Pages

പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..

September 17, 2012

സിഗരറ്റ് കുറ്റിയുടെ രഹസ്യം



കാരണവര്‍ ഒരു മെഴുകുതിരിയായിരുന്നു.
ചെക്കന്‍ മല്‍ബുവിന്റെ അരങ്ങേറ്റത്തിനു മുമ്പും പിമ്പും.
മറ്റുള്ളവര്‍ക്ക് വേണ്ടി ഉരുകിത്തീരുന്ന മെഴുകുതിരി.
പ്രവാസിയുടെ നിര്‍വചനത്തിനൊരു ഉത്തമ ഉദാഹരണം.
വെട്ടം തേടി സ്വന്തക്കാര്‍ വരുമ്പോള്‍ കാരണവര്‍ക്ക് മറുവാക്കില്ല.
മുഖം കനപ്പിച്ച് എന്തെങ്കിലും പറഞ്ഞാല്‍ നാലാളറിയും. നേടിയെടുത്ത പേരും പകിട്ടും അതോടെ ഡും.
നാടുവിട്ട ഒരു ഏഴാം ക്ലാസുകാരന്‍ കിളി പിടിപാടുള്ള ഒരാളായി മാറുന്നതിനു മുമ്പ് വിമാനങ്ങള്‍ ഒരുപാട് പറന്നു.
എട്ടാം ക്ലാസുള്ള സ്‌കൂള്‍ ദൂരെ ആയതിനാല്‍ ജീപ്പില്‍ കയറാനായിരുന്നു വിധി. സ്‌കൂളിലേക്കല്ല,
മമ്മാലിക്കയുടെ ജീപ്പിലെ കിളിയായി ഔദ്യോഗിക ജീവിതം.
ഗതി പിടിക്കാന്‍ നാടുവിടണമെന്ന് പലരും ഉപദേശിച്ചത് മനസ്സില്‍ തങ്ങിക്കിടപ്പുണ്ടായിരുന്നു. കടല്‍ കടക്കാനായിരുന്നു മോഹമെങ്കിലും കയറിയത് ബോംബെ ബസില്‍.
മലയോളം മോഹങ്ങള്‍ക്കു താങ്ങായി കെട്ടിച്ചയക്കേണ്ട മൂന്ന് പെങ്ങന്മാരും പഠിപ്പിച്ച് കരകയറ്റേണ്ട മൂന്ന് അനുജന്മാരും.
സ്ത്രീധനം വാങ്ങിയ പണം വിസക്കുകൊടുത്ത് ചതിയില്‍പെട്ട ബാപ്പയുടെ മകനായിരുന്നു. ബാപ്പയുടെ മോഹം പൂവണിയിക്കാനായി സമ്മാനിച്ച മൈനര്‍ പാസ്‌പോര്‍ട്ട് പുതുക്കി മേജറാക്കി പെട്ടിയില്‍ ഭദ്രമായി വെച്ചിട്ടുണ്ട്.
മഹാനഗരം സന്തോഷത്തോടെ സ്വീകരിച്ചു.
ചാറണക്കും ആട്ടണക്കും പൊതി കെട്ടി വില്‍ക്കുന്ന ഗലിയിലെ ഒറ്റമുറിക്കടയില്‍ ജോലി. ആ കൊച്ചുമുറിയില്‍ തന്നെ വെപ്പും കുടിയും കിടപ്പും.
രാവിലെ നിരന്നിരിക്കുന്ന കുട്ടികള്‍ക്കിടയിലൂടെ മൂക്കുപൊത്തി കാലു സംരക്ഷിച്ചുകൊണ്ട് യാത്ര.
പിന്നെ സ്വന്തം കൃത്യനിര്‍വഹണത്തിനുള്ള ക്യൂ.
പെയിന്റ് പാട്ടയിലെ അല്‍പ വെള്ളത്തോടു മല്ലടിച്ച് മലയാളത്തെ ഓര്‍ത്തു.
അറപ്പു തീര്‍ന്ന ജീവിതം.
അവിടെ രക്ഷകനായെത്തിയത് ഒരു പോക്കറ്റടിക്കാരന്‍.
സിഗരറ്റ് വാങ്ങി അതില്‍നിന്ന് പുകയില നീക്കി ഉള്ളംകയ്യില്‍ തേച്ച കഞ്ചാവ് നിറക്കുന്നതിനിടയില്‍ അവന്‍ വിളമ്പുന്നത് പോക്കറ്റടിക്കഥകള്‍.
കേട്ടാലും കേട്ടാലും കൊതിതീരില്ല.
മലബാരിയെ കണ്ടാല്‍, അയാള്‍ എവിടെ പണം ചുരുട്ടിവെച്ചിട്ടുണ്ടാകുമെന്ന് ഒറ്റനോട്ടത്തിനു പറയുന്ന ജ്ഞാനി.
കടയില്‍ മുതലാളിയില്ലാത്ത ഒരു ദിവസം പതിവ് പോക്കറ്റടിക്കഥകള്‍ക്കുശേഷം സ്വകാര്യമായി അവന്റെ ഒരു ചോദ്യം.
ഗള്‍ഫില്‍ പോയിക്കൂടേ?
മുതലാളിയെ തല്‍ക്കാലം ഒരു കള്ളത്തില്‍ മയക്കി അവന്റെ കൂടെ ട്രെയിനില്‍ കയറി.
സ്റ്റേഷനില്‍ തൊട്ടതിനുശേഷം അതിവേഗം നീങ്ങുന്ന ഇലക്ട്രിക് ട്രെയിനില്‍ ഒരു ചാക്ക് ചുരുട്ടിപ്പിടിച്ചിരിക്കുന്നയാളെ ചൂണ്ടി അവന്‍ പറഞ്ഞു.
കണ്ടോ ഒരു മലബാരി. നിന്റെ നാട്ടുകാരന്‍.
ആ ചാക്കിലാണ് ഇന്ന് മാര്‍ക്കറ്റില്‍ കൊടുക്കേണ്ട പണം.
കടലുകടക്കാന്‍ പലരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന
ട്രാവല്‍സില്‍ കയറിയപ്പോള്‍ അവിടേയും ഒരു മലബാരി.
ഒറ്റക്കു വന്നാല്‍ പോരായിരുന്നോ? വെറുതെ അഞ്ഞൂറു കൂട്ടി.
മഹാനഗരത്തില്‍ കമ്മീഷനില്ലാതെ എന്ത് ഏര്‍പ്പാട്.
മമ്മാലിക്കയുടെ ജീപ്പില്‍ കിളിയായതും കേണു കേണു ചക്രം പിടിച്ചതും തുണച്ചു.
അതൊരു ഡ്രൈവര്‍ വിസയായിരുന്നു. അറബി വീട്ടില്‍.
കാശ് കൊടുക്കണം. എവിടെനിന്നു കിട്ടും?
തിരികെ കടയിലെത്തിയപ്പോള്‍ മുതലാളിയുടെ ചോദ്യം
വിസ ശരിയായി അല്ലേ? 
ഒളിച്ചുവെച്ച കാര്യമായിരുന്നു.
പക്ഷേ, പോക്കറ്റടിക്കാരന്‍ ആ ഗലിയിലുള്ളവര്‍ മാമു എന്നു വിളിക്കുന്ന മുതലാളിയുടെ കൂടി കൂട്ടുകാരനായിരുന്നു.  അതു മറന്നു.
ആയുസ്സില്ലാത്ത രഹസ്യം.
പക്ഷേ ഗുണമുണ്ടായി. വിസക്കും ടിക്കറ്റിനും തികയാത്ത കാശ് മുതലാളി നല്‍കി.
പെങ്ങന്മാരൊക്കെയുള്ളതല്ലേ. പോയി രക്ഷപ്പെടൂ.
മറക്കാതിരുന്നാല്‍ മതി.
റോഡില്‍നിന്ന് സിഗരറ്റ് കുറ്റി പെറുക്കാനും അറബി മക്കള്‍ക്ക് ഇംഗ്ലീഷ് പഠിപ്പിക്കാനും ധാരാളം പേര്‍ കടലുകടക്കുന്ന കാലമായിരുന്നു അത്. സ്‌കൂള്‍പടി കാണാത്തവര്‍ പോലും ഇംഗ്ലീഷ് പഠിപ്പിക്കാന്‍ പോയി.
മേല്‍ പറഞ്ഞ ജോബുകള്‍ യഥാക്രമം മുനിസിപ്പാലിറ്റിക്കു കീഴിലെ ക്ലീനിംഗും വീട്ടുവേലയുമാണ് എന്നു പച്ചക്കു പറയരുത്.
ഓരോ നാട്ടിലും മുക്കുമൂലകളില്‍ അത്തറിന്റെ മണം പരത്തി ചെത്തി നടന്നവര്‍ക്കുള്ള  മറയായിരുന്നു ആ പറച്ചില്‍.
റാഡോ വാച്ചുകള്‍ക്കു പിന്നിലെ വിയര്‍പ്പ്.
അവര്‍ക്കിടയില്‍ ഡ്രൈവര്‍ പണിക്കിത്തിരി പത്രാസുണ്ട്.
അവിദഗ്ധര്‍ക്കിടയിലൊരു വിദഗ്ധന്‍.  
ഭാഗ്യമോ നിര്‍ഭാഗ്യമോ?
വട്ടം പിടിക്കാനിട വന്നില്ല.
സാദാ മല്‍ബുവിനുവേണ്ടി മരൂഭുമി കാത്തുവെച്ചത്
മറ്റൊരു ലോകം.                         


താക്കോല്‍ ചതി

എയര്‍പോര്‍ട്ടില്‍ വരവേല്‍പിന് ഒരു അറബിയും കൂട്ടിനൊരു ദീര്‍ഘകായനും.
ഇന്നത്തെ പോലെ അന്ന് ആഘോഷമില്ല. ബാഗില്‍ നാടന്‍ പത്തിരിയും പോത്തിറച്ചി വരട്ടിയതുമില്ലെങ്കില്‍ പിന്നെന്ത് ആഘോഷം?  ബാച്ചിലര്‍ റൂമുകളില്‍ ഓരോ വരവും ആഘോഷമാണ്. വന്നയാള്‍ക്ക് മൂഡ് ഓഫ്. ബാക്കിയുള്ളോര്‍ക്ക് സെലിബ്രേഷന്‍.
കപ്പയും ബീഫും.
ബീഫില്ലാതെ വരുന്നവരോട് ഇപ്പോള്‍ പരമപുച്ഛം.
ബോംബെയില്‍നിന്ന് നാട്ടില്‍ പോയി വരാന്‍ സാവകാശമുണ്ടായിരുന്നില്ല.
അറബിയുടെ തിരക്കല്ല. സ്വപ്‌നഭൂമിയായിരുന്നു മനസ്സു നിറയെ.
എങ്ങനെയെങ്കിലും അവിടെ എത്തിയാല്‍ മതി.
അടുത്തൊന്നും സഫലമാകുമെന്ന് കരുതിയതല്ല ഗള്‍ഫ് മോഹം.
എല്ലാം അപ്രതീക്ഷിതവും വേഗത്തിലുമായിരുന്നു.
ലോകം വെട്ടിപ്പിടിച്ച ആവേശം.
പക്ഷേ, വിമാനത്തില്‍ കയറിയപ്പോള്‍ കേട്ട ഒരു ഏങ്ങലടി മാസ്മരിക ലോകത്തുനിന്ന് താഴെയിറക്കി. നേരെ സ്വന്തം ഗ്രാമമായ തൊക്കിലങ്ങാടിയില്‍.
കടലു കടക്കുകയാണ്.
ബോംബെയിലാണെങ്കില്‍ രാത്രി ബസില്‍ കയറിയാല്‍ ഉച്ചയോടെ നാടുപിടിക്കാം.
ഇനി വര്‍ഷങ്ങള്‍ കഴിയാതെ നാടില്ല. എത്ര വര്‍ഷമെന്നത് ഓരോരുത്തരുടെ യോഗം പോലിരിക്കും. ചെറിയ മോളെ കണ്ട് കൊതിതീരാതെ മണലാരണ്യത്തിലേക്ക് മടങ്ങുന്ന സഹയാത്രികന്റെ ഏങ്ങലടിയും കണ്ണീരും കാരണവര്‍ കൂടി ആവാഹിച്ചു. എല്ലാ പ്രവാസിയുടേയും വേദന ഒന്നുതന്നെ. വിമാനം ഇറങ്ങിയപ്പോള്‍, അറബിയോടൊപ്പം കൂട്ടാന്‍ വന്ന ദീര്‍ഘകായന്റെ സ്‌നേഹവായ്പ്.
അത്ഭുതപ്പെട്ടു പോയി.
ഇത്രമാത്രം സ്‌നേഹമോ?
അതൊരു പച്ചയായിരുന്നു.
പച്ചക്കും ഈച്ചക്കും പഞ്ഞമില്ലാത്ത കാലമായിരുന്നു അത്.
ഇന്നിപ്പോള്‍ പച്ചയോളമില്ല ഈച്ച.
പച്ചയെന്നാല്‍ അയല്‍ ദേശക്കാരന്‍, പാക്കിസ്ഥാനി.
അയാളുടെ സ്‌നേഹത്തിന്റെ ഗുട്ടന്‍സ് പിന്നെയാണ് മനസ്സിലായത്.
അയാള്‍ക്ക് നാടണയാനുള്ള താക്കോലാണ് ഈ വന്നിരിക്കുന്നത്.
മൂന്ന് വര്‍ഷമായി പിടിക്കുന്ന വളയം കൈമാറുന്നതോടെ പച്ചക്ക് നാടുപിടിക്കാം.
അയാളെ അറബി പിടിച്ചു വെച്ചിരിക്കുകയായിരുന്നു.
അപ്പോള്‍ കാരണവര്‍ ഒരു വിമോചകനാണ്.
പക്ഷെ, പച്ചയുടെ തിരക്ക് വൃഥാവിലായി.
ബോംബെയിലെ ജനത്തിരക്കില്‍നിന്ന് വാഹനത്തിരക്കിലേക്ക് എടുത്തെറിയപ്പെട്ട കാരണവര്‍ക്ക് ഒരു അസുഖം ബാധിച്ചു.
ആളുകളുടെ എണ്ണപ്പെരുപ്പം കണ്ട കണ്ണുകള്‍ വാഹനപ്പെരുപ്പത്തില്‍ തള്ളിപ്പോയി.
അതിനെ ഉള്‍ഭയമെന്നു വിളിച്ചു.
വളയം പിടിക്കാന്‍ കാറില്‍ കയറില്ലെന്ന് ഉറപ്പിച്ചങ്ങ് പറഞ്ഞു.
അറബിയും പച്ചയും ഞെട്ടി.
മെരുക്കിയെടുക്കാന്‍ പച്ച മറ്റൊരു മല്‍ബുവിനെ തപ്പിപ്പിടിച്ചു.
അടവാണോ നാട്ടുകാരാ?
കണ്ണുകളിലേക്ക് നോക്കി അതിഥി ചോദിച്ചു.
നാടുവിട്ടതോണ്ടുള്ള വിഷമമായിരിക്കും. അതൊക്കെ ഒരാഴ്ച കൊണ്ട് ശരിയായിക്കൊള്ളും.
നാട്ടിലേക്കാളും വളയം പിടിക്കാന്‍ ഇവിടെയാ സുഖം.
സുദീര്‍ഘമായ പ്രസംഗം പക്ഷേ സ്വാധീനിച്ചില്ല.
നാട്ടിലേക്ക് തിരച്ചയച്ചാലും വളയം തൊടില്ല.
മാറ്റമില്ലാത്ത തീരുമാനം.
മുക്കുമൂലകളിലും വലിയ കയറ്റിറക്കങ്ങളിലും അഭ്യാസിയെ പോലെ ജീപ്പോടിച്ചയാളാണ്.
പേടിക്കു മരുന്നില്ല.
ഓരോ പേടിക്കും ഒരു ചരിത്രമുണ്ടാകും.
വാഹനവുമായി ബന്ധമില്ലെങ്കിലും കാരണവരുടെ മനസ്സില്‍ ഒരു തൂക്കുപാലം മായാതെ കിടപ്പുണ്ട്.
നല്ല മഴയുള്ള ഒരു ദിവസം തൂക്കുപാലം കടക്കുകയായിരുന്നു.
മധ്യത്തിലെത്തിയപ്പോള്‍ രണ്ട് പലക ഇളകിപ്പോയിരിക്കുന്നു. കാലുകള്‍ വിറച്ചു.
താഴെ പുളഞ്ഞൊഴുകുന്ന പുഴ.
മലവെള്ളപ്പാച്ചില്‍.
എങ്ങനെയൊക്കെയോ അക്കര പിടിച്ചെങ്കിലും ആ പാലത്തിലൂടെ പിന്നെ തിരിച്ചു കടന്നില്ല.
വീട്ടിലേക്ക് മടങ്ങാന്‍ ചുറ്റിവളഞ്ഞ് വേറെ വഴി തേടി.
തൂക്കൂപാലം ഇന്നുമുണ്ടെങ്കിലും പിന്നീടൊരിക്കലും കാരണവരുടെ പാദ്‌സപര്‍ശമേറ്റിട്ടില്ല.
അതുപോലൊരു ഭയമാണ് ഇപ്പോള്‍, തീര്‍ച്ചയായും അടവല്ല.
അറബിയുടെ തീരുമാനം വന്നു. മടക്കം തന്നെ.
വേറെ എന്തെങ്കിലും പണി തരാന്‍ പറഞ്ഞുനോക്കാമോ?
മല്‍ബുവിനോട് കാരണവരും അറബിയോട് മല്‍ബുവും കെഞ്ചി.
വേറെ ഒരു ഡ്രൈവറെ കൊണ്ടുവന്നാല്‍ ഇവനെ കൊണ്ടുപോകാം.
കടയില്‍ നില്‍ക്കാമോ? 
രാവും പകലും പണിയായിരിക്കും.
നിന്നോളാം, ബോംബെയില്‍ കടയില്‍നിന്നിട്ടുണ്ട്.
പോയി നോക്കട്ടെ, ഒരു ഡ്രൈവറെ കിട്ടിയാല്‍ വന്നു കൊണ്ടു പോകാം.
മല്‍ബുവിലുള്ള പ്രതീക്ഷയിലും പച്ചയുടെ കുത്തുവാക്കുകളിലും ദൈര്‍ഘ്യമേറിയ മൂന്ന് രാപകലുകള്‍. പച്ചയുടെ സ്‌നേഹവും അനുകമ്പയും എങ്ങോ പോയ്മറഞ്ഞിരുന്നു. ഇപ്പോള്‍ ദേഷ്യം മാത്രം.
പറഞ്ഞിട്ടു കാര്യമില്ല. അയാളുടെ പ്രതീക്ഷകളാണ് ഉള്‍ഭയത്തില്‍ തട്ടിത്തകര്‍ന്നത്.
നാലാംനാള്‍ നല്ല വാര്‍ത്ത എത്തി.
മല്‍ബു ഒരു ഡ്രൈവറെ കൊണ്ടുവന്ന് പകരം കാരണവരെ ഏറ്റുവാങ്ങി.
പത്രാസുള്ള ഡ്രൈവര്‍ പണി പോയതിലുള്ള സങ്കടമല്ല, രക്ഷപ്പെട്ടതിലുള്ള ആശ്വാസമായിരുന്നു അപ്പോള്‍ മനസ്സില്‍.
പുതിയ പ്രതീക്ഷകളിലേക്ക് രക്ഷകന്റെ പിന്നാലെ നടന്നു.

September 8, 2012

അരങ്ങേറ്റം


അരങ്ങേറ്റത്തെ പഴിച്ചിട്ടെന്തു കാര്യം. വരാനുള്ളത് വഴിയില്‍ തങ്ങില്ലല്ലോ?
കൃത്യം 15 വര്‍ഷം മുമ്പ് നടന്ന പുറപ്പാടാണ് മനസ്സില്‍. യുദ്ധം ചെയ്തു നേടിയെടുത്ത അരങ്ങേറ്റം.
ഇനി മടക്കമാണ്. മരണം പോലെ തന്നെ,
ഇങ്ങോട്ടൊരു തിരിച്ചുവരവില്ല.
മോനേ നീയും ഉറൂബായോ?
നാട്ടില്‍ വിളിച്ചപ്പോള്‍ ഉമ്മയുടെ ചോദ്യം.
അതെ, ഇനി ഉറൂബിന്റ നോവലുകള്‍ വായിച്ചിരിക്കാം.
മറുപടി ഉമ്മാക്ക് തിരിഞ്ഞില്ലെങ്കിലും തൊണ്ട ഇടറി, രണ്ടു പേര്‍ക്കും.
കാര്‍ണോരോട് പറഞ്ഞില്ലേ? എന്തേലും വഴി കാണിച്ചു തരില്ലേ?
ശവത്തിലാണ് കുത്തിയതെന്ന് ഉമ്മ അറിഞ്ഞില്ലെങ്കിലും മല്‍ബുവിന് ശരിക്കും നൊന്തു. അയാളുടെ പിന്നാലെ പോകുന്നതിനേക്കള്‍ ഭേദം മടക്കം തന്നെ. കാരണം അത്രമാത്രം അകന്നിരിക്കുന്നു. കാര്‍ണോരെന്ന് പറയുമ്പോള്‍ അമ്മാവനല്ല. കുടുംബനാഥനായിരുന്ന ജ്യേഷ്ഠന്‍ തന്നെ.
വഴി കാണിച്ചുതരുന്ന പടച്ചോനൊന്നുമല്ല കാര്‍ണോരെങ്കിലും അങ്ങനെയാണ് പൊതുവെ വെപ്പ്. ഉമ്മാക്ക് മാത്രമല്ല, നാട്ടുകാര്‍ക്കും.
എയര്‍ ഇന്ത്യക്ക് പോലും പേടിയാണ് ടിയാനെ.
വിമാനം വൈകിയില്‍, ടിക്കറ്റ് കിട്ടിയില്ലെങ്കില്‍ ആദ്യം കേന്ദ്രമന്ത്രിയെ വിളിച്ച് വഴിയുണ്ടാക്കുന്ന രക്ഷകന്‍.
കുട്ടത്തിലുണ്ടാകണേ എന്നു യാത്രക്കാരും ഉണ്ടാകരുതേ എന്നു എയര്‍ ഇന്ത്യ അധികൃതരും ആഗ്രഹിക്കുന്ന പ്രമുഖന്‍.
വിമാനം വൈകിയില്‍ യാത്രക്കാരെ ബാത്ത് റൂമും ഭക്ഷണവുമില്ലാത്ത പന്ന ഹോട്ടലുകളില്‍ കൊണ്ടു പോയി തള്ളാന്‍ കാര്‍ന്നോര്‍ ഒരു തടസ്സമാണ്. പറഞ്ഞിട്ടും കേള്‍ക്കുന്നില്ലെങ്കില്‍ സ്വാധീനം ഉപയോഗിക്കാന്‍ മടിക്കാത്തയാള്‍.
വിമാനം വരില്ലെന്ന് എല്ലാവരും ഉറപ്പിച്ച ഒരു ദിവസം ശൂന്യതയില്‍നിന്ന് വിമാനം വരുത്തി പറത്തിയിട്ടുണ്ട്, അതാണ് കാര്‍ണോര്‍.
ഉറൂബാകുന്ന ഹുറൂബില്‍നിന്ന് രക്ഷ നേടാന്‍ ഇനി മുട്ടാന്‍ വാതിലുകളൊന്നുമില്ല.
മന്ത്രിമാര്‍ വന്നു, സ്വീകരണങ്ങളും കൂടിക്കാഴ്ചകളും അരങ്ങേറി. പത്രങ്ങളില്‍ വെണ്ടക്ക പ്രഖ്യാപനങ്ങള്‍ വന്നു.
പക്ഷേ, അനേകായിരം ഹുറൂബുകാര്‍ ഇപ്പോഴും വഴി കാണാതെ നട്ടംതിരിയുന്നു.
ഹുറൂബ് നീക്കാനുള്ള മല്‍ബുവിന്റെ ശ്രമങ്ങളെല്ലാം വെറുതെയായി.
എല്ലാം ചതിയായിരുന്നു, കൊടും ചതി.
മല്‍ബുവിനു ചതി പറ്റുമോ?
ശരിക്കും ചതിയാണോ അതോ ചതിക്കുള്ള മറുചതിയോ?
ചോദ്യത്തിന് ഉത്തരമറിയുന്നതിനു മുമ്പ് അരങ്ങേറ്റത്തിന്റെ പിന്നാമ്പുറമറിയണം. ഒന്നര പതിറ്റാണ്ട് മുമ്പ് ഉമ്മയുടെ സഹായത്തോടെ ഒരു ചെക്കന്‍ യുദ്ധം ചെയ്ത കഥ.
പത്താം ക്ലാസ് പാസായിട്ടും കംപ്യൂട്ടര്‍ കഴിഞ്ഞിട്ടും വിസ വൈകിയപ്പോള്‍ ചരിത്രത്തില്‍ എവിടെയും കാണാത്ത വിധം വിസക്കു വേണ്ടിയുള്ള യുദ്ധമുഖം തുറക്കുകയായിരുന്നു.
ആദ്യമൊക്കെ ദയാഹരജികളായിരുന്നു.
ഇന്നത്തെ പോലെ അല്ലായിരുന്നു അന്ന്. മൊബൈല്‍ ഫോണ്‍ വന്നു തുടങ്ങുന്നേയുള്ളൂ.  ഏതെങ്കിലും ഫോണ്‍ കാബിനു മുന്നില്‍ പോയി ക്യൂ നില്‍ക്കുകയോ ഫ്‌ളാറ്റുകള്‍ തേടി എത്തുന്ന കുഴല്‍ ഫോണ്‍ കാത്തിരിക്കുകയോ വേണമായിരുന്നു.
എപ്പോഴെങ്കിലും കാര്‍ന്നോരുടെ വിളി എത്തുമ്പോള്‍
ഉമ്മക്ക് മറ്റൊന്നും പറയാനുണ്ടായിരുന്നില്ല.
നീ എങ്ങനെയെങ്കിലും ഒരു കള്ളാസ് കൊടുക്ക് മോനേ.
കത്തുകള്‍ക്കു പുറമേയുള്ള ഉമ്മയുടെ ഈ നിവേദനം സമര്‍പ്പിക്കല്‍ കേള്‍ക്കുമ്പോള്‍ ചെക്കന്‍ അകത്തെ മുറിയില്‍ ഒളിച്ചിരുന്നു ചിരിച്ചു.
ബോംബെയില്‍ പോകുമെന്നും തിരിച്ചു വരില്ലെന്നും ഭീഷണി മുഴക്കി. വസ്ത്രങ്ങള്‍ നിറച്ച് ബാഗ് ഒരുക്കിവെച്ച് ഉമ്മയെ ഭയപ്പെടുത്തി.
കൂട്ടുകെട്ട് മോശാട്ടോ. വലിയൊക്കെ തുടങ്ങീട്ടുണ്ട്. ഇനീം ഇവിടെ നിര്‍ത്തിയാല്‍ ഓനെ നമുക്ക് നഷ്ടപ്പെടും.
അതിനിടയില്‍ മുക്കിലുണ്ടായ ഒരു അടിപിടിയെ കുറിച്ച് പത്രത്തല്‍ വാര്‍ത്ത വന്നപ്പോള്‍ ചെക്കന്‍ പ്രതിപ്പട്ടികയില്‍ ആറാമനായുണ്ട്.
ഇങ്ങനെ അങ്ങനെ കൂര്‍ത്തു മൂര്‍ത്ത ആയുധങ്ങളില്‍ ഏതോ ഒന്നു ഫലിക്കുകയും പത്താം ക്ലാസും കംപ്യൂട്ടറും പാസായ ചെക്കന്റ കാത്തിരിപ്പ് അവസാനിക്കുകയും ചെയ്തു.
ഓനെ കയറ്റിയതോണ്ട് നിനക്ക് ആയിരം സ്വര്‍ഗം ലഭിക്കും.
ഇതാണ് കാര്‍ന്നോര്‍ക്ക് ഉമ്മ നല്‍കിയ സര്‍ട്ടിഫിക്കറ്റ്.
പക്ഷേ ഈ സര്‍ട്ടിഫിക്കറ്റ് കിട്ടാന്‍ പെട്ടപാട് കാര്‍ന്നോര്‍ക്കല്ലേ അറിയൂ.
കാത്തുകാത്തിരുന്ന ചെക്കന്‍ ഒരു മല്‍ബുവായി മാറിയെങ്കിലും കലഹത്തിലേക്കുള്ള കവാടം കൂടിയായിരുന്നു ഈ അരങ്ങേറ്റം.
(തുടരും- സിഗരറ്റ് കുറ്റിയുടെ രഹസ്യം)

September 1, 2012

കരിനാക്ക്


കരിക്കട്ട ആയതുകൊണ്ടല്ല കരിമല്‍ബു ആയത്. ഒരു ക്രീമും തേക്കാതെ തന്നെ വെളുവെളുത്ത് ചൊങ്കനായ അബ്ദുല്‍ കരീമെന്ന മല്‍ബുവിനെ എല്ലാവരും വിളിച്ച് വിളിച്ച് കരി ആക്കിയതാണ്. മലബാരിയെ ഇഷ്ടത്തോടെ വിളിച്ച് മല്‍ബു ആയതു പോലെ. അല്ലെങ്കിലും മുഴുവന്‍ പേരു വിളിക്കാനൊക്കെ ആര്‍ക്കാ ഇവിടെ നേരം.
കരീന്നു പറയുമ്പോള്‍ ഒരു സാധാരണ കത്തി മല്‍ബു എന്നു പറയാം. മല്‍ബു ഹൗസില്‍ കരിക്ക് ശത്രുക്കളുമുണ്ട് മിത്രങ്ങളുമുണ്ട്. നാക്കുണ്ടെങ്കില്‍ നാലാളോട് പറയാന്‍ പറ്റുന്ന  വിദ്യാഭ്യാസ യോഗ്യതയൊന്നും ആവശ്യമില്ലെന്ന് കരിയുടെ പക്ഷം. എന്നാല്‍ പണിയെടുത്തു തളര്‍ന്നുവന്ന് ടി.വി കാണാനിരിക്കുന്ന ഞങ്ങളോട് വേണോ കരിക്കത്തിയെന്ന് ശത്രുക്കളുടെ ചോദ്യം. കറിക്കത്തി പോലെ തന്നെയാ കരിക്കത്തി.
 

നാക്കിട്ടടിച്ചും നാക്കു പിഴച്ചും ദിവസവും പത്രങ്ങളില്‍ ഇടം പിടിക്കുന്നവരൊക്കെ കരിയുടെ പിന്നില്‍ നില്‍ക്കണം. ആറാം തരം ബിയില്‍ വെച്ച് പഠനം നിര്‍ത്തി പിന്നെയും പത്ത് വര്‍ഷം കാത്തിരുന്നാണ് കരി കടലു കടന്നത്. ഇന്നിപ്പോള്‍ നാടുവിട്ട് കാല്‍ നൂറ്റാണ്ട് പിന്നിട്ടിരിക്കേ, പഠിപ്പും പത്രാസുമുള്ള ആരോടും കിടപിടിക്കാവുന്ന ലോക വിവരം തനിക്കുണ്ടെന്ന ആത്മവിശ്വാസമാണ്  കൈമുതല്‍. ആറാം തരത്തിലെ പപ്പന്‍ മാഷ് പറഞ്ഞതു പോലെ തന്നെ സംഭവിച്ചു. നാക്കു കൊണ്ട് കരി കയിച്ചിലായി.
 

ആറാം ക്ലാസില്‍ പോയിട്ടുണ്ടെന്ന ഗമയോ പിടിവാശിയോ ഇല്ല. ശരിയാണ്, സ്‌കൂളിലും കോളേജിലുമൊന്നും പോയിട്ടില്ല, പക്ഷേ കരിക്ക് ലോക വിവരോണ്ട്. അതു മതി എന്ന ആമുഖത്തോടെ മാത്രമേ കരി വര്‍ത്താനം തുടങ്ങൂ. അതു കേട്ടാല്‍ ഉറപ്പിക്കാം അസാധ്യമായതെന്തോ സാധിച്ചുകൊണ്ടാണ് കരി ഹാജരായിരിക്കുന്നതെന്ന്.
എന്താ ഉണ്ടായേ കരീന്നു ചോദിക്കാന്‍ ഒരാളുണ്ടായാല്‍ ബഹുജോറായി. ഇരുന്നു കൊടുക്കാന്‍ താല്‍പര്യമില്ലാത്തവര്‍ക്ക് അപ്പോള്‍ തന്നെ ബദല്‍ മാര്‍ഗം തേടാം.
 

എന്തൊക്കെ പറഞ്ഞാലും കരി വന്ന ശേഷമാണ് മല്‍ബു ഹൗസിന് ഐശ്വര്യമുണ്ടായതെന്ന് ശത്രുക്കള്‍ പോലും സമ്മതിക്കും.
 

വിശ്വസിച്ചാലും ഇല്ലെങ്കിലും എന്നതു പോലെയാണ് പലപ്പോഴും കരികഥനങ്ങള്‍. മുംബൈ എയര്‍പോര്‍ട്ടിലെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥനെ ഭാഷ കൊണ്ടു തോല്‍പിച്ച് ഡിസ്‌കൗണ്ട് വാങ്ങിയതാണ് അതിലൊരു ക്ലാസിക്.
നിങ്ങളുടെ അത്ര വിവരോം വിദ്യാഭ്യാസോം ഇല്ല. പക്ഷേങ്കില്‍ കരി കാര്യം നേടും. എങ്ങനെ? ഇഗ്ലീഷ് വേണോ ഇംഗ്ലീഷ്, ഹിന്ദി വേണോ ഹിന്ദി, അറബി വേണോ അറബി വേണ്ടിടത്ത് വേണ്ടതു കാച്ചും. 
വിമാനത്തില്‍വെച്ച് കരിയുടെ എംബാര്‍ക്കേഷന്‍ ഫോറം പൂരിപ്പിച്ചത് കോട്ടിട്ട ഒരാളായിരുന്നു. ആറാം തരം ബിയില്‍ പഠിച്ചിട്ടുണ്ടെങ്കിലും ഒരു കോട്ടുകാരന്‍ എഴുതുന്നതിന് അതിന്റേതായ ഒരു സുഖമുണ്ട്. സ്വയം ചെയ്യാവുന്ന കാര്യങ്ങള്‍ മറ്റുള്ളവരെക്കൊണ്ട് ചെയ്യിക്കുന്നതാണല്ലോ മല്‍ബു സ്റ്റൈല്‍. സീറ്റില്‍ തൊട്ടടുത്ത് ഒരു മാന്യനുണ്ടായിരുന്നുവെങ്കിലും  വിമാനം ലാന്റ് ചെയ്യുന്നതുവരെ അയാളുടെ അടുത്ത് നിരക്ഷരനായി ഇരിക്കുന്നതിലെ നാണക്കേടോര്‍ത്താണ് രണ്ട് സീറ്റപ്പുറത്ത് നീണ്ടുനിവര്‍ന്നിരിക്കുന്ന കോട്ടുകാരനെ സമീപിച്ചത്. രണ്ടു മിനിറ്റെടുക്കാതെ അയാളത് പൂരിപ്പിച്ചു നല്‍കിയെങ്കിലും അബ്ദുല്‍ കരീമെന്ന പേരില്‍ എല്ലില്ലെന്ന കാര്യം അടുത്തിരുന്നയാളാണ് ചൂണ്ടിക്കാണിച്ചത്.
 

കൗണ്ടറിലെത്തിയപ്പോള്‍ പേരില്‍ ആകെയുള്ള ഒരു എല്ല് വിട്ടുപോയത് എമിഗ്രേഷന്‍ ഉദ്യോഗസ്ഥന്‍ കണ്ടില്ലെങ്കിലും കരി അതു മറച്ചുവെച്ചില്ല. കരിയുടെ കാര്യഗൗരവം ബോധ്യപ്പെട്ട ഉദ്യോഗസ്ഥന്‍ പക്ഷേ അതിനു 800 റിയാല്‍ പിഴ ആവശ്യപ്പെട്ടു. കരി വിട്ടുകൊടുക്കുമോ, ഇംഗ്ലീഷിലും ഹിന്ദിയിലും വാദിച്ച് അത് 400 റിയാലാക്കി ചുരുക്കി പോലും.
 

എയര്‍പോര്‍ട്ടില്‍ കരി കയിച്ചിലായ ഇക്കഥ വിശ്വസിക്കുന്നവര്‍ മിത്രങ്ങളും വിശ്വസിക്കാത്തവര്‍ ശത്രുക്കളുമാണ്.
വിസ്തരിച്ചൊരു വര്‍ത്താനത്തിന് കരി മുതിരുമ്പോഴേക്കും ശത്രുക്കളില്‍ പെടുന്ന കുഞ്ഞാമന്‍ മല്‍ബു മെല്ലെ അകത്തെ മുറിയിലെ കംപ്യൂട്ടറിനു മുന്നിലേക്ക് വലിഞ്ഞു. കരിനാക്കേറ്റു പിടയുന്നതിലും ഭേദം ഫേസ് ബുക്കില്‍ രണ്ട് ലൈക്കടിച്ച് തിരിച്ച് രണ്ട് ലൈക്ക് നേടുകയാണ്.
 

ഓനൊക്കെ നെറ്റും കംപ്യൂട്ടറും ഉണ്ടായിട്ടെന്താ കാര്യം. 
കോഴിക്ക് ഡയപ്പര്‍ കണ്ടുപിടിച്ചത് ഈ കരിക്കേ അറിയൂ.
അമേരിക്കയില്‍ ഒരു പെണ്ണുംപിള്ള കോഴികള്‍ക്ക് ഉപയോഗിക്കാവുന്ന നാപ്പീസ് കണ്ടുപിടിച്ചതും അതു വില്‍ക്കാന്‍ ചിക്കന്‍ഡയപ്പേഴ്‌സ് ഡോട് കോം ആരംഭിച്ചതും കരിയുടെ വായീന്നു കേട്ടപ്പോള്‍ കിച്ചണില്‍ വരെ ലാപ്‌ടോപ്പുമായി പോകുന്ന ഓര്‍ക്കുട്ട് നാണി പോലും നാണിച്ചുപോയി.
Related Posts Plugin for WordPress, Blogger...