Pages

പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..

November 26, 2012

അമ്മായി വേഷം



ഉച്ചമയക്കത്തിലായിരുന്നു മല്‍ബു. അതുവരെയുള്ള വിറ്റുവരവിന്റെ നോട്ടുകള്‍ എണ്ണി സഞ്ചിയിലാക്കി ഭദ്രമാക്കിവെച്ച ശേഷമുള്ള മയക്കം. രണ്ടു മൂന്ന് മണിക്കൂറുകള്‍ നീളുന്ന ഈ വിശ്രമവും ചിലപ്പോള്‍ ഗാഢനിദ്രയും പതിവുള്ളതാണ്. പൊതുവെ ആളുകള്‍ കുറയുന്ന ഉച്ചനേരത്ത് കടയില്‍ കൂടുതല്‍ പണം സൂക്ഷിക്കുന്നത് ഒട്ടും സേഫല്ല. നട്ടുച്ചക്കാണ് ഒരിക്കല്‍ മൂന്ന് കള്ളന്മാര്‍ കയറി പണവും ടെലിഫോണ്‍ കാര്‍ഡുകളുമൊക്കെ അടിച്ചോണ്ടുപോയത്. അതുകൊണ്ടു ഉച്ചഭക്ഷണത്തിനു ഫ്‌ളാറ്റിലേക്ക് പോരുമ്പോള്‍ അതുവരെയുള്ള കച്ചവടത്തിന്റെ പണവും കൊണ്ടുവരും. 
മയക്കത്തിലേക്ക് വീഴുന്നതേ ഉണ്ടായിരുന്നുള്ളൂ. 
അപ്പോഴാണ് മൊബൈല്‍ ഫോണ്‍ നാണയത്തുട്ടുകള്‍ നിലത്തുവിഴുന്ന ശബ്ദമുണ്ടാക്കിയത്. കച്ചവടക്കാരനു ചേരുന്ന റിംഗ് ടോണെന്ന് പലരും പുകഴ്ത്തിയിട്ടുണ്ട് ഈ മണിക്കിലുക്കത്തെ.
പരിചയമില്ലാത്ത നമ്പര്‍ ആയതിനാല്‍ എടുക്കാന്‍ മടിച്ചു.  പക്ഷെ, വീണ്ടും നാണയം വീണു കിലുങ്ങി. 
എന്തിനാ എടുക്കാതിരിക്കുന്നത്, ചിലപ്പോള്‍ അയാളായിരിക്കും. എടുത്തുനോക്കൂ- മല്‍ബി പറഞ്ഞു.
അയ്യായിരം അടിച്ചോണ്ടു പോയ ഹാരിസിന്റെ വിളിയാണ് മല്‍ബി പ്രതീക്ഷിക്കുന്നത്. മക്കളോട് അടുപ്പം കാണിച്ചും ഫ്രഷ് മീന്‍ എത്തിച്ചും സ്‌നേഹം നടിച്ച് അയ്യായിരം റിയാല്‍ കടമായി വാങ്ങി മുങ്ങിയ ഹാരിസ് പണവുമായി മടങ്ങിയെത്തുമെന്ന് കരുതുന്ന പോഴത്തക്കാരി, പാവം.
മനസ്സില്ലാമനസ്സോടെ മൊബൈല്‍ എടുത്തപ്പോള്‍ അങ്ങേത്തലക്കല്‍ പരിചയമുള്ള അറബി. അയാള്‍ കൈമാറിയതാകട്ടെ ഒരു രഹസ്യ വിവരം.
കടയില്‍ ഒരു സയ്യിദത്തി കയറിയിട്ട് കുറച്ചുനേരമായി. ഷട്ടര്‍ പാതി താഴ്ത്തിയിട്ടുമുണ്ട്. 
ഇതായിരുന്നു ഞെട്ടിക്കുന്ന ആ വിവരം. 
കടയില്‍ പണിക്കാരന്‍ തനിച്ചേയുള്ളൂ. കഴിഞ്ഞയാഴ്ച അവനുണ്ടാക്കിയ ഒരു പുകില്‍ തീര്‍ന്നിട്ടില്ല. ഇപ്പോഴിതാ വീണ്ടുമൊന്ന്. പടച്ചോനെ എന്നു വിളിച്ചുപോയി മല്‍ബു.
കടയില്‍ ച്യൂയിംഗം വാങ്ങാനെത്തിയ ചെറിയ പെണ്‍കുട്ടിയോട് പണിക്കാരന്‍ മനസ്സറിഞ്ഞു ചിരിച്ചതാണ് കഴിഞ്ഞാഴ്ച പൊല്ലാപ്പായത്. കുട്ടിയുടെ പിതാവും മാതാവും ചാടിക്കിതച്ചെത്തി ടിയാന്റെ ദേഹത്ത് കൈവെച്ചില്ലെന്നേയുള്ളൂ. ബാക്കിയൊക്കെ പറഞ്ഞ് കലി തീര്‍ത്തു. കുട്ടികള്‍ വരുന്ന കടയില്‍ ഇവനെയൊന്നും വെച്ചോണ്ടിരിക്കാന്‍ പാടില്ലെന്ന് മല്‍ബുവിനു താക്കിതും കിട്ടി.  
പകച്ചുനില്‍ക്കേണ്ട സമയമല്ല. അത്യാവശ്യമായി കടയില്‍ പോകണമെന്നു മാത്രം മല്‍ബിയോട് പറഞ്ഞ് ചാടി ഇറങ്ങി. വിശ്രമിക്കാന്‍ പോയ രണ്ടാമത്തെ പണിക്കാരനോട് ഉടന്‍ കടയില്‍ എത്താന്‍ വിളിച്ചു പറഞ്ഞു.
ഇരുവരും എത്തിയപ്പോള്‍ സംഗതി ശരിയായിരുന്നു. ഉച്ചനേരത്ത് കടയുടെ ഷട്ടര്‍ അല്‍പം താഴ്ത്താറുണ്ടെങ്കിലും ഇത് അതിലേറെ താഴ്ത്തിയിരിക്കുന്നു. രഹസ്യവിവരം നല്‍കിയ അറബിയും കുറച്ചകലെ നിര്‍ത്തിയിട്ടിരുന്ന കാറില്‍നിന്ന് ഇറങ്ങിവന്നു.
അകത്തു തന്നെയുണ്ട്. ഇറങ്ങിയിട്ടില്ല -അയാള്‍ പറഞ്ഞു.
പോലീസില്‍ അറിയിക്കട്ടെ -അയാള്‍ വീണ്ടും ചോദിച്ചു. 
വേണ്ട, ആരാണ്, എന്താണ് എന്നൊക്കെ നോക്കി വേണ്ടതുപോലെ ചെയ്യാം. 
അകത്ത് ക്യാമറയുണ്ടോ എന്നായി അറബിയുടെ അടുത്ത ചോദ്യം.
ക്യാമറയുണ്ടെങ്കിലും അതിന് കണക്ഷനൊന്നും കൊടുത്തിരുന്നില്ല. വെറുതെ ആളുകളെ പേടിപ്പിക്കാനായി കടയുടെ നാലു ഭാഗത്തും ക്യാമറ പിടിപ്പിച്ചിട്ടുണ്ട്. ക്യാമറ ഉണ്ടെന്നു തോന്നിയാല്‍ ഏതു പഠിച്ച കള്ളനും അല്‍പം മടിക്കും എന്നാണ് അതിന്റെ മനശ്ശാസ്ത്രം. കടയില്‍ നടക്കുമായിരുന്ന പല തട്ടിപ്പുകളും ക്യാമറ ചൂണ്ടിക്കാട്ടിയാണ് പൊളിക്കാറുള്ളത്. നൂറു റിയാല്‍ തന്നു എന്നു പറഞ്ഞ് വാശി പിടിച്ച ഒരാള്‍ ക്യാമറയിലെ വീഡിയോ നോക്കാമെന്നു പറഞ്ഞപ്പോള്‍ പണം വലിച്ചെറിഞ്ഞു പോയതാണ് അവസാനത്തെ സംഭവം. 
ക്യാമറ വര്‍ക്ക് ചെയ്യുന്നതാണെന്നു പറഞ്ഞാല്‍ അറബി വീഡിയോ കാണിക്കാന്‍ ആവശ്യപ്പെടും. ആ പൊല്ലാപ്പ് വേണ്ടാന്നു കരുതി സത്യം തന്നെ പറഞ്ഞു.
ക്യാമറയുണ്ട്. പക്ഷേ ഇന്ന് ഓണ്‍ ചെയ്തിട്ടില്ല.
ഷട്ടര്‍ നീക്കാമെന്നും സയ്യിദത്തി ഇറങ്ങി ഓടാന്‍ ശ്രമിച്ചാല്‍ മൂന്ന് പേരും ചേര്‍ന്ന് പിടിക്കണമെന്നും ശട്ടം കെട്ടി. 
ഷട്ടര്‍ ഉയര്‍ത്തി ഗ്ലാസ് തള്ളിത്തുറന്നതും കറുത്ത പര്‍ദയണിഞ്ഞ നീണ്ടുമെലിഞ്ഞ സ്ത്രീ  പുറത്തേക്ക്. രണ്ട് മല്‍ബുകള്‍ക്കും ചേര്‍ന്ന് പിടിച്ചു നിര്‍ത്താമായിരുന്നിട്ടും അവള്‍ ഡോറിനു പുറത്തെത്തി. പിടിക്കാമായിരുന്നിട്ടും പിടിക്കാതിരുന്ന മല്‍ബുകളെ കഴുതകളെന്നു വിളിച്ചു കൊണ്ട് അറബി ഒറ്റച്ചാട്ടത്തിനു അവളുടെ പര്‍ദയില്‍ പിടികൂടി. പക്ഷേ, പര്‍ദ ഉപേക്ഷിച്ച് കുതറിയ അവളുടെ മുടിയിലായി പിടിത്തം. അവിടേം നിന്നില്ല റിബണ്‍ അറബിയുടെ കൈയിലേക്ക് നല്‍കിക്കൊണ്ട്  ടീഷര്‍ട്ടും ജീന്‍സും ധരിച്ച അവള്‍ വേഗത്തിലോടി കുറച്ചുദൂരെ സ്റ്റാര്‍ട്ടാക്കി നിര്‍ത്തിയിരുന്ന കാറില്‍ കയറി രക്ഷപ്പെട്ടു.  
മൂന്ന് പേരും കടയ്ക്കകത്തു കയറിയപ്പോള്‍ പണിക്കാരന്‍ സ്വന്തം പാന്റ്‌സിന്റേയും ഷര്‍ട്ടിന്റേയും പോക്കറ്റ് തപ്പുകയായിരുന്നു. 
അയ്യോ എന്റെ ഇഖാമ അവന്‍ കൊണ്ടുപോയി.
ഏതവന്‍?
ഇപ്പോള്‍ ഇറങ്ങി ഓടിയില്ലേ. അവന്‍ തന്നെ. 
അവനോ? അത് അപ്പം ചുട്ടുവന്ന നിന്റെ അമ്മായിയല്ലേ? അറബിയുടെ കൈയിലിരിക്കുന്ന പര്‍ദ ചൂണ്ടി മല്‍ബു പറഞ്ഞു.
അല്ല, നീളമുള്ള മുടിയില്‍ റിബണ്‍ കെട്ടിയ അവനെ കണ്ടാല്‍ പെണ്ണെന്നേ തോന്നൂ- പണിക്കാരന്‍ വിങ്ങി വിങ്ങിപ്പറഞ്ഞു.
ആണാണെന്ന് തിരിയുമ്പോഴേക്കും അവന്‍ എന്റെ ഇഖാമയും പഴ്‌സും ഇസ്‌കിയിരുന്നു. നാട്ടില്‍ വിടാനുള്ള 800 റിയാലും അതിലായിരുന്നു.  
അറബിയുടെ പൊട്ടിച്ചിരിയില്‍  നീളമുള്ള ആ പര്‍ദയും പങ്കുചേര്‍ന്നു.  

15 comments:

ajith said...

പറ്റിക്കലില്‍ ഡോക്ടറേറ്റ് എടുത്ത വിദ്വാന്മാരാണല്ലോ ഇവിടെ എല്ലാടത്തും

niDheEsH kRisHnaN @ ~അമൃതംഗമയ~ said...

നന്നായി എഴുതി

A said...

രസകരമായ വായന. ഇത്തരം സംഭവങ്ങള്‍ ഒരു പാട് കേള്‍ക്കുന്നുണ്ട്. എന്നാല്‍ ഇതിനെ ഇങ്ങിനെ സരസമായി അവതരിപ്പിക്കാന്‍ കഴിയുന്നു എന്നിടത്താണ് തങ്ങളുടെ എഴുത്ത് തിളങ്ങുന്നത്.

ഷാജു അത്താണിക്കല്‍ said...

ഹൊ ഇങ്ങനെയും തട്ടിപ്പൊ അല്ലേ ,

a.rahim said...

800 ഏതായാലും മല്‍ബുവിനു പോവാനുള്ളതായിരുന്നു. അത് കൊടുക്കാനാണല്ലോ താഴ്ന്ന ഷട്ടറിനു പിന്നേലേക്ക് മാലാഖക്ക് സ്വാഗതം പറഞ്ഞത്. മാലാഖ മാണിക്യനായത് അറബിക്ക് ചിരി നല്‍കി ആരോഗ്യം കൂട്ടാന്‍ സഹായിച്ചു എന്നുപറയാം.........
ഇഖാമ പോയത് നഷ്ടം എന്നു പറഞ്ഞാല്‍ മതി.

മുകിൽ said...

thatippukal vividhatharam!

വീകെ said...

ഞാനും കൊണ്ടു പോയിരുന്നു ഒരു ക്യാമെറ. പടിക്കൽ നിന്നു നോക്കിയാൽ കാണുന്നിടത്തു തന്നെ ഫിറ്റ് ചെയ്തു. പിച്ചക്കാരൻ വന്ന് ‘അമ്മാ..’ന്നു വിളിക്കലും ഈ ക്യാമെറ കാണലും മതിലിനു താഴേക്ക് കുനിഞ്ഞ് ഒരൊറ്റ വിടലും ഒപ്പം നടന്നു...!
അതിനു വയറൊന്നുമില്ലാത്തതാണെന്ന് അടുത്തു വന്നാലല്ലെ മനസ്സിലാകുള്ളു...!!
ഇത്തരം തട്ടിപ്പുകൾ ഗൾഫിൽ സുലഭം..
ആശംസകൾ...

Mohamedkutty മുഹമ്മദുകുട്ടി said...

അങ്ങിനെ അമ്മായി വട്ടാക്കിയല്ലെ?.....കൊള്ളാം രസകരമായി അവതരിപ്പിച്ചു.

ente lokam said...

ഹ..ഹ....
അങ്ങനെ തന്നെ വേണം കുരുത്തം കേട്ട
മല്ബുവിനു....

രസിച്ചു വായിച്ചു മാഷെ..

Jefu Jailaf said...

പര്‍ദ്ദ കണ്ടു കമിഴ്ന്നു വീണപ്പോള്‍ ഇക്കാമ പോകുമെന്ന് പാവം കരുതിക്കാണില്ല :)

Echmukutty said...

കാശ് പോവാന്‍ ഓരോ വഴികളേയ്... ! കൊള്ളാം.

kazhchakkaran said...

മനോഹരമായ കഥ.. പാവം മല്ലൂസ്.. ഇവിടെ വരാൻ സാധാരണ സമയം അനുവദിക്കാറില്ല.. പക്ഷേ ഇപ്പോൾ തോന്നുന്നു വരാഞ്ഞത് നഷ്ടമായെന്ന് ഇനി ഞാനിവിടുണ്ട്.

Vinodkumar Thallasseri said...

:)

Unknown said...

:)

കുസുമം ആര്‍ പുന്നപ്ര said...

very nice

Related Posts Plugin for WordPress, Blogger...