Pages

പ്രവാസത്തില്‍ മധുരവും കയ്പുമുണ്ട്. മറുനാടന്‍ മലയാളികളെ പൊതുവെ മല്ലു എന്നാണ് വിളിക്കാറുള്ളതെങ്കിലും ഇവിടെ അവരെ മല്‍ബു എന്നു വിളിക്കുന്നു. തട്ടകം സൗദി അറേബ്യ..
അറബികള്‍ പൊതുവെ മലയാളികളെ മലബാരികള്‍ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു സൗദി സ്‌നേഹത്തോടെ ഒരിക്കല്‍ വിളിച്ചു. മല്‍ബൂ..

November 13, 2012

പാര്‍ട്ടി ഫ്‌ളാറ്റിലെ കാക്ക



മണി എട്ടടിച്ചിട്ടും പണിക്കാരില്‍ ഒരാളെ കാണുന്നില്ല. രാവിലെ ആറു മണിക്ക് പണിക്ക് കയറേണ്ടതാണ്. ഉറങ്ങിപ്പോയോന്ന് ചോദിക്കാന്നു വിചാരിച്ചാല്‍ ആരും ഫോണ്‍ എടുക്കുന്നുമില്ല. രണ്ടു പണിക്കാരെയും വെവ്വേറെ താമസിപ്പിച്ചിട്ട് രണ്ടാഴ്ചയേ ആയുള്ളൂ. അതുകൊണ്ട് ഒരാള്‍ സമയത്തിനെത്തി. രണ്ടാളും ചേര്‍ന്ന് പറ്റിക്കുന്നൂന്ന് തോന്നിയതുകൊണ്ടാണ് ഇരുവരേയും വേര്‍പെടുത്തുന്ന കഠിന തീരുമാനം കൈക്കൊണ്ടത്.

ഇയാളിത് എവിടെപ്പോയി കിടക്കുന്നു എന്നു എല്ലാവരും പിറുപിറുക്കുന്നതിനിടയില്‍  ദാ ടാക്‌സിയില്‍ വന്നിറങ്ങുന്നു.
സ്യൂട്ട് കെയ്‌സും പിന്നെ ഒരു സഞ്ചിയും കമ്പിളിയുമൊക്കയുണ്ട്. സഞ്ചി താഴെ വെച്ചപ്പോള്‍ അതില്‍നിന്ന് വീഡിയോ റെക്കോര്‍ഡറും ടെലിവിഷന്‍ റിസീവറും കേബിളുമൊക്കെ പുറത്തേക്ക് ചാടി.
അവിടെ ശരിയാകൂല്ല. ഞാനിങ്ങ് പോന്നു. അവിടത്തെ അന്ത്രൂന്റെ കൂടെ മനുഷ്യന്മാര്‍ക്ക് താമസിക്കാന്‍ പറ്റൂല്ലാന്നേ. ഒരു വിട്ടുവീഴ്ചയുമില്ലാത്ത ജന്തു-ഇളിച്ചു കൊണ്ട് കടയിലേക്ക് കയറിയ പണിക്കാരനോട് മല്‍ബുവിന് അരിശമാണ് തോന്നിയത്.

അന്ത്രൂന്റെ കാലും കൈയും പിടിച്ചാ അവിടെ ഒരു ബെഡ് സ്‌പേസ് ശരിയാക്കിക്കൊടുത്തത്. സ്വന്തം പാര്‍ട്ടിക്കാരനാണെന്നു പറഞ്ഞു കൊണ്ടു ചെന്നാക്കിയ ഇയാള്‍ ഒടുക്കത്തെ രാഷ്ട്രീയം പുറത്തെടുത്തു കാണും. അല്ലെങ്കില്‍ പുറത്താക്കാനൊന്നും സാധ്യതയില്ല.

