണ്. അതും ഒരു കണക്കിനു മരണം തന്നെ. സ്വയം തെരഞ്ഞെടുത്തതോ അടിച്ചേല്‍പിച്ചതോ ആയ പ്രവാസ ജീവിതത്തില്‍നിന്ന് നാടന്‍ ജീവിതത്തിലേക്കുള്ള മടക്കം.
===============================
ഹൃദയത്തില്‍ തൊട്ടെഴുതിയ വരികള്‍ !!! അഷ്‌റഫ്‌ ക്ക ,,പറഞ്ഞതൊക്കെ പച്ച പരമാര്‍ത്ഥം!!

Akbar said...

ഹ ഹ ചുമ്മാതല്ല മല്ബി ആശ്വസിപ്പിച്ചതും തിരിച്ചു പോരാന്‍ പറഞ്ഞതും. ഞാന്‍ കരുതി അവര്‍ക്ക് എന്ത് പറ്റി എന്നു. അപ്പൊ അടുത്ത വിക്ഷേപണത്തിനുള്ള മിസൈല്‍ (വിസ) റെഡിയാക്കി വെച്ചാണ് ‍ കാത്തിരിക്കുന്നത് അല്ലേ.

പണ്ട് ഇറാക്ക് യുദ്ധം നടക്കുന്ന സമയത്ത് സ്ഥിതിഗതികളുടെ ഭയാനകത വെച്ചു എന്‍റെ ഒരു പരിചയക്കാരന്‍ ഭാര്യക്ക് കത്തെഴുതി.

സ്ഥിതി വശാളാവുകയാണ്. അതു കൊണ്ട് ഞാന്‍ തിരിച്ചു പോരാന്‍ ഒരുങ്ങുന്നു. ഇതായിരുന്നു കത്തിലെ ഉള്ളടക്കം.

മറുപടി വന്നു. "നിങ്ങള്‍ ഇപ്പോള്‍ തിരിച്ചു വന്നാല്‍ ഇവിടുത്തെ സ്ഥിതി അതിലും വശാളാവും. അതു കൊണ്ട് എങ്ങിനെയും അവിടെ പിടിച്ചു നിന്നോളിന്‍" എന്നു.

ആ മറുപടി കാണിച്ചു സുഹൃത്ത് എന്നോട് പറഞ്ഞത് ഞാന്‍ ഇന്നും ഓര്‍ക്കുന്നു. "ഇങ്ങിനെ പോയാല്‍ ഞാന്‍ പിടിച്ചായിരിക്കില്ല നില്‍ക്കുക. തൂങ്ങിയായിരിക്കും" എന്നു.

അപ്പൊ മല്‍ബു- മല്ബി കഥ തുടരട്ടെ. ആശംസകളോടെ.

SHANAVAS said...

അഷ്‌റഫ്‌ ഭായ്, പ്രവാസത്തിന്റെ ഓരോ തിരിമറികള്‍ നോക്കണേ...ഇങ്ങനെ ആയാല്‍ പ്രവാസി എന്നും പ്രവാസി ആയി നില്‍ക്കേണ്ടി വരും..പോസ്റ്റ്‌ നന്നായി..ആശംസകള്‍.....,,,

ജന്മസുകൃതം said...

പോസ്റ്റ്‌ നന്നായി..ആശംസകള്‍.....,,

Mohamedkutty മുഹമ്മദുകുട്ടി said...

ജോലി പോയി മടങ്ങുന്ന കാര്യം അയലത്തെ മജീദ് വിളിച്ചു പറഞ്ഞു. എന്താ എന്നോട് പറയാതിരുന്നത്. സ്‌നേഹം ഇല്ലാതായി അല്ലേ. ഒന്നിനും വിഷമിക്കേണ്ട. എല്ലാത്തിനും വഴിയുണ്ടാക്കാം. നിങ്ങളിങ്ങു വന്നാല്‍ മതി.
*****************************
ഒരാഴ്ച കൂടിയേ ആങ്ങള കാത്തുനില്‍ക്കൂ. അതിനു മുമ്പ് വന്നില്ലെങ്കില്‍ നിങ്ങള്‍ക്കായി ഞാന്‍ പറഞ്ഞുറപ്പിച്ച ആ ബ്രൂണെ വിസ ആങ്ങള അങ്ങേതിലെ അമ്മതിനു കൊടുക്കും.
ചേര്‍ത്തു വായിക്കാനെന്തു രസം,മല്‍ബിയോടാ കളി!.

പാവപ്പെട്ടവൻ said...

എല്ലാ പ്രവാസികളുടേയും അവസ്ഥ ഇതാണ്. പക്ഷേ ഈ ബ്രൂണയിലേക്കുള്ള വിസ അതുമാത്രമുണ്ടാകില്ല..

Naveen said...
This comment has been removed by the author.
Naveen said...

ഇത് വളരെ നല്ല ഒരു കഥയായി കേട്ടോ..
രണ്ടു പേരെയും കുറ്റം പറയാന്‍ പറ്റില്ല...
ജോലിയില്ലതെയായാല്‍ കുടുമ്പം എങ്ങിനെ ജീവിക്കും ..എന്ന ഭാര്യയുടെ ആധി , ക്രൂരകൃത്യം ആയി തോന്നിയതില്‍ അത്ഭുതമില്ല...
ആശംസകള്‍...........

Jefu Jailaf said...

മല്ബിയുടെ ബുദ്ധി സമ്മതിക്കണം :) ഇപ്രാവശ്യത്തെ മല്ബുവിന്റെ കഥ ശരിക്കും മനസ്സിനെ തൊടുന്നു.

Naushu said...

ഇത് പോലത്തെ മല്‍ബിയെ കിട്ടാനും വേണം ഒരു യോഗം !

Unknown said...

അതാണ് പ്രവാസി.

ഒരു കുഞ്ഞുമയിൽപീലി said...

ഒരു പ്രവാസിയുടെ ജീവിതം അക്ഷരങ്ങളിലൂടെ തുറന്നു കാണിച്ച മല്ബി ക്ക് എല്ലാ ആശംസകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

Muralee Mukundan , ബിലാത്തിപട്ടണം said...

ഈ മൽബിക്കഥ കൊള്ളാം കേട്ടൊ ഭായ്

kochumol(കുങ്കുമം) said...

ഇതൊരു വല്ലാത്ത മല്ബി ആയി പോയല്ലോ ? ഇങ്ങനെയും ഉണ്ടോ മല്ബി മാര്‍ !!!
ഇങ്ങനെയും മല്ബി മാര്‍.. കാണുമായിരിക്കും ല്ലേ ?

SHAHANA said...

മല്‍ബുവിനു നാട്ടില്‍ പണി ചെയ്യാന്‍ യോഗമില്ല.... മല്‍ബുവിന്റെ കുടുംബത്തിന് മല്‍ബു കുടുംബം എന്നുള്ള അഡ്രസ്സില്‍ മാറാന്‍ ബുദ്ധിമുട്ടാ.....

Unknown said...

അവസാനത്തെ പരഗ്രഫ് വായിച്ചു ഇതു പ്രവാസിയും ഒന്ന് ചിരിക്കും .....

Echmukutty said...

അവസാനം കേമമായിട്ടുണ്ട്.....അഭിനന്ദനങ്ങൾ.

പൊട്ടന്‍ said...

കാശുമാത്രം മതി.

അവസാന പാര ഒരു "പാര" തന്നെ ആയിരുന്നു.
കഥയെ അനായാസം തൂക്കി ഉയര്‍ത്തി.
ഹൃദ്യമായി....

MINI.M.B said...

ഹോ.. നര്‍മ്മതിലും ഹൃദയത്തില്‍ തട്ടുന്ന ത്രെഡ്. നന്നായിട്ടുണ്ട്.

ബെഞ്ചാലി said...

പ്രവാസം ഇന്ന് അതിജീവനത്തിനോ, അതിജീവിതത്തിനോ?
:) i posted this article @ http://www.facebook.com/groups/pravasy/

Related Posts Plugin for WordPress, Blogger...