Pages

പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..

November 13, 2011

വളണ്ടിയര്‍ വിത്തൗട്ട് ബാഡ്ജ്


നാട്ടില്‍നിന്ന് വിളിയോട് വിളിയായിരുന്നു. ഹജ് കര്‍മത്തിനായി മിനായിലെത്തിയ ഹമീദ്ക്കാനെ വിളിക്കുമ്പോള്‍ ഫോണ്‍ എടുക്കുന്നത് ഒരു പാക്കിസ്ഥാനി. അതും ഇതും പറഞ്ഞ് ഫോണ്‍ വെക്കുകയും ചെയ്യുന്നു.

ഹിന്ദിയും ഉര്‍ദുവുമൊക്കെ അറിയാവുന്ന മകന്‍ ഹൈദറാണ് വീണ്ടും വീണ്ടും വിളിച്ചുനോക്കുന്നത്.
പക്ഷേ എന്തു ചെയ്യാം, ആ പാക്കിസ്ഥാനി പറയുന്ന ഉര്‍ദു ഈ ഹിന്ദിക്കു തിരിയുന്നില്ല.
അവസാനം സ്കൂളിലെ ഉര്‍ദു മാഷെ കൊണ്ടു വിളിപ്പിച്ചുനോക്കി. അപ്പോഴാണ് അങ്ങേത്തലക്കല്‍ ഉര്‍ദുവല്ല, പകരം പഷ്തുവാണെന്നു മനസ്സിലായത്. അതുണ്ടോ ഉര്‍ദു മാഷ്ക്കു തിരിയുന്നു.

അങ്ങനെ രണ്ടു ദിവസം അറിയാത്ത ഭാഷ കേട്ടുകേട്ട് മടുത്തു. ഒടുവില്‍ ആ ഭാഷയും കേള്‍ക്കാന്‍ അവസരമില്ലാതായി.
ഫോണ്‍  ചത്തതിനു ശേഷമാണ് ഹൈദര്‍ മല്‍ബുവിനെ വിളിച്ചത്.
ബാപ്പയുടെ ഫോണ്‍ കളഞ്ഞുപോയതായിരിക്കുമെന്നും കിട്ടിയതു പാക്കിസ്ഥാനിക്കായിരിക്കുമെന്നും പറഞ്ഞ്
ആശ്വസിപ്പിച്ചു.
ബാപ്പയെ ഒന്ന് അന്വേഷിച്ചുനോക്കണമെന്ന് അഭ്യര്‍ഥന.
കൂടെ വരണമെന്നു കരുതിയതായിരുന്നു. പിന്നെ ബിസിനസ് തിരക്കിന്റെ സമയമായതിനാല്‍ വേണ്ടെന്നു വെച്ചു. രണ്ടു മൂന്ന് തവണ വന്നതാണ്. ഇനി അടുത്ത തവണ എന്തായാലും വരണം.

85 വയസ്സാണ് ഹമീദ്ക്കാക്ക്.
നാട്ടിലെ പ്രമാണിയാണ്. കൂടെ ആരുമില്ലാതെ ഹജിന് വിട്ടിരിക്കയാണ്. അതിനു ന്യായീകരണവുമുണ്ട്.
എന്തിനാ കൂടെ ആള്?
അവിടെ നൂറുക്കണക്കിനല്ലേ വളണ്ടിയര്‍മാര്‍?

പത്രത്തിലും ടി.വിയിലും വളണ്ടിയര്‍മാരുടെ വാര്‍ത്തകള്‍ കാണുമ്പോള്‍ ഹൈദര്‍ ആശ്വസിക്കും. കൂടെ പോരാനൊത്തില്ലെങ്കിലും ബാപ്പയുടെ കാര്യങ്ങള്‍ക്ക് സ്വന്തം പാര്‍ട്ടിക്കാരുടെ വളണ്ടിയര്‍ സംഘത്തെ മാത്രമല്ല, എതിരാളികളുടെ വളണ്ടിയര്‍ സംഘത്തെയും വിളിച്ചേല്‍പിച്ചിരുന്നു.

ഇതാ ഹമീദ്ക്ക ഇക്കുറി വരുന്നുണ്ടൂട്ടോ. ഒന്ന് ശ്രദ്ധിച്ചോണേ.

ഒന്നും പേടിക്കേണ്ട, അതിനല്ലേ ഞങ്ങളൊക്കെ ഇവിടെ എന്നായിരുന്നു വളണ്ടിയര്‍മാരുടെ മറുപടി. പക്ഷേ, മിനായിലെത്തിയ ഹമീദ്ക്കാനെ ഒരു വളണ്ടിയര്‍ പോലും അന്വേഷിച്ചില്ലെന്ന് ഹൈദറിനു പരാതി.