അന്ത്രുവിന്റെ മെസ്സും ഫഌറ്റും  സാധാരണ ഫഌറ്റല്ല. പാര്‍ട്ടി ഗ്രാമം പോലെയാ അത്. പാര്‍ട്ടി ഫഌറ്റ്. നാടു വിട്ടവര്‍ക്ക് ജാതിയും മതവുമില്ല, പ്രവാസികള്‍ ഒറ്റ ജാതി എന്നൊക്കെ പ്രസംഗിക്കാന്‍ കൊള്ളാം. ഇവിടെ പാര്‍ട്ടിക്കാരാണ് ഒരു ജാതി. പുതുതായി ഒരാള്‍ താമസിക്കാനെത്തുമ്പോള്‍ വെരിഫിക്കേഷന്‍ നടത്തി മാത്രമേ ബെഡ് അനുവദിക്കൂ. അന്ത്രുവിന് അതിന് അതിന്റേതായ ന്യായമുണ്ട്. ഒരു പാര്‍ട്ടിക്കാരായാല്‍ ഏറ്റവും ചുരുങ്ങിയത് ടി.വിയെങ്കിലും അലമ്പില്ലാതെ കാണാമല്ലോ? എതിര്‍പാര്‍ട്ടിക്കാരനായ ഒരു പഹയനുണ്ടായാല്‍ മതി. പിന്നെ കൂട്ടവും ഗുലുമാലുമായി. അനുഭവമാണ് ഗുരു. ഒരിക്കല്‍ സുധാകാരനേയും കോടിയേരിയേയും അനുകൂലിക്കുന്നവര്‍ തമ്മില്‍ തല്ലി ടി.വി പൊട്ടിച്ചതിന് സാക്ഷിയായിട്ടുണ്ട് അന്ത്രു. അതില്‍ പിന്നെ സ്വന്തം പേരില്‍ എടുക്കുന്ന ഫഌറ്റില്‍ സ്വന്തം പാര്‍ട്ടിക്കാരെയല്ലാതെ വേറെ ഒരാളെ അയാള്‍ കയറ്റിയിട്ടില്ല.
ഇതൊക്കെ പറഞ്ഞു മനസ്സിലാക്കിക്കൊടുത്താണ് ഈ പഹയനെ അവിടെ കൊണ്ടു ചെന്നാക്കിയത്. അവരുടെ കൂടെ ടി.വി കാണാന്‍ ഇരിക്കൂല്ലാന്ന് ഉറപ്പു വാങ്ങിയിരുന്നു. എന്തു പ്രകോപനമുണ്ടായാലും പ്രതികരിക്കാന്‍ പാടില്ല. സ്വന്തം പാര്‍ട്ടിക്കാരെ എന്തു തെറി വിളിച്ചാലും മിണ്ടരുത്. എവിടെ നിന്നോ സംഘടിപ്പിച്ച ഡ്യൂപ്ലിക്കേറ്റ് മെമ്പര്‍ഷിപ്പ് കളയാതെ സൂക്ഷിച്ചോണം. ഇനി അഥവാ ആര്‍ക്കെങ്കിലും സംശയം തോന്നിയാല്‍ മെമ്പര്‍ഷിപ്പ് എടുത്ത് കാണിക്കണം. അങ്ങനെ എല്ലാ മുന്‍കരുതലുകളും നൂറ്റൊന്നാവര്‍ത്തിച്ചു പറഞ്ഞതാണ്.
വേണമെങ്കില്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ അവരുടെ നേതാക്കള്‍ക്ക് ജയ് വിളിക്കാമെന്നു പോലും സമ്മതിച്ച് പോയ ആളാണ് രണ്ടാഴ്ച തികയുന്നതിനു മുമ്പ് ഇറങ്ങിപ്പോന്നിരിക്കുന്നത്.
മല്‍ബുവിന് അരിശം മൂക്കുന്നതിനിടയില്‍ അന്ത്രൂന്റെ ഫോണ്‍ വന്നു. ഇമ്മാതിരി ബലാലാണെന്ന് അറിഞ്ഞിരുന്നെങ്കല്‍ ഇപ്പടി കയറ്റില്ലായിരുന്നു. നിങ്ങള്‍ ഒറ്റയാള്‍ പറഞ്ഞതോണ്ടാ ഞാന്‍ സമ്മതിച്ചത്. ഓനെ കണ്ടപ്പോ തന്നെ കൊയപ്പക്കരനാന്ന് എനിക്ക് തോന്നിയതാ. ഓന്റെ ഒരു ചാനലും റെക്കാര്‍ഡിംഗും.
എന്താ സംഭവിച്ചത്?
അതൊക്കെ ഓനോട് തന്നെ ചോദിച്ചാല്‍ മതി. ഏതായാലും സ്വയം ഇറങ്ങിപ്പോയത് നന്നായി. പുറത്താക്കാന്‍ ഞാന്‍ തീരുമാനിച്ചതായിരുന്നു.
എന്നാലും അന്ത്രുമാഷേ നിങ്ങള്‍ പറ. ഓന്‍ ആരോടെങ്കിലും അലമ്പുണ്ടാക്കിയോ?
പാര്‍ട്ടി വികാരം പുറത്തെടുത്തോ എന്നായിരുന്നു മല്‍ബുവിനു അറിയേണ്ടിയിരുന്നത്. ഉറച്ച ഒരു പാര്‍ട്ടിക്കാരന് മറ്റൊരു പാര്‍ട്ടിക്കാരനായി എത്ര കാലം അഭിനയിക്കാന്‍ സാധിക്കും. ആത്മാഭിമാനം പുറത്തു ചാടില്ലേ? വോട്ട് ചെയ്യുകയെന്ന അനുഭാവം മാത്രമേയുള്ളൂ എങ്കില്‍ തല്‍ക്കാലം അഡജസ്റ്റ് ചെയ്യും. ഇവന്‍ അതല്ല. നാട്ടില്‍ പാര്‍ട്ടിക്ക് വേണ്ടി ചെയ്യാത്തതൊന്നുമില്ല. നോട്ടീസും പോസ്റ്ററും കീറിയതു മുതല്‍ ആളെ കൊന്നില്ലെന്നേയുള്ളൂ. ബാക്കിയെല്ലാം ചെയ്തിട്ടുണ്ട്.
ഒരു സോറി പറയാന്‍ പോലും അവസരം നല്‍കാതെയും പണിക്കാരന്‍ എന്തു കുഴപ്പമാണ് ഉണ്ടാക്കിയതെന്നു പറയാതെയും അന്ത്രു ഫോണ്‍ വെച്ചു.
അയാള്‍ പറയൂല്ല. ശരിക്കും എന്താ ഉണ്ടായതെന്നു ഞാന്‍ പറയാം.
നിങ്ങള്‍ പറഞ്ഞതു പോലെ ഞാന്‍ അവരുടെ പാര്‍ട്ടിക്കാരനായി തന്നെയാ അഭിനയിച്ചത്. ആര്‍ക്കും ഒരു സംശയവും തോന്നിയിട്ടില്ല.
പിന്നെ എന്താണ് ഉണ്ടായത്?
റിസീവറും വീഡിയോ റെക്കോര്‍ഡറും കുത്തിനിറച്ച സഞ്ചി ചൂണ്ടി അയാള്‍ പറഞ്ഞു. ദാ അതാണു കാരണം.
ഓഹോ അപ്പോള്‍ അവിടെയും ആളുകളെ ഉറങ്ങാന്‍ വിട്ടില്ല, അല്ലേ?
പാര്‍ട്ടിയേക്കാളും പ്രധാനമാണ് ആളുകള്‍ക്ക് ഉറക്കം. എല്ലാവരും നിന്നെപ്പോലെയല്ല. നിനക്കിവിടെ വന്ന് ഉറക്കം തൂങ്ങിയാല്‍ മതിയല്ലോ?
സംഗതി ടിയാന്റെ സ്ഥിരം ഏര്‍പ്പാടാണ്. രാത്രി 12 മണിക്ക് കടയടച്ച് മുറിയിലെത്തിയാല്‍ പുലര്‍ച്ചെ മൂന്ന് മണി വരെ കണ്ടിരിക്കാനുള്ള ടി.വി പരിപാടികള്‍ വീഡിയോ റെക്കോര്‍ഡറില്‍ കാത്തിരിപ്പുണ്ടാവും. ഒറ്റ സീരിയലും മിസ്സാകാന്‍ പാടില്ലെന്നതാണ് പോളിസി. മുറിയിലുള്ള മറ്റു രണ്ടു പേര്‍ ഉണര്‍ന്നാലും ഉറങ്ങിയാലും ഈ കാഴ്ചകള്‍ക്കു ശേഷം മാത്രമേ ടിയാന്‍ അലക്കാനും കുളിക്കാനും കയറൂ. അതൊക്കെ കഴിഞ്ഞ് വൈകി ഉറങ്ങിയാലും അതിരാവിലെ ഉണരാന്‍ കഴിയുന്ന അത്ഭുതക്കാക്ക.
ഈ കുണ്ടാമണ്ടികള്‍ സ്വന്തമാക്കിയതിനു പിന്നിലും ഒരു കഥയുണ്ട്. എല്ലാ ദിവസവും വൈകുന്നേരം കുറച്ചുനേരം പണിസ്ഥലത്തുനിന്ന് സീരിയലിലേക്ക് മുങ്ങുന്ന ഏര്‍പ്പാടുണ്ടായിരുന്നു. അതു പറ്റൂല്ലാന്ന് പറഞ്ഞപ്പോള്‍ കണ്ടുപിടിച്ചതാണ് ഈ വിദ്യ. എല്ലാം റെക്കോര്‍ഡ് ചെയ്തു വെക്കുക. പണി കഴിഞ്ഞ് പോയാല്‍ തുടര്‍ച്ചയായി കാണാം. ആരേയും പേടിക്കേണ്ടല്ലോ. നേരോടെ നിര്‍ഭയം നിരന്തരം സീരിയലുകള്‍ കാണാം.
നീ ഗുണം പിടിക്കൂലാന്നു മല്‍ബു പറഞ്ഞപ്പോള്‍ റിസീവറും റെക്കോര്‍ഡറും ഒതുക്കിവെക്കുന്ന തിരിക്കിലായിരുന്നു സീരിയലുകള്‍ക്കായി ഉറക്കം ത്യജിക്കുന്ന അത്ഭുതക്കാക്ക.

26 comments:

ajith said...

സീരിയല്‍ ജന്മം

M. Ashraf said...

അതെ അജിത് ഭായി, നേരോടെ നിര്‍ഭയമായി നിരന്തരം സീരിയല്‍ കാണാനുള്ള ജന്മങ്ങള്‍..

നന്ദിനി said...

ആ പറഞ്ഞത് വളരെ സത്യമാണ് ..
അങ്ങനെയും ഉണ്ട് ..ആളുകള്‍ .
എന്നാല്‍ സീരിയലുകള്‍ നല്ല സന്ദേശങ്ങള്‍
നല്‍കുന്നതെങ്കില്‍ പോട്ടെ എന്ന് കരുതാമായിരുന്നു .
തിന്മ യുടെ തനി ആവര്‍ത്തനങ്ങള്‍ ...
സത്യം കാണുന്നവര്‍ക്ക് മാത്രം അറിയാം ..
അഭിനയിക്കുന്നവര്‍ സാമാന്യ ബുദ്ധി പോലും ഇല്ലാത്തവര്‍
എന്ന് തോന്നിക്കുന്ന ജെന്മങ്ങള്‍ ...
എത്രയോ നല്ല കാര്യങ്ങള്‍ അവര്‍ക്ക് സമൂഹത്തിനു
നല്‍കാം ...എന്നാല്‍ ആരും അത് ചെയ്യുന്നില്ല ..അറുനൂറു
എപ്പിസോടുണ്ടെകില്‍ 599 തിലും കുശുമ്പും പോരും
പ്രതികാരവും കൊലയും ...പിന്നെ 600 ആമത്തെ എപ്പിസോഡില്‍
നന്മ ജയിക്കും ...അതുവരെ കാണാന്‍ ക്ഷമയില്ലാത്തവന്റ്റെ കാര്യം
അതോടെ ക്ലോസ് .....

ഷാജു അത്താണിക്കല്‍ said...

ഹി
പ്രവാസികളുടെ ഒരോ ചുവയും ചവർപ്പും അതുപോലെ അവതരിപ്പിക്കുന്നത് രസായി..................

M. Ashraf said...

കഥാകാരി നന്ദിനിയുടെ അഭിപ്രായം ഗള്‍ഫ് നാടുകളില്‍ ഏറെ പ്രസക്തമാണ്. ജോലി സമയത്തിനുശേഷം ടി.വികള്‍ക്കു മുന്നില്‍ ചടഞ്ഞിരിക്കുന്നവരുടെ എണ്ണം ഇവിടെ ഏറി വരുന്നു.

M. Ashraf said...

പ്രിയ ഷാജു.. വരവിനും നല്ല വാക്കിനും നന്ദി

പൈമ said...

ente roomilum undayirunnu ..ithu polethe oru athbhutha nair....good

പൈമ said...
This comment has been removed by a blog administrator.
പൈമ said...
This comment has been removed by a blog administrator.
M. Ashraf said...

എല്ലായിടത്തും കാണും കഠിനജോലിക്ക് ശേഷം ഉറക്കമൊഴിഞ്ഞ് ഇങ്ങനെ ചടഞ്ഞിരിക്കുന്നവര്‍. അതിനുള്ള പേരാണത്രെ വിശ്രമം.
പൈമക്കു നന്ദി.

ente lokam said...

അത് ശരി...വിഷം വാങ്ങി
വീട്ടില്‍ സൂക്ഷിക്കുന്നു പഹയന്‍ അല്ലെ?
(സ്ലോ പൊയ്സണ്‍ ആണ് ഇവയെല്ലാം)
നന്ദിനി പറഞ്ഞത് പോലെ സകല
കുരുത്തക്കെടുകളും പട്പ്പിച്ചിട്ടു
അവസാനം നന്മ്ക്കൊരു അംഗീകാരം
ആറു മാസം കഴിഞ്ഞു...അപ്പോഴേക്കും
കാണുന്നവര്‍ക്ക് എല്ലാം വിഷം ബാധിച്ചിരിക്കും...

M. Ashraf said...

കൊല്ലപ്പെടാന്‍ നിന്നു കൊടുക്കുന്നവര്‍.
എന്റെ ലോകം.. നന്ദി

a.rahim said...

ഏയ്
പ്രവാസി ഇതിലെ കുശുമ്പും കുന്നായിമയൊന്നും പഠിക്കാനാണ് ഇത് കാണുന്നതെന്ന ധാരണ തെറ്റാണ്ട്..... അവന്‍ സീരിയല്‍ മേക്കപ്പ് സുന്ദരികളുടെ മുഖവും മൂടും മുലയും കണ്ട് ആസ്വദിക്കാനാണ് ഇത് കാണെന്നതെന്നാണ് മനസിലാക്കാന്‍ കഴിഞ്ഞത്......
എന്റെ സമയം ശരിയല്ലാത്തതു കൊണ്ടും റെക്കോര്‍ഡര്‍ കൈയിലില്ലാതത്തു കൊണ്ടും എനിക്കാ ഫാഗ്യം ഇല്ല.......
അതാസ്വദിക്കുന്നവന്‍ തീര്‍ച്ചയായും പാര്‍ട്ടി ഗ്രാമത്തില്‍ എന്ത് റിസ്‌ക്കെടുത്തും താമസിക്കും.... പക്ഷേ ഗ്രാമം അതിനു സമ്മതിക്കുന്നില്ലെങ്കില്‍ എന്തു വിലകൊടുത്തും മറ്റൊരു സ്ഥലം കണ്ടെത്തുക തന്നെ ചെയ്യും.........
കുശുമ്പും പോരും ഇല്ലാത്ത സീരിയലുകള്‍ (നന്ദിനി പറഞ്ഞ പ്രകാരം സന്ദേശങ്ങള്‍ നല്‍കുന്ന) നിലം തൊടുന്നില്ലെന്നാണ് അറിയാന്‍ സാധിച്ചത്..... എന്നു വെച്ചാല്‍ സമൂഹത്തില്‍ മാര്‍ക്കറ്റ് അതിനാണെന്ന്.......... മാര്‍ക്കറ്റുള്ളതിനേ പരസ്യമുള്ളു. പരസ്യമുള്ളതേ നിലം തൊടൂ. കുശുമ്പുളത്തിനേ പരസ്യമുള്ളൂ എന്നര്‍ത്ഥം......
ആയി....

Echmukutty said...

സാധാരണ ചേച്ചിമാരാണ് സീരിയല്‍ അഡിക് ഷന്‍ ഉള്ളവര്‍ എന്നാണു വെപ്പ്. അപ്പോ ദേ,ഒരു സീരിയല്‍ ചേട്ടന്‍....

Vinodkumar Thallasseri said...

good caricature.

M. Ashraf said...

റഹീം പറഞ്ഞത് വെറുമൊരു ആരോപണമല്ല. എല്ലാ പ്രവാസികള്‍ക്കും കേന്ദ്രസര്‍ക്കാര്‍ ഒരു ടി.വിയും റിസീവറും നല്‍കേണ്ടതാണ്.

M. Ashraf said...

സീരിയല്‍ ചേട്ടന്മാരെ കൊണ്ടു നിറഞ്ഞിരിക്കാണ്. ഒരാളെ രണ്ട് വര്‍ത്താനം പറയാന്‍ പോലും കിട്ടാണ്ടായി .. എച്മുകുട്ടി

M. Ashraf said...

വിനോദ്, കാരിക്കേച്ചറിനുള്ള ക്രെഡിറ്റ് എന്റെ സുഹൃത്തും കഥാകൃത്തും സഹപ്രവര്‍ത്തകനുമായ ഒ.ബി. നാസറിനുള്ളതാണ്.

ഫൈസല്‍ ബാബു said...

ഈ പറഞ്ഞത് ഒരു മല്ലു കഥയാണേലും ,ആഴ്ചയിലെ ഒഴിവു ദിനങ്ങളില്‍ ഞാന്‍ പോവാറുള്ള റൂമുകളിലെ ഒരു സ്ഥിരം കാഴ്ചയാണ് ,,പിന്നെ അതിനെ എതിര്‍ക്കാരില്ല കാരണം ,പ്രവാസത്തില്‍ എല്ലാം മറക്കാന്‍ അതിനു കഴിയുമെങ്കില്‍ അവര്‍ കാണട്ടെന്നെ !!!!!

M. Ashraf said...

ഫൈസല്‍, കാണട്ടെന്നേ. നേരോടെ, നിര്‍ഭയം, നിരന്തരം.

ഒരു കുഞ്ഞുമയിൽപീലി said...

സീരിയല്‍ കഥ നന്നായല്ലോ എല്ലാ ആശംസകളും ഒപ്പം എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

റിയ Raihana said...

nandiniചേച്ചി പറഞ്ഞതില്‍ കൂടുതല്‍ ഞാനെന്താ പറയാ?
രസായി വായിച്ചു കേട്ടോ.

M. Ashraf said...

മയില്‍പീലിക്കും റിയക്കും നന്ദി. വരവിനും വായനക്കും കമന്റിനും

Mohamedkutty മുഹമ്മദുകുട്ടി said...

അപ്പോ സീരിയലും ഒരു വിഷയമായി. പാര്‍ട്ടി ഫ്ലാറ്റിലെ കാക്ക കൊള്ളാം. ഇതേതാ പുതിയൊരു ഫോണ്ട്? ഫ്ലാറ്റ് എന്നു പോസ്റ്റില്‍ പുതിയൊരു രീതിയിലാണല്ലോ അടിച്ചിരിക്കുന്നത്...

Unknown said...

ee parachilninu 100 Mark

kochumol(കുങ്കുമം) said...

അത്ഭുതക്കാക്ക..:)

Related Posts Plugin for WordPress, Blogger...