ലക്ഷക്കണക്കിനു ആളുകളല്ലേ ഹൈദറേ. നിങ്ങളെപ്പോലെ എത്രയെത്ര പേര്‍ ഇങ്ങനെ വളണ്ടിയര്‍മാരെ വിളിച്ച് സ്വന്തക്കാരെ നോക്കാനേല്‍പിക്കുന്നുണ്ടാകും. അപ്പോള്‍ ബില്‍ഡിംഗ് നമ്പരും ഹാജി നമ്പരുമൊക്കെ എഴുതിവെക്കും. പിന്നെ ആ കടലാസ് കാണാതാകും. അല്ലെങ്കില്‍ ഇങ്ങനെയൊരു കാര്യം തന്നെ മറന്നു പോകും.

പാര്‍ട്ടിക്കാര്‍ക്ക് പിരിവുമതിയെന്ന്  പറഞ്ഞു രോഷാകുലനായ ഹൈദറിനെ വീണ്ടും ആശ്വസിപ്പിച്ചു.

ഏതായാലും വിളിച്ചു പറഞ്ഞ സ്ഥിതിക്ക് നാട്ടുകാരനായ മല്‍ബു പലരേയും വിളിച്ചുനോക്കി. കിട്ടിയ അടയാളങ്ങളൊക്കെ നല്‍കിയെങ്കിലും ആളെ കണ്ടെത്താനായില്ല. അസുഖം വല്ലതും ബാധിച്ച് ആശുപത്രിയിലായോ എന്നായി പിന്നീട് ആധി.
ഹൈദര്‍ വിളി തുടര്‍ന്നുകൊണ്ടേയിരുന്നു.

മല്‍ബുവിനു നാട്ടുകാരനാണെങ്കിലും ഹൈദറിനു ബാപ്പയാണല്ലോ. വയസ്സായ ബാപ്പയുടെ കൂടെ പോരേണ്ടതായിരുന്നു എന്ന കുറ്റബോധം അയാളെ വല്ലാതെ അലട്ടുന്നുവെന്നും തോന്നി. മണിക്കൂര്‍ ഇടവിട്ട് വിളിക്കും. എന്തെങ്കിലും വിവരം കിട്ടിയോ എന്നറിയാന്‍.

അങ്ങനെയാണ് മല്‍ബു നേരിട്ട് തെരയാന്‍ പോയത്.
മിനായില്‍ പല ബാഡ്ജുകള്‍ അണിഞ്ഞ സന്നദ്ധ സേവകരുണ്ട്. എങ്ങോട്ടു തിരിഞ്ഞാലും ഒരു മലയാളി വളണ്ടിയറെ കാണാം. മലയാളികള്‍ മാത്രമേയുള്ളൂ ലക്ഷങ്ങള്‍ വരുന്ന തീര്‍ഥാടകര്‍ക്കിടയില്‍ സന്നദ്ധസേവകരായി. ഒറ്റ ബാഡ്ജില്‍ ഒരുമയോടെ ഇറങ്ങിയിരുന്നവര്‍ ഇപ്പോള്‍ വെവ്വേറെ ബാഡ്ജുകളിലായപ്പോള്‍ സേവനത്തില്‍ വീറും വാശിയും വര്‍ധിച്ചു. ഹാജിമാരുടെ ഭാഗ്യം.

ഹാജി അല്ലാത്തതുകൊണ്ടോ എന്തോ വഴി ചോദിച്ച മല്‍ബുവിനെ വളണ്ടിയര്‍മാര്‍ ആദ്യമൊന്നും ഗൗനിച്ചില്ല. ചിലര്‍ ദൂരെ ടെന്റ് ചൂണ്ടിക്കാട്ടി അവരുടെ പാട്ടിനുപോയി.

ബാഡ്ജ് കാണിക്കാനും സ്വയം പരിചയപ്പെടുത്താനും എല്ലാവര്‍ക്കും താല്‍പര്യം. പിന്നെ സേവനങ്ങള്‍ എണ്ണിപ്പറയാനും.
ഹമീദ്ക്കാനെ തെരഞ്ഞ് തളര്‍ന്ന മല്‍ബു ഒരിടത്തിരുന്നപ്പോള്‍ പല ബാഡ്ജുകളിലുള്ള വളണ്ടിയര്‍മാര്‍ ഓടിയെത്തി. ആദ്യമെത്തിയവര്‍ സ്വന്തമാക്കിയ മല്‍ബുവിനെ ഭൂപടം നോക്കി ഹമീദ്ക്കായുടെ ടെന്റിലെത്തിച്ചു. മറ്റുള്ളവര്‍ സേവനത്തിനുള്ള അവസരം നഷ്ടപ്പെട്ടതില്‍ നിരാശരായി മടങ്ങി.

ടെന്റിലെത്തിയപ്പോഴാണ് കൊണ്ടുവന്നത് ഹാജിയെയല്ല, ബാഡ്‌ജൊന്നുമില്ലാതെ സേവനത്തിനിറങ്ങിയ മല്‍ബുവിനെയാണെന്ന് വളണ്ടിയര്‍മാര്‍ക്ക് മനസ്സിലായത്.

വിവരം അറിയാതെ നാട്ടിലുള്ളവര്‍ കുഴങ്ങുന്ന കാര്യം പറഞ്ഞപ്പോള്‍ ഹമീദ്ക്കയുടെ മറുപടി.
വിളിക്കുന്ന കുന്ത്രാണ്ടം കളഞ്ഞുപോയി. ഇനിയിപ്പോ എല്ലാം കഴിഞ്ഞിട്ട് എങ്ങനേലും വിളിക്കാനാ തീരുമാനം. 
പിന്നെ മോനേല്‍പിച്ച വളണ്ടിയര്‍മാരുണ്ടല്ലോ. അവരെ വിളിച്ചു ചോദിക്കട്ടെ.

മോനോടാണോ വളണ്ടിയര്‍മാരാടോണോ ഹമീദ്ക്കയുടെ ദേഷ്യമെന്നൊന്നും ചോദിക്കാന്‍ പോയില്ല. ഹൈദറിനെ വിളിച്ച് ബാപ്പ ഹാജരുണ്ടെന്ന വിവരം മാത്രം നല്‍കി.


11 comments:

Arafath Kochipally said...

nice and interesting...

khaadu.. said...

ഇനിയും പോരട്ടെ മല്ബുവിന്റെ വീരഗാഥകള്‍....

ആശംസകള്‍..

Nasar Mahin said...

കുറച്ച്‌ കൂടി ചേരുവകള്‍ ചേര്‍ത്ത് പര്യവസാനം കേമമാക്കാമായിരുന്നു!

SHANAVAS said...

മല്‍ബൂ അപ്പോള്‍ സേവനത്തിനും ഉണ്ടല്ലേ...കൊള്ളാം..നടക്കട്ടെ..മല്ബൂവിനു ആശംസകള്‍..

Unknown said...

ഹും അത് ശരി.

ശിഖണ്ഡി said...

ഒരു ഹജ്ജിന്റെ പുണ്യം കിട്ടട്ടെ, ഈ സേവനങ്ങള്‍ക്ക് എന്ന് പ്രാര്‍ഥനയോടെ

a.rahim said...

എഴുതിയും പറഞ്ഞും സഹായികളായ വണ്ടളിയര്‍മാരുടെ സേവനം ജനലക്ഷങ്ങള്‍ക്ക് നഷ്ടപ്പെടുത്തല്ലേ. ഇന്ത്യന്‍ സമൂഹത്തില്‍ മാത്രം കാണുന്ന ഒരു മഹത്തരമായ കാര്യമാണത്....
അറിയാതെ കൈയില്‍ വന്ന ആ പാപം ഒഴിവാക്കാന്‍ ഒരു പഷ്തൂണ്‍ ഹാജി കഷ്ടപ്പെടുന്നതായും പലരും പറയുന്നതു കേട്ടു.....

മല്‍ബുവിന്റെ മല്‍ബു കൊള്ളാം..

വിധു ചോപ്ര said...

ചിരി മരുന്നിത്തിരി കൂട്ടാനുള്ള ചാൻസുണ്ടായിട്ടും മുതലാക്കാതിരുന്നതെന്തേ?
സാരല്യ. ആ‍ശംസകൾ
സ്നേഹപൂർവ്വം വിധു

വിധു ചോപ്ര said...

ചിരി മരുന്നിത്തിരി കൂട്ടാനുള്ള ചാൻസുണ്ടായിട്ടും മുതലാക്കാതിരുന്നതെന്തേ?
സാരല്യ. ആ‍ശംസകൾ
സ്നേഹപൂർവ്വം വിധു

Lipi Ranju said...

മല്‍ബൂനു ആശംസകള്‍...

Mohamedkutty മുഹമ്മദുകുട്ടി said...

ഹജ്ജിന്റെ സമയത്ത് അതിനു പറ്റിയ മല്‍ബു പോസ്റ്റ്!. കൊള്ളാം. അഭിനന്ദനങ്ങള്‍!.

Related Posts Plugin for WordPress, Blogger